Latest News

എടത്വാ: ആലപ്പുഴ ഡവലപ്മെൻ്റ് റസ്പോൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ എടത്വാ ,തായംങ്കരി പ്രദേശങ്ങളിൽ അണു നശികരണ പ്രവർത്തനം നടത്തി.

എടത്വാ ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ എസ്.ഐ: സിസിൽ ക്രിസ്റ്റിൻ രാജ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് ആനി ഈപ്പൻ, അംഗങ്ങളായ തങ്കച്ചൻ ആശാം പറമ്പിൽ,
ശ്യാമള രാജൻ, ടി.ടി. ജോസഫ്,ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര, ഹരീന്ദ്രനാഥ് തായംങ്കരി, സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, എ.ജെ. കുഞ്ഞുമോൻ, സാനിച്ചൻ ആൻ്റണി ,ജീമോൻ ജോസഫ്‌, വിജയകുമാർ തായംങ്കരി , വിൽസൺ പൊയ്യാലുമാലിൽ, സുരേഷ് പരുത്തിക്കൽ എന്നിവർ സംബന്ധിച്ചു.

എടത്വാ പോലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, ആശുപത്രി ,മാവേലി സ്റ്റോർ ,റേഷൻ കടകൾ, ആയുർവേദ ആശുപത്രി, കൃഷി ഭവൻ, എ ടി എം മെഷിനുകൾ ,ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിൽ അണു നശീകരണം നടത്തി.

ചീഫ് കോർഡിനേറ്റർ പ്രേം സായി ഹരിദാസ്, കോർഡിനേറ്റർ ലിജു നിസാർ ,ജീജ ,ബിന്ദു ഹരിദാസ്, രതീഷ് ,വിജേഷ്, കൊച്ചുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള മുപ്പത്തി അഞ്ച് അംഗ സംഘമാണ് വിവിധ ഇടങ്ങളിലെ അണു നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്.

ഇടുക്കിയുടെ പ്രഥമ മെത്രാനും കുടിയേറ്റ കർഷകരുടെ പ്രിയങ്കരനുമായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിലിൻെറ നിര്യാണത്തെ തുടർന്ന് ഫാദർ ജോസഫ് പൗവത്തിൽ എഴുതിയ ഹൃദയസ്പർശിയായ അനുഭവക്കുറിപ്പ് വളരെയധികം ശ്രദ്ധേയമാണ്. മരണശേഷവും പിതാവിനെ അധിക്ഷേപിച്ചവർക്കുള്ള രൂക്ഷ വിമർശനങ്ങളാണ് ഫാദറിൻെറ ഫെയ്സ്ബുക്ക് കുറിപ്പിലുള്ളത്.

ഫാദർ ജോസഫ് പൗവ്വത്തിലിൻെറ ഫേസ്ബുക്ക് കുറുപ്പിൻറെ പൂർണരൂപം

അഭിവന്ദ്യപിതാവേ വിട….

ആത്മീയതയുടെ ആൽമരച്ചില്ലയിൽ ചേക്കേറിയ വെള്ളരിപ്രാവിന്റെ
സ്വർണതൂവൽ കുടഞ്ഞെറിഞ്ഞ് നിത്യതയുടെ
കാനാൻദേശത്തേക്ക് യാത്രയായ അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവിന് യാത്രാമൊഴി.

അശാന്തിയുടെ പോർക്കളത്തിന് നടുവിൽ
തളരാതെ തന്റെ ചിന്തയിൽ വിരുന്നെത്തിയ നിർമ്മലമായ ചിന്തകളെ
ഈ സമൂഹത്തിന് പകർന്നു നൽകി ഇപ്പോൾ ……
തനിയെ യാത്രയാവുന്നു.

ഹൈറേഞ്ചിന്റെ മലമടക്കുകളിൽ വളർച്ചയുടെയും ഉയർച്ചയുടെയും പൊൻകിരണങ്ങൾ തൂകിയ വൈദികശ്രേഷ്ഠൻ.

