വയനാട് ബത്തേരിയിൽ കാറുമായി കൂട്ടിയിടിച്ചു ബസ് മറിഞ്ഞു ഒരു മരണം. ബസ് യാത്രക്കാരായ നിരവധി പേർക്ക് പരുക്കേറ്റു. അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി വിപിനാണ് മരിച്ചത്.കൽപറ്റയിൽ നിന്നും ബത്തേരിഭാഗത്തേക്ക് പോവുകയായിരുന്നു ബസ്
രാവിലെയായതിനാൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ ബസിൽ ഉണ്ടായിരുന്നു. പിഎസ് സി പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥി നെല്ലാറച്ചാൽ സ്വദേശി വിപിനാണ് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. അറുപതോളം പേർ ചികിത്സയിലാണ്.
പരുക്കേറ്റ കാർ യാത്രക്കാരനെ കോഴിക്കോടേക്ക് കൊണ്ടുപോയി. കച്ചവടക്കാരും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പരുക്കേറ്റവരെ പെട്ടന്ന് ആശുപത്രിയിൽ എത്തിച്ചത് അപകടത്തിന്റെ ആഘാതം കുറച്ചു.
ഒതളങ്ങ കഴിച്ചു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേര്‍ത്തല കുത്തിയതോട് അശ്വതി ഭവനത്തില്‍ മോഹന്‍ദാസ്- ഗിരിജ ദമ്പതികളുടെ മകളും വൈക്കം ഉദയനാപുരം നേരേകടവ് പുതുവല്‍ നികര്‍ത്ത് ശരത്തിന്റെ ഭാര്യയുമായ അശ്വതിയാണ് (23) മരിച്ചത്. വിവാഹശേഷം പെട്ടെന്നുതന്നെ ഭർത്താവിനെ പിരിഞ്ഞിരിക്കേണ്ടി വരുന്നതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണം.
ദിവസങ്ങൾക്ക് മുൻപായിരുന്നു അശ്വതിയുടെയും ശരത്തിന്റെയും വിവാഹം. മധുവിധു തീരും മുൻപ് ശരത്ത് ലക്ഷ്വദ്വീപില്‍ ജോലിയ്ക്ക് പോകാൻ തയാറായത് അശ്വതിയെ മനോവിഷമത്തിലാക്കിയിരുന്നു. ഭർത്താവിനെ വേർപിരിഞ്ഞിരിക്കാൻ കഴിയാതെ വന്നതോടെ യാത്രയിൽ നിന്നും പിന്തിരിപ്പിക്കാൻ അശ്വതി ശ്രമിച്ചു. ഒടുവിൽ ശരത്തിന്റെ യാത്ര താൽക്കാലികമായി മുടക്കാൻ അശ്വതി ഒതളങ്ങ കഴിക്കുകയായിരുന്നു. എന്നാൽ ഉടന്‍തന്നെ യുവതിയെ ആശുപത്രിയിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരണവാർത്ത വൈക്കം ജനമൈത്രി പൊലീസ് സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്കു ഭര്‍തൃവീട്ടില്‍ വച്ചാണ് അശ്വതി ഒതളങ്ങ കഴിച്ചത്. ആദ്യം വൈക്കം ഗവ. ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു കൈമാറി. അശ്വതിയുടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭര്‍ത്താവ് ശരത്തിനെതിരെ പരാതി നല്കാന് അശ്വതിയുടെ ബന്ധുക്കള്‍ തയാറായിട്ടില്ലെന്നു പൊലീസ് അറിയിച്ചു.
തമാശ രൂപേണയായിരുന്നു ചാര്‍മി വിഡിയോയില്‍ കോറണയെ കുറിച്ച് സംസാരിച്ചത്. ‘ഓള് ദ ബെസ്റ്റ് കൂട്ടുകാരെ, കാരണം കൊറോണ ഡല്‍ഹിയിലും തെലുങ്കാനയിലും എത്തിയിരിക്കുകയാണ്. അങ്ങനെയാണ് ഞാന്‍ കേട്ടത്, വാർത്തയിലും ഉണ്ട്. ഓള് ദ ബെസ്റ്റ്, കൊറോണ എത്തിയിരിക്കുന്നു” എന്നായിരുന്നു ചാര്‍മി പറഞ്ഞത്. പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു ചാര്‍മി കൊറോണയെക്കുറിച്ച് സംസാരിച്ചത്.
