സംസ്ഥാനത്ത് കോവിഡ് ആശങ്ക വർദ്ധിക്കുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 1167 പേർക്ക്. 888 പേർക്ക് സമ്പർക്കത്തിലൂടെ രോഗം. 679 പേർക്ക് രോഗമുക്തി.
ഇന്നത്തെ രോഗബാധ ജില്ല തിരിച്ച്
തിരുവനന്തപുരം – 227
കൊല്ലം – 95
ആലപ്പുഴ – 84
പത്തനംതിട്ട – 63
കോട്ടയം – 118
ഇടുക്കി -7
എറണാകുളം – 70
തൃശൂർ – 109
പാലക്കാട് -84
മലപ്പുറം – 112
കണ്ണൂർ – 43
കോഴിക്കോട് – 67
വയനാട് – 53
കാസർഗോഡ് – 38
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് കൊവിഡ്; 50-ഓളം ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍
ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡിലെ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
ഇതോടെ 13 പേര്‍ക്കാണ് വാര്‍ഡില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ചിരുന്ന ആളുടെ അടുത്ത കിടക്കയിലെ രോഗിയുടെ കൂട്ടിരിപ്പുകാരിക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
130 ആരോഗ്യപ്രവര്‍ത്തകരും നിലവിൽ ഇവിടെ നിരീക്ഷണത്തിലാണ്. ഇതിൽ 50 ഡോക്ടര്‍മാരും ഉൾപ്പെടുന്നു.. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കൂട്ടിരിപ്പുകാര്‍, രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. 500 പേരുടെ സ്രവസാമ്പിളാണ് പരിശോധനയ്ക്ക് വിധേയമാക്കുക…
കോട്ടയം ജില്ലയില്‍ 67 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 396 ആയി.
പായിപ്പാട് ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കം മുഖേനയുള്ള രോഗ ബാധ സ്ഥിരീകരിച്ചത്. ഇവിടെനിന്നുള്ള 12 പേരുടെ പരിശോധനാ ഫലം പോസിറ്റീവായി.
ഏറ്റുമാനൂര്‍ മേഖലയില്‍ വ്യാപകമായി കോവിഡ് പരിശോധന നടത്തും
ആന്റിജന്‍ പരിശോധനയില്‍ 45 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യാപകമായി രോഗപരിശോധന നടത്താന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചു.
ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ തിങ്കളാഴ്ച്ച നടത്തിയ ആന്റിജന്‍ പരിശോധനാ ഫലം ആശങ്കാജനകമാണെന്നു ചൂണ്ടിക്കാട്ടിയ മന്ത്രി രോഗവ്യാപ്തി കൃത്യമായി വിലയിരുത്തുന്നതിന് സത്വര നടപടികള്‍ സ്വീരിക്കണമെന്ന് നിര്‍ദേശിച്ചു. മറ്റു മേഖലകളില്‍നിന്ന് വ്യത്യസ്തമായി ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ രോഗം സ്ഥീരീകരിക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലാത്തതിനാല്‍ പ്രത്യേക ജാഗ്രത അനിവാര്യമാണ്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നിലവിലുള്ള പരിശോധനാ സംവിധാനം കൂടുതല്‍ വികേന്ദ്രീകരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യാപകമായി ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ നടത്തണം. രോഗവ്യാപ്തി വിലയിരുത്തിയശേഷം ആവശ്യമെങ്കില്‍ പ്രാദേശിക തലത്തിലോ ജില്ലാതലത്തിലോ ലോക് ഡൗണ്‍ പോലെയുള്ള നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ഏറ്റുമാനൂര്‍ ക്ലസ്റ്റര്‍ മേഖലയിലെ എല്ലാ വാര്‍ഡുതല സമിതികളും സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതാണ്. രോഗം സ്ഥിരീകരിച്ച പലര്‍ക്കും കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാതിരുന്നത് കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന മുറയ്ക്ക് മുന്‍കരുതലുകള്‍ സ്വീകരിച്ച് പരിശോധനയ്ക്ക് ആളുകളെ എത്തിക്കുന്നതിനും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന മേഖലയില്‍ അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ഉള്‍പ്പെടെ വാര്‍ഡ്തല സമിതിയുടെ ഇടപെടല്‍ അനിവാര്യമാണ്.
ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ തിങ്കളാഴ്ച്ച ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരായ 67 പേരില്‍ 45 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏറ്റുമാനൂര്‍ കേന്ദ്രീകരിച്ച് ജില്ലാ കളക്ടര്‍ പ്രത്യേക കോവിഡ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ചിരുന്നു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായ 4, 27 വാര്‍ഡുകള്‍ ഒഴികെയുള്ള എല്ലാ വാര്‍ഡുകളും കാണക്കാരി, മാഞ്ഞൂര്‍, അയര്‍ക്കുന്നം, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് ക്ലസ്റ്റര്‍.
ഓണ്‍ലൈന്‍ യോഗത്തില്‍ ഏറ്റുമാനൂരിലും ജില്ലയില്‍ പൊതുവിലുമുള്ള സാഹചര്യം ജില്ലാ കളക്ടര്‍ എം. അഞ്ജന വിശദീകരിച്ചു. സുരേഷ് കുറുപ്പ് എം.എല്‍.എ, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കൂമ്പിക്കല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏറ്റുമാനൂരിൽ പച്ചക്കറി മാർക്കറ്റിൻ്റെ ലൈസൻസ് നൽകാലികമായി റദ്ദുചെയ്തു.
പേരൂർ റോഡിലെ പച്ചക്കറി മാർക്കറ്റിൻ്റെ ലൈസൻസാണ് നഗരസഭ റദ്ദാക്കിയത്.
കൊവിഡ് മാനദണ്ഡം പാലിക്കാത്തതിനും രോഗവ്യാപനം മറച്ചു വച്ചതിനുമാണ് നടപടി സ്വീകരിച്ചത്
റിയാദ് : സൗദി അറേബ്യയിലെ അല്‍ ഖസീം ഉനൈസ കിംഗ് സഊദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന ലിന്റു ലിസാ ജോര്‍ജ്ജ് (31) നിര്യാതയായി. ചൊവ്വ പുലര്‍ച്ചെയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ചങ്ങനാശ്ശേരി കുമരന്‍കേരി ചക്കുകുളം വീട്ടില്‍ പൗലോസ് വര്‍ഗ്ഗീസ് ലിസമ്മ ജോര്‍ജ്- ദമ്പതികളുടെ മകളാണ് .
കഴിഞ്ഞ ഒരു വര്‍ഷം മുമ്പാണ് വിവാഹിതയായത്. ഭര്‍ത്താവ് ബിബിന്‍ കുര്യാക്കോസ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സാണ്.
2015 ഫെബ്രുവരി മുതല്‍ സൗദിയില്‍ ജോലി ചെയ്തുവരുന്ന ലിന്റു ലിസ കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് അവസാനമായി അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരികെയെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ സ്വീകരിച്ചു വരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ അയർലണ്ട് തലസ്ഥാനമായ ഡബ്ലിന്‍ തെരുവില്‍ ഭവനരഹിതരായി മരിച്ചുവീണത് അഞ്ച് പേര്‍.വീടില്ലാത്തവരെ സഹായിക്കുന്നതിനായി പ്രവര്‍ത്തിച്ചിരുന്ന ഡബ്ലിന്‍ ലോര്‍ഡ് മേയര്‍ ഫോറം നിര്‍ത്തലാക്കിയതാണ് ഇവര്‍ തെരുവില്‍ മരിക്കാന്‍ കാരണമായതെന്ന് ഇന്നര്‍ സിറ്റി ഹെല്‍പ്പിംഗ് ഹോംലെസ് ചാരിറ്റി ചൂണ്ടിക്കാട്ടി.വളരെ ദു:ഖമുണ്ടാക്കുന്നതാണ് ഈ മരണങ്ങള്‍. ഇതില്‍ മൂന്ന് മരണങ്ങള്‍ക്ക് സംബന്ധിച്ച് ഗാര്‍ഡ അന്വേഷണം ആവശ്യമാണെന്നും ചാരിറ്റി സംഘടന കൂട്ടിച്ചേര്‍ത്തു.
