കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ ലോക്ഡൗണിൽ ഇന്ത്യയിൽ കുടുങ്ങിയത് രണ്ടായിരത്തോളം യുഎസ് പൗരന്മാർ. ഇവരെ പ്രത്യേക വിമാനങ്ങളിൽ മടക്കിയെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.
ന്യൂഡൽഹിയിൽ 1,500 പേരും മുംബൈയിൽ 600 നും 700 നും ഇടയിലും രാജ്യത്തെ മറ്റിടങ്ങളിലായി മുന്നൂറു മുതൽ നാന്നൂറ് അമേരിക്കക്കാരും ഉണ്ടെന്നാണ് വിലയിരുത്തലെന്ന് ബ്യൂറോ ഓഫ് കോൺസുലർ അഫയേഴ്സ് ഓൺ കോവിഡ് – 19 പ്രിൻസിപ്പൽ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഇയാൻ ബ്രൗൺലി പറഞ്ഞു. ചാർട്ടേഡ് വിമാനത്തിലോ മറ്റു രാജ്യാന്തര വിമാനക്കമ്പനികളുമായി സഹകരിച്ചോ ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎസിലേക്ക് വിമാനസൗകര്യം ഒരുക്കി ഇവരെ എത്തിക്കാനാണ് ശ്രമം.
ഇതിനുള്ള അനുമതി ലഭിക്കുകയെന്നാണ് പ്രധാനമെന്നും ഇരുരാജ്യങ്ങളും തമ്മിൽ സഹകരിച്ച് മൂന്നു ദിവസത്തിനുള്ളിൽ ഇത്തരത്തിൽ പ്രത്യേക വിമാനങ്ങൾ അനുമതിയോടെ പറത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ ലോക്ഡൗണിലും വിമാനസർവീസ് റദ്ദാക്കലിലുമായി യുഎസിന് പുറത്ത് കുടുങ്ങിയ 33,000 പൗരന്മാരെ മടക്കിയെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് 19നുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തുകോടി നൽകുമെന്ന് എം.എ യൂസഫലിയും അഞ്ചു കോടി നൽകുമെന്ന് പ്രഖ്യാപിച്ച് രവി പിള്ളയും. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ചാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിൽ ഒട്ടേറേ പേരാണ് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇതിനൊപ്പം തന്റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ ഉപാസന ആശുപത്രി കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആവശ്യമെങ്കിൽ വിട്ടുകൊടുക്കാനും സന്നദ്ധനാണെന്ന് രവിപിള്ള അറിയിച്ചു. കേരളം ഉൾപ്പടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള ഗ്രൂപ്പിന്റെ ഒരു ലക്ഷത്തോളം വരുന്ന ജീവനക്കാർക്കും പ്രത്യേക സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയില് കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 69 കാരൻ മരിച്ചു. മരിച്ചത് കൊച്ചി ചുള്ളിക്കല് സ്വദേശിയാണ്. ദുബായില് നിന്നാണ് ഇവര് എത്തിയത്.
മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനല്കി. കൊറോണ പ്രോട്ടോകോള് അനുസരിച്ചായിരിക്കും സംസ്ക്കാരം നടക്കുക. ഇയാള് താമസിച്ചിരുന്ന ഫ്ളാറ്റിലുള്ളവരും നിരീക്ഷണത്തിലാണ്. കൊച്ചി കളമശേരി മെഡിക്കല് കോളേജില് ചികിത്സയിലായിരുന്നു ഇയാള്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മാര്ച്ച് 22നാണ് ഇയാളെ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നത്.
ഹൃദ്രോഗവും ഉയര്ന്ന രക്തസമ്മര്ദ്ദവും ഇയാള്ക്കുണ്ടായിരുന്നു. രോഗി വന്ന വിമാനത്തിലെ യാത്രക്കാരും നിരീക്ഷണത്തിലാണ്. വിമാനത്താവളത്തില് നിന്ന് വീട്ടിലെത്തിച്ച ടാക്സി ഡ്രൈവര്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇടപഴകിയ ആളുകളുടെ നില തൃപ്തികരമാണെന്നാണ് പറയുന്നത്.മരണകാരണം ന്യുമോണിയ ആണെന്ന് നിഗമനം. ഇയാളുടെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു.
അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണ ബാധയെത്തുടർന്ന് വിവരശേഖരണത്തിന് ഭാഗമായി വിമാനയാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ചത് ഓൺലൈനിൽ ചോർന്നതായി പരാതി. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തിയ നൂറോളം വിമാനയാത്രക്കാരുടെ വിവരങ്ങളാണ് ഓൺലൈനിൽ ചോർന്നത്. സമൂഹ മാധ്യമങ്ങളും മറ്റും ഇത് ആളുകൾക്ക് വ്യാപകമായി ഷെയർ ചെയ്തിരുന്നു.
മാർച്ച് 9 നും 20 നും ഇടയിൽ ഡൽഹിയിലെത്തിയ 722 യാത്രക്കാരുടെയും വിശദാംശങ്ങൾ അടങ്ങിയ ലിസ്റ്റ് നിരവധി വാട്സ്ആപ്പ് ഫേസ്ബുക്ക് സമൂഹമാധ്യമങ്ങളിലൂടെ വരികയുണ്ടായി. ഈ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലേക്ക് ആരാണ് കൈമാറിയത് എന്ന് അറിവായിട്ടില്ല. എല്ലാവരുടെയും പേരും, പാസ്പോർട്ട് നമ്പറുകളും, ഫോൺ നമ്പറുകളും, വിലാസം തുടങ്ങിയ വിശദാംശങ്ങൾ തുടങ്ങിയവയാണ് പ്രചരിച്ച പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. സൗത്ത് ഡൽഹിയിൽ താമസക്കാരൻ തങ്ങളുടെ വിവരങ്ങൾ ഇങ്ങനെ സമൂഹമാധ്യമങ്ങളിൽ പ്രചരണത്തിന് ഇടയായതിനെക്കുറിച്ച് രോക്ഷം കൊള്ളുകയുണ്ടായി. ഇത്തരം വിവരങ്ങൾ നിരുത്തരവാദപരമായി കൈമാറുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടതിനെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിവരങ്ങൾ അടങ്ങുന്ന ലിസ്റ്റ് അനാവശ്യമായി കൈമാറ്റം ചെയ്യരുതെന്ന് വിവിധ വകുപ്പുകൾ പറഞ്ഞിരുന്നു എന്ന് സർക്കാർ വക്താവ് അറിയിച്ചു.
ഇന്ത്യൻ വിമാനത്താവളങ്ങളിൽ 15 ലക്ഷത്തോളം ആളുകൾ എത്തിച്ചേർന്നതിൽ 70% ആളുകൾ യാത്ര ചെയ്തത് ഡൽഹി വഴിയാണ്. യാത്രക്കാരുടെ സ്വകാര്യവിവരങ്ങൾ പുറത്താകുന്നത് മൂലം അവർ ഓൺലൈൻ തട്ടിപ്പുകൾക്കും മറ്റു കുറ്റകൃത്യങ്ങൾക്കും ഇര ആകാനുള്ള സാധ്യത ഏറെയാണ്. അതേസമയം കോവിഡ് -19 ബാധിതരുടെ സ്ഥലം കണ്ടെത്തുന്നതിനും മറ്റുള്ളവർക്ക് കൂടുതൽ ജാഗ്രത പുലർത്താനും ആയി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്.
ലോകമാകെ പടർന്നു പിടിക്കുന്ന കോവിഡ്-19എന്ന മഹാമാരിക്ക് കാരണമായ നോവൽ കൊറോണാ വൈറസുകൾക്ക് സമാനമായ വൈറസുകളെ ഈനാംപേച്ചികളിൽ കണ്ടെത്തി. ചൈനയിലേക്ക് കടത്തിക്കൊണ്ടുവന്ന ഈനാംപേച്ചികളിലാണ് നോവൽ കൊറോണയ്ക്ക് സമാനസ്വഭാവമുള്ള കൊറോണ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയത്.
ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട ഉടനെ തന്നെ വൈറസിന്റെ ഉറവിടം തേടിയുള്ള പഠനങ്ങൾ ആരംഭിച്ചിരുന്നു. നോവൽ കൊറോണ വൈറസുകളുടെ ജനിതകഘടനയെ പറ്റിയുള്ള പഠനങ്ങളിൽ തെളിഞ്ഞത് ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള ഹോഴ്സ്ഷൂ ഇനത്തിൽപ്പെട്ട വവ്വാലുകളുടെ കൂട്ടത്തിൽ നിന്നുമാണ് ഇത് ഉത്ഭവിച്ചത് എന്നാണ്. എന്നാൽ അവയുടെ വാസ സ്ഥലത്തു നിന്നും 1000 കിലോമീറ്റർ മാറി ഏറെ ജനസാന്ദ്രതയുള്ള ഒരു നഗരത്തിൽ രോഗം പടർത്തുന്നതിനു അതിന് എങ്ങനെ സാധിച്ചു എന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
വുഹാൻ മാർക്കറ്റിൽ പല വിധത്തിലുള്ള ജീവജാലങ്ങളെ വില്പനയ്ക്ക് വയ്ക്കാറുണ്ട്. എന്നാൽ രോഗം പടരുന്നതായി സൂചനകൾ ലഭിച്ചപ്പോൾ തന്നെ മാർക്കറ്റ് പൂർണമായി ഒഴിപ്പിച്ചതിനാൽ ആ സമയത്ത് അവിടെ ഏതെങ്കിലും ഇനത്തിൽപ്പെട്ട വവ്വാലുകൾ വില്പനയ്ക്ക് ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. എന്നാൽ ഈനാംപേച്ചി കളുടെ വിൽപ്പന അവിടെ നടന്നിരുന്നു എന്നു വേണം അനുമാനിക്കാൻ. ആരോഗ്യത്തിന് ഗുണപ്രദം ആകുമെന്നതിനാൽ നിയമങ്ങൾ ലംഘിച്ച് ഈനാംപേച്ചികളുടെ വിൽപ്പന ചൈനീസ് മാർക്കറ്റുകളിൽ സാധാരണമാണ്.
ഗ്വാങ്സി കസ്റ്റംസ് ഉദ്യോഗസ്ഥർ 2017 – 18 കാലഘട്ടത്തിൽ പിടിച്ചെടുത്ത 18 മലയൻ ഈനാംപേച്ചികളുടെ ശീതീകരിച്ച ടിഷ്യുകളിൽ പഠനം നടത്തിയിരുന്നു. 43 സാമ്പിളുകൾ പരിശോധിച്ചതിൽ 6 എണ്ണത്തിലും കൊറോണാ വൈറസ് ആർഎൻഎ കണ്ടെത്താനായി. അതായത് പിടിച്ചെടുത്തവയിൽ 5 എണ്ണത്തിന് എങ്കിലും കൊറോണ വൈറസ് ബാധിച്ചിരുന്നു. നോവൽ കൊറോണ വൈറസ് അഥവാ SARS -CoV-2 (Severe acute respiratory syndrome coronavirus 2). എന്ന ഇനം ആയിരുന്നില്ല എങ്കിൽ കൂടി ഈനാംപേച്ചികളിൽ നിന്നും കണ്ടെടുത്ത വൈറസുകളുടെ ഘടന നോവൽ കൊറോണയുടേതിന് സമാനമായിരുന്നു.
ഇത് ഉറപ്പുവരുത്താനായി 2018 ൽ തന്നെ പിടിച്ചെടുത്ത മറ്റൊരു ഒരു വിഭാഗം ഈനാമ്പേച്ചികളിലും പഠനം നടത്തി. 12 ഈനാംപേച്ചികളെ പരിശോധിച്ചവയിൽ മൂന്നെണ്ണത്തിനും വൈറസ് ബാധ ഉണ്ടായതായി സ്ഥിരീകരിച്ചിരുന്നു. ഈ രണ്ടു പഠനങ്ങളിലെയും കണ്ടെത്തലുകൾ ഒന്നായി കൂട്ടിച്ചേർത്താൽ നോവൽ കൊറോണ വൈറസുമായി 85.5 മുതൽ 92.4 ശതമാനംവരെ വളരെ സാമ്യമുള്ള വൈറസുകളാണ് ഈനാംപേച്ചികളിൽ കണ്ടെത്തിയത്.
കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത മൃഗങ്ങളെല്ലാം എല്ലാം ചൈനീസ് മാർക്കറ്റുകളിൽ ജീവനോടെ വിൽപനയ്ക്ക് വെക്കാനുള്ളവയായിരുന്നു എന്നിരിക്കെ നോവൽ കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ അനിവാര്യമാണ്. നേച്ചർ എന്ന ജേർണലിൽ ആണ് ഈനാംപേച്ചികളിൽ നടത്തിയ ഗവേഷണത്തെ കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക്. മലയാളം യുകെ.
വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ സർക്കുലർ സീറോ മലബാർ സഭ പുറത്തിറക്കി. ലോകം മുഴുവൻ ഒരു മഹാമാരിയുടെ നടുവിൽ നിൽക്കുമ്പോൾ ദു:ഖ പൂർണ്ണമായ പശ്ചാത്തലത്തിലാവണം വിശുദ്ധവാര തിരുക്കർമ്മങ്ങൾ നടക്കേണ്ടതെന്ന് അഭിവന്ദ്യ കർദ്ദിനാളിൻ്റെ നിർദ്ദേശം. പ്രധാനമന്ത്രിയുടെ ലോക് ഡൗൺ നിർദ്ദേശങ്ങളും സംസ്ഥാന സർക്കാരിൻ്റെയും മുഖ്യമന്ത്രിയുടേയും പൊലീസ് അധികാരികളുടെയും നിർദ്ദേശം പാലിക്കാൻ സഭാ വിശ്വാസികളോടുള്ള ആഹ്വാനവും സർക്കുലറിലുണ്ട്.
സർക്കുലറിൻ്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു:


കൊച്ചി∙ സംസ്ഥാനത്ത് ആദ്യ കോവിഡ് 19 മരണം. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി സേട്ട് യാക്കൂബ് ഹുസൈൻ (69) ആണ് മരിച്ചത്. ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിത്സയിലായിരുന്നു. മൃതദേഹം ബന്ധുക്കൾക്കു കൈമാറി. സംസ്കാരം ഇന്നു നടക്കും. ദുബായിൽ നിന്ന് മാർച്ച് 16ന് നെടുമ്പാശേരിയിൽ എത്തിയ ഇദ്ദേഹത്തെ കടുത്ത ന്യുമോണിയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് അയച്ചു.
തുടർന്ന് വീട്ടിൽ ഐസലേഷനിൽ കഴിയവെ രോഗം സ്ഥിരീകരിച്ചു. 22ന് വീണ്ടും കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇന്ന് രാവിലെ എട്ടോടെയാണ് മരിച്ചതെന്ന് എറണാകുളം മെഡിക്കൽ കോളജ് നോഡൽ ഓഫിസർ എ. ഫത്താഹുദ്ദീൻ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളോടെ സംസ്കരിക്കും.
ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുവന്ന ഡ്രൈവറും ഭാര്യയും രോഗബാധിതരായി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇദ്ദേഹം സഞ്ചരിച്ച വിമാനത്തിലെ 49 യാത്രക്കാർ നിരീക്ഷണത്തിലാണ്. കൂടുതൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാത്തതിനാൽ റൂട്ട് മാപ്പ് തയാറാക്കിയിരുന്നില്ല.
നിലവിൽ കോവിഡ് രോഗം ബാധിച്ച് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത് 14 പേരാണ്. ഇതിൽ 5 പേർ ബ്രിട്ടീഷ് പൗരന്മാരും, ആറു പേര് എറണാകുളം സ്വദേശികളും, 2 കണ്ണൂർ സ്വദേശികളും, ഒരാൾ മലപ്പുറം സ്വദേശിയുമാണ്.
അമിതവേഗത്തിലെത്തിയത് അപകടം മാത്രമായിരുന്നു, ചികിത്സ ലഭ്യമായത് അമിതമായി വൈകിയും. ഇന്നലെ ഹരിപ്പാട് നാരകത്തറയ്ക്കു സമീപം അപകടത്തിൽപ്പെട്ട താമല്ലാക്കൽ അമ്പീത്തറയിൽ അനീഷിനെ (26) അപകടം കഴിഞ്ഞ് ഒന്നര മണിക്കൂറോളം കഴിഞ്ഞ് വഴിയരികിൽ നിന്നു കണ്ടെത്തി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. അപകടം നടന്നയുടൻ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ ചിലപ്പോൾ വിലപ്പെട്ട ജീവൻ രക്ഷിക്കാനായേനെ.
അനീഷിനെ ഇടിച്ചു തെറിപ്പിച്ച ശേഷം 35 കിലോമീറ്ററോളം പിന്നിട്ട കാർ ആലപ്പുഴയിൽ വച്ചാണ് പൊലീസ് പിടികൂടിയത്. അപ്പോഴേക്കും അര മണിക്കൂറിലധികം നഷ്ടമായി.ആദ്യം പൊലീസിനോട് കള്ളം പറഞ്ഞു രക്ഷപ്പെടാനായിരുന്നു ഡ്രൈവർ ബാബുവിന്റെ ശ്രമമെന്നു പൊലീസ് പറഞ്ഞു. അപകടത്തിൽപ്പെട്ടത് അനീഷ് ആണെന്നു കണ്ടെത്തിയെങ്കിലും എവിടെവച്ചാണ് അപകടമുണ്ടായതെന്ന് അറിയാൻ പിന്നെയും സമയം വേണ്ടി വന്നു. സൗത്ത് എസ്ഐ ശ്രീകുമാരക്കുറുപ്പ്,
സിവിൽ പൊലീസ് ഓഫിസർമാരായ സി.ജി.പ്രമോദ്, എസ്. സജീഷ് എന്നിവരുടെ നേതൃത്വത്തിൽ ഹൈവേ പൊലീസും ഹരിപ്പാട് പൊലീസും താമല്ലാക്കൽ മുതൽ ദേശീയപാതയുടെ ഇരുവശവും പരിശോധന നടത്തിയാണ് ഒന്നര മണിക്കൂറോളം കഴിഞ്ഞ് നാരകത്തറ ജംക്ഷനു സമീപം കുറ്റിക്കാട്ടിൽ നിന്ന് അനീഷിനെ കണ്ടെത്തിയത്.അപകടം നടന്ന സ്ഥലത്തിനു സമീപം സ്വകാര്യ ആശുപത്രിയുണ്ടായിരുന്നു. പക്ഷേ പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ഡ്രൈവർ ശ്രമിച്ചില്ല.
നിയന്ത്രണങ്ങൾ ഉള്ളതിനാൽ റോഡിൽ ആളുകളും വാഹനങ്ങളും കുറവായതിനാൽ അപകടം ആരും കാണാൻ സാധ്യതയില്ലെന്ന വിചാരമാണ് കാർ നിർത്താതെ പോകാൻ ഡ്രൈവറെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഫൊറൻസിക് ഉദ്യോഗസ്ഥർ എത്തി തെളിവുകൾ ശേഖരിച്ചു. അപകട സ്ഥലത്തു നിന്നു കാറിന്റെ ഭാഗങ്ങളും കാറിന്റെ ഇടതു ഭാഗത്തു നിന്നു മുടിയും രക്തത്തിന്റെ അംശവും ശേഖരിച്ചു. ഇടിയുടെ ആഘാതത്തിൽ അനീഷ് തെറിച്ച് കാറിന്റെ മുന്നിലെ ചില്ലിലേക്കും തുടർന്നു റോഡരികിലെ കുറ്റിക്കാട്ടിലേക്കും വീഴുകയായിരുന്നെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.
ഇന്ത്യയിൽ 873 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 19 പേർ മരിച്ചു. 79 പേർ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് കൂടുതൽ രോഗബാധിതർ, 177 പേർ. കേരളമാണ് തൊട്ടുപിന്നിൽ. ലോക് ഡൗണിന്റെ നാലാം ദിവസമായ ഇന്നും രാജ്യം നിശ്ചലമാണ്. മധ്യപ്രദേശിൽ കോവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തു.
