ഉത്ര കൊലക്കേസില്‍ തന്റെ അമ്മയ്ക്കും സഹോദരിയ്ക്കും പങ്കുണ്ടെന്ന് വ്യക്തമാക്കി സൂരജിന്റെ വെളിപ്പെടുത്തല്‍. ഉത്രയെ ആദ്യം കടിച്ച അണലിയെ
പാമ്പുപിടുത്തക്കാരന്‍ സുരേഷ് വീട്ടിലെത്തിയാണ് കൈമാറിയത്. അമ്മയും സഹോദരിയും സാക്ഷിയാണെന്നാണ് സൂരജ് പോലീസിനോട് സമ്മതിച്ചത്.
ഇതോടെ അമ്മയുടെയും സഹോദരിയുടെയും അറിവോടെയാണ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെയും പ്രതി ചേര്‍ക്കുമെന്നാണ് സൂചന.
വീട്ടില്‍ കണ്ടത് ചേരയാണെന്നും അതിനെ താന്‍ കൊണ്ടിട്ടതല്ലെന്നുമായിരുന്നു സൂരജ് ആദ്യം പറഞ്ഞിരുന്നത്. അണലിയെ കൈമാറി സുരേഷ് മടങ്ങിയതിന് പിന്നാലെ ചാക്കില്‍ നിന്ന് പാമ്പ് പുറത്തേക്ക് ചാടി ഇഴഞ്ഞുപോയി. ഏറെ ശ്രമപ്പെട്ട് സൂരജ് തന്നെ പാമ്പിനെ പിടികൂടി ചാക്കിലാക്കി വിറകുപുരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതിനുശേഷമാണ് പാമ്പിനെ സ്റ്റെയര്‍കേസില്‍ കൊണ്ടിട്ടത്. ഉത്രയോട് മുകളിലുള്ള ഫോണ്‍ എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാമ്പിനെ കണ്ട ഉത്ര ഭയന്നു നിലവിളിച്ചു. ഉടന്‍ തന്നെ പാമ്പിനെ സൂരജ് പിടികൂടി പുറത്തേക്കു കൊണ്ടുപോകുകയും ചെയ്തു. ഈ പാമ്പിനെ ഉപയോഗിച്ചുതന്നെയാണ് മാര്‍ച്ച് രണ്ടിന് ഉത്രയെ കടിപ്പിച്ചത്.
അന്ന് ഉത്ര കൊല്ലപ്പെടുമെന്നാണ് സൂരജ് പ്രതീക്ഷിച്ചത്. എന്നാല്‍ ചികിത്സയിലൂടെ ഉത്ര ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇതോടെയാണ് രണ്ടാമത് മൂര്‍ഖന്‍ പാമ്പിനെ സുരേഷില്‍ നിന്ന് സൂരജ് വാങ്ങിയത്. കൊല്ലം-പത്തനംതിട്ട അതിര്‍ത്തിപ്രദേശമായ ഏനാത്തുവെച്ചാണ് മൂര്‍ഖനെ സൂരജ് കൈപ്പറ്റിയത്.
ഇതിന് പിന്നാലെ മെയ് ആറിന് രാത്രി അഞ്ചല്‍ ഏറത്തുള്ള വീട്ടില്‍വെച്ച് സൂരജ് ഉത്രയെ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തി. ഈ സംഭവം വലിയ വാര്‍ത്തയായതോടെ സുരേഷിനെ സമീപിച്ച് പാമ്പിനെ വാങ്ങിയ കാര്യം ആരോടും പറയരുതെന്ന് സൂരജ് ആവശ്യപ്പെട്ടു. ഈ വിവരങ്ങളെല്ലാം സഹോദരിയോട് പറഞ്ഞിരുന്നതായാണ് സൂരജ് ഇപ്പോള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇതോടെ സൂരജിന്റെ സഹോദരിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണസംഘം.