വിഡിയോ വെെറലായി മാറിയതോടെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇതോടെ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തി. വളരെ ഗൗരവമായൊരു വിഷയത്തെ എങ്ങനെയാണ്തമാശയായി അവതരിപ്പിക്കുകയെന്നാണ് പലരും ചോദിക്കുന്നത്.വിഡിയോ വിവാദമായതിനു പിന്നാലെ മാപ്പു പറഞ്ഞുകൊണ്ട് താരം രംഗത്തെത്തി. പക്വതയില്ലായ്മ കാരണമാണ് താനിത്തരമൊരു പ്രതികരണം നടത്തിയതെന്നും മാപ്പ് ചോദിക്കുന്നതായും ചാര്‍മി പറഞ്ഞു. വിവാദ വിഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ആഗോള തലത്തില്‍ കൊറോണ വൈറസ് പടരുന്നതിനിടെ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിന് ഷേക്ക് ഹാന്‍ഡ് നല്കാന് വിസ്സമ്മതിച്ച് ആഭ്യന്തരമന്ത്രിയായ ഹോഴ്സ്റ്റ് സീഹോഫര്‍.
ബര്‍ലിനില്‍ കുടിയേറ്റത്തെക്കുറിച്ചുള്ള യോഗത്തിലേക്ക് കടന്ന് വന്ന മെര്‍ക്കല്‍ ഹോഴ്സ്റ്റിന് കൈ കൊടുക്കുമ്പോള്‍ ചിരിച്ചു കൊണ്ട് കൈകൊടുക്കാന്‍ വിസ്സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഇരുവരും ചിരിക്കുകയും മെര്‍ക്കല്‍ കൈപിന്‍വലിക്കുകയും ചെയ്യുന്നു. ഇതാണ് ചെയ്യാവുന്ന ശരിയായ കാര്യമെന്ന് പറഞ്ഞു കൊണ്ട് അവര്‍ കസേരയില്‍ ഇരുന്നു. യോഗത്തിനെത്തിയവരില്‍ പൊട്ടിച്ചിരിയുണര്‍ത്തി ഈ സംഭവം.
വൈറസ് ബാധ തടയാന്‍ ലോകമെമ്പാടും ശ്രമം തുടരവേ കൊറോണ പടരുകയാണ്. ഈ സാഹചര്യത്തില്‍ ഹാന്‍ഡ് ഷേക്ക് നല്‍കാതിരിക്കുന്നത് രോഗബാധ തടയാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.
ആദ്യം ചൈനയില്‍ പ്രത്യക്ഷപ്പെട്ട വൈറസ് അന്റാര്‍ട്ടിക്ക ഒഴിച്ചുള്ള ഭൂഖണ്ഡങ്ങളിലെ 70 രാജ്യങ്ങളില്‍ പടര്‍ന്നു കഴിഞ്ഞു. മരണ സംഖ്യ 3000 കവിഞ്ഞു. ചൈനയിലാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത്. ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം ബാധിച്ചത് ദക്ഷിണ കൊറിയയിലാണ്. 4,335 പേര്‍ക്കാണ് ബാധിച്ചത്.
നിയന്ത്രിക്കാനാകാതെ വൈറസ് പടരുന്നത് ലോക സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുമെന്ന ഭീതി ഉയര്‍ന്നുകഴിഞ്ഞു. 2008-ലെ സാമ്പത്തിക മാന്ദ്യത്തിന് സമാനമായ അവസ്ഥയാണ് വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്. വൈറസ് ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് പല രാജ്യങ്ങളും വിസ നിഷേധിച്ചു തുടങ്ങി.
കൊറോണ ഭീതിയെ തുടര്‍ന്ന് ഉത്തർപ്രദേശിലെ നോയിഡയിലെ സ്കൂള്‍ അടച്ചു. ഡൽഹി സ്വദേശിക്കു കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇദ്ദേഹത്തിന്റെ മക്കൾ പഠിക്കുന്ന സ്കൂളാണ് മൂന്ന് ദിവസത്തേക്ക് അടച്ചത്.സ്കൂളില്‍ പഠിക്കുന്ന രണ്ടു കുട്ടികളുടെ പിതാവിന് തിങ്കളാഴ്ചയാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ മുന്‍കരുതലെന്ന നിലയില്‍ ഭൂരിഭാഗം കുട്ടികളെയും സ്കൂളില്‍ പറഞ്ഞയക്കാന്‍ മാതാപിതാക്കള്‍ തയാറായിരുന്നില്ല. മൂന്നുദിവസത്തെ പരീക്ഷകളും സ്കൂൾ അധികൃതർ റദ്ദാക്കി. സ്കൂളിലേക്ക് പ്രത്യേക ആരോഗ്യ സംഘത്തെ അയക്കുമെന്നും സ്കൂള്‍ പരിസരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്ത്രീയുടെ മൃതദേഹം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. വാലിക്കുന്ന് കോളനിയിൽ സിനി (32) ആണ് മരിച്ചത്. ശുചിമുറിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ വെട്ടേറ്റ പാടുകളുണ്ട്. സംഭവത്തിൽ ഭര്‍ത്താവ് കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും വഴക്കിട്ടിരുന്നതായി മക്കള്‍ മൊഴി നല്കി.
