ലോകം മുഴുവന്‍ ഉഴുതുമറിച്ചാണ് കൊറോണയുടെ സംഹാര താണ്ഡവം നടമാടുന്നത്. ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള ആദ്യ 20 രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്.മഹാരാഷ്ട്രയും തമിഴ്‌നാടും തെലങ്കാനയുമുള്‍പ്പെടെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അതിഗുരുതര സ്ഥിതിയാണ് നിലനില്‍ക്കുന്നത്.എന്നാല്‍ കോവിഡ് ഇതുവരെ നാശം വിതയ്്ക്കാത്ത ചില സംസ്ഥാനങ്ങളും ഇന്ത്യയിലുണ്ട്.
പ്രധാനമായും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് കോവിഡിനെതിരേ ചെറുത്തുനില്‍ക്കുന്നത്. നാഗാലാന്‍ഡില്‍ ഇതുവരെ ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആരും മരണപ്പെട്ടിട്ടില്ല.മുപ്പതു ലക്ഷത്തില്‍ താഴെ ജനസംഖ്യ ഉള്ള നാഗാലാന്‍ഡ് നിരവധി സഞ്ചാരികള്‍ എത്തുന്ന ഒരു സംസ്ഥാനം കൂടി ആണ്. മറ്റൊരു വടക്കു കിഴക്കന്‍ സംസ്ഥാനമായ മിസോറാമും സുരക്ഷിതമാണ്.
സഞ്ചാരികള്‍ ധാരാളമായി വരുന്നതും,11.2 ലക്ഷം ജനസംഖ്യ മാത്രമുള്ള ഒരു സംസ്ഥാനം കൂടി ആണ് മിസോറാം.ഇത് വരേയും കേവലം ഒരാള്‍ക്കു മാത്രമാണ് കോവിഡ് റിപ്പോര്‍ട് ചെയ്തിട്ടുളളത്. മാത്രമല്ല മരണം ഒന്നും തന്നെ അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.
മണിപ്പൂര്‍,ത്രിപുര എന്നിവിടങ്ങളില്‍ രണ്ടു വീതം ആളുകള്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. രണ്ടു സംസ്ഥാനങ്ങളിലും ഓരോ ആളുകള്‍ രോഗ വിമുക്തരാവുകയും ചെയ്തു.അരുണാചല്‍ പ്രദേശില്‍ രോഗബാധിതനായ ഏക ആള്‍ രോഗവിമുക്തി നേടുകയും ചെയ്തു.
ഉത്തരാഖണ്ഡിലും ചത്തീസ്ഗഢിലും ഗോവയിലും ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര നാഗര്‍ ഹവേലി, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലഡാക്ക്, ചണ്ഡിഗഢ് എന്നിവിടങ്ങളിലും കോവിഡ് മരണങ്ങള്‍ ഇതുവരെയില്ല.
ലോക്ക് ഡൗണ്‍ കാലയളവില്‍ നാട്ടിലേക്ക് വരാനായി വിമാന ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ പണവും തിരികെ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
കേന്ദ്ര സര്‍ക്കാര്‍ വിമാന കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലയളവില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ടിക്കറ്റിന്റെ പണം തിരികെ നല്‍കുന്നത്.
മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം പൂര്‍ണമായി മടക്കി നല്‍കാനും കാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കരുതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വിമാന കമ്പനികളോട് ആവശ്യപ്പെട്ടത്. ടിക്കറ്റ് റദ്ദാക്കാനുള്ള അപേക്ഷ നല്‍കി മൂന്നാഴ്ചക്കുള്ളില്‍ പണം റീഫണ്ട് ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
കൊവിഡ്-19 രോഗികളില്‍ ‘രെംഡെസിവിര്‍’ (Remdesivir) എന്ന ആന്റിവൈറല്‍ മരുന്ന് പലപ്രദമാകുന്നതായി റിപ്പോര്‍ട്ട്. പരീക്ഷണാര്‍ത്ഥം ഈ മരുന്ന് രോഗികളില്‍ പ്രയോഗിക്കുന്നുണ്ട്. ഈ രോഗികള്‍ അതിവേഗത്തില്‍ അസുഖം ഭേദപ്പെട്ട് വീടുകളിലേക്ക് മടങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ പരീക്ഷണം നോടത്തിയ രോഗികള്‍ക്കെല്ലാം ഉയര്‍ന്നതോതില്‍ ശ്വാസകോശ പ്രശ്നങ്ങളുണ്ടായിരുന്നു. കടുത്ത പനിയടക്കമുള്ള മറ്റ് ലക്ഷണങ്ങളുമുണ്ടായിരുന്നു. പക്ഷെ, ഈ മരുന്ന് എടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാവരെയും ഡിസ്ചാര്‍ജ് ചെയ്യാനായി.
രണ്ട് രോഗികളൊഴികെ എല്ലാവരെയും ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞെന്ന് ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തുന്ന യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിലെ ഡോ. കാതലീന്‍ മുള്ളേന്‍ പറയുന്നു. രണ്ട് രോഗികള്‍ മരിച്ചു. സിഎന്‍എന്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുഎസ്സിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്സ് ഓഫ് ഹെല്‍ത്ത് നിരവധി മരുന്നുകളുടെ ട്രയല്‍ നടത്തിവരുന്നുണ്ട്. ഇവയിലൊന്നാണ് ‘രെംഡെസിവിര്‍’. ഗിലീഡ് സയന്‍സസ് ആണ് ഈ മരുന്ന് നിര്‍മിച്ചിരിക്കുന്നത്. എബോള രോഗത്തിനായി നിര്‍മിച്ച ഈ മരുന്ന് പക്ഷെ, ആ രോഗത്തിന് അത്രകണ്ട് ഫലപ്രദമായിരുന്നില്ല. എന്നാല്‍ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം ഈ മരുന്ന് മനുഷ്യരില്‍ കൊറോണ വൈറസിനെതിരെ ഉപയോഗപ്രദമാകുമെന്ന് തെളിയിക്കപ്പെട്ടു. കൊറോണയ്ക്ക് സമാനമായ ഇതര വൈറസുകളെ പ്രതിരോധിക്കാനും ഈ മരുന്നിനാകുമെന്നാണ് കണ്ടെത്തല്‍.
ഫെബ്രുവരിയില്‍ തന്നെ ലോകാരോഗ്യ സംഘടന ‘രെംഡെസിവിര്‍’ മരുന്ന് കൊവിഡിന് ഫലപ്രദമാകുമെന്ന സൂചന നല്‍കിയിരുന്നു.അതെസമയം, ഗുരുതരമായ അവസ്ഥയിലെത്തിയ രോഗികളില്‍ മാത്രമാണ് ഈ ടെസ്റ്റുകള്‍ നേരത്തെ നടത്തിയിരുന്നത്. ഇപ്പോള്‍ രോഗം മൂര്‍ച്ഛിച്ചിട്ടില്ലാത്ത 1600 രോഗകളില്‍ കൂടി ട്രയല്‍ നടത്തുന്നുണ്ട്. ഈ മാസം അവസാനത്തോടെ ഇതിന്റെയെല്ലാം റിസള്‍ട്ട് വരുമെന്നും കൂടുതല്‍ മെച്ചപ്പെട്ട അനുമാനത്തിലേക്ക് എത്താനാകുമെന്നുമാണ് ഗിലീഡ് പ്രതീക്ഷിക്കുന്നത്. ട്രയലുകളില്‍ നിന്നുള്ള വിവരങ്ങളെല്ലാം വെച്ച് കൂടുതല്‍ വിശകലനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഗിലീഡ് പറയുന്നു.
ഇന്ത്യയിലെ കൊവിഡ് രോഗികളുടേയും മരണത്തിന്റേയും കണക്കുകള്‍ വിശ്വസിക്കാനാകുന്നില്ലെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചു വയ്ക്കുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. പേര് വെളിപ്പെടുത്താത്ത രണ്ട് ഡോക്ടര്‍മാരെ ഉദ്ധരിച്ചാണ് ബിബിസിയുടെ ഇന്ത്യന്‍ പ്രതിനിധി വാര്‍ത്ത തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11000ത്തിലേറെയും മരണം 370ലേറെയുമായതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യാഥാര്‍ഥ്യം ഇതിന്റെ പലമടങ്ങ് കൂടുതലാണെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഇന്ത്യയില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പരിശോധന നടത്താതെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവരില്ലെന്നാണ് റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം കൊവിഡ് ലക്ഷണങ്ങളോടെ ശ്വാസകോശ അസുഖങ്ങള്‍ ബാധിച്ച് ആറ് പേര്‍ താന്‍ ജോലിയെടുക്കുന്ന ആശുപത്രിയില്‍ മരിച്ചെന്നാണ് പേര് വെളിപ്പെടുത്താത്ത മുംബൈയില്‍ നിന്നുള്ള ഡോക്ടര്‍ ബിബിസിയോട് പറഞ്ഞത്. ഇത്തരത്തില്‍ കൊവിഡ് ലക്ഷണങ്ങളോടെ മരിക്കുന്നവരിലോ അവരുടെ ബന്ധുക്കളിലോ പരിശോധന കിറ്റുകളുടെ ക്ഷാമം മൂലം പരിശോധനകള്‍ നടത്തുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു.
കൊവിഡ് ലക്ഷണങ്ങളുമായി എത്തുന്നവരെ പോലും പരിശോധിക്കുന്നില്ലെന്നാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള മറ്റൊരു ഡോക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ക്ക് രോഗമുണ്ടെങ്കില്‍ നിരവധി പേരിലേക്ക് പടരാനുള്ള സാധ്യതയുണ്ടെന്നും വ്യക്തിപരമായി ഡോക്ടറെന്ന നിലയില്‍ വലിയ ആശങ്കയുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
പരിശോധന കിറ്റുകളുടെയും ക്വാറന്റെയ്ന്‍ നടപടികളുടെയും ക്ഷാമമാണ് പ്രധാനമായും ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നത്. കൊവിഡ് ബാധിതരുടെയും മരണവും സംബന്ധിച്ച തങ്ങളുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം മറുപടി നല്‍കിയില്ലെന്നും ബിബിസി റിപ്പോര്‍ട്ടിലുണ്ട്.
റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കി 30വയസ്സുകാരിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത റേഷന്‍ ഡീലര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഷാമ് ലി ജില്ലയിലാണ് സംഭവം. ബലാത്സംഗക്കേസുകള്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് എസ് പി വിനീത് ജെയ്‌സവാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 25ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ യുവതിയുടെ ഭര്‍ത്താവ് പഞ്ചാബില്‍ കുടുങ്ങികിടക്കുകയാണ്. വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന യുവതി റേഷന്‍ സാധനങ്ങള്‍ വാങ്ങാനായി കടയില്‍ എത്തിയപ്പോള്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കാമെന്ന് റേഷന്‍ ഉടമ പറയുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
സാധനങ്ങളുമായി വീട്ടിലെത്തിയ റേഷന്‍ കടയുടമ വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും തന്നെ ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് റേഷന്‍ കടയുടമയെ അറസ്റ്റ് ചെയ്തു.
ബലാത്സംഗക്കേസുകള്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് എസ് പി വിനീത് ജെയ്‌സവാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ തടയാനാവാതെ ആശങ്കയിലാണ് രാജ്യം. അതിനിടെ മരണസംഖ്യയും കുതിച്ചുയരുന്നത് രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 28 കൊറോണ മരണവും 826 പുതിയ കേസുകളും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാത്രം 8 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഡല്‍ഹിയില്‍ 6 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 448 പേരാണ് രോഗം ബാധിച്ച് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 13430ഉം ആയി ഉയര്‍ന്നു.
11234 പേരാണ് കൊറോണ ചികിത്സയിലുള്ളത്. ഡല്‍ഹിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1640 ആയി. കഴിഞ്ഞദിവസം 62 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഭോപ്പാലില്‍ 120ഉം ഗുജറാത്തില്‍ 58ഉം പേര്‍ക്ക് പുതിയതായി രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 929 ആയി.
302956 സാമ്പിളുകള്‍ ഇതുവരെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഐസിഎംആര്‍ അറിയിച്ചു. രാജ്യത്ത് ആകെ 370 ജില്ലകളില്‍ കൊറോണ സ്ഥിരീകരിച്ചുവെന്നും ഇതുവരെ 324 ജില്ലകളില്‍ ഒരു കൊറോണ കേസു പോലും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിമാരുടെ സമിതി ഇന്ന് രാവിലെ 11 മണിയ്ക്ക് യോഗം ചേരും.
ഹെലികോപ്റ്ററില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പണം വിതറുമെന്ന വ്യാജ വാര്‍ത്ത നല്‍കിയ ചാനലിനെതിരെ നടപടി. കന്നഡ ചാനലായ പബ്ലിക്ക് ടിവിക്കാണ് വാര്‍ത്താ വിതരണ മന്ത്രാലയം നോട്ടീസ് അയച്ചിരിക്കുന്നത്.
പട്ടണങ്ങളില്‍ ഹെലികോപ്റ്ററില്‍ നോട്ടുകെട്ടുകള്‍ വിതരണം ചെയ്യുമെന്നായിരുന്നു വാര്‍ത്ത നല്‍കിയത്. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാര്‍ത്ത നല്‍കിയ നിങ്ങളുടെ പ്രക്ഷേപണം നിരോധിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടോയെന്നാണ് ചാനലിന് ലഭിച്ച നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, 10 ദിവസത്തിനുള്ളില്‍ ചാനല്‍ മറുപടി നല്‍കണം.
ഏപ്രില്‍ 15നാണ് ചാനല്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന വാര്‍ത്ത നല്‍കിയത്. അതും ലോക്ക് ഡൗണ്‍ ആയതിനാല്‍ ഗുരുതര പ്രശ്‌നം തന്നെ ഉണ്ടാക്കുന്ന ഒരു വാര്‍ത്തയും ആയിരുന്നു.
കന്നഡ ചാനല്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നിരവധി ആളുകളാണ് ഇത് വിശ്വസിച്ച് വീടുകള്‍ക്ക് പുറത്തിറങ്ങി പണത്തിനായി കാത്തിരുന്നത്.
പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും ഇത്തരത്തില്‍ നോട്ടുകെട്ടുകള്‍ പട്ടണങ്ങളില്‍ വിതറാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്നും ഇന്ത്യയുടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) വ്യക്തമാക്കിയിരുന്നു.
നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ‘ഹെലികോപ്റ്റര്‍ മണി’യിലൂടെ കഴിയുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ചാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ‘ഹെലികോപ്റ്റര്‍ മണി’യില്‍ ഒരു പാളിച്ച പറ്റുകയായിരുന്നു.
ന്യൂഡല്‍ഹി∙ കൊറോണ വൈറസ് വ്യാപനം തടയുന്നതിലും മരണനിരക്ക് കുറയ്ക്കുന്നതിലും ഇന്ത്യ മറ്റു ലോകരാജ്യങ്ങള്‍ക്കു മുന്നില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. പത്തു ലക്ഷത്തില്‍ ഒൻപതു പേര്‍ക്കു മാത്രമാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പു പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച സ്‌പെയിനില്‍ പത്തു ലക്ഷം പേരില്‍ 3,864 പേര്‍ക്കാണു രോഗബാധയുണ്ടായത്. ഇറ്റലിയിലും ഫ്രാന്‍സിലും ഇത് യഥാക്രമം 2732-ഉം 2265-ഉം ആണ്. അമേരിക്കയില്‍ ഇത് 1946 ആണെന്ന് ആരോഗ്യമന്ത്രാലയം സൂചിപ്പിക്കുന്നു.
കോവിഡ് ബാധിച്ചുള്ള മരണനിരക്കും ഇന്ത്യയില്‍ തീരെ കുറവാണ്. പത്തു ലക്ഷത്തില്‍ 0.3 മരണങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍. അതേസമയം സ്‌പെയിനില്‍ അത് 402 ആണ്. ഇറ്റലിയില്‍ 358, ഫ്രാന്‍സില്‍ 263 എന്നിങ്ങനെയാണു മരണനിരക്ക്.കോവിഡ് അതിവേഗത്തില്‍ പടര്‍ന്നതോടെ ഇന്ത്യന്‍ സര്‍ക്കാര്‍ പരിശോധനയും വേഗത്തിലാക്കിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രോഗബാധിതരുടെ എണ്ണം 10,000 കടന്നപ്പോള്‍ 2,17,554 പേരെയാണു പരിശോധനയ്ക്കു വിധേയരാക്കിയത്. കാനഡ മാത്രമാണ് ഇന്ത്യയുടെ മുന്നിലുള്ളത്. 10,000 പേര്‍ക്കു രോഗം ബാധിച്ച ഘട്ടത്തില്‍ 2,95,065 പേരെ കാനഡ പരിശോധിച്ചിരുന്നു.
ഇന്ത്യ ശരിയായ നടപടിയാണു സ്വീകരിച്ചതെന്നും മഹാമാരി മറ്റുള്ള രാജ്യങ്ങളില്‍ സൃഷ്ടിച്ച വിനാശം ഇന്ത്യക്ക് ഒഴിവാക്കാന്‍ കഴിഞ്ഞത് ഫലപ്രദമായ നടപടികളിലൂടെയാണെന്നും ലോക്ഡൗണ്‍ മേയ് 3 വരെ നീട്ടിക്കൊണ്ടു നടത്തിയ പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ലോക്ഡൗണ്‍ മൂലം വന്‍സാമ്പത്തിക തിരിച്ചടി ഉണ്ടായെങ്കിലും സര്‍ക്കാരിനു പ്രധാനം ജനങ്ങളുടെ ജീവനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വ്യാഴാഴ്ച ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 12,380 ആയി. മരണസംഖ്യ 414 ആയെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ന്യൂഡൽഹി∙ വിഡിയോ കോൺഫറൻസിന് ഉപയോഗിക്കുന്ന സൂം ആപ് സുരക്ഷിതമല്ലെന്നു കേന്ദ്രസർക്കാർ. സൂം ആപ് ഉപയോഗിക്കുന്നവർ സുരക്ഷയ്ക്കായി ചില നിർദേശങ്ങൾ പാലിക്കണമെന്നും സർക്കാര്‍ അറിയിച്ചു. ലോക്ഡൗൺ കാലത്തു ജനങ്ങള്‍ വിഡിയോ കോൺഫറൻസിനായി സൂം ആപ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
സൂം ആപ് സുരക്ഷിതമല്ലെന്നു സർക്കാർ ഏജൻസിയായ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി– ഇന്ത്യ) നിർദേശങ്ങൾ നേരത്തേ തന്നെ പുറത്തിറക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷിതമല്ലാതെ ആപ് ഉപയോഗിക്കുകയാണെങ്കിൽ വിവരങ്ങള്‍ സൈബർ ക്രിമിനലുകൾക്കു ചോർത്തിയെടുക്കാൻ സാധിക്കും. സോഫ്റ്റ്‍വെയർ അപ്ഡേറ്റ് ചെയ്യണമെന്നും ഓരോ മീറ്റിങ്ങിലും പാസ്‌വേഡുകൾ മാറ്റണമെന്നും നിർദേശമുണ്ട്. സ്വകാര്യത, സുരക്ഷ എന്നിവയിൽ സൂം ആപ്പിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥൻ പറഞ്ഞു. ടിക് ടോക് ആപ് പോലെ സൂം ആപിന്റെയും സെർവറുകൾ ചൈനയിൽ ആണ്.
രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട വ്യാപാര സ്ഥാപനങ്ങളും സർക്കാർ കേന്ദ്രങ്ങളും സൂം ഉപയോഗിക്കാതിരിക്കുന്നതാണു നല്ലതെന്നും മുന്നറിയിപ്പുണ്ട്. സൂം ആപ് ഉപയോഗത്തിനിടെ ഹാക്കർമാർ പാസ്‍വേഡുകൾ ലീക്ക് ചെയ്ത് വിഡിയോ കോളുകൾ ഹൈജാക് ചെയ്യുന്ന കേസുകൾ റിപ്പോർട്ട് ചെയ്തു. ജീവനക്കാരുടെ കംപ്യൂട്ടറുകളില്‍ സൂം ആപ് ഉപയോഗിക്കുന്നതിനു ഗൂഗിൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സിംഗപ്പൂരിൽ അധ്യാപകർ സൂം ആപ് ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. ജർമനി, തായ്‍വാൻ എന്നീ രാജ്യങ്ങളിലും ആപ്പിന് വിലക്കേർപ്പെടുത്തി.
എടത്വാ: ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ തിരുവല്ല വാല്യു എഡ്യുക്കേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ വേദിയുടെ സഹകരണത്തോടെ മാസ്ക് വിതരണവും ബോധക്കരണവും നടത്തി.എടത്വാ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ എടത്വാ പ്രിൻസിപ്പൽ എസ്.ഐ സിസിൽ ക്രിസ്റ്റീൻ രാജ് മെഡിക്കൽ ഓഫീസർ ഡോ. സിനിക്ക് മാസ്ക് നല്കി ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ വിദ്യാഭ്യാസ വളർച്ചയ്ക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്ന വി.ഇ.ടിയുടെ പ്രതിഭ, ഐശ്വര്യാ, ഒരുമ,പുലരി, സംഗമം, അനന്യാ കുടുംബ സമിതികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്ക് ആണ് വിതരണം ചെയ്തത്.
ഷീജാ സജീവ്,പ്രകാശിനി അജയകുമാർ, സ്മിജാ വർക്കി,ഷൈനി റോയി,ജ്യോതി സതീശൻ,ഗിരിജാ അശോകൻ,രഞ്ജിനി ബിനോയ്, വിദ്യാ മനോജ്, ബിന്ദു വിനോദ്,ലീലാമ്മ,ലില്ലി സണ്ണി, രതി,അനുമോൾ എന്നിവർ സ്വഭവനങ്ങളിൽ ഇരുന്ന് തയ്യാറാക്കിയ മാസ്കുകൾ ആണ് ആരോഗ്യ കേന്ദ്രം, പോലിസ് സ്‌റ്റേഷൻ, ഇലക്ട്രിസിറ്റി ഓഫിസ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ ,പ്രദേശവാസികൾ എന്നിവർക്ക് വിതരണം ചെയ്തതത്.
സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള,മേഖല കുടുംബ സമിതി പ്രസിഡൻ്റ് എൻ.ജെ. സജീവ് ,കെ.കെ സുധീർ, വിൻസൺ പൊയ്യാ ലുമാലിൽ ,സുരേഷ് പരുത്തിക്കൽ, അജു തോമസ് ,സന്ധ്യ മധു, ഗിരിജ അശോകൻ, സ്മിജ വർക്കി, ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര എന്നിവർ നേതൃത്വം നല്കി.
സമൂഹ വ്യാപനം തടയുന്നതിന് ഉള്ള ബോധവത്ക്കരണം നടത്തുന്നതിന് വീണ്ടും നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്ന് വി.ഇ.ടി ഡയറക്ടർ ആൻ എലിസബേത്ത് സാമുവേൽ കോർഡിനേറ്റർ സാമുവൽ കെ.പീറ്റർ എന്നിവർ അറിയിച്ചു.