കൂടാതെ, സൂരജിനെ ഒളിവില്‍പ്പോകാന്‍ സഹായിച്ചതും നിയമവിദഗ്ധരുടെ സഹായം ലഭ്യമാക്കിയതും സഹോദരിയാണെന്ന് വ്യക്തമായിട്ടുണ്ട്. സഹോദരിയുടെ ആണ്‍സുഹൃത്തിന്റെ വീട്ടിലാണ് സൂരജ് ആദ്യം ഒളിവില്‍ പോയത്. ഫോണ്‍ രേഖകളില്‍നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇതോടെ സഹോദരിയുടെ സുഹൃത്തിനെയും അവിടേക്ക് കൊണ്ടുപോയ സൂരജിന്റെ സുഹൃത്തുക്കളെയും അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും. മതിയായ തെളിവുകള്‍ ലഭിച്ചാല്‍ സഹോദരി ഉള്‍പ്പടെ കൂടുതല്‍ പേരെ പ്രതികളായി ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
കൊല്ലത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞും. മെയ് 23ന് കോവിഡ് സ്ഥിരീകരിച്ച് പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കല്ലുവാതുക്കല്‍ സ്വദേശിയായ യുവതിയുടെ പെണ്‍കുഞ്ഞിന്റെ സാമ്പിള്‍ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. യുവതി ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണ് കുഞ്ഞ്.
ജില്ലയില്‍ 6 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നിലവില്‍ 35 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്. 23 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
പ്രവാസികളില്‍ കൂടുതലായി കോവിഡ് ബാധിതര്‍ എത്തുന്ന സാഹചര്യത്തില്‍ ജില്ല അതീവജാഗ്രത പുലര്‍ത്തുകയാണ്.
കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിൽ യുഎസിൽ പ്രതിഷേധം കത്തുന്നു. ഇതോടെ പ്രധാന നഗരങ്ങളിലെല്ലാം ശനിയാഴ്ച പോലീസ് കർഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധം അടിച്ചമർത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരവുകളിൽ ഇറങ്ങിയത്.
പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമായ മിനിയാപോളീസ് നഗരത്തിൽ തുടർച്ചയായ അഞ്ചാം രാത്രിയും പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. ഫ്ലോയ്ഡ് അവസാനം പറഞ്ഞ ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്ന വാക്കുകൾ ഉയർത്തിയാണ് പ്ര തിഷേധം.
ലോസ് ഏഞ്ചൽസ്, ചിക്കാഗോ, അറ്റ്ലാന്റ തുടങ്ങി ഇരുപത്തിനാലോളം നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ അമേരിക്ക കാണാത്ത കലാപം നിയന്ത്രിക്കാൻ കൂടുതൽ നഗരങ്ങൾ സൈന്യത്തിന്റെ സഹായം തേടി. കൊലപാതകിയായ പോലീസുകാരനെതിരെ ശക്തമായ വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാർ സിയാറ്റിൽ മുതൽ ന്യൂയോർക്ക് വരെ തെരുവിലിറങ്ങി. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കപ്പെട്ടു. അക്രമികൾ കടകൾ കൊള്ളയടിച്ചതായും റിപ്പോർട്ടുണ്ട്.
മിനിസോട്ട സംസ്ഥാനത്തെ മിനിയാപോളീസ് നഗരത്തിൽ വ്യാജനോട്ട് മാറാൻ ശ്രമിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ഫ്ളോയ്ഡിനെ വെള്ളക്കാരനായ പോലീ സുകാരൻ ഡെറക് ഷോവിൻ കൊലപ്പെടുത്തിത്. കൈയാമം വച്ച നിലയിൽ നിലത്തു കിടക്കുന്ന ഫ്ളോയിഡിന്റെ കഴുത്തിൽ ഷോവിൻ മുട്ടുകുത്തി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
അധ്യാപികയെ വീട്ടമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. നങ്ങ്യാര്‍കുളങ്ങര ടി കെ .എം .എം.കോളേജിന് സമീപം കളത്തില്‍ ബിജു കുമാറിന്റെ ഭാര്യ പ്രേമ ഗോവിന്ദിനെയാണ് (40) പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നങ്ങ്യാര്‍കുളങ്ങര ബഥനി സെന്‍ട്രല്‍ എല്‍പി സ്‌കൂള്‍ അധ്യാപികയാണ് പ്രേമ. ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് കത്തിക്കരിഞ്ഞ നിലയില്‍ പ്രേമയുടെ മൃതദേഹം കണ്ടത്. വീട്ടിലെ അടുക്കളക്ക് സമീപത്തായായിരുന്നു മൃതദേഹം. സമീപം മണ്ണണ്ണ ഒഴിച്ചിരുന്ന കന്നാസ് കണ്ടെത്തിയിട്ടുണ്ട്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. മേല്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.