രണ്ടുദിവസം മുന്‍പാണ് കൊലപാതകമെന്നാണ് സൂചന. ശനിയാഴ്ച ഇവര്‍ തമ്മില്‍ വഴക്കിട്ടിരുന്നതായി മക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. അതിന് ശേഷമാണ് സിനിയെ കാണാതായത്. അമ്മയെ പറ്റി മക്കള്‍ പിതാവിനോട് ചോദിച്ചപ്പോള്‍ അവളുടെ വീട്ടില്‍ പോയെന്നും രണ്ട് ദിവസം കഴിഞ്ഞ മടങ്ങി വരുമെന്നുമായിരുന്നു മറുപടി.ഇങ്ങനെ കാണാതായപ്പോൾ കുട്ടികൾ അയൽക്കാരോട് പരാതിപ്പെടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം മറവ് ചെയ്ത നിലയിൽ കണ്ടെത്തുകയുമായിരുന്നു
കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ വിമത നീക്കം ശക്തമാക്കി സുഭാഷ് വാസു. മുൻ ഡിജിപി ടി.പി. സെൻകുമാർ സുഭാഷ് വാസു വിഭാഗത്തിന്റെ സ്ഥാനാർഥി ആയേക്കുമെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച വൈകീട്ട് നാലിന് കുട്ടനാട്ടിൽ വച്ചാണ് പ്രഖ്യാപനം. എന്നാൽ, മത്സരത്തിനില്ലെന്ന് സെൻകുമാർ അറിയിച്ചാൽ സുഭാഷ് വാസു തന്നെ സ്ഥാനാർഥിയാകും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥിയായിരുന്ന സുഭാഷ് വാസു 33,000- ത്തിലധികം വോട്ടുകൾ നേടിയിരുന്നു. സെൻകുമാറിനെ സ്ഥാനാർഥിയാക്കുന്നത് ആർഎസ്എസ് നേതൃത്വത്തിന്റെ പിന്തുണയിലാണെന്ന് സുഭാഷ് വാസു വിഭാഗം അവകാശപ്പെടുന്നു. ബിജെപി നേതൃത്വത്തിന്റെ പിന്തുണയോടെ ശക്തനായ സ്ഥാനാർഥിയെ ബിഡിജെഎസ് മത്സരിപ്പിക്കുമെന്ന് ഔദ്യേോഗിക വിഭാഗവും നേരത്തെ പ്രതികരിച്ചിരുന്നു.
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനെന്ന പേരില്‍ കരുണ സംഗീത നിശ നടത്തി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ സംഘാടകരായ സംവിധായകൻ ആഷിഖ് അബുവും സംഗീത സംവിധായകൻ ബിജിബാലും കൂടുതല്‍ കുരുക്കിലേക്ക്. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ അടക്കമുള്ളവ പരിശോധിക്കനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. സ്പോണ്‍സര്‍ഷിപ്പായി സ്വകാര്യ അക്കൗണ്ടിലേക്ക് പണം ലഭിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനാണ് അക്കൗണ്ടുകള്‍ പരിശോധിക്കുന്നത്.
ഫ്രീ പാസുകളുടെ കണക്കുകൾ ഉൾപ്പടെ പരിശോധിക്കാനാണ് പോലീസ് നീക്കം. പരിപാടിയുടെ സൗജന്യ പാസുകള്‍ ഹൈബി ഈഡന് എംപിയുടെ ഓഫീസില്‍ നിന്നും കൈപ്പറ്റിയിരുന്നുവെന്ന് മുമ്പ് ആഷിഖ് ഫേസ്ബുക്കിലൂടെ പ്രതികരിച്ച സാഹചര്യത്തില്‍ എംപിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. പരാതിക്കാരനായ ബിജെപി നേതാവ് സന്ദീപ് വാര്യര്‍, കൊച്ചി മ്യൂസിക് ഫൗണ്ടേഷന് പ്രതിനിധികള്‍ എന്നിവരുടടെ മൊഴികള്‍ ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
സംഗീത നിശ കാണാന്‍ 4,000 പേരാണ് എത്തിയതെന്നും അതില്‍ 3,000 പേര് സൗജന്യമായാണ് കണ്ടതെന്നുമാണ് സംഘാടകര്‍ പറയുന്നത്. ടിക്കറ്റ് വില്‍പ്പനയിലൂടെ 7,74,500 രൂപയാണ് ലഭിച്ചതെന്നും നികുതി കുറച്ചുള്ള ആറര ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് അടച്ചതെന്നും ഇവര്‍ പറയുന്നു. അതേസമയം സൗജന്യമായി നല്‍കിയെന്ന് സംഘാടകര്‍ പറയുന്ന ടിക്കറ്റുകളുടെ കൗണ്ടര്‍ ഫോയിലുകളും ശേഷിക്കുന്ന ടിക്കറ്റുകളും ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഇംപ്രസാരിയോ പോലീസിനെ ഏല്‍പ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വ നിധിയിലേക്ക് ഫണ്ട് നൽകാനെന്ന പേരിൽ കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് പരിപാടി സംഘടിപ്പിച്ചത്. പണം അടക്കാത്തത് വിവാദമായതിനെ തുടർന്ന് അടുത്തിടെ 6.22 ലക്ഷം രൂപ സംഘാടകർ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചിരുന്നു.
കളമശേരി: കോവിഡ്-19 (കൊറോണ) രോഗ ലക്ഷണങ്ങളുമായി എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ശേഷം കാണാതായ യുവാവ് തിരിച്ചെത്തി. ഇയാൾക്കായി തെരച്ചിൽ നടത്താൻ ഉത്തരവിടാൻ ഡിഎംഒ ജില്ലാ കളക്ടർക്കും പോലീസിനും കത്ത് നൽകിയതിനെ തുടർന്നാണ് യുവാവ് സ്വമേധയാ തിരിച്ചെത്തിയത്.
തായ്ലന്റിൽ നിന്ന് എത്തിയ 25 വയസുകാരനായ ആലുവ മുപ്പത്തടം സ്വദേശിയെ നെടുമ്പാശേരി വിമാനത്താവളത്തിൽവച്ച് നടത്തിയ പരിശോധനയിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്ച്ച പുലർച്ചെ തന്നെ വിമാനത്താവളത്തിൽനിന്ന് കളമശേരിയിലെ സർക്കാർ മെഡിക്കൽ കോളജിൽ കൊണ്ടുവരികയും ചെയ്തു.
എന്നാൽ മണിക്കൂറുകൾക്കുള്ളിൽ യുവാവ് വീട്ടിലേക്ക് ആരെയും അറിയിക്കാതെ മടങ്ങി. ഇതോടെയാണ് ഇയാൾ പൊതുജന അരോഗ്യത്തിന് ഭീഷണിയാണെന്ന ജാഗ്രത നോട്ടീസ് ഡിഎംഒ പുറപ്പെടുവിക്കാൻ ഇടയായത്. മുറിയിൽ അടച്ചിരിക്കുകയായിരുന്ന യുവാവ് രാത്രി വൈകിയാണ് മെഡിക്കൽ കോളജിൽ തിരികെയെത്തിയത്. രോഗലക്ഷണങ്ങൾ ശക്തമല്ലെന്നും സാമ്പിൾ ആലപ്പുഴയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
തമിഴ് യുവനടി പത്മജയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചെന്നൈ തിരുവട്ടിയൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു നടി. ഭര്‍ത്താവുമായി പിണങ്ങി നടി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
നടി താമസിച്ചിരുന്ന മുറി രണ്ടു ദിവസമായി പൂട്ടിയിട്ട നിലയിലായിരുന്നു. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ വീട്ടുടമസ്ഥനെയും പൊലീസിനെയും വിവരം അറിയിച്ചു. അവര്‍ വീട് തുറന്നപ്പോഴാണ് പത്മജയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
തമിഴ് സിനിമകളില്‍ സഹനടിയായിരുന്നു പത്മജ. ഷൂട്ടിംഗ് കഴിഞ്ഞ് വൈകി വരുന്നതിനെച്ചൊല്ലിയുള്ള കലഹത്തെത്തുടര്‍ന്നാണ് രണ്ടുമാസം മുമ്പ് ഭര്‍ത്താവ് പവന് നടിയെ ഉപേക്ഷിച്ച് വീടുവിട്ടുപോയത്. ഇവര്‍ക്ക് രണ്ടു വയസ്സുള്ള മകനുണ്ട്. ഈ കുട്ടിയെയും ഭര്‍ത്താവ് കൂടെ കൊണ്ടുപോയി.
ഇതേത്തുടര്‍ന്ന് നടി പുരുഷസുഹൃത്തിനൊപ്പം ഇവിടെ താമസം തുടരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആണ്‍സുഹൃത്തുമൊത്തുള്ള ജീവിതം ശ്രദ്ധയില്‍പ്പെട്ട വീട്ടുടമ, നടിയോട് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്. നടി ശനിയാഴ്ച സഹോദരിയുമായി വീഡിയോ കോള്‍ ചെയ്തിരുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നതായി നടി സഹോദരിയോട് സൂചിപ്പിച്ചിരുന്നു. സാമ്പത്തിക പ്രശ്നമാകാം മരണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അതിനിടെ നടിക്കൊപ്പം ഉണ്ടായിരുന്ന പുരുഷ സുഹൃത്തിനെ കാണാനില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.