കേവലം ഒമ്പത് ദിവസങ്ങൾ കൊണ്ടാണ് ഇന്ത്യയിലെ കോവിഡ്-19 ബാധിതരുടെ എണ്ണം 100ൽ നിന്ന് 500 ആയി ഉയർന്നത്. മാർച്ച് 15 ന് രോഗബാധിതരുടെ എണ്ണം 110 ആയിരുന്നെങ്കിൽ ചൊവ്വാഴ്ച അത് 519 ആയി ഉയർന്നു. അതിൽ ഡൽഹിയിൽ 39 പേർ രോഗമുക്തരായി. മരണ സംഖ്യ 10 ആയി. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഡൽഹിയിൽ ഒരു മരണം സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല.
ജനുവരി 30 ന് കേരളത്തിലെ ആദ്യത്തെ കേസും മാർച്ച് 15 ന് റിപ്പോർട്ട് ചെയ്ത നൂറാമത്തെ കേസും. അതിനിടയിലുള്ള 45 ദിവസങ്ങളെ താരതമ്യപ്പെടുത്തുക. ഇത് ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ലോക്ക്ഡൗണ്‍ ഉറപ്പുവരുത്തുകയും ചെയ്യുന്ന കാര്യങ്ങളിലുള്ള വ്യഗ്രതയെ കുറിച്ച് വ്യക്തമായ ചിത്രം തരും. കഴിഞ്ഞ രണ്ടുമാസമായി യാത്രാ നിയന്ത്രണങ്ങളിൽ നിന്നും ഹോം ക്വാറന്‌റൈന്‍ സംവിധാനങ്ങളില്‍ നിന്നും ആരോഗ്യമേഖലയിലെ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിലേക്ക് രാജ്യത്തിന്‌റെ ശ്രദ്ധ മാറിയിട്ടുണ്ട്.
ഗുജറാത്ത്, അസം, ജാർഖണ്ഡ്, ഗോവ, മധ്യപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ കോവിഡ് ചികിത്സയ്ക്ക് വേണ്ടി മാത്രമുള്ള ആശുപത്രികൾ ആരംഭിക്കുന്നു. വെന്റിലേറ്ററുകളും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും വാങ്ങുന്നത് വേഗത്തിലാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
എയിംസിന്റെ വെന്റിലേറ്റർ പ്രോട്ടോടൈപ്പ് പരിഗണനയിലാണ്, അവ നിർമ്മിക്കുന്നതിനായി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുമായി ചർച്ച നടത്തുന്നു.
കോവിഡ്-19 ഉയർത്തുന്ന വെല്ലുവിളിയെ നേരിടാൻ ആശുപത്രികൾ, ക്ലിനിക്കൽ ലാബുകൾ, ഇൻസുലേഷൻ വാർഡുകൾ തുടങ്ങി നിലവിലുള്ള സൗകര്യങ്ങൾ വിപുലീകരിക്കുകയും, നവീകരിക്കുകയും തുടങ്ങിയ അധിക മെഡിക്കൽ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനായുള്ള ധനവിഭവങ്ങൾ നൽകാൻ കേന്ദ്രസർക്കാർ എല്ലാ സംസ്ഥാന സർക്കാരുകളോടും ആവശ്യപ്പെട്ടു. രോഗികൾക്ക് ചികിത്സ നൽകാൻ വെന്റിലേറ്ററുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, മാസ്കുകൾ, മരുന്നുകൾ എന്നിവ ഈ സൗകര്യങ്ങളിൽ നന്നായി സജ്ജീകരിക്കേണ്ടതുണ്ടെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
കോവിഡ് രോഗികൾക്കായി ആശുപത്രികൾ നീക്കിവയ്ക്കണമെന്നും കൃത്യമായ നിരീക്ഷണവും കോൺടാക്റ്റ് ട്രേസിംഗും ഉറപ്പാക്കണമെന്നും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു. ഇവയുടെ വിശദാംശങ്ങൾ ആരോഗ്യ ഓൺലൈൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.
അവശ്യ സേവനങ്ങളും വിതരണങ്ങളും ലഭ്യമാണെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവയും മരുന്നുകൾ, വാക്സിനുകൾ, സാനിറ്റൈസറുകൾ, മാസ്കുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു.
