Latest News

ജോസിലിൻ തോമസ്

ലോകജനത കോവിഡ് 19 എന്ന മഹാവ്യാധിയ്ക്ക് മുൻപിൽ മരവിച്ചു നിൽക്കുന്ന സമയമാണിത്. ദൈവകരുണയ്ക്കായ് തീഷ്ണമായി പ്രാർത്ഥിക്കാനും ശക്തമായ പ്രതിരോധ നടപടികൾ കൈക്കൊള്ളാനും മാത്രമേ നമുക്ക് ഈ അവസ്ഥയിൽ സാധിക്കുകയുള്ളു. മഹാവ്യാധി തന്നു കൊണ്ടിരിക്കുന്ന ദുരിതത്തിലും അത് നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന തിരിച്ചറിവിന്റെ പാഠങ്ങൾ ഒരിക്കലും മറക്കാതിരിക്കാൻ നമുക്ക് ശ്രമിക്കാം. പണത്തിന് മീതേ പരുന്തും പറക്കില്ലെന്ന പഴംചൊല്ല് കൊറോണയ്ക്ക് മുകളിൽ ഒരു വിമാനവും പറക്കില്ല എന്നായി. ആവശ്യത്തിനും അനാവശ്യത്തിനും വിറളി പിടിച്ച് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ നിശ്ചലമായപ്പോൾ ഭൂമി നേരാംവണ്ണം ശ്വസിക്കാൻ തുടങ്ങി. കാർഡ് ഇട്ടാൽ പണം കിട്ടുന്ന ATM മെഷീൻ പോലെ പണം കൊടുത്താൽ പണി എടുക്കുന്ന ആളുകൾ എന്ന നിലയിൽ ജോലിയിൽ സഹായിക്കുന്നവരെ കണ്ടിരുന്നവർ അവർ ചെയ്തു തന്നിരുന്ന സേവനങ്ങൾക്ക് വിലയിടാൻ പറ്റില്ല എന്ന് തിരിച്ചറിഞ്ഞു. സമയക്കുറവും സൌകര്യവും ന്യായങ്ങളായി പറഞ്ഞ് ഒരാഴ്ചയിൽ തന്നെ പല തവണ ഹോം ഡെലിവറി ഫുഡും ഡൈൻ ഔട്ടും ശീലിച്ചവർ കുറഞ്ഞ ചെലവിൽ പോഷകപ്രദമായ ഭക്ഷണം വീട്ടിൽ തന്നെ ഉണ്ടാക്കാൻ പഠിച്ചു.

നിരപരാധികളെ കൊന്നൊടുക്കി നേടിയെടുത്ത യുദ്ധവിജയങ്ങൾ, ലോകം മുഴുവൻ നശിപ്പിക്കാൻ കഴിവുള്ള ആണവശക്തി ഇവയൊന്നും സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ഉപകരിക്കില്ലെന്ന് ലോകരാഷ്ട്രങ്ങളും മനസിലാക്കി. സ്വന്തം സുരക്ഷപോലും മറന്ന് മനുഷ്യജീവൻ രക്ഷിക്കാനായി ആഹോരാത്രം യത്നിക്കുന്ന മെഡിക്കൽ പ്രവർത്തകരായ ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, പോലീസ് സേന തുടങ്ങി മികച്ച ഭരണകർത്താക്കൾ എന്നിവരും മനുഷ്യസ്നേഹത്തിന്റെയും ഐക്യത്തിന്റെയും ശരിയായ നിർവചനം ഒരിക്കൽക്കുടി നമ്മെ കാണിച്ചു തന്നുകൊണ്ടിരിക്കുന്നു.

മനുഷ്യൻ വീട്ടിനകത്ത് പൂട്ടി ഇരിക്കേണ്ടി വന്നപ്പോൾ നമ്മുടെ നയന സുഖത്തിനായി മാത്രം കൂട്ടിൽ അടയ്ക്കപ്പെട്ട കിളികളുടെയും മറ്റ് മൃഗങ്ങളുടെയും നിസഹായാവസ്ഥയും വേദനയും ചിലർക്കെങ്കിലും ഓർമ്മ വന്നു. വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ തിരക്ക് അവസാനിച്ചപ്പോൾ പുറത്ത് കെട്ടി വെച്ചിരുന്ന തടി കസേരയുടെ ഭാരത്തിൽ നിന്ന് ആനകൾക്കും മോചനം കിട്ടി. തടാകങ്ങളിലേയ്ക്ക് അരയന്നങ്ങളും മറ്റ് ജല ജീവികളും സ്വതന്ത്രമായി സഞ്ചരിക്കാൻ ആരംഭിച്ചു. മരിക്കേണ്ടി വന്നാലും എല്ലാ ദിവസവും കുളിക്കില്ലെന്ന് ദൃഡപ്രതിജ്ഞ എടുത്തവർ പോലും സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകലും കുളിയും ശീലമാക്കി. വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾക്ക് പണിയൊന്നുമില്ലേ എന്ന് വിലപിച്ചുകൊണ്ടിരുന്നവർ സ്ഥിരം വീട്ടിൽ ഇരുപ്പ് തുടങ്ങിയപ്പോൾ വീട്ടുപണിയും അത്ര നിസാരമല്ലെന്ന് സമ്മതിച്ചു . ഒന്നിനും സമയം തികയാതെ ഇരുന്നവർക്ക് ഇപ്പോൾ എല്ലാത്തിനും സമയം ഉണ്ട്. അത്യാവശ്യം, ആവശ്യം, അനാവശ്യം ഈ രീതിയിൽ തരം തിരിച്ച് കാര്യങ്ങൾ ചെയ്താൽ സമയം തികയാതെ വരില്ലെന്ന് തിരിച്ചറിഞ്ഞു. സാധാരണ ജീവിതത്തിലേയ്ക്ക് നാം തിരിച്ചു വരുമ്പോൾ ഈ കാലഘട്ടം പഠിപ്പിച്ച വിലയേറിയ പാഠങ്ങൾ ഉൾക്കൊണ്ട് നാം ജീവിക്കണം. നമ്മളെ പോലെ തന്നെ ജീവിക്കാൻ അവകാശമുള്ള ജീവജാലങ്ങളെയും ഭൂമിയെയും നോവിക്കാതെ ജീവിക്കാൻ ഉള്ള തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

ജോസിലിൻ തോമസ്

ലണ്ടൻ. ലോകം മുഴുവൻ കോവിഡ് ഭീതിയിൽ കഴിയുമ്പോൾ ആതുര ശുശ്രൂഷ രംഗത്തു ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും , ലോക് ഡൗണിൽ ആയി വീട്ടുകളിൽ ആയിരിക്കുന്നകവർക്കും ആശ്വാസമായും , ശക്തിയേകിയും , സന്ദേശം നൽകിയും പുറത്തിറങ്ങിയ ഒരു ഗ്ലോബൽ മലയാള ഭക്തിഗാനം യു ട്യൂബിൽ വൈറൽ ആകുന്നു .

ക്രിസ്തീയ ഭക്തി ഗാന രംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുള്ള ഫാ. ഷാജി തുമ്പേചിറയിൽ രചനയും സംഗീതവും നൽകി ആലപിച്ചിരിക്കുന്ന ഈ മനോഹര ഗാനത്തിന്റെ ചിത്രീകരണത്തിൽ ഭാഗമാക്കിയിരിയ്ക്കുന്നത് കേരളത്തിലുൾപ്പടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരും , ആരോഗ്യ മേഖലയിലും അല്ലാതെയും ജോലിചെയ്യുകയും വിവിധ മേഖലകളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ആളുകളും , വൈദികരും ഉണ്ട് .ക്യാനഡ, റോം , യു കെ , ദുബായ് . ന്യൂസിലാൻഡ് , ഉൾപ്പടെ ഉള്ള രാജ്യങ്ങളിൽ ആണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത് . യു കെ യിൽ നിന്ന് ഗായകരായ റെക്സ് , മകൻ ജോഫ്രി ,മാധ്യമ പ്രവർത്തകനായ ഷൈമോൻ തോട്ടുങ്കൽ , റോമിൽ പഠനം നടത്തുന്ന വൈദിക വിദ്യാർത്ഥി ബ്ര . ടോണി കോച്ചേരി തുടങ്ങിയവർ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് . സ്കറിയ ജേക്കബ് ഓർക്കസ്‌ട്രേഷൻ നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വീഡിയോ മനോഹരമായി എഡിറ്റ് ചെയ്തിരിക്കുന്നത് ആദർശ് കുര്യൻ ആണ് .സുനിൽ വി ജോയി ആണ് ഏകോപനം നിർവഹിച്ചിരിക്കുന്നത് ഈ ഗാനം കാണുവാനായും കേൾക്കുവാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

