Latest News

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേര്‍ രോഗമുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പാലക്കാട് ഏഴ് പേര്‍ക്കും, മലപ്പുറം – 4, കണ്ണൂര്‍ -3, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം – രണ്ട് വീതം, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ – ഒന്നു വീതം. ഇങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മഹാരാഷ്ട്രയില്‍ നിന്ന് 8 പേരും തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന് പേര്‍ക്കും രോഗം ബാധിച്ചു. കണ്ണൂരില്‍ ഒരാളാള്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 666 ആയി. നിലവില്‍ 161 പേരാണ് ചികിത്സയിലുള്ളത്.

ഇന്ന് അഞ്ച് പേര്‍ക്ക് രോഗം ഭേദമായി. തൃശ്ശൂരില്‍ രണ്ട് പേര്‍ക്കും കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം ഭേദമായത്. സംസ്ഥാനത്ത് ആകെ 74398 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 73865 പേര്‍ വീടുകളിലും 533 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 156 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 48543 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 46961 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 6900 സാംപിള്‍ ശേഖരിച്ചതില്‍ 5028 എണ്ണം നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ത്യയ്ക്ക് എതിരെ വിദ്വേഷ പ്രസംഗവുമായി നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലി. ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് പുതിയ മാപ്പ് പുറത്തിറക്കിയതിന് പിന്നാലെയാണ് നേപ്പാളിലെ കൊവിഡ് വ്യാപനത്തിലും ഒലി ഇന്ത്യയെ കുറ്റപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള വൈറസ് ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ളതിനേക്കാൾ മാരകമായി തോന്നുന്നുവെന്നാണ് നേപ്പാൾ പ്രധാനമന്ത്രിയുടെ ആരോപണം. പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് ഒലി ആരോപണം ഉന്നയിച്ചത്.

അനധികൃത മാർഗത്തിലൂടെ ഇന്ത്യയിൽനിന്ന് വരുന്നവരാണ് രാജ്യത്ത് വൈറസ് പടർത്തിയതെന്ന് ശർമ്മ ഒലി പറഞ്ഞു. ചില പ്രാദേശിക ജനപ്രതിനിധികൾക്കും പാർട്ടി നേതാക്കൾക്കും പരിശോധനകൾ നടത്താതെ ഇന്ത്യയിൽനിന്ന് ആളുകളെ കൊണ്ടുവരുന്നതിൽ പങ്കുണ്ടെന്നും കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി പാർലമെന്റിൽ ആദ്യമായി നടത്തിയ പ്രസംഗത്തിൽ ഒലി പറഞ്ഞു.

ആളുകൾ പുറത്തിറങ്ങുന്നത് കാരണം കൊവിഡ് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. ഇന്ത്യൻ വൈറസ് ഇപ്പോൾ ചൈനീസിനേക്കാളും ഇറ്റാലിയനേക്കാളും മാരകമാണ്. അത് കൂടുതൽ ആളുകളെ രോഗബാധിതരാക്കുന്നെന്നും ഒലി പറഞ്ഞു.

നേരത്തെ ഇതേ പ്രസംഗത്തിൽ ലിംപിയാധുര, ലിപുലേഖ്, കാലാപാനി തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മൂടിവെക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ കൃത്യമായ തീരുമാനത്തിലെത്തുമെന്നും ഒലി പറഞ്ഞിരുന്നു. ടിബറ്റിലേക്കുള്ള കൈലാസ് മാനസസരോവർ യാത്രയ്ക്ക് എളുപ്പവഴിയായി ഇന്ത്യ ലിപുലേഖിൽ റോഡ് വെട്ടി തുടങ്ങിയതോടെ തർക്കവുമായി നേപ്പാൾ രംഗത്ത് വന്നത്. എന്നാൽ റോഡ് പൂർണ്ണമായും ഇന്ത്യയുടെ അധീനതയിലാണെന്നാണ് ഇന്ത്യയുടെ നിലപാട്.

ലോക്​ഡൗണിൽ അഭയം നൽകിയ സുഹൃത്തി​​െൻറ ഭാര്യയെയും മക്കളെയുംകൊണ്ട്​ മുങ്ങിയ മൂന്നാർ സ്വദേശി ഒടുവിൽ മക്കളെ തിരിച്ചേൽപിച്ചു. പൊലീസ് അന്വേഷണം ഊർജിതമായതോടെയാണ് ബുധനാഴ്ച വൈകീട്ടോടെ ഇയാൾ കുട്ടികളെ തിരികെ ഏൽപിച്ചത്.

