Latest News

ബൈക്കിലെത്തി മാലമോഷണം നടത്തുന്ന മോഷണ സംഘത്തിലെ യുവാക്കൾ പൊലീസ് പിടിയിൽ. ഈ മാസം 9ന് ലക്കിടിയിൽ യുവതിയുടെ മാല തട്ടിപ്പറിച്ച കേസിന്‍റെ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. നാൽപ്പതോളം പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ട കൊച്ചി തൃക്കാക്കര സ്വദേശി ഇമ്രാൻഖാൻ, സിനിമാ സഹ സംവിധായകൻ കെന്നടിമുക്ക് ചെറുവള്ളി സുർജിത് എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

ലക്കിടി അകലൂർ കായൽപ്പള്ളയിലെ രാജേഷിന്റെ ഭാര്യ രഞ്ജുവിന്റെ കഴുത്തിൽ നിന്ന് 4 പവന്‍റെ മാല പ്രതി ഇമ്രാൻഖാൻ ബൈക്കിലെത്തി പിടിച്ചുപറിക്കുകയായിരുന്നു. ദമ്പതികൾ മോഷ്ടാവിനെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.

ഇമ്രാൻഖാന്റെ പേരിൽ എറണാകുളം, തൃശൂർ പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി നാൽപ്പതോളം പിടിച്ചുപറി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ബൈക്ക് റൈസിൽ പ്രഗൽഭനായ ആളാണ് ഇമ്രാൻ. 4 സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചയാളാണു സുർജിത്.

ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ സഹിതം ഇവർ പിന്നീട് പൊലീസിൽ പരാതി നൽകി. നമ്പർ വ്യാജമായിരുന്നെങ്കിലും തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് മലപ്പുറം താനൂരിലെ വീട്ടിൽ നിന്ന് ഇമ്രാൻഖാനെ പൊലീസിന് പിടികൂടാനായത്. ഇയാൾ നൽകിയ വിവരത്തെ തുടർന്നു മാല വിൽപന നടത്തിയ സുർജിത്തിനെയും അറസ്റ്റ് ചെയ്തു. പിടിച്ചു പറിക്ക് ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ബിഗ് ബ്രദര്‍ എന്ന സിനിമയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ആസൂത്രിതമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സിദ്ദിഖ്.സിനിമയെ നശിപ്പിക്കുന്നത് സിനിമയിലുള്ളവര്‍ തന്നെയാണ്. അതിനുപിന്നില്‍ നിക്ഷിപ്ത താല്‍പര്യമുണ്ട്. ഒരാള്‍ വീഴുമ്പോള്‍ സന്തോഷിക്കുന്നവര്‍ ഇതിനെതിരെ ഒന്നിച്ചുനില്‍ക്കാത്തത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.പ്രമുഖ മലയാള മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ദിഖിന്റെ പ്രതികരണം.

എന്റെ സിനിമയോടുള്ള ശത്രുതയാണിത്. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന തലമുറയോടുള്ള ശത്രുത. ഞങ്ങളെയൊക്കെ ഇല്ലാതാക്കിയാല്‍ ആര്‍ക്കൊക്കെയോ ഇവിടെ വരാമെന്ന ധാരണയുണ്ട്. അതുകൊണ്ടു തന്നെ ഇവിടെ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നതും പഴയതലമുറയിലെ സംവിധായകരാണ്.’സിദ്ദിഖ് തുറന്നടിച്ചു.

‘ഒരു നടന്‍ തന്നെ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് എത്രത്തോളം സത്യമെന്ന് അറിയില്ല. ‘മിമിക്രി സിനിമയില്‍ നിന്നും ഞങ്ങള്‍ മൂന്നാല്‌പേരു കൂടി സിനിമയെ രക്ഷിച്ചുകൊണ്ട് വരുകയാണ്, ദയവുചെയ്ത് മിമിക്രി കഥയുമായി തന്റെ അടുത്തേക്ക് വരരുതെന്നാണ് അയാള്‍ പറഞ്ഞതെന്നും സിദ്ദിഖ് വെളിപ്പെടുത്തി.

ന്യൂസിലാന്‍ഡ് സ്വദേശി പോള്‍ മോറയും ഐറിഷുകാരനായ മാര്‍ട്ടിന്‍ ഷീല്‍ഡ്‌സുമായിരുന്നു തട്ടിപ്പിന്റെ സൂത്രധാരന്മാര്‍. കംഎക്‌സ് ട്രേഡിങ്ങിലൂടെയായിരുന്നു ഇരുവരും വിവിധ യൂറോപ്യന്‍ സര്‍ക്കാരുകളുടെ ഖജനാവിന് കോടികളുടെ നഷ്ടംവരുത്തിവെച്ചത്. ജര്‍മനിക്ക് പുറമേ ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, ബെല്‍ജിയം, ഓസ്ട്രിയ, നോര്‍വെ, ഫിന്‍ലാന്‍ഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ക്കും കനത്ത നഷ്ടമുണ്ടായി.

ഒരു സിംഗിള്‍ സെറ്റ് ഷെയറിന്റെ ഡിവിഡന്റ് ടാക്‌സില്‍ രണ്ടുതവണയാണ് ഇവര്‍ റീഫണ്ട് നേടിയത്.. 2006 മുതല്‍ 2011 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്.

പോള്‍ മോറയുടെയും മാര്‍ട്ടിന്‍ ഷീല്‍ഡ്‌സിന്റെയും സഹായത്തോടെ വിവിധ കമ്പനികളും ബാങ്കുകളും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇവരില്‍നിന്നെല്ലാം പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം.

2011 ല്‍ ജര്‍മനിയിലെ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വന്‍ വെട്ടിപ്പിന്റെ കഥ പുറത്തറിയുന്നത്. തുടര്‍ന്ന് പോള്‍ മോറയും ഷീല്‍ഡ്‌സും ജോലി ചെയ്തിരുന്ന ബാങ്കുകളിലും ഇവര്‍ പിന്നീട് ആരംഭിച്ച ട്രേഡിങ് സ്ഥാപനത്തിലും റെയ്ഡുകള്‍ നടത്തി. മാര്‍ട്ടിന്‍ ഷീല്‍ഡ്‌സ് പിന്നീട് ജര്‍മനിയുടെ പിടിയിലാവുകയും ചെയ്തു.

കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് ബോണിലെ കോടതിയില്‍ ഷീല്‍ഡ്‌സിന്റെ വിചാരണ ആരംഭിച്ചത്. പോള്‍ മോറയ്‌ക്കെതിരെ ഡിസംബറില്‍ കുറ്റംചുമത്തിയെങ്കിലും ഇയാള്‍ ന്യൂസിലാന്‍ഡിലേക്ക് കടന്നുകളയുകയായിരുന്നു. അതേസമയം, തങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു മോറയുടെ പ്രതികരണം. വിചാരണ പൂര്‍ത്തിയായി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കോടികളാവും ഇവരില്‍നിന്ന് പിഴയായി ഈടാക്കുക.

മകളുടെ ഭർത്താവിനെ സ്നേഹിച്ച് അയാളുടെ കുഞ്ഞിന് ജന്മം നൽകിയൊരു അമ്മ. സൗത്ത് വെസ്റ്റ് ലണ്ടനിലാണ് ഈ സംഭവം അരങ്ങേറിയത്. ഒരമ്മയും ചെയ്യാൻ പാടില്ലാത്ത തെറ്റിൽ ഹൃദയം തകർന്ന് ജീവിക്കുകയാണ് 19 കാരിയായ ലൊറെൻ. 2004 ആഗസ്റ്റിലായിരുന്നു ലൊറെനും എയര്‍പോർട്ട് ജീവനക്കാരനായ പോൾ വൈറ്റും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് വർഷമായി ഒരുമിച്ച് കഴിയുകയായിരുന്ന ഇരുവരും ഒരു കുഞ്ഞ് ജനിച്ചതോടെ വിവാഹിതരാകാന്‍ തീരുമാനിച്ചത്.

വലിയ തുക ചിലവഴിച്ച് മകൾ ആഗ്രഹിച്ചത് പോലെയൊരു വിവാഹം അമ്മയായ ജൂലി തന്നെ നടത്തികൊടുക്കുകയായിരുന്നു. ഇതിനുള്ള നന്ദി സൂചകമായി തങ്ങളുടെ ഹണിമൂണ്‍ യാത്രയ്ക്ക് ദമ്പതികൾ അമ്മയെയും ഒപ്പം കൂട്ടി. അവിടം മുതലാണ് കാര്യങ്ങളുടെ തുടക്കം. മൂന്നാഴ്ച നീണ്ട് നിന്ന യാത്ര കഴിഞ്ഞ് തിരികെയെത്തിയതോടെ ഭർത്താവ് പുതിയ ഒരു മനുഷ്യനായി മാറുകയായിരുന്നു എന്ന് ലൊറെൻ പറയുന്നു. വീട്ടിൽ നിന്നും മണിക്കൂറുകളോളം കാണാതെയാകുന്നു. കൂടുതൽ സമയവും ഇയാള്‍ ഫോണിൽ ചിലവഴിക്കുന്നു. അങ്ങനെ ആകെ മൊത്തം ഒരു മാറ്റം.

കുറച്ച് നാളുകൾ കഴിഞ്ഞപ്പോള്‍ അമ്മയുടെ ഫോണിൽ പോള്‍ അയച്ചിരുന്ന സന്ദേശങ്ങള്‍ ലൊറെന്റെ സഹോദരിയുടെ ശ്രദ്ധയില്‍പെട്ടു. ഇരു സഹോദരിമാരും കൂടി അമ്മയോട് ഇതിനെ കുറിച്ച് ചോദിച്ചെങ്കിലും അവർ എല്ലാക്കാര്യങ്ങളും നിഷേധിക്കുകയായിരുന്നു. മകൾക്ക് ഭ്രാന്താണെന്നും അവർ ആക്ഷേപിച്ചു. പിന്നീട് പോളിനോടും ഇക്കാര്യം ചോദിച്ചെങ്കിലും അയാളും ഇക്കാര്യങ്ങൾ നിഷേധിച്ചു. എന്നാല്‍ അധികം വൈകാതെ തന്നെ ലോറെനെ ഉപേക്ഷിച്ച പോള്‍ അവരുടെ അമ്മയുമായി താമസം ആരംഭിക്കുകയായിരുന്നു. ഇതിനുശേഷമാണ് അമ്മ ഗര്‍ഭിണിയായിരുന്നുവെന്ന വിവരവും മകൾ അറിഞ്ഞത്.

ഇപ്പോള്‍ 35 കാരിയായ ലൊറേന് സ്വന്തം കുഞ്ഞിന് വേണ്ടി അമ്മയുടെയും ഭർത്താവിന്റെയും വിവാഹത്തിൽ പങ്കെടുക്കേണ്ട അവസ്ഥയും ഉണ്ടായി. താന്‍ ഏറ്റവുമധികം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത രണ്ട് പേർ തന്നെ ചതിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്നും

ആ ഷോക്കില്‍ നിന്ന് ഇതുവരെ പൂർണ്ണമായും മുക്തയായിട്ടില്ല എന്നും ലോറന്‍ പറയുന്നു. ഇതിനിടെ അമ്മ പലതവണ തന്നെ വന്ന് കാണുകയും മാപ്പപേക്ഷിക്കുകയും ചെയ്തുവെങ്കിലും ഒരമ്മയും ചെയ്യാന്‍ പാടില്ലാത്ത തെറ്റിന് എങ്ങനെ മാപ്പ് നൽകുമെന്നാണ് ലൊറെൻ ചോദിക്കുന്നത്.

ഡയാന മറിയം കുര്യൻ എന്നു പറയുന്നതിനെക്കാൾ നയൻതാര എന്നു പറയുന്നതാവും പ്രേക്ഷകർക്ക് മനസിലാക്കാൻ എളുപ്പം. തിരുവല്ലക്കാരി ഡയാന നയൻതാരയായത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസിനക്കരെ’ എന്ന ആദ്യ ചിത്രത്തിലൂടെയാണ്. 1984 നവംബർ 18 ന് തിരുവല്ലയിലെ സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന നയൻതാര, ഇന്ന് തെന്നിന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാൻ കഴിയാത്തൊരു സാന്നിധ്യമാണ്.

കഴിഞ്ഞദിവസം എരമല്ലൂർ സ്വദേശിയായ ജോൺ ഡിറ്റോ പിആർ ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. കുറിപ്പിൽ പറയുന്നത് ഡയാന എന്ന പേര് മാറ്റി നയൻതാര എന്ന പേര് നിർദേശിച്ചത് താനാണ് എന്നായിരുന്നു. എന്നാൽ ജോണിന്റെ വാക്കുകൾ നിഷേധിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.

ജോൺ ഡിറ്റോ പിആറിന്റെ കുറിപ്പിന്റെ പൂർണരൂപം:

“2003.. തിരക്കഥാകൃത്തും സംവിധായകനുമായ A K Sajan സാറിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായി ഞാൻ പ്രവർത്തിച്ചിരുന്ന കാലം. ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റിൽ ഫോട്ടോഗ്രാഫർ സ്വാമിനാഥൻ സാറിനെക്കാണാൻ എത്തി. വിശേഷം പറഞ്ഞ കൂട്ടത്തിൽ ഷൊർണൂരിൽ സത്യൻ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേര് വേണമെന്നും പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടി ഡയാനയെന്നാണ് പേരത്രെ.

“ഡിറ്റോ ഒരു പേര് ആലോചിക്ക് “സർ നിർദേശിച്ചു.

ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാൻ ചിന്തിച്ചു. മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെൺകുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി. ‘നയൻതാര’. ഞാൻ പറഞ്ഞു: നയൻതാര ..

സാജൻസാർ തലയാട്ടി. സ്വാമിനാഥൻ സാറും തലകുലുക്കി. പിന്നീട് മനസിനക്കരെ എന്ന സിനിമയുടെ പേരും നായിക നയൻതാരയുടെ പേരും സത്യൻ സർ അനൗൺസ് ചെയ്തു. അങ്ങനെ തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ സമ്പൂർണ പരാജിതനായി വീട്ടിലിരിക്കുന്നു. നായിക ഇതൊന്നുമറിയാതെ തലൈവർ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.

ഇന്ന് സാജൻ സാറിനെക്കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓർത്തത്. “പുതിയ നിയമം” എന്ന മമ്മൂട്ടിപ്പടം സാജൻ സർ ഡയറക്റ്റ് ചെയ്തപ്പോൾ നായികയായ നയൻതാരയെ കാണാൻ കഴിഞ്ഞിരുന്നില്ല. എങ്കിൽ ഈ കഥ പറയാമായിരുന്നു.”

എന്നാൽ ജോണിന്റെ വാക്കുകൾ നിഷേധിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ജോൺ ഡിറ്റോ ആരാണെന്ന് തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

“ഇങ്ങനെയൊരു തർക്കത്തിന്റെയോ അവകാശവാദത്തിന്റെയോ ആവശ്യം ഈ വിഷയത്തിലുണ്ടെന്നു പോലും ഞാൻ കരുതുന്നില്ല. മനസിനക്കരെ ചിത്രീകരണം നടക്കുന്ന സമയത്ത് ഒരു ദിവസം രാവിലെ ഞാനും രഞ്ജൻ പ്രമോദും ആലോചിച്ചുണ്ടാക്കിയ ചില പേരുകൾ ഒരു ലിസ്റ്റായി എഴുതി നയൻതാരയ്ക്ക് കൊടുത്തു. നയൻതാര തന്നെയാണ് അതിൽ നിന്ന് ഇഷ്ടപ്പെട്ട പേര് തിരഞ്ഞെടുത്തത്,” സത്യൻ അന്തിക്കാട്  പറഞ്ഞു.

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ നിന്നും തിരിച്ചെത്തിയവരിൽ പതിനൊന്ന് പേർ കേരളം, മുംബൈ, ഹൈദരബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളിൽ നിരീക്ഷണത്തിൽ. കേരളത്തിൽ ഏഴ്, മുംബൈയിൽ രണ്ട്, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ചൈനയിൽ നിന്ന് മടങ്ങിയെത്തിയ നൂറുകണക്കിന് യാത്രക്കാരിൽ നിന്നുള്ളവരാണ് നിരീക്ഷണത്തിലുള്ളതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ഈ 11 പേരിൽ മുംബൈ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേരും ഹൈദരാബാദിലും ബെംഗളൂരുവിലും നിരീക്ഷണത്തിലുള്ള ഓരോരുത്തരുടേയും പരിശോധന ഫലങ്ങൾ നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

“മുംബൈ, ബെംഗളൂരു, ഹൈദരബാദ് എന്നിവിടങ്ങളിലുള്ള​നാല് സാമ്പിളുകളുടേയും പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ഐസി‌എം‌ആർ-എൻ‌ഐ‌വി പൂനെ അറിയിച്ചു. മുംബൈലുള്ള രോഗികളിൽ ഒരാൾക്ക് സാധാരണ ജലദോഷ വൈറസുകളിലൊന്നായ റിനോവൈറസ് ഉണ്ട്,” മന്ത്രാലയം ട്വീറ്റ് ചെയ്തു. കേരളത്തിൽ 73 പേർ സ്വന്തം വീടുകളിൽ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ പനി, ചുമ, തൊണ്ടവേദന എന്നിവയുടെ നേരിയ ലക്ഷണങ്ങൾ കാണിച്ച ഏഴ് പേരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കേരള ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. ഇവരിൽ രണ്ടുപേർ കൊച്ചിയിലാണ്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, പത്തനംതിട്ട എന്നിവിടങ്ങളിൽ ഓരോരുത്തരും നിരീക്ഷണത്തിലാണ്.

ചൈനയിൽ നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയുന്നവർ പുറപ്പെട്ട തീയതി മുതൽ 28 ദിവസം വീട്ടിൽ തന്നെ തുടരണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. രാജ്യത്ത് ഇരുവരെ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ചൈനയിൽ നിന്ന് 96 വിമാനങ്ങളിലായി യാത്ര ചെയ്ത 20,844 യാത്രക്കാരെ ജനുവരി 24 വരെ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ചൈന, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്ന് മടങ്ങുന്ന 20,000 ത്തിലധികം യാത്രക്കാരെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നീ ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയരാക്കി. ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയിക്കപ്പെടുന്നവർക്കായി ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ഇൻസുലേഷൻ വാർഡും കേസുകൾക്ക് ചികിത്സ നൽകുന്നതിന് കിടക്കകളും തയ്യാറാക്കിയിട്ടുണ്ട്.

ചൈനയിലെ ഇന്ത്യൻ എംബസി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വുഹാനിൽ നിന്ന് അടുത്തിടെ ഇന്ത്യയിലേക്ക് മടങ്ങിയ 25 ഓളം വിദ്യാർത്ഥികളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അവരുടെ വിശദാംശങ്ങൾ ജില്ലാതല ഉദ്യോഗസ്ഥരുമായി പങ്കുവച്ചിട്ടുണ്ട്, കൂടാതെ ഏതെങ്കിലും ലക്ഷണങ്ങളുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

ചൈനയിൽ നിന്ന് മുംബൈയിലേക്ക് മടങ്ങിയ രണ്ടുപേരെ കസ്തൂർബ ആശുപത്രിയിലെ ഒരു ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കൊറോണ വൈറസിന്റെ പുതിയ പരിശോധനയ്ക്കായി അവരുടെ രക്തസാമ്പിളുകൾ ശേഖരിച്ചതായി മുംബൈയിൽ അധികൃതർ അറിയിച്ചു.