രാപകലില്ലാതെ കർമ്മനിരതരായി ഇരിക്കുന്ന ആരോഗ്യ പ്രവർത്തകരെ ഒന്നടങ്കം അഭിനന്ദിക്കുകയാണ് ലോകം. എന്നാല്‍ ഇതിനിടയിൽ ആരോഗ്യപ്രവർത്തകരുടെ സേവനങ്ങൾക്ക് ഒന്നടങ്കം പേരുദോഷമുണ്ടാക്കുന്ന രീതിയിലുള്ള വാർത്തയാണ് ബിഹാറിൽ നിന്നും പുറത്തു വരുന്നത്.

ബിഹാറില്‍ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന അതിഥി സംസ്ഥാന തൊഴിലാളിയായ യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്താതായി പരാതി. ഗയയിലെ ആശുപത്രിയിലാണ് സംഭവം. ഇതിന് പിന്നാലെ രക്തസ്രാവത്തെത്തുടര്‍ന്ന് യുവതി മരിച്ചതായാണ് റിപ്പോർട്ട്.

പഞ്ചാബ് സ്വദേശിയാണ് യുവതി. ഭര്‍ത്താവിനൊപ്പമാണ് യുവതിയെ മാര്‍ച്ച്‌ 25ന് ഗയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ഗര്‍ഭച്ഛിദ്രം നടത്തിയ യുവതിയെ രക്തസ്രാവത്തെത്തുടര്‍ന്നായിരുന്നു ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് കൊവിഡ് ബാധയുണ്ടോ എന്ന സംശയത്തെത്തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് ഡോക്ടര്‍ യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് ആരോപണം.

കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് ഇവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ഇവര്‍ ഡോക്ടര്‍ ലൈംഗികാതിക്രമം നടത്തിയതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. പിന്നീട് രക്തസ്രാവം മൂര്‍ച്ഛിച്ച്‌ യുവതി മരിക്കുകയായിരുന്നു.

പ്രഥമദൃഷ്ട്യാ സംഭവം ഗുരുതരമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ ഡോക്ടറെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

കൊറോണ വൈറസിനെ ചെറുക്കാനായി സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി പരാതി.

സംഭവത്തെക്കുറിച്ച് ഒരു തമിഴ് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് ഇങ്ങനെ:

കഴിഞ്ഞ ദിവസം റിയാസ് ഖാന്റെ ചെന്നൈ പനൈയൂരിലെ വസതിക്ക് സമീപത്താണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ റിയാസ് ആളുകള്‍ കൂട്ടംകൂടി നിന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് തര്‍ക്കത്തിലേക്ക് നീങ്ങുകയായിരുന്നു.

തുടര്‍ന്ന് ആള്‍ക്കൂട്ടം തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് റിയാസ് ആരോപിച്ചു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ റിയാസ് ഖാന്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കാനതുര്‍ പൊലീസില്‍ റിയാസ് പരാതി നല്‍കി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

എന്‍ഡോസള്‍ഫാനില്‍ തുടങ്ങി മഹാമാരി വരെ. എല്ലാത്തിലും കയ്യൊപ്പുമായി സുരേഷ് ഗോപി എന്ന മനുഷ്യന്‍ എപ്പോഴുമുണ്ടായിരുന്നു.  പക്ഷെ പലപ്പോഴും അത് അധികം പേരും അറിഞ്ഞില്ല. പക്ഷെ അപ്പോള്‍ ഈ കുറിപ്പ് വൈറലാവുകയാണ്. മകന്‍ അച്ഛനായി കുറിച്ചത്.  ഈ വസ്തുതകള്‍ അറിയപ്പെടേണ്ടതാണെന്ന് തോന്നി എന്ന് വ്യക്തമാക്കി അച്ഛന്റെ കൈത്താങ്ങുകളെക്കുറിച്ച് ഗോകുല്‍ സുരേഷ് പറഞ്ഞതാണ് ഇപ്പോള്‍ വൈറലായത്.

കൊറോണ ബാധിതര്‍ കൂടുതലുള്ള കാസര്‍കോട് ജില്ലയ്ക്കായി അച്ഛന്‍ ചെയ്ത സഹായങ്ങളും മറ്റും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്ന് നടന്‍ ഗോകുല്‍ സുരേഷ്. സുരേഷ് ഗോപിയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന കുറിപ്പ് പങ്കുവച്ചായിരുന്നു ഗോകുലിന്റെ പ്രതികരണം.

ഈ വസ്തുതകള്‍ അറിയപ്പെടേണ്ടത് ആണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനഃപൂര്‍വം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസ്സേജുകള്‍ കണ്ടാണ് ഇപ്പോള്‍ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു.’ഗോകുല്‍ കുറിച്ചു.

ഗോകുല്‍ സുരേഷ് പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം.

പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായിക്കുവാന്‍ മുന്നോട്ട് വന്നതു മുതല്‍ ഇന്ന് കൊറോണ മഹാമാരി കാസര്‍കോട്ടുകാരെ വിഷമത്തിലാക്കിയപ്പോള്‍ വരെ ഒരു കൈത്താങ്ങായി സുരേഷ് ഗോപി എംപി കൂടെയുണ്ട്. മാര്‍ച്ച് അവസാനം കാസര്‍കോട് ജനറല്‍ ആശുപത്രി കോവിഡ് 19 ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനിച്ച സമയം ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എന്‍ഡ് മോഡ് വെന്റിലേറ്ററും പോര്‍ട്ടബിള്‍ എക്സ്റേയും തുടങ്ങിയ സജ്ജീകരണങ്ങള്‍ക്ക് സാമ്പത്തിക സഹായമായി കാസര്‍കോട്ട് കലക്ടറെ അങ്ങോട്ടു വിളിച്ച് ബന്ധപ്പെട്ട് സുരേഷ് ഗോപി എംപി 25 ലക്ഷം രൂപ സഹായം അറിയിച്ചു.

പിന്നീട് കോവിഡ് രോഗബാധയും സംക്രമണവും ഏറ്റവും കൂടുതലായ കാസര്‍കോട്ട് ജില്ലയ്ക്ക് 3 വെന്റിലേറ്റുകളും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധന നടത്താന്‍ ആവശ്യമായ മൊബൈല്‍ എക്സ്റേ യൂണിറ്റും അനുവദിച്ചു. അതും കഴിഞ്ഞ് ഏപ്രില്‍ അഞ്ചാം തിയതി കാസര്‍കോട്ട് ജില്ലയില്‍പെട്ട ബദിയടുക്കാ, മൂളിയാര്‍. ചെറുവത്തൂര്‍, പെരിയ , മംഗല്‍പ്പാടി എന്നീ സ്ഥലങ്ങളിലെ സിഎച്ച്സി സെന്ററുകളില്‍ ഡയാലിസിസ് ചെയ്യാന്‍ വേണ്ട ഉപകരണങ്ങള്‍ക്കായി 29.25 ലക്ഷം എംപി ഫണ്ട് അനുവദിച്ചു. എന്നും അവഗണനകള്‍ നേരിട്ടപ്പോഴും കാസര്‍കോട്ടിന് കൈത്താങ്ങായി സുരേഷേട്ടന്‍ കൂടെയുണ്ടാകാറുണ്ട്.