സ്നേഹത്തിന്റെയും , ത്യാഗത്തിന്റെയും , പങ്കുവയ്ക്കലിന്റെയും ,
പുത്തൻശീലുകൾ പകർന്നു നൽകി
ഉയർച്ചയുടെ പടവുകൾ താണ്ടുവാൻ
നമുക്ക് വഴികൾ പറഞ്ഞു തന്ന് പച്ചമണ്ണിന്റെ ഗന്ധം വമിപ്പിക്കുന്ന കഥകളിലൂടെ
ഈ പുതുതലമുറക്ക്
നന്മയുടെ ജീവിതശൈലികൾ കാട്ടിത്തന്ന നമ്മുടെ പിതാവ് വേർപാടിന്റെ
മരണരഥത്തിൽ
ഇപ്പോൾ തനിച്ച് യാത്രയാവുന്നു.

1997ൽ കോതമംഗലം മൈനർ സെമിനാരിയിൽ ലിറ്റർജി ക്ലാസ്സിൽ ആരംഭിച്ച സ്നേഹ ബന്ധം.
2003 ൽ മെത്രാനായി പിതാവ് അഭിഷിക്തനായപ്പോൾ
സഹായി ആയി
എന്നെ നിയോഗിച്ചു.
അഭിവന്ദ്യ പിതാവിന്റെ
ആദ്യത്തെ റീജൻസിക്കാരൻ
എന്ന നിലയിൽ
എന്നോട് പ്രത്യേകപരിഗണന കാട്ടി.

ഈശോമിശിഹായ്ക്കുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ (ഫിലിപ്പി 2,5) എന്ന വചനത്തിൽ അധിഷ്ഠിതമായ
പിതാവിന്റെ പ്രസംഗങ്ങളും പ്രവർത്തനങ്ങളും
എന്നെ ഏറെ സ്വാധീനിച്ചു.
2007 ൽ തിരുപ്പട്ടം നൽകി എന്നെ അഭിഷേകം ചെയ്തു.
3 വർഷം KCYM രൂപത ഡയറക്ടറായി സേവനം ചെയ്തപ്പോഴും
തുടർന്നും പിതാവിന്റെ
സ്നേഹവും പരിലാളനയും ആവോളം അനുഭവിച്ചു.
ആരോടും പകയില്ലാതെ
ഉള്ള കാര്യങ്ങൾ
വിളിച്ചു പറയുമ്പോഴും കർഷകർക്കു വേണ്ടി നിലകൊള്ളുമ്പോഴും അനുഭവിച്ചറിഞ്ഞ വിശ്വാസത്തെ അദ്ദേഹം മുറുകെ പിടിച്ചു.

തന്റെ ബോധ്യങ്ങളോട് നൂറ് ശതമാനം ആത്മാർത്ഥത പുലർത്തിയ നിഷ്കളങ്കനായ ഇടുക്കിക്കാരനാണ്
ദൈവത്തിന്റെ പക്കലേക്ക് യാത്രയാവുന്നത്.

അഭിവന്ദ്യ പിതാവേ അങ്ങ്
ദൈവത്തിന്റെ ഭവനത്തിലേക്ക് യാത്രയാവുമ്പോൾ ഒരിക്കലും മരിക്കാത്ത നല്ല ഓർമ്മകൾ ജനഹൃദയങ്ങളിൽ വർഷിച്ചു.
അങ്ങയുടെ വാക്കുകൾ
രാഷ്ട്രീയകോമരങ്ങൾക്ക് പലപ്പോഴും സഹിക്കാൻ പറ്റിയില്ല. അന്ധമായ രാഷ്ട്രീയമല്ല ,
നാടിന്റെനന്മയാണ്
ആവശ്യമെന്ന്
അങ്ങ് ലോകത്തെ ബോധ്യപ്പെടുത്തി.

രാഷ്ട്രീയത്തിനും
മതത്തിനും
സമുദായത്തിനും
അപ്പുറത്ത്
മനുഷ്യനെമനുഷ്യനായി കാണാൻ,
സഹോദരനെ സഹോദരനായി കാണാൻ
അങ്ങ് പഠിപ്പിച്ചു.
പിതാവേ മാപ്പ്……

അങ്ങയെ മനസ്സിലാക്കാനും ഉൾക്കൊള്ളുവാനും സാധിക്കാതെ പോയ
രാഷ്ട്രീയതിമിരം
ബാധിച്ച അന്ധകാരശക്തികൾക്കു വേണ്ടി……
ബോധ്യം വന്ന നിലപാടുകളിൽ അങ്ങ് ഉറച്ച് നിന്നപ്പോൾ
ധാരാളം ചീത്തവിളികളും പഴിചാരലുകളും കേട്ടു.

മരണശേഷവും
രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ അങ്ങയെ ഉപയോഗിക്കുന്നു. അതാണ് അങ്ങയുടെ മഹത്വം.

കർഷകർക്കു വേണ്ടി
അങ്ങ് നിലപാട് എടുത്തതിന്റെ പേരിൽ
അങ്ങയെ പ്രതികൂട്ടിലാക്കിയ രാഷ്ട്രീയ പാർട്ടികൾ ഒരുവശത്ത്.
* മൃഗീയ ഭൂരിപക്ഷം കിട്ടിയതിന്റെ പേരിൽ അഹങ്കരിക്കുന്നവർ.
ഒരു കാര്യം സത്യമാണ്.
ഈ കിട്ടിയ മൃഗീയ
* ഭൂരിപക്ഷത്തെക്കാൾ
കൂടുതൽ *ആളുകൾ
അങ്ങയുടെ *കബറിടം സന്ദർശിച്ച് പ്രാർത്ഥിക്കുന്ന
ഒരുകാലം സമീപത്തുണ്ട്.

*അധികാരത്തിന്റെ ഹുങ്ക് മുതലാക്കി രാഷ്ട്രീയകളികൾക്ക് നേതൃത്വം നൽകുന്ന
ഭരണപക്ഷംമറുവശത്ത്. ധിക്കാരത്തിന്റെ വാക്കുകളിലൂടെ ഉത്തരവ് പുറപ്പെടുവിച്ച് പിതാവിനെ ആക്ഷേപിക്കുന്നു. ശവസംസ്കാരത്തിൽ 20 പേർക്ക് പങ്കെടുക്കാം എന്ന് പറയുമ്പോഴും അങ്ങേക്ക്
ആ അവകാശം നിഷേധിക്കപ്പെട്ടു.
ശവമഞ്ചം കുഴിയിലേക്ക് ഇറക്കാൻ 6 പേരെങ്കിലും വേണമെന്ന് സമാന്യ ബോധം പോലും ഇല്ലാതെ ഇറക്കിയ ഉത്തരവ്.
മരിച്ചവരെ കാണരുത് എന്ന്
ഒരു ഉത്തരവിലും പറഞ്ഞിട്ടില്ല. അങ്ങേക്ക് അതും നിഷേധിച്ച ഭരണാധികാരികൾ.

അങ്ങയുടെ ഈ പാവപ്പെട്ട ജനങ്ങൾക്ക് അങ്ങയെ ഒരുനോക്ക് കാണാനുള്ള അവകാശവും നിഷേധിക്കപ്പെട്ടു.

ഇതിനെതിരെ ശബ്ദമുയർത്താൻ തിരഞ്ഞെടുപ്പ് കാലത്ത് *അരമനകയറിനിരങ്ങിയ
ഒരു ജനപ്രതിനിധിക്കും
നാവ് ഇല്ലാതെ പോയല്ലോ എന്നോർത്ത് ലജ്ജിക്കുന്നു.

*അവസാനം അങ്ങയുടെ ശവമഞ്ചം ചുമക്കാൻ

*ജനപ്രതിനിധികൾ
ഇടിച്ചുകയറുമ്പോൾ
അവരുടെ ആത്മാർത്ഥത ഞങ്ങൾക്ക് മനസ്സിലാകും.

പിതാവേ…. കാലചക്രം എത്ര ഓടിയാലും അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു.
അങ്ങ് കാണിച്ച് തന്ന സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും തുറവിയുടെയും മാർഗ്ഗം ഞങ്ങൾ ഉൾക്കൊള്ളുന്നു.

അങ്ങ് സമാധാനത്തോടെ പോവുക.

അങ്ങേക്ക് അഭിമാനിക്കാം. അങ്ങയെ ആക്ഷേപിച്ച
ഒരു രാഷ്ട്രീയ നേതാക്കൻമാരും
അങ്ങയുടെ വിടവാങ്ങൽ യാത്രയിൽ
*മുതലക്കണ്ണീർ പൊഴിക്കാൻ വന്നില്ല എന്നതിൽ…
വൈരാഗ്യം പുലർത്തുന്ന രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൻമാർക്കും വേണ്ടി അങ്ങയോട് ചേർന്ന് ഞങ്ങളും പ്രാർത്ഥിക്കുന്നു. …………

പിതാവേ ഇവരോട് ക്ഷമിക്കണമേ. ഇവർ ചെയ്യുന്നത് എന്താണന്ന് ഇവർ അറിയുന്നില്ല…..

ജനങ്ങളെ മാസങ്ങളോളം വീട്ടിലിരുത്തിയ ലോക്ഡൗണിനു പിന്നാലെ ഇന്ത്യയിൽ ജനനനിരക്ക് റെക്കോർഡിലെത്തുമെന്ന് യുനിസെഫ്. കോവിഡിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച മാർച്ച് 11 മുതൽ അടുത്ത ഡിസംബർ വരെ രാജ്യത്തു 2.01 കോടി കുഞ്ഞുങ്ങൾ ജനിക്കുമെന്ന് യുനിസെഫ് റിപ്പോർട്ടിലുണ്ട്.

ലോകത്താകെ 11.6 കോടിയായിരിക്കും ജനനം. ചൈന (1.35 കോടി), നൈജീരിയ (64 ലക്ഷം), പാക്കിസ്ഥാൻ (50 ലക്ഷം), ഇന്തൊനീഷ്യ (40 ലക്ഷം), യുഎസ് (33 ലക്ഷം) തുടങ്ങിയ രാജ്യങ്ങളാകും ഇന്ത്യയ്ക്കു പിന്നിൽ.

കോവിഡ് പടരുന്നതുമൂലം ആരോഗ്യരംഗം സമ്മർദവും തടസ്സങ്ങളും നേരിടുന്നത് ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ശിശുമരണനിരക്ക് ഉയർന്ന രാജ്യങ്ങളിൽ ഇതു കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും.

പുതിയ അമ്മമാരും നവജാത ശിശുക്കളും ലോക്ഡൗൺ, കർഫ്യൂ, ചികിത്സാ അപര്യാപ്തത തുടങ്ങിയ കടുത്ത യാഥാർഥ്യങ്ങളെയാണു നേരിടേണ്ടി വരിക. കോവിഡ് ചികിത്സയ്ക്കു നിയോഗിക്കപ്പെടുന്നതിനാൽ ആരോഗ്യജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ടാകുമെന്ന് യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹെൻറീറ്റ ഫോർ പറയുന്നു. മാതൃദിനത്തിനു (മേയ് 10) മുന്നോടിയായാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

തൻ്റെ സഹോദരനും പാലായിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വക്കേറ്റ് മാത്യൂസ് എം ശ്രാമ്പിക്കലിൻ്റെ നിര്യാണത്തിൽ പ്രാർത്ഥിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്ത എല്ലാവർക്കും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് ശ്രാമ്പിക്കൽ നന്ദി അറിയിച്ചു.

രണ്ടു മണിക്ക് ആരംഭിച്ച ശവസംസ്കാരച്ചടങ്ങിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രാർത്ഥന നിർവഹിക്കുകയും പ്രസംഗിക്കുകയും ചെയ്തു .അതോടൊപ്പം പാലാ രൂപതയുടെ സഹായമെത്രാനായ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ആണ് ഇടവകപള്ളിയിലെ പ്രാർഥനകൾക്ക് നേതൃത്വം നൽകിയത്.

തൻ്റെയും കുടുംബത്തിൻ്റെയും ദുഃഖത്തിൽ പങ്കുചേർന്ന മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനോടും മറ്റ് മെത്രാന്മാരോടും പുരോഹിതന്മാരോടും അല്മയരോടും ഉള്ള നന്ദിയും കടപ്പാടും   മാർ ജോസഫ് ശ്രാമ്പിക്കൽ അറിയിച്ചു.

മലയാളത്തിലെ എന്ന് മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് പ്രിയദർശൻ. ഇതിനോടകം 94 ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹമാണ് മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹവും ഒരുക്കിയത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റ്‌ ജോഡികളിലൊന്നാണ് മലയാളത്തിലെ മോഹൻലാൽ- പ്രിയദർശൻ ജോഡി എന്നതും ശ്രദ്ധേയമാണ്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത രണ്ടാമത്തെ സംവിധായകൻ എന്ന റെക്കോർഡും കൈവശമുള്ള പ്രിയദർശൻ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും സിനിമകളൊരുക്കിയിട്ടുണ്ട്. ഇപ്പോൾ ഹംഗാമ 2 എന്ന ഹിന്ദി ചിത്രമൊരുക്കുന്ന പ്രിയദർശൻ അടുത്തതായി ചെയ്യന്നത് ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന് വേണ്ടിയൊരു ചിത്രമാണ്.

എന്നാൽ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ രണ്ടു സ്വപ്‌നങ്ങൾ എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരു ചിത്രവും അതുപോലെ അമിതാബ് ബച്ചൻ അഭിനയിക്കുന്ന ഒരു ചിത്രവുമാണ്. ഇപ്പോൾ കേസിൽ കിടക്കുന്ന രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തീർന്നാൽ ആ പ്രൊജക്റ്റ് പ്രിയദർശൻ ഏറ്റെടുക്കുമെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. തനിക്കു എം ടിയുടെ രചനയിൽ ഒരു ചിത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അതൊരിക്കലും രണ്ടാമൂഴം പോലെയൊരു ബ്രഹ്മാണ്ഡ ചിത്രമല്ല എന്നുമാണ് പ്രിയൻ പറയുന്നത്. കാഞ്ചിവരം പോലത്തെ ഒരു ചെറിയ റിയലിസ്റ്റിക് ചിത്രമൊരുക്കാനാണ് എം ടിയുമായിഒന്നിക്കുമ്പോൾ താൽപര്യമെന്നും ദി ന്യൂസ് മിനിട്ടിനു നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ വെളിപ്പെടുത്തി. നേരത്തെ രണ്ടു മൂന്നു ചിത്രങ്ങൾ തങ്ങൾ പ്ലാൻ ചെയ്തിരുന്നുവെങ്കിലും മറ്റു ചില നിര്ഭാഗ്യകരമായ സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടായതു കൊണ്ട് ആ പ്രൊജെക്ടുകൾ നടന്നില്ല എന്നും അതുകൊണ്ട് തന്നെ താനിപ്പോൾ ഒന്നും നേരത്തെ പ്ലാൻ ചെയ്തു ചെയ്യാൻ ശ്രമിക്കാറില്ലായെന്നും അദ്ദേഹം വിശദീകരിച്ചു.

ഷാറൂഖ് ഖാന്‍ നിര്‍മ്മിക്കുന്ന വെബ് സിരീസ് ബേതാള്‍ ട്രെയിലര്‍ പുറത്തുവിട്ടു. നെറ്റ്ഫ്‌ളിക്‌സുമായി സഹകരിച്ച് റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രമാണ്. സോംബി ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രമാണിത്. ഭയപ്പെടുത്തുന്ന ട്രെയിലറാണ് പുറത്തുവിട്ടത്.

ഈ മാസം 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ ഒരു വിദൂര ഗ്രാമമാണ് പശ്ചാത്തലം. ദുരൂഹസാഹചര്യത്തില്‍ ഒരുകൂട്ടം ആളുകള്‍ മരണപ്പെടുന്നു.

കാസര്‍കോട് രണ്ടുപേര്‍ കൂടി രോഗമുക്തി നേടിയതോടെ ജില്ലയില്‍ ചികില്‍സയിലുളളത് ഇനി ഒരാള്‍ മാത്രം. സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ 177 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ജില്ലയിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം രണ്ടായി.

കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയടക്കം പ്രശംസയേറ്റുവാങ്ങിയ കാസര്‍കോട് ഇനി ചികില്‍സയിലുളളത് ഒരാള്‍ മാത്രം. വിദേശത്തുനിന്നെത്തി ഏപ്രില്‍ 14ന് കോവിഡ് പൊസിറ്റീവായ വ്യക്തിയാണ് ചികില്‍സയിലുളളത്. മാര്‍ച്ച് 17നുശേഷം സംസ്ഥാനത്തുണ്ടായ കോവിഡ് വ്യാപനത്തില്‍ 178പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 177പേരും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

നിരീക്ഷണത്തിലുളളവരുടെയും എണ്ണത്തിലും ഗണ്യമായ കുറവ് വന്നു. നേരത്തെ പതിനായിരത്തിന് മുകളിലായിരുന്നു നിരീക്ഷണത്തിലുളളവരുടെ എണ്ണമെങ്കില്‍ ഇപ്പോഴത് ആയിരത്തില്‍ താഴയെത്തി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കിയതിന്റെ ഫലമാണ് കാസര്‍കോട് ജില്ലയില്‍ ഇപ്പോഴുളളത്. ഹോട്ട്സ്പോട്ടായ എട്ട് പ്രദേശങ്ങളിലും പൊലീസ് ട്രിപ്പിള്‍ ലോക്ക്ഡൗണടക്കം നടപ്പിലാക്കി. നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനൊപ്പം കോവിഡ് ചികില്‍സയിലും ജില്ല മുന്നിട്ട് നിന്നു.

പരിമിതമായ സൗകര്യത്തില്‍ 89പേരെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സിച്ചത്. നാല് ദിവസം കൊണ്ട് കാസര്‍കോട് മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയാക്കി. ഏകദേശം മുന്നൂറ് പേരെ ചികില്‍സിക്കാനുളള സൗകര്യമാണ് ഇവിടെയുളളത്.

ലോക്ക് ഡൗണ്‍ വിലക്കുകള്‍ ലംഘിച്ച് ഭാഗവത പാരായണം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് ഉള്‍പ്പടെ 5പേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ എരുമപ്പെട്ടിക്ക് സമീപമാണ് സംഭവം.

ബിജെപി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രന്‍ ഉള്‍പ്പടെ നാലുപേരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹ മൂര്‍ത്തിക്ഷേത്രത്തിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഭാഗവത പാരായണം നടത്തിയത്. ചടങ്ങില്‍ 100ഓളം പേരാണ് പങ്കെടുത്തതെന്ന് പോലീസ് പറയുന്നു.

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ളതാണ് ക്ഷേത്രം. വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തിയതോടെ ആളുകള്‍ ചിതറിയോടുകയും ചെയ്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് ആളുകള്‍ കൂടിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും നാലുപേരെ അറസ്റ്റ്ചെയ്യുകയുമായിരുന്നു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ശേഷം ക്ഷേത്രം അടച്ചിരുന്നില്ല. ക്ഷേത്രത്തില്‍ നിത്യവും പൂജ നടത്തിയിരുന്നു. ഇവിടെയാണ് ഭാഗവത പാരായണം നടത്തിയത്.

മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ആര്‍തര്‍ സെന്‍ട്രല്‍ ജയിലിലെ 77 ജയില്‍പുള്ളികള്‍ക്കും 26 പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇപ്പോള്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. പലര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല എന്നാണ് ലഭിക്കുന്ന വിവരം. ഇത് ആശങ്കയ്ക്കും വഴിവെച്ചിട്ടുണ്ട്.

45 കാരനായ വിചാരണ തവുകാരനും രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കും ബുധനാഴ്ച രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജയിലില്‍ പരിശോധന നടത്തിയത്. എല്ലാ തടവുപുള്ളികളെയും സുരക്ഷാ ജീവനക്കാരെയും സാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു. ഇതിലാണ് 77 ജയില്‍പുള്ളികള്‍ക്കും 26 പോലീസ് ഉദ്യോഗസ്ഥര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇത്രയധികം പേര്‍ക്ക് രോഗം ബാധിച്ചെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ആണ് ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ ജയിലിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 103 ആയെന്നും അദ്ദേഹം അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെയെല്ലാം ജിടി ആശുപത്രിയിലേക്കും സെന്റ് ജോര്‍ജ്ജ് ആശുപത്രിയിലേക്കും വെള്ളിയാഴ്ച രാവിലെ മാറ്റുകയും ചെയ്യും.

കൊവിഡ് ബാധിച്ച് ആഗ്രയില്‍ മുതിര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. പത്രപ്രവര്‍ത്തകനായ പങ്കജ് കുല്‍ശ്രേഷ്ഠയാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. എസ്എന്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്.

ബുധനാഴ്ച മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. വൈറസ് ബാധയെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചയോടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. രണ്ട് പേര്‍ കൂടി ആഗ്രയില്‍ കൊവിഡ് ബാധിച്ച് ഇന്നലെ മരണപ്പെട്ടിട്ടുണ്ട്.

ഇതോടെ ആഗ്രയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 20 ആയി ഉയരുകയും ചെയ്തു. 678 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 52000 പിന്നിട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡല്‍ഹിയിലും തമിഴ്നാട്ടിലും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഓരോ ദിവസവും വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

RECENT POSTS
Copyright © . All rights reserved