സിഡ്നി: കാട്ടു തീ പടർന്നു പിടിച്ചതിനെ തുടർന്ന് വെളളം കിട്ടാതെ ആയിരക്കണക്കിന് ഒട്ടകങ്ങൾ ജനവാസ മേഖലകളിലേയ്ക്ക് എത്താൻ തുടങ്ങിയതോടെ, അവയെ വെടിവച്ചു കൊല്ലാൻ ഓസ്ട്രേലിയ. 2019 സെപ്റ്റംബറിൽ ആരംഭിച്ച കാട്ടുതീയെ തുടർന്ന് വരൾച്ച നേരിടുന്ന രാജ്യത്ത് വെള്ളം തേടി നിരവധി ഒട്ടകങ്ങളാണ് കാട്ടിൽ നിന്ന് നഗര പ്രദേശങ്ങളിലേയ്ക്ക് എത്തുന്നത്. പതിനായിരത്തോളം ഒട്ടകങ്ങളെ വെടിവച്ചുകൊല്ലാനാണ് സർക്കാരിന്റെ തീരുമാനം.
വീടുകളിലേയ്ക്ക് കയറി വരുന്ന ഒട്ടകങ്ങൾ ആളുകളെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. ജനവാസ മേഖലകളിലെ ജലസംഭരണികൾ ഇവ കൂട്ടമായി കാലിയാക്കുന്നത് കാട്ടുതീ തടയാനുള്ള പ്രവർത്തനങ്ങളേയും പ്രതികൂലമായി ബാധിക്കുന്നു. പ്രത്യേക പരിശീലനം ലഭിച്ച ഷൂട്ടർമാർ ഹെലികോപ്ടറുകളിൽ നിന്ന് ഒട്ടകങ്ങളെ വെടിവയ്ക്കുമെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്.
ഇതിനുള്ള നടപടികളിലേയ്ക്ക് കടക്കുംമുന്പ് മേഖലയിലെ ആദിവാസി സമൂഹത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് വനംവകുപ്പ്. എന്നാൽ വിവിധയിനം ജീവികളുടെ സംരക്ഷണത്തിനായ് ഒരേയിനം ജീവികളെ കൂട്ടമായി കൊന്നൊടുക്കുന്നതിനെതിരേ മൃഗസംരക്ഷകരുടെ പ്രതിഷേധം ഉയരുന്നുണ്ട്.
കൊച്ചി ∙ ഇറിഡിയം അടങ്ങിയ റൈസ് പുള്ളർ നാസയ്ക്ക് വിറ്റ് കോടീശ്വരനാകാമെന്നു വിശ്വസിപ്പിച്ച് 80 ലക്ഷം രൂപയിലധികം തട്ടിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. ബെംഗളൂരു ബൻജാര ലേ ഔട്ടിൽ താമസിക്കുന്ന ജേക്കബ് അരുമൈരാജ് (55) ആണ് പിടിയിലായത്. വാഷിങ്ടൻ കേന്ദ്രമായ ഗ്ലോബൽ സ്പേസ് മെറ്റൽസ് എന്ന സ്ഥാപനത്തിലെ മെറ്റലർജിസ്റ്റ് ആണെന്നും ഭാഭാ അറ്റോമിക് റിസർച് സെന്ററിന്റെ അംഗീകാരം ഉണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
വർഷങ്ങളായി രാജ്യത്ത് പലരിൽ നിന്നും ഇയാൾ ഈ രീതിയിൽ പണം തട്ടിയതായി പൊലീസ് പറഞ്ഞു. ക്രൈം മാസികയുടെ ഉടമ നന്ദകുമാറിന് റൈസ്പുള്ളർ നൽകാമെന്നു പറഞ്ഞ് 80 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
2016 ലാണ് ഇടനിലക്കാർ വഴി, നന്ദകുമാറിന് റൈസ് പുള്ളർ നൽകാമെന്ന് പറഞ്ഞ് ആദ്യം കബളിപ്പിച്ചത്. കോയമ്പത്തൂരിലെ ഒരു വീട്ടിൽ കോടികൾ വില വരുന്ന, ആണവ ശേഷിയുള്ള ഇറിഡിയം റൈസ് പുള്ളറുണ്ടെന്നും അത് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭിച്ചാൽ സർക്കാരിന്റെ സഹായത്തോടെ നാസയ്ക്കു വിൽക്കാമെന്നുമായിരുന്നു വാഗ്ദാനം. ഇടനിലക്കാർ ഇത് പരിശോധിക്കാൻ നന്ദകുമാറുമായി സ്ഥലത്തെത്തി അവിടേക്ക് ജേക്കബിനെ വിളിച്ചു വരുത്തുകയായിരുന്നു.