ആലപ്പുഴ തുറവൂരില്‍ ഭര്‍ത്താവ് ഭാര്യയെ കോടാലികൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി.പട്ടണക്കാട് പഞ്ചായയത്ത് ഏഴാം വാര്‍ഡില്‍ പുതിയകാവ് പടിഞ്ഞാറെ ചാണിയില്‍ പ്രജിത്തിന്റെ ഭാര്യ സൗമ്യ(30)ആണ് കൊല്ലപ്പെട്ടത്. സംഭവ ശേഷം പ്രജിത്ത് പട്ടണക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചോടെ ഇവരുടെ കിടപ്പുമുറിയിലാണ് കൊലപാതകം. തലക്കടിയേറ്റ് കിടന്ന സൗമ്യയെ വിവരമറിഞ്ഞെത്തിയ പൊലീസും ബന്ധുക്കളും ചേര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ ആറോടെ മരണം സംഭവിക്കുകയായിരുന്നു.</span>

ഇരുവരും തമ്മില്‍ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കള്‍ ഇടപെട്ട് പല പ്രശ്നങ്ങള്‍ക്കും ഒത്തു തീര്‍പ്പുണ്ടാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രിയിലും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. കൊലപാതകത്തിലേക്കു നയിച്ച കാരണം അന്വേഷിക്കുന്നു. സംഭവ ശേഷം സമീപത്തുള്ള സഹോദരന്റെ കുടുംബത്തെ വിളിച്ചണര്‍ത്തി ഒന്നരവയസ്സുള്ള കുട്ടിയെ ഏല്‍പിച്ചാണ് പ്രജിത്ത് വിവരമറിയിച്ചത്.

തുടര്‍ന്ന് സഹോദരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി സഹോദരന്റെ സഹായത്തോടെ സൗമ്യയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഈസമയം പ്രജീത്ത് പട്ടണക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പട്ടണക്കാട് സി ഐ രൂപേഷ് രാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജ്ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം പുതിയകാവിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരവും ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയവുമായ നടി ശ്രീലക്ഷ്മി കന്‍കാല അന്തരിച്ചു. താരദമ്പതിമാരായ ലക്ഷ്മി ദേവിയുടെയും ദേവദാസ് കന്‍കാലയുടെയും മകളാണ് ശ്രീലക്ഷ്മി. പ്രമുഖ നടന്‍ രാജീവ് കന്‍കാല സഹോദരനാണ്. ഭര്‍ത്താവ് പെഡി രാമ റാവു. രണ്ട് പെണ്‍മക്കള്‍ പ്രീണയും രംഗലീനയും.

കാന്‍സര്‍ രോഗവുമായി ഏറെ കാലമായി ചികിത്സയിലായിരുന്നു താരം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. ബാലതാരമായി ദൂരദര്‍ശനിലൂടെയായിരുന്നു ശ്രീലക്ഷ്മി അഭിനയ ജീവിതം ആരംഭിക്കുന്നത്. രാജശേഖര ചരിത എന്ന സീരിയലില്‍ അച്ഛന്‍ ദേവദാസിനൊപ്പമാണ് ശ്രീലക്ഷ്മി ആദ്യമായി അഭിനയിക്കുന്നത്.

2018 അമ്മയും കഴിഞ്ഞ വര്‍ഷം അച്ഛനും മരിച്ചതോടെ ശ്രീലക്ഷ്മിയും അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു. ശ്രീലക്ഷ്മിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി സുഹൃത്തുക്കളും പ്രമുഖ താരങ്ങളുമെല്ലാം എത്തിയിട്ടുണ്ട്. ശ്രീലക്ഷ്മിയുടെ മരണം ഞെട്ടിക്കുന്നതാണെന്നും വിശ്വസിക്കാന്‍ കഴിയില്ലെന്നും നടന്‍ ഹര്‍ഷ വര്‍ധന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ പറഞ്ഞു.

കൂടാതെ ശ്രീലക്ഷ്മിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരാധകരും സുഹൃത്തുക്കളുമെല്ലാം വരുന്നത് ഒഴിവാക്കണമെന്ന് നടിയുടെ ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നതായും താരം വീഡിയോയില്‍ പങ്കുവച്ചു. കൊവിഡ് 19 എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു അഭ്യർത്ഥന നടത്തിയിരിക്കുന്നത്.

മാസ്‌ക് കെട്ടിയാല്‍ പിന്നെ കൊറോണ അതിന്റെ പരിസരത്ത് വരില്ലെന്ന് വിചാരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. അതുകൊണ്ടൊന്നും പ്രയോജനമില്ല. താല്‍കാലിക സുരക്ഷ മാത്രമാണ് മാസ്‌കുകള്‍. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മാസ്‌കുകള്‍ക്ക് സാധിക്കില്ലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.

കൊറോണ ബാധിതരും രോഗലക്ഷണങ്ങള്‍ ഉള്ളവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആയിരം വട്ടം ആവര്‍ത്തിക്കുമ്പോഴാണ് പുതിയ പഠനം എത്തിയത്. സര്‍ജിക്കല്‍ മാസ്‌ക് അല്ലെങ്കില്‍ കോട്ടണ്‍ തുണികൊണ്ടുള്ള മാസ്‌ക് എന്നിവയാണ് ജനങ്ങള്‍ ധരിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ വൈറസ് ബാധയെ തടയാന്‍ സാധിക്കില്ലെന്നാണ് പഠനത്തില്‍ പറയുന്നത്.

കൊവിഡ് ബാധിതര്‍ ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന സ്രവത്തില്‍ നിന്ന് കൊറോണ വൈറസിനെ തടയാന്‍ ഈ രണ്ട് മാസ്‌ക്കുകളും ഫലപ്രദമല്ലെന്ന് പഠനത്തില്‍ പറയുന്നു. അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ എന്ന അമേരിക്കന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ദക്ഷിണ കൊറിയയിലെ രണ്ട് ആശുപത്രികളിലാണ് പഠനം നടത്തിയത്.

കൊവിഡ് രോഗികള്‍ ചുമയ്ക്കുമ്പോള്‍ വൈറസ് അടങ്ങുന്ന സ്രവകണങ്ങള്‍ വായുവിലേക്ക് പടരുന്നത് തടയാനോ മാസ്‌ക്കിന്റെ പുറത്തേ പ്രതലത്തിലേക്ക് കടക്കുന്നത് തടയാനോ മേല്‍പ്പറഞ്ഞ രണ്ട് മാസ്‌ക്കുകള്‍ക്കും സാധിക്കില്ലെന്ന് പഠനം വ്യക്തമാക്കുന്നു.

അണുബാധയില്‍നിന്ന് ഉയര്‍ന്ന സുരക്ഷ നല്‍കുന്ന എന്‍ 95 മാസ്‌ക്കുകളുടെ ലഭ്യത കുറയുന്ന സാഹചര്യത്തില്‍ സര്‍ജിക്കല്‍ മാസ്‌ക്കുകളോ കോട്ടണ്‍ മാസ്‌ക്കുകളോ ഉപയോഗിക്കുന്നത് വര്‍ധിച്ചു. ഉള്‍സാന്‍ കോളേജ് ഓഫ് മെഡിസിന്‍ സര്‍വകലാശാല ഗവേഷകരാണ് മാസ്‌ക്കുകള്‍ സംബന്ധിച്ച പഠനം നടത്തിയത്. നാലു പേരില്‍ മാത്രമാണ് ഇവര്‍ നിരീക്ഷണം നടത്തിയത്. മാസ്‌ക് ധരിക്കാതെ, സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച്, കോട്ടണ്‍ മാസ്‌ക് ധരിച്ച്, വീണ്ടും മാസ്‌ക്കില്ലാതെ എന്നിങ്ങനെയാണ് പഠനം നടത്തിയത്.