വെള്ളിയാഴ്ച രാത്രി പ്രേമ അത്താഴം കഴിച്ച് കിടന്നതാണെന്ന് ഭര്‍തൃമാതാവ് സൗദാമിനി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. രാവിലെ പ്രേമയെ വിളിച്ചപ്പോള്‍ കണ്ടില്ല. തുടര്‍ന്ന് കിണറിന് സമീപം യുവതിയുടെ മൃതദേഹം കത്തിക്കരഞ്ഞ നിലയില്‍ കാണുകയായിരുന്നുവെന്നും സൗദാമിനി പറഞ്ഞു.
കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ലോകത്തിന് മറ്റൊരു മുന്നറിയിപ്പുമായി അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഡോ. മൈക്കിള്‍ ഗ്രിഗര്‍ രംഗത്ത്.
ഇനി ലോകത്ത് വരാനിരിക്കുന്നത് കൊറോണയേക്കാള്‍ അപകടകാരിയായ വൈറസാണെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ മുന്നറിയിപ്പ് നല്‍കി.
വലിയ രീതിയില്‍ ഉത്പാദിപ്പിക്കുന്ന കോഴികളില്‍ നിന്നാവും ഈ വൈറസ് എത്തുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. കൊറോണ വൈറസിനേക്കാള്‍ മാരകമായ മഹാമാരിയാവും കോഴിഫാമുകളിലൂടെ പടരുകയെന്നാണ് ഹൌ ടു സര്‍വൈവ് എ പാന്‍ഡമിക് എന്ന പുസ്തകത്തില്‍ ഡോ മൈക്കള്‍ ഗ്രിഗര്‍ അവകാശപ്പെടുന്നത്.
മനുഷ്യര്‍ കൂടുതലായി മാംസാഹാരം ഭക്ഷണമാക്കുന്നതിനാല്‍ വൈറസ് വളരെ വേഗം പിടിപെടും. പിന്നീട് ഇത് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് വ്യാപിക്കുമെന്നും ഗ്രിഗര്‍ പറയുന്നു.
എന്നാല്‍ വൈറസ് ബാധ മൂലം കോഴികളെ കൊന്നൊടുക്കിയതുകൊണ്ട് കാര്യമില്ല. അതുവഴി വൈറസിനെ നശിപ്പിക്കാന്‍ കഴിയില്ല. 20-ാം നൂറ്റാണ്ടില്‍ പക്ഷിപ്പനി പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് മാരകമായ ഒരു വൈറസിന്റെ പരിവര്‍ത്തനത്തിന്റെ സൂചനകളാണ് നല്‍കുന്നത്.
അതിനാല്‍ മനുഷ്യര്‍ സസ്യാഹാരം കൂടുതലായി പിന്തുടരണമെന്നും വലിയൊരു മഹാമാരിക്ക് മുന്നോടിയായുള്ള സൂചന മാത്രമാണ് കൊറോണ വൈറസെന്നും ഗ്രിഗര്‍ ലോകത്തിന് മുന്നറിയിപ്പ് നല്‍കി.
സാമ്പത്തിക മേഖല മെല്ലെ തിരിച്ചുവരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. വലിയ ജനസംഖ്യയാണ് നമ്മുടേത്. എങ്കിലും രോഗവ്യാപനവും മരണവും കുറയ്ക്കാനായി. രാജ്യത്തെ എല്ലാ ജനങ്ങളും കോവിഡ് പോരാട്ടത്തില്‍ പങ്കാളികളായി. നൂതന സങ്കേതങ്ങള്‍ തേടിയാലേ കോവിഡിനെതിരായ പോരാട്ടം ജയിക്കാനാകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാവപ്പെട്ടവരാണ് കോവിഡിന്റെ ദുരിതം ഏറ്റവും നേരിട്ടത്. ഇത് കുറയ്ക്കാന്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമം തുടരുകയാണ്. തൊഴില്‍ മേഖല ഊര്‍ജസ്വലമാക്കാന്‍ വിവിധ തലങ്ങളില്‍ ശ്രമം നടത്തുന്നു. മേയ്ക്് ഇന്‍ ഇന്ത്യ പദ്ധതിയെ എല്ലാവരും പ്രോല്‍സാഹിപ്പിക്കുന്നു. കുടിയേറ്റതൊഴിലാളികള്‍ക്കായി ഓട്ടേറെ പദ്ധതികള്‍ പരിഗണനയിലുണ്ട്‍. മൈഗ്രേഷന്‍ കമ്മിഷനും സ്കില്‍ മാപ്പിങ്ങും അതില്‍ ചിലതെന്നും മോദി പറഞ്ഞു.