ഭവനരഹിതരായ ആളുകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കേണ്ടതുണ്ടെന്ന് ഐസിഎച്ച്എച്ച്സിഇഒ ആന്റണി ഫ്ലിന്‍ പറഞ്ഞു.ഇതിനായി ഭവനരഹിതരുടെ ഫോറം പുനരുജ്ജീവിപ്പിക്കണമെന്ന് മേയര്‍ പ്രഭുവിനോട് ആവശ്യപ്പെട്ടു.ഈ മരണങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടോ എന്നത് സംശയകരമാണ്. അതിനാല്‍
കഴിഞ്ഞ മാസത്തെ മരണങ്ങള്‍ സംബന്ധിച്ച് ഡിആര്‍എച്ച്ഇ (ഡബ്ലിന്‍ റീജിയന്‍ ഹോംലെസ് എക്സിക്യൂട്ടീവ്) റിപ്പോര്‍ട്ട് നല്‍കണമെന്ന് ചാരിറ്റി അഭ്യര്‍ത്ഥിച്ചു.
മരിച്ചവരോടും അവരുടെ കുടുംബങ്ങളോടും ഡബ്ലിന്‍ മേയര്‍ ഹേസല്‍ ചു അനുഭാവം അറിയിച്ചു.ഭവനരഹിതരെ സഹായിക്കുന്നതിന് ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും മേയര്‍ ട്വിറ്ററില്‍ പറഞ്ഞു.
കോവിഡ് രോഗബാധ വ്യാപകമായതോടെ സംരക്ഷണത്തിലാക്കിയ ആയിരക്കണക്കിന് ഭവന രഹിതര്‍ക്ക് തുടര്‍ പിന്തുണ നല്കാനാവാഞ്ഞതാണ് ദുരിതത്തിന് കാരണമെന്ന് കരുതപ്പെടുന്നു.
ബ്രിട്ടനില്‍ ആദ്യമായി വളര്‍ത്തുപൂച്ചയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. തെക്കന്‍ ഇംഗ്ലണ്ടിലെ പൂച്ചയ്ക്ക് ഉടമയില്‍നിന്നാണു രോഗം പകര്‍ന്നതെന്നാണു കരുതുന്നത്. ഇതോടെ വളര്‍ത്തുമൃഗങ്ങളെ ഉമ്മ വയ്ക്കരുതെന്നും ഭക്ഷണം പങ്കുവച്ചു കഴിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഗ്ലാസ്‌ഗോ സെന്റര്‍ ഫോന്‍ വൈറസ് റിസര്‍ച്ചില്‍ ജൂണില്‍ നടന്ന പരിശോധനയില്‍ പൂച്ചയ്ക്ക് കൊറോണ ബാധ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആനിമല്‍ പ്ലാന്റ് ഹെല്‍ത്ത് ലബോറട്ടറിയില്‍ നടന്ന വിശദപരിശോധനയില്‍ കഴിഞ്ഞയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.
ആറു വയസ്സുള്ള പൂച്ചയ്ക്ക് ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണു പ്രകടമായത്. ചെറിയ ശ്വാസംമുട്ടലും മൂക്കൊലിപ്പും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതു ഭേദമായെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ പൂച്ചകളെ വളര്‍ത്തുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ശ്വാസകോശസംബന്ധമായ രോഗമുള്ളവര്‍ പൂച്ചകളെ കൈകാര്യം ചെയ്യുന്നതിനു മുന്‍പ് കൈകള്‍ കഴുകി വൃത്തിയാക്കണം. ഒരേ കിടക്കയില്‍ പൂച്ചയെ ഒപ്പം കിടത്തി ഉറക്കരുത്. ആഹാരം പൂച്ചകളുമായി പങ്കിടരുതെന്നും ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ വൈറോളജി പ്രഫ. മാര്‍ഗരറ്റ് ഹൊസി മുന്നറിയിപ്പു നല്‍കി. ലോകത്ത് ഇതുവരെ വളരെ കുറച്ചു പൂച്ചകള്‍ക്കു മാത്രമേ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളു. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു വൈറസ് പകരുന്നതിനെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടുമില്ല.
ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പുറത്തുവന്ന പുതിയ ചിത്രം ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. അദ്ദേഹത്തിന് ചുറ്റും തോക്കുമായി നിൽക്കുന്ന പട്ടാളക്കാർ. ഒരു ‘ഡോണിനെ’ പോലെ വലിയ കസേരയിൽ ചിരിച്ചുകാെണ്ടിരിക്കുന്ന കിം. ചുറ്റും നിൽക്കുന്ന പട്ടാളക്കാരുടെ കയ്യിലെ പിസ്റ്റലാണ് ചിത്രത്തെ വൈറലാക്കിയത്. ഇതൊരു സമ്മാനമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
1953ൽ അവസാനിച്ച ഇരുകൊറിയകളും തമ്മിലുള്ള യുദ്ധത്തിന്റെ 67-ാം വാർഷികദിനാഘോഷത്തിലാണ് പട്ടാള ജനറലുമാർക്ക് ഓരോ ‘മൗണ്ട് പേയ്ക്തു’ (Mt Paektu) പിസ്റ്റലുകൾ അദ്ദേഹം സമ്മാനിച്ചത്. വലിയ അംഗീകാരമായിട്ടാണ് ഈ സമ്മാനത്തെ പട്ടാളക്കാർ കാണുന്നത്. പ്രാണൻ വെടിഞ്ഞും കിമ്മിനെ സംരക്ഷിക്കും എന്ന് അദ്ദേഹത്തിന് മുന്നിൽ പ്രതിജ്ഞ ചെയ്ത സൈനിക ഓഫീസർമാർ അദ്ദേഹത്തോടൊപ്പം തോക്കുകൾ ചൂണ്ടി നിന്നശേഷം എടുത്ത ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്.
സമ്മാനമായി നൽകിയ തോക്കുകളിൽ കിം ജോങ് ഉന്നിന്റെ കയ്യൊപ്പുണ്ട്. രാജ്യത്തോടും കൊറിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയോടും അചഞ്ചലമായ കൂറ് കാത്തു സൂക്ഷിക്കണമെന്നാണ് തോക്കുകൾ സമ്മാനിച്ച് കൊണ്ട് കിം ഓഫീസർമാർക്ക് നൽകിയ നിർദേശം
സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 679 പേർക്ക് രോഗമുക്തി. ഇന്ന് 888 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 55 . 122 പേർ വിദേശത്തുനിന്ന് വന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 96 പേർ. 36 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 4 മരണവും റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കർ(72) , കാസർകോട് സ്വദേശി അബ്ദു റഹ്മാൻ(70), ആലപ്പുഴയിലെ സൈന്നുദ്ധീൻ(67), തിരുവനന്തപുരത്ത് സെൽവമണി(65) എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം, കോട്ടയം മലപ്പുറം, തൃശൂർ ജില്ലകളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100ന് മുകളിലാണ്.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 227
മലപ്പുറം 112
ഇടുക്കി 7
കോഴിക്കോട് 67
കോട്ടയം 118
പാലക്കാട് 86
തൃശൂര്‍ 109
കണ്ണൂര്‍ 43
കാസര്‍കോട് 38
ആലപ്പുഴ 84
കൊല്ലം 95
പത്തനംതിട്ട 63
വയനാട് 53
എറണാകുളം 70
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 170
കൊല്ലം 70
പത്തനംതിട്ട 28
ആലപ്പുഴ 80
കോട്ടയം 20
ഇടുക്കി 27
എറണാകുളം 83
തൃശൂര്‍ 45
പാലക്കാട് 40
മലപ്പുറം 34
കോഴിക്കോട് 13
വയനാട് 18
കണ്ണൂര്‍ 15
കാസര്‍കോട് 36
കഴിഞ്ഞ 24 മണിക്കൂറിനകം 19,140 സാംപിളുകള്‍ പരിശോധിച്ചു. 1,50,816 പേരാണ് നിരീക്ഷണത്തിലുള്ളത്. 10,091 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1167 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 9609. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 20,896 പേർക്കാണ്. ഇതുവരെ ആകെ 3,62,210 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6596 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,16,418 സാംപിളുകള്‍ ശേഖരിച്ചതില്‍ 1,13,073 സാംപിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 486 ആയി.
കോട്ടയം ജില്ലയില്‍ 118 പേര്‍ക്കു കൂടി കോവിഡ്
കോട്ടയം ജില്ലയില്‍ പുതിയതായി 118 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 113 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന രണ്ടു പേരും ഉള്‍പ്പെടുന്നു. 18 പേര്‍ രോഗമുക്തരായി. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള ഓരോ രോഗികള്‍ വീതം കോവിഡ് മുക്തരായി ആശുപത്രി വിട്ടു. നിലവില്‍ കോട്ടയം ജില്ലക്കാരായ 557 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയില്‍ 1045 പേര്‍ക്ക് രോഗം ബാധിച്ചു. 487 പേര്‍ രോഗമുക്തരായി.
കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിനിയായ മല്ലികയെ(40) ജുലൈ 15 മുതല്‍ കാണാതായിരുന്നു. ഭര്‍ത്താവിന്റെ പരാതി പ്രകാരം കുന്നംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുന്നംകുളം ഇന്‍സ്പെക്ടര്‍ കെ.ജി.സുരേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപികരിച്ചു. അയല്‍വാസിയായ വിജീഷിനേയും കാണാനില്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
ഇരുവരുടേയും മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ സൈബര്‍ സെല്ലിനു കൈമാറി. ഇടയ്ക്കെപ്പോഴെ ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ സൈബര്‍ സെല്ലിന് ലൊക്കേഷന്‍ കിട്ടി. തിരുവനന്തപുരം കിളിമാനൂരില്‍ ലോഡ്ജില്‍ കഴിയുകയായിരുന്നു ഇരുവരും. പൊലീസ് സംഘം തിരുവനന്തപുരത്ത് പോയി ഇരുവരേയും പിടികൂടി.
കുന്നംകുളം സ്റ്റേഷനില്‍ കൊണ്ടുവന്ന ശേഷം ഭര്‍ത്താവിനേയും മക്കളേയും വിവരമറിയിച്ചു. മക്കള്‍ കരഞ്ഞു പറഞ്ഞിട്ടും വീട്ടമ്മ കൂട്ടാക്കിയില്ല. ഭര്‍ത്താവും പലതവണ പറഞ്ഞു. എല്ലാം മറന്ന് വീണ്ടും ഒന്നിച്ചു ജീവിക്കാമെന്ന്.പക്ഷേ, കാമുകനൊപ്പം പോകാനാണ് തീരുമാനമെന്ന് കൃത്യമായി പൊലീസിനോട് പറഞ്ഞു. കാമുകനാകട്ടെ അവിവാഹിതനുമാണ്. കൂലിപണിക്കാരനാണ് ഭര്‍ത്താവ്. കാമുകന്‍ അയല്‍വാസിയും കോണ്‍ക്രീറ്റ് പണിക്കാരനുമാണ്. ഭര്‍ത്താവും മക്കളും സ്റ്റേഷനില്‍ നിന്ന് മടങ്ങിയ ശേഷം പൊലീസ് ഒരു കാര്യം തീരുമാനിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയുമോയെന്ന് നിയമോപദേശം തേടി.
പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച കുറ്റത്തിന് മല്ലികയ്ക്കെതിരെ കേസെടുത്തു. ഇതിനു പ്രേരണ നല്‍കിയതിന് കാമുകന്‍ വിജീഷും പ്രതിയായി. കോടതിയില്‍ ഹാജരാക്കിയ രണ്ടു പേരേയും രണ്ടാഴ്ചത്തേയ്ക്കു റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടു. ഉടനെ, മല്ലിക പൊലീസിനോട് ഒരു കാര്യം ആവശ്യപ്പെട്ടു. ജാമ്യത്തിലിറക്കാന്‍ നിയമസഹായം വേണം. ഒരാളെ ഫോണ്‍ ചെയ്യാനുണ്ട്. വിളിച്ചതാകട്ടെ ഭര്‍ത്താവിനെ. ‘‘ജാമ്യത്തിലിറക്കിയാല്‍ കൂടെ വരാമെന്നായിരുന്നു പറഞ്ഞത്’’.
സംവിധാനം ചെയ്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ ഉള്ളത് ‘ഹൃദയം’ എന്ന തന്റെ പുതിയ പ്രൊജക്ടിലായിരിക്കുമെന്ന് വിനീത് ശ്രീനിവാസന്‍. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഹൃദയം അമ്പത് ശതമാനം ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. കൊവിഡ് മൂലം നിര്‍ത്തിവച്ചിരിക്കുന്ന സിനിമ നിയന്ത്രണങ്ങളോടെ ചിത്രീകരിക്കാനാവുന്നതല്ലെന്നും വിനിത് ശ്രീനിവാസന്‍ പറയുന്നു.
‘ഹൃദയം’ പ്ലാന്‍ ചെയ്യുമ്പോള്‍ അതിന്റെ സെക്കന്റ് ഹാഫില്‍ നിറയെ ആള്‍ക്കൂട്ടങ്ങള്‍ ആവശ്യമുളള ഇടങ്ങളുണ്ട്. അതെല്ലാം അങ്ങനെതന്നെ ചെയ്യണം. എത്ര സമയം എടുത്താലും നമ്മള്‍ വിചാരിച്ചിരുന്നതുപോലെ തന്നെ ചെയ്യാമെന്നാണ് കരുതുന്നത്. പ്രൊഡ്യൂസേഴ്‌സും അതുതന്നെയാണ് പറയുന്നത്. കുറച്ചു കല്ല്യാണങ്ങളൊക്കെയുണ്ട് സെക്കന്റ് ഹാഫില്‍. അതെല്ലാം ആഗ്രഹിച്ചപോലെതന്നെ ഷൂട്ട് ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്.
പ്രണവിനെ എനിക്ക് മുമ്പ് വലിയ പരിചയം ഇല്ലായിരുന്നു. വല്ലപ്പോഴും ഏതെങ്കിലും ചടങ്ങുകള്‍ക്കൊക്കെ കണ്ടിട്ടുണ്ടെന്നേ ഉളളു. കല്യാണിയെ ചെറുപ്പം മുതലേ ചെന്നൈയില്‍ വെച്ച് കാണുമായിരുന്നു. ആ സമയത്ത് അവിടെ ഒരുപാട് ഷൂട്ടുകള്‍ നടക്കുമായിരുന്നല്ലോ, അന്ന് വെക്കേഷന്‍ സമയത്ത് അച്ഛനെവിടെയാണോ ഷൂട്ട് അവിടെച്ചെന്ന് ഞങ്ങള്‍ താമസിക്കാറുണ്ടായിരുന്നു. ആ സമയത്ത് ചെന്നൈയില്‍ വരുമ്പോഴൊക്കെ കല്യാണിയെ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ എടുത്ത് നടന്നിട്ടൊക്കെയുണ്ട്.
