ജനുവരി അവസാനത്തോടെ ഓഹരി വില്പ്പനയുടെ താല്പ്പര്യ പത്രം കേന്ദ്ര സര്ക്കാര് പുറത്തിറക്കും
ഓഹരി വാങ്ങല് കരാറിനും അംഗീകാരം; 60,000 കോടിയുടെ കടം പ്രത്യേക ഉദ്ദേശ്യ കമ്പനിയിലേക്ക്
എയര് ഇന്ത്യ അടച്ചു പൂട്ടുന്നെന്നും സര്വീസുകള് നിര്ത്തുന്നെന്നുമുള്ള ഊഹാപോഹങ്ങള് അടിസ്ഥാന രഹിതമാണ്. എയര് ഇന്ത്യ പറക്കലും വികസനവും തുടരും
-അശ്വനി ലൊഹാനി, സിഎംഡി, എയര് ഇന്ത്യ
പൊതുമേഖലാ വിമാനക്കമ്പനിയായ എയര് ഇന്ത്യയുടെ ഓഹരി വില്പ്പനയുടെ കരട് താല്പ്പര്യ പത്രത്തിന് കേന്ദ്ര സര്ക്കാര് അംഗികാരം നല്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘമാണ് കരട് അംഗീകരിച്ചത്. ഇതോടൊപ്പം ഓഹരി വാങ്ങല് കരാറിനും അംഗീകാരമായിട്ടുണ്ട്. വിമാനക്കമ്പനിയുടെ 60,000 കോടി രൂപയുടെ ആകെ കടം, പ്രത്യേക ഉദ്ദേശ്യ കമ്പനിയിലേക്ക് (സ്പെഷല് പര്പ്പസ് വെഹിക്കിള്) കൈമാറാന് അനുമതി നല്കുന്നതാണ് പ്രസ്തുത കരാര്. നിലവില് കമ്പനിയുടെ 29,400 കോടി രൂപ കടം ഇതിനായി രൂപീകരിച്ച പ്രത്യേക കമ്പനിയായ എയര് ഇന്ത്യ അസറ്റ് ഹോള്ഡിംഗ് കമ്പനിയിലേക്ക് കൈമാറിക്കഴിഞ്ഞു. മുഴുവന് കടവും ഇപ്രകാരം എയര് ഇന്ത്യയുടെ എക്കൗണ്ടില് നിന്ന് പ്രത്യേക കമ്പനിയിലേക്ക് മാറുന്നതോടെ വിമാനക്കമ്പനി, സ്വകാര്യ മേഖലയ്ക്ക് ആകര്ഷകമാകും.
ജനുവരി അവസാനത്തോടെ ഓഹരി വില്പ്പനയുടെ താല്പ്പര്യ പത്രം സര്ക്കാര് പുറത്തിറക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള് സൂചിപ്പിച്ചു. ഇന്നലെ തലസ്ഥാനത്ത് ചേര്ന്ന ഉന്നതതല മന്ത്രി സംഘത്തിന്റെ യോഗത്തില് കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമന് വാണിജ്യ, റെയ്ല്വേ മന്ത്രി പിയൂഷ് ഗോയല്, വ്യോമയാന മന്ത്രി ഹര്ദീപ് സിംഗ് പുരി എന്നിവരും പങ്കെടുത്തു. എയര് ഇന്ത്യ പ്രത്യേക ബദല് സംവിധാനം എന്ന പേരിലുള്ള മന്ത്രിതല സംഘം നിരവധി ചര്ച്ചകള്ക്ക് ശേഷമാണ് ഓഹരി വില്പ്പനാ പദ്ധതിയിലേക്ക് കടന്നിരിക്കുന്നത്. കടക്കെണിയിലായി ഊര്ദ്ധശ്വാസം വലിക്കുന്ന വിമാനക്കമ്പനിയെ യുദ്ധകാലാടിസ്ഥാനത്തില് സ്വകാര്യവല്ക്കരിച്ച് നഷ്ടം കുറയ്ക്കാനാണ് സര്ക്കാര് ശ്രമം.
കഴിഞ്ഞ വര്ഷവും എയര് ഇന്ത്യ ഓഹരി വില്പ്പനയുടെ താല്പ്പര്യ പത്രം സര്ക്കാര് ക്ഷണിച്ചിരുന്നെങ്കിലും കടത്തിന്റെ ഏറ്റെടുപ്പും വിമാനക്കമ്പനിയുടെ നിയന്ത്രണവും സംബന്ധിച്ച് വ്യക്തത വരുത്താഞ്ഞതോടെ ആരും വാങ്ങാനെത്തിയിരുന്നില്ല. 74% ഓഹരികള് മാത്രം വില്ക്കാനായിരുന്നു അന്നത്തെ പദ്ധതി. വിമാനക്കമ്പനിയിലെ മുഴുവന് ഓഹരികളും സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് ഇത്തവണ സര്ക്കാര് തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം നിയന്ത്രണാവകാശങ്ങളും കൈമാറും. ആകര്ഷകമായ വില്പ്പന പദ്ധതിയും ഇളവുകളും പ്രഖ്യാപിക്കപ്പെട്ടതോടെ ഇത്തവണ സ്വകാര്യ മേഖല, വിമാനക്കമ്പനിയില് താല്പ്പര്യം കാണിക്കുമെന്നാണ് സര്ക്കാരിന്റെ പ്രതീക്ഷ. എയര് ഇന്ത്യയുടെ അന്താരാഷ്ട്ര സര്വീസുകളില് താല്പ്പര്യമുണ്ടെന്ന് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്ഡിഗോ സൂചിപ്പിച്ചു കഴിഞ്ഞു. വിമാനങ്ങളും സര്വീസ് സ്ലോട്ടുകളുമാണ് കമ്പനിയുടെ ഏറ്റവും ആകര്ഷകമായ മുതലുകളെന്നും ഇത് മുന്നിര്ത്തി സ്വകാര്യ നിക്ഷേപകരെ ആകര്ഷിക്കാനാവുമെന്നും വിമാനക്കമ്പനി വൃത്തങ്ങള് പറയുന്നു.
എയര് ഇന്ത്യ
ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനി. ഇന്ഡിഗോയ്ക്കും സ്പൈസ് ജെറ്റിനും ശേഷം ഇന്ത്യയിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വിമാനക്കമ്പനിയും ടാറ്റ എയര്ലൈന്സ് ദേശസാല്ക്കരിച്ച് രൂപീകരിക്കപ്പെട്ട എയര് ഇന്ത്യയാണ്. നഷ്ടത്തിലായിട്ടും എയര് ഇന്ത്യയുടെ വിപണി വിഹിതത്തില് കാര്യമായ പരിക്ക് പറ്റിയിട്ടില്ല. 2019 നവംബറിലെ കണക്കുകള് പ്രകാരം 12.1% ആഭ്യന്തര വിപണി വിഹിതം (യാത്രക്കാരുടെ എണ്ണത്തില്) കമ്പനിക്ക് സ്വന്തമാണ്. അതേസമയം പ്രതിദിനം വിമാനക്കമ്പനി 20-25 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുന്നുണ്ട്. 22,000 കോടി രൂപയാണ് കമ്പനി, വിവിധ എണ്ണക്കമ്പനികള്ക്കും വിമാനത്താവളങ്ങള്ക്കും മറ്റും കൊടുത്തു തീര്ക്കാനുള്ളത്. ഇത് അപ്പാടെ എഴുതിത്തള്ളാനാണ് സര്ക്കാര് പദ്ധതിയിടുന്നത്.
വാഷിംഗ്ടൺ: ഭൂമിയോട് സാമ്യമുള്ള മറ്റൊരു ഗ്രഹത്തെ കണ്ടെത്തിയതായി നാസ. ‘ടിഒഐ 700 ഡി’ എന്ന് പേരിട്ടിട്ടുള്ള ഈ ഗ്രഹം ഭൂമിയിൽനിന്ന് 100 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിയുടേതിനു സമാന വലിപ്പവും താപനിലയുമുള്ള ഗ്രഹമാണ് ഇതെന്നും നാസ അറിയിച്ചു.
ഹവായിയിൽ യുഎസ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ വാർഷിക യോഗത്തിലാണ് നാസയുടെ പ്രഖ്യാപനം. ജലത്തിന് ദ്രവരൂപത്തില് തുടരാനാകുന്ന താപനിലയാണ് ഗ്രഹത്തിലുള്ളതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഭൂമിയോട് സാമ്യമുള്ള ഗ്രഹങ്ങളെ നേരത്തേയും നാസ കണ്ടെത്തിയിട്ടുണ്ട്.
തീരപരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ നാലു ഫ്ലാറ്റ് സമുച്ചയങ്ങൾ നിലംപൊത്താൻ ഇനി മൂന്നു ദിവസം മാത്രം. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളുടെ ആകെ വിസ്തൃതി 68,028.68 ചതുരശ്രമീറ്ററാണ്.
11നു രാവിലെ 11ന് എച്ച്2ഒ ഹോളിഫെയ്ത്തിലും 11.05ന് ആൽഫ സെറീന്റെ ഇരട്ട കെട്ടിടസമുച്ചയങ്ങളിലും സ്ഫോടനം നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ, രണ്ടാം സ്ഫോടനം 11.30 വരെ നീട്ടിയേക്കുമെന്നു സൂചനയുണ്ട്. ഒരു സ്ഫോടനത്തിന്റെ ആഘാതം വിലയിരുത്തിയ ശേഷം രണ്ടാമത്തെ സ്ഫോടനത്തിന് അനുമതി നൽകാനാണിത്. 12നു രാവിലെ 11ന് ജെയിൻ കോറൽ കോവും അന്നുച്ചകഴിഞ്ഞു രണ്ടിനു ഗോൾഡൻ കായലോരം ഫ്ലാറ്റും പൊളിക്കും.
നൂറുകണക്കിനു ചെറുസ്ഫോടനങ്ങളിലൂടെയാണ് ഫ്ലാറ്റുകൾ തകർക്കുന്നത്. അതിനാൽ സ്ഫോടനശബ്ദം അത്ര ഭീകരമാകില്ലെങ്കിലും 500 മീറ്റർ മുതൽ ഒരു കിലോമീറ്റർ ദൂരത്തുവരെ ശബ്ദം കേൾക്കാനായേക്കും. 90- 110 ഡെസിബെൽ വരെ ശബ്ദമാണു പ്രതീക്ഷിക്കുന്നത്.കുഴൽക്കിണർ കുഴിക്കുന്പോഴുള്ള ശബ്ദം 100 ഡെസിബെൽ ആണ്. കെട്ടിടാവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കുന്പോഴും വലിയ ശബ്ദമുണ്ടാകും.
പൊളിക്കുന്ന ഫ്ലാറ്റുകളുടെ 100 മീറ്റർ ചുറ്റളവിൽ മുന്നൂറോളം വീടുകളും മരട് നഗരസഭാ ഓഫീസും തേവര പാലവും ഐഒസി പൈപ്പ് ലൈനും ഭാരത് പെട്രോളിയത്തിന്റെ ഓഫീസും വിദ്യാഭ്യാസ സ്ഥാപനവും വൻകിട ഹോട്ടലുമൊക്കെ സ്ഥിതിചെയ്യുന്നുണ്ട്. കെട്ടിടസമുച്ചയങ്ങൾ പൊളിക്കുന്പോൾ സംഭവിക്കാവുന്ന ആഘാതം എത്രമാത്രമായിരിക്കുമെന്നു വ്യക്തതയില്ലാത്തതിനാൽ പലർക്കും ആശങ്കയുണ്ട്.
കേരളത്തിൽ കഴിഞ്ഞ രണ്ടു വർഷമായി ഇത്രയും വലിയ രീതിയിൽ പ്രണയ പകയും പക കൊലപാതകത്തിൽ കലാശിക്കുന്നതും കാണാൻ തുടങ്ങിയിട്ട്. ഇന്ന് ഞാൻ നാളെ നീ എന്നപോലെ ആർക്കോ എവിടേയോ സംഭവിക്കുന്ന പ്രശ്നം എന്ന നിലയിൽ മലയാളികൾ എഴുതി തള്ളിയ പ്രണയ പക ദുരന്തങ്ങൾ നമ്മുടെ വീട്ടിലേക്കോ പരിസരപ്രദേശങ്ങളിലേക്കോ കടന്നുവരാൻ തുടങ്ങിയതോടെ ഭീതിയോടെ ആണ് ഓരോ മലയാളികളും മക്കളെ വളർത്തുന്നത് പ്രണയം വേണ്ടെന്നുവച്ചാൽ പിന്നെ ജീവിക്കാൻ ഭയക്കണം എന്നതാണു പെൺകുട്ടികളുടെ അവസ്ഥ! തിരുവനന്തപുരം കാരക്കോണത്തു വിദ്യാർഥിനിയെ കഴുത്തറുത്തു കൊന്നതും കൊച്ചി കാക്കനാട്ട് വിദ്യാർഥിനിയെ കുത്തിപ്പരുക്കേൽപിച്ചതും കലൂരുള്ള വിദ്യാർഥിനിയെ തമിഴ്നാട്ടിലെ കാട്ടിൽ കുത്തികൊന്ന് ഉപേക്ഷിച്ചതുമെല്ലാം സൂചിപ്പിക്കുന്നതും അതു തന്നെ.
ഇത്തരം സംഭവങ്ങൾ കേരളത്തിൽ പതിവു വാർത്തയാണിപ്പോൾ. പ്രണയം നിരസിച്ചാൽ പെണ്ണിനെ കൊല്ലണമെന്ന അപകടകരമായ ചിന്ത ചില ചെറുപ്പക്കാരുടെയെങ്കിലും മനസ്സിൽ കയറിയിട്ടുണ്ട്. ഇതിനെതിരെ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോ.സി.ജെ.ജോൺ എഴുതിയ കുറിപ്പ് വായിക്കാം. മൂന്ന് മാസം മുൻപ് എഴുതിയ കുറിപ്പ് ഇന്നും പ്രസക്തമായി തന്നെ നിലകൊള്ളുന്നു.
കുറിപ്പ് ഇങ്ങനെ:
പ്രണയ തിരസ്കാരം നേരിട്ടാൽ പെണ്ണിനെ കത്തിച്ചു കൊല്ലണമെന്ന ഒരു വിചാരം ചില ചെറുപ്പക്കാരുടെയെങ്കിലും മനസ്സിൽ കയറിയിട്ടുണ്ട്. അത് കൊണ്ട് ജാഗ്രതാ നിർദ്ദേശം ഉൾക്കൊള്ളുന്ന ഈ പഴയ പോസ്റ്റ് വീണ്ടും. പാലിച്ചാൽ തടി രക്ഷപ്പെടുത്താം.
പ്രണയാതിക്രമങ്ങൾ തടയാൻ പോന്ന ജാഗ്രതകളെ കുറിച്ചുള്ള ഈ കുറിപ്പ് പ്രണയ സാധ്യത കൂടുതലുള്ള ഇടങ്ങളിൽ പ്രദർശിപ്പിക്കേണ്ടതാണെന്ന് തോന്നുന്നു.ഈ ലക്ഷണങ്ങൾ കാണിച്ചാൽ പക്വമായ ബന്ധം രൂപപ്പെടുത്താമോയെന്ന് ആദ്യം നോക്കാം .ഇല്ലെങ്കിൽ നയപരമായി പിൻവലിയാൻ നോക്കണം.എത്രയും വേഗം ചെയ്താൽ കുത്തിനും കത്തിക്കലിനും ഇരയാകാതിരിക്കാം.
1.❤️എന്റെ ഇഷ്ടത്തിനനുസരിച്ചു മാത്രം പെരുമാറിയാൽ മതിയെന്ന വാശി കാണിക്കുന്നത് അപായ സൂചനയാണ്.അനുസരിക്കാതെ വരുമ്പോൾ ഭീഷണികളും വൈകാരിക ബ്ലാക്ക് മെയ്ലിങ്ങുകളുമൊക്കെ പുറത്തെടുക്കുന്നത് ചുവന്ന സിഗ്നലാണ്.
2.❤️എവിടെ പോകണം ,ആരോട് മിണ്ടണം ,ഏതു വസ്ത്രം ധരിക്കണം തുടങ്ങിയ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ തുടങ്ങുന്നത് ഒരു മുന്നറിയിപ്പാണ് .
3.❤️ഫോണിൽ കാൾ ലിസ്റ്റ് പരിശോധിക്കൽ,മെസ്സേജ് നോക്കൽ ,സോഷ്യൽ മീഡിയയിൽ എന്ത് ചെയ്യുന്നുവെന്ന തിരച്ചിൽ -ഇവയൊക്കെ ഇരുത്തമില്ലാത്ത പ്രണയ ലക്ഷണങ്ങളാണ്.
4.❤️ഫോൺ എൻഗേജ്ഡ് ആകുമ്പോഴും ,എടുക്കാൻ താമസിക്കുമ്പോഴും കലഹം കൂട്ടുന്നതും സീനാക്കുന്നതും കുഴപ്പത്തിന്റെ ലക്ഷണമാണ്.
5.❤️നിനക്ക് ഞാനില്ലേയെന്ന മധുര വർത്തമാനം ചൊല്ലി മറ്റെല്ലാ സാമൂഹിക ബന്ധങ്ങളെയും പരിമിതപ്പെടുത്താൻ നോക്കുന്നത് നീരാളിപ്പിടുത്തതിന്റെ തുടക്കമാകാം.
6.❤️ചൊല്ലിലും ചെയ്തിയിലും വ്യക്തിപരമായ സ്വാതന്ത്ര്യത്തിൽ നിരന്തരം ഇടപെടുന്നതായി തോന്നുന്നുവെങ്കിൽ ജാഗ്രത പാലിക്കണം .
7.♥️നേരവും കാലവും നോക്കാതെ ശല്യപ്പെടുത്തുന്ന വിധത്തിൽ വിളിക്കുകയും മെസ്സേജ് അയക്കുകയും,ഇപ്പോൾ തിരക്കാണെന്നു പറയുമ്പോൾ കോപിക്കുകയും ചെയ്യുന്ന ശൈലികൾ ഉണ്ടാകുമ്പോൾ സൂക്ഷിക്കണം .
8.♥️നീ എന്നെ വിട്ടാൽ ചത്ത് കളയുമെന്നോ ,നിന്നെ കൊന്നു കളയുമെന്നോ ഒക്കെയുള്ള പറച്ചിൽ ഗുരുതരാവസ്ഥയിലേക്കുള്ള പോക്കാണ്.ശരീര ഭാഗങ്ങൾ മുറിച്ചു പടം അയച്ചു വിരട്ടുന്നത് ദുരന്ത സൂചനയാണ്.
9.♥️പ്രണയ ഭാവത്തിന്റെ കൊടുമുടിയിലേക്ക് പൊക്കി കയറ്റുകയും ,നിസ്സാരകാര്യങ്ങളിൽ നിയന്ത്രണം വിട്ട് കോപിച്ചു ആശയക്കുഴപ്പം ഉണ്ടാക്കുകയും ,പിന്നെ സോറി സോറിയെന്ന് വിലപിക്കുകയും ചെയ്യുന്നവരെ വിശ്വസിക്കാൻ പാടില്ല .
10.♥️മറ്റാരെങ്കിലുമായി അടുത്ത് ഇടപഴകിയാൽ അസൂയ ,വൈകാരികമായി തളർത്തൽ.സംശയിക്കൽ -തുടങ്ങിയ പ്രതികരണങ്ങൾ പേടിയോടെ തന്നെ കാണണം.
ഈ പത്തു സൂചനകളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ സമാധാനപൂർണമായ പ്രണയം അസാധ്യം.ഈ പ്രണയ വണ്ടിയിൽ നിന്നും ഇറങ്ങുന്നതാണ് ബുദ്ധി .
കോപ്പി റൈറ്റ് ഇല്ല .ആർക്കും എടുക്കാം
( ഡോ:സി .ജെ .ജോൺ)
മഞ്ജുവിനെ പോലെ തന്നെ മലയാളികൾക്ക് പരിചിതനാണ് സഹോദരൻ മധു വാര്യരും. എന്നാൽ മഞ്ജുവിനു കിട്ടിയ സ്വീകാര്യത മലയാള സിനിമയിൽ ഉണ്ടാക്കിയെടുക്കാൻ സഹോദരന് കഴിഞ്ഞില്ല. അഭിനയരംഗത്തു നിന്നും സംവിധായകന്റെ കുപ്പായമിട്ട് പുതിയ ചുവടുകൾ ഉറപ്പിക്കുന്ന സഹോദരന്റെ കഠിന പ്രയത്നങ്ങളെക്കുറിച്ചും അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും തുറന്ന് പറയുകയാണ് മഞ്ജു.
ചേട്ടൻ ഒരുപാട് വർഷമായി സിനിമയുടെ പിന്നാലെയാണ്. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതു തന്നെ സിനിമ ചെയ്യാനായിരുന്നു. അത്രമാത്രം സിനിമയോട് ഇഷ്ടവും പാഷനുമാണ്. എന്നാൽ എങ്ങുമെത്താതെ സ്ട്രഗിൾ ചെയ്യുന്ന ചേട്ടനെ താൻ നേരിട്ടു കണ്ടിട്ടുണ്ടെന്നും ചേട്ടന്റെ പല പ്രോജക്ടും അവസാന ഘട്ടത്തിൽ എത്തിയ ശേഷം നഷ്ടപ്പെടുന്നതും കണേണ്ടി വന്നുവെന്നും മഞ്ജു ഓര്ക്കുന്നു. ഇപ്പോൾ എല്ലാം ഒത്തുവന്നതിൽ സന്തോഷമുണ്ടെന്നും ചേട്ടൻ നന്നായി ചെയ്യണമേയെന്ന ആഗ്രഹമാണ് മനസിലുള്ളതെന്നും താരം പറഞ്ഞു.
ബിജു മേനോനും മഞ്ജു വാരിയരുമാണ് മധുവിന്റെ ആദ്യ ചിത്രത്തിൽ നായിക നായകൻമാരാകുന്നത്. ‘ചേട്ടന്റെ സിനിമയിൽ ഞാനും ഭാഗമാണെന്നത് സന്തോഷം തരുന്നു. ബിജുവേട്ടനൊക്കെ കഥ കേട്ട ശേഷമാണ് ചേട്ടൻ എന്നോടു പറയുന്നതെന്നു തോന്നുന്നു. ആ സിനിമയുടെ പല ഘട്ടങ്ങളും കഴിഞ്ഞ ശേഷമാണ് ഞാൻ കഥ കേൾക്കുന്നത്.’ മഞ്ജു വെളിപ്പെടുത്തി
മിസൈല് ആക്രമണത്തില് 80 അമേരിക്കന് ഭീകരര് കൊല്ലപ്പെട്ടതായി ഇറാന് ടിവി. 15 മിസൈലുകള് പ്രയോഗിച്ചു, ഒരെണ്ണം പോലും അമേരിക്കയ്ക്ക് തകര്ക്കാനായില്ല. യുഎസ് ഹെലികോപ്റ്ററുകളും ഉപകരണങ്ങളും നശിപ്പിച്ചു.
യുഎസ് താവളങ്ങളിലെ മിസൈല് ആക്രമണത്തിലാണ് 80 മരണമെന്ന് വാര്ത്തകള് പുറത്തുവരുന്നത്. ജനറല് ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായാണ് ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളില് ഇറാന് ആക്രമണം നടത്തിയത്. ഐന് അല് അസദ്, ഇര്ബില് എന്നിവിടങ്ങളിലാണ് പ്രാദേശിക സമയം രാവിലെ അഞ്ചരയോടെ മിസൈല് ആക്രമണമുണ്ടായത്. രണ്ടിടങ്ങളിലുമായി ഒരു ഡസനോളം ബലിസ്റ്റിക് മിസൈലുകള് പതിച്ചതായി അമേരിക്കന് പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ ആളപായമില്ലന്നായിരുന്നു അമേരിക്കൻ വാദം.
ഇറാന് പ്രയോഗിച്ചത് ഈ വജ്രായുധങ്ങള്
പ്രധാനമായും യുഎസ് ചാരകണ്ണുകളെ വെട്ടിച്ച രണ്ടു മിസൈലുകളാണ്. ക്വിയാം, ഫത്തേ എന്നീ രണ്ടു ഹ്രസ്വ-ദൂര മിസൈലുകളാണ് ഇറാഖിലെ അമേരിക്കയുടെ സൈനിക താവളങ്ങൾ ആക്രമിക്കാൻ ഉപയോഗിച്ചത്. ഇറാഖിലെ യുഎസ് സൈനിക, സഖ്യസേന അൽ അസദ്, ഇർബിൽ വ്യോമ താവളങ്ങളിലാണ് ഈ മിസൈലുകൾ പതിച്ചത്. 180 മൈലിലധികം ദൂരത്തിൽ കൃത്യതയോടെ ഗൈഡഡ് 500 എൽബി ബോംബുകൾ എത്തിക്കാൻ കഴിയുന്നതാണ് ഈ മിസൈലുകൾ.
പടിഞ്ഞാറൻ ഇറാഖിലെ ഐൻ അൽ ആസദിലെയും ഇറാഖി കുർദിസ്ഥാനിലെ ഇർബിലിനു ചുറ്റുമുള്ള യുഎസ് സൈനിക താവളങ്ങളിൽ ആക്രമണം നടത്താൻ രണ്ട് തരം ബാലിസ്റ്റിക് മിസൈലുകളാണ് ഉപയോഗിച്ചത്. ഉപയോഗിച്ച മിസൈലുകളിൽ ഭൂരിഭാഗവും 300 കിലോമീറ്റർ സഞ്ചരിക്കാവുന്നതും 500 എൽബി പേലോഡ് വഹിക്കാൻ ശേഷിയുള്ളതുമായ ഫത്തേ -110 ആണെന്നാണ് കരുതുന്നത്. ഇറാൻ നിർമിച്ച ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലായ ക്വിയാം -1 ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.
500 മൈൽ പരിധിയിൽ ആക്രമണം നടത്താൻ ശേഷിയുള്ള ക്വിയാം –1 ന് 750 എൽബി വാർഹെഡുകൾ വഹിക്കാൻ വരെ കഴിയും. ഇറാനിയൻ വിദഗ്ധർ തന്നെ രൂപകൽപ്പന ചെയ്ത, ഹ്രസ്വ-ദൂര, ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് പ്രയോഗിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ ഏത് സ്ഥലത്തുനിന്നും വിക്ഷേപിക്കാൻ കഴിയും. ഈ മിസൈലുകളെല്ലാം പ്രത്യേകമായി നിർമിച്ചിരിക്കുന്നത് മദ്ധ്യപൂർവേഷ്യയിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടാണ്.രണ്ട് മിസൈലുകളും ഇറാനിലെ തബ്രിസ്, കെർമാൻഷാ പ്രവിശ്യകളിൽ നിന്നാണ് വിക്ഷേപിച്ചത്. ഇറാനിൽ നിന്നാണ് ഈ മിസൈലുകൾ വിക്ഷേപിച്ചതെന്ന് യുഎസ് പ്രതിരോധ വകുപ്പ് വക്താവ് ജോനാഥൻ ഹോഫ്മാൻ പറഞ്ഞു.
