ചൊവ്വാഴ്ച വൈകീട്ട് മുതൽ കാണാതായ മലയാളിയും എറണാകുളം സ്വദേശിനിയുമായ ആന്‍ റോസ് ജെറിയുടെ(21) മൃതദേഹമാണ് ക്യാംപസ് വളപ്പിലെ സെന്റ് മേരീസ് തടാകത്തില്‍ വെള്ളിയാഴ്ച 11:15 am (പ്രാദേശിക സമയം ) ന് കണ്ടെത്തിയത്. യുഎസിലെ ഇന്‍ഡ്യാനയിലെ നോത്രദാം സര്‍വകലാശാല സീനിയർ വിദ്യാർഥിനിയായിരുന്നു മലയാളിയായ ആൻ റോസ് ജെറി.
പ്രാഥമികാന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. തടാകത്തിൽ നിന്നും പുറത്തെടുത്ത മൃതദേഹത്തിൽ പരിക്കുകൾ കണ്ടില്ല എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പോസ്റ്റ്മാർട്ടം ചെയ്ത ശേഷം മാത്രമേ കൂടുതൽ വിവരം അറിയുവാൻ കഴിയുകയുള്ളു.
ആന്‍ റോസിനെ കഴിഞ്ഞ ചൊവ്വാഴ്ച കാണാതായതിനെത്തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ക്യാംപസിലെ തടാകത്തില്‍ വിദ്യാര്‍ഥിനിയുടെ മൃതശരീരം പബ്ലിക് സേഫ്റ്റി ഓഫീസർ കണ്ടെത്തിയത്. ജെറിയുടെ നിര്യാണത്തിൽ എല്ലാവിധ സഹായവുമായി ക്യാപസ്സ് മിനിസ്ട്രി മുന്നിൽത്തന്നെയുണ്ട്.
പരേതയുടെ ആത്മശാന്തിക്കായി തിങ്കളാഴ്ച്ച (ജനുവരി 27 ) ഒൻപത് മണിക്ക് സേക്രഡ് ഹാർട്ട് ബസിലിക്കയിൽ കുർബാന അർപ്പിക്കുന്നു. എല്ലാവരെയും കുർബാനയിലേക്ക് ക്ഷണിക്കുന്നതായി യൂണിവേഴ്സിറ്റി പ്രസിഡന്റ് ഫാദർ ജോൺ വാർത്താകുറിപ്പിൽ അറിയിച്ചു.
[ot-video][/ot-video]
തിരുവല്ല:സാമൂഹ്യ പ്രതിബദ്ധത നിറവേറ്റുന്നതിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പങ്ക് പ്രശംസനീയമെന്ന് മാത്യം ടി. തോമസ് എം.എൽ.എ പ്രസ്താവിച്ചു.
‘പരിസ്ഥിതി സംരംക്ഷണ ബോധവത്ക്കരണം കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക് ‘ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷ്യൻ അഭി.മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്തയുടെ മാതൃ വിദ്യാലയമായ കൊമ്പങ്കേരി എം.റ്റി.എൽ.പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.നിരണം ഇടവകയുടെ സഹകരണത്തോടെ ഗ്രീൻ ക്ലബിന്റെ ആഭിമുഖ്യത്തിൻ നടന്ന ചടങ്ങ് നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത പ്രസാദ് അധ്യക്ഷത വഹിച്ചു.
ബിലീവേഴ്സ് ചർച്ച് യൂത്ത് ഫെലോഷിപ്പ് ഗ്രീൻ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളുകളിലും കോളജുകളിലും വിതരണം ചെയ്യുന്ന വിത്ത് അടങ്ങിയ പേനയുടെ വിതരണോദ്ഘാടനം നിരണം ഇടവക വികാരി ഫാദർ ഷിജു മാത്യു നിർവഹിച്ചു.
പ്രകൃതിയോട് ഇണങ്ങിയ ജീവിത സംസ്ക്കാരം വരുംതലമുറയിൽ വളർത്തിയെടുക്കുന്നതിനും പ്ലാസ്റ്റിക്ക് നിർമാർജനത്തിന്റെ സന്ദേശം വിദ്യാർത്ഥികളിൽ പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം.ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ പ്രകൃതിക്ക് ദോഷകരമാകുമ്പോൾ പേപ്പർ പേനകൾ ഉപയോഗത്തിന് ശേഷം വലിച്ചെറിഞ്ഞാലും ഭാവിയിൽ അത് ഒരു ഔഷധ ഗുണമുള്ള മരമായി തീരുമെന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാന ഫലം.കൂടാതെ പച്ചക്കറിവിത്തുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.അഗസ്ത്യ ചീര, തക്കാളി ,മുളക്, വഴുതനങ്ങ എന്നിവ അടങ്ങിയ വിത്തുകളോടൊപ്പം ഉള്ള പേനകൾ നിർമ്മിക്കുന്നത് തൃശ്രുരിലുള്ള 7 പേർ അടങ്ങിയ സംഘമാണ്.സെറിബ്രൽ പാൾസി, ഓട്ടിസം എന്നിവ ബാധിച്ച ഈ കുട്ടികൾ നിർമ്മിക്കുന്ന പേനകൾ വിതരണം ചെയ്യുന്നതു മൂലം ഇവരുടെ പ്രതീക്ഷകൾക്ക് നിറം നല്കുക കൂടിയാണ് ചെയ്യുന്നതെന്ന് ഗ്രീൻ ക്ലബ് പ്രോജക്ട് ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള ,ജനറൽ കൺവീനർ അജോയ് കെ വർഗ്ഗീസ് എന്നിവർ അറിയിച്ചു.
കാട്ടുനിലം സെന്റ് തോമസ് മാർത്തോമാ ചർച്ച് വികാരി ഫാദർ വി. ടി. സാമുവേൽ ആമുഖ പ്രഭാഷണം നടത്തി.തുണിസഞ്ചികളുടെ വിതരണം ഗ്രാമ പഞ്ചായത്ത് അംഗം കുരുവിള കോശി നിർവഹിച്ചു. വിദ്യാർത്ഥികൾക്കിടയിൽ പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെ ബോധവത്ക്കരണം നടത്തുന്ന ലഘുലേഖകളുടെ വിതരണോദ്ഘാടനം ഡീക്കൻ ജയിംസ് ജോയി മുളപ്പൻമടം ഹെഡ്മാസ്റ്റർ ജോൺ പി തോമസിന് നല്കി നിർവഹിച്ചു.