വിദേശത്ത് നിന്നെത്തിയ മകൾക്ക് രോഗലക്ഷണങ്ങളുണ്ടായിട്ടും ക്വാറൻ്റീനിൽ കഴിയാതെ പൊതുപരിപാടികളിൽ പങ്കെടുത്തതിനാണ് നടപടി.ഡോക്ടർക്ക് വൈറസ് ബാധയുണ്ടെന്ന വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് യുവതിയെ ബംഗാളിൽ അറസ്റ്റ് ചെയ്തു. വൈറസ് പടർത്തണമെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട യുവാവിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സൈബർ കുറ്റകൃത്യങ്ങൾ കൂടി വരുന്നതായും ഇതിനെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ഡൽഹി പൊലീസ് മാർഗനിർദ്ദേശം പുറത്തിറക്കി
കൊറോണ വൈറസ് വ്യാപനം യുറോപ്പിലെ സ്ഥിതിഗതികള് വഷളാക്കുന്നു. സ്ഥിതിഗതികള് നിയന്ത്രണ വിധേയമല്ലാത്ത രീതിയിലേക്ക് മാറുകയാണ്. ഇറ്റലിയില് ഇന്നലെ മാത്രം മരിച്ചത് 969 പേരാണ്. ഫ്രാന്സ്, ബ്രിട്ടന് എന്നിവിടങ്ങളിലും ഏറ്റവും കൂടുതല് ആളുകള്ക്ക് ജിവന് നഷ്ടമായത് ഇന്നലെയാണ്.
യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും മരണ സംഖ്യ വലിയ തോതില് ഉയരുന്നതായാണ് കഴിഞ്ഞ ദിവസം കണ്ടത്. ഇപ്പോള് ഏറ്റവും ദുരിതം അനുഭവിക്കുന്ന ഇറ്റലിയില് തന്നെയാണ് കൂടുതല് പേര് ഇന്നലെയും മരിച്ചത്. 969 പേര്. രണ്ടര മാസം മുമ്പ് കൊറോണ ബാധ കെടുതി വിതയ്ക്കാന് തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതല് പേര് മരിച്ച ദിവസം കൂടിയായിരുന്നു ഇന്നലെ. ഇറ്റലിയില് ഇതിനകം മരണ സംഖ്യ 9134 ആയി. ഇറ്റലിയില് സ്ഥിതിഗതികള് ഇനിയും രൂക്ഷമാകാനുണ്ടെന്നാണ് നാഷണല് ഹെല്ത്ത് ഇന്സ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നല്കുന്നത്. അതിനിടെ അമേരിക്കയില് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പാക്കേജിന് പ്രസിഡന്റ് ട്രംപ് അംഗീകാരം നല്കി.
ബ്രിട്ടനിലും സ്ഥിതിഗതികല് കൂടുതല് വഷളാവുകയാണ്. 181 പേരാണ് കോവിഡ് 19 മൂലം ഇന്നലെ മരിച്ചത്. 759 പേരാണ് അവിടെ ഇതുവരെ മരിച്ചത്. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കൊവിഡ് 19 ബാധ സ്ഥിരികരിച്ചതിനെ പിന്നെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്കോക്കിനും രോഗം സ്ഥിരീകരിച്ചു.
സ്ഥിതിഗതികള് നിയന്ത്രണാതീതമായി തുടരുന്നതിനിടെ ഫ്രാന്സ് ലോക്ഡൗണ് രണ്ടാഴ്ചത്തേക്ക് കൂടി കൂട്ടി. ഏപ്രില് 15 വരേക്കാണ് നീട്ടിയത്. രാജ്യം പകര്ച്ച വ്യാധിയുടെ തുടക്കത്തില് മാത്രമാണ് ഇപ്പോഴുമെന്നാണ് പ്രധാനമന്ത്രി എഡ്വോര്ഡോ ഫിലിപ്പെ പറഞ്ഞത്. ഇന്നലെ മാത്രം ഫ്രാന്സില് മരിച്ചത് 299 പേരാണ്. ഇതിനകം 1995 പേരാണ് ഫ്രാന്സില് മരിച്ചത്.
ഇറ്റലി കഴിഞ്ഞാല് ഏറ്റവും കൂടുതല് ആളുകള്ക്ക് ജീവഹാനി സംഭവിച്ച സ്പെയനിലും മരണ സംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനിടെ 769 പേരാണ് ഇവിടെ മരിച്ചത്. 4858 പേരാണ് സ്പെയിനില് ഇതിനകം മരിച്ചുവീണത്. നിരോധനാജ്ഞ ഏപ്രില് പകുതി വരെ നീട്ടിയിട്ടുണ്ട്.
അമേരിക്കയിലാണ് ഇപ്പോള് ഏറ്റവും കൂടുതല് രോഗ ബാധിതരുള്ളത്. ഇവിടെ രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1300 പേരാണ് ഇതിനകം മരിച്ചത്. ന്യൂ ഓര്ലിയാന്സ്, ചിക്കാഗോ, ഡെറ്റ്രോയിറ്റ് എന്നിവിടങ്ങളിലേക്ക് രോഗം ദ്രുതഗതിയില് പടരുകയാണ്.
അതിനിടെ 30,000 വെന്റിലേറ്റര് വേണമെന്ന ന്യൂയോര്ക്ക് ഗവര്ണര് ആൻ്റഡ്രു കുമോഓയുടെ ആവശ്യത്തെ പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് തള്ളി. ഫോക്സ് ന്യൂസ് അഭിമുഖത്തില് ഈ ആവശ്യങ്ങള് അതിശയോക്തിപരമാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയില് ന്യൂയോര്ക്കിലാണ് സ്ഥിതിഗതികള് ഏറ്റവും രൂക്ഷമായിരിക്കുന്നത്. 44,055 പേര്ക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. ഇതിനകം ഇവിടെ മാത്രം 519 പേര് മരിക്കുകയും ചെയ്തു. പല ആശുപത്രികളിലും ആവശ്യത്തിന് വെന്റിലേറ്ററില്ല. പല സംസ്ഥാനങ്ങളും ട്രംപുമായി ഏറ്റുമുട്ടലിലാണ്.
അതിനിടെ ജനറല് മോട്ടേഴ്സിനോട് വെന്റിലേറ്റര് നിര്മ്മിക്കാന് ട്രം പ് ഉത്തരവിട്ടു. ഡിഫന്സ് പ്രൊഡക്ഷന് ആക്ട് അനുസരിച്ചാണ് ജനറല് മോട്ടോഴ്സിനോട് വെന്റിലേറ്റര് നിര്മ്മിക്കാന് ഉത്തവിട്ടിത്. ദേശീയ ആവശ്യങ്ങള്ക്കുള്ള ഉത്പന്നങ്ങള് നിര്മ്മിക്കാന് സ്വകാര്യ സ്ഥാപനങ്ങള്ക്ക് നിര്ദ്ദേശം നല്കാന് കഴിയുന്ന വ്യവസ്ഥയാണ് നാഷണല് ഡിഫന്സ് ആക്ട്. മതിയായ വേഗത്തില് വെന്റിലേറ്ററുകള് നിര്മ്മിച്ച് നല്കാത്തതിന് ജെനറല് മോട്ടേഴ്സിനെ ട്രംപ് വിമര്മശിക്കുകയും ചെയ്തു.
കൊറോണ വൈറസ് ബാധ തീവ്രമാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാന് രണ്ട് ട്രില്ല്യന്റെ സാമ്പത്തിക പാക്കേജിന് ട്രംപ് അംഗീകാരം നല്കി. അമേരിക്കന് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പാക്കേജാണ് ഇത്. രാജ്യത്തെ കുടുംബങ്ങള്ക്കും തൊഴിലാളികള്ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ട്രംപ് പറഞ്ഞു.നൂറ് വര്ഷത്തിലെ ഏറ്റവും വലിയ പകര്ച്ച വ്യാധിയെയാണ് അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് സ്പീക്കര് നാന്സി പെലോസി പറഞ്ഞു. അമേരിക്ക അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ, സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്നും അവര് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്ന്ന് അമേരിക്കയില് 33 ലക്ഷം പേരാണ് തൊഴിലില്ലെന്ന് പറഞ്ഞ് അപേക്ഷ നല്കിയത്.