ന്യൂസ് ഡെസ്ക് , മലയാളം യുകെ

കോറോണയുടെയും ലോക് ഡൗണിന്റെയും കാലത്ത് ജനങ്ങൾ സാമ്പത്തികമായ അരക്ഷിതാവസ്ഥയിലാണ്. അത് മുൻനിർത്തിയാണ് എല്ലാ വിഭാഗത്തിലുമുള്ള ലോണുകളടക്കം മൂന്നുമാസത്തെ മൊറട്ടോറിയം ആർബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ആർബിഐയുടെ നിർദ്ദേശം പാലിക്കാൻ ബാധ്യസ്ഥവുമാണ്. ഹൗസിംഗ് ലോൺ ഉൾപ്പെടെ അടയ്ക്കുന്ന ലോണുകളിൽ ബാങ്കുകൾ മൊറട്ടോറിയമുള്ള മാസങ്ങളിലെ പലിശ ഈടാക്കികൊണ്ട് അടവുകൾക്ക് സാവകാശം നൽകിയിട്ടുണ്ട്.

എന്നാൽ ഈ സമയം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സ്വർണം ഈടു വച്ച് കാർഷിക ലോൺ എടുക്കുന്ന ഉപഭോക്താക്കളാണ്. കാർഷിക ലോൺ എടുക്കുന്നവർക്ക് ഒരു വർഷത്തിനുള്ളിൽ തിരിച്ചടച്ചില്ലെങ്കിൽ കാർഷിക വായ്പയിൽ കിട്ടേണ്ടിയിരുന്ന സബ്സിഡി നഷ്ടമാകും. മാർച്ച് 31 കഴിഞ്ഞുള്ള സബ്സിഡി ക്രമേണ സർക്കാർ നിർത്തിയെങ്കിലും അതുവരെയുള്ള സബ്സിഡിയെങ്കിലും നഷ്ടമാകുന്ന സാഹചര്യം കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. തങ്ങൾക്ക് ഈ കാര്യത്തിൽ ശരിയായ മാർഗനിർദേശം ഒന്നും ലഭിച്ചിട്ടില്ല എന്ന ന്യായമാണ് പല ബാങ്ക് മാനേജർമാരും മുന്നോട്ടുവയ്ക്കുന്നത്. ലോക്ഡൗൺ പീരിയഡ് കാലാവധി കഴിഞ്ഞ് പുതുക്കി വയ്ക്കുന്ന കാർഷികവായ്പകൾക്ക് മാർച്ച് 31 വരെയുള്ള സബ്സിഡി എങ്കിലും ലഭിക്കുമൊ എന്ന് ഉറപ്പു പറയാൻ പല ബാങ്ക് മാനേജർമാർക്കും സാധിക്കുന്നില്ല.

ഇതുകൂടാതെ കൊള്ള പലിശയ്ക്ക് സാധാരണ ജനങ്ങളെ തള്ളിവിടുന്ന സമീപനവും പല ബാങ്ക് മാനേജർമാരും സ്വീകരിക്കുന്നു. സാധാരണഗതിയിൽ ഒരുവർഷം കഴിയുമ്പോൾ പലിശ അടച്ച് ലോൺ പുതുക്കി വയ്ക്കാൻ എല്ലാ ബാങ്കുകളും അനുവദിക്കാറുണ്ട്. ഇനിയും ഈ രീതിയിൽ ലോൺ പുതുക്കിവെയ്ക്കാൻ സമ്മതിക്കില്ല എന്ന രീതിയിലുള്ള വാദമുഖങ്ങൾ പല മാനേജർമാരും സ്വീകരിക്കുന്നു.

ഇതിലും ദയനീയം ലോക്ഡൗൺ പീരിയഡിലും വിളിച്ച് അന്വേഷിക്കുന്ന ഉപഭോക്താക്കളോട് കാർഷിക ലോൺ പുതുക്കിവയ്ക്കാൻ ആവശ്യപ്പെടുന്ന അധികൃതർക്ക് പലപ്പോഴും കംപ്യൂട്ടറിന്റെ സെർവറിൽ ലോൺ ക്ലോസ് ചെയ്യാനും പുതിയതായി ഓപ്പൺ ചെയ്യാനും മൂന്നു മണിക്കൂർ വരെ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയും റിപ്പോർട്ട് ചെയ്യുകയുണ്ടായി. ആർബിഐ ലോക്ഡൗൺ പീരീഡിൽ എടുക്കുന്ന തീരുമാനങ്ങളിൽ പലതും പൊതുമേഖല ബാങ്കുകളിലേയ്ക്ക് എത്തിപ്പെട്ടിട്ടില്ല എന്ന ഒഴിവുകഴിവുകളാണ് കസ്റ്റമേഴ്സിനോട് അധികൃതർ പറയുന്നത് .