ഗ്രീൻ ക്ലബ് ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള,ജനറൽ കൺവീനർ അജോയി കെ വർഗ്ഗീസ് , കൺവീനർ അനീഷ് ജോൺ ,പോൾ വർഗ്ഗീസ്, പി.ടി.എ പ്രസിഡന്റ് അജി ഏബ്രഹാം, സീനിയർ അസിസ്റ്റന്റ് മേഴ്സി കെ, സ്റ്റാഫ് സെക്രട്ടറി ഏബ്രഹാം ഉമ്മൻ, ബ്രദേഴ്സ് ഗ്രൂപ്പ് ഡയറക്ടർ പ്രസാദ് മാത്യം മഠമുഖത്ത് ,എം.ജെ. അച്ചൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു.
ജോൺ കുറിഞ്ഞിരപ്പള്ളി
എന്താണ് ദാനിയേൽ വൈറ്റ് ഫീൽഡ് പറയാൻ പോകുന്നത് എന്ന് ശങ്കരൻ നായർ അത്ഭുതപ്പെട്ടു.ദാനിയേൽ വൈറ്റ് ഫീൽഡ് ഓഫിസിൽ നിന്നും അന്നത്തെ പോസ്റ്റിൽ കിട്ടിയ ഒരു ലെറ്റർ എടുത്തുകൊണ്ടു വന്നു.
“ബോർഡർ ലൈൻ പേർസണാലിറ്റി ഡിസോർഡർ എന്ന അപകടകരമായ മനോരോഗമായിരുന്നു ജെയിംസ് ബ്രൈറ്റിന്.”
ശങ്കരൻ നായർക്ക് ഒന്നും മനസ്സിലായില്ല.
“വികാരങ്ങളെ നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടുള്ള മാനസിക അവസ്ഥയാണ് അത്.വർഷങ്ങളായി മാനസിക അസ്വസ്ഥതക്ക് ചികിത്സ എടുത്തുകൊണ്ടിരിക്കുകയായിരുന്നു ജെയിംസ് ബ്രൈറ്റ്. രഹസ്യമായി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മദ്രാസിലെ റസിഡൻറ് ബ്രൈറ്റിനെ ഇംഗ്ലണ്ടിലേക്ക് തിരിച്ച് അയക്കുവാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.
ശങ്കരൻ നായരും സഹപ്രവർത്തകരും ക്രമേണ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു.
തലശ്ശേരി മൈസൂർ റെയിൽവേ ലൈനും മേമൻ റൂട്ട് ഉം എല്ലാം മൈസൂർ റെസിഡൻറി ൻ്റെ കീഴിലായിരുന്നു. ജെയിംസ് ബ്രൈറ്റിൻ്റെ മരണത്തോടെ അത് എല്ലാവരും അവഗണിച്ചു. മേമനേയും എല്ലാവരും മറന്നു തുടങ്ങിയിരുന്നു.
കുടകിലെ വനത്തിൽ നായാട്ടിന് പോയി വന്ന ചിലർ തമ്മിൽ തമ്മിൽ സംസാരിക്കുന്നത് ഒരു ദിവസം ശങ്കരൻ നായർ യാദൃശ്ചികമായി കേൾക്കാൻ ഇടയായി. മാക്കൂട്ടത്തിനടുത്തു വനത്തിൽ ഒരു ആദിവാസി യുവതിയും നാലഞ്ച് കുട്ടികളും താമസിക്കുന്നുണ്ട്. അവർ ഏതാണ്ട് മുഴുപട്ടിണിയിലാണ് എന്നും സഹതാപം തോന്നി അവർ കൊണ്ടുപോയ ഭക്ഷണ സാധനങ്ങൾ അവർക്കു കൊടുത്തിട്ടു തിരിച്ചു പോന്നു, ഇതായിരുന്നു അവരുടെ സംഭാഷണത്തിൻ്റെ ചുരുക്കം.
അത് മിന്നി,മേമൻ്റെ പെണ്ണ് ആണെന്ന് നായർക്ക് ഉറപ്പായിരുന്നു. മേമൻ്റെ മരണത്തോടെ അവർ പട്ടിണിയിൽ ആയിട്ട് ഉണ്ടാകും. വല്ലാത്ത ഒരു കുറ്റബോധം നായർക്ക് തോന്നി.മേമൻ്റെ മരണത്തിന് താനും ഒരു കാരണക്കാരൻ അല്ലെ?നിഷ്കളങ്കനായ ഒരു ആദിവാസി യുവാവിനെ ഒരു ഭ്രാന്തൻ്റെ സ്വപ്നങ്ങൾക്ക് വിട്ടുകൊടുത്തു.
നായർ ,നാരായണൻ മേസ്ത്രിയെ വിളിച്ചു.
തൻ്റെ കൂടെ മേമനെകൊല്ലിയിൽ വരാമോ എന്ന് ചോദിച്ചു.
“അച്ഛൻ എവിടെ പോയാലും ഞാനും കൂടെ വരും.”ഗീത പറഞ്ഞു.
അവർ മൂന്നു പേരും പിന്നെ സഹായത്തിന് ഏതാനും ജോലിക്കാരെയും കൂട്ടി കുറെ സാധങ്ങളുമായി മേമനെകൊല്ലിയിലേക്ക് പോയി. അവിടെ, മേമനെ സംസ്കരിച്ച സ്ഥലത്തു് ഗീത ചന്ദന തിരികൾ കത്തിച്ചു വയ്ക്കുകയും കുറെ പൂക്കൾ കൊണ്ട് മേമൻ്റെ ശവകുടീരം അലങ്കരിക്കുകയും ചെയ്തു.
മേമൻ്റെ ഊരിൽ അവർക്ക് ആരെയും കാണാൻ കഴിഞ്ഞില്ല. വിജനമായിക്കിടക്കുന്ന ഊരിൽ അവർ കുറെ സമയം ആരെങ്കിലും വരും എന്ന് വിചാരിച്ചു് കാത്തിരുന്നു.പക്ഷെ,അവരുടെ കാത്തിരിപ്പ് നിഷ്‌ഫലമായി. അവർ ഭക്ഷണം തേടി പുറത്തുപോയിട്ടുണ്ടാകും എന്ന ചിന്തയിൽ കൊണ്ടുപോയ സാധനങ്ങൾ അവിടെ തകർന്ന് കിടന്നിരുന്ന ഒരു കുടിലിൽ വച്ചിട്ട് തിരിച്ചുപോന്നു.
കുടകിൻ്റെ സമൂലമായ മാറ്റത്തിന് തുടക്കമിട്ട ഈസ്റ്റ് ഇന്ത്യ കമ്പനി തലശ്ശേരി മൈസൂർ റെയിൽവെ ലൈൻ എന്ന ആശയം ഉപേക്ഷിച്ചു.പകരം തലശ്ശേരിയേയും മൈസൂറിനേയും യോജിപ്പിച്ച് ഒരു റോഡ് പണിയുവാൻ ആരംഭിച്ചു.തലശ്ശേരി തുറമുഖവുമായി ബന്ധപ്പെടുന്നത് വന വിഭവങ്ങൾ കയറ്റി അയക്കുന്നതിന് വളരെ സൗകര്യപ്രദമായിരുന്നു.
