ലോക്ഡൗണിനിടെ പിറന്ന ഇരട്ട കുട്ടികൾക്ക് ‘കൊറോണ’യെന്നും ‘കോവിഡെ’ന്നും പേരു നൽകി ദമ്പതികൾ. മാർച്ച് 27ന് പുലർച്ചെയാണ് റായ്പുർ സ്വദേശിനികൾക്ക് ഡോ. ബി.ആർ. അംബേദ്കർ മെമ്മോറിയൽ ആശുപത്രിയിൽ ഇരട്ടകൾ പിറന്നത്. ആൺകുട്ടിക്ക് കോവിഡെന്നും പെൺകുട്ടിക്ക് കൊറോണയെന്നും പേരു നൽകിയതായി കുട്ടികളുടെ അമ്മ പ്രീതി വർമ്മ പറഞ്ഞു.

നിരവധി ബുദ്ധിമുട്ടുകൾ നേരിട്ട ശേഷമാണ് പ്രസവം നടന്നത്. അതിനാൽ ‍ഞങ്ങള്‍ ആ ദിവസം സ്‌മരണാര്‍ഹമാക്കാന്‍ ആഗ്രഹിച്ചു. വൈറസ് അപകടകരവും ജീവന് ഭീഷണിയുമാണ്. പക്ഷേ ഇത് ശുചിത്വമുൾപ്പെടെയുള്ള നല്ല കാര്യങ്ങൾ ശീലിക്കാൻ ആളുകളെ പ്രേരിപ്പിച്ചു. അതിനാൽ ഈ പേരുകൾ നൽകുകയായിരുന്നു– അവർ പറഞ്ഞു.

മാർച്ച് 26ന് രാത്രിയാണ് എനിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. എങ്ങനെയൊക്കെയോ ഭർത്താവ് ആംബുലൻസ് സംഘടിപ്പിച്ചു. ലോക്ഡൗൺ കാരണം റോഡുകളിൽ വാഹനങ്ങൾ അനുവദിക്കാത്തതിനാൽ വിവിധ സ്ഥലങ്ങളിൽ പൊലീസ് തടഞ്ഞു. എന്നാൽ എന്റെ അവസ്ഥ കണ്ട് അവർ വിട്ടയച്ചു. രാത്രി ആയതിനാൽ ആശുപത്രിയിലെ സ്ഥിതിയെക്കുറിച്ചും ഞാൻ ആശങ്കയിലായിരുന്നു. ഭാഗ്യവശാൽ ഡോക്ടർമാരും മറ്റു ഉദ്യോഗസ്ഥരും സഹകരിച്ചു. ലോക്ഡൗൺ കാരണം ബന്ധുക്കൾക്ക് ആശുപത്രിയിൽ എത്താൻ സാധിച്ചില്ല–പ്രീതി പറഞ്ഞു.

ദമ്പതികൾക്ക് രണ്ടുവയസ്സുള്ള ഒരു മകൾ കൂടിയുണ്ട്. അമ്മയെയും കുഞ്ഞുങ്ങളെയും ഡിസ്ചാർജ് ചെയ്തതായും മൂന്നുപേരും സുഖമായിരിക്കുന്നതായും ആശുപത്രി പബ്ലിക് റിലേഷൻസ് ഓഫീസർ ശുഭ്ര സിങ് പറഞ്ഞു.