ആക്രമണം സ്ഥിരീകരിച്ച പ്രസിഡന്റ് ട്രംപ് നാശനഷ്ടങ്ങള് വിലയിരുത്തുകയാണെന്ന് അറിയിച്ചിരുന്നു. വിദേശകാര്യ സെക്രട്ടറി പോെപയോ ഇറാഖ് , കുര്ദിസ്ഥാന് പ്രധാനമന്ത്രിമാരെ വിളിച്ച് ചര്ച്ച നടത്തി. ഇറാഖിലുളള സൈനികര് സുരക്ഷിതരാണെന്ന് ജര്മനിയും ഓസ്്ട്രേലിയയും ന്യൂസിലന്ഡും വ്യക്തമാക്കി. സംഘര്ഷ ഭീതി നിറഞ്ഞതോടെ അമേരിക്കന് വിമാനക്കമ്പനികളോട് ഗള്ഫ് സര്വീസ് നിര്ത്തിവയ്ക്കാന് അമേരിക്കന് വ്യോമയാന അതോറിറ്റി നിര്ദേശം നല്കി. ആക്രമണം പ്രതികാരമാണെന്ന് വെളിപ്പെടുത്തിയ ഇറാന് രണ്ടാം വട്ട ആക്രമണം തുടങ്ങിയെന്നും അവകാശപ്പെട്ടു. ഗള്ഫ് മേഖലയില് നിന്ന് സൈന്യത്തെ പിന്വലിച്ചില്ലെങ്കില് സൈനികരുടെ മരണത്തിന് അമേരിക്കമാത്രമാകും ഉത്തരവാദിയെന്ന് ഇറാന് മുന്നറയിപ്പ് നല്കി.
ഇറാനെതിരെ നീങ്ങരുതെന്ന് അമേരിക്കയുടെ സഖ്യകക്ഷികള്ക്കും മുന്നറിയിപ്പുണ്ട്. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പിനു തൊട്ടുപിന്നാലെയാണ് സൈനികതാവളം ആക്രമിച്ചത്. പ്രസിഡന്റ് ട്രംപ് സ്ഥിതിഗതികള് നിരീക്ഷിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. എല്ലാം നന്നായി പോകുന്നെന്ന് ട്വീറ്റ് ചെയ്ത ട്രംപ് നാളെ പ്രസ്താവന നടത്തുമെന്നും അറിയിച്ചു. അമേരിക്കന് സൈന്യം ഏറ്റവും ശക്തരെന്ന് മുന്നറിയിപ്പ് ട്രംപ് വീണ്ടും ആവര്ത്തിച്ചു. ആക്രമണം ഉണ്ടായതിന്പിന്നാലെ വിദേശകാര്യ, പ്രതിരോധ സെക്രട്ടറിമാര് വൈറ്റ് ഹൗസിലെത്തി ട്രംപിനെ വിവരങ്ങള് ധരിപ്പിച്ചു.
അതിനിടെ, ഇറാന് തലസ്ഥാനമായ ടെഹ്്റാനില് യുക്രെയ്ന് വിമാനം തകര്ന്നുവീണ് 170 പേര് മരിച്ചു. രാവിലെ ഇമാം ഖമനയി രാജ്യാന്തര വിമാനത്താവളത്തില് നിന്ന് പറന്നുയര്ന്ന ഉടനാണ് ബോയിങ് 737 വിമാനം റഡാഡില് നിന്ന് അപ്രത്യക്ഷമായത്. യന്ത്രത്തകരാറാണ് അപകടകാരണമെന്ന് ഇറാന് ദേശീയ ടെലിവിഷന് അറിയിച്ചു. എന്നാല് കൂടുതല് വിശദീകരണം നല്കിയിട്ടില്ല. വിമാനം തീപിടിച്ച് വീഴുന്ന ദൃശ്യങ്ങള് ട്വിറ്റര് വഴി പുറത്തുവന്നു. ഇറാന് പുലര്ച്ചെഇറാഖില് മിസൈല് ആക്രമണം നടത്തിയ പശ്ചാത്തലത്തില് വിമാനാപകത്തെക്കുറിച്ച് അഭ്യൂഹങ്ങള് ഉയര്ന്നിട്ടുണ്ട്. അപകടത്തെക്കുറിച്ച് യുക്രെയ്ന് പ്രതികരിച്ചിട്ടില്ല.
ഇന്ത്യന് വിമാനങ്ങള് ഇറാന്, ഇറാഖ് വ്യോമപാത ഒഴിവാക്കണമെന്ന് നിര്ദേശം. ഇറാഖിലെ ഇന്ത്യന് പൗരന്മാര്ക്കും വിദേശകാര്യ മന്ത്രാലയം ജാഗ്രതാനിര്ദേശം നല്കി. യാത്രകള് ഒഴിവാക്കണമെന്നും ആവശ്യമെങ്കില് എംബസിയുടെ സഹായം തേടണമെന്നും നിര്ദേശമുണ്ട്.
ഞായറാഴ്ച ജെഎൻയുവിലെ വിദ്യാർഥികൾക്ക് നേരെ നടന്ന അക്രമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ക്യാംപസിൽ എത്തിയ നടി ദീപിക പദുക്കോണിന്റെ സിനിമകൾ ബഹിഷ്കരിക്കാൻ ബിജെപി നേതാവിന്റെ ആഹ്വാനം.
ദീപികയുടെ ജെഎൻയു സന്ദർശന വാർത്തകൾ ട്വിറ്ററിൽ വൈറലായതോടെ ബിജെപിയുടെ തജീന്ദർ പാൽ സിങ് ബഗ്ഗയാണ് താരത്തിന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
രാത്രി 7.45ഓടെയാണ് ദീപിക ജെഎൻയുവിൽ എത്തിയത്. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച താരം അക്രമത്തിൽ പരിക്കേറ്റ ജെഎൻയുയു പ്രസിഡന്റ് ഐഷ ഘോഷിനെയും കണ്ടാണ് മടങ്ങിയത്. പത്ത് മിനിറ്റോളം ദീപിക ക്യാംപസിൽ സമയം ചെലവഴിച്ചു.
ജനങ്ങൾ ഭയപ്പെടാതെ ശബ്ദം ഉയർത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. മാറ്റത്തിനു വേണ്ടി നിലകൊള്ളുകയെന്നത് പ്രധാനമാണെന്നും തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് ഭയം യുവജനങ്ങളെ പിന്നോട്ട് വലിക്കുന്നില്ലെന്നതു സന്തോഷകരമാണെന്നും രാഷ്ട്രത്തെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും ഇന്ത്യയുടെ ഭാവിയെ കുറിച്ചും വ്യക്തമായ ദർശനം ജനങ്ങൾക്കുണ്ട് എന്നതാണ് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ നൽകുന്ന സൂചനയെന്നും പറഞ്ഞു.
ബോളിവുഡ് സംവിധായകരായ വിശാൽ ഭരദ്വാജ്, അനുരാഗ് കാശ്യപ്, സോയാ അക്തർ, അഭിനേതാക്കളായ താപ്സി പന്നു, റിച്ച ചദ്ദ എന്നിവർ മുംബൈയിലെ അപ്പ് കാർട്ടർ റോഡിൽ എത്തി പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇവരെ കൂടാതെ മറ്റ് നിരവധി സിനിമാതാരങ്ങളും വിദ്യാർഥികൾക്ക് അനുകൂലമായി രംഗത്തെത്തിയിരുന്നു.
അക്രമി സംഘം ക്യാംപസിനകത്ത് അഴിഞ്ഞാടിയപ്പോള് നാല്പ്പതോളം പേര്ക്കു പരുക്കേറ്റ് ആശുപത്രിയില് ചികിത്സ തേടേണ്ടിവന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് സംഘർഷങ്ങൾ ആരംഭിച്ചത്. മുഖംമൂടി ധരിച്ച ഒരു കൂട്ടം ആളുകള് പെരിയാര് ഹോസ്റ്റലില് സംഘടിക്കുകയായിരുന്നു. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ നിരവധി പേർക്ക് ഇവരില് നിന്ന് മര്ദനമേറ്റിരുന്നു. പത്തിലേറെ അധ്യാപകര്ക്കും പരുക്കേറ്റിട്ടുണ്ട്.
Deepika Padukone at JNU. Near Sabarmati Hostel which was attacked on Sunday #JNUAttack pic.twitter.com/Wbem55bJgD
— Zeba Warsi (@Zebaism) January 7, 2020
ഏഴ് വർഷത്തിന് ശേഷം രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷ ജനുവരി 22ന് നടപ്പാക്കാൻ കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഏറെ വൈകാരികവും നാടകീയവുമായ രംഗങ്ങളായിരുന്നു കോടതി മുറിയിൽ അരങ്ങേറിയത്. വാറണ്ട് പുറപ്പെടുവിക്കുന്നതിന് മുൻപായി പ്രതികളില് ഒരാളായ മുകേഷ് സിങ്ങിന്റെ അമ്മ നിര്ഭയയുടെ അമ്മയുടെ അരികിലെത്തി മകന്റെ ജീവന് വേണ്ടി യാചിച്ചു. “എന്റെ മകനോട് ക്ഷമിക്കണം. അവന്റെ ജീവൻ തിരിച്ചു തരണം,” അവർ പറഞ്ഞു.
ആ അമ്മയുടെ കണ്ണുനീര് കണ്ട് നിർഭയ എന്ന വിളിക്കപ്പെടുന്ന പെൺകുട്ടിയുടെ അമ്മയും തേങ്ങി. ഒടുവിൽ മറുപടി ഇങ്ങനെ “എനിക്കും ഒരു മകളുണ്ടായിരുന്നു. അവൾക്ക് സംഭവിച്ചത് ഞാൻ എങ്ങനെ മറക്കും. ഏഴ് വർഷമായി ഞാൻ നീതിക്കായി കാത്തിരിക്കുകയായിരുന്നു,” ആ അമ്മ പറഞ്ഞു.
തുടർന്ന് കോടതിമുറിയിൽ മൗനം പാലിക്കാൻ ജഡ്ജി ഉത്തരവിട്ടു. മകള്ക്കു നീതി ലഭിച്ചുവെന്നാണു മരണ വാറന്റ് പുറപ്പെടുവിച്ചതിനോട് യുവതിയുടെ അമ്മ പ്രതികരിച്ചത്. നിയമത്തില് സ്ത്രീകള്ക്കുള്ള വിശ്വാസം ആവര്ത്തിച്ച് ഉറപ്പാക്കുന്നതാണു വിധിയെന്നും അവര് പ്രതികരിച്ചു.
പ്രതികളായ മുകേഷ് സിംഗ് (32), പവൻ ഗുപ്ത (25), വിനയ് ശർമ്മ (26), അക്ഷയ് കുമാർ സിംഗ് (31) എന്നിവർ വിധി കേട്ടപ്പോൾ പൊട്ടിക്കരഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. നാല് പേരും നാല് പ്രത്യേക സെല്ലുകളിലായിരിക്കുമെന്നും ഒരോരുത്തരേയും ഓരോ കുടുംബാംഗങ്ങളെ കാണാൻ മാത്രമേ അനുവദിക്കുകയുള്ളൂ എന്നുമാണ് അറിയുന്നത്.
രണ്ടാഴ്ച മരണത്തോട് മല്ലടിച്ച് പെൺകുട്ടി പൊരുതി നിന്നപ്പോൾ രാജ്യം മുഴുവൻ അലയടിച്ച പ്രതിഷേധമാണ് ഈ വിധിയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത്. സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങിയ പെൺകുട്ടിയെ ആറംഗ സംഘമാണ് ഓടുന്ന ബസിൽ ബലാത്സംഗത്തിന് ഇരയാക്കിയത്.
ദ്വാരകയിൽനിന്ന് മുനിർക്കയിലേക്ക് ഓട്ടോ കാത്തുനിന്ന ഇവർക്ക് ലഭിച്ചത് ബസാണ്. ബസ് യാത്ര തുടങ്ങിയപ്പോഴേക്കും ജാലകങ്ങളെല്ലാം അടയ്ക്കുകയും പിന്നീട് മറ്റൊരു വഴിയിലൂടെ ബസ് നീങ്ങുകയും ചെയ്തു. ഈ സമയത്താണ് പെൺകുട്ടിയുടെ സുഹൃത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ടത്. എന്നാൽ ഈ സമയത്ത് ബസിനകത്തുണ്ടായിരുന്ന ആറ് പേരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ നേരെ തിരിഞ്ഞു.
പെൺകുട്ടിയും സുഹൃത്തും ചെറുത്തുനിൽക്കാൻ ശ്രമിച്ചപ്പോൾ അതിക്രൂരമായ ആക്രമണമാണ് ഇവർ ഓടുന്ന ബസിനകത്ത് അഴിച്ചുവിട്ടത്. ഇതിന് ശേഷമായിരുന്നു പെൺകുട്ടിയെ ആറ് പേരും ചേർന്ന് ബലാത്സംഗം ചെയ്തത്. അർധനഗ്നരായി രക്തത്തിൽ മുങ്ങിയ നിലയിൽ ബസിൽനിന്ന് ഇരുവരെയും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.
ഇരുവരെയും രാത്രി പതിനൊന്നോടെ ഇതുവഴി പോയ ഒരു യാത്രക്കാരനാണ് സഫ്ദർജങ് ആശുപത്രിയിൽ എത്തിച്ചത്. ഡിസംബർ 29 ന് സിം പ്പൂരിലെ ആശുപത്രിയിൽ പെൺകുട്ടി മരിച്ചു. സുഹൃത്തായ യുവാവ് നാളുകൾ നീണ്ട ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യം കൈവരിച്ചു.
ഉക്രൈൻ യാത്രാ വിമാനം ഇറാനിൽ തകർന്നുവീണ് 176 പേർ കൊല്ലപ്പെട്ടു. ബോയിങ് 737 വിമാനമാണ് ടെഹ്റാന് വിമാനത്താവളത്തിന് സമീപം തകര്ന്നു വീണത്. ഇറാന് ദേശീയ ചാനലാണ് വാര്ത്ത പുറത്തുവിട്ടത്. കീവിലെ ഉക്രൈൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചു.
ടെഹ്റാന് ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്നിന്ന് ഉക്രൈന് തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനം പറന്നുയര്ന്ന ഉടന് തകരുകയായിരുന്നു. വിമാനമാണ് തകർന്നത്. 167 യാത്രക്കാരും ഒൻപത് ക്രൂ അംഗങ്ങളുമാണു വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിൽ ഉക്രെെൻ വ്ളാദമിർ സെലൻസ്കി അനുശോചനം രേഖപ്പെടുത്തി.
ടെഹ്റാനിലെ തെക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശത്ത് അപകടമുണ്ടായ സ്ഥലത്ത് അന്വേഷണ സംഘം ഉണ്ടായിരുന്നുവെന്ന് സിവിൽ ഏവിയേഷൻ വക്താവ് റെസ ജാഫർസാദെ ഉദ്ധരിച്ച് വാർത്താ ഏജൻസി എ.പി റിപ്പോർട്ട് ചെയ്യുന്നു. പെെലറ്റിനു വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് തകർന്നുവീഴുകയായിരുന്നുവെന്ന് ഇറാൻ റോഡ് ആൻഡ് ട്രാൻസ്പോർട്ടേഷൻ അഥോറിറ്റി വക്താവ് കാസിം ബിനിയാസ് പറഞ്ഞു.
“വലിയ തീപിടിത്തമായിരുന്നു. ഞങ്ങൾക്ക് യാതൊന്നും ചെയ്യാനാകാത്ത അവസ്ഥയായിരുന്നു. ഞങ്ങളുടെ 22 ആംബുലൻസുകളും നാല് ആംബുലൻസ് ബസുകളും ഒരു ഹെലികോപ്റ്ററും സംഭവസ്ഥലത്തുണ്ട്.” ഇറാനിലെ അടിയന്തര സേവന മേധാവി പിർഹോസീൻ കൊലിവാണ്ട് ടെലിവിഷനോട് പറഞ്ഞു.
“ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ശേഷം പരന്ദിനും ഷഹ്രിയാറിനുമിടയിൽ വിമാനം തകർന്നുവീഴുകയായിരുന്നു,” സിവിൽ ഏവിയേഷൻ വക്താവ് റെസ ജാഫർസാദെ പറഞ്ഞു.
മലയാള ടെലിവിഷന് അവതാരകയായ മീര അനില് വിവാഹിതയാവുന്നു. വിഷ്ണു എന്നയാളാണ് മീരയുടെ വരന്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിവാഹനിശ്ചയ ചടങ്ങില് സംബന്ധിച്ചിരുന്നു.
സിനിമാലോകത്ത് നിന്നും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര് രാമകൃഷ്ണനും ചടങ്ങിനെത്തിയിരുന്നു. മീരയുടെ വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള് പുറത്ത് വന്നതോടെയാണ് ഇക്കാര്യം പ്രേക്ഷകർ അറിയുന്നത്.
ഏഷ്യാനെറ്റില് സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവത്തിലെ അവതാരകയായി തിളങ്ങി നില്ക്കുകയായിരുന്നു മീര അനില്. തിരുവനന്തപുരം സ്വദേശിയായ മീര സിവില് എന്ജീനിയറിങും ജേര്ണലിസവുമെല്ലാം പൂര്ത്തിയാക്കിയാണ് അവതരണ മേഖലയിലേക്ക് എത്തിയത്.