പുതിയ റോഡിന് അവർ മേമനും ശങ്കരൻ നായരും കൂടി കണ്ടുപിടിച്ച മേമൻസ് റൂട്ട് ,തന്നെ ഉപയോഗിച്ചു.
മേമനെയും മേമനെകൊല്ലിയേയും ബന്ധപ്പെടുത്തി ധാരാളം കഥകൾ പ്രചരിച്ചുകൊണ്ടിരുന്നു.
റോഡ് പണിക്കായി വന്ന ജോലിക്കാർ മേമനെകൊല്ലിയിൽ ഒരു ആദിവാസി യുവാവിനെയും അവൻ്റെ പടുകൂറ്റൻ നായയെയും സന്ധ്യാസമയങ്ങളിൽ കാണാറുണ്ട് എന്ന് ശ്രുതി പരന്നു.
ചില സമയങ്ങളിൽ ഒരു നായ കുരയ്ക്കുന്നതും വനത്തിൽ നിന്ന് കേൾക്കാറുണ്ട് എന്ന് പറയുന്നു. അപമൃത്യു ആയതുകൊണ്ട് മേമൻ്റെ ആത്മാവു് അവിടെ ചുറ്റി തിരിയുകയാണന്ന് അവർ പരസ്പരം പറഞ്ഞു.ഈ കേട്ടുകേൾവികൾ ജനങ്ങളെ വല്ലാതെ ഭയപ്പെടുത്തി. മേമൻ്റെ ആത്മശാന്തിക്കായി അവർ പൂജകൾ ആരംഭിച്ചു.
മേമനെകൊല്ലിയെ ചുറ്റിപറ്റി ആളുകളെ ഭയപ്പെടുത്തുന്ന ധാരാളം കഥകൾ പ്രചരിച്ചു.
എങ്കിലും റോഡുപണിക്കാരും ആദിവാസികളും മേമൻ്റെ ഊരിൽ താമസം ആരംഭിക്കുകയും ആ പ്രദേശം മേമനെകൊല്ലി എന്ന് അറിയപ്പെടുകയും ചെയ്തു.
മാക്കുട്ടം മുതൽ മേമനെകൊല്ലി വരെയുള്ള റോഡുപണി പൂർത്തിയായ ദിവസം ശക്തിയായി മഴ പെയ്തു. മഴവെള്ളത്തിൻ്റെ കുത്തൊഴുക്കിൽ പുതിയ റോഡ് പൂർണമായി തകർന്നു പോയി.റോഡുപണി ഏറ്റെടുത്ത കമ്പനി പിന്നീട് പുനർനിർമ്മാണം നടത്തി.പക്ഷെ, ഏതാനും ദിവസം കഴിഞ്ഞ് ഉരുൾപൊട്ടലിൽ വീണ്ടും റോഡ് തകർന്നു. ജെയിംസ് ബ്രൈറ്റിനോട് മേമൻ പ്രതികാരം ചെയ്യുന്നതാണ് ഇതിനെല്ലാം കാരണം എന്ന് ഊരിലുള്ള ആദിവാസികളും ഗ്രാമവാസികളും വിശ്വസിച്ചു.പ്രദേശവാസികൾ പ്രതികാര ദാഹിയായ മേമനെ ഭയപ്പെട്ടു..
* * *
ഈസ്റ്റ് ഇന്ത്യ കമ്പനി കുടകിലെ വീട്ടി തടികളും ചന്ദനവും എല്ലാം ഇതിനിടയിൽ റോഡ് മാർഗം തലശ്ശേരിയിൽ എത്തിച്ചു് ഇംഗ്ലണ്ടിലേക്ക് കപ്പലിൽ കടത്തിക്കൊണ്ടിരുന്നു. കുടകിലെ കർഷകർക്ക് നഷ്ടപ്പെടുന്ന വന സമ്പത്തിൻ്റെ മൂല്യത്തെക്കുറിച്ചു യാതൊരു ഗ്രാഹ്യവും ഉണ്ടായിരുന്നില്ല. അവർക്ക് അല്ലെങ്കിലും ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല. ഈസ്റ്റ് ഇന്ത്യ കമ്പനി മാക്കൂട്ടത്തിലും വള്ളിത്തോട്ടിലും ചതുപ്പു നിറഞ്ഞ സ്ഥലങ്ങളിൽ താൽക്കാലിക റെയിൽ പാളങ്ങൾ സ്ഥാപിച്ചു് വനവിഭവങ്ങൾ കടത്തുന്നതിന് വേഗത കൂട്ടി. മനുഷ്യസ്പർശം ഏൽക്കാത്ത കുടകിലെ വനങ്ങളിൽ ബ്രിട്ടീഷ്‌കാരുടെ കോൺട്രാക്റ്റർ മാർ കയറി ഇറങ്ങി കിട്ടാവുന്നതെല്ലാം കൊള്ള ചെയ്തു.
ഗീതയുടെ വിവാഹം കഴിഞ്ഞു.
ഗീതയും ഭർത്താവും കണ്ണൂരേക്ക് താമസം മാറി.
അവിടെ ഗീതയും ഭർത്താവുംകൂടി “ഗീതാബേക്കറി ” ആരംഭിച്ചു. കണ്ണൂർ വന്ന് തൻ്റെ കൂടെ താമസിക്കാൻ മകൾ നായരെ നിർബ്ബന്ധിച്ചുകൊണ്ടിരുന്നു.എത്
വാരാന്ത്യങ്ങളിൽ നായർ വല്ലപ്പോഴും മകളുടെ അടുത്തുപോകും.
ഗീത പോയതോടുകൂടി നായർ മൂകനായി കാണപ്പെട്ടു.
തലശ്ശേരിയിൽ അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നു ശങ്കരൻ നായർ .നായരുടെ ഈ മാറ്റം എന്തുകൊണ്ടാണെന്ന് ആർക്കും മനസ്സിലായില്ല.
ഒരു ദിവസം നായരെ കാണാതായി.
ശങ്കരൻ നായർക്ക് എന്തുപറ്റി?നായർ എവിടെ പോയി?എല്ലാവരും തമ്മിൽ തമ്മിൽ ചോദിച്ചു.
നാരായണൻ മേസ്ത്രിയും, ഗീതയും പിന്നെ ദാനിയേൽ വൈറ്റ് ഫീൽഡും നായരെ അന്വേഷിച്ചു നടന്നു. പക്ഷേ യാതൊരു വിവരവും കിട്ടിയില്ല.
നായരെ മേമനെകൊല്ലിയിൽ വച്ച് കണ്ടു എന്ന് ചിലർ പറഞ്ഞു.
തലശ്ശേരി കടൽപാലത്തിൽ നിൽക്കുന്നത് കണ്ടു എന്ന് മറ്റുചിലർ.
ഡിപ്രഷനായി നായർ ആത്‍മഹത്യ ചെയ്തു എന്ന് മറ്റു ചിലർ.
തലശ്ശേരി നിവാസികൾക്ക് പരിചിതനായിരുന്ന നായരുടെ തിരോധാനം എല്ലാവരെയും സങ്കടത്തിലാക്കി.
ഗീതയും നാരായണൻ മേസ്ത്രിയും ശങ്കരൻ നായരെ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് കുഞ്ഞിരാമേട്ടനെ പരിചയപ്പെടുന്നത്.വണ്ണം തീരെയില്ലാത്ത ,തലശ്ശേരിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ “നൂലുപോലത്തെ കുഞ്ഞിരാമേട്ടൻ.”
വീരരാജ്പേട്ടയിൽ കാപ്പിയും വടയും വിറ്റു നടന്നിരുന്ന കുഞ്ഞിരാമേട്ടൻ ഉറപ്പിച്ചു പറഞ്ഞു,താൻ ശങ്കരൻ നായരെ മേമനെകൊല്ലിയിൽ വച്ച് കണ്ടിട്ടുണ്ട് എന്ന്.കുറച്ചു കാലങ്ങൾക്ക് മുൻപ് ശങ്കരൻ നായർ സൂക്ഷിക്കാൻ ഏൽപിച്ച സാധനങ്ങളുമായി കടന്നുകളഞ്ഞ അതേ കുഞ്ഞിരാമേട്ടൻ തന്നെയാണ് ഇയാൾ.
മേമനെകൊല്ലിയിൽ റോഡുപണിക്കാരെയും ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ തൊഴിലാളികളെയും ഉദ്ദേശിച്ചു ഒരു കാപ്പിക്കട കുഞ്ഞിരാമേട്ടൻ തുടങ്ങിയിരുന്നു.അവിടെ നായർ വന്നിരുന്നു എന്നാണ് കുഞ്ഞിരാമേട്ടൻ പറയുന്നത്.അവർ തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട് എന്നും.
നായർ കുഞ്ഞിരാമേട്ടൻ്റെ കടയിൽ നിന്നും കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെ വന്ന ഏതാനും റോഡ് പണിക്കർ തമ്മിൽ സംസാരിക്കുന്നതു ശ്രദ്ധിച്ചു.
അവരുടെ ഭാഷ മനസ്സിലാകാതിരുന്ന ശങ്കരൻ നായർ ചോദിച്ചു “ഇത് റോഡ് പണിക്കാരാണോ ?”
“അതെ.”
“അവർ എന്താണ് സംസാരിക്കുന്നത്.?”
“അടുത്ത വെള്ളിയാഴ്ച മേമനെകൊല്ലിയിലെ താറുമാറായി പോകുന്ന റോഡ് ഉറപ്പിക്കുന്നതിനായി അവർ ഒരു നരബലി നടത്തുന്ന കാര്യമാണ് .”
പാലങ്ങൾ,കെട്ടിടങ്ങൾ,റോഡുകൾ ഇവ ഉറച്ചു നിൽക്കുന്നതിനായി നരബലി നടത്തുക സാധരണമായിരുന്നു
“നരബലി?”
“കൂടെ കൂടെ പൂർത്തിയാക്കിയറോഡ് തകർന്നുപോകുന്നതിന് പരിഹാരമായി നരബലി നടത്തണം എന്നാണ് അവർ പറയുന്നത്. ”
ബ്രിട്ടീഷ് ഭരണകൂടം നരബലി നിരോധിച്ചിച്ചിരിക്കുന്നതുകൊണ്
“വളരെ രഹസ്യമാണ്.അവർ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല എന്നാണ് അവരുടെ വിചാരം.ബലികൊടുക്കുന്നതു ഒരു ആദിവാസി യുവതിയെ ആണ് എന്നാണു അവർ പറഞ്ഞത്.എന്തെങ്കിലും ആകട്ടെ.നമുക്കെന്താ?”
നായർ എഴുന്നേറ്റു, ഒന്നും മിണ്ടാതെ മേമനെകൊല്ലിയിലെ ആദിവാസികൾ താമസിക്കു സ്ഥലത്തേക്ക് നടന്നുപോയി.നായരുടെ ഷർട്ടിനടിയിൽ അരയിൽ ഒരു റിവോൾവർ തിരുകി വച്ചിരുന്നു എന്നാണ് കുഞ്ഞിരാമേട്ടൻ പറയുന്നത്.
കുഞ്ഞിരാമേട്ടൻ പിന്നാലെ ചെന്നു.
.ശങ്കരൻ നായർ പറഞ്ഞു,”കുഞ്ഞിരാമൻ തിരിച്ചു പൊയ്ക്കൊള്ളൂ”.
അതിനുശേഷം ശങ്കരൻ നായരെ കാണുകയുണ്ടായില്ല.
നരബലിക്കു നിശ്ചയിച്ചിരുന്ന ദിവസം രാത്രി പന്ത്രണ്ടു മണി.കുഞ്ഞിരാമേട്ടന് ഇരിപ്പുറയ്ക്കുന്നില്ല,നരബലി കാണണമെന്ന് ഒരു മോഹം.
കുഞ്ഞിരാമേട്ടൻ ഒരു വലിയ മരത്തിന്പിന്നിൽ ഒളിച്ചിരുന്നു.രാത്രി പന്ത്രണ്ടു മണി ആയപ്പോൾ പത്തുപന്ത്രണ്ടാളുകൾ മിന്നിയെ പിടിച്ചുകെട്ടി മേമന് ബലികൊടുക്കുന്നതിനായി കൊണ്ടുവന്നു.
അവൾക്ക് അനക്കമുണ്ടായിരുന്നില്ല. രണ്ടുപേർ ചേർന്ന് അവളെ നിലത്തു് കിടത്തി. രണ്ടു പന്തം വെളിച്ചം കിട്ടാനായി കത്തിച്ചു വച്ചു ,പൂജ ആരംഭിച്ചു.
പൂജയുടെ അവസാനം മിന്നിയുടെ അടുത്തേക്ക് പൂജാകർമം ചെയ്യുന്ന ആൾ ഒരു കൊടുവാളുമായി വന്നു, വാൾ ഉയർന്നു..
ഒരു മിന്നൽ,എവിടെ നിന്നോ ഒരു വെടിപൊട്ടി.
അയാൾ മറിഞ്ഞു വീണു.
എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകാതെ സഹായി മിന്നിയുടെ അടുത്തേക്ക് ചെന്നു.
വീണ്ടും ഒരു വെടി പൊട്ടി. രണ്ടുപേർ കൊടുവാളുകളുമായി പ്രകാശം കണ്ട സ്ഥലത്തേക്ക് കുതിച്ചു..
ദയനീയമായ ഒരു കരച്ചിലോടെ അവർ മറിഞ്ഞു വീണു.രണ്ടുപേരുടെയും വയർ മുറിഞ്ഞു കുടൽ മാലകൾ പുറത്തുചാടിയിരുന്നു.
നിലത്തു കിടന്നിരുന്ന മിന്നി യുടെ അടുത്ത് വന്ന ഒരാൾ കഠാര ഉയർത്തി.
അടുത്ത നിമിഷം അയാളും വെടിയേറ്റ് മറിഞ്ഞു വീണു..
ഈ ബഹളത്തിനിടയിൽ ബാക്കിയുള്ളവർ അപകടം തിരിച്ചറിഞ്ഞു,ഓടി രക്ഷപെട്ടു.
ആജാനുബാഹുവായ ഒരു മനുഷ്യൻ ഉറച്ച കാൽ വയ്പ്പുകളോടെ അവിടേക്ക് വന്നു.
മിന്നിയെ എടുത്തു തോളത്തു കിടത്തി.ഏതാണ്ട് പരിപൂർണ നഗ്നയായിരുന്നു അവൾ.ആ മനുഷ്യൻ അവളെയും തോളിൽ കിടത്തി വനത്തിനുള്ളിലേക്കു നടന്നുപോയി.
പക്ഷെ അത് ശങ്കരൻ നായരാണ് എന്ന് കുഞ്ഞിരാമേട്ടന് ഉറപ്പിച്ചു പറയുവാൻ കഴിഞ്ഞില്ല.
കുഞ്ഞിരാമേട്ടൻ്റെ കഥകളുടെ അടിസ്ഥാനത്തിൽ ഗീതയും നാരായണൻ മേസ്ത്രിയും ഡാനിയേൽ വൈറ്റ് ഫീൽഡും വളരെയധികം അന്വേഷണങ്ങൾ നടത്തി നോക്കിയെങ്കിലും ശങ്കരൻ നായരെക്കുറിച്ച് യാതൊരു വിവരവും കിട്ടുകയുണ്ടായില്ല.
പലതവണ ഗീതയും നാരായണൻ മേസ്ത്രിയും ഡാനിയെൻ വൈറ്റ് ഫീൽഡും നായരേ അന്വേഷിച്ചു മേമനെകൊല്ലിയിൽ ചെന്നു.
.പക്ഷെ ആർക്കും ഒരു വിവരവും അറിഞ്ഞുകൂട
കുഞ്ഞിരാമേട്ടൻ പറയുന്നത് ആരും വിശ്വസിച്ചില്ല.
കാരണം കഥകൾ മെനയുന്നതിൽ കുഞ്ഞിരാമേട്ടൻ സമർത്ഥൻ ആയിരുന്നു..
ഇതേ സമയത്തു് തലശ്ശേരിയിലെ ലൈറ്റ് ഹൗസിനടുത്തുള്ള കുറ്റിക്കാട്ടിൽ കണ്ട ഒരു അസ്ഥികൂടം നായരുടേതാണെന്ന് മറ്റു ചിലർ ഉറപ്പിച്ചു പറഞ്ഞു.ഷർട്ടും മറ്റും നായരുടേതിനോട് സാമ്യമുണ്ടായിരുന്നു.
എങ്കിലും ഗീതക്ക് അത് തൻ്റെ അച്ഛനാണ് എന്ന് ഉറപ്പിക്കുവാൻ കഴിഞ്ഞില്ല.
നായരുടെ തിരോധാനം ഉത്തരം കിട്ടാത്ത ഒരു സമസ്യ ആയി അവശേഷിച്ചു.
തലശ്ശേരിയുടെയും കുടകിൻ്റെ യും ചരിത്രത്തിൽ എഴുതിച്ചേർക്കപെട്ട ശങ്കരൻ നായരും മേമനും ബ്രൈറ്റും എല്ലാം കാലക്രമേണ അവഗണിക്കപ്പെട്ടു.നാടൻ പാട്ടുകളിലും കെട്ടുകഥകളിലും അവരുടെ ചരിത്രം ഒതുങ്ങിപ്പോയി.
ഉരുൾ പൊട്ടലിലും പെരുമഴയിൽ പുഴയിലെ ജലനിരപ്പുയർന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിലും മേമനെകൊല്ലി ഏതാണ്ട് നാശത്തിന്റെ വക്കിൽ എത്തിക്കഴിഞ്ഞിരുന്നു
മേമനെ കൊല്ലിയുടെ ചരിത്രം ഇവിടെ അവസാനിക്കേണ്ടതായിരുന്നു. അതോടൊപ്പം ശങ്കരൻ നായരും മേമനും എല്ലാം.
പക്ഷേ കാലത്തിൻ്റെ നിയോഗം മറ്റ് ഒന്ന് ആയിരുന്നു.
(തുടരും)
മഞ്ചേശ്വരം മിയാപദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബി.കെ.രൂപശ്രീയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. രൂപശ്രീയെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ സഹ അധ്യാപകനായ വെങ്കിട്ടരമണ കരന്തരെയും അദ്ദേഹത്തിന്റെ ഡ്രൈവറായിട്ടുള്ള നിരഞ്ജന്‍ എന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുമായി രൂപശ്രീയ്ക്ക് നല്ല സൗഹൃദമുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സൗഹൃദം പിന്നീട് ശല്യമായെന്നും ഇത് രൂക്ഷമായതിനെത്തുടര്‍ന്നാണ് കൊലപാതകമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അധ്യാപികയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ അവരുടെ കിടപ്പു മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പിടിയിലായ അധ്യാപകന്‍ രൂപശ്രീയ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം അദ്ദേഹത്തിന്റെ കാറില്‍ കടല്‍ത്തീരത്ത് കൊണ്ടുപോയി ഉപേക്ഷിച്ചു എന്നാണ് ലഭിക്കുന്ന വിവരം. അധ്യാപിക മുങ്ങിമരിച്ചതാകാമെമെന്ന് മൃതദേഹപരിശോധനാ റിപ്പോര്‍ട്ടിലും സൂചനയുണ്ടായിരുന്നു.
ജനുവരി 16-ന് വൈകുന്നേരത്തോടെയാണ് രൂപശ്രീയെ കാണാതായത്. കാണാതായി 36 മണിക്കൂറിലധികം കഴിഞ്ഞാണ് ഇവരുടെ മൃതദേഹം കോയിപ്പാടി കടപ്പുറത്ത് കാണുന്നത്. രൂപശ്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സമയത്ത് തന്നെ അവരുടെ സ്‌കൂളിലെ സഹ അധ്യാപകരെയും സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് സ്‌കൂളിലെ ഡ്രോയിംഗ് അധ്യാപകനായ വെങ്കട്ടരമണയുടെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നിയിരുന്നു. ആദ്യം വെങ്കട്ടരമണയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നുവെങ്കിലും പിന്നീട് കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് വെങ്കട്ടരമണയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതിനുത്തരവാദികളായവരെ കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളുമാണ് പോലീസില്‍ പരാതി നല്‍കിയത്. മുടിമുഴുവന്‍ കൊഴിഞ്ഞുപോയ നിലയിലായിരുന്നു മൃതദേഹം. വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല.
ചരിത്രത്തിലെ വേഗതയേറിയ താരം ഉസൈൻ ബോൾട്ട് അച്ഛനാകുന്നു. താരം തന്നെയാണ് തന്റെ ജീവിതപങ്കാളി കാസി ബെന്നെറ്റ് ഗർഭിണിയാണെന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഒപ്പം കാസിയുടെ മനോഹരങ്ങളായ ചിത്രങ്ങളും പോസ്റ്റ് ചെയ്തു.
33–കാരനായ ഉസൈൻ ബോൾട്ടും 30–കാരിയായ കാസിയും ആദ്യകുട്ടിയെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ്.
രാജാവോ രാഞ്ജിയോ വരാനിരിക്കുന്നു എന്നാണ് വിശേഷം പങ്കുവച്ച് ബോൾട്ട് കുറിച്ചിരിക്കുന്നത്. 2014 മുതൽ ഇവർ ഒരുമിച്ചാണ് ജീവിക്കുന്നത്. 2016–ാണ് ബന്ധം പരസ്യമാക്കിയത്.
ജമൈക്കൻ താരമായ ഉസൈൻ ബോൾട്ട് 100, 200 മീറ്ററിൽ ലോക റെക്കോഡുകളിൽ മുത്തമിട്ടതാണ്. ഇൻസ്റ്റഗ്രാമിൽ നിരവധി ആരാധകരുള്ള ഗ്ലാമറസ് മോഡലാണ് കാസി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് വിഖ്യാത നിക്ഷേപകനായ ജോർജ് സോറോസ്. ദാവോസിൽ സംഘടിപ്പിച്ച വാർഷിക പ്രഭാഷണ പരിപാടിയിൽ സംസാരിക്കവെയാണ് ജോർജ് സോറോസ് മോദിയുടെ ദേശിയവാദപരമായ നയങ്ങളെ വിമർശിച്ചത്. നിക്ഷേപകരെ വലിയ തോതിൽ സ്വാധീനിക്കാൻ ശേഷിയുള്ളതിനാൽത്തന്നെ ഇദ്ദേഹത്തിന്റെ വാക്കുകളെ ഗൗരവത്തോടെയാണ് ബിസിനസ് സമൂഹം കാണുന്നത്.
“ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഹിന്ദു ദേശീയ ഭരണകൂടം സൃഷ്ടിച്ചെടുക്കാനുള്ള ശ്രമം നടത്തുകയാണെ”ന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാശ്മീരിൽ ജനങ്ങളെ ശിക്ഷിക്കുന്ന നയങ്ങളാണ് നടപ്പാക്കുന്നത്. ദശലക്ഷക്കണക്കിന് മുസ്ലിങ്ങളുടെ പൗരത്വം നീക്കം ചെയ്യുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തുന്നു. ദേശീയത ഇന്ന് തെറ്റായ വഴിയിലൂടെ ഏറെ മുമ്പോട്ടു നീങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസിഡണ്ട് ട്രംപ് അങ്ങേയറ്റത്തെ ആത്മരതിക്കാരനാണെന്നും സോറോസ് പറഞ്ഞു. അമേരിക്കയുടെ പ്രസിഡണ്ടാകണമെന്ന അയാളുടെ ഫാന്റസി യാഥാർത്ഥ്യമായപ്പോൾ ആത്മരതി എല്ലാ അതിർത്തികളെയും ലംഘിച്ചു. തന്റെ വ്യക്തിതാൽപര്യങ്ങൾക്കായി രാഷ്ട്രത്തിന്റെ താൽപര്യങ്ങളെ ബലികഴിക്കാൻ ഒരു പ്രയാസവുമില്ലാത്തയാളാണ് ട്രംപെന്നും അദ്ദേഹം പറഞ്ഞു.
മനസിനക്കരെ എന്ന സിനിമയിലൂടെ എത്തി മലയാളികളുടെ മനസ് കീഴടക്കിയ നായികയാണ് നയന്‍താര. പത്തനംതിട്ട ജില്ലയിലെ തിരുവല്ലക്കാരിയായ നയന്‍താര തമിഴ്,തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ട് സിനിമലോകത്തെ പകരക്കാരില്ലാത്ത താരമായി മാറിക്കഴിഞ്ഞു. ഡയാന മറിയം കുര്യന്‍ എന്ന തിരുവല്ലക്കാരിയുടെ പേര്മാറ്റി നയന്‍താര എന്ന പേര് താരത്തിന് സമ്മാനിച്ചത് സംവിധായകനായ ജോണ്‍ ഡിറ്റോയാണ്. നായന്‍താര എന്ന പേര് കണ്ടെത്തിയതിന്റെ ഓര്‍മ്മ അദ്ദേഹം ഇപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
ഡയാന മറിയം കുര്യന്‍ എന്ന പേരിന് പകരം ഒരു പേര് വേണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നും. മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളിപ്പേര് മനസിലുടക്കിയെന്നും. പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയന്‍താരയുടെ പേരും സത്യന്‍ അന്തിക്കാട് അനൗണ്‍സ് ചെയ്തുവെന്നും.’ ജോണ്‍ ഡിറ്റോ ഫെയ്‌സ്ബുക്കില്‍ എഴുതുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
2003..
തിരക്കഥാകൃത്തും സംവിധായകനുമായ A K Sajan സാറിന്റെ സ്‌ക്രിപ്റ്റ് അസിസ്റ്റന്റായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാലം.
ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു.
ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സ്വാമിനാഥന്‍ സാറിനെക്കാണാന്‍ എത്തി.
വിശേഷം പറഞ്ഞ കൂട്ടത്തില്‍ ഷൊര്‍ണ്ണൂരില്‍ സത്യന്‍ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടി ഡയാനയെന്നാണ് പേരത്രെ.
‘ഡിറ്റോ ഒരു പേര് ആലോചിക്ക് ‘സര്‍ നിര്‍ദ്ദേശിച്ചു.
ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാന്‍
ചിന്തിച്ചു ..
മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി.
…നയന്‍താര….
ഞാന്‍ പറഞ്ഞു: നയന്‍താര ..
സാജന്‍സാര്‍ തലയാട്ടി…
സ്വാമിനാഥന്‍ സാറും തലകുലുക്കി.
പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയന്‍താരയുടെ പേരും സത്യന്‍ സര്‍ അനൗണ്‍സ് ചെയ്തു.
അങ്ങനെ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയുടെ പേരിട്ട ഞാന്‍ …
സമ്പൂര്‍ണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു.
നായിക ഇതൊന്നുമറിയാതെ തലൈവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.
ഇന്ന് സാജന്‍ സാറിനെക്കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്നപ്പോള്‍ പഴയ കാര്യങ്ങള്‍ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓര്‍ത്തത്..
‘പുതിയ നിയമം’ എന്ന മമ്മൂട്ടിപ്പടം സാജന്‍ സര്‍ ഡയറക്റ്റ് ചെയ്തപ്പോള്‍ നായികയായ നയന്‍താരയെ കാണാന്‍ കഴിഞ്ഞിരുന്നില്ല.
എങ്കില്‍ ഈക്കഥ പറയാമായിരുന്നു.
ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ റാഫേല്‍ നദാനലിനെ പരിഹസിച്ച് ഓസ്‌ട്രേലിയന്‍ താരം നിക്ക് ക്യൂരിയോസ്. എതിരാളികള്‍ക്ക് ബഹുമാനം നല്‍കാതെ അവരെ അപമാനിക്കുന്നതും പരിഹസിക്കുന്നതും ക്യൂരിയോസിന്റെ പതിവ് രീതികളാണ്. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങളില്‍ താരത്തിന് വലിയ വിമര്‍ശനങ്ങളും വിലക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനിടെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഫ്രാന്‍സിന്റെ ഗില്ലെസ് സൈമണ് എതിരായ രണ്ടാം റൗണ്ട് മത്സരത്തിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. രണ്ടാം സെറ്റിനിടയില്‍ സര്‍വീസിന് കൂടുതല്‍ സമയം എടുക്കുന്നു എന്ന ചെയര്‍ അമ്പയറുടെ മുന്നറിയിപ്പ് ആണ് ക്യൂരിയോസിനെ ചൊടിപ്പിച്ചത്. അമ്പയറോട് കയര്‍ത്ത ക്യൂരിയോസ് നദാല്‍ സര്‍വീസ് ചെയ്യുന്ന വിധം അനുകരിക്കുക കൂടി ചെയ്തപ്പോള്‍ കാണികള്‍ക്ക് ചിരിക്കുള്ള വകയായി. ക്യൂരിയോസിനെ കണ്ട് സൈമണും നദാലിനെ അനുകരിച്ചത് വീണ്ടും ചിരിക്കുള്ള വക നല്‍കി.
പലപ്പോഴും സര്‍വീസ് ചെയ്യാന്‍ മറ്റ് താരങ്ങളെക്കാള്‍ കൂടുതല്‍ സമയം എടുക്കുന്നു എന്ന പേരുള്ള താരമാണ് നദാല്‍. സര്‍വീസുകള്‍ക്ക് മുമ്പ് നദാല്‍ എടുക്കുന്ന സമയവും പലപ്പോഴും നദാലിന്റെ ഇത്തരം സമയം നഷ്ടമാക്കലിനോട് അമ്പയര്‍മാര്‍ വലിയ നടപടികളോ മുന്നറിയിപ്പോ നല്‍കാറില്ല. ഇക്കാര്യം ആംഗ്യത്തിലൂടെ ക്യൂരിയോസ് ഓര്‍മ്മപ്പെടുത്തിയതാണ് വിവാദമായത്. മുമ്പ് നദാലിന് എതിരെ അണ്ടര്‍ ആം സര്‍വീസ് ചെയ്തത് അടക്കം നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ട താരമാണ് ക്യൂരിയോസ്.
സംഭവം തമാശയായി എടുക്കുന്നവര്‍ക്ക് എടുക്കാം തന്റെ ശ്രദ്ധ മുഴുവന്‍ ടെന്നീസിലായിരുന്നു. ഇതായിരുന്നു സംഭവത്തെ കുറിച്ച് ക്യൂരിയോസിന്റെ പ്രതികരണം. എന്നാല്‍ ക്യൂരിയോസിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് ആരാധകര്‍ സാമൂഹിക മാധ്യങ്ങളില്‍ രംഗത്തെത്തി.
ശത്രുക്കള്‍ എന്ന പേരുള്ള നദാല്‍ ക്യൂരിയോസ് വീര്യം ഇതോടെ കൊഴുക്കും. അതേപോലെ ഇരു താരങ്ങളും ഓസ്ട്രേലിയന്‍ ഓപ്പണില്‍ നാലാം റൗണ്ടില്‍ കണ്ടുമുട്ടാം എന്ന സാധ്യത ഇപ്പോള്‍ തന്നെ ആരാധരെ ആവേശത്തിലാക്കുന്നുണ്ട്. നദാലിന്റെ മത്സരം വീക്ഷിക്കുന്ന ക്യൂരിയോസിന്റെ ദൃശ്യങ്ങളും ഇന്ന് പുറത്ത് വന്നിരുന്നു.
🤦♂️(🎥@Eurosport_RU ) pic.twitter.com/s9scAWS5sj
— doublefault28 (@doublefault28) January 23, 2020
ആലപ്പുഴയിലെ പാതിരാമണലില്‍ വിനോദ സഞ്ചാരികളുമായി പോയ ഹൗസ്‌ബോട്ട് കത്തിയമര്‍ന്ന സംഭവത്തില്‍ ദുരനുഭവം പങ്കുവെച്ച് രക്ഷപ്പെട്ട യാത്രക്കാര്‍.
”അടുക്കള ഭാഗത്ത് നിന്നുമുയര്‍ന്ന പുകയാണ് ആദ്യം കാണുന്നത്. വളരെ പെട്ടെന്നു തന്നെ അത് റൂമുകളിലേക്കും വ്യാപിച്ചു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. ഒരു വശത്തുനിന്നും തീ ആളിപ്പടരുന്നു. ചുറ്റം ആഴത്തില്‍ വെള്ളവും. ഒന്നും ചെയ്യാനാകാതെ പകച്ച് നിന്ന നിമിഷങ്ങള്‍. വെറും എട്ടുമിനിട്ടിനുള്ളിലാണ് ഇതെല്ലാം സംഭവിച്ചത്. ഇട്ടിരിക്കുന്ന വസ്ത്രമൊഴിച്ച് എല്ലാം കത്തിനശിച്ചു. ബോട്ട് പൂര്‍ണമായും അഗ്നി വിഴുങ്ങുമ്പോള്‍ പ്രാണന്‍ ചേര്‍ത്ത് പിടിച്ച് കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുകയായിരുന്നു. ദൈവം തിരിച്ചു തന്നതാണ് ഈ ജീവന്‍ എന്നും യാത്രക്കാരിലൊരാള്‍ പറഞ്ഞു.