അതേസമയം, വെട്ടുകിളി ഭീഷണി വ്യാപിക്കാതിരിക്കാന്‍ എല്ലാ ശ്രമവും നടത്തുന്നതായി പ്രധാനമന്ത്രി. കാര്‍ഷികമേഖലയെ സംരക്ഷിക്കാന്‍ കൂട്ടായശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.
നേരം എന്ന ചിത്രമൊരുക്കി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അൽഫോൻസ് പുത്രൻ. യുവ താരം നിവിൻ പോളി ആയിരുന്നു അതിലെ നായക വേഷം ചെയ്തത്. അതിനു ശേഷം അൽഫോൻസ് പുത്രൻ ഒരുക്കിയ ചിത്രം പ്രേമം ആയിരുന്നു. നിവിൻ പോളി തന്നെ നായക വേഷം ചെയ്ത ആ ചിത്രം ബ്ലോക്ക്ബസ്റ്റർ ചിത്രമായി മാറി. തെന്നിന്ത്യ മുഴുവൻ തരംഗമായി മാറിയ ആ ചിത്രം തമിഴ്‌നാട്ടിൽ 250 ദിവസത്തിലധികം പ്രദർശിപ്പിച്ചു പുതിയ റെക്കോർഡ് സൃഷ്ടിച്ചു.
245 ദിവസത്തോളം മദ്രാസ് സഫയർ തീയേറ്ററിൽ പ്രദർശിപ്പിച്ച മമ്മൂട്ടിയുടെ ഒരു സി ബി ഐ ഡയറികുറിപ്പിന്റെ റെക്കോർഡ് ആണ് പ്രേമം തകർത്തത്. അതുപോലെ ഇപ്പോൾ മലയാളത്തിലെ ഏറ്റവും വലിയ അഞ്ചു ഹിറ്റുകളിൽ പുലി മുരുകൻ, ലൂസിഫർ, കായംകുളം കൊച്ചുണ്ണി, ദൃശ്യം എന്നിവക്ക് പുറകിൽ സ്ഥാനമുള്ള ചിത്രവുമാണ് പ്രേമം. പ്രശസ്ത സംവിധായകനായ അൻവർ റഷീദ് നിർമ്മിച്ച ഈ ചിത്രം റിലീസ് ചെയ്തു അഞ്ചു വർഷം തികയുമ്പോൾ അൽഫോൻസ് പുത്രൻ പറയുന്നത് ഇതിൽ ആദ്യം നായകനായി തീരുമാനിച്ചത് നിവിൻ പോളിയെ അല്ല എന്നാണ്.
താനും ഇതിന്റെ നിർമ്മാതാവായ അൻവർ റഷീദും ഇതിലെ കേന്ദ്ര കഥാപാത്രമായി മനസ്സിൽ കണ്ടത് യുവ താരം ദുൽഖർ സൽമാനെ ആണെന്നും എന്നാൽ നിവിൻ പോളിയോടുള്ള വ്യക്തിപരമായ അടുപ്പം വെച്ചാണ് പിന്നീട് ആ ചിത്രം നിവിനെ വെച്ച് ചെയ്തത് എന്നാണ് അൽഫോൻസ് പുത്രൻ പറയുന്നത്. പ്രേമത്തിന്റെ അഞ്ചാം വാർഷികം പ്രമാണിച്ചു ഫിലിം കംപാനിയന് വേണ്ടി അൽഫോൻസ് പുത്രനുമായി ഭരദ്വാജ് രംഗൻ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. അതോടൊപ്പം താനിപ്പോൾ തന്റെ പുതിയ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അൽഫോൻസ് പുത്രൻ കൂട്ടിച്ചേർത്തു.
അവസാന ആഗ്രഹവും ബാക്കി വച്ചു പ്രവാസി മലയാളി കൊവിഡിന് കീഴടങ്ങി.
വീഡിയോ കോളില്‍ ഭാര്യയുമായി സംസാരിക്കണമെന്നും കുഞ്ഞിനെ കാണണമെന്ന മോഹവും ബാക്കിയാക്കി പി സി സനീഷ് യാത്രയായി. ഷുമൈസി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ മാമ്പ ചന്ദ്രോത്ത് കുന്നുമ്പുറം പി സി സനീഷ് (37) ആണ് മരിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി നഴ്‌സിനോട് വീഡിയോ കോള്‍ ചെയ്യാന്‍ സഹായം ആവശ്യപ്പെട്ടിരുന്നു. ഡ്യൂട്ടി കഴിയുന്നതിന് മുമ്പ് ഫോണുമായി നഴ്‌സ് സനീഷിന്റെ അടുത്ത് എത്തി. അപ്പോഴേക്കും സനീഷിനെ മരണം കീഴടക്കിയിരുന്നു. മുഹമ്മദ് അല്‍ റാഷിദ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
രക്തം കട്ടിയാകുന്നതിനു സഹായിക്കുന്ന രക്താണു (പ്ലേറ്റ്‌ലറ്റ്) കുറയുന്ന അസുഖത്തിന് മൂന്നുമാസമായി ചികിത്സയിലായിരുന്നു. മജ്ജ മാറ്റണമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നു. ഇതിനിടെ സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും സനീഷിന് രക്തം ദാനം നല്‍കിയിരുന്നു. ഇതിനിടെ രണ്ടാഴ്ച മുമ്പ് കൊവിഡ് ബാധ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ഷുമൈസി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുജിഷയാണ് ഭാര്യ. മൂന്നുവയസുളള വിഹാന്‍ വ്യാസ് മകനാണ്. പിതാവ്: രാജന്‍, മാതാവ്: സരോജിനി, ജമ്മുവില്‍ സൈനിക സേവനം ചെയ്യുന്ന സജീഷ് സഹോദരനാണ്. പിതൃസഹോദരന്റെ മകന്‍ രമേശന്‍ റിയാദിലുണ്ട്. അതേ സമയം ഇതോടെ സഊദിയിൽ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 26 ആയി.ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 138 ആയി ഉയർന്നു. ഇവരിൽ എൺപതിലേറെ പേരും യു.എ.ഇയിലാണ് മരിച്ചത്.
ഏപ്രിൽ ഒന്നിന് യു.എ.ഇയിലാണ് കൊവിഡ് ബാധിച്ചുള്ള ആദ്യ മലയാളി മരണം. തൃശൂർ മൂന്നുപീടിക സ്വദേശി പരീതാണ് അന്ന് മരിച്ചത്. തുടർന്ന് രണ്ട് മാസം തികയാൻ മൂന്ന് ദിവസം കൂടി ബാക്കി നിൽക്കെ, ഗൾഫിൽ കോവിഡ് മൂലമുള്ള മലയാളി മരണം 138 ൽ എത്തി നിൽക്കുകയാണ്. 85 ഓളം മലയാളികള്‍ മരിച്ചത് യു.എ.ഇയിലാണ്. സഊദിയിലും കുവൈത്തിലുമായി 47 മരണങ്ങൾ. ഒമാനിൽ രണ്ടും ഖത്തറിൽ ഒന്നുമാണ് മലയാളി മരണ സംഖ്യ. ബഹ്റൈൻ മാത്രമാണ് ഗൾഫിൽ കൊവിഡ് മൂലം മലയാളി മരിക്കാത്ത രാജ്യം.