സ്ഥലത്തെത്തിയ ജേക്കബ് റൈസ് പുള്ളർ പരിശോധിക്കാൻ ആന്റി റേഡിയേഷൻ കിറ്റ് വേണമെന്നും അതുമായി വരാമെന്നും ടെസ്റ്റ് ചെയ്യാനായി 25 ലക്ഷം രൂപ വേണമെന്നും പറഞ്ഞ് ആഗ്യ ഗഡു തുക സ്വന്തമാക്കി. പരിശോധിച്ച് സർട്ടിഫിക്കറ്റ് കിട്ടിയാൽ നാസയ്ക്കു ഒരു ലക്ഷം കോടി രൂപയ്ക്കു വിൽക്കാമെന്നാണ് വിശ്വസിപ്പിച്ചത്. എന്നാൽ പരിശോധനയ്ക്കു ശേഷം ആ റൈസ് പുള്ളറിന് പവർ ഇല്ലെന്നു പറഞ്ഞു വീണ്ടും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ റൈസ് പുള്ളർ കാണിക്കാനായി കൊണ്ടു പോയി. ഓരോ തവണയും പരിശോധനാ ചാർജായി വൻതുക കൈക്കലാക്കി.
തട്ടിപ്പിന് വീടിന്റെ ഉടമസ്ഥർ ഉൾപ്പെടെ പലരും കൂട്ടുനിന്നതായി പൊലീസ് കണ്ടെത്തി. ഒടുവിൽ തട്ടിപ്പ് മനസ്സിലായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. എറണാകുളത്ത് ഒരു പഴയ വീട്ടിൽ റൈസ് പുള്ളർ ഉണ്ടെന്നും അതു പരിശോധിച്ചു സർട്ടിഫിക്കറ്റ് തന്നാൽ 25 ലക്ഷം രൂപ തരാമെന്നും പറഞ്ഞ് പൊലീസ് വിരിച്ച വലയിൽ ഇയാൾ വീഴുകയായിരുന്നു. ഇതു വിശ്വസിച്ച് പ്രതി ബെംഗളൂരുവിൽനിന്ന് എറണാകുളത്ത് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇയാളിൽനിന്നു വ്യാജ തിരിച്ചറിയൽ കാർഡുകളും ആന്റി റേഡിയേഷൻ കിറ്റ് ആണെന്ന് പറഞ്ഞു കൊണ്ടുവന്ന, ഫയർ സർവീസുകാർ ഉപയോഗിക്കുന്ന മേൽവസ്ത്രവും കണ്ടെത്തി. ഇയാളുടെ കൂട്ടാളികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
രാജകീയ ചുമതലകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും തീരുമാനിച്ചു. ജ്യേഷ്ഠൻ വില്യം രാജകുമാരനുമായുള്ള അകൽച്ചയെ തുടർന്നാണ് രാജ്യം വിട്ട് സ്വതന്ത്രസംരംഭം തുടങ്ങാൻ സസക്സ് പ്രഭുവും പ്രഭ്വിയുമായ ഇരുവരും തീരുമാനിച്ചത്. കാനഡയിലേക്കാണ് അവരുടെ മടക്കം. ഇക്കഴിഞ്ഞ ക്രിസ്തുമസ് അവർ ആഘോഷിച്ചത് കാനഡയിൽ വെച്ചായിരുന്നു. ഹാരിയും മേഗനും നടത്തിയ പ്രസ്താവന വ്യക്തിപരമാണെന്നും അതിനെക്കുറിച്ച് രാജകുടുംബത്തിലെ മറ്റാരുമായും അവർ കൂടിയാലോചിട്ടില്ലെന്നും പറഞ്ഞ രാജകുടുംബം ദമ്പതികളുടെ പ്രസ്താവനയിൽ അതിയായ ദുഃഖം രേഖപ്പെടുത്തി.