മലര്‍വാടിയും തട്ടവും കഴിഞ്ഞ് ‘ആനന്ദം’ പ്രൊഡ്യൂസ് ചെയ്തു. ആ സിനിമയില്‍ ഫുള്‍ പുതിയ ആള്‍ക്കാരാണ്. ‘ഹെലന്‍’ ആണെങ്കിലും അതേ. അന്നയും ഒറ്റ സിനിമയുടെ മാത്രം എക്‌സ്പീരിയന്‍സ് അല്ലേ ഉള്ളൂ. നോബിളും പുതിയ ആളാണ്. അതിലെ മറ്റ് കുഞ്ഞ് കുഞ്ഞ് ആക്ടേഴ്‌സൊക്കെ പുതിയ ആള്‍ക്കാരാണ്. ‘ഹൃദയ’ത്തില്‍ ശരിക്കും, പ്രണവ്, കല്യാണി, ദര്‍ശന അങ്ങനെ ലീഡ് റോള്‍ ചെയ്യുന്ന കുറച്ച് ആളുകള്‍ ഒഴിച്ചാല്‍ തീയറ്റര്‍ സര്‍ക്യൂട്ടില്‍ നിന്ന് നമ്മള്‍ കാസ്റ്റ് ചെയ്തിട്ടുളള ഒരുപാട് ആക്ടേഴ്‌സുണ്ട്. ഒന്നു രണ്ടു സിനിമകള്‍ ചെയ്തിട്ടുളളവരുണ്ട്, ഫസ്റ്റ് സിനിമ ചെയ്യുന്നവരുണ്ട്, ഷോര്‍ട് ഫിലിംസൊക്കെ ചെയ്ത് അത് കണ്ടിട്ട് നമുക്ക് ഇഷ്ടപ്പെട്ടിട്ടുളള ചില പിള്ളേരെയൊക്കെ നമ്മളിങ്ങനെ വിളിച്ചിട്ടുണ്ട്. ‘ഹൃദയ’ത്തില്‍ ഒരുപാട് പുതിയ ആളുകളുടെ കാസ്റ്റിങ് ഉണ്ട്. നമ്മളതിന്റെ ഡീറ്റെയ്ല്‍ ഒന്നും പുറത്തുവിട്ടിട്ടില്ലെന്നേ ഉള്ളു. ‘തട്ടത്തിന്‍ മറയത്തി’ന്റെ അന്തരീക്ഷം വീണ്ടും വന്നതുപോലെയാണ് എന്റെ അനുഭവം. ഞാന്‍ പഠിച്ച കോളേജില്‍ തന്നെയാണ് ഹൃദയം ഷൂട്ട് ചെയ്തത്.
രാവിലെ ആറേമുക്കാലിന് ലൊക്കേഷനില്‍ ചെല്ലുമ്പോഴേയ്ക്കും അവിടെ ഇഷ്ടം പോലെ പിള്ളേരുണ്ടാവും. ഇവരെവെച്ച് നമ്മളങ്ങ് തുടങ്ങുവാണ്. തട്ടം കഴിഞ്ഞിട്ട് ഞാന്‍ അതേ ഒരു എനര്‍ജിയോടെ വര്‍ക്ക് ചെയ്യുന്ന പടം ‘ഹൃദയ’മാണ്. ഒരു സീനില് വന്നുപോകുന്ന ആളുകള്‍ അടക്കം പുതിയ ആള്‍ക്കാരാണ്. കാമറമാന്‍ വിശ്വജിത്തിന്റെ ആദ്യ പടമാണ്. കോസ്റ്റ്യൂം ഡയറക്ടറുടെ സെക്കന്റ് ഫിലിമാണ്. ആര്‍ട് ഡയറക്ടറുടെ ഫസ്റ്റ്ഫിലിമാണ്. മ്യൂസിക് ഡയറക്ടറുടേതും. നമുക്കൊരുപാട് പ്രിവിലജസ് കിട്ടുന്നുണ്ടല്ലോ, അപ്പോള്‍ അത് ബാലന്‍സ് ചെയ്യേണ്ട ഉത്തരവാദിത്വം എല്ലാ ഡയറക്ടേഴ്‌സിനുമുണ്ട്. ഞാനത് ബോധപൂര്‍വ്വം ആലോചിക്കാറുമുണ്ട്.
ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍. പെരുമ്ബാവൂര്‍ സ്വദേശി ബിനു പോളിന്റെയും മേരിയുടേയും മകളായ സമീക്ഷ പോളിനെയാണ് (15) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അജ്മാന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് സമീക്ഷ. കുട്ടിയുടെ മരണത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഷാര്‍ജയിലെ അല്‍ താവൂനിലെ താമസസ്ഥലത്ത് ഇന്നലെ അര്‍ദ്ധരാത്രിയാണ് സമീക്ഷയുടെ മൃതദേഹം കണ്ടെത്തിയത്. മലയാളി ദമ്ബതികളുടെ ഇരട്ട പെണ്‍കുട്ടികളിലൊരാളായ സമീക്ഷ ചാടി ജീവനൊടുക്കിയതെന്നാണ് ആദ്യ വിവരം. കെട്ടിടത്തില്‍ നിന്ന് വീണതായി വിവരം ലഭിച്ചതനുസരിച്ച് ബുഹൈറ പൊലീസ് എത്തിയാണ് ഗുരുതര നിലയിലായ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പൊലീസ് പുലര്‍ച്ചെ വീട്ടിലെത്തി വിവരങ്ങള്‍ അറിയിച്ചപ്പോഴാണ് അപകടവിവരം സമീക്ഷയുടെ മാതാപിതാക്കളറിഞ്ഞത്. ഇവരെ ചോദ്യം ചെയ്ത പൊലീസ് മുറികള്‍ പരിശോധിച്ചു. ഇരട്ട സഹോദരിക്കൊപ്പമാണ് സമീക്ഷ ഉറങ്ങാന്‍ കിടന്നിരുന്നത്.
