Latest News

2023 ഒക്ടോബര്‍ ഏഴിന് തങ്ങളുടെ രാജ്യത്ത് കടന്നു കയറി നൂറുകണക്കിനാളുകളെ വെടിവെച്ച് കൊല്ലുകയും നിരവധിപേരെ തട്ടിക്കൊണ്ടു പോവുകയും ചെയ്ത ഹമാസിനോടും അവരെ പിന്തുണയ്ക്കുന്ന ഹിസ്ബുള്ള, ഹൂതി തുടങ്ങിയ ഇസ്ലാമിക സായുധ സംഘടനകളോടും ഇവര്‍ക്കെല്ലാം പിന്തുണ നല്‍കുന്ന ഇറാനെതിരെയുമുള്ള നിരന്തര പോരാട്ടത്തിലാണ് കഴിഞ്ഞ ഒരു വര്‍ഷമായി ഇസ്രയേല്‍.

ഇസ്രയേലിന്റെ നെഞ്ചിലൂടെ ആ വാള്‍ കടന്നു പോയിട്ട് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഈ സാഹചര്യത്തില്‍ ഇന്നത്തെ രാത്രി നിര്‍ണായകമെന്നാണ് വിദേശ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ഈ മാസം ഒന്നിന് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞെങ്കിലും അതുണ്ടായിട്ടില്ല.

ഇന്നു രാത്രി ഇസ്രയേല്‍ പൂര്‍ണ ശേഷിയോടെ എതിരാളികളെ ആക്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ ആണവ നിലയങ്ങളാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നതെന്ന അഭ്യൂഹവും ശക്തമാണ്. ഇറാന്റെ ആണവ നിലയങ്ങള്‍ അക്രമിക്കരുതെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അഭ്യര്‍ത്ഥന മറികടന്ന് പ്രത്യാക്രമണം നടത്താനാണ് ഇസ്രയേല്‍ ഒരുങ്ങുന്നതെന്ന് സിഎന്‍എന്‍ അടക്കമുള്ള വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസിനെതിരെ ആരംഭിച്ച യുദ്ധം ഒരു വര്‍ഷത്തോടടുക്കുമ്പോഴും പൂര്‍ണ വിജയത്തിലെത്തിക്കാന്‍ ഇസ്രയേലിന് സാധിച്ചിട്ടില്ല. തുടര്‍ന്ന് ഹിസ്ബുള്ളയും ഹൂതികളും ഹമാസിന് പിന്തുണയുമായി ഇസ്രയേലിനെതിരെ തിരിഞ്ഞിരുന്നു.

ഹമാസിനെ പൂര്‍ണമായും ഇല്ലായ്മ ചെയ്യാന്‍ കഴിയാത്തത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കഴിവുകേടായാണ് ഇസ്രയേലിലെ പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഹമാസിന്റെയും ലെബനനിലെ ഹിസ്ബുള്ളയുടെയും പ്രധാനപ്പെട്ട നേതാക്കളെ വധിക്കാന്‍ കഴിഞ്ഞെങ്കിലും യുദ്ധം ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്റെ സര്‍ക്കാരിന്റെ ഭാവി അത്ര ശോഭനമാകില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹുവിന് വ്യക്തമായറിയാം.

അതിനിടെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. കഴിഞ്ഞ രാത്രി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹമാസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ മുപ്പതിലേറെ വ്യോമാക്രമണങ്ങളാണ് കഴിഞ്ഞ രാത്രിയില്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയത്. ലെബനനിലെ ഏറ്റവും ഭീകര രാത്രിയെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. രാത്രിയില്‍ വന്‍ പൊട്ടിത്തെറികളും പുകപടലങ്ങളും പ്രകാശവുമായിരുന്നു ബെയ്‌റൂട്ടിലെ ആകാശത്തിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ സൈന്യം നാനൂറിലധികം ഹിസ്ബുള്ള പോരാളികളെ വധിച്ചതിന് പിന്നാലെയാണ് രാത്രിയില്‍ വീണ്ടും അക്രമണം നടത്തിയത്.

അതേസമയം ഗാസയില്‍ യുദ്ധം ആരംഭിച്ച് ഇതുവരെ 41,870 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 97,000 പേര്‍ക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

വിസ തട്ടിപ്പിന് ഇരയായ യുവതി തൂങ്ങി മരിച്ചു. തലവടി മാളിയേക്കൽ ശരണ്യ (34) ആണ് മരിച്ചത്. ഭാര്യയുടെ മരിച്ചതിനെത്തുടർന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ഭർത്താവ് അരുണിനെ പൊലീസും നാട്ടുകാരും ചേർന്നു രക്ഷിച്ചു.

ശനിയാഴ്ച വൈകിട്ടാണ് സംഭവം. വിദേശത്ത് ജോലി നോക്കിയിരുന്ന ശരണ്യ നാട്ടിലെത്തിയ ശേഷം പുതിയ വീസയിൽ വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു. വീസയ്ക്കും വിമാന യാത്രാ ടിക്കറ്റിനുള്ള പണം കോട്ടയം പാലായിലെ ഏജൻസിക്കു നൽകിയിരുന്നു. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് തട്ടിപ്പിന് ഇരയായതായി അറിയുന്നത്. ഇതിൽ മനംനൊന്ത് ശരണ്യ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സംഭവ സ്ഥലത്തെത്തി ശരണ്യയുടെ ഭർത്താവ് അരുണിനോട് വിവരങ്ങൾ അന്വേഷിച്ചശേഷം നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെ അരുൺ വീടിനുള്ളിൽ കയറി വാതിൽ പൂട്ടിയ ശേഷം തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു.

പൊലീസും നാട്ടുകാരും ചേർന്ന് വാതിൽ തകർത്ത് അകത്തു കയറി കുടുക്ക് അറുത്തുമാറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഏഴ് വർഷം മുൻപു വിവാഹിതരായ ഇവർക്കു മക്കളില്ല.

പാലായിലെ ഏജൻസി ശരണ്യയെ ഇടനില നിർത്തി തലവടി സ്വദേശികളായ പലരുടെയും കയ്യിൽനിന്നു വീസ വാഗ്ദാനം ചെയ്തു പണം വാങ്ങിയതായും സൂചനയുണ്ട്. ഇവർ തിരികെ പണം ആവശ്യപ്പെട്ട് ശരണ്യയെ സമീപിച്ചിരുന്നതായും പറയുന്നു. ഏജൻസിയെക്കുറിച്ച് എടത്വ എസ്ഐ എൻ. രാജേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി. ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച് 32 ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടാകുന്നത്.

അസാധാരണമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ദിനത്തിൽ സെക്രട്ടേറയറ്റിൽ എത്തുന്നത്. 20 മിനിറ്റോളം മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ചെലവഴിച്ചതായാണ് വിവരം.

കഴിഞ്ഞ കുറേ നാളുകളായി പി.വി. അൻവർ എം.എൽ.എ. അജിത് കുമാറിനെതിരേ ശക്തമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. എൽ.ഡി.എഫിൽ നിന്ന് പിണങ്ങി പുതിയ പാർട്ടി രൂപീകരിക്കുന്നതിലേക്ക് വരെ എഡിജിപിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പിവി അൻവറിനെ എത്തിച്ചിരുന്നു. എ.ഡി.ജി.പി. അജിത് കുമാർ – ആർ.എസ്.എസ്. നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉന്നയിച്ചതിനു പിന്നാലെ ശക്തമായി പി.വി. അൻവർ ഉന്നയിച്ചിരുന്നു. തൃശ്ശൂർപ്പൂരം കലക്കൽ ആരോപണവും എ.ഡി.ജി.പിക്കെതിരേ ശക്തമായിരുന്നു. എന്നാൽ ഡി.ജി.പിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേകാന്വേഷണത്തിന് ശേഷം മാത്രമേ എ.ഡി.ജിപിക്കെതിരേ നടപടി ഉണ്ടാകൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എ.ഡി.ജി.പിയെ മാറ്റിയേ തീരൂ എന്ന നിലപാടിൽ സി.പി.ഐയും രംഗത്തെത്തിയിരുന്നു. എന്നാൽ അപ്പോഴും മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഒടുവിൽ മുഖ്യമന്ത്രിക്ക് നടപടി എടുക്കേണ്ടി വന്നു എന്നുവേണം കരുതാൻ.

സിറോ മലബാര്‍ സഭാ വിശ്വാസികള്‍ക്ക് അഭിമാനമായി മലയാളി വൈദികന്‍ കര്‍ദിനാള്‍ പദവിയിലേക്ക്. ചങ്ങനാശേരി അതിരൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിനെയാണ് വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് പാപ്പ കര്‍ദിനാളായി പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം ഡിസംബര്‍ എട്ടിന് നടക്കും.

അപ്രതീക്ഷിത പ്രഖ്യാപനത്തിന്റെ ആശ്ചര്യത്തിലും ആഹ്ലാദത്തിലുമാണ് ചങ്ങനാശേരി അതിരൂപത. മെത്രാന്‍ പോലും അല്ലാത്ത വൈദികനെ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമാണ്.

21 പുതിയ കര്‍ദിനാള്‍മാരെയാണ് മാര്‍പാപ്പ പ്രഖ്യാപിച്ചത്. നിലവില്‍ വത്തിക്കാനില്‍ മാര്‍പാപ്പയുടെ ഓദ്യോഗിക സംഘത്തില്‍ അംഗമാണ് നിയുക്ത കര്‍ദിനാള്‍. ചങ്ങനാശേരി മാമ്മൂട് ലൂര്‍ദ് മാതാ പള്ളി ഇടവകാംഗമാണ്. മാര്‍പാപ്പയുടെ യാത്രകള്‍ തീരുമാനിക്കുന്ന ചുമതലയായിരുന്നു അദേഹത്തിന്

മോണ്‍സിഞ്ഞോര്‍ ജോര്‍ജ് നടത്തിപ്പോരുന്ന സ്തുത്യര്‍ഹമായ സേവനവും നയതന്ത്ര മികവും പരിഗണിച്ചാണ് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലെ കേന്ദ്ര കാര്യാലയത്തിന്റെ പൊതു കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഒന്നാം വിഭാഗത്തിലേക്ക് അദേഹത്തിന് പുതിയ നിയമനം നല്‍കിയിരിക്കുന്നത്.

വത്തിക്കാന്റെ പൊതുവായ ഭരണം, ചിലവുകള്‍, പരിപാലനം, മാര്‍പ്പാപ്പയുടെ യാത്രകള്‍, പൊതുക്കൂടിക്കാഴ്ചാ വേളയില്‍ തയ്യാറാക്കുന്ന ടെക്സ്റ്റുകളുടെ വിവിധ ഭാഷകളിലേക്കുളള വിവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം, വത്തിക്കാന്‍ പാസ്പോര്‍ട്ട് ഓഫീസ് ചുമതല എന്നിവയാണ് ഒന്നാം സെക്ഷനില്‍ നിയമനം ലഭിക്കുന്നവരുടെ പ്രധാന ഉത്തരവാദിത്വങ്ങള്‍.

നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട് മാമ്മൂട് ലൂര്‍ദ് മാതാ ഇടവക കൂവക്കാട് ജേക്കബ് – ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1973 ഓഗസ്റ്റ് 11 നാണ് ജനിച്ചത്. കുറിച്ചി സെന്റ് തോമസ് മൈനര്‍ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി, റോമിലെ സേദസ് അബ്യന്‍സേ സെമിനാരി എന്നിവിടങ്ങളില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി.

2004 ജൂലൈ 24 ന് മാര്‍ ജോസഫ് പവ്വത്തില്‍ പിതാവില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. എസ്.ബി കോളേജില്‍ നിന്ന് ബി.എസ്.സി ബിരുദവും റോമില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. പാറേല്‍ സെന്റ് മേരീസ് പള്ളിയില്‍ അസിസ്റ്റ്ന്റ് വികാരിയായി ശുശ്രൂഷ ചെയ്തു.

തുടര്‍ന്ന് 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ ജോലി ചെയ്തു വരുന്നു. അള്‍ജീരിയ, സൗത്ത് കൊറിയ, ഇറാന്‍, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങളിലെ നയതന്ത്ര ശുശ്രൂഷകള്‍ക്ക് ശേഷം 2020 മുതല്‍ ഫ്രാന്‍സിസ് പാപ്പായുടെ വിദേശ യാത്രകളുടെ ചുമതലയുള്ള സ്റ്റേറ്റ് നയതന്ത്ര ഉദ്യോഗസ്ഥനായി ശുശ്രൂഷ നിര്‍വഹിച്ചു വരവേയാണ് പുതിയ നിയമനം.

കഴിഞ്ഞ വിശുദ്ധ വാരത്തില്‍ അദേഹം മാതൃ ഇടവകയായ മാമ്മൂട്ടിലും മറ്റ് ഇടവകളിലും തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അതിരൂപതാ ഭവനത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.

പുതിയതായി നിയമിക്കപ്പെട്ട 21 കര്‍ദിനാള്‍മാരുടെയും നിയമനം ഡിസംബര്‍ എട്ടിന് വത്തിക്കാനില്‍ നടക്കും. മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ മെത്രാഭിഷേകം അതിന് മുമ്പായി നടത്തപ്പെടും. കര്‍ദിനാളായി ഉയര്‍ത്തപ്പെടുന്നതോടെ മാര്‍പ്പായെ തിരഞ്ഞെടുക്കുന്ന കര്‍ദിനാള്‍ സംഘത്തിലെ അംഗമായി മോണ്‍. ജോര്‍ജ് കൂവക്കാട് മാറും. മാത്രമല്ല, ആഗോള കത്തോലിക്കാ സഭയില്‍ സുപ്രധാന ചുമതല വഹിക്കുന്ന വ്യക്തിയായി തീരുകയും ചെയ്യും

ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി. കഴിഞ്ഞ ദിവസം രാത്രിയിൽ ഇടുക്കി കുട്ടിക്കാനത്താണ് സംഭവം.

തമിഴ്നാട്ടിൽ നിന്നു തിരുവല്ലയിലേക്കു ചോളത്തട്ടയുമായി പോകുകയായിരുന്നു ലോറി. കുട്ടിക്കാനത്ത് ചായ കുടിക്കാൻ ഇറങ്ങിയപ്പോൾ എൻജിൻ ഓഫ് ചെയ്യാതെ സമീപത്ത് ഹാൻഡ് ബ്രേക്ക് ഇട്ട ശേഷം പുറത്തിറങ്ങി. സമീപത്ത് നിന്നിരുന്ന കൊയിലാണ്ടി സ്വദേശി നിമേഷ് വിജയൻ ലോറിയിൽ കയറി ഓടിച്ചു പോയി.

ലോറി കാണാതായതോടെ വാഹനം ഉരുണ്ട് നീങ്ങിയതെണെന്ന സംശയത്തിൽ ജീവനക്കാർ സമീപത്തു ഉണ്ടായിരുന്നവരുടെ സഹായം തേടി. ഇതിനിടെ ഇവിടെ എത്തിയ നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരായ അനീഷ്, അക്ഷയ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നതിനിടെ ഐഎച്ച്ആർഡി കോളജിനു സമീപം വാഹനം മറിഞ്ഞു കിടക്കുന്നത് കണ്ടു. പരിസരത്ത് തിരഞ്ഞപ്പോൾ കുറ്റിക്കാട്ടിൽ ഒളിച്ചു നിൽക്കുന്ന നിമേഷിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് പീരുമേട് പൊലീസിന് കൈമാറി.

എക്‌സൈസ് ഉദ്യോഗസ്ഥനെ കുത്തി പരുക്കേൽപ്പിച്ചതു ഉൾപ്പെടെ ആറ് കേസുകളിൽ ഇയാൾ പ്രതിയെന്ന് പൊലീസ് പറഞ്ഞു. പീരുമേട് പൊലീസ് ഇയാളെ ചോദ്യം ചോദ്യം ചെയ്തപ്പോഴാണ് അതെ ദിവസം കുട്ടിക്കാനത്ത് നിന്നും ബൈക്ക് മോഷ്ടിച്ചതായി അറിഞ്ഞത്. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളായ കൊയിലാണ്ടി സ്വദേശി അതുലിനെയും കോഴിക്കോട് ഏലത്തൂർ സ്വദേശി രാഹുലിനെയും പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു.

എഡിജിപി അജിത് കുമാറിനെതിരെ തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എം.എൽ.എ പി.വി അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ പലതും ആരോപണങ്ങള്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമീപകാലത്ത് എഡിജിപിക്കെതിരേ ഒട്ടനവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. എം.എല്‍.എ പി.വി അന്‍വറാണ് അതിന് തുടക്കം കുറിച്ചത്. ആര്‍.എസ്.എസ്. നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം മാധവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതും വലിയ വിവാദമായിരുന്നു. ഇതോടെ അജിത് കുമാറിനെതിരേ നടപടി ആവശ്യപ്പെട്ട് വിവിധകോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. എ.ഡി.ജി.പിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാണ് സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍ ആവശ്യപ്പെടുന്നത്.

ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കിവു തടാകത്തില്‍ ബോട്ട് മറിഞ്ഞ് 78 പേര്‍ മുങ്ങിമരിച്ചു.278 യാത്രക്കാരുമായി പോയ നിരവധി ഡെക്കുകളുള്ള ബോട്ടാണ് തകര്‍ന്നത്.തുറമുഖത്ത് നിന്ന് 700 മീറ്റര്‍ അകലെയാണ് ബോട്ട് മറിഞ്ഞത്.വ്യാഴാഴ്ചയാണ് കിവു തടാകത്തില്‍ അപകടം നടന്നത്.

ഗോവയില്‍ നിന്നുള്ള അപകടം എന്ന രീതിയില്‍ ഈ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. അപകടത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് നോര്‍ത്ത് കിവു പ്രവിശ്യാ ഗവര്‍ണര്‍ അറിയിച്ചു

സ്റ്റോക്ക് ഓൺ ട്രെന്റ് : മിഡ്ലാൻഡ് മലയാളി ഒരുക്കുന്ന ഓണാഘോഷം നാളെ ഒക്ടോബർ 6 ഞായറാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റിൽ. രാവിലെ 10ന് ആരംഭിക്കുന്ന പരിപാടികൾ വൈകുന്നേരം എട്ടു മണിവരെ തുടരുന്നു. നമ്മുടെ നാടിന്റെ കലാരൂപമായ തെയ്യം ആദ്യമായി സ്റ്റോക്ക് ഓൺ ട്രെൻന്റ് ൽ എത്തുന്നു. ഒപ്പം യു കെ മലയാളികളുടെ സുപരിചിതനായ പ്ലേബാക്ക് സിംഗർ അഭിജിത് യോഗി ഒരു പിടി കിടിലൻ പാട്ടുമായി ഓണം പൊലിപ്പിക്കാൻ എത്തുന്നു. മാവേലിയെ വരവേൽക്കാൻ എത്തുന്നത് യുകെ മലയാളികളുടെ മനസ്സിൽ ഏറ്റവും ആവേശം പകർന്ന വാദ്യ ലിവർപൂൾ അവധരിപ്പിക്കുന്ന ശിങ്കാരിമേളം എത്തുമ്പോൾ അതിനൊപ്പം ആദ്യമായി ഒരു ആന വരുന്നു…. കുട്ടിശങ്കരൻ…. ഈ ഓണം തൃസിപ്പിക്കുന്ന ഓണം ആയി മാറ്റാൻ യുകെ യൂറോപ് നബർ വൺ ഡി ജെ ആബ്സ് കൂടെ എത്തുന്നു.കൂടാതെ നിരവധി കലാപരിപാടികൾ അണിയറയിൽ ഒരുങ്ങുന്നു.

ഇനിയും നാമമാത്ര ടിക്കറ്റ്‌കളാണ് അവശേഷിക്കുന്നത്. കൂടുതൽ വിവരങ്ങക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക.

07723135112 / 07577834404

ഫീനിക്‌സ് നോര്‍ത്താംപ്ടണ്‍ ക്ലബ് ഏഴാമത് ആള്‍ യുകെ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബർ 19 ന് മലയാളി ടീമുകള്‍ക്ക് ഉടന്‍ രജിസ്റ്റര്‍ ചെയ്യാം. ഫീനിക്‌സ് നോര്‍ത്താംപ്ടണ്‍ ക്ലബ് മലയാളികള്‍ക്ക് വേണ്ടി നടത്തുന്ന ഏഴാമത് ആള്‍ യുകെ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബർ പത്തൊൻപതിന് നോര്‍ത്താംപ്ടണിലെ കരോളിന്‍ ചെഷോം സ്‌കൂളില്‍ വെച്ച് നടത്തപ്പെടുന്നതാണ്.

വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസ് അടങ്ങുന്ന സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യുകെയിലെ എല്ലാ മലയാളികളെയും സംഘാടകര്‍ ഈ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ടീമുകളെ രജിസ്റ്റര്‍ ചെയ്യുവാനും,

ജിനി- 07872 049757

അജു- 07471 372581

പയസ് 07515 059313

റോമി കുര്യാക്കോസ്

ഇപ്സ്വിച്ച് : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം ഒ ഐ സി സി (യു കെ) ഇപ്സ്വിച് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. ഒ ഐ സി സി (യു കെ) ജോയിന്റ് സെക്രട്ടറി കെ ജി ജയരാജ് ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് ജിജോ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിഷ ജിനീഷ് സ്വാഗതം ആശംസിച്ചു.

മഹാത്മാഗാന്ധിയുടെ ഛായചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. മധുര വിതരണവും സംഘടിപ്പിച്ചു. സമാധാനത്തിനു വേണ്ടി എന്നും നിലനിന്ന മഹാത്മാഗാന്ധിയെ ഇന്നത്തെ ലോക നേതാക്കൾ മാതൃകയാക്കിയാൽ ലോകത്ത് ശാശ്വത സമാധാനം ഉണ്ടാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

യൂണിറ്റ് ജനറൽ സെക്രട്ടറി അഡ്വ. സി പി സൈജേഷ്, ജോൺസൺ സിറിയക്ക്, മോബിഷ്, മാർട്ടിൻ,നിഷാ ജയരാജ്, ജിനീഷ് ലൂക്ക എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ജനുവരി 4 ന് ഇപ്സ്വിച്ചിൽ നടക്കുന്ന കോൺഗ്രസ് പാർട്ടി ജന്മദിനവും ക്രിസ്തുമസ് – പുതുവത്സരാഘോഷവും വൻ വിജയമാക്കുവാൻ യോഗം തീരുമാനിച്ചു. ചടങ്ങിൽ ശങ്കർ നന്ദി അറിയിച്ചു

 

Copyright © . All rights reserved