അതേസമയം, എലിസബത്ത് രാജ്ഞിയോടും പിതാവ് ചാൾസ് രാജകുമാരനോടും വില്യം രാജകുമാരനോടും ചർച്ച ചെയ്ത ശേഷം വിശദാംശങ്ങൾ അറിയിക്കുമെന്നാണ് ഹാരി വ്യക്തമാക്കിയത്. ബ്രിട്ടീഷ് രാജ്ഞിക്കുള്ള പൂർണ പിന്തുണ തുടർന്നുകൊണ്ടു തന്നെ രാജകുടുംബത്തിലെ ‘മുതിർന്ന’ അംഗങ്ങളെന്ന നിലയിൽ നിന്ന് തങ്ങൾ പടിയിറങ്ങാൻ ഉദ്ദേശിക്കുകയാണെന്ന് ബക്കിങ്ഹാം പാലസ് പുറത്തു വിട്ട പ്രസ്താവനയിൽ ഹാരി രാജകുമാരൻ പറയുന്നു. എന്നാൽ, രാജ്ഞി കടുത്ത നീരസത്തിലാണെന്നാണ് റിപ്പോർട്ട്. സ്വന്തം കാലിൽ നിൽക്കാനും ജീവകാരുണ്യപ്രവർത്തനം നടത്താനുമാണ് ഹാരിയും മേഗനും ഉദ്ദേശിക്കുന്നത്. ബുധനാഴ്ചയാണ് ബ്രിട്ടനെ ഞെട്ടിച്ച് ഹാരി രാജകുമാരനും മേഗനും കൊട്ടാരം വിടുകയാണെന്ന പ്രഖ്യാപനം നടത്തിയത്.
രാജകീയ ജീവിതത്തിന്റേയും കുടുംബത്തിനുള്ളിലെ അഭിപ്രായ ഭിന്നതകളുടേയും സമ്മർദ്ദത്തിലാണ് ഹാരി രാജകുമാരനെന്ന് വാർത്തകളുണ്ടായിരുന്നു. ഒരുപാട് മാസങ്ങളായി തങ്ങൾക്കിടയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും, രാജകീയ ജീവിതവുമായി പൊരുത്തപ്പെട്ടുപോകാൻ വളരെ പ്രയാസമാണെന്നും, മാദ്ധ്യമങ്ങളോട് സംസാരിക്കാൻ താൽപ്പര്യമില്ലെന്നും മേഗൻ വ്യക്തമാക്കി. ബ്രിട്ടനിലും വടക്കൻ അമേരിക്കയിലുമായി ഭാവി ജീവിതം നയിക്കാനാണ് ഇരുവരുടേയും തീരുമാനം. അമേരിക്കയിലെ മുൻ നടി കൂടിയായ മേഗൻ വിവാഹത്തിനു മുൻപ് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തീരുന്നത് ടൊറന്റോയിലായിരുന്നു .
മാധ്യമപ്രവര്ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില് ഒരാൾ കൂടി അറസ്റ്റിൽ. തീവ്ര വലതുപക്ഷ സംഘടനയായ സനാതന് സന്സ്തയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ള ഋഷികേഷ് ദേവ്ദികര് ആണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ജാര്ഖണ്ഡിലെ ധന്ബാദ് ജില്ലയിലെ കതരാസില്നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര ഔറംഗബാദ് സ്വദേശിയാണ് ഇയാള്.
കര്ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഋഷികേഷ് ദേവ്ദികറിനെ പിടികൂടിയത്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരില് ഒരാളാണ് ഋഷികേശെന്നാണ് പോലീസ് നിലപാട്. കൊലയാളികള്ക്ക് പരിശീലനവും തോക്കുകളും എത്തിച്ചുനല്കിയത് ഇയാളാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നത്. ഗൗരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.
19പേര്ക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്പ്പിച്ചത്. ഈ അറസ്റ്റോടെ 18 പേര് പിടിയിലായി. ഋഷികേശിനെ നാളെ കോടതിയില് ഹാജരാക്കുമെന്ന് പ്രത്യേക അന്വേഷണസംഘം പത്രക്കുറിപ്പില് വ്യക്തമാക്കി.
2017 സെപ്റ്റംബര് അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവില് വസതിക്കു മുന്നില് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഘ്പരിവാറിന്റെ നിശിത വിമര്ശകയായിരുന്നു ഗൗരി ലങ്കേഷ്. സനാതന് സന്സ്ത എന്ന ഹിന്ദുത്വ സംഘടനയാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണ സംഘത്തിന്റെ നിലപാട്. അമോല് കാലെ, വിരേന്ദ്ര താവാഡെ എന്നിവരാണ് പ്രധാന പ്രതികള്. ധാഭോല്ക്കര്, പന്സാരെ എന്നിവരുടെ വധത്തിന് പിന്നിലും സനാതന് സന്സ്തയാണെന്നാണ് വിവരം.
നടി മഞ്ജു വാര്യര്ക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്. മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രം ചത്തുര്മുഖത്തിന്റെ ലൊക്കേഷനില്വെച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് മഞ്ജുവിന് പരിക്ക്. മഞ്ജു നിലത്ത് വീഴുകയായിരുന്നു.
ചാട്ടത്തിനിടെ കാല് വഴുതിയതാണ് താരം വീഴാന് കാരണമെന്ന് ബന്ധപ്പെട്ടവര് പറയുന്നു. വീഴ്ചയില് കാല് ഉളുക്കിയതിനെ തുടര്ന്ന് മഞ്ജുവിന് വിശ്രമം നല്കിയിരിക്കുകയാണ്. നടിക്ക് മറ്റ് പരിക്കുകളൊന്നും ഇല്ലെന്നാണ് വിവരം.
ഗായിക സുജാത തന്റെ ജീവിതത്തിലുണ്ടായ നഷ്ട അനുഭവത്തെക്കുറിച്ച് വിവരിക്കുന്നു. മകള് ശ്വേതയെ ഗര്ഭം ധരിക്കും മുന്പ് എനിക്ക് ഒരു കുഞ്ഞിനെ നഷ്ടമായി. ബീഹാറില് ഒരു ഗാനമേളയ്ക്ക് പോയ സമയത്താണ് ചര്ദ്ദിയും ക്ഷീണവും ഉണ്ടായത്. പരിശോധിച്ചപ്പോള് താന് ഗര്ഭിണിയാണെന്ന് തെളിഞ്ഞു.
എന്നാല്, പിറ്റേദിവസം ബംഗാളിലെ സിലിഗുഡിയിലാണ് ഗാനമേള. സമയം വൈകിയതിനാല് വിമാനം നഷ്ടമായി. എല്ലാവരും ചേര്ന്ന് ബസെടുത്താണ് സിലിഗുഡിലേക്ക് പുറപ്പെട്ടത്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ മണിക്കൂറുകളോളം യാത്ര ചെയ്തു.
അക്കാലത്ത് സംഗീത ഉപകരണങ്ങള് ചെറിയ തലയണ പോലുള്ള കവര് ഉപയോഗിച്ചാണ് മൂടുന്നത്. അതെല്ലാം ചേര്ത്ത് ബസില് ചെറിയൊരു മെത്ത തന്നെ ഒരുക്കിയാണ് ദാസേട്ടന് സിലിഗുഡിയിലെത്തിച്ചത്. എങ്കിലും ആ ഗര്ഭം അലസിയിരുന്നു. അതൊരു വേദനയായി ഇന്നും മനസ്സില് കിടപ്പുണ്ടെന്ന് സുജാത പറയുന്നു.
ഷെയ്ന് നിഗവുമായി അമ്മ ഭാരവാഹികള് നടത്തിയ ചര്ച്ച വിജയകരം. ഷെയ്നുമായി എല്ലാ കാര്യങ്ങളും സംസാരിച്ചുവെന്ന് പ്രസിഡന്റ് മോഹന്ലാലും സിദ്ദിഖും പറഞ്ഞു. ഷെയ്ന് പറഞ്ഞ കാര്യങ്ങള് ഇനി പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്ച്ച നടത്തും. അതു കഴിഞ്ഞ് ബാക്കി കാര്യങ്ങള് തീരുമാനിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.
അമ്മ എന്തു തീരുമാനിച്ചാലും അത് അനുസരിക്കുമെന്ന് വളരെ സ്നേഹത്തോടെ ഷെയ്ന് പറഞ്ഞിട്ടുണ്ടെന്ന് കെബി ഗണേഷ് കുമാര് പറഞ്ഞു. മുടങ്ങിപ്പോയ മൂന്ന് സിനിമകളും ഷെയ്ന് പൂര്ത്തിയാക്കുമെന്ന് ഉറപ്പ് നല്കി. അവനൊരു കൊച്ചുകുട്ടിയാണ്, നല്ല ഭാവിയുള്ള നടനും ഉപേക്ഷിക്കാന് കഴിയില്ലെന്ന് ഇടവേള ബാബു പ്രതികരിച്ചു.
ആര് ജയിക്കുന്നു എന്നോ ആര് തോല്ക്കും എന്നുള്ളതല്ല. അവന് വളരെ സ്നേഹത്തോടെയാണ് ഞങ്ങളോട് സഹായം ചോദിച്ചത്. അവനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അമ്മയ്ക്കുണ്ടെന്നും ഗണേഷ് കുമാര് പറഞ്ഞു. കടലാസില് അവന്റെ പരാതിയും വിഷമങ്ങളും എഴുതി തന്നിട്ടുണ്ട്. അവന് വളര്ന്നുവരുന്ന താരമാണ്. അവന്റെ ഭാവി ഞങ്ങള്ക്ക് നോക്കേണ്ടതുണ്ടെന്നും ഗണേഷ് കുമാര് അറിയിച്ചു.
ജെഎന്യു സമരമുഖത്തെത്തിയ ദീപിക പദുക്കോണിനെതിരെ തലങ്ങും വിലങ്ങും വിമര്ശനങ്ങളാണ്. ബിജെപി നേതാക്കള്ക്ക് അത്രയങ്ങ് ദഹിച്ചിട്ടില്ല. ഇപ്പോഴിതാ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും എത്തി. ദീപിക പദുകോണിന്റെ രാഷ്ട്രീയബന്ധം എന്താണെന്ന് എനിക്ക് അറിയണമെന്ന് സ്മൃതി പറഞ്ഞു.
എന്തുകൊണ്ടാണ് അവര് സമരക്കാരുടെ ഒപ്പം കൂടിയതെന്ന് വാര്ത്ത വായിച്ച എല്ലാവര്ക്കും അറിയാം. ഇന്ത്യയെ നശിപ്പിക്കാന് ഇറങ്ങിത്തിരിച്ചവരുടെ കൂടെയാണ് ദീപിക കൂടിയതെന്നത് ഞങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിതമല്ല. പെണ്കുട്ടികളുടെ സ്വകാര്യഭാഗത്ത് ലാത്തികൊണ്ട് കുത്തിയവര്ക്കൊപ്പമാണ് ദീപിക ചേര്ന്നത്.
2011 ല് കോണ്ഗ്രസിനെ പിന്തുണച്ചത് മുതല് ദീപികയുടെ രാഷ്ട്രീയ ബന്ധം അവര് വെളിപ്പെടുത്തിയതാണ്. ജനങ്ങള് ഇപ്പോള് ഇത് കണ്ട് അത്ഭുതപ്പെടുന്നുണ്ടെങ്കില് അവര്ക്ക് ഈ കാര്യം അറിയാത്തത് കൊണ്ടാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
കൊല്ലപ്പെട്ട പ്ലസ് ടു വിദ്യാർഥിനി ഇവ ആന്റണിക്കു വീട്ടുകാരുടെയും സഹപാഠികളുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. സ്കൂളിലേക്ക് യാത്ര പറഞ്ഞ് പോയ ഇവയുടെ മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ചപ്പോൾ കരളലിയുന്ന കാഴ്ചകളായിരുന്നു. മൃതദേഹം ആംബുലൻസിൽ നിന്ന് വീട്ടിലേക്ക് എത്തിച്ചപ്പോൾ പുറത്തേക്ക് ഇറങ്ങിവന്ന അമ്മ യോഗിതയുടെ സങ്കടം കൂടിനിന്നവരെയും കരയിച്ചു.
രാവിലെ മുതൽ റോഡിൽ കാത്തുനിന്ന അച്ഛൻ ആന്റണി, മകളുടെ അനക്കമില്ലാത്ത ശരീരം മുറ്റത്തെ വെള്ളവിരിയിലേക്ക് വച്ചപ്പോൾ തളർച്ചയോടെ സുഹൃത്തിന്റെ ചുമലിലേക്ക് ചാഞ്ഞു. ‘പ്ലസ് ടുവിനു ശേഷം കാനഡയിൽ പോയി പഠിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. അതൊന്നും നടന്നില്ലല്ലോ, അതിനുമുൻപ് എന്റെ മോളെ അവൻ കൊന്നുകളഞ്ഞില്ലേ’ ആന്റണി വിലപിച്ചു. അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആയില്ല.
യാത്ര പറയാൻ സഹപാഠികളും അധ്യാപകരും സുഹൃത്തുക്കളും സമീപവാസികളും ബന്ധുക്കളും വീട്ടിലെത്തിയിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് നാലോടെയാണ് മൃതദേഹം കലൂരിലെ വാടക വീട്ടിലെത്തിച്ചത്. അരമണിക്കൂറോളം വീട്ടിൽ പൊതുദർശനത്തിന് വച്ചു. രാത്രിയോടെ ചേർത്തല ചേന്നവേലി സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കാരം നടത്തി. മാതാവ് യോഗിതയുടെ വീടാണ് ചേന്നവേലിയിൽ.
കേസിലെ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ സഫർ ഷായെ (25) കോടതി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു കേസ്. കലൂർ ഈസ്റ്റ് കട്ടാക്കര റോഡിൽ വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ തുറവുർ ചെറുനാട വീട്ടിൽ ആന്റണിയുടെ (എസ്. വിനോദ്) മകൾ ഇവ ആന്റണി (ഗോപിക–17) ചൊവ്വാഴ്ചയാണു കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതിനെ തുടർന്നു കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സഫർഷായുടെ മൊഴി. ഇരുവരും തമ്മിൽ സൗഹൃദമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
കൊച്ചിയിലെ സ്കൂളിൽ നിന്നു ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടോടെ ക്ലാസ് കഴിഞ്ഞിറങ്ങിയ ശേഷം കാണാതായ ഇവയുടെ മൃതദേഹം അർധരാത്രി പൊലീസ് വരട്ടുപാറയിൽ കണ്ടെത്തി. അതിരപ്പിള്ളി വരെ പോയിവരാമെന്നു പറഞ്ഞാണ് ഇവയെ താൻ കാറിൽ കയറ്റിയതെന്നു സഫർഷാ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. ഈവയുടെ ദേഹത്തേറ്റ ആഴമുള്ള 3 മുറിവുകളാണു മരണത്തിനിടയാക്കിയതെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. നെഞ്ചിലും കഴുത്തിലും ഇടതു ചെവിക്കു സമീപത്തുമാണ് ഈ മുറിവുകൾ. കാറിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോട്ടത്തിൽ തള്ളിയെന്നാണു പൊലീസ് നിഗമനം.
തൊടുപുഴ വെങ്ങല്ലൂരിൽ അര്ധരാത്രി കാമുകിയായ വീട്ടമ്മയെ കാണാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. തൊടുപുഴ അച്ചന്കവല സിയാദ് കോക്കറാണ് മരിച്ചത്. പ്രതിയായ യുവതിയുടെ പിതാവ് സിദ്ദിഖ് ഒളിവിലാണ്. ഇന്നലെ രാത്രി 12നായിരുന്നു സംഭവം. വിവാഹിതയായ യുവതിയുമായി നേരത്തെ തന്നെ ബന്ധം പുലര്ത്തിയിരുന്ന സിയാദ് ഇന്നലെ രാത്രിയില് വീട്ടിലെത്തിയപ്പോൾ സിദ്ദിഖ് സിയാദിനെ കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര് സിയാദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരിച്ച സിയാദിന് ഭാര്യയും രണ്ടു മക്കളുമുണ്ട്