സ്വർണാഭരണങ്ങൾ അടക്കമുള്ളവ നൽകാതെയാണ് വീട്ടമ്മ മൂന്നാർ സ്വദേശിക്കൊപ്പം പോയത്. പൊലീസ് അന്വേഷണം ഊർജിതമായതോടെ ഇവർ ഫോണിൽ പൊലീസുമായി ബന്ധപ്പെട്ട്, മക്കളെ വിട്ടുകൊടുക്കാമെന്ന്​ അറിയിക്കുകയായിരുന്നു. രണ്ടു മാസം മുമ്പ് ലോക്ഡൗൺ ആരംഭിച്ച സമയത്താണ് അഭയം തേടി മൂന്നാർ സ്വദേശി മൂവാറ്റുപുഴയിൽ താമസിക്കുന്ന ബാല്യകാലസുഹൃത്തി​​െൻറ വീട്ടിൽ എത്തിയത്.

സംഭവത്തെ തുടർന്ന് സ്​റ്റേഷനിലെത്തിയ ഗൃഹനാഥൻ ഭാര്യയെയും മക്കളെയും കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മക്കളെയെങ്കിലും വിട്ടുകിട്ടണമെന്ന ഇയാളുടെ അപേക്ഷയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

മകന്‍ അപ്പുവിന്റെ സിനിമാ ജീവിതത്തെപ്പറ്റി മോഹന്‍ലാല്‍ പറയുന്നു. സിനിമാജീവിതത്തെക്കുറിച്ച് അയാള്‍ക്ക് പോലും ആകാംക്ഷയില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അപ്പുവിന്റെ ലോകം പുസ്തകങ്ങളും പര്‍വതാരോഹണവുമാണ്. അതുമായി രസകരമായി ജീവിക്കുന്നു.

അതിനിടയില്‍ അയാള്‍ സിനിമയും ആസ്വദിക്കുന്നു. അപ്പു തന്നെപ്പോലെ ആഗ്രഹങ്ങളില്ലാതെ ജീവിക്കുന്ന ആളാണെന്നും മോഹന്‍ലാല്‍ പറയുന്നു. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നി സിനിമകളാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി തിയറ്ററുകളില്‍ എത്തിയത്. അമ്മയുടെ അടുത്തല്ല എന്ന സങ്കടമാണ് ലോക്ക് ഡൗണിലുളളതെന്നും മോഹന്‍ലാല്‍ പറയുന്നു.

അമ്മ കൊച്ചിയിലെ വീട്ടില്‍ വിശ്രമത്തിലാണ്. ഉടന്‍ രണ്ടുദിവസം കൊണ്ട് തിരിച്ചെത്താമെന്ന് കരുതി പോന്നതാണ്. എന്നും വീഡിയോ കോളിലൂടെ കാണും. സംസാരിക്കും. ഇത്രയും കാലം വീട്ടില്‍ ഇരുന്നപ്പോള്‍ മാറിയോ എന്ന് പുറത്തിറങ്ങിയാലേ അറിയൂ. പൂര്‍ണമായും ഇപ്പോള്‍ വീട്ടിലാണ്. കൂടെ ജോലി ചെയ്തവര്‍ അടക്കമുളള എത്രയോ പേര്‍ കഷ്ടപ്പാടിലാണ്. അത് വലിയ സങ്കടമാണ്. അതിനിടയിലെ ചെറിയ സന്തോഷമാണ് ഇത്രയും കാലം ഒന്നും ആലോചിക്കാനാകാതെ ഇരിക്കാനാകുന്നു എന്നത്. രാവിലെ എഴുന്നേല്‍ക്കും. വാര്‍ത്ത വായിക്കും. വ്യായാമം ചെയ്യും.

തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളോ, രാഷ്ട്രീയ ഭാഗം പിടിക്കലോ ഇല്ല. നരേന്ദ്രമോദിയും പിണറായി വിജയനും വളരെ കഷ്ടപ്പെട്ട് നേതൃത്വത്തില്‍ എത്തി, വളരെ വലിയ കാര്യങ്ങള്‍ ചെയ്യുന്ന സുതാര്യതയുളളവരാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരുമായിട്ടുളള അടുപ്പം കാത്തുസൂക്ഷിക്കുന്നതിന് രാഷ്ട്രീയമല്ല അവരിലേക്ക് അടുപ്പിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു.

കരുത്താര്‍ജ്ജിച്ച ഉംപുണ്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും. ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഘയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയില്‍ സുന്ദര്‍ബന്‍ മേഖലയിലൂടെയാവും അതിതീവ്ര ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുക.

അതിനാല്‍ മണിക്കൂറില്‍ 185 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും. നിലവില്‍ ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയെത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. ഒഡിഷ തീരത്ത് കനത്ത മഴയും കാറ്റുമാണ്. ഉച്ചയോടെ ചുഴലിക്കാറ്റ് കരതൊടുമെന്നതിനാല്‍ ജനങ്ങള്‍ കര്‍ശനമായി ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലും വടക്കന്‍ ഒഡിഷ തീരത്തും റെഡ് അലര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഇരു സംസ്ഥാനങ്ങളിലും കനത്ത മഴയും കാറ്റുമുണ്ട്. വരും മണിക്കൂറുകളില്‍ ഇത് ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. കടല്‍ക്ഷോഭവും രൂക്ഷമാകും.

പശ്ചിമ ബംഗാളില്‍ നാലുലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ മൂവായിരത്തോളം ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.നാവിക സേനയുടെ വിദഗ്ദ്ധ സംഘം കൊല്‍ക്കത്തയില്‍ എത്തി. ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

കൊല്‍ക്കത്ത തുറമുഖത്ത് ചരക്ക് നീക്കം നിര്‍ത്തി. ശ്രമിക് ട്രെയിനുകള്‍ റദാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കി. അസം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലും ചിലയിടങ്ങളില്‍ മഴ തുടരും.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ അമേരിക്കയിലും കാനഡയിലും ബേബി പൗഡറിന്റെ വില്‍പന നിര്‍ത്തുന്നു. പൗഡറിന്റെ സുരക്ഷയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ സമൂഹത്തില്‍ പരക്കുന്നത് കാരണം നോര്‍ത്ത് അമേരിക്കയില്‍ ബേബി പൗഡര്‍ ആവശ്യമുള്ളവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും അതുകൊണ്ടാണ് വില്‍പന നിര്‍ത്തുന്നതെന്നുമാണ് കമ്പനി നല്‍കിയ വിശദീകരണം.

അതേസമയം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറില്‍ കാന്‍സറിന് കാരണമാവുന്ന രാസവസ്തുക്കളുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കമ്പനിക്കെതിരെ പല കോടതികളിലായി 16000 കേസുകളാണ് നിലവിലുള്ളത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറില്‍ കാന്‍സറിന് കാരണാവുന്ന മാരകമായ ആസ്ബസ്റ്റോസുണ്ടെന്നാണ് പരാതി. ഈ പരാതിയെ തുടര്‍ന്ന് കോടിക്കണക്കിന് രൂപ ഇതിനോടകം കമ്പനിക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടിയും വന്നിട്ടുണ്ട്. 1980 മുതലാണ് പ്രധാനമായും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉല്‍പന്നങ്ങള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നുതുടങ്ങിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വ്യാപകമായ പരാതിയെ തുടര്‍ന്ന് 33000 ബോട്ടില്‍ ബേബി പൗഡറാണ് കമ്പനി തിരിച്ച് വിളിച്ചത്. ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ പൗഡറില്‍ യുഎസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കാന്‍സറിന് കാരണാവുന്ന മാരക വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഉല്‍പന്നം തിരിച്ചുവിളിക്കുന്ന സാഹചര്യം ഉണ്ടായത്.

മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 വരുന്നു. ലോക്ക് ഡൗണിനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്നത് ദൃശ്യം 2 വില്‍ ആയിരിക്കുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു 2013ല്‍ ഇറങ്ങിയ ക്രൈം ത്രില്ലര്‍ ദൃശ്യം. ആശീര്‍വാദ് സിനിമാസ് ആയിരിക്കും ദൃശ്യം 2വും നിര്‍മ്മിക്കുകയെന്നാണ് ലഭിക്കുന്ന വിവരം.

പുതിയ സാഹചര്യത്തില്‍ ലോക്ക്ഡൗണിന് ശേഷവും സിനിമ ചിത്രീകരണത്തിനും മറ്റും നിയന്ത്രണങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ ആ സാഹചര്യങ്ങളും പരിഗണിച്ച് ചിത്രീകരിക്കാവുന്ന രീതിയിലായിരിക്കും ദൃശ്യം 2 വിന്റെ രചന എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ 60 ദിവസം എടുത്ത് ഷൂട്ടിംഗ് പൂര്‍ത്തികരിക്കുന്ന രീതിയിലായിരിക്കും ചിത്രമെന്നും വിവരമപണ്ട്.

കൊവിഡ് പ്രതിസന്ധിയില്‍ നിലച്ച മോഹന്‍ലാലിന്റെ മറ്റു ചിത്രങ്ങള്‍ ഈ ചിത്രത്തിന് ശേഷമേ ആരംഭിക്കൂ എന്നാണ് വിവരം. 2013ലാണ് ജീത്തുജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ദൃശ്യം റിലീസായത്. പുലിമുരുകന് മുന്‍പ് മോഹന്‍ലാലിന്റെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ദൃശ്യം. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്തിരുന്നു. വന്‍ ഹിറ്റായിരുന്നു ചിത്രം. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ടുള്ള ചിത്രം വര്‍ഷങ്ങള്‍ക്കിപ്പോഴും അതേ ആകാംക്ഷ തന്നെയാണ് ഓരോരുത്തരിലും പ്രകടമാകുന്നത്.

ഇന്ത്യന്‍ നിര്‍മ്മിത 12,000 എച്ച്പി ഇലക്ട്രിക് ട്രെയിന്‍ ആദ്യ യാത്ര നടത്തി. ഉത്തര്‍പ്രദേശിലെ ദീന്‍ദയാല്‍ ഉപാധ്യായ- ശിവ്പുര്‍ സ്റ്റേഷനുകള്‍ക്കിടയിലാണ് ട്രെയിന്‍ കന്നിയാത്ര നടത്തിയത്. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച അതിശക്ത എന്‍ജിനോട് കൂടിയ ട്രെയിനാണിത്. ഇതോടെ 12000 എച്ച്പി എന്‍ജിന്‍ ഉപയോഗിക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാമതായി ഇടം പിടിച്ചു. റെയില്‍വേ മന്ത്രിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ കാര്യം അറിയിച്ചത്.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഫ്രഞ്ച് കമ്പനിയായ ആല്‍സ്റ്റം ആണ് ട്രെയിന്‍ നിര്‍മ്മിച്ചത്. ബിഹാറിലെ മാധേപുര റെയില്‍വെ ഫാക്ടറിയിലാണ് എന്‍ജിനുകള്‍ നിര്‍മ്മിച്ചത്. ആല്‍സ്റ്റമിന്റെ ബംഗളൂരുവിലെ എന്‍ജിനീയറിങ് സെന്ററിലാണ് എന്‍ജിന്റെയും ബോഗികളുടേയും രൂപരേഖ തയ്യാറാക്കിയത്. ഇന്ത്യന്‍ റെയില്‍വെ ട്രാക്കുകള്‍ക്ക് തികച്ചും അനുയോജ്യമായ ട്രെയിനിന്റെ മുമ്പിലും പിന്നിലും എയര്‍കണ്ടീഷനോടു കൂടിയ ഡ്രൈവര്‍ ക്യാബുകളുണ്ട്. റീജനറേറ്റീവ് ബ്രെയ്ക്കിങ് സിസ്റ്റമായതിനാല്‍ ഇന്ധനഉപഭോഗം താരതമ്യേന കുറവാണ്. യാത്രാ, ചരക്ക് തീവണ്ടികളുടെ വേഗത വര്‍ധിക്കുന്നതോടെ രാജ്യത്തെ തീവണ്ടി ഗതാഗതം സുഗമമാകുമെന്നാണ് ഇന്ത്യന്‍ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്.

25,000 കോടിയു പദ്ധതിക്ക് 2015 ലാണ് റെയില്‍വെ മന്ത്രാലയവും ആല്‍സ്റ്റമും സംയുക്തസംരംഭ കരാറില്‍ ഒപ്പുവെച്ചത്. 800 ട്രെയിനുകളാണ് കരാറനുസരിച്ച് നിര്‍മ്മിക്കുന്നത്. ട്രെയിനിന്റെ നിര്‍മാണവും പരിപാലനവും കൂടാതെ മാധേപുരയില്‍ നിര്‍മ്മാണഫാക്ടറിയും ഉത്തര്‍പ്രദേശിലെ സഹരന്‍പുരിലും നാഗ്പുരിലും വര്‍ക്ക്ഷോപ്പുകളും പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഈ പദ്ധതി പ്രകാരം രാജ്യത്തിനകത്ത് 10000 ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. മാധേപുരയില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കാന്‍ കേന്ദ്രങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. പരിശോധനാ ഫലം വന്നതോടെ ബംഗളൂരു സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) കേന്ദ്രത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെ മലയാളികളടക്കമുള്ള താരങ്ങളും ജീവനക്കാരും നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ത്യന്‍ ഹോക്കിതാരം പിആര്‍ ശ്രീജേഷ്, ഒളിമ്പ്യന്‍ കെടി ഇര്‍ഫാന്‍ തുടങ്ങിയ താരങ്ങളടക്കമാണ് ഇവിടെ പരിശീലനത്തിലെത്തുന്നത്. മരിച്ച പാചകക്കാരന്‍ ചൊവ്വാഴ്ച സായിയില്‍ നടന്ന യോഗത്തിനെത്തിയിരുന്നു. 25 മുതല്‍ 30 വരെ ആളുകള്‍ പങ്കെടുത്ത ഈ യോഗത്തിനെത്തിയ എല്ലാവര്‍ക്കും ഇപ്പോള്‍ ക്വാറന്റൈന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