പഠനത്തിനൊടുവില്‍ രണ്ട് മാസ്‌ക്കുകളുടെയും അകത്തും പുറത്തും കോവിഡ് രോഗികളുടെ സ്രവം ഉണ്ടായിരുന്നു. രണ്ട് മാസ്‌കുകളില്‍ നിന്നും ശേഖരിച്ച എല്ലാ സാമ്പിളുകളിലും കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. അതിനാല്‍, കൊറോണ രോഗികളോ രോഗലക്ഷണങ്ങള്‍ ഉള്ളവരോ സര്‍ജിക്കല്‍ മാസ്‌ക്, കോട്ടണ്‍ മാസ്‌ക് എന്നിവ ധരിക്കുന്നത് പ്രയോജനം ചെയ്യില്ലെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഇവര്‍ ചുമയ്ക്കുമ്പോള്‍ മാസ്‌ക്കിനെ മറികടന്ന് വൈറസ് അടങ്ങിയ സ്രവകണങ്ങള്‍ പുറത്തെത്തുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

കോവിഡ് പ്രതിരോധത്തിനുള്ള ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നതിന് കേരള പൊലീസ് നടത്തുന്ന ‘ഡ്രോൺ പരീക്ഷണ’ത്തെ പുകഴ്ത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. വിഖ്യാതമായ തന്റെ ‘ട്രേസര്‍ ബുള്ളറ്റ് ചാലഞ്ച്’ പശ്ചാത്തലമാക്കി കേരള പൊലീസ് പുറത്തുവിട്ട വിഡിയോ റീട്വീറ്റ് ചെയ്താണ് ശാസ്ത്രിയുടെ അഭിനന്ദനം. കേരള പൊലീസ് ഔദ്യോഗിക ട്വിറ്റർ പേജിലാണ് രസകരമായ ഈ വിഡിയോ പങ്കുവച്ചത്. കേരള പൊലീസിന്റെ പരീക്ഷണത്തെ ‘നൂതനം’ എന്നാണ് ശാസ്ത്രി വിശേഷിപ്പിച്ചത്.

ലോക്ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി കേരള പൊലീസ് ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം തിങ്കളാഴ്ച മുതൽ ശക്തമാക്കിയിരുന്നു. ഇങ്ങനെ നടത്തിയ നിരീക്ഷണത്തിനിടെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ കണ്ട ‘ആകാഴക്കാഴ്ചകൾ’ വിഡിയോ രൂപത്തിൽ പൊലീസ് പുറത്തുവിട്ടിരുന്നു. വയലിലും കടല്‍ക്കരയിലുമുള്ള ആളുകള്‍ ഡ്രോണ്‍ കണ്ട് നെട്ടോട്ടം ഓടുന്നതു വിഡിയോയിലുണ്ട്. ചിലയിടത്ത് ആളുകള്‍ ഇടവഴികളിലേക്ക് ഓടിമാറി ആകാശക്കണ്ണില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. ചിലര്‍ തൂവാല കൊണ്ടും കൈകൊണ്ടും മുഖം മറയ്ക്കുകയും ചെയ്തു.

ഇതേ വിഡിയോയുടെ പശ്ചാത്തലത്തിലാണ് രവി ശാസ്ത്രിയുടെ വിഖ്യാതമായ ‘ട്രേസർ ബുള്ളറ്റ് ചാലഞ്ചി’ന്റെ സംഗീതവും ഓഡിയോയും ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകുന്നതിനു മുൻപ് ക്രിക്കറ്റ് കമന്റേറ്ററായിരുന്ന ശാസ്ത്രി, 2016ലാണ് തന്റെ സഹ കമന്റേറ്റർമാക്കു മുന്നിൽ ‘ട്രേസർ ബുള്ളറ്റ് ചാലഞ്ച്’ വച്ചത്. ക്രിക്കറ്റ് കമന്ററിയിൽ താൻ പ്രശസ്തമാക്കിയ ഈ പ്രയോഗം വ്യത്യസ്തമായ ശൈലികളിൽ ഉപയോഗിക്കാനുള്ള ചാലഞ്ച് ആയിരുന്നു ഇത്.

