മധ്യപ്രദേശിലെ സിന്‍ഗ്രൗലിയില്‍ ചരക്ക് തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന് വേണ്ടി കല്‍ക്കരി കൊണ്ടുപോകുന്ന വണ്ടികളാണ് കൂട്ടിയിടിച്ചത്.
ഉത്തര്‍പ്രദേശിലെ എന്‍.ടി.പി.സി പ്ലാന്റിലേക്ക് കല്‍ക്കരിയുമായി പോയ ചരക്കുവണ്ടിയും ലോഡ് ഇല്ലാതെ എതിര്‍ ദിശയില്‍ നിന്നും വന്ന മറ്റൊരു വണ്ടിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സിഗ്‌നല്‍ നല്‍കുന്നതില്‍ വന്ന തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടസ്ഥലത്ത് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റേയും പൊലീസിന്റേയും പ്രദേശവാസികളുടേയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവല്ല അപകട കാരണമെന്നും, അപകടം സംഭവിച്ച എം.ജി.ആര്‍ സംവിധാനം പൂര്‍ണമായും നിയന്ത്രിക്കുന്നത് എന്‍.ടി.പി.സി ആണെന്നും റെയില്‍വേ വക്താവ് വാര്‍ത്തയോട് പ്രതികരിച്ചു.
യൂത്ത് ലീഗ് ഷഹീന്‍ ബാഗ് സ്‌ക്വയര്‍ സമരത്തില്‍ പങ്കെടുക്കാതെ രാഹുല്‍ ഈശ്വര്‍ മടങ്ങി. ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് രാഹുല്‍ മടങ്ങിയത്. യൂത്ത് ലീഗ് ഇതു സംബന്ധിച്ച പോസ്റ്ററുകള്‍ പുറത്തിറക്കുകയും ചെയ്തു. പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്നലെ വൈകീട്ട് തന്നെ രാഹുല്‍ കോഴിക്കോടെത്തുകയും ചെയ്തു.
എന്നാല്‍ ഇയാളെ പങ്കെടുപ്പിക്കുന്നതിന് യൂത്ത് ലീഗിലെ തന്നെ ഒരു വിഭാഗം കടുത്ത എതിര്‍പ്പ് അറിയിച്ചു. രാഹുല്‍ എത്തുകയാണെങ്കില്‍ തടയുമെന്ന് നജീബ് കാന്തപുരമുള്‍പ്പെടെയുള്ള നേതാക്കള്‍ നിലപാടെടുത്തതോടെ പി.കെ ഫിറോസ് രാഹുല്‍ ഈശ്വറിനോട് പരിപാടിയില്‍ വരണ്ട എന്ന് അറിയിച്ചു. കോഴിക്കോടെത്തിയ രാഹുല്‍ പിന്നീട് മടങ്ങിപ്പോവുകയും ചെയ്തു.
സംഘപരിവാര്‍ സംഘടനകളുമായി നല്ല ബന്ധം സൂക്ഷിക്കുന്ന രാഹുല്‍ ഈശ്വറിനെ യൂത്ത് ലീഗ് സമരപരിപാടിയില്‍ ക്ഷണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് എതിര്‍ക്കുന്നവരുടെ നിലപാട്. തീവ്രഹിന്ദുത്വ നിലപാടുകള്‍ പുലര്‍ത്തുകയും നേരത്തെ ലൗവ് ജിഹാദ് കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്തയാളെ പൗരത്വ ബില്ലിനെതിരെ നടക്കുന്ന സമരത്തിലേക്ക് ക്ഷണിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ഈ വിഭാഗത്തിന്റെ നിലപാട്.
പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡല്‍ഹി ഷഹീന്‍ബാഗില്‍ നടക്കുന്ന സമരത്തിനു ഐക്യദാര്‍ഢ്യവുമായി കഴിഞ്ഞ ഒരു മാസക്കാലമായി കോഴിക്കോട് കടപ്പുറത്ത് മുസ്ലിം യൂത്ത്ലീഗ് ‘ഷഹീന്‍ബാഗ് സ്‌ക്വയര്‍’ സമരം നടത്തുകയാണ്. മുഖ്യ പ്രഭാഷണത്തിനായാണു രാഹുല്‍ ഈശ്വറിനെ ക്ഷണിച്ചിരുന്നത്.
രാഹുല്‍ ഈശ്വറിന്റെ ഈ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും അത് വ്യാജ പ്രചാരണമാണെന്നും യൂത്ത്ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം വ്യക്തമാക്കിയിരുന്നു.. ഇതിനു തൊട്ടുപിന്നാലെ നജീബ് കാന്തപുരത്തെ തള്ളിക്കൊണ്ട് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് തന്നെ രംഗത്തു വരികയും ചെയ്തു.
പൗരത്വ ബില്ലിനെതിരെയാണ് രാഹുല്‍ ഈശ്വര്‍ ഇപ്പോഴെടുക്കുന്ന നിലപാട്. ഇതാണ് ക്ഷണിക്കാന്‍ കാരണമെന്നാണ് ഫിറോസ് പക്ഷത്തിന്റെ വിശദീകരണം. എന്നാല്‍ പൗരത്വബില്‍ മാത്രമായി വേറിട്ടു കാണേണ്ടതില്ലെന്നും സംഘപരിവാര്‍ അനുകൂല നിലപാടെടുക്കുന്നവരെ എതിര്‍ക്കുക തന്നെ വേണമെന്നാണ് മറ്റു വിഭാഗത്തിന്റെ നിലപാട്.
നയന്‍താര നായികയാകുന്ന ‘മൂക്കുത്തി അമ്മന്‍’ ചിത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കൈയ്യില്‍ ത്രിശൂലവുമായി മൂക്കുത്തി അമ്മന്‍ എന്ന ദേവിയുടെ ഗെറ്റപ്പിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ആര്‍.ജെ ബാലാജി തന്നെയാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
എന്നാല്‍ നയന്‍താരയുടെ ലുക്കിനെതിരെ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ”ഹെയര്‍ കളറിംഗ് ചെയ്ത അമ്മനോ?” എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുയരുന്ന ചോദ്യം. ”മോഡേണ്‍ അമ്മന്‍”, ”ഫാന്‍സി ഡ്രസ് കോംപറ്റീഷന്‍ പോലെയുണ്ട്” എന്നൊക്കെയാണ് മറ്റ് കമന്റുകള്‍.
കൂടാതെ നടി രമ്യ കൃഷ്ണന്‍ സിനിമകളില്‍ അവതരിപ്പിച്ച ദേവി വേഷവുമായി താരതമ്യം ചെയ്യുന്നുമുണ്ട്. എന്നാല്‍ നയന്‍താരയെ പ്രശംസിച്ചും നിരവധി കമന്റുകള്‍ വരുന്നുണ്ട്. ഒരു ട്വിസ്റ്റോടെ എത്തുന്ന ഭക്തി കഥയാകും മൂക്കുത്തി അമ്മന്‍ പറയുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍.ജെ ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇഷാരി കെ. ഗണേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചങ്ങനാശേരി, തൃക്കൊടിത്താനം പുതുജീവൻ ട്രസ്റ്റിൽ കോട്ടയം അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് (എഡിഎം) പ്രാഥമിക തെളിവെടുപ്പ് നടത്തുകയും സ്ഥാപനത്തിൽ എട്ടു വര്‍ഷത്തിനിടെ മുപ്പതിലധികം അന്തേവാസികൾ മരിച്ചതായി കണ്ടെത്തുകയും ചെയ്തു. ഇതിൽ ആത്മഹത്യകളും ഉണ്ടാകാമെന്നും സമഗ്ര അന്വേഷണം നടക്കുമെന്നും എഡിഎം അനിൽ ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.
കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് കോട്ടയം എഡിഎം പുതുജീവൻ മാനസികാരോഗ്യ കേന്ദ്രത്തിലെത്തി തെളിവെടുപ്പ് നടത്തിയത്. സ്ഥാപനത്തിലെ രജിസ്റ്ററുകൾ പരിശോധിച്ചതിൽ നിന്നാണ് മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. 2012 മുതൽ ഇതുവരെ സ്ഥാപനത്തിൽ മുപ്പതിലേറെ മരണങ്ങൾ നടന്നതായി കണ്ടെത്തി.
ട്രസ്റ്റിന്റെ ലൈസൻസ് സംബന്ധിച്ചും തർക്കമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ സ്ഥാപനത്തിന്റെ പ്രവർത്തനം ഹൈക്കോടതിയിലെ കേസുകളുടെ പിൻബലത്തിലാണ്. നിരവധി ആക്ഷേപങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, നാട്ടുകാരിൽനിന്നും, ജീവനക്കാരിൽനിന്നും എഡിഎം വിവരങ്ങൾ ശേഖരിച്ചു. രണ്ടു ദിവസത്തിനകം കോട്ടയം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇതിനിടെ ഇന്നലെ രാത്രിയോടെ മറ്റൊരു അന്തേവാസിയെക്കൂടി സമാന രോഗലക്ഷണങ്ങളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വിജയ്-വിജയ് സേതുപതി ഒന്നിക്കുന്ന സിനിമയാണ് ലോകേഷ് കനകരാജ് ചിത്രം മാസ്റ്റർ. ഇപ്പോഴിത സിനിമയുടെ ലൊക്കേഷനില്‍ നിന്നും പുറത്തു വന്നിരിക്കുന്ന ചിത്രമാണ് ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. സിനിമയിലെ നായകനായ വിജയ്യെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിജയ് സേതുപതി ചുംബിക്കുന്നതാണ് ചിത്രത്തിലുള്ളത്.
ഇത്തരമൊരു ചിത്രം വിജയ്, വിജയ് സേതുപതിയോട് ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജഗദീഷ് ആണ് ഈ ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചിത്രം ഇരുവരുടെയുംആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
Been an wonderful few months and it comes to a closure – Master shoot wrapped up !! Heart full of thanks to Thalapathy @actorvijay na, Makkal selvan @VijaySethuOffl brother and @Dir_Lokesh 😊 waiting for the #Master celebrations pic.twitter.com/SNNUUDcCW6
— Jagadish (@Jagadishbliss) February 29, 2020
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിവാഹിതനാകുന്നു. കഴിഞ്ഞ വർഷം മുതൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ താമസിക്കുന്ന 31കാരിയായ കാമുകി കാരി സൈമണ്ട്സ് ആണ് വധു. രണ്ടര നൂറ്റാണ്ടിനിടക്ക് ആദ്യമായാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ചുമതലയിലിരിക്കെ വിവാഹിതനാകുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അവിവാഹിതരായ ഒരുമിച്ച് താമസിക്കുന്നതിെൻറ ആദ്യ ദമ്പതികളാണ് ബോറിസും കാരിയും. ഇരുവരുടെയും വക്താവാണ് വിവാഹിതരാകുന്ന കാര്യം മാധ്യമങ്ങളോട് അറിയിച്ചത്. നേരത്തെ രണ്ട് തവണ വിവാഹിതനായിരുന്ന 55 കാരനായ ബോറിസ് ജോൺസണ് നാലു കുട്ടികളുണ്ട്. 26 കാരിയായ വധുവുമായി 2018 ലാണ് വിവാഹ മോചിതനായത്.
തൃശൂർ: സിംഗപ്പൂരിൽ ബഹുനില കെട്ടിടത്തിൽനിന്നു വീണു തൃശൂർ സ്വദേശിയായ യുവാവ് മരിച്ചു. ചിയ്യാരം സുഭാഷ് നഗറിൽ ചാലക്കൽ വീട്ടിൽ തോമസിന്റെ മകൻ സ്റ്റെബിൻ (27) ആണു മരിച്ചത്. സിംഗപ്പൂരിൽ ഭാര്യയോടൊപ്പം താമസിക്കുന്ന സ്റ്റെബിൻ വെള്ളിയാഴ്ച വൈകിട്ട് പുതിയ ഫ്ളാറ്റിലേക്കു താമസം മാറിയിരുന്നു. ഒഴിഞ്ഞ ഫ്ളാറ്റ് വൃത്തിയാക്കാൻ രാത്രിയിൽ പോയപ്പോഴാണ് അപകടം. കാൽ തെന്നിവീണതാകാമെന്നു സംശയിക്കുന്നു. പോലീസാണു ശനിയാഴ്ച രാവിലെ ഫ്ളാറ്റിനു താഴെ മൃതദേഹം കണ്ടത്. സിംഗപ്പൂരിലെ ഇഷാനിൽ മൈക്രോണ്‍ സേബ് എന്ന സ്ഥാപനത്തിൽ എൻജിനിയറായി ജോലിചെയ്തു വരികയായിരുന്നു. രണ്ടു മാസം മുന്‍പാണു സ്റ്റെബിൻ വിവാഹിതനായത്. ഭാര്യ അനറ്റ് ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.
കൊറോണ വൈറസ് പടരുന്ന്പിടിക്കുന്നതിനാല്‍ ഇറാനില്‍ റൂമുകളില്‍ കുടുങ്ങി മലയാളികളടക്കമുള്ള മത്സ്യത്തൊഴിലാളികള്‍. മത്സ്യത്തൊഴിലാളികളായ 17 മലയാളികളാണ് ഇറാനിലെ തീരനഗരമായ അസ്ല്‍യൂവില്‍ കുടങ്ങിക്കിടക്കുന്നത്. പൊഴിയൂര്‍, വിഴിഞ്ഞം, മര്യനാട്, അഞ്ച് തെങ്ങ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍.
തമിഴ്നാട്ടില്‍ നിന്നുളളവര്‍ അടക്കം എണ്ണൂറോളം പേരാണ് കൊറോണയുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളുടെ ഭാഗമായി നാട്ടിലേക്ക് തിരിച്ചെത്താനാകാതെ വിഷമിക്കുന്നത്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും ശേഖരിച്ച് വെച്ചിരുന്ന ഭക്ഷണ സാധനങ്ങള്‍ തീരാറായെന്നും ഇവര്‍ പറയുന്നു.
ചൈനയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കോവിഡ് പടര്‍ന്നതിനെ തുടര്‍ന്ന് ഇതുവരെ 85,000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 593 കൊറോണ കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മരണപ്പെട്ട 9 പേര്‍ അടക്കം മരണ സംഖ്യ 43 പേര്‍. മരണപ്പെട്ടവരില്‍ പാര്‍ലമെന്റ് അംഗം അടക്കം ഉള്‍പ്പെടുന്നു
ഡൽഹിയിൽ ഏഴ് മെട്രോ സ്റ്റേഷനുകള്‍ ഡിഎംആർസി അടച്ചിട്ടത് ഊഹപ്രചാരണങ്ങൾക്ക് കാരണമായി. ഡൽഹിയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടുന്നതായുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പ്രചരിച്ചത്. സ്റ്റേഷനുകൾ അടയ്ക്കുന്ന വിവരം ട്വിറ്ററിലൂടെ ഡിഎംആർസി സ്ഥിരീകരിക്കുകയുണ്ടായി. നാങ്ഗ്ലോയി, സുരാജ്മൽ സ്റ്റേഡിയം, ബദാർപൂർ, തുഗ്ലകാബാദ്, ഉത്തംനഗർ വെസ്റ്റ്, നവാദ എന്നീ സ്റ്റേഷനുകളാണ് അടച്ചിട്ടിരിക്കുന്നത്. ഏറ്റവും പുതിയ ട്വീറ്റ് പറയുന്നത് സ്റ്റേഷനുകൾ തുറന്നുവെന്നാണ്.
രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ട്വിറ്ററിൽ നിറയുന്നതിനിടയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി കമ്മീഷണർ രംഗത്തെത്തി. ‘ഊഹാപോഹങ്ങളാണ് വലിയ ശത്രു’ എന്നദ്ദേഹം കുറിച്ചു. ഖയാല, രഘൂബീർ നഗർ പ്രദേശത്ത് പ്രശ്നമുണ്ടെന്ന് ഊഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും അതിൽ സത്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നാളെ തിങ്കളാഴ്ചയായതിനാൽ ഡിഎംആർസി അതീവ ജാഗ്രത പുലർത്തുന്നതാകാം ഊഹപ്രചാരണങ്ങൾക്കു പിന്നാലെ സ്റ്റേഷനുകൾ അടച്ചിടാൻ കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
രജൗരി ഗാർഡൻസ് മാൾ അടച്ചിട്ടതായി വിവരമുണ്ട്. രജൗരിയിലും സുഭാഷ് നഗറിലും തിലക് നഗറിലും മാർക്കറ്റുകൾ അടച്ചു. ഇതെല്ലാം മുന്‍കരുതൽ നടപടിയെന്നാണ് പൊലീസ് പറയുന്നത്.
പല സ്ഥലങ്ങളിലും ഊഹങ്ങൾ മൂലം ആക്രമണങ്ങളുണ്ടായതായും വിവരമുണ്ട്. ആക്രമണം വരുമെന്ന ഭീതിയിൽ ചിലർ സംഘടിച്ച് ആക്രമണം സംഘടിപ്പിക്കുന്നതായാണ് വിവരം.
ജൂവലറിയില്‍ മോഷണം നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പത്തൊമ്പതാം തീയതി രാത്രിയിലാണ് മോഷണം നടന്നത്. 14 പവന്റെ സ്വർണവും 2,87,000 രൂപയുമാണ് ഇവർ അപഹരിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. പുല്ലു കുളങ്ങര കിഴക്കേ നടയിലെ ബീനാ ജൂവലേഴ്സിൽ മോഷണം നടത്തിയ തിരുവല്ല തുകലശ്ശേരി പൂമംഗലത്ത് ശരത്(34), ആറാട്ടുപുഴ കിഴക്കേക്കര പട്ടോളിമാർക്കറ്റ് പെരുമന പുതുവൽ വീട്ടിൽ സുധീഷ്(38)എന്നിവരൊണ് പൊലീസ് അറസ്റ്റു ചെയ്തത്. ചൂളത്തെരുവിൽ നിന്നാണ് പ്രതികൾ പിടിയിലായത്.
കടയിലെ സിസി ടിവിയിൽ ഒരു പ്രതിയുടെ ചിത്രം അവ്യക്തമായി പതിഞ്ഞിരുന്നു. സമീപ പ്രദേശങ്ങളിൽ നടന്ന ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ട് പുറത്തു വന്നവരാകാം പ്രതികളെന്ന് അദ്യം തന്നെ സംശയമുണ്ടായിരുന്നു. ഈ വഴിക്കും അന്വേഷണം നടന്നു. പ്രതികൾ ചൂളത്തെരുവിൽ വീട് വാടകക്കെടുത്താണ് മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. മോഷണ സ്വർണ്ണം ഇവരിൽ നിന്ന് കണ്ടെത്തി. കൂടാതെ ഇവർ ഭിത്തി തുരക്കാനുപയോഗിച്ച കമ്പി പാരയും ജൂവലറിയുടെ സമീപത്തെ തോട്ടിൽ നിന്ന് കണ്ടെടുത്തു. മോഷ്ടിച്ച പണംകൊണ്ട് ഇവർ ഗൃഹോപകരണങ്ങളും മറ്റും വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു.