Latest News

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ മരിച്ചതായി വ്യാജവാര്‍ത്ത. കാനഡയിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജയസൂര്യ ആശുപത്രിയില്‍ മരിച്ചതായാണ് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. വ്യാജപ്രചരണത്തിന് പിന്നാലെ വാര്‍ത്ത നിഷേധിച്ച് ജയസൂര്യ തന്നെ പിന്നീട് രംഗത്തെത്തി.

തന്റെ ആരോഗ്യത്തെ സംബന്ധിച്ച വ്യാജവാര്‍ത്തകള്‍ അവഗണിക്കണമെന്നും താനിപ്പോള്‍ ശ്രീലങ്കയിലാണുളളതെന്നും അടുത്തൊന്നും കാനഡ സന്ദര്‍ശിച്ചിട്ടില്ലയെന്നും ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുതെന്നുമാണ് ജയസൂര്യ ട്വിറ്ററില്‍ കുറിച്ചത്.

എന്നാല്‍ ജയസൂര്യ വാര്‍ത്ത നിഷേധിച്ചതറിയാതെ ഇന്ത്യന്‍ ക്രിക്കറ്റ് താരം അശ്വിന്‍ മരണവാര്‍ത്തയുടെ വാസ്തവം അന്വേഷിച്ച് ട്വീറ്റ് ചെയ്തു. ‘ജയസൂര്യ മരിച്ചെന്ന വാര്‍ത്ത ശരിയാണോ? എനിക്ക് വാട്സാപ്പില്‍ നിന്നാണ് വാര്‍ത്ത ലഭിച്ചത്. എന്നാല്‍ ട്വിറ്ററില്‍ ഇത് സംബന്ധിച്ച് ