ആശുപത്രിയില് നിന്നും പുറത്തിറങ്ങി അനുയായികളെ കാണാന് പോയ കോവിഡ് ബാധിതനായ അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം. വെറുമൊരു രാഷ്ട്രീയ പ്രഹസനത്തിന് വേണ്ടി ട്രംപ് ജീവനാണ് അപകടത്തില് പെടുത്തിയതെന്ന് വിമര്ശകര് പറയുന്നു.
ലോകത്താകമാനം വൈറസ് ബാധിച്ചത് കോടിക്കണക്കിനാളുകള്ക്കാണ്. ലക്ഷങ്ങള്ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു. വളരെവേഗം പടരുന്നതും മരണകാരണമായേക്കാവുന്നതുമായ ഒരു വൈറസ് ബാധിച്ച ആളായിട്ടും ചികിത്സാ പ്രോട്ടോക്കോള് ലംഘിക്കുന്ന ഒരു പ്രസിഡന്റ് രാജ്യത്തെ ജനങ്ങള്ക്ക് എന്ത് സന്ദേശമാണ് നല്കുന്നതെന്ന് ആരോഗ്യ വിദഗ്ധര് ചോദിക്കുന്നു.
രോഗം മാറുന്നത് വരെ കോവിഡ് ബാധിച്ചവരെ ഐസൊലേറ്റ് ചെയ്യണമെന്ന ആരോഗ്യ വിദഗ്ധരുടെ നിര്ദ്ദേശമാണ് ട്രംപ് ലംഘിച്ചത്. ഇതിലൂടെ ട്രംപ് ആശുപത്രി പരിസരത്ത് സഞ്ചരിക്കാന് ഉപയോഗിച്ച വാഹനത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര് ഉള്പ്പെടെ മുഴുവന് ആളുകളും 14 ദിവസത്തെ ക്വാറന്റീനിലേക്ക് പോകേണ്ടി വന്നുവെന്ന് ആളുകള് കുറ്റപ്പെടുത്തുന്നു.
ഇവരില് ആര്ക്ക് വേണമെങ്കിലും ട്രംപ് കാരണം രോഗം പകരാം. ചിലപ്പോള് ആരെങ്കിലും മരണപ്പെടാനും ഇടയാക്കിയേക്കുമെന്നും ആരോഗ്യ വിദഗ്ധര് കുറ്റപ്പെടുത്തുന്നു. അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വന്തം പ്രതിഛായ വര്ധിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന വിമര്ശനങ്ങള്.
താന് ആരോഗ്യവാനാണെന്ന് അനുയായികളെ ബോധ്യപ്പെടുത്താനാണ് ഞായറാഴ്ച വാഷിങ്ടണിലെ വാള്ട്ടര് റീഡ് സൈനിക ആശുപത്രിയില് നിന്നും ട്രംപ് പുറത്തുവന്നത്. ഒരു ബുള്ളറ്റ് പ്രൂഫ് വാഹനത്തില് ആശുപത്രിക്ക് പുറത്തെത്തിയ ട്രംപ് അനുയായികളെ കൈവീശിക്കാണിക്കുകയും കുറച്ചു സമയത്തിന് ശേഷം ആശുപത്രിയിലേക്ക് തിരികെ കയറുകയും ചെയ്തു.
കോണ്ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ വസ്ത്രത്തില് കുത്തിപ്പിടിച്ച പോലീസുകാരനെതിരെ കടുത്ത നടപടി വേണനെന്നാവശ്യപ്പെട്ട് ബിജെപി നേതാവ്. മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഗാണ് പോലീസിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി.
ഹാഥ്റസിലേക്കുള്ള യാത്രമധ്യേയാണ് ഡല്ഹി-യുപി അതിര്ത്തിയില് വെച്ച് പോലീസ് പ്രിയങ്കയുടെ കുപ്പായത്തില് പിടിച്ചത്. ‘ഒരു പുരുഷ പോലീസുദ്യോഗസ്ഥന് വനിതയായ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തില് കുത്തിപ്പിടിക്കാന് എങ്ങനെ ധൈര്യം വന്നു. ഇന്ത്യന് സംസ്കാരത്തില് വിശ്വസിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസുകാരനെതിരെ നടപടിയെടുക്കണം’-ചിത്ര ട്വീറ്റ് ചെയ്തു.
ചിത്രം സഹിതമാണ് ചിത്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രക്ക് പിന്തുണയുമായി യൂത്ത് കോണ്ഗ്രസും രംഗത്തെത്തി. ചിത്ര വാഗ് പാര്ട്ടി മാറിയെങ്കിലും സംസ്കാരം മറന്നില്ലെന്ന് കോണ്ഗ്രസ് നേതാക്കള് പറഞ്ഞു. എന്സിപിയിലായിരുന്ന ചിത്ര കഴിഞ്ഞ വര്ഷമാണ് ബിജെപിയില് ചേര്ന്നത്.
സുന്ദരി, സുശീല, സ്ഥിര ജോലിയും വരുമാനവും വേണം, പോരെങ്കില് ഒരേ മതവും ജാതിയും ആവണം. പത്രങ്ങളില് വരുന്ന വരനെയും വധുവിനെയും ആവശ്യപ്പെടുന്ന പരസ്യങ്ങളില് ഇക്കാര്യങ്ങള് കാണാത്തവര് ചുരുക്കമായിരിക്കും. ഇതില് നിന്നും കുറച്ചുകൂടെ വ്യത്യസ്തമായി വന് ഡിമാന്റ് വെച്ച ഒരു ഭാവിവരന്റെ പരസ്യമാണ് ഇപ്പോള് സോഷ്യല് മീഡിയയില് ചര്ച്ചയാവുന്നത്.
വക്കീലാണ് വരന്. യോഗ ചെയ്യുന്ന സുന്ദരനാണ് വരന് എന്ന് പ്രത്യേകം പരസ്യത്തില് പറഞ്ഞിട്ടുമുണ്ട്. പ്രായം 37 വയസ്സ്. പെണ്ണ് കാണാന് സുന്ദരിയായിരിക്കണം മെലിഞ്ഞിരിക്കണം എന്നൊക്കൊണ് പരസ്യത്തില് ആദ്യം പറയുന്നത്. സോഷ്യല് മീഡിയ ഉപയോഗത്തില് മുഴുകാന് പാടില്ലെന്നാണ് പ്രധാന ഡിമാന്റ്.
ഹൈക്കോടതിയിലെ വക്കീല് പണി കൂടാതെ ഗവേഷകന് കൂടിയാണ് ഈ പരസ്യം നല്കിയിരിക്കുന്ന വരന്. വീട്ടില് അച്ഛനമ്മമാരുമുണ്ട്. ബംഗാളി വക്കീലാണ് ഇക്കാര്യങ്ങള് ആവശ്യപ്പെട്ട് പരസ്യം നല്കിയിരിക്കുന്നത്. ഐ.എ.എസ്. ഓഫീസര് നിതിന് സംഗ്വാന് ആണ് ഈ പരസ്യം ട്വിറ്ററില് പോസ്റ്റ് ചെയ്തത്.
പിന്നാലെ സോഷ്യല്മീഡിയ ഒന്നടങ്കം പരസ്യം ഏറ്റെടുക്കുകയും ചെയ്തു. രസകരമായ മീമുകളും മറുപടി ട്വീറ്റുകളും എത്തുകയും ചെയ്തു. ഭാവി വധൂവരന്മാരുടെ ശ്രദ്ധയ്ക്ക് എന്ന് പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ട്വീറ്റ് വൈറലായി മാറിയതോടെ വന് ചര്ച്ചകളിലേക്കാണ് എത്തിയത്.
മലയാളത്തിലെ സകല ബോക്സോഫീസ് റെക്കോര്ഡുകളും തിരുത്തിക്കുറിച്ച് ചരിത്രം സൃഷ്ടിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹന്ലാലിനെ നായകനാക്കി ഒരുക്കിയ ‘ദൃശ്യം’. നീണ്ട ആറ് വര്ഷങ്ങള്ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്.
ഇപ്പോഴിതാ ചിത്രീകരണത്തിനിടയില് നിന്നും ജോര്ജുകുട്ടിക്കും കുടുംബത്തിനുമൊപ്പം പകര്ത്തിയ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന് ജീത്തു ജോസഫ്. മക്കള് രണ്ട് പേരും വളര്ന്ന് വലുതായെങ്കിലും ജോര്ജുകുട്ടിക്കും റാണിയും ഇന്നും ചെറുപ്പം തന്നെയാണ്.
കടുത്ത കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. സിദ്ദിഖ്, ആശാ ശരത്ത് എന്നിവര്ക്ക് പുറമെ സായ്കുമാര്, മുരളി ഗോപി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്വഹിച്ചിരിക്കുന്നത്. ആശീര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് തന്നെയാണ് രണ്ടാം ഭാഗവും നിര്മ്മിക്കുന്നത്.
https://www.facebook.com/JeethuJosephOnline/posts/988220184988213
കോവിഡ് പരിശോധനയ്ക്ക് ഇന്ത്യന് ഗവേഷകര് വികസിപ്പിച്ച പേപ്പര് സ്ട്രിപ്പ് കോവിഡ് ടെസ്റ്റിങ് കിറ്റ് വിപ്ളവം സൃഷ്ടിക്കാനൊരുങ്ങുന്നു. ഏകദേശം 500 രൂപ മാത്രം ചെലവ് വരുന്ന പേപ്പര് സ്ട്രിപ്പിന് ഫെലുദ എന്നാണ് പേരിട്ടിരിക്കുന്നത്.
ഇന്ത്യന് ബഹുരാഷ്ട്ര കമ്പനിയായ ടാറ്റയുടെ കീഴില് പ്രവര്ത്തിക്കുന്ന ഗവേഷകരാണ് ഈ കിറ്റ് വികസിപ്പിച്ചത്. ജീന് എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന ക്രിസ്പര് ടെക്നോളജി അടിസ്ഥാനമാക്കിയാണ് ഈ കിറ്റ് വികസിപ്പിച്ചത്. ഡല്ഹി ആസ്ഥാനമായ സിഎസ്ഐആര്- ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്ഡ് ഇന്റഗ്രേറ്റീവ് ബയോളജി എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് കിറ്റിന് പിന്നില്.
ലോകത്തിലെ ആദ്യത്തെ പേപ്പര് സ്ട്രിപ്പ് ഉപയോഗിക്കുന്ന കോവിഡ് ടെസ്റ്റിങ് കിറ്റാണ് ഗവേഷകര് വികസിപ്പിച്ചത്. ഇതിന് വിപണിയിലിറക്കാനുള്ള അംഗീകാരം ലഭിച്ചുവെന്നാണ് വിവരം. സ്വകാര്യ ലാബുകളില് അടക്കം 2,000 ആളുകളില് ഈ സ്ട്രിപ്പ് ഉപയോഗിച്ച് പരിശോധന നടത്തി.
കൂട്ടത്തില് നേരത്തെ തന്നെ കോവിഡ് പോസിറ്റീവായ ആളും ഉള്പ്പെട്ടിരുന്നു. ഈ പരീക്ഷണത്തില് ഫെലുദ കിറ്റ് 98 ശതമാനത്തോളം കൃത്യത പുലര്ത്തുന്നുവെന്നും 96 ശതമാനത്തോളം സംവേദനക്ഷമതയും പുലര്ത്തുന്നുവെന്നും തെളിഞ്ഞുവെന്നാണ് ഗവേഷകര് അവകാശപ്പെടുന്നത്.
പരീക്ഷണത്തില് കോവിഡ് ബാധയുള്ള മിക്കവരെയും ഇതിലൂടെ തിരിച്ചറിയാന് സാധിച്ചുവെന്നും ഇവര് പറയുന്നു. തെറ്റായ റിസള്ട്ടുകള് ഈ കിറ്റില് അധികം ഉണ്ടാകില്ല. ലളിതവും കൃത്യവുമായ റിസള്ട്ട് ലഭിക്കുമെന്നും കേന്ദ്രസര്ക്കാരിന്റെ ശാസ്ത്ര ഉപദേശകന് പ്രൊഫ. കെ. വിജയ് രാഘവന് പറഞ്ഞു.
വടക്കന് ഇറ്റലിയില് ശക്തമായ മഴയും ‘അലക്സ്’ കൊടുങ്കാറ്റും. വിവിധ പ്രദേശങ്ങളില് നദികള് കരകവിഞ്ഞൊഴുകയും വഴിമാറിയൊഴുകുകയും ചെയ്തു. വന് നാശനഷ്ടമാണ് ഇവിടെയുണ്ടായിരിക്കുന്നത്. രണ്ടുപേര് മരിച്ചതായാണ് റിപ്പോര്ട്ടുകള്.
രണ്ടുപേരെ കാണാതായതായും മാധ്യമങ്ങള് റിപ്പോര്ട്ടുചെയ്തു. പലയിടത്തും റോഡുകളും പാലങ്ങളും ഒഴുകിപ്പോയി. മണ്ണിടിച്ചിലും രൂക്ഷമാണ്. റോഡുകള് തകരുകയും വാഹന ഗതാഗതം സ്തംഭിക്കുകയും ചെയ്തതോടെ പ്രദേശത്തെ പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
നിരവധി വീടുകളും തകര്ന്നിട്ടുണ്ട്. പിയമോന്തേ, ലിഗൂറിയ തുടങ്ങിയ റീജിയനുകളുടെ വടക്കുപടിഞ്ഞാറന് പ്രദേശങ്ങളില് അടിയന്തിരാവസ്ഥയ്ക്കു സമാനമായ സാഹചര്യങ്ങളാണ് നിലവിലുള്ളതെന്ന് അധികൃതര് മാധ്യമങ്ങളോട് പറഞ്ഞു.
‘അലക്സ്’ കൊടുങ്കാറ്റില് തകര്ന്ന വടക്കന് ഇറ്റലിയിലെയും തെക്കന് ഫ്രാന്സിലെയും ദുരിതബാധിത പ്രദേശങ്ങളില് നൂറുകണക്കിന് സന്നദ്ധ പ്രവര്ത്തകരാണ് രാത്രിയിലും പകലും സേവനം ചെയ്യുന്നത്. നിലവില് സാഹചര്യങ്ങള് ശാന്തമായി വരികയാണ്.
നര്ത്തകനും കലാഭവന് മണിയുടെ സഹോദരനുമായ ആര്എല്വി രാമകൃഷ്ണന് കേരള സംഗീത നാടക അക്കാദമിയില് നിന്നുണ്ടായ അധിക്ഷേപത്തിന്റെ പേരില് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു.
സാംസ്കാരിക വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് കമ്മീഷന് ജുഡീഷ്യല് അംഗം പി മോഹനദാസ് ഉത്തരവിട്ടു. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയും അക്കാദമി സെക്രട്ടറിയും റിപ്പോര്ട്ട് ഹാജരാക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
ആര്എല്വി രാമകൃഷ്ണന് മോഹിനിയാട്ടത്തില് ഡോക്ടറേറ്റ് ഉണ്ടെന്നും ദളിത് വിഭാഗത്തിലുള്ളയാളായതു കൊണ്ടു മാത്രമാണ് അദ്ദേഹം അക്കാദമിയുടെ ഓണ്ലൈന് ക്ലാസില് നിന്നും പിന്തള്ളപ്പെട്ടതെന്നും മനുഷ്യാവകാശ പ്രവര്ത്തകനായ ഡോ. ഗിന്നസ് മാടസ്വാമി സമര്പ്പിച്ച പരാതിയില് പറയുന്നു. പരാതിയില് കഴമ്പുണ്ടെന്ന്ഉത്തരവില് പറയുന്നുണ്ട്.
തൃശ്ശൂർ: കുട്ടനെല്ലൂരിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി മഹേഷിനായി പോലീസ് തിരച്ചിൽ തുടരുന്നു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും പോലീസിന് മഹേഷിനെ പിടികൂടാനിയിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പ്രതിയെക്കുറിച്ച് വിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്നുമായിരുന്നു ഒല്ലൂർ പോലീസിന്റെ പ്രതികരണം.
പഠന ശേഷം അങ്കമാലി ഭാഗത്തുള്ള ഒരാളെ വിവാഹം കഴിച്ചെങ്കിലും രണ്ടു വർഷം കഴിഞ്ഞപ്പോൾ ഭർത്താവുമായി സോന അകന്നു. തുടർന്ന് വിദേശത്ത് ഉൾപ്പെടെ സോന ജോലി ചെയ്തെങ്കിലും മഹേഷ് സൗഹൃദം സ്ഥാപിച്ച് നാട്ടിൽ കൊണ്ടുവരികയായിരുന്നു. മഹേഷിന്റെ നിർബന്ധത്തിനാണ് കുട്ടനല്ലൂരിൽ ഡന്റൽ ക്ലിനിക് ആരംഭിച്ചത്. അതിനുള്ള സ്ഥലം കണ്ടു പിടിച്ചതടക്കം സഹായങ്ങൾ ചെയ്തത് മഹേഷായിരുന്നു. തൃശൂർ കുരിയച്ചിറയിൽ ഇരുവരും ഒരുമിച്ച് താമസിക്കുകയുമായിരുന്നു. ഭാര്യയും ഭർത്താവുമാണ് എന്നാണ് ഇവർ പറഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിക്കുന്ന കാലം മുതൽ മഹേഷുമായി സൗഹൃദത്തിലായിരുന്നു സോന. ഒരു കൂട്ടുകാരിയുടെ ബന്ധുവാണ് മഹേഷ് എന്നാണു വിവരം.
ക്ലിനിക് നടത്തിപ്പിന് സൗകര്യം ഒരുക്കിയത് മഹേഷാണെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുമിച്ച് താമസിക്കുന്ന വിവരം സോന വീട്ടിൽ അറിയിച്ചിരുന്നില്ല. എതിർത്താൽ ഇക്കാര്യങ്ങൾ വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇക്കാലമത്രയും കൂടെ താമസിപ്പിച്ചതും പണം തട്ടിയെടുത്തതുമെന്നാണ് ബന്ധുക്കൾ പറയുന്നത്. ക്ലിനിക്കിലെ വരുമാനം മുഴുവൻ കഴിഞ്ഞ ഒരു വർഷമായി മഹേഷ് തട്ടിയെടുക്കുയായിരുന്നു. 2018 -19 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ലഭിച്ച 22 ലക്ഷം രൂപ മഹേഷ് തട്ടിയെടുത്തിരുന്നു.
ഒരാഴ്ച മുമ്പാണ് മൂവാറ്റുപുഴ സ്വദേശിയായ ഡോക്ടർ സോനയെ സുഹൃത്തായ മഹേഷ് കുത്തി പരിക്കേൽപ്പിച്ചത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സോന മഹേഷിനെതിരേ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായാണ് മഹേഷ് ക്ലിനിക്കിലെത്തി സോനയെ ആക്രമിച്ചത്. മാരകമായി പരിക്കേറ്റ സോന ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞദിവസമാണ് മരിച്ചത്.
ദന്തഡോക്ടറായ സോന കോളേജ് പഠനകാലത്താണ് പാവറട്ടി സ്വദേശിയായ മഹേഷുമായി പരിചയപ്പെടുന്നത്. പിന്നീട് കുട്ടനെല്ലൂരിൽ ക്ലിനിക്ക് ആരംഭിച്ചപ്പോൾ സ്ഥാപനത്തിലെ ഇന്റീരിയർ ഡിസൈനിങ് ജോലികളും മഹേഷിനെ ഏൽപ്പിച്ചു. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന സോന കുരിയാച്ചിറയിലെ ഫ്ളാറ്റിൽ മഹേഷിനൊപ്പം താമസവും തുടങ്ങി. ഇതിനുപിന്നാലെയാണ് മഹേഷ് സോനയിൽനിന്ന് പലതവണയായി ലക്ഷങ്ങൾ കൈക്കലാക്കിയത്. തുടക്കത്തിൽ ഇന്റീരിയർ ഡിസൈനിങ് ജോലികളുടെ ചിലവെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. പിന്നീട് ഭീഷണിയായി. ക്ലിനിക്കിലെ വരുമാനം മുഴുവൻ മഹേഷ് സ്വന്തമാക്കുകയും ക്ലിനിക്കിന്റെ നടത്തിപ്പിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
പ്രശ്നങ്ങൾ രൂക്ഷമായതോടെയാണ് സോന പോലീസിൽ പരാതി നൽകിയത്. ബന്ധുക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിന് പിന്നാലെ ക്ലിനിക്കിലേക്ക് തിരിച്ചെത്തി. ഇതിനിടെയാണ് മഹേഷ് ക്ലിനിക്കിലെത്തി സോനയെ ആക്രമിച്ചത്. കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് സോനയുടെ വയറിലും തുടയിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെടുകയും ചെയ്തു. ഇയാളുടെ കാർ പിന്നീട് മറ്റൊരിടത്തുനിന്ന് പോലീസ് കണ്ടെടുത്തിരുന്നു.
ഈ വര്ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല് സമ്മാനം മൂന്നുപേര് പങ്കിട്ടു. ഹാര്വേ ജെ ആള്ട്ടര്, മൈക്കേല് ഹൗട്ടണ്, ചാള്സ് എം. റൈസ് എന്നിവര്ക്കാണ് പുരസ്കാരം.ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് മൂവര്ക്കും പുരസ്കാരം ലഭിച്ചത്. 10 ദശലക്ഷം സ്വീഡിഷ് ക്രോണറും (1,118,000 യുഎസ് ഡോളര്), സ്വര്ണ മെഡലുമാണ് പുരസ്കാരം.സ്വീഡനിലെ കരോലിന്സ്ക ഇന്സ്റ്റിറ്റ്യൂട്ട് ആണ് വൈദ്യശാസ്ത്ര രംഗത്തെ നൊബേല് ജേതാക്കളെ കണ്ടെത്തുന്നത്.
അമേരിക്കയിലെ നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്ത്തിലാണ് ഹാര്വേ ജെ ആള്ട്ടര് പ്രവര്ത്തിക്കുന്നത്. കാനഡയിലെ ആല്ബെര്ട്ട സര്വകലാശാലയില് ഗവേഷകനാണ് മൈക്കേല് ഹൗട്ടണ്, അമേരിക്കയിലെ റോക്കെഫെല്ലര് സര്വകലാശാലയിലെ ഗവേഷകനാണ് ചാള്സ് എം. റൈസ്.
ഹൈദരാബാദ്: നടി തമന്ന ഭാട്ടിയയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വെബ് സീരീസിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി ഹൈദരാബാദിലായിരുന്ന താരത്തിന് കോവിഡ് ലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
താരം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റിൽ തമന്നയുടെ മാതാപിതാക്കൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തമന്ന തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതും. തമന്നയ്ക്കും കോവിഡ് ടെസ്റ്റ് നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.
“കഴിഞ്ഞ ദിവസമാണ് എൻറെ മാതാപിതാക്കൾക്ക് കോവിഡ് ലക്ഷണങ്ങൾ കാണുന്നത്. മുൻകരുതലെന്നോണം വീട്ടിലെ എല്ലാവരും ഉടനെ കോവിഡ് പരിശോധനയ്ക്ക് വിധേയരായി. പരിശോധനാഫലം ഇപ്പോഴാണ് വന്നത്. ദൗർഭാഗ്യവശാൽ എൻറെ മാതാപിതാക്കൾക്ക് കോവിഡ് പോസിറ്റീവാണ്. അധികാരികളെ അറിയിച്ച പ്രകാരം വേണ്ട മുൻകരുതലുകളെടുക്കുകയാണ് ഞങ്ങൾ. ഞാനുൾപ്പടെയുള്ള കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് ഫലം നെഗറ്റീവ് ആണ്. ദൈവാനുഗ്രഹം കൊണ്ട് അവരുടെ ചികിത്സകൾ നന്നായി നടക്കുന്നു. എത്രയും പെട്ടെന്ന് രോഗമുക്തി നേടാൻ നിങ്ങളുടെ അനുഗ്രഹം വേണം”- അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ച വാർത്ത പങ്കുവച്ച് തമന്ന കുറിച്ചു