രാജ്യം കൊറോണ വ്യാപനത്തെ തുടര്‍ന്ന് വലിയ പ്രതിസന്ധിയില്‍ എത്തി നില്‍ക്കെ സഹായ വാഗ്ദാനം അറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. രോഗ വ്യാപനത്തെ തുടര്‍ന്ന് നിശ്ചലമായ നഗരങ്ങളിലൊന്നായ കൊല്‍ക്കത്തയെ സഹായിക്കാന്‍ വിഖ്യാത ക്രിക്കറ്റ് ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍ ആശുപത്രിയാക്കി മാറ്റാന്‍ തയാറെന്നാണ് ഗാംഗുലി അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തിലെ ഇന്‍ഡോര്‍ സൗകര്യങ്ങള്‍ വിട്ടുനല്‍കുമെന്നാണ് ഗാംഗുലി അറിയിച്ചത്.
ഗ്രൗണ്ടിലെ ഇന്‍ഡോര്‍ സൗകര്യങ്ങളും, കളിക്കാരുടെ ഡോര്‍മെറ്ററിയും താത്കാലിക ആശുപത്രി ഉണ്ടാക്കാനായി നല്‍കും. എന്താണോ ഈ സമയം ആവശ്യപ്പെടുന്നത് അതെല്ലാം ചെയ്യുമെന്ന് ഗാംഗുലി പറഞ്ഞു. ഈഡന്‍ ഗാര്‍ഡന്‍ ആശുപത്രിയാക്കാന്‍ നല്‍കുമെന്ന ഗാംഗുലിയുടെ വാക്കുകള്‍ക്ക് വലിയ കയ്യടിയാണ് സമൂഹമാധ്യമങ്ങളിലും മറ്റും ലഭിക്കുന്നത്. രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ഗാംഗുലി പിന്തുണക്കുകയും ചെയ്തു. കോവിഡ് 19 വ്യാപിക്കുന്നത് തടയാനുള്ള ഏറ്റവും നല്ല പോംവഴിയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് എന്ന് ഗാംഗുലി പറഞ്ഞു. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞു കിടക്കുന്ന കൊല്‍ക്കത്ത നഗരത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും ഗാംഗുലി എത്തിയിരുന്നു. എന്റെ നഗരത്തെ ഇങ്ങനെ കാണാന്‍ കഴിയുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് ഗാംഗുലി പറയുന്നു.
അതേസമയം നേരത്തെ കോവിഡ് 19 പടരുന്ന സാഹചര്യത്തിലും ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവെക്കാന്‍ ആദ്യം ഗാംഗുലിയുടെ നേതൃത്വത്തിലെ ബിസിസിഐ തയ്യാറായിരുന്നില്ല. ഇത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ കോവിഡ് രാജ്യത്ത് ശക്തി പ്രാപിച്ചതോടെ ഐപിഎല്‍ മാറ്റിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ഏപ്രില്‍ 15ന് ശേഷം ഐപിഎല്‍ സാധ്യമാകുമോ എന്നാണ് ബിസിസിഐ പരിശോധിച്ചത്.
കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അനാവശ്യ യാത്രകൾ തടയാന്‍ കേരള പോലീസ് ഒരുക്കിയ സംവിധാനങ്ങളിൽ ഒന്നാണ് സത്യവാങ്മൂലം. അത്യാവശ്യ യാത്രകൾ ചെയ്യേണ്ടവർ കാര്യ കാരണ സഹിതം പോലീസിന് നൽകേണ്ടതാണ് സത്യവാങ് മൂലം.
ഇന്നലെ പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്ര നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി പ്രത്യേക മാതൃതയും പോലീസ് പുറത്തിറക്കിയിരുന്നു. സഞ്ചരിക്കുന്ന വാഹനത്തിന്റെ വിവിരങ്ങൾ, യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ, യാത്രയുടെ ലക്ഷ്യം, എടുക്കുന്ന സമയം, മടങ്ങിവരുന്ന സമയം എന്നിവ വ്യക്തമാക്കാൻ ആവശ്യപ്പെടുന്നതാണ് ഫോം.

ഇതിന്റെ മാതൃത ഇന്നലെ തന്നെ പോലീസ് പുറത്ത് വിട്ടിരുന്നു. ഇന്നത്തെ ദിനപത്രങ്ങളിലും ഇവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സത്യവാങ്മൂലത്തിന്റ മാതൃത നിലവലിൽ പ്രിന്റ് എടുക്കാൻ സാധിക്കാത്തവർക്ക് ഉപയോഗപ്രഥമാവുന്ന തരത്തിലാണ് പത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
മുൻ കേന്ദ്രമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ജോതിരാദിത്യ സിന്ധ്യയ്ക്കെതിരായ വ്യാജരേഖാ പരാതികളിന്മേലുള്ള അന്വേഷണം മധ്യപ്രദേശ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇഒഡബ്ല്യു) അവസാനിപ്പിച്ചു. ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് സിന്ധ്യയ്‌ക്കെതിരായ അന്വേഷണം അവസാനിപ്പിച്ചത്. സംസ്ഥാനത്തുനിന്നുള്ള ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥിയാണ് ജോതിരാദിത്യ സിന്ധ്യ. കഴിഞ്ഞ ശനിയാഴ്ചയാണ് സിന്ധ്യയും അനുയായികളായ 22 വിമത എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
സിന്ധ്യയ്‌ക്കെതിരായ പരാതികളിലെ അന്വേഷണം ഏതാനും ദിവസം മുൻപ് അവസാനിപ്പിച്ചതായി ഇഒഡബ്ല്യു ഉന്നതോദ്യോഗസ്ഥർ അറിയിച്ചു. ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് സിന്ധ്യയും കുടുംബാംഗങ്ങളും വ്യാജരേഖ ചമച്ചെന്ന പരാതിയിലാണ് ഇഒഡബ്ല്യുവിന്റെ നടപടി. പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അവസാനിപ്പിച്ചതെന്ന് ഏജൻസി പ്രതികരിച്ചു.
സിന്ധ്യയുടെ നേതൃത്വത്തിലുള്ള എംഎൽഎമാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് സംസ്ഥാനത്ത് അധികാരമാറ്റത്തിന് കാരണമായിരുന്നു. എംഎൽഎമാർ പോയതോടെ കോൺഗ്രസ് സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുകയും മുഖ്യമന്ത്രി കമൽനാഥ് രാജി സമർപ്പിക്കുകയുമായിരുന്നു. തുടർന്ന് ശിവരാജ് സിങ് ചൌഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സ്ഥാനമേറ്റ് വിശ്വാസവോട്ട് നേടുകയും ചെയ്തു.
കമൽനാഥ് സർക്കാരിൽ പ്രതിസന്ധി തുടങ്ങിയതിന് പിറകെ ഗ്വാളിയോർ സ്വദേശിയായ സുരേന്ദ്ര ശ്രീവാസ്തവയാണ് സിന്ധ്യക്കെതിരേ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ പരാതി നൽകിയത്. 2014ലും താൻ ഇതേ പരാതി നൽകിയിരുന്നെന്നും എന്നാൽ നാലു വർഷത്തിനുശേഷം ഒരു കാരണവും വ്യക്തമാക്കാതെ അന്വേഷണ ഏജൻസി കേസ് അവസാനിപ്പിച്ചുവെന്നും ശ്രീവാസ്തവ പറയുന്നു. ഇക്കാര്യത്തിൽ വിവരാവകാശ അപേക്ഷ നൽകിയപ്പോൾ വിവരങ്ങൾ പങ്കുവയ്ക്കാനാവില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് 2014ലും സംസ്ഥാനം ഭരിച്ചിരുന്നത്.
ശ്രീവാസ്തവയുടെ പുതിയ പരാതി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സ്വീകരിച്ചെങ്കിലും തെളിവുകൾ പരിശോധിക്കാനുണ്ടെന്ന് പറഞ്ഞ് കേസ് രജിസ്ട്രർ ചെയ്തിരുന്നില്ല. തെളിവുകളില്ലെന്ന് കണ്ട് ഒഴിവാക്കിയ കേസ് രാഷ്ട്രീയ പകപോക്കലിനു വേണ്ടി കോൺഗ്രസ് സർക്കാർ കുത്തിപ്പൊക്കുകയാണെന്നാണ് പരാതിയെക്കുറിച്ച് സിന്ധ്യ അനുകൂലികൾ പ്രതികരിച്ചത്. എന്നാൽ എല്ലാ രേഖകളുമായി താൻ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ ശ്രീവാസ്തവ പ്രതികരിച്ചു. മുൻ അന്വേഷണങ്ങൾ സിന്ധ്യ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അവസാനിപ്പിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.
ലോകത്താകമാനം പടർന്ന് പിടിച്ച കൊറോണ വൈറസ് മൂലം ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 6820 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 743 മരണമാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്. ഇറാനിലും മരണസംഖ്യ 2000ത്തിനോട് അടുക്കുകയാണ്. ലോകത്ത് ആകെ ഇതുവരെ 422613 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 18891 പേർ മരണപ്പെടുകയും ചെയ്തു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മരണസംഖ്യ താഴ്ന്നത് ഇറ്റലിയിൽ പ്രതീക്ഷ നൽകിയിരുന്നെങ്കിലും ചൊവ്വാഴ്ച വീണ്ടും മരണനിരക്ക് കുതിക്കുകയായിരുന്നു. യഥാക്രമം 651ഉം 601ഉം ആയിരുന്നു ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം. എന്നാൽ ചൊവ്വാഴ്ച ഇത് 743 ആയി വർധിച്ചത് ആരോഗ്യ പ്രവർത്തകരിൽ വീണ്ടും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഒരു ദിവസം ഏറ്റവും കൂടുതൽ ആളുകൾ മരിച്ച രണ്ടാമത്തെ ദിവസമായിരുന്നു ഇന്നലെ.
അതേസമയം അമേരിക്കയിലും മരണസംഖ്യ ഉയരുന്നു. ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമാണ് അമേരിക്ക. ഈ സാഹചര്യത്തിൽ രാജ്യത്തിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി. കൊറോണ വൈറസിന്റെ അടുത്ത ആഘാത മേഖലയായി യുഎസ് മാറിയേക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അരലക്ഷം കഴിഞ്ഞു. 54,808 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 775 പേർ അമേരിക്കയിൽ കൊറോണ വൈറസ് മൂലം മരിച്ചു. ഇന്നലെ മാത്രം 163 മരിച്ചതായാണ് കണക്കുകൾ പറയുന്നത്.
ഇന്ത്യയിലും ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ കൊറോണ വൈറസ് മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 11 ആയി. തമിഴ് നാട്ടിലാണ് ഏറ്റവും ഒടുവിൽ ഒരാൾ മരിച്ചത്. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 500 കടന്നിട്ടുണ്ട്. കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിന സമ്പൂർണ ലോക്ക്ഡൗണ്‍ അർധരാത്രി മുതൽ നിലവിൽ വന്നു. എല്ലാ സംസ്ഥാനങ്ങൾക്കും ഇത് ബാധകമാണ്.
ഏഴ് മാസത്തെ തടങ്കലിൽ നിന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ ഒമർ അബ്ദുല്ല ചൊവ്വാഴ്ചയാണ് മോചിതനായത്. അദ്ദേഹം പുറത്തിറങ്ങിയതിന് പുറകെ രാത്രി എട്ട് മണിക്ക് കോവിഡ് പ്രതിരോധ മാർഗങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. 21 ദിവസം വീടിനുള്ള അടച്ചു പൂട്ടിയിരിക്കുന്നതിനെ കുറിച്ച് ജനങ്ങൾ ഏറെ പരിഭ്രാന്തരാണ്. ഈ അവസരത്തിലാണ് ഒമർ അബ്ദുല്ലയുടെ പുതിയ ട്വീറ്റ്. അൽപ്പം നർമം കലർത്തിയാണ് അദ്ദേഹം കാര്യം അവതരിപ്പിച്ചിരിക്കുന്നത്.
“ക്വാറന്റൈൻ ദിനങ്ങളും ലോക്ക്ഡൗണുമെല്ലാം എങ്ങനെ അതിജീവിക്കാം എന്നതിൽ ആർക്കെങ്കിലും ടിപ്പോ ഉപദേശമോ വേണമെങ്കിൽ ചോദിക്കണം. എനിക്ക് മാസങ്ങളുടെ അനുഭവമുണ്ട്. അതേക്കുറിച്ച് ഒരു ബ്ലോഗ് തന്നെ എഴുതുന്നതായിരിക്കും,” എന്ന് ഒമർ ട്വിറ്ററിൽ കുറിച്ചു.
ഒമറിന്റെ നർമബോധത്തിന് കോട്ടം തട്ടിയിട്ടില്ല എന്നതിൽ സന്തോഷിക്കുന്നു എന്നാണ് ഇതിന് മറുപടിയായി ശശി തരൂരിന്റെ കമന്റ്.
ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഒമര്‍ അബ്‌ദുല്ല തടവില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തിനെതിരായ പൊതു സുരക്ഷാ നിയമം (പിഎസ്എ) ഉത്തരവ് ജമ്മു കശ്മീർ ഭരണകൂടം ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു.
നേരത്തെ ഏഴ് മാസത്തെ വീട്ടുതടങ്കലിന് ശേഷം മാര്‍ച്ച് 13 ന് ഒമറിന്റെ പിതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന ഫാറുഖ് അബ്‌ദുല്ലയെ ജമ്മു കശ്മീര്‍ ഭരണകൂടം മോചിപ്പിച്ചിരുന്നു. മറ്റൊരു മുന്‍ മുഖ്യന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്.
കോവിഡ് വ്യപനത്തിനെതിരായ നയങ്ങളില്‍ വെള്ളം ചേര്‍ത്ത് യുഎസ് പ്രസിഡന്‍റ്. ഈസ്റ്ററോടു കൂടി വിലക്കുകള്‍ നീങ്ങണമെന്നാണ് തന്‍റ താല്‍പര്യമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. റോഡപകടങ്ങളോ പനി മരണങ്ങളോ ഒഴിവാക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കാറില്ലെന്ന് സ്വകാര്യചാനല്‍ പരിപാടിയില്‍ പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. പ്രസിഡന്‍റിന്‍റെ നിലപാടിനെതിരെ വിദഗ്ധര്‍ രംഗത്തെത്തി. അതേസമയം, കോവിഡ് വ്യാപനത്തിന്‍റെ അടുത്ത കേന്ദ്രം അമേരിക്കയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അതിനിടെ, ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18,810 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 56 രാജ്യങ്ങളിലായി 2296 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ 743 മരണവും ഇറ്റലിയിലാണ്. ഇതോടെ രാജ്യത്തെ ആകെ മരണം 6820 ആയി. സാമൂഹ്യവ്യാപനം ശക്തമായ സ്പെയിനിലും അമേരിക്കയിലും ഇറാനിലും ഫ്രാന്‍സിലും പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുപത്തിനാല് മണിക്കൂറിനിടെ അമേരിക്കയില്‍ 132 ഉം, സ്പെയിനില്‍ 497 ഉം രോഗികള്‍ മരിച്ചു. ലോകത്ത് ആകെ രോഗികളുടെ എണ്ണം 4,21,413 ആയി.
നൈജീരിയൻ സ്ട്രൈക്കർ ഇഫനോഫ് ജോർജ് കാറ് അപകടത്തിൽ കൊല്ലപ്പെട്ടു. നൈജീരിയൻ പ്രൊഫഷണൽ ഫുട്ബോൾ ലീഗ് കൊറോണ കാരണം നിർത്തിയതിനാൽ കളിക്കാർക്ക് വീട്ടിലേക്ക് മടങ്ങാൻ ക്ലബുകൾ നിർദ്ദേശം നൽകിയിരുന്നു. വീട്ടിലേക്കുള്ള മടക്കയാത്രയിൽ ആണ് ജോർജ്ജ് അപകടത്തിൽ പെട്ടത്. 26 വയസ്സായിരുന്നു .
നൈജീരിയൻ ക്ലബായ എനുഗു റേഞ്ചേഴ്സിന്റെ സ്ട്രൈക്കറാണ് ഇഫെനയ് ജോർജ്ജ്. താരത്തിന് നടുവേദന ഉള്ളതിനാൽ ഡ്രൈവ് ചെയ്യരുത് എന്ന് ക്ലബ് പ്രത്യേകം നിർദ്ദേശം നൽകിയതായിരുന്നു. ഇത് അവഗണിച്ചതും അപകടത്തിന് കാരണമായി. കഴിഞ്ഞ സി എ എഫ് കോൺഫെഡറേഷൻ കപ്പിൽ എനുഗു റേഞ്ചേഴ്സിനു വേണ്ടി എട്ടു മത്സരങ്ങളിൽ നിന്ന് നാലു ഗോളുകൾ നേടാൻ ജോർജ്ജിനായിരുന്നു. നൈജീരിയൻ ഫുട്ബോൾ ലോകത്ത് വലിയ ഞെട്ടൽ ഈ അപകട വാർത്ത ഉണ്ടാക്കിയിട്ടുണ്ട്.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകള്‍ ഇന്നുമുതല്‍ തുറക്കില്ല.വില്‍പനശാലകള്‍ തുറക്കേണ്ടതില്ല എന്ന് മാനേജര്‍മാര്‍ക്ക് അറിയിപ്പ് ലഭിച്ചു. എന്നുവരെ അടച്ചിടും എന്നത് മന്ത്രിസഭ തീരുമാനിക്കും.
അതേസമയം, സംസ്ഥാനത്ത് എല്ലായിടത്തും പൊലീസിന്റെ കര്‍ശനപരിശോധന. അനാവശ്യമായി പുറത്തിറങ്ങിയവര്‍ തിരിച്ചുപോയില്ലെങ്കില്‍ കേസെടുക്കും. കാസര്‍കോട്ട് പ്രധാന നിരത്തുകളില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു.
സ്വകാര്യവാഹനങ്ങളില്‍ ഒട്ടേറെ യാത്രക്കാര്‍ റോഡിലിറങ്ങി എന്നതായിരുന്നു ഇന്നലെ കേരളം നേരിട്ട പ്രധാന പ്രതിസന്ധി. സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ സ്വകാര്യവാഹനങ്ങളിലെ യാത്ര അനുവദിക്കുന്നില്ല.
അതിനാല്‍ ഇന്ന് അനാവശ്യയാത്രകള്‍ പൂര്‍ണമായും തടഞ്ഞേക്കും. ഇതിനായി രാവിലെ മുതല്‍ റോഡില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളടക്കം അവശ്യവിഭാഗങ്ങളില്‍ പെടുന്ന വ്യാപാരസ്ഥാപനങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടുന്നതിനെയും ഇന്ന് കര്‍ശനമായി നേരിട്ടേക്കും.
ആരോഗ്യ വകുപ്പിന്റെ പേരില്‍ കൊറോണ വൈറസ് സംബന്ധിച്ച് വ്യാജ വാട്ട്‌സപ്പ് സന്ദേശം പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മുഴപ്പിലങ്ങാട് സ്വദേശി ബീച്ച്‌റോഡ് അലിനാസിലെ ഷാന ഷരീഫാ(20)ണ് അറസ്റ്റിലായത്.എടക്കാട് എസ്‌ഐ ഷീജുവും സംഘവുമാണ് ഇയാളെ പിടികൂടിയത്.
ഹെലികോപ്റ്ററില്‍ മീഥൈല്‍ വാക്‌സിന്‍ എന്ന വിഷ പദാര്‍ഥം തെളിക്കുന്നുവെന്ന വ്യാജ ശബ്ദ സന്ദേശം വാട്ട്‌സപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു ഇയാള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കുടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. എടക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
വ്യാജ സന്ദേശം പ്രചരിപ്പിക്കാന്‍ കൂട്ടുനിന്ന വാട്ട്‌സപ്പ് ഗ്രൂപ്പ് അഡ്മിനിനെയും പൊലീസ് തെരയുന്നുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിച്ച എല്ലാ ഗ്രൂപ്പുകളെയും വ്യക്തികളെയും കുറിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷിച്ച് വരികയാണ്.