പരിശോധനകള്‍ക്ക് ശേഷമാണ് ഇദ്ദേഹത്തെ ക്യാംപസിലേയ്ക്ക് കടക്കാന്‍ അനുവദിച്ചിരിക്കുന്നത്. പിന്നീടാണ് അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടതെങ്കിലും അടുത്ത ദിവസം അദ്ദേഹത്തിന്റെ സാമ്പിള്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് തെളിയുകയും ചെയ്തു.

ജിബിൻ ആഞ്ഞിലിമൂട്ടിൽ

കൊറോണ വൈറസ് വ്യാപനം ഇന്ന് മനുഷ്യന്റെ സാധാരണ ജീവിതത്തെ കാര്യമായി തന്നെ ബാധിച്ചിരിക്കുകയാണ്. ലോകം ഇതുവരെ നേരിട്ടിട്ടില്ലാത്ത അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. വിദ്യാഭ്യാസ മേഖലയിലും കോവിഡ് വലിയ പ്രതിസന്ധി ആണ് സൃഷ്ടിച്ചിരിക്കുന്നത്. യഥാസമയം നടക്കേണ്ടിയിരുന്ന വർഷാവസാനപരീക്ഷകൾ പോലും ഒഴിവാക്കേണ്ട സാഹചര്യം വരെ ഉണ്ടായി. എന്നാൽ വിദ്യാർത്ഥികളുടെ പഠനപ്രശ്നം പരിഹരിക്കാൻ ഓൺലൈൻ ക്ലാസ്സുകൾ പരിഹാരമായി വന്നു.

ഈ ഓൺലൈൻ സാങ്കേതിക സാഹചര്യങ്ങൾക്കും പരിമിതികൾ ഉണ്ടെന്നതാണ് വസ്തുത. കഴിഞ്ഞ ദിവസം ബ്രിട്ടനിൽ നടന്ന ഒരു സംഭവമാണ് ഇതിന് തെളിവ് . ഒരു ഫോൺ ആറു വിദ്യാർത്ഥികൾ ആണ് പഠനത്തിനായി ഉപയോഗിക്കുന്നത്. ഇതു സൂചിപ്പിക്കുന്നത് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ പലയിടങ്ങളിലും പരിമിതമായ അവസരങ്ങൾ മാത്രമേ ലഭ്യമാകുന്നുള്ളൂ എന്നതാണ്. ഈ പരിമിതി വിദ്യാർത്ഥികൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നതെങ്കിലും വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് കണ്ട് പലരും വേണ്ട ഉപകരണങ്ങൾ നൽകാൻ തയ്യാറായി. പല കാര്യങ്ങളിലും ഉന്നതിയിൽ നിൽക്കുന്ന  വികസിത രാജ്യങ്ങളുടെ അവസ്ഥ പോലും ഇതാണെങ്കിൽ ഓൺലൈൻ വിദ്യാഭ്യാസവുമായി മുന്നോട്ട് പോകുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്നുള്ള ഒരു പഠനം അത്യന്താപേക്ഷിതമാണ്.

ക്ലാസ് റൂം ടീച്ചിങ് ഓൺലൈൻ പ്ലാറ്റ്ഫോമിലേയ്ക്ക് പറിച്ചുനടുമ്പോൾ വിദ്യാർത്ഥികളെയും അധ്യാപകരെയും സാങ്കേതികമായിട്ടും മാനസികമായിട്ടും അതിന് സജ്ജരാക്കേണ്ട ചുമതല ഗവൺമെന്റുകൾക്കുണ്ട്. സാങ്കേതികവിദ്യയുടെ ലോകം നമ്മുടെ വിദ്യാർത്ഥികൾക്ക് പ്രയോജനം ആയിതീരട്ടെ.

RECENT POSTS
Copyright © . All rights reserved