സുരക്ഷാക്രമീകരണങ്ങള്‍ ഒന്നും തന്നെ ബോട്ടില്‍ ഉണ്ടായിരുന്നില്ല. അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ കാലിയായിരുന്നു. ലൈഫ് ജാക്കറ്റുകളോ, എയര്‍ ട്യൂബുകളോ ബോട്ടില്‍ ഉണ്ടായിരുന്നുമില്ല. തീ അടുത്തെത്താറായപ്പോഴും ഒന്നുകൊണ്ടും പേടിക്കേണ്ട എന്നു മാത്രമായിരുന്നു ബോട്ട് ജീവനക്കാരുടെ പ്രതികരണം എന്നും യാത്രക്കാര്‍ പറയുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പാതിരാമണല്‍ ദ്വീപിന് 200 മീറ്റര്‍ തെക്ക് ഭാഗത്തായിരുന്നു അപകടം. ആറ് മാസം പ്രായമായ കുഞ്ഞും ആറ് സ്ത്രീകളുമടക്കം കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ 13 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഹൗസ്‌ബോട്ടില്‍ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12 ഓടെയാണ് ഓഷ്യാനസ് എന്ന ബോട്ടില്‍ ഇവര്‍ യാത്ര ആരംഭിച്ചത്. യാത്ര ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും തീപടര്‍ന്ന് ബോട്ട് കത്തി അമരുകയായിരുന്നു. തീപിടിക്കുകയാണെന്ന് ബോദ്ധ്യമായതോടെ ദ്വീപിന് സമീപത്തേക്ക് ബോട്ട് വേഗം ഓടിച്ചെത്തിയ സ്രാങ്ക് ഇടയാഴം സജി ഭവനില്‍ സജിയുടെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചത്.
തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ മണ്ണുമാന്തിയുടെ യന്ത്രകൈ കൊണ്ട് അടിച്ചുകൊന്നു. കാഞ്ഞിരവിള ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊലപ്പെട്ടത്. അര്‍ധരാത്രി സ്വന്തം ഭൂമിയില്‍ നിന്ന് അനുവാദമില്ലാതെ മണ്ണെടുക്കുന്നത് തടഞ്ഞതാണ് കൊലപാതകത്തിന് കാരണം.
മണ്ണുമാന്തി ഉടമ സജു അടക്കമുളള അക്രമികള്‍ കൊലയ്ക്കുശേഷം രക്ഷപെട്ടു. മണ്ണുമാന്തിയും ടിപ്പറും കൊണ്ടുവന്ന് മണ്ണെടുക്കുന്നത് അറിഞ്ഞ് സംഗീത് ഓടിയെത്തുകയായിരുന്നു. കാറിട്ട് മണ്ണുമാന്തി തടഞ്ഞ സംഗീത് പൊലീസിനെ വിളിക്കാന്‍ ശ്രമിച്ചതോടെയാണ് കൊലപാതകം. മണ്ണുമാന്തി കൊണ്ട് കാറ് നീക്കി പോകാന്‍ ശ്രമിച്ച സംഘത്തെ തടയാനെത്തിയ സംഗീതിനെ യന്ത്രക്കൈകൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രവാസിയായിരുന്ന സംഗീത് ഇപ്പോൾ നാട്ടിൽ ചിക്കൻ സ്റ്റാളുകളും മറ്റു നടത്തിയാണ് ജീവിക്കുന്നത്. വീടിനോട് ചേർന്നുള്ള വിശാലമായ പുരയിടത്തിൽ നിന്നും മണ്ണെടുക്കാൻ വനംവകുപ്പിന് സംഗീത് അനുമതി നൽകിയിരുന്നു. സ്ഥലത്ത് എത്തിയ സംഗീത് മറ്റൊരു സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് കടത്തുന്നതാണ് കണ്ടത്. മണ്ണുകടത്താനെത്തിയവരെ ചോദ്യം ചെയ്ത സംഗീത് തന്റെ കാർ വഴിയിൽ ഇട്ട് ജെസിബിയെ തടഞ്ഞു. ഈ ഘട്ടത്തിൽ സംഗീതിന്റെ വീടിനോട് ചേർന്നുള്ള മതിൽ പൊളിച്ച് ആ വഴി പുറത്തു കടക്കാനായിരുന്നു മണ്ണു കടത്ത് സംഘത്തിന്റെ ശ്രമം. ഇതു തടയാൻ വേണ്ടി സംഗീത് കാറിൽ നിന്നും ചാടിയിറങ്ങി ജെസിബിയുടെ മുന്നിൽ നിന്നു. അപ്പോൾ ജെസിബിയുടെ മണ്ണ് മാന്തുന്ന ഭാഗം കൊണ്ട് സംഗീതിനെ അടിച്ചു നിലത്തിട്ടു.
പ്രദേശത്ത് നിന്നും സ്ഥിരമായി മണ്ണ് കടത്തുന്നയാളാണ് ചാരുപാറ സ്വദേശി സജുവെന്നും സംഭവ ശേഷം രക്ഷപ്പെട്ട ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. ജെസിബിയുടെ അടിയേറ്റ് വീണ സംഗീതിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജിൽ വച്ചാണ് സംഗീത് മരിച്ചത്. രാത്രി മുതൽ തന്നെ ഈ പ്രദേശത്ത് മണ്ണ് മാഫിയാ സംഘം എത്തി. ഭാര്യയും സംഗീതുമായി തടയാനെത്തി. അപ്പോൾ പൊലീസിൽ പറായമെന്ന് പറഞ്ഞ് ഭാര്യ സംഗീതിനേയും കൊണ്ടു പോയിരുന്നു. അതിന് ശേഷവും പ്രശ്‌നം തുടർന്നു. ഇതാണ് സംഗീതിന്റെ കൊലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
അടിയേറ്റു വീണ സംഗീതിന് ശ്വാസതടസ്സമുണ്ടായെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മണ്ണുമാന്തി സംഘത്തിൽ നാലഞ്ച് പേരുണ്ടായിരുന്നു. ഇവർ വന്ന ബൈക്കുകൾ നാട്ടുകൾ പിടിച്ചു വച്ചിട്ടുണ്ട്. അനധികൃത മണ്ണു കടത്തിനെ ചൊല്ലി നേരത്തേയും പ്രദേശത്ത് തർക്കങ്ങളും കേസുകളും ഉണ്ടായിട്ടുണ്ട്. കൊലപ്പെട്ട സംഗീതിന്റെ മൃതദേഹം തിരുവനന്തപുരം മെഡി.കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവസ്ഥലത്ത് എത്തിയ പൊലീസ് ചാരുപാര സ്വദേശിയും ജെസിബി ഡ്രൈവറുമായ സജുവടക്കം നാല് പേരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. കാട്ടാക്കട ഭാഗത്തെ മണ്ണുക്കടത്തുകാരിൽ പ്രധാനിയാണ് സജു.