തക്ക സമയത്ത് മെച്ചപ്പെട്ട ചികിൽസയും പരിചരണവും ലഭ്യമാക്കുന്നതിൽ സംഭവിക്കുന്ന അപാകത ഉൾപ്പെടെ പലതും മരണ കാരണമായി വിലയിരുത്തപ്പെടുന്നു. മരിച്ചവരിൽ രണ്ട് നഴ്സുമാരും ഒരു ഡോക്ടറും ഉൾപ്പെടും. ഭൂരിഭാഗം കുടുംബങ്ങളുടെയും ഏക അവലംബം കൂടിയാണ് നഷ്ടമായത്. എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഭാഗത്തു നിന്ന് യാതൊരു ഇടപെടലും ഇനിയും ഉണ്ടായിട്ടില്ല
അമ്മയെ മകൻ വെട്ടിക്കൊന്നു. തൃക്കൊടിത്താനം അമര കന്യാക്കോണിൽ (വാക്കയിൽ) കുഞ്ഞന്നാമ്മ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ നിതിൻ ബാബുവിനെ (27) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി പത്തരയോടെ ഇവരുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.
കൊലയ്ക്കു ശേഷം അയൽക്കാരനെ നിതിൻ ഫോണിൽ വിളിച്ചു പറഞ്ഞു. വീടിനു മുന്നിലുള്ള ഗ്രിൽ പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി ഗ്രിൽ പൊളിച്ച് വീടിനുള്ളിൽ കടന്നപ്പോൾ കിടപ്പുമുറിയിൽ കുഞ്ഞന്നാമ്മയെ കഴുത്തറത്ത നിലയിൽ കണ്ടെത്തി. കറിക്കരിയുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
നിതിൻ നിരന്തരം വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. കുറ്റം സമ്മതിച്ച നിതിനെ തൃക്കൊടിത്താനം സിഐ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കസ്റ്റഡിയിൽ എടുത്തത്
രാജ്യത്ത് വെട്ടുകിളി ശല്യം രൂക്ഷമാവുകയാണ്. ഇതിനിടെ വെട്ടുകിളിയെ എങ്ങനെ ഒഴിവാക്കുമെന്ന് ഭരണകൂടം തലപുകഞ്ഞ് ആലോചിക്കുന്നതിനിടെയാണ് താര്‍ ഗ്രാമത്തിലെ അന്തേവാസികള്‍ വ്യത്യസ്തമായ ഒരു ഐഡിയ പരീക്ഷിച്ചത്.
വെട്ടുകിളി കാരണം പൊറുതിമുട്ടിയ ഇവര്‍ അതിനെ പിടിച്ച് ബിരിയാണിയും കറികളുമൊക്കെ ഉണ്ടാക്കി കഴിക്കുകയാണ്. ഗ്രാമത്തിലെ ചില റെസ്റ്റോറന്റുകള്‍ വെട്ടുകിളി ബിരിയാണിയും കറികളും ഉണ്ടാക്കി വില്പനയും തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എങ്ങനെയാണ് വെട്ടുകിളിയെ പാചകം ചെയ്യേണ്ടതെന്ന് ഒരു റെസ്റ്റോറന്റ് ഉടമ വിവരിക്കുകയും ചെയ്തു. ഈ റെസിപ്പിക്കായി സമൂഹമാധ്യമങ്ങളില്‍ പരക്കം പാച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതേ സമയം, ഇന്ത്യയിലെ വെട്ടുകിളി ശല്യത്തെ തടുക്കാന്‍ ഡ്രോണുകളെ ഉപയോഗിക്കാന്‍ തീരുമാനമായിരുന്നു.
കൃഷിയ്ക്ക് കനത്ത നാശമുണ്ടാകുന്ന വെട്ടുകിളികളുടെ വ്യാപനം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം ശക്തമാക്കിയതായി കേന്ദ്രം അറിയിച്ചു. വെട്ടുകിളികള്‍ക്ക് എതിരെയുള്ള കീടനാശിനി ഡ്രോണുകള്‍ ഉപയോഗിച്ച് തെളിക്കും.
അതേസമയം, നമ്മുടെ അയല്‍ രാജ്യമായ പാകിസ്താനിലും വെട്ടുകിളി ശല്യം രൂക്ഷമായി തുടരുകയാണ്. അവിടെ അടിയന്തിരാവസ്ഥ വരെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനു ശേഷമാണ് ഇന്ത്യയില്‍ ശല്യം തുടങ്ങിയത്.