ഇന്ത്യൻ സിനിമയുടെ അഭിമാനതാരമാണ് അമിതാഭ് ബച്ചൻ. പകരക്കാരനില്ലാത്ത പ്രതിഭ. ജീവിതത്തിലെ 50 വർഷങ്ങൾ ഇന്ത്യൻ സിനിമയ്ക്കു വേണ്ടി സമർപ്പിച്ച ബച്ചൻ ബോളിവുഡിന് സ്വന്തം ബിഗ് ബിയാണ്. ആ താരസാന്നിധ്യത്തോട് അടുത്തു നിൽക്കാൻ കഴിയുന്നതിനെ അഭിമാനമായി കരുതുന്ന വ്യക്തിയാണ് മഞ്ജുവാര്യർ. ഇപ്പോഴിതാ, ബോളിവുഡിന്റെ സ്വന്തം ബിഗ് ബിയ്ക്കും നല്ല പാതി ജയ ബച്ചനുമൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ. കല്യാൺ ജ്വല്ലറിയുടെ പരസ്യചിത്രത്തിനു വേണ്ടിയാണ് ഈ താരങ്ങൾ ഒന്നിച്ചത്.

സിനിമയിൽ നിന്നും വിട്ടുനിന്ന മഞ്ജു വാര്യരുടെ രണ്ടാം വരവ് പരസ്യചിത്രങ്ങളിലൂടെ ആയിരുന്നു. രണ്ടാം വരവിന്റെ തുടക്കത്തിൽ തന്നെ അമിതാഭ് ബച്ചനൊപ്പം സ്ക്രീൻ പങ്കിടാൻ മഞ്ജുവിന് കഴിഞ്ഞിരുന്നു. മഞ്ജുവാര്യരെ മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ എന്നു വിശേഷിപ്പിച്ചതും അമിതാഭ് ബച്ചനായിരുന്നു.

രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്ന് സംവിധാനം ചെയ്യുന്ന ‘ചതുർമുഖ’ത്തിന്റെ ചിത്രീകരണതിരക്കിലാണ് മഞ്ജു വാര്യർ ഇപ്പോൾ. ഹൊറർ ത്രില്ലർ ആയ ചിത്രത്തിൽ സണ്ണി വെയ്ൻ ആണ് നായകൻ. ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.

 

കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നരവയസ്സുകാരി ആല്‍ഫൈനിന്റെ മരണത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിലെ ഒന്നാം പ്രതി ജോളിക്കെതിരെ സമർപ്പിക്കുന്ന മുന്നാമത്തെ കുറ്റപത്രമാണ് ആൽഫൈൻ കേസിലേത്. ഒന്നാം പ്രതി ജോളി, ബ്രെഡില്‍ സയനൈഡ് പുരട്ടി നല്‍കി ആല്‍ഫൈനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.

ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിനെ വിവാഹം കഴിക്കുന്നതിനുള്ള മുന്നൊരുക്കമായിയിരുന്നു ഒന്നരവയസ്സുകാരി ആല്‍ഫൈനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഷാജു സിലി ദമ്പതികളുടെ മകളായിരുന്നു ആൽഫൈൻ. ആസൂത്രിതമായാണ് ആൽഫൈനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ജോളി ചെറിയ ഡപ്പിയിലാക്കി സയനൈഡ് കരുതി. തക്കം കിട്ടിയപ്പോള്‍ ഇത് ബ്രഡില്‍ പുരട്ടി ആല്‍ഫൈന് നല്‍കാനായി എടുത്തുവച്ചു.

ഈ നീക്കം അറിയാതെയായിരുന്നു ഷാജുവിന്‍റെ സഹോദരി ആന്‍സി കുഞ്ഞിന് ബ്രഡ് നല്‍കുകിയത് എന്നായിരുന്നു കുറ്റപത്രത്തില്‍ പറയുന്നത്. 2014 ലാണ് ഈ കൊലപാതകം നടന്നത്. ആല്‍ഫൈന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപാതകം. ഇതിന് ശേഷം സിലിയേയും കൊലപ്പെടുത്തി. ഒന്നര വയസുകാരി ആല്‍ഫൈന്‍ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ തന്നെ മരിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച കൂടത്തായി പരമ്പരിയിലെ ആവസാന മരണമായ സിലിയുടെ കൊലപാകത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. താമരശ്ശേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സിലിയെ അപസ്മാര രോഗത്തിന് ഓമശ്ശേരി ആശുപത്രിയിൽ എത്തിക്കുകയും മരുന്നിനൊപ്പം സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തുകയുമായിരുന്നു. ഇക്കാര്യത്തിൽ സിലിയുടെ ഭർത്താവ ഷാജുവിന് പങ്കില്ലെന്ന് റൂറൽ എസ്.പി കെ.ജി സൈമൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.1020 പേജുള്ള കുറ്റപത്രത്തിൽ 165 സാക്ഷികളുണ്ട്. മുന്ന കേസുകളിലും ജോളി ഒന്നാം പ്രതിയാണ്. ജോളിയുടെ സുഹൃത്ത് മാത്യു രണ്ടാം പ്രതിയും സ്വർണപ്പണിക്കാരൻ പ്രജികുമാർ എന്നിവരാണ് മറ്റ് പ്രതികൾ.

മോദി ഭരണകൂടത്തെയും നയങ്ങളെയും കടുത്ത രീതിയില്‍ വിമര്‍ശിച്ച് ദ ഇക്കണോമിസ്റ്റ്. ‘ഇന്‍ടോളറന്റ് ഇന്ത്യ (അസഹിഷ്ണുത ഇന്ത്യ)’ എന്ന തലക്കെട്ടോടെ ഇറങ്ങിയ ഇപ്രാവശ്യത്തെ ദ ഇക്കണോമിസ്റ്റ് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സി.എ.എയെയും എന്‍.ആര്‍.സിയെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

ദ ഇക്കണോമിസ്റ്റിന്റെ സഹസ്ഥാപനമായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റിന്റെ ജനാധിപത്യ സൂചികാ പട്ടികയില്‍ 10 സ്ഥാനം താഴ്ന്ന റാങ്ക് ലഭിച്ചതിനു പിന്നാലെയാണ് ദ ഇക്കണോമിസ്റ്റിന്റെ കവറായി രൂക്ഷവിമര്‍ശന ലേഖനം വന്നത്.

പൗരത്വ നിയമ ഭേദഗതിയും എന്‍.ആര്‍.സിയും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെന്ന ആശയത്തെ അപകടത്തിലാക്കുന്നതാണെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

ഇതിന്റെ കവര്‍ചിത്രം ട്വീറ്റ് ചെയ്തും വിമര്‍ശനക്കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും എങ്ങനെയാണ് അപകടത്തിലാക്കുന്നത്’ എന്നാണ് ട്വീറ്റ്.

‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ നരേന്ദ്ര മോദി വിഭാഗീയത സൃഷ്ടിക്കുന്നു’ എന്ന തലക്കെട്ടിലാണ് ലേഖനം.

ദേശീയതയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിവുണ്ടാക്കി മോദിയുടെ ബി.ജെ.പിയും രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നുവെന്ന് 80 കളിലെ രാമക്ഷേത്ര നിര്‍മാണ മൂവ്‌മെന്റുകള്‍ ചൂണ്ടിക്കാണിച്ച് ലേഖനത്തില്‍ പറയുന്നു. യഥാര്‍ഥ ഇന്ത്യക്കാരെ കണ്ടെത്താനെന്ന് പറഞ്ഞ് നടപ്പിലാക്കുന്ന എന്‍.ആര്‍.സി 130 കോടി ജനങ്ങളെയും ബാധിക്കും. വര്‍ഷങ്ങള്‍ ഇതിന്റെ പേരില്‍ വലിച്ചിഴക്കെപ്പെടും. പട്ടിക വീണ്ടും വെല്ലുവിളിക്കപ്പെടുകയും വീണ്ടും പുതുക്കുകയും പിന്നെയും മാറ്റുകയും ചെയ്യേണ്ടിവരുമെന്നും ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള മറ്റു കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം വിഷയങ്ങള്‍ എടുത്തിടുന്നതെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ലോക ജനാധിപത്യ രാജ്യങ്ങളിലെ പട്ടികയില്‍ ഇന്ത്യ താഴ്ന്നു പോയിരുന്നു. 10 സ്ഥാനങ്ങള്‍ താഴ്ന്ന് 165 രാജ്യങ്ങള്‍ക്കിടയില്‍ 51-ാം സ്ഥാനത്താണ് ഇന്ത്യ ഇടംപിടിച്ചത്. 10 ല്‍ 6.9 മാര്‍ക്ക് മാത്രമാണ് ഇന്ത്യയ്ക്ക് ലഭിച്ചതും.

സി.എ.എയെ കടുത്ത രീതിയില്‍ വിമര്‍ശിക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ടും. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് മതത്തിന്റെ പേരില്‍ പൗരത്വം നിര്‍ണയിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.

 

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടക്കിയെന്ന ആരോപണം ചീറ്റിപോയപ്പോള്‍ അടുത്ത വെടിയുമായി ബി.ജെ.പി എം.പി വീണ്ടും രംഗത്ത്. ഇത്തവണ കൊല്ലം ജില്ലയിലെ പൊന്നപ്പന്റെ ചായക്കച്ചവടം പൂട്ടിക്കുകയാണെന്ന ആരോപണവുമായാണ് കര്‍ണാടകയിലെ ശോഭ കരന്ത്‌ലജെ എന്ന എം.പി രംഗത്തെത്തിയിരിക്കുന്നത്. കുറ്റിപ്പുറത്തെ കുടുംബത്തിന് കുടിവെള്ളം മുടക്കിയെന്ന നട്ടാല്‍ മുളക്കുന്ന ട്വീറ്റിട്ടതു വഴി തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ പൊലിസ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന കുറിപ്പ് പങ്കുവച്ചതിനായിരുന്നു 153(എ) വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തത്.

ഇതിനു പിന്നാലെയാണ് പുതിയ ട്വീറ്റുമായി എംപി രംഗത്തുവന്നിരിക്കുന്നത്. ഉഡുപ്പി ചിക്മംഗളൂര്‍ മണ്ഡലത്തിലെ എം.പിയായ ശോഭ കരന്ത്‌ലജെക്ക് അവിടെത്തെ കാര്യങ്ങളില്‍ ഇടപെടാനില്ലേ എന്നണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇത് കേരളമാണ്. ഇവിടെ വിദ്വേഷം പരത്താന്‍ പുറത്തുനിന്ന് ആളുകളെ കെട്ടിയിറക്കേണ്ട ആവശ്യമില്ലെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

കഴിഞ്ഞ വേനല്‍ക്കാലത്തെ കുടിവെള്ള വിതരണത്തിന്റെ ചിത്രമുപയോഗിച്ചായിരുന്നു ഇവര്‍ വ്യാജ ട്വീറ്റ് പ്രചരിപ്പിച്ചതെന്നും മതസ്പര്‍ധയുണ്ടാക്കാനുള്ള ശ്രമമാണ് ഇതെന്നുമാണ് കുറ്റിപ്പുറം പൊലിസ് വ്യക്തമാക്കുന്നത്. ജനുവരി 22നാണ് ശോഭ കരന്ത്‌ലജെ ട്വീറ്റ് ചെയ്തത്.

കേരളത്തില്‍ വീണ്ടും വിവേചനമാണ്. ഫേസ്ബുക്കില്‍ പൗരത്വ അനുകൂല പോസ്റ്റിട്ടതിനോടുള്ള പ്രതികാരമായി കൊല്ലം ഓച്ചിറ സ്വദേശി പൊന്നപ്പനില്‍ നിന്ന് ഒരു പ്രത്യേക സമുദായം ചായ വാങ്ങുന്നത് നിര്‍ത്തിയെന്നാണ് പുതിയ ട്വീറ്റിലെ ആരോപണം. കേരളത്തില്‍ ചരിത്രം ആവര്‍ത്തിക്കുകയാണോ? എന്നും, ഇത്തരം അനീതികള്‍ക്കെതിരെ കേസെടുക്കാന്‍ കേരളാ സര്‍ക്കാര്‍ എന്താണ് തയ്യാറാകാത്തതെന്നും അവര്‍ ട്വീറ്റില്‍ ചോദിക്കുന്നുണ്ട്. അതേസമയം പുതിയ ട്വീറ്റിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

RECENT POSTS
Copyright © . All rights reserved