Latest News

ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിലൂടെ സ്വകാര്യ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ചിത്രത്തിന്റെ നായകനായ പൃഥിരാജ് മാപ്പ് പറഞ്ഞു. സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും പൃഥിരാജ് അറിയിച്ചു. സ്ഥാപനം നൽകിയ ഹർജിയിൽ ഹൈക്കോടതി മുമ്പാകെയാണ് പൃഥ്വി ഖേദ പ്രകടനം നടത്തിയത്.

സിനിമയിൽ സ്ഥാപനത്തെ അപമാനിച്ചെന്നായിരുന്നു പരാതി. ചിത്രത്തിൽ പൃഥ്വിരാജിന്റെ ഹരീന്ദ്രൻ എന്ന കഥാപാത്രം ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു തിരക്കഥ കാണാനിടയാവുകയും ഇതിൽ താൻ അഭിനയിക്കില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ ഇതേ സ്ഥാപനത്തെക്കുറിച്ച് മോശം പരാമർശവും നടത്തുന്നുമുണ്ട്. ഇതേത്തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്‌.

നേരത്തെ പരാതിയിൽ പൃഥ്വിരാജിന് കോടതി നോട്ടിസ് അയച്ചിരുന്നു. ചിത്രത്തിൽ ആക്ഷേപമുയർന്ന ഭാഗം ഒഴിവാക്കണമെന്ന് സിനിമയുടെ പിന്നണി പ്രവർത്തകർക്ക് നിർദേശം നൽകിയതാണെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. ഉത്തരവ് പാലിക്കുന്നതിൽ പൃഥ്വിരാജ് വീഴ്ച വരുത്തിയെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ ജയശങ്കർ വി നായർ ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കോടതിയിലെത്തി. നടി എത്തിയത് തൃശൂരിലെ കോടതിയില്‍. ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിവിധി ഇന്നാണ്.
35 ദിവസത്തിനകം ഒന്നാം ഘട്ട സാക്ഷിവിസ്താരം പൂര്‍ത്തിയാക്കും.

മുന്നൂറ്റിഅന്‍പതിലധികം സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയിരുന്നത്. എന്നാല്‍ വിസ്തരിക്കാനായി 136 സാക്ഷികളുടെ പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിക്ക് നല്‍കിയത്. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം 10 പേരാണ് കേസിലെ പ്രതികള്‍. കേസിലെ ആറ് പ്രതികള്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

അടച്ചിട്ട മുറയിലായിരിക്കും വിചാരണ നടക്കുക. ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യും. നടിയുടെയോ അവരുടെ വാഹനത്തിന്റെയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പകര്‍ത്തുന്നത് കോടതി വിലക്കി.

കേസ് വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചിരുന്നു. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് അവസരവും നല്‍കിയിരുന്നു.

ഹൈന്ദവർക്കൊപ്പം മുസ്‌ലിംകളും കൈകോർത്തു. 100 വർഷം മുൻപ് മുടങ്ങിയ ക്ഷേത്ര ഉത്സവം ഏഴൂർ ഗ്രാമം നാടിന്റെ ജനകീയ ആഘോഷമായി. ഏഴൂർ കൊറ്റംകുളങ്ങര ശിവ, പാർവതി ക്ഷേത്രത്തിലെ ഭഗവതിയാട്ട് ഉത്സവമാണ് നാട് മുന്നിട്ടിറങ്ങിതോടെ സൗഹാർദത്തിന്റെ പുതിയ അധ്യായം കുറിച്ചത്. മുടങ്ങിയ ഉത്സവം ജനകീയമായി നടത്താനായിരുന്നു ക്ഷേത്ര പ്രശ്നവിധി പ്രകാരം അറിയിച്ചത്.

ഇതോടെ ഉത്സവം നടത്തുന്നതിനായി എല്ലാ വിഭാഗങ്ങളും രംഗത്തെത്തി. തുടർന്ന് ക്ഷേത്ര മുറ്റത്ത് യോഗം ചേർന്ന് നടത്തിപ്പിനുള്ള കമ്മിറ്റി രൂപീകരിച്ചു. ഏഴൂരിലെ പുരാതന മുസ്‍ലിം കുടുംബങ്ങളിലെ കാരണവൻമാരും യുവാക്കളും കമ്മിറ്റി ഭാരവാഹികളായി. ജാതി മത വ്യത്യാസമില്ലാതെ ആയിരങ്ങളാണ് ഉത്സവത്തിനും ക്ഷേത്രത്തിൽ നടന്ന സ്നേഹസദ്യയിലും പങ്കെടുത്തത്.

പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, നഗരസഭാധ്യക്ഷൻ കെ.ബാവഹാജി, കീഴേടത്തിൽ ഇബ്രാഹിം ഹാജി, ഗായകൻ കെ.ഫിറോസ് ബാബു, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ സാരഥികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, മത സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ക്ഷേത്രത്തിൽ എത്തി. ഉത്സവ കമ്മിറ്റി ചെയർമാൻ യാസർ പൊട്ടച്ചോല, കമ്മിറ്റി അംഗങ്ങളായ ചന്ദ്രശേഖരൻ പറൂർ, എ.കെ.സെയ്താലിക്കുട്ടി, കെ.സുനിൽ കുമാർ, അജേഷ് പറൂർ എന്നിവർ ചേർന്ന് അതിഥികൾക്ക് സ്വീകരണം ഒരുക്കി.വെട്ടത്ത് രാജാവ് 800 വർഷം മുൻപ് സേവകർക്കായി പണിത ക്ഷേത്രത്തിൽ ഒരു നൂറ്റാണ്ട് മുൻപ് മുടങ്ങിയ ഉത്സവമാണ് തിരൂരിന്റെ മത മൈത്രിയുടെ കരുത്തിൽ വീണ്ടും ആഘോഷമായത്.

കോഴിക്കോട്: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു. കോഴിക്കോട്ടെ വസതിയില്‍ വെച്ച്‌ രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം. 95 വയസ്സായിരുന്നു. സംസ്‌കാരം വൈകീട്ട് അഞ്ചുമണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

1946ലാണ് രാഷ്ട്രീയത്തിൽ എത്തിയ കമലം, കരുണാകരന്‍ മന്ത്രിസഭയില്‍ 82 മുതല്‍ 87 വരെ സഹകരണമന്ത്രിയായിരുന്നു. കോണ്‍ഗ്രസിന്റെ കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖയായ വനിതാ നേതാവായിരുന്നു എം കമലം. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു ഇവർ.

വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍, കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, എഐസിസി അംഗം തുടങ്ങിയ നിലകളില്‍ ഏഴുപതിറ്റാണ്ടുകാലം പൊതുരംഗത്ത് കര്‍മനിരതയായിരുന്നു എം കമലം.

എം കമലത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കോൺഗ്രസ് പിളർന്ന് സംഘടനാ കോൺഗ്രസ് രൂപീകൃതമായപ്പോൾ ആ പാർട്ടിയുടെ കേരളത്തിലെ പ്രമുഖ നേതാവായിരുന്നു എം കമലം.

അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ അവർ സജീവമായി രംഗത്തുണ്ടായിരുന്നു. ഏഴ് പതിറ്റാണ്ട് പൊതു രംഗത്ത് കർമനിരതയായിരുന്ന കമലം മികച്ച സംഘാടകയും വാഗ്മിയുമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു.

ഭര്‍ത്താവ് പരേതനായ മാമ്ബറ്റ സാമിക്കുട്ടി. എം. യതീന്ദ്രദാസ് പത്മജ ചാരുദത്തന്‍, എം മുരളി, എം രാജഗോപാല്‍, എം വിജയകൃഷ്ണന്‍ എന്നിവരാണ് മക്കള്‍.

 

കൊറോണ ഭീതി ഒഴിയാതെ ചൈന. ഇന്നലെ 38പേര്‍കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 170 ആയി. 1700പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ചികില്‍സയിലുള്ളവരുടെ എണ്ണം ഏഴായിരത്തി എഴുന്നൂറു കടന്നു. കൊറോണ ബാധിച്ച് ടിബറ്റിലും ഒരാള്‍ മരിച്ചു. ചൈനയിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ നീളുകയാണ്. ഒഴിപ്പിക്കലിനു പോകുന്നവര്‍ക്ക് സുരക്ഷാ മുന്‍കരുതല്‍ ഒരുക്കണമെന്ന ആവശ്യവുമായി പൈലറ്റ്സ് യൂണിയനും രംഗത്തെത്തി.‌‍
കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്നാണ് അമേരിക്ക പൗരന്‍മാരെ ഒഴിപ്പിച്ചത്. പ്രത്യേക വിമാനത്തില്‍ ഇവരെ കാലിഫോര്‍ണിയയില്‍ എത്തിച്ചു.

വൈറസ് ബാധ സ്ഥിരീകരിക്കാത്ത രാജ്യങ്ങളും വലിയ മുന്‍കരുതല്‍ എടുക്കണമെന്ന് ലോകാര്യോഗസംഘടന ആവശ്യപ്പെട്ടു. വൈറസ് ബാധ ചൈനയില്‍ മാത്രമാണ് നിയന്ത്രാണീതമായി തുടരുന്നതെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടെന്നാണ് ഡബ്ല്യു.എച്ച്.ഒ. വ്യക്തമാക്കുന്നത്. അതിനിടെ വുഹാനില്‍ പോയി ഇന്ത്യന്‍ പൗരന്‍മാരെ ഒഴിപ്പേക്കണ്ടി വന്നാല്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതല്‍ ഒരുക്കണമെന്ന ആവശ്യവുമായി ഓള്‍ ഇന്ത്യ പൈലറ്റ്സ് യൂണിയന്‍ രംഗത്തെത്തി. രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ പൈലറ്റുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വേണ്ട സുരക്ഷയൊരുക്കണം.

ഇതാവശ്യപ്പെട്ട് എയര്‍ ഇന്ത്യ തലവന്‍ അഷ്‌വാനി ലോഹനിക്ക് പൈലറ്റ്സ് യൂണിയന്‍ കത്തയച്ചു. കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വുഹാനില്‍ കുടുങ്ങിക്കിടന്നവരെ തിരികെയെത്തിക്കുന്നതിന് ചൈനയുടെ അനുമതി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് കൊറോണ സംശയത്തോടെ 806 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 796 പേര്‍ വീടുകളിലും പത്തുപേര്‍ ആശുപത്രിയിലുമാണുള്ളത്.

നിത്യാനന്ദയുടെ ആശ്രമത്തില്‍ അമാവാസി ദിനത്തില്‍ ഒരു പ്രത്യേക മരുന്ന് നിത്യാനന്ദ തയാറാക്കി നല്‍കാറുണ്ട്. അത് കഴിച്ചാല്‍ അയാളോടു വിധേയത്വം കൂടും. സുന്ദരിമാരായ പെണ്‍കുട്ടികള്‍ എപ്പോഴും ചുറ്റില്‍ വേണമെന്നു നിത്യാനന്ദയ്ക്കു നിര്‍ബന്ധമാണ്. കാരണം ഇവരെ കണ്ട് ഒരുപാട് പേര്‍ ആശ്രമത്തിലെത്തും. ഇതാണു ബിസിനസ് വിജയത്തിന്റെ തന്ത്രം. കോടിക്കണക്കിനു സ്വത്ത് ആശ്രമത്തിന് എഴുതി വച്ച് കുടുംബസമേതം അവിടെ താമസിക്കുന്ന ഒരുപാടുപേരുണ്ട്.- പറയുന്നത് നിത്യാനന്ദയുടെ കലങ്ങളായുള്ള അനുയായി വിജയകുമാര്‍.

താന്‍ പത്തുവര്‍ഷം നിത്യാനന്ദയ്ക്ക് ഒപ്പമുണ്ടായിരുന്നു. തന്റെ ശരീരം മുഴുവന്‍ അദ്ദേഹത്തിന്റെ മുഖം പച്ച കുത്തിയിട്ടുണ്ട്. അത് താന്‍ അന്ന് എല്ലാ ഇഷ്ടത്തോടെയും ചെയ്തതാണ്. പക്ഷേ ഇന്ന് പോരാടുന്നത് അയാളെ ശിക്ഷിക്കാനാണ്..’ വിജയകുമാര്‍ പറയുന്നു. ഇതുവരെ കണ്ടതും കേട്ടതും ഒന്നുമല്ല നിത്യാനന്ദ എന്ന് തെളിവുകള്‍ സഹിതം വ്യക്തമാക്കുന്നു ഈ യുവാവ്. കലൈഞ്ജര്‍ ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് നിത്യാനന്ദ ആശ്രമത്തില്‍ നടക്കുന്ന കൊടുംക്രൂരതകള്‍ ഇയാള്‍ എണ്ണിയെണ്ണി പറയുന്നത്.

വിജയകുമാറിന്റെ വാക്കുകളിങ്ങനെ: നിത്യാനന്ദ എത്ര വലിയ കുറ്റവാളിയാണോ അത്ര തന്നെ ഞാനും കുറ്റവാളിയാണ്. കാരണം അയാള്‍ക്കൊപ്പം പത്തുവര്‍ഷം ഞാനും ഉണ്ടായിരുന്നു. ചെയ്യാന്‍ പാടില്ലാത്ത പലതും ഞാന്‍ ചെയ്തു. ആ കുറ്റങ്ങളൊക്കെ ഏറ്റുപറയാന്‍ ഞാന്‍ തയാറാണ്. അതിന് നീതിപീഠം നല്‍കുന്ന എന്തു ശിക്ഷയും ഞാന്‍ ഏറ്റുവാങ്ങും. അത്രമാത്രം നടുക്കുന്ന കാര്യങ്ങളാണ് നിത്യാനന്ദയുടെ ആശ്രമത്തില്‍ നടക്കുന്നത്.

മൈസൂരുവിനടുത്തുള്ള നിത്യാനന്ദയുടെ ആശ്രമത്തിലായിരുന്നു ഞാന്‍. മൂവായിരത്തോളം അംഗങ്ങള്‍ അവിടെയുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. പിന്നെ കുട്ടികളും. ഇവരില്‍ പലരും നിത്യാനന്ദയുടെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഒന്നരവര്‍ഷം മുന്‍പ് തന്നെ ഇയാള്‍ ഇന്ത്യ വിട്ടെന്നാണ് എന്റെ വിശ്വാസം. ഇതേ ആശ്രമത്തിലെ രഹസ്യ അറയില്‍ ഇപ്പോഴും നിത്യാനന്ദയുണ്ടെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്.

ഇത് കണ്ടെത്താന്‍ നിമിഷങ്ങള്‍ മതി. ആശ്രമം റെയ്ഡ് ചെയ്യണം. അവിടെയുള്ളവരെ ചോദ്യം ചെയ്യണം. അവിടെയുള്ള യുവതികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇപ്പോഴും സജീവമാണ് നിത്യാനന്ദ. അങ്ങനെ ഒരാളെ കണ്ടെത്താന്‍ എന്താണ് ബുദ്ധിമുട്ട്? 2008 മുതല്‍ 2018 വരെ നിത്യാനന്ദയ്‌ക്കൊപ്പം ഞാന്‍ ഉണ്ടായിരുന്നു. അയാളുടെ എല്ലാ വൃത്തികേടിനും നെറികേടിനും കൂട്ടുനിന്നു. അമ്പരപ്പിക്കുന്ന വാക്‌സാമാര്‍ഥ്യമാണ് അയാള്‍ക്ക്. ആരും വീണുപോകും. ഞാനും അങ്ങനെ വീണതാണ്.

അവിടെയുള്ള സ്ത്രീകളില്‍ പലരും നിത്യാനന്ദയോട് അപൂര്‍വമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. എന്നോട് എന്താണ് അദ്ദേഹം ഇഷ്ടമാണെന്ന് പറയാത്തതെന്നു വരെ ചിന്തിക്കുന്നവരാണ് ഏറെ. രഞ്ജിതയുമായുള്ള വിഡിയോ വൈറലായതിനു പിന്നാലെയും ഇതുതന്നെയാണ്. അപ്പോള്‍ ഒന്ന് ഓര്‍ത്തുനോക്കൂ അയാളുടെ വാക്കുകള്‍ എത്രമാത്രം ശക്തമാണെന്ന്.

മോഡലുകളെ നിരത്തി പരസ്യം ചെയ്യുന്ന പോലെയാണ് സുന്ദരിമാരായ പെണ്‍കുട്ടികളെ കാണിച്ച് ആളുകളെ വശീകരിക്കുന്നത്. ഇതിനു പുറമേ വ്യാജ ട്രസ്റ്റുകളുണ്ടാക്കി വന്‍ പണം തട്ടിപ്പാണ് നടന്നിരിക്കുന്നത്. അതുപോലെ ചെറിയ ആശ്രമങ്ങളെ സാമ്പത്തികമായി സഹായിക്കും. എന്നിട്ടും ഈ പണത്തിന് പകരമായി ആ ആശ്രമങ്ങളും അവരുടെ സ്വത്തുക്കളും പിടിച്ചെടുക്കും.

ഇത്തരത്തില്‍ നാലു ആശ്രമങ്ങള്‍ പിടിച്ചെടുക്കാന്‍ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് ഞാനാണ്. ഇതെല്ലാം ഞാന്‍ കോടതിയില്‍ തുറന്നു പറയും. ആശ്രമത്തില്‍ മരണപ്പെട്ട സംഗീത ഇതെല്ലാം പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിരുന്നു. ആശ്രമത്തില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും തെളിവുകള്‍ അവള്‍ ശേഖരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവളുടെ മരണം.

ഞാനും 2015 മുതല്‍ ലൈംഗിക പീഡനത്തിന് ഇരയായി. പുരുഷന്‍മാരെ വരെ ആശ്രമത്തില്‍ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്. ഞാന്‍ അതിന് ഇരയാണ്. കേട്ടാലറയ്ക്കുന്ന തരത്തില്‍ എന്നോട് അശ്ലീലമായി അയാള്‍ സംസാരിക്കാന്‍ തുടങ്ങി. ലൈംഗികവേഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ എന്നെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കാന്‍ തുടങ്ങി. ഒടുവില്‍ 2018ലാണ് ഞാന്‍ രക്ഷപ്പെടുന്നത്.

അത്രനാള്‍ പുറത്തുപറയാന്‍ കഴിയാത്ത വിധമുള്ള ലൈംഗികാതിക്രമങ്ങളാണു ഞാന്‍ നേരിട്ടത്. എന്റെ അനുഭവം ഇതാണെങ്കില്‍ അവിടെ നടക്കുന്ന മറ്റ് കാര്യങ്ങള്‍ നിങ്ങള്‍ ഊഹിച്ചു നോക്കൂ. എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. ഞാന്‍ കോടതിയില്‍ മാപ്പുസാക്ഷിയാകാനും തയാറാണ്. നിത്യാനന്ദയെ പിടികൂടണം, ശിക്ഷിക്കണം. എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി നിത്യാനന്ദയായിരിക്കും- വിജയകുമാര്‍ പറഞ്ഞു.

ന്യൂസിലന്‍ഡില്‍ ഇന്ത്യയുടെ ആദ്യ പരമ്പര വിജയകരം. സൂപ്പര്‍ കളി സമ്മാനിച്ച് ഇന്ത്യ. 3-0ന് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കൊഹ്ലി ടീം. സൂപ്പര്‍ ഓവറിലാണ് ഇന്ത്യയുടെ ജയം.

ഇന്ത്യ ഉയര്‍ത്തിയ ആദ്യം 179 റണ്‍സ് എടുത്തപ്പോള്‍, വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡും 179ല്‍ എത്തുകയായിരുന്നു. പിന്നീട് ജയം സൂപ്പര്‍ഓവറിലേക്ക് മാറ്റുകയായിരുന്നു. സൂപ്പര്‍ ഓവര്‍ ഇന്ത്യയെ തുണച്ചു. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്‍ഡ് 179 റണ്‍സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കുവേണ്ടി ഹിറ്റ്മാന്‍ രോഹിത് ശര്‍മ 65ഉം, വിരാട് കൊഹ്ലി 38ഉം, രാഹുല്‍ 27ഉം എടുത്തു.

കൊച്ചി∙ ‘മാലാഖ’ വന്നിട്ടുണ്ട്, ‘ചായ കുടി’ക്കാൻ പോരേ ‘ഹണിബീ’ എന്നു കേട്ടാൽ ചായ കുടിക്കാനുള്ള ക്ഷണമായി തോന്നാം. പക്ഷേ ചാലക്കുടി പൊലീസിന് അത് വെറുമൊരു ക്ഷണക്കുറിപ്പല്ല, ഓൺലൈൻ സെക്സ് റാക്കറ്റ് സംഘത്തിന്റെ രഹസ്യ കോഡാണ്. കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായ സംഘത്തിന്റെ മുഖ്യകണ്ണിയുടെ ഫോൺ പരിശോധിച്ചപ്പോൾ കണ്ട സന്ദേശങ്ങളിലാണ് ഈ കോഡുകൾ. യുവതിയുടെ ഫോട്ടോയ്ക്കൊപ്പം ഏതാണ്ട് 70 പേർക്ക് അയച്ചു കൊടുത്തതാണ് ഈ സന്ദേശം. എസ്കോർട്ട്, ഗൈഡ്, തുടങ്ങിയ കോഡ് വാക്കുകളും സംഘം ഉപയോഗിക്കുന്നുണ്ടെന്നു വ്യക്തമായതായി പൊലീസ് പറയുന്നു.

