Latest News

പാക്കിസ്ഥാന്റെ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫിന് വധശിക്ഷ വിധിച്ച പ്രത്യേക കോടതി വിധിക്കെതിരെ പാക്കിസ്ഥാനിൽ പ്രതിഷേധം ശക്തമാകുന്നു. പർവേസ് മുഷറഫ് തൂക്കിക്കൊല്ലുന്നതിനു മുൻപു മരിച്ചാൽ മൃതദേഹം വലിച്ചിഴച്ച് ഇസ്‌ലാമാബാദിലെ സെൻട്രൽ സ്ക്വയറിൽ കൊണ്ടുവന്ന് 3 ദിവസം കെട്ടിത്തൂക്കണമെന്ന വിധിന്യായത്തിലെ പരാമർശം ശിക്ഷ വധിച്ച ജഡ്ജിയുടെ മാനസികനില തകരാറിലാണെന്നാണ് കാണിക്കുന്നതെന്നു പാക്കിസ്ഥാന്‍ ഫെഡറല്‍ നിയമ വകുപ്പ് മന്ത്രി ഫറൂഖ് നസീം പ്രതികരിച്ചു.

വധശിക്ഷ വിധിച്ച ബെഞ്ചിന്റെ തലവൻ പെഷവാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാർ അഹ്മദ് സേത്ത് എഴുതിയ 167 പേജുള്ള വിധിന്യായത്തിലാണ് മുഷറഫിന്റെ മ‍ൃതദേഹം ഡി തെരുവിൽ (‍ഡെമോക്രസി ചൗക്ക്) കെട്ടിത്തൂക്കണമെന്ന വിചിത്ര നിർദേശം. വിധിയിൽ സർക്കാർ അപ്പീൽ പോകുമെന്നും ജഡ്ജിയെന്ന നിലയിൽ തുടർന്ന് വിധിന്യായം പുറപ്പെടുവിക്കുന്നതിൽ നിന്ന് വഖാർ അഹ്മദ് സേത്തിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം ജുഡിഷ്യൽ കൗൺസിലിനെ സമീപിക്കുമെന്നും ഫറൂഖ് നസീം മാധ്യമങ്ങളോട് പറഞ്ഞു.

മുഷറഫിന്റെ വധശിക്ഷയ്ക്കെതിരെ പാക്ക് സൈന്യത്തിൽ അതൃപ്തി പുകയുന്നതിനിടെയാണ് പിന്തുണയുമായി സർക്കാർ രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഓഫിസുകളും സുപ്രീം കോടതിയും സ്ഥിതിചെയ്യുന്ന തെരുവിൽ മുഷറഫിനെ തൂക്കണമെന്ന വിധിന്യായം തന്നെ ന്യായാധിപന്റെ പ്രതികാരബുദ്ധിയും മതിഭ്രമവുമാണ് കാണിക്കുന്നതെന്നും ഫറൂഖ് നസീം മാധ്യമങ്ങളോട് പറഞ്ഞു.

പെഷാവര്‍ കോടതിയുടെ വിധി ഭരണഘടനാലംഘനമാണെന്ന് അറ്റോര്‍ണി ജനറല്‍ മന്‍സൂര്‍ ഖാന്‍ വ്യക്തമാക്കി. മുഷറഫിന്റെ അസാന്നിധ്യത്തിലായിരുന്നു കോടതി നടപടികളും വിധിപ്രസ്താവവും. മുഷറഫിന് സ്വന്തം ഭാഗം ന്യായീകരിക്കാന്‍ അവസരം നല്‍കിയില്ലെന്നു കുറ്റപ്പെടുത്തിയ മൻസൂർ ഖാൻ മുഷറഫിന് നീതി ലഭിച്ചില്ലെങ്കിൽ ആ അനീതിക്കെതിരെ സർക്കാർ നിലകൊള്ളുമെന്നും വ്യക്തമാക്കി. മുന്‍ സൈനിക ഭരണാധികാരിക്ക് വധശിക്ഷ വിധിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ഭരണകക്ഷിയായ തെഹ്‍രികെ ഇന്‍സാഫ് അടിയന്തര യോഗം ചേർന്നിരുന്നു. നിർഭാഗ്യകരമെന്നായിരുന്നു പ്രധാനമന്ത്രി ഇമ്രാൻഖാൻ വിധിന്യായത്തെ വിശേഷിപ്പിച്ചത്.

നീത്യന്യായ നടപടികളെ പാടെ അവഗണിച്ചുകൊണ്ടാണ് പ്രത്യേക കോടതി രൂപീകരിച്ചതെന്നും സ്വന്തം ഭാഗം വിശദീകരിക്കാനുള്ള മൗലികാവകാശം മുഷറഫിന് നിഷേധിക്കപ്പെട്ടതായും സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പ്രതികരിച്ചു. കേസിൽ ധൃതി പിടിച്ചാണ് വിചാരണ നടപടികൾ പൂർത്തിയാക്കിയത്. പ്രാകൃതമായ ഈ ശിക്ഷാ നടപടി അംഗീകരിക്കില്ലെന്നും പാക്ക് സൈനിക മേധാവി ഖമർ ജാവേദ് ബജ്‍വയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ആസിഫ് ഗഫൂർ പ്രതികരിച്ചു. എല്ലാ മൂല്യങ്ങൾക്കും എതിരാണു വിധിയെന്നു ജനറൽ ആസിഫ് ഗഫൂർ പ്രതികരിച്ചു.

രാജ്യസുരക്ഷയ്ക്കായി അങ്ങേയറ്റം പ്രവർത്തിച്ചിട്ടുള്ള ശക്തനായ ഭരണാധികാരിയാണ് മുഷറഫ്. അദ്ദേഹത്തെ രാജ്യദ്രോഹിയെന്നു വിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സൈന്യം പ്രസ്താവനയിൽ പറയുന്നു. വിധി പറഞ്ഞ ബെഞ്ചിലെ ഒരംഗമായ സിന്ധ് ഹൈക്കോടതി ജസ്റ്റിസ് നസർ അക്ബർ വിയോജിപ്പു രേഖപ്പെടുത്തിയിരുന്നു. 42 പേജുള്ള വിയോജന വിധിയെഴുതിയ അദ്ദേഹം മുഷറഫിന്റെ മൃതദേഹം വലിച്ചിഴച്ച് തൂക്കണമെന്ന നിർദേശത്തോടും വിയോജിച്ചു.

പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണു മുന്‍ സൈനിക മേധാവിക്കെതിരെ രാജ്യദ്രോഹത്തിനു കേസെടുക്കുന്നതും വധശിക്ഷയ്ക്കു വിധിക്കുന്നതും. 2007 നവംബർ മൂന്നിന് ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് 2014 മാര്‍ച്ച് 31നാണ് പർവേസ് മുഷറഫിനെതിരെ കേസെടുത്തത്. രാജ്യത്തെ കരസേന മേധാവിയായിരുന്ന മുഷറഫ് 1999 ഒക്‌ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായി സ്ഥാനമേറ്റ മുഷറഫ് ഇംപീച്ച്മെന്റ് നടപടികൾ ഒഴിവാക്കാനായി 2008ൽ സ്ഥാനമൊഴിഞ്ഞു.

2007ല്‍ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇപ്പോൾ മുഷറഫിന് വധശിക്ഷ വിധിച്ചത്. മുഷറഫ് കുറ്റക്കാരനാണെന്ന് 2014-ല്‍ വിധി വന്നിരുന്നു. പ്രത്യേക കോടതിയുടെ മൂന്നംഗ ബെഞ്ചാണു ശിക്ഷ വിധിച്ചത്. അറസ്റ്റ് ഭയന്ന് പാക്കിസ്ഥാന്‍ വിട്ട മുഷറഫ് 2016 മുതല്‍ ദുബായിലാണ് കഴിയുന്നത്.

മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വീണ്ടും അധികാരത്തിൽ എത്തിയതോടെയാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2016-ല്‍ ചികിത്സയ്ക്കായാണ് മുഷറഫ് പാക്കിസ്ഥാന്‍ വിട്ട് ദുബായിലെത്തിയത്. ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ വധിക്കപ്പെട്ട കേസിലും വിചാരണ നേരിടുന്നതിനിടെ, 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിൽ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് മടങ്ങിയിട്ടില്ല.

2017ൽ ബേനസീർ ഭൂട്ടോ വധക്കേസിൽ മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പാക്ക് ഭീകരവിരുദ്ധ കോടതി പ്രഖ്യാപിച്ചു. 2018ൽ അദ്ദേഹത്തിന്റെ ദേശീയ തിരിച്ചറിയൽ കാർഡും പാസ്പോർട്ടും പാക്കിസ്ഥാൻ സർക്കാർ സസ്പെൻഡ് ചെയ്തു. പാക്ക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചുവെങ്കിലും ദുബായിൽ ഉന്നത ബന്ധങ്ങളുള്ള മുഷറഫിനെ നാട്ടിലെത്തിച്ച് വധശിക്ഷ നടപ്പിലാക്കുക എന്നത് എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. യുഎഇയും പാക്കിസ്ഥാനുമായി കുറ്റവാളി കൈമാറ്റക്കരാർ ഇല്ലാത്തതിനാൽ വധശിക്ഷ നടപ്പാകില്ലെന്നു തന്നെയാണ് മുഷറഫിന്റെ അനുയായികളും വിശ്വസിക്കുന്നതും.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിൽ മത വിദ്വേഷ കമന്റ് പോസ്റ്റ് ചെയ്ത ജീവനക്കാരനെ ലുലു ഗ്രൂപ്പ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഷാർജയിലെ മൈസലൂൺ ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണൻ പനയമ്പള്ളിയെ ആണു ജോലിയിൽ നിന്നും പിരിച്ചുവിട്ടതെന്നു ലുലു അധികൃതർ അറിയിച്ചു. പുരുഷന്മാരുടെ സെക്ഷനിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

സമൂഹ മാധ്യമത്തിൽ ഉണ്ണി പുതിയേടത്ത് എന്ന പേരുള്ള അക്കൗണ്ടായിരുന്നു ഉപയോഗിച്ചിരുന്നത്. അപകീർത്തിപരമായ കമന്റാണ് ഇദ്ദേഹത്തിന്റേതെന്നും ഇത്തരം പെരുമാറ്റങ്ങൾ ആരുടെ ഭാഗത്തു നിന്നും ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ലെന്നും ലുലു അധികൃതർ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയവുമായി ബന്ധപ്പെട്ട സമൂഹ മാധ്യമത്തിലെ ഒരു പോസ്റ്റിനു കീഴെയാണ് ഉണ്ണികൃഷ്ണൻ അപകീർത്തികരമായ കമന്റ് പോസ്റ്റ് ചെയ്തത്. ഈ കമന്റ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുകയും നിരവധി ആളുകൾ പ്രതിഷേധവുമായി‌‌ രംഗത്തെത്തുകയും ചെയ്തിരുന്നു.

താങ്കളെ ജോലിയിൽ നിന്നും നീക്കം ചെയ്യാൻ മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ടെന്നും മറ്റു നടപടികൾക്ക് എച്ച്ആർ വിഭാഗവുമായി ബന്ധപ്പെടാനുമാണ് ലുലു ഗ്രൂപ്പ് ഉണ്ണികൃഷ്ണനെ അറിയിച്ചത്.

 

സ്വന്തം ലേഖകൻ 

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ ട്രെയിനിന് കല്ലെറിഞ്ഞ ലുങ്കിയും തൊപ്പിയും ധരിച്ച ആറ് പേര്‍ അറസ്റ്റിലായി. സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍. ഈ സംഘം ഫേക് വീഡിയോ റെക്കോഡ് ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തി.നേരത്തെ, വേഷം കണ്ട് പ്രതിഷേധിക്കുന്നവരെ തിരിച്ചറിയാമെന്നുള്ള വിവാദ പ്രസ്താവനയുമായി മോദി രംഗത്തെത്തിയിരുന്നു.

മുസ്ലിം വേഷം ധരിച്ച് ട്രെയിനിന് കല്ലെറിയുകയായിരുന്നു ഇവര്‍. ബിജെപി പ്രവര്‍ത്തകനായ അഭിഷേക് സര്‍ക്കാര്‍ എന്നയാളുള്‍പ്പെടെയാണ് അറസ്റ്റിലായത്. യു ടൂബ് ചാനലിനു വേണ്ടിയാണ് മുസ്ലിം വേഷം ധരിച്ച് വീഡിയോ ഉണ്ടാക്കിയതെന്ന് അറസ്റ്റിലായ യുവാക്കള്‍ പറഞ്ഞതായി ജില്ലാ പൊലീസ് മേധാവി മുകേഷ് പറഞ്ഞു. രാജ്യത്തുടനീളം ബിജെപി പ്രവര്‍ത്തകര്‍ ഫേക്ക് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സ്ഥിരം കാഴ്ച്ചയായി മാറിയിരിക്കുകയാണ്. ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നയാളും ബിജെപി പ്രവര്‍ത്തകനാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബിജെപിക്കാര്‍ തൊപ്പികള്‍ വാങ്ങുന്നത് ഒരു സമുദായത്തെ ഉപദ്രവിക്കാനുള്ള ആയുധമാക്കാനാണെന്ന് സംഭവത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത പ്രതികരിച്ചിരുന്നു.

അതിനിടെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമാകെ പ്രതിഷേധക്കാറ്റ് അലയടിക്കുമ്പോള്‍ ഹിതപരിശോധന ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ഹിതപരിശോധനയില്‍ പരാജയപ്പെടുകയാണെങ്കില്‍ മോദി സര്‍ക്കാര്‍ രാജിവച്ചൊഴിയണമെന്നും മമത പറഞ്ഞു. ഐക്യരാഷ്ട്രസഭ അല്ലെങ്കില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പോലുള്ള നിഷ്പക്ഷ സംഘടന വേണം ഹിതപരിശോധന നടത്താന്‍. അപ്പോള്‍ എത്രപേര്‍ ഈ നിയമത്തെ അനുകൂലിക്കുന്നുണ്ടെന്ന് മനസിലാക്കാമെന്നും മമത കൂട്ടിച്ചേര്‍ത്തു.

നേരത്തെ, പൗരത്വബില്ലിനെതിരെ നടക്കുന്ന പ്രതിഷേധ സംഭവങ്ങളില്‍ അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മമത രംഗത്ത് വന്നിരുന്നു. ‘രാജ്യം മുഴുവനും കത്തുന്ന അവസ്ഥയിലാണ്. അപ്പോഴാണ് അവര്‍ വസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നത്. ഞാന്‍ ആരാണെന്ന് എന്റെ വസ്ത്രം നോക്കി തീരുമാനിക്കാന്‍ അവര്‍ക്ക് സാധിക്കുമോ?’ മമത ബാനര്‍ജി രോഷത്തോടെ ചോദിച്ചു.

അതേസമയം, മമത ബാനര്‍ജിയുടെ റാലികള്‍ സത്യപ്രതിജ്ഞ ലംഘനമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഗാര്‍ അഭിപ്രായപ്പെട്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന പ്രതിഷേധ റാലികള്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലായികൂടി മാറുകയാണ്. ഗവര്‍ണറെ തള്ളി ഹൗറ മൈതാനിയില്‍ നിന്ന് ധര്‍മലത വരെ ഇന്നും മമതയുടെ കൂറ്റന്‍ റാലി നടന്നു. രാജ്യത്തെ സര്‍വ്വനാശത്തിലേക്ക് കൊണ്ടുപോവുകയാണ് പ്രധാനമന്ത്രിയെന്നായിരുന്നു മമതയുടെ ആരോപണം.

ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരു നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം ഭരണഘടന വിരുദ്ധമാണെന്നാണ് ഗവര്‍ണറുടെ വാദം. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയുംവിളിച്ചുവരുത്തിയ ഗവര്‍ണര്‍ മൂര്‍ഷിദാബാദ്, മാള്‍ഡ മേഖലകളില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ആശങ്കയും അറിയിച്ചു.

ഉന്നാവോ ബലാത്സംഗക്കേസില്‍ ഡല്‍ഹി തീസ് ഹസാരി കോടതിയുടെ നിര്‍ണായക വിധി. മുഖ്യപ്രതി കുല്‍ദീപ് സിംഗ് സെന്‍ഗറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജീവിതാവസാനം വരെ ജയിലില്‍ കഴിയാം. 25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

പിഴയില്‍ 10 ലക്ഷം രൂപ ഇരയുടെ കുടുംബത്തിന് നല്‍കണം. 2017 ജൂണ്‍ നാലിനാണ് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ 16കാരിയെ ബിജെപി എംഎല്‍എ സെന്‍ഗര്‍ പീഡിപ്പിച്ചത്. ഇരയുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇരയ്ക്കും കുടുംബത്തിനും പ്രത്യേക സംരക്ഷണം നല്‍കണം. ഓരോ മൂന്ന് മാസവും സുരക്ഷ വിലയിരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ക്യാന്‍സറാണ് മരണകാരണമാകുന്ന രോഗങ്ങളില്‍ ഇന്ന് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതെന്നു വേണമെങ്കില്‍ പറയാം. ജീവിത, ഭക്ഷണ ശൈലികളിലെ മാറ്റങ്ങള്‍ ഇന്ന് ഈ രോഗം അതിവേഗം പടരാന്‍ ഇട വരുത്തുന്നു. സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് ക്യാന്‍സര്‍ സാധ്യത കൂടുതലെന്നു പറയാം. സ്ത്രീകളില്‍ മെനോപോസ് വരെ ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ സുരക്ഷാവലയമായി നില്‍ക്കുന്നതാണ് പ്രധാന കാരണം.

പുരുഷന്മാരിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ക്കു ചില പൊതുസ്വഭാവങ്ങളുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ എന്തെല്ലാമെന്നു നോക്കൂ, പല ക്യാന്‍സറുകള്‍ക്കും പലതരം ലക്ഷണങ്ങളാണുണ്ടാവുക.

ഭക്ഷണമിറക്കുമ്പോള്‍ തൊണ്ടവേദന:-ഭക്ഷണമിറക്കുമ്പോള്‍ തൊണ്ടവേദന ലംഗ്‌സ് ക്യാന്‍സര്‍ ലക്ഷണമാകാം. ഇത് തുടര്‍ച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിയ്ക്കണം.

ചോര ചത്ത അടയാളം:-ലുക്കീയിയ അഥവാ ബ്ലഡ് ക്യാന്‍സര്‍ ബാധിച്ചാല്‍ രക്തത്തിലൂടെയുള്ള ഓക്‌സിജന്‍ സഞ്ചാരം തടസപ്പെടും. ഇത് ചര്‍മത്തില്‍ ചോര ചത്തതുപോലെയുള്ള അടയാളങ്ങളുണ്ടാക്കും. ഇതും പുരുഷന്മാരിലാണ് കാണുന്നതത്.പെട്ടെന്നു തൂക്കം കുറയുന്നുവെങ്കില്‍:-പ്രത്യേക കാരണങ്ങില്ലാതെ പെട്ടെന്നു തൂക്കം കുറയുന്നുവെങ്കില്‍ ശ്രദ്ധിയ്ക്കുക. ഇത് കോളന്‍, ലിവര്‍ ക്യാന്‍സര്‍ ലക്ഷണമാകാം.

കടുത്ത ക്ഷീണം:-അതുപോലെ പോലെ കാരണങ്ങളില്ലാതെ തുടര്‍ച്ചയായി കടുത്ത ക്ഷീണം അനുഭവപ്പെടുന്നതും ശ്രദ്ധിയ്ക്കണം. ഇത് ബ്ലഡ് ക്യാന്‍സറിന്റെ ലക്ഷണം കൂടിയാണ്.മൂത്രമൊഴിയ്ക്കുമ്പോള്‍ വേദന:-മൂത്രമൊഴിയ്ക്കുമ്പോള്‍ വേദന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണമാകാം. ഇതല്ലെങ്കില്‍ മൂത്രത്തിനൊപ്പമോ ബീജത്തിനൊപ്പമോ രക്തം കാണുന്നതും ഈ ക്യാന്‍സറിന്റെ ലക്ഷണമാകാം.

വൃഷണങ്ങള്‍:-വൃഷണങ്ങളിലെ കറുപ്പു നിറമോ വലിപ്പത്തിലുള്ള വ്യത്യാസഹങ്ങളോ ക്യാന്‍സര്‍ ലക്ഷണങ്ങളുമാകാം. ഇത്തരം വ്യത്യാസങ്ങള്‍ അടിയന്തിര മെഡിക്കല്‍ ശ്രദ്ധ ആകര്‍ഷിയ്ക്കുന്നവയാണ്.ചര്‍മ്മത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍:-ചര്‍ത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍, പ്രത്യേകിച്ചു നിറംമാറ്റം പോലുള്ളവ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളുമാകാം. പ്രത്യേകിച്ച് 50 വയസു പിന്നിട്ട പുരുഷന്മാരില്‍.

വായിലുണ്ടാകുന്ന വ്രണങ്ങള്‍:-വായിലുണ്ടാകുന്ന വ്രണങ്ങള്‍ ദീര്‍ഘകാലമായിട്ടും ഉണങ്ങാത്തത്, ഇവയ്ക്കുണ്ടാകുന്ന നിറവ്യത്യാസങ്ങള്‍ എന്നിവ വായിലെ ക്യാന്‍സര്‍ ലക്ഷണങ്ങളാകാം. പ്രത്യേകിച്ച് പുകവലി ശീലമുള്ളവര്‍ ഇതുകണ്ടാൽ ഡോക്ടറെ കാണാൻ മറക്കരുത്.മാറാത്ത ചുമ:-തുടര്‍ച്ചയായ, മാറാത്ത ചുമ ക്യാന്‍സര്‍ ലക്ഷണവുമാകാം. ഇത്തരം ചുമയുണ്ടെങ്കില്‍ ഇത് അവഗണിയ്ക്കരുത്.

മലത്തിലെ രക്തം:-മലത്തിലെ രക്തം ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. എന്നാല്‍ ഇതല്ലാതെ പൈല്‍സ്, മലബന്ധം, മലദ്വാരത്തിലെ മുറിവുകള്‍ എന്നിവയും ഇതിനു കാരണമാകാം.തുടര്‍ച്ചയായുണ്ടാകുന്ന വയറുവേദന:-തുടര്‍ച്ചയായുണ്ടാകുന്ന വയറുവേദന, പ്രത്യേകിച്ച് അടിവയറ്റില്‍, ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്. ഇത് ലുക്കീമിയ, ഈസോഫാഗല്‍, ലിവര്‍, പാന്‍ക്രിയാസ്, കോളോറെക്ടല്‍ ക്യാന്‍സര്‍ ലക്ഷണങ്ങളാകാം.

വിറയലോടു കൂടിയ കടുത്ത പനി:-വിറയലോടു കൂടിയ കടുത്ത പനി ഇടയ്ക്കിടെ വരുന്നതാണ് ലുക്കീമിയയുടെ പ്രാരംഭലക്ഷണം. ഈ ലക്ഷണം അവഗണിയ്ക്കരുത്.തുടർച്ചയായുണ്ടാകുന്ന പുറം വേദന:-പുറംവേദന ക്യാൻസറിന്റെ ലക്ഷണമാകാം. ഉദാഹരണത്തിന്, പ്രോസ്ട്രേറ്റ് ക്യാൻസർ എല്ലുകളെ എളുപ്പത്തിൽ ബാധിക്കും. പ്രത്യേകിച്ച് പുറം ഭാഗത്തുള്ള അസ്ഥികളെ. അത് പുറംവേദനയുണ്ടാക്കും.

ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നായികയാണ് അനുശ്രീ. കൈനിറയെ ചിത്രങ്ങളുള്ള താരത്തിന്റെ റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യരോടൊപ്പം ഒരു പ്രധാനപ്പെട്ട വേഷം താരം കൈകാര്യം ചെയ്യുന്നുണ്ട്. ഡിസംബർ 20 ന് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ അനുശ്രീയ്ക്ക് അടുത്ത ജന്മത്തിൽ ജ്യോതികയായി ജനിച്ചാൽ മതിയെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്.

തമിഴ് നടൻ സൂര്യയുടെ കടുത്ത ആരാധികയാണ് അനുശ്രീ. സൂര്യയെ കുറിച്ചു അനുശ്രീ പരാമര്ശിക്കാത്ത അഭിമുഖങ്ങൾ ഇല്ല എന്നതാണ് സത്യം. സൂര്യയുടെ നായികയായി അഭിനയിക്കണം എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് താരം പറയുകയുണ്ടായി. അതുപോലെ തന്നെ അടുത്ത ജന്മത്തിൽ ജ്യോതികയായി ജനിക്കണം എന്നതും മറ്റൊരു ആഗ്രഹമാണെന്ന് താരം സൂചിപ്പിക്കുകയുണ്ടായി. അടുത്ത ജന്മത്തിൽ ജ്യോതികയാകുമ്പോൾ സൂര്യ തന്നെ വിവാഹം കഴിക്കണം എന്ന കണ്ടീഷനും താരം മുന്നോട്ട് വച്ചിരിക്കുകയാണ്. സൂര്യ വേറെയൊരു പെണ്ണിനെ അടുത്ത ജന്മത്തിൽ വിവാഹം കഴിക്കുകയാണെങ്കിൽ ജ്യോതികയായി ജനിക്കുന്നതിലും കാര്യമില്ല എന്നും അനുശ്രീ കൂട്ടിച്ചേർത്തു. സൂര്യയുടെ ഇത്രെയും കടുത്ത ആരാധികയായ ഒരു സെലിബ്രിറ്റി ഒരുപക്ഷേ സൗത്ത് ഇന്ത്യയിൽ തന്നെയുണ്ടാവില്ല എന്ന കാര്യത്തിൽ തീർച്ച.

കൊച്ചി; പൗരത്വ നിയമ ഭേദഗതിയില്‍ കേരളത്തിലെ ഒരു മുസ്ലീം സഹോദരനെങ്കിലും പോറലേറ്റാല്‍ അവര്‍ക്കായി വാദിക്കാന്‍ താന്‍ മുന്നിലുണ്ടാകുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മുസ്ലീങ്ങളുടെ പൗരത്വം ചോദ്യം ചെയ്യും , നിലനില്‍പ്പ് അപകടത്തിലാവും , അവര്‍ക്ക് കേരളത്തില്‍ താമസിക്കാന്‍ കഴിയാത്ത സ്ഥിതിവരും തുടങ്ങിയ പ്രചരണങ്ങള്‍ യാഥാര്‍ത്ഥ്യമെങ്കില്‍ അവര്‍ക്കുവേണ്ടി പൊരുതുമെന്നാണ് കുമ്മനം പറയുന്നത്.

അതേസമയം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പൗരത്വനിയമം സംബന്ധിച്ച്‌ പരസ്യ സംവാദത്തിന് തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സിപിഎമ്മും കോണ്‍ഗ്രസും മതപരമായ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു

തിരുവല്ല : മണ്ണുമായി ഉള്ള ബന്ധം പുതുതലമുറയ്ക്ക് അന്യമായിരിക്കുന്നുവെന്നും സർക്കാർ നടപ്പാക്കുന്ന തരിശു രഹിത കേരളം എന്ന പദ്ധതിയിലൂടെ പുതു തലമുറയെ കൃഷിയിലേക്ക് ആകൃഷ്ടരാനാക്കാനുള്ള സംരംഭം ഏറ്റവും സ്വാഗതാർഹമാണെന്ന് മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ പ്രസ്താവിച്ചു.

കവിയൂർ പുഞ്ചയുടെ ഭാഗമായി ബിലിവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള പാടത്ത് വിതയുത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം അതിഭദ്രാസന സഹായമെത്രാൻ മാത്യുസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പാ. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിൻ മുഖ്യാതിഥിയായി.മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ദിനേശ് കവിയൂർ,ഭദ്രാസന സെക്രട്ടറി റവ.ഫാ.റെജി കെ തമ്പാൻ, ഭദ്രാസന പിആർഒ സിബി സാം തോട്ടത്തിൽ, റവ.ഫാ.ഷിജു മാത്യു, ഗ്രാമപഞ്ചായത്തംഗം ദീപ്തി കുര്യൻ, പാടശേഖര സമിതി ഭാരവാഹികളായ രാജേഷ് കാടമുറി, സതീഷ് കുമാർ,രാജശേഖരൻ പിള്ള എന്നിവർ ആശംസകൾ അറിയിച്ചു.

കൊച്ചി∙ നടൻ ദിലീപിന്റെ ക്വട്ടേഷനിൽ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ പ്രധാന തെളിവുകളായ വിഡിയോ ദൃശ്യങ്ങൾ പ്രതികൾക്കു മുന്നിൽ കാണിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. അടച്ചിട്ട കോടതി മുറിയിലിൽ ലാപ്ടോപ്പിലാണ്  ദൃശ്യങ്ങൾ പ്രദർശിപ്പിക്കുക. മുറിയിൽ നിന്ന് എല്ലാവരെയും പുറത്തിറക്കിയിരിക്കുകയാണ്. പ്രതികളും അഭിഭാഷകരും, ദിലീപിന്റെയും പ്രോസിക്യൂഷന്റെയും വിദഗ്ധരും അന്വേഷണ ഉദ്യോഗസ്ഥനും കോടതിയിൽ എത്തിയിട്ടുണ്ട്. അഡി. സെഷൻസ് കോടതിയുടെ മേൽനോട്ടത്തിലാണ് ദൃശ്യങ്ങൾ കാണാൻ അവസരം ഒരുക്കിയിരിക്കുന്നത്.

പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നു ഫോറൻസിക് ലാബിലെ ജോയിന്റ് ഡയറക്ടറും അസിസ്റ്റന്റ് ഡയറക്ടറുമാണ് ദൃശ്യങ്ങൾ പരിശോധിക്കാൻ എത്തിയിരിക്കുന്നത്. നിലവിൽ ദിലീപിന്റെ അഭിഭാഷകനും, ദിലീപ് നിയോഗിച്ച വിദഗ്ധനും എത്തി. രാവിലെ കോടതിയില്‍ എത്താതിരുന്ന ദിലീപ് ഉച്ചയ്ക്കു ശേഷം കോടതിയിലെത്തി. വിഡിയോ ദൃശ്യങ്ങൾ ഒറ്റയ്ക്കു കാണണമെന്ന ദിലീപിന്റെ അപേക്ഷ കഴിഞ്ഞ ദിവസം കോടതി നിരസിച്ചിരുന്നെങ്കിലും ഇന്ന് ആദ്യവട്ട പരിശോധനയ്ക്കുശേഷം ആവശ്യം പരിഗണിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.ദൃശ്യങ്ങളുടെ കോപ്പി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ദിലീപിനു ദൃശ്യങ്ങൾ കാണുന്നതിനുള്ള അനുമതി മാത്രമാണ് കോടതി അനുവദിച്ചത്. ഈ സാഹചര്യത്തിൽ മറ്റു പ്രതികളും വിഡിയോ പരിശോധിക്കുന്നതിനുള്ള അനുമതി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെ എല്ലാവരുടെയും അഭിഭാഷകർക്കും നിയോഗിക്കുന്ന വിദഗ്ധർക്കും ഒരുമിച്ച് ദൃശ്യങ്ങൾ കാണിക്കുന്നതിനു കോടതി അനുമതി നൽകുകയായിരുന്നു. നടൻ ദിലീപ് അടക്കം ആറു പ്രതികളാണ് ഇരയുടെ ദൃശ്യങ്ങൾ പരിശോധിക്കാൻ അവസരം ചോദിച്ചത്.

കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ധന്റെ പേരു നിർദേശിക്കാൻ ആവശ്യപ്പെട്ടപ്പോൾ ദിലീപ് മാത്രമാണ് അതു ചെയ്തത്. പ്രോസിക്യൂഷന്റെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിക്കണമെന്നായിരുന്നു കോടതി നിർദേശം. 2017 ഫെബ്രുവരി 17നാണു യുവനടിയെ തട്ടിക്കൊണ്ടുപോയി വിഡിയോ ദൃശ്യങ്ങൾ പകർത്തിയത്.

 

സിൻജിയാങ് ∙ ചൈനയുടെ അതിവേഗം പലപ്പോഴും ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. അവയവ മാറ്റത്തിനായി മാസങ്ങളും വർഷങ്ങളും കാത്തിരിക്കേണ്ടി വരുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ അമ്പരപ്പിക്കുകയാണു ചൈന. ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ തന്നെ അവയവമാറ്റം കഴിഞ്ഞ് ചൈനീസ് ആശുപത്രികളിൽ ആരോഗ്യം വീണ്ടെടുക്കാം എന്നു കേട്ടപ്പോൾ വിദേശ രാജ്യങ്ങൾ വരെ മൂക്കത്തു വിരൽവച്ചു. ആരോഗ്യരംഗത്തെ ‘ഈ വളർച്ച’ പക്ഷെ ചൈനയുടെ ഇരുണ്ട ഇടങ്ങളിലേക്കുള്ള വിരൽ ചൂണ്ടലാണ്. കോടികൾ കിലുങ്ങുന്ന അവയവ കച്ചവടം ചൈനയിൽ തഴച്ചു വളരുകയാണ്, ഒപ്പം അവയവങ്ങൾക്കായി ജീവൻ നഷ്ടപ്പെടുന്ന നിരപരാധികളുടെയും!

ചൈനയിൽ തടവുകാരിൽനിന്നു വ്യാപകമായി അവയവങ്ങൾ നീക്കം ചെയ്യുന്നതായും വിൽപനയ്ക്കായി നിരവധി തടവുകാരെ െകാലപ്പെടുത്തുന്നതായും സ്വീഡിഷ് മനുഷ്യാവകാശ സംഘടനയുടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ പുറത്തുവന്നു. ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫോർമേഷൻ ഓൺ ദ ക്രൈം ഓഫ് കമ്യൂണിസം എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട ഗവേഷണ റിപ്പോർട്ടിലാണു ഗുരുതരമായ പരമാർശങ്ങൾ ഉള്ളത്. വധശിക്ഷയ്ക്കു വിധേയരാക്കിയ തടവുകാരുടെ അവയവങ്ങള്‍ നിർബന്ധിച്ചു ദാനം ചെയ്യിക്കുന്നത് അവസാനിപ്പിച്ചുവെന്ന് 2014ൽ രാജ്യാന്തര വേദികളിൽ ചൈന അവകാശപ്പെട്ടിരുന്നു.

യുഎസ്, യുകെ, സ്വിറ്റ്‌സർലൻഡ് രാജ്യങ്ങൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികളെ കൂട്ടുപിടിച്ചാണു ചൈനയുടെ നരഹത്യയെന്നു റിപ്പോർട്ടിൽ പറയുന്നു. ന്യൂനപക്ഷങ്ങളെയും രാഷ്ട്രീയ തടവുകാരെയും വൻതോതിൽ അവയവമാറ്റത്തിനായി ചൈന െകാലപ്പെടുത്തുന്നതായി കാലങ്ങളായി ഉയരുന്ന ആരോപണമാണ്. 1999 മുതൽ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കൂട്ടത്തോടെ വംശഹത്യയ്ക്കു വിധേയരാക്കുന്ന ഫാലുന്‍ ഗോങ് അനുയായികൾ, രാഷ്ട്രീയ തടവുകാർ, ഉയിഗുർ, കസഖ് വംശജർ തുടങ്ങിയ ന്യൂനപക്ഷങ്ങളും ഈ ഗണത്തിൽപെടുന്നതായി സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.

യുഎസിൽ നിന്നുള്ള രാജ്യാന്തര കമ്പനി പിഫ്സർ, ബ്രിട്ടനിൽ നിന്നുള്ള ഓർഗൻഓക്സ്, സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള റോഷെ തുടങ്ങിയ കമ്പനികളെ കുറിച്ചു ഗവേഷണ റിപ്പോർട്ടിൽ വ്യക്തമായ പരാമർശമുണ്ട്. നിരപരാധികളെയും ന്യൂനപക്ഷങ്ങളെയും അവയമാറ്റത്തിനായി െകാലപ്പെടുത്തുത്തുന്നുവെന്ന ചൈന ട്രിബ്യൂണലിന്റെ കണ്ടെത്തലിനെ ഗവേഷണ റിപ്പോർട്ട് പിന്താങ്ങുന്നു. ചൈനയിലെ അവയവ കച്ചവടത്തിനായി ഉപയോഗിക്കുന്നത് വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അത്യാധുനിക ഉപകരണങ്ങളാണ്. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഉത്പന്നങ്ങൾ പരീക്ഷിക്കുന്നത് തടവുകാരിലാണ്.

ചൈനയുടെ വിവിധ പ്രദേശങ്ങളിലായി 15 ലക്ഷത്തോളം ആളുകളാണു യുദ്ധതടവുകാരായി കിടക്കുന്നതെന്നാണ് ഔദ്യോഗിക കണക്കുകൾ. അവയവമാറ്റത്തിലെ പ്രധാന കണ്ണികൾ ഈ വിദേശ കമ്പനികളാണ്. ഇവരില്ലാതെ ചൈനയ്ക്ക് ഈ കച്ചവടത്തിൽ നിലനിൽപ്പില്ല. കമ്പനിയുമായി ബന്ധപ്പെട്ട ഡോക്ടർമാരും മറ്റു ജീവനക്കാരും അറിഞ്ഞോ അറിയാതെയോ ഈ ക്രൂരകൃത്യത്തിൽ പങ്കാളിയാകുന്നു. അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി യുഎസ്, കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങി ഇരുപതോളം രാജ്യങ്ങളിൽ നിന്ന് ചൈനയിലേക്ക് രോഗികൾ എത്തുന്നുണ്ട്. യുഎസിൽ അവയവമാറ്റത്തിനായി കാത്തിരുന്ന 76 രോഗികളാണു ചൈനയിൽ 2000 മുതൽ 2006 വരെയുള്ള കാലഘട്ടത്തിൽ ശസ്ത്രക്രിയയ്ക്കു വിധേയരായത്.

വിദേശികളെ ആകർഷിക്കുന്ന ഘടകം

അവയവ മാറ്റത്തിനായി ചൈനയിലെ ആശുപത്രികളില്‍ കാത്തിരിക്കേണ്ട സമയം വെറും രണ്ടാഴ്ച മാത്രമാണ്. വിദേശരാജ്യങ്ങളിൽ നിന്നും പോലും രോഗികളെ കൂട്ടത്തോടെ ചൈനയിലേക്കു ആകർഷിക്കുന്ന ഘടകമാണിത്. ചൈനയില്‍ അവയവം മാറ്റിവയ്ക്കുക എന്നത് ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ നടക്കുന്ന നിസാരകാര്യമാണത്രെ. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ എങ്ങനെയാണ് അവയവമാറ്റ ശസ്ത്രക്രിയ നടത്താനാകുകയെന്ന ചോദ്യം ഉയരുന്നുണ്ട്. ചൈനയിൽ അവയവമാറ്റം കോടികൾ കിലുങ്ങുന്ന കച്ചവടമാണ്. വിദേശികളിൽ നിന്നും ചൈന ഇത്തരത്തിൽ അവയവങ്ങൾ നീക്കം ചെയ്തിരുന്നതായും സൂചനയുണ്ട്.

അവയവമാറ്റത്തിനായി തടവുകാരെ വ്യാപകമായി കൊല്ലുന്നുവെന്നു സ്വതന്ത്ര അന്വേഷണ കമ്മിഷനും കണ്ടെത്തി. വർഷങ്ങളായി നിർബന്ധിത അവയവ നീക്കംചെയ്യല്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന ആരോപണത്തിന് വിശദീകരണം നൽകാൻ ചൈന വിസമ്മതിച്ചു. കഴിഞ്ഞ ഡിസംബറിലും ഏപ്രിലിലും മനുഷ്യാവകാശ സംഘടനകളില്‍ നിന്നും ആരോഗ്യ വിദഗ്ധരില്‍ നിന്നുമെല്ലാം അന്വേഷണ കമ്മിറ്റി വിവരങ്ങള്‍ ശേഖരിച്ചു. ചൈനയിൽ അനധികൃതമായി ഒന്നും തന്നെ നടക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നു എന്നുമാണു ഭരണകൂടത്തിന്റെ വിശദീകരണം.

ചൈനയുടെ കണക്കനുസരിച്ച് വർഷത്തിൽ 10,000 അവയവമാറ്റ ശസ്ത്രക്രിയയാണു രാജ്യത്തു നടക്കുന്നത്. എന്നാൽ സന്നദ്ധ സംഘടനകളുടെ കണക്കനുസരിച്ച് അത് 60,000 മുതൽ ഒരു ലക്ഷം വരെയാണ്. ചൈനീസ് സർക്കാരിന്റെ കണക്കുപ്രകാരം നൂറോളം ആശുപത്രികൾക്കാണ് അവയവമാറ്റ ശസ്ത്രക്രിയക്ക് അനുവാദം ഉള്ളത്. എന്നാൽ  712 ആശുപത്രികളിലാണ് ഇത്തരം ശസ്ത്രക്രിയകൾ നടത്തുന്നതെന്നു ലോകാരോഗ്യ സംഘടന പറയുന്നു.

∙ സിൻജിയാങ്ങിലെ നിഗൂഢ തടങ്കൽകേന്ദ്രം

പശ്ചിമ ചൈനയിലെ സംഘര്‍ഷ മേഖലയായ സിന്‍ജിയാങ് പ്രവിശ്യയിലെ 10 ലക്ഷത്തിലേറെ മുസ്‌ലിംകളെ തടങ്കല്‍കേന്ദ്രത്തില്‍ പാര്‍പ്പിച്ചുവെന്ന് തെളിയിക്കുന്ന രഹസ്യരേഖ രാജ്യാന്തര മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. ‘തീവ്രവാദ’ ആശയങ്ങളുടെ സ്വാധീനത്തില്‍നിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരെ കഠിന നിയന്ത്രണങ്ങളുള്ള തടങ്കല്‍പ്പാളയങ്ങളില്‍ പാര്‍പ്പിച്ചിട്ടുള്ളത്. സിന്‍ജിയാങ് പ്രവിശ്യയിലെ ഉയിഗുര്‍, കസഖ് വംശജരായ മുസ്‌ലിംകള്‍ എന്നിവരെയാണ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനാവാത്ത വിധം തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ളത്.

ചൈനയിലെ ലക്ഷക്കണക്കിനു മുസ്‌ലിംകളും സർക്കാരിന്റെ കൊടുംപീഡനങ്ങൾക്കു വിധേയരാവുകയാണെന്ന ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെയും മറ്റു സ്വതന്ത്ര സന്നദ്ധ സംഘടനകളുടെയും റിപ്പോർട്ടിനു പിന്നാലെയാണ് ഈ ഗവേഷണ റിപ്പോർട്ടും പുറത്തു വന്നത്. നികുതി വെട്ടിപ്പ്, കൊലപാതകം, മയക്കുമരുന്ന് കടത്ത് എന്നിങ്ങനെ പല കുറ്റങ്ങൾക്കും വധശിക്ഷ നൽകാറുണ്ട്. ചൈനയിലാണ് ഓരോ വർഷവും ഏറ്റവും കൂടുതൽ ആൾക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നവരിൽ നിന്നാണ് കൂടുതലായും അവയവങ്ങൾ നീക്കം ചെയ്യുന്നത്.

ചൈനയിലെ തടങ്കൽ പാളയങ്ങളിൽ നിന്നു പുറത്തുവന്ന ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർ ചൈനീസ് സുരക്ഷാസേനയുടെ ക്രൂരമായ ചോദ്യം ചെയ്യലിന്റെയും ആളുകളെ കുത്തിനിറച്ച ക്യാംപുകളിലെ നരകയാതനയുടെയും വിവരങ്ങൾ വിദേശ വാർത്താ ഏജൻസിയോട് വെളിപ്പെടുത്തിയത് ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഉയിഗുറുകൾക്കു പുറമേ വിഗേറുകൾ, ടർകിക്ക് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു പേരെ ചൈന ‘കോൺസൻട്രേഷൻ ക്യാംപു’കളിൽ അടച്ചിരിക്കുകയാണ്. തടവിലായ ന്യൂനപക്ഷ  വിഭാഗക്കാരെ കുറിച്ചുള്ള വിവരങ്ങൾ സാധാരണ പുറത്തു വരാറില്ലെന്ന പതിവിനും മാറ്റമുണ്ടായി.

ഔദ്യോഗികമായി രേഖപ്പെടുത്തിയ അറസ്റ്റിന്റെ കാര്യത്തിൽ കാര്യമായാണു വർധന ഉണ്ടായത്. രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് 2,30,000 പേരെയാണ് 2017–2018 കാലഘട്ടത്തിൽ പ്രാദേശിക കോടതി ശിക്ഷിച്ചത്. കൊടിയ പീഡന പരമ്പരകളാണ് ജയിലുകളിൽ തടവുകാരെ കാത്തിരിക്കുന്നത്. രാജ്യാന്തര സമൂഹത്തെ ബോധ്യപ്പെടുത്താൻ ചൈന അപൂർവമായി മാധ്യമപ്രവർത്തകർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും സിൻജിയാങ്ങിൽ സന്ദർശനം അനുവദിക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ മനുഷ്യാവകാശ ലംഘനം ശ്രദ്ധയിൽപെടാതിരിക്കാൻ കനത്ത ജാഗ്രതയും പുലർത്തും.

ഹ്യൂമൻ റൈറ്റ്സ് വാച്ച്, ആംനെസ്റ്റി ഇന്റർനാഷനൽ തുടങ്ങിയ രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ നടത്തിയ അന്വേഷണങ്ങളാണ് സിൻജിയാങ് പൊലീസ് സ്റ്റേറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു കൊണ്ടു വന്നത്. കുട്ടികൾക്കായി ഇവിടെ പ്രത്യേക ക്യാംപുകളുണ്ട്. കുട്ടികളെ അവരുടെ മാതാപിതാക്കളിൽനിന്ന് ചെറുപ്പത്തിലെ തട്ടിയെടുക്കുന്ന രീതിയാണുള്ളത്. ക്യാംപുകളിലേക്കെന്നു പറഞ്ഞു പിടിച്ചുകൊണ്ടുപോയ പലരെയും പിന്നീടു കാണാതായിട്ടുണ്ട്. സിൻജിയാങ്ങിൽ 92 ശതമാനവും ഹാൻ വിഭാഗക്കാരാണ്.

തുർക്കി വംശജരെന്ന് അവകാശപ്പെടുന്ന ഉയിഗുറുകൾ ന്യൂനപക്ഷമാണ്. സ്വന്തം പാരമ്പര്യത്തെയും മതവിശ്വാസത്തെയും തള്ളിപ്പറഞ്ഞ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അപദാനങ്ങൾ വർണിക്കുന്നവർ മാത്രമാണ് കൊടിയ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടുക. പാർട്ടിയുടെ തലവനും രാജ്യത്തിന്റെ പ്രസിഡന്റുമായ ഷി ചിൻപിങ്ങിന്റെ മഹത്വം പാടിപ്പുകഴ്ത്തുക എന്നതാണു പുനർവിദ്യാഭാസം എന്ന പേരിൽ നടക്കുന്നത്. നിശ്ചിത സമയത്തിനകം ഇക്കാര്യത്തിൽ വേണ്ടത്ര പുരോഗതി കൈവരിക്കാത്തവർക്കു കഠിന ശിക്ഷ അനുഭവിക്കേണ്ടിവരുന്നു. എന്തായാലും ഏകദേശം 7105 കോടി രൂപയാണ് (ഒരു ബില്യൻ ഡോളർ) അവയവ കച്ചവടത്തിലൂടെ പ്രതിവർഷം ചൈന നേടുന്നതെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു.

RECENT POSTS
Copyright © . All rights reserved