ബിനു പോള്‍ ദുബായിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സഹോദരി: മെറിഷ് പോള്‍. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി സംസ്കരിക്കാനാണ് തീരുമാനമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
ഹെൽമറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് പോലീസ് യുവാവിൻ്റെ നെറ്റിയിൽ ബൈക്കിൻ്റെ താക്കോൽ കുത്തിയിറക്കി. ഉത്തരാഖണ്ഡ് ഉദ്ദംസിംഗ് നഗര്‍ ജില്ലയിലെ രുദ്രപൂരിൽ തിങ്കളാഴ്‌ച രാത്രി എട്ട് മണിയോടെയാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ നാട്ടുകാർ ചോദ്യം ചെയ്‌തതോടെ പ്രദേശത്ത് സംഘർഷമുണ്ടായി. സംഭവത്തിൽ സബ് ഇൻസ്പെക്‌ടർ ഉൾപ്പെടെ മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്‌തു.
ബൈക്ക് യാത്രികനായ ദീപക് (20) എന്ന യുവാവിനാണ് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് പീഡനം നേരിടേണ്ടി വന്നത്. സുഹൃത്തിനൊപ്പം വരുന്നതിനിടെ ദീപക്കിനെ പോലീസ് തടഞ്ഞു. ഹെൽമറ്റ് ധരിക്കാത്തത് ചോദ്യം ചെയ്‌തു. പെട്രോൾ തീരാറായതിനാൽ പെട്രോൾ നിറയ്‌ക്കാൻ പോയതാണെന്ന് ദീപക് പറഞ്ഞെങ്കിലും പോലീസ് ചെവിക്കൊണ്ടില്ല. തുടർന്ന് ബൈക്കിൻ്റെ താക്കോൽ ഊരിയെടുക്കുകയും യുവാവിൻ്റെ നെറ്റിയിൽ കുത്തിയിറക്കുകയും ചെയ്‌തു.
മൂന്ന് പൊലീസുകാരാണ് യുവാക്കൾക്ക് നേരെ അതിക്രമം നടത്തിയത്. ഇതിനിടെ സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമീപത്ത് നിന്നവർ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്‌തു. പോലീസ് നടപടിയെ ചോദ്യം ചെയ്‌ത് ആളുകൾ കൂട്ടം കൂടിയതോടെ ചെറിയ തോതിൽ സംഘർഷമുണ്ടായി. തടിച്ചു കൂടിയവരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശിയതോടെ പ്രശ്‌നം കൂടുതൽ വഷളായി. ഒരു പോലീസുകാരന് പരിക്കേൽക്കുകയും ചെയ്‌തു.
പോലീസ് നടപടിയിൽ ഭയന്ന യുവാവ് സംഭവസ്ഥലത്ത് നിന്നും അതിവേഗം മടങ്ങിയെങ്കിലും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് നടപടി വിവാദമായതോടെ പ്രദേശത്തെ എംഎല്‍എ രാജ്കുമാര്‍ തുക്രാല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. അന്വേഷണം ആരംഭിച്ചതായും സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാർക്കെതിരെ പ്രാഥമിക നടപടി സ്വീകരിച്ചതായും പോലീസ് സൂപ്രണ്ട് ദലീപ് സിംഗ് കുൻവാർ വ്യക്തമാക്കി.