മൻ താരങ്ങൾ കൂടിയായ സുനില്‍ ഗാവസ്‌കര്‍, സഞ്ജയ് മഞ്ജരേക്കര്‍, ഇയാന്‍ ബോതം തുടങ്ങിയവരാണ് ചാലഞ്ച് ഏറ്റെടുത്തത്. ഇവരുടെ കമന്ററിയും വിഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. ഇതുവരെ ട്വിറ്ററിൽ മാത്രം മൂന്നര ലക്ഷത്തിലേറെ പേരാണ് വിഡിയോ കണ്ടത്. 5100 പേര്‍ റീട്വീറ്റ് ചെയ്യുകയും 15,000ലേറെപ്പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തു.

തൃശ്ശൂര്‍ പൂരം ഈ വര്‍ഷമില്ല. കൊവിഡ് 19ന്റെ സാഹചര്യത്തിലാണ് തൃശ്ശൂര്‍ പൂരം റദ്ദാക്കാന്‍ ദേവസ്വങ്ങൾ തീരുമാനിച്ചത്. ഈ വര്‍ഷം മേയ് മൂന്നിനാണ് തൃശ്ശൂര്‍ പൂരം നടക്കേണ്ടിയിരുന്നത്. 1962ലാണ് ഇതിന് മുമ്പ് തൃശ്ശൂർ പൂരം റദ്ദാക്കിയത്. കൊവിഡ് 19 വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍, ഏപ്രില്‍ 14ന് ശേഷവും തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് തൃശ്ശൂര്‍ പൂരം റദ്ദാക്കുന്നതായി സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. കേരളത്തിൽ കൊവിഡ് ഹോട്ട് സ്പോട്ടുകളായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന എട്ട് ജില്ലകളിലൊന്നാണ് തൃശ്ശൂർ. ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് പിന്‍വലിക്കുകയാണെങ്കില്‍ പോലും ഹോട്ട് സ്‌പോട്ടുകളില്‍ അടച്ചുപൂട്ടല്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടി വരും. ഇക്കുറി പൂരവുമായി ബന്ധപ്പെട്ട ക്ഷേത്രാചാരങ്ങൾ മാത്രമുണ്ടാകുമെന്ന് ദേവസ്വങ്ങൾ അറിയിച്ചു.

പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ചേർന്നാണ് എല്ലാവർഷവും വിഖ്യാതമായ തൃശ്ശൂർ പൂരം നടത്തുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായാണ് തൃശ്ശൂർ പൂരം അറിയപ്പെടുന്നത്. ഈ വർഷത്തെ പൂരത്തിനുള്ള ഒരുക്കങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. പൂരത്തിന് മുന്നോടിയായി രണ്ട് മാസം നീണ്ടുനിൽക്കുന്ന എക്സിബിഷൻ ഏപ്രിൽ ഒന്നിന് തുടങ്ങാൻ നിശ്ചയിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇത് റദ്ദാക്കുകയായിരുന്നു.

ഇന്ത്യ-ചൈന യുദ്ധം മൂലമാണ് 1962ല്‍ തൃശ്ശൂർ പൂരം റദ്ദാക്കിയത് എന്നാണ് ദേവസ്വങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം തൃശ്ശൂര്‍ പൂരം സാധാരണ നടക്കുന്നത് ഏപ്രിലിലോ മേയിലോ ആണ്. അതിർത്തിയിലെ സംഘർഷം 1962ലെ വേനൽക്കാലത്ത് തന്നെ തുടങ്ങിയിരുന്നെങ്കിലും ഇന്ത്യ – ചൈന യുദ്ധം 1962 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 21 വരെയായിരുന്നു.

Copyright © . All rights reserved