ഇരിങ്ങാലക്കുട കിഴുത്താണിയിലെ സെക്സ് റാക്കറ്റിനെ പിടിക്കാൻ ഇറങ്ങിത്തിരിച്ച പൊലീസിനെ കാത്തിരുന്നത് മതിലുകൾ ചാടിക്കടന്നുള്ള ഓട്ടം. സംഘത്തിന്റെ നടത്തിപ്പുകാരൻ കൊടുങ്ങല്ലൂർ പെരിഞ്ഞനം പൊൻമാനിക്കുടം കീഴ്പ്പുള്ളി സുഷിൻ എന്ന സുഷി, മനവലശേരി പാലയ്ക്കൽ അനീഷ് എന്ന ജെഷിൻ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത് പിന്നാലെ ഓടിയിട്ടാണ്. ഇവരെ പിടികൂടാൻ ശ്രമിക്കുമ്പോൾ സുഷി ഓടി മതിലുകൾ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചു.

വിട്ടുകൊടുക്കാതെ പൊലീസും മതിൽ ചാടിക്കടന്നതിനാൽ പ്രതികൾ പിടിയിലായി. വീട്ടിൽ ‘ചായ കുടി’ക്കാൻ വന്ന ‘തേനീച്ച’കൾ ഉടുതുണി പോലും ഇല്ലാതെ ഓടി രക്ഷപ്പെട്ടു. അവർ ഫോണുകളും കൊണ്ടുപോയതിനാൽ പല തെളിവുകളും ലഭിച്ചില്ലെന്നു പൊലീസ്. സുഷി ആവശ്യപ്പെട്ടതനുസരിച്ച് എത്തിയ ‘മാലാഖ’ കോഴിക്കോട് സ്വദേശിനിയാണെന്നു വ്യക്തമായിട്ടുണ്ട്. പ്രതികൾ ഓടി രക്ഷപ്പെടുന്നതു കണ്ടാണ് നാട്ടുകാരും വിവരം അറിയുന്നത്. കാർ റെന്റ് സ്ഥാപന ഉടമ എന്നു പരിചയപ്പെടുത്തിയിരുന്നതിനാൽ വാഹനങ്ങൾ വീട്ടിൽ വന്നു പോകുന്നത് അയൽവാസികൾ ശ്രദ്ധിക്കാറില്ലായിരുന്നത്രേ.
മോഡലിങ്ങിന് അവസരം നൽകുമെന്ന വാഗ്ദാനം വിശ്വസിച്ചെത്തിയ 19 കാരി കെണി തിരിച്ചറിഞ്ഞ് പരാതിപ്പെട്ടതോടെയാണ് സംഘത്തെക്കുറിച്ചു പൊലീസിനു വിവരം ലഭിക്കുന്നത്. പെൺകുട്ടിയെ പീഡിപ്പിക്കുകയും പലർക്കും കാഴ്ച വയ്ക്കുകയും ചെയ്തെന്നായിരുന്നു പരാതി. നേരത്തെ പിടിയിലായ കൂടപ്പുഴ സ്വദേശി ഡിസ്കോ ജോക്കിയായ അജിത് വഴിയാണ് യുവതി പ്രതിയുമായി പരിചയത്തിലായതും കെണിയിൽ പെട്ടതും.

ഈ പെൺകുട്ടിയുടെ പടമാണ് വാട്സാപ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ അയച്ചു കൊടുത്ത് പലരിൽനിന്നും പ്രതികൾ പണം തട്ടിയെടുക്കുന്നത്. ഇവരുടെ വലയിലുള്ള നിരവധി പെൺകുട്ടികളുടെ ഫോൺ നമ്പരുകളും ഫോട്ടോകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അനീഷിനെ പൊലീസ് പിടികൂടിയത്.

റിയൽ എസ്റ്റേറ്റ് ബിസിനസ്, യൂസ്ഡ് വാഹനക്കച്ചവടം തുടങ്ങിയ ഇടപാടുകളാണെന്നു പറഞ്ഞാണ് സുഷി സമ്പന്നരായ ആളുകൾ താമസിക്കുന്ന പ്രദേശത്ത് വീട് വാടകയ്ക്കെടുത്തിരുന്നത്. അതുകൊണ്ടുതന്നെ ഇവിടെ വാഹനങ്ങൾ വന്നു പോകുന്നത് അയൽവാസികൾ കാര്യമാക്കിയിരുന്നില്ല. ഒടുവിൽ പൊലീസ് എത്തിയപ്പോഴാണ് നാട്ടുകാർ കാര്യമറിഞ്ഞത്. വിദേശ മലയാളികളും മറ്റുമാണ് ഇവരുടെ പ്രധാന ഇടപാടുകാരെന്ന് പൊലീസ് പറയുന്നു. ഓൺലൈനിൽ ആവശ്യക്കാർ ബന്ധപ്പെടുമ്പോൾ ചിത്രങ്ങൾ അയച്ചു കൊടുത്താണ് അവരെ വലയിലാക്കിയിരുന്നത്. പണം മുൻകൂർ വാങ്ങുന്നതാണ് പതിവ്. ഇങ്ങനെ സമ്പാദിച്ച പണമത്രയും ആഡംബര ജീവിതത്തിനു ചെലവഴിച്ചെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്.

നേരത്തെ ബസ് ക്ലീനറായിരുന്നത്രേ സുഷി. കൂലിത്തല്ലും മറ്റുമായിരുന്നു അന്ന് പ്രധാന ജോലി. കേസിൽ പെട്ടതോടെ കർണാടകത്തിലേക്കു കടന്ന സുഷി മാസങ്ങൾക്കു ശേഷം തിരിച്ചെത്തി പെരിന്തൽമണ്ണയിൽ കുറേ നാൾ താമസിച്ചു. പിന്നീട് കയ്പമംഗലം, ഇരിങ്ങാലക്കുട ഭാഗങ്ങളിൽ താമസിച്ച് പെൺവാണിഭ സംഘത്തിനു നേതൃത്വം നൽകുകയായിരുന്നു. ഇയാളുടെ ഇടപാടുകളെക്കുറിച്ച് അറിവു ലഭിച്ച പൊലീസ് ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. കിഴുത്താണിയിൽ ഇയാൾ താമസിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞ് ആൾ സ്ഥലത്ത് ഉണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് വീടു വളഞ്ഞതും പ്രതിയെ ഓടിച്ചുപിടിച്ചതും. ഇയാളുടെ ഫോണിൽ നമ്പറുള്ള യുവതികളുടെയും യുവാക്കളുടെയും വിശദവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് എസ്ഐ പി.ഡി. അനിൽകുമാർ പറഞ്ഞു.

വിമാനയാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയെ അധിക്ഷേപിച്ച സംഭവത്തില്‍ സ്റ്റാന്‍ഡ് അപ് കോമേഡിയന്‍ കുനാല്‍ കംറയ്ക്കു യാത്രാവിലക്കുമായി സ്‌പൈസ് ജെറ്റും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെയാണു വിലക്ക്. നേരത്തെ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനക്കമ്പനികള്‍ കുനാലിനു വിലക്കേര്‍പ്പെടുത്തിയിരുന്നു.

മുംബൈയില്‍ നിന്ന് ലക്‌നൗവിലേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍വച്ചാണു കുനാല്‍ കംറ അര്‍ണാബ് ഗോസാമിയെ പരിഹസിച്ചത്. സഹയാത്രികനായിരുന്ന അര്‍ണാബിനെ പരിഹസിച്ച് സംസാരിക്കുന്നതിന്റെ വീഡിയോ കുനാല്‍ തന്നെയാണു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ‘എന്റെ ഹീറോയ്ക്കു വേണ്ടി, എന്റെ രോഹിതിനുവേണ്ടി ഞാനിതു ചെയ്തു’ എന്നു പറഞ്ഞുകൊണ്ടാണു സംഭവത്തിന്റെ വീഡിയോ പങ്കുവച്ചത്.

‘നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമ പ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണം’എന്നു പറഞ്ഞുകൊണ്ടായിരുന്നു അര്‍ണാബിനോടുള്ള കുനാലിന്റെ ചോദ്യങ്ങള്‍. ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയ്ക്കും അമ്മ രാധികാ വെമുലയ്ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നു കംറ വീഡിയോയില്‍ പറയുന്നുണ്ട്.

കുനാല്‍ കംറയോട് പ്രതികരിക്കാതെ നിശബ്ദനായി ഇരിക്കുകയായിരുന്ന അര്‍ണാബിനെ തുടര്‍ന്നും പരിഹസിക്കുന്ന രീതിയാണു കുനാല്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്നാണ് കുനാലിനെതിരെ നടപടിയെടുക്കാന്‍ വിമാന കമ്പനി തീരുമാനിച്ചത്. ഇത്തരം പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും കുനാലിന് ആറു മാസത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയാണെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ നടപടിയെ സ്വാഗതം ചെയ്ത വ്യോമയാന മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി ഹര്‍ദീപ് സിങ് പുരി ഇതേ സമീപനം മറ്റു വിമാനക്കമ്പനികളും സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണു കുനാലിന് എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് വിമാനക്കമ്പനികള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

വിലക്ക് കാര്യമാക്കുന്നില്ലെന്നായിരുന്നു എയര്‍ ഇന്ത്യയുടെ നടപടിയോട് കുനാല്‍ കംറ പ്രതികരിച്ചത്. വില്‍ക്കാന്‍ വച്ചിരിക്കുന്ന എയര്‍ ഇന്ത്യയുടെ വിലക്കിനെ ഓര്‍ത്ത് ചിരിയാണു വരുന്നതെന്നും കുനാല്‍ പറഞ്ഞിരുന്നു. ആറ് മാസം തന്നെ സസ്‌പെന്‍ഡ് ചെയ്തതിന് വളരെ നന്ദിയുണ്ടെന്നും പക്ഷേ, മോദിജി എയര്‍ ഇന്ത്യയെ എന്നെന്നേക്കുമായി സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നും കുനാല്‍ പരിഹസിച്ചിരുന്നു.

താന്‍ തെറ്റൊന്നും ചെയ്തില്ലെന്നും ചെയ്തതില്‍ കുറ്റബോധമില്ലെന്നും വിമാനക്കമ്പനികളുടെ വിലക്കിനോടുള്ള പ്രതികരണമായി കംറ വ്യക്തമാക്കിയിരുന്നു. തന്റെ പ്രവൃത്തിയെ ധീരതയായി കാണേണ്ടതില്ലെന്നും സ്വഭാവിക പ്രതികരണമാണെന്നും പറഞ്ഞ കംറ ‘ഒരാളോടൊഴികെ’ വിമാനത്തിലെ മറ്റു സഹയാത്രികരോടെല്ലാം അസൗകര്യം നേരിട്ടിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും പറഞ്ഞിരുന്നു.

 

മലയാളത്തിലെ യുവനടൻമാരിൽ താരത്തിളക്കമുള്ള അഭിനേതാവാണ് ടൊവീനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തുകയും ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ മുൻനിര നായകന്മാരുടെ പദവിയിലേക്ക് വളരുകയും ചെയ്ത ടൊവീനോ ജനപ്രീതിയിലും മുൻപന്തിയിലാണ്. താരപ്രഭയിൽ നിൽക്കുമ്പോഴും കടന്നു വന്ന വഴികളെക്കുറിച്ചുള്ള ഓർമകൾ ടൊവീനോ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ടൊവീനോ പങ്കുവച്ച ഒരു ഓർമക്കുറിപ്പ് ആരാധകരുടെ ഹൃദയം കവർന്നു.

ആദ്യ സിനിമയായ പ്രഭുവിന്റെ മക്കളെക്കുറിച്ചായിരുന്നു ടൊവീനോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ചിത്രത്തിൽ ചെഗുവേര സുധീരൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ അനുഭവത്തെപ്പറ്റി ടൊവീനോയുടെ വാക്കുകൾ ഇങ്ങനെ: “ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്. എട്ടു വർഷങ്ങൾക്കു മുൻപ് ഈ ദിവസമാണ് ഞാൻ ഒരു മൂവിക്യാമറയ്ക്കു മുൻപിൽ നിന്നത്. സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനിൽ നന്നായി കാണാം.”

പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലെ ഒരു ഗാനരംഗത്തിന്റെ സ്ക്രീൻഷോട്ട് സഹിതമായിരുന്നു താരത്തിന്റെ പോസ്റ്റ്. പിൻനിരയിൽ നിൽക്കുന്ന സ്വന്തം മുഖം പ്രേക്ഷകർക്ക് എളുപ്പത്തിൽ മനസിലാക്കാൻ വൃത്താകൃതിയിൽ ചൂണ്ടിക്കാണിക്കാനും താരം മറന്നില്ല. ഇത്രയും ലളിതമായി തന്റെ കരിയറിനെ പരിചയപ്പെടുത്തിയ ടൊവീനോ ആരാധകരുടെ കയ്യടി നേടി.

‘ആത്മാർത്ഥമായി പോരാടി നേടിയതൊന്നും എവിടെയും പോകില്ല’ എന്നായിരുന്നു താരത്തിന്റെ ഓർമക്കുറിപ്പിന് ഒരു ആരാധകൻ നൽകിയ മറുപടി. കഠിനാധ്വാനവും ആത്മാർത്ഥതയും ഉണ്ടെങ്കിൽ ജീവിതത്തിൽ ഉയരങ്ങളിലെത്തുമെന്നതിന് ഉദാഹരണമാണ് ടൊവീനോയുടെ ജീവിതമെന്നും ആരാധകർ കുറിച്ചു.

RECENT POSTS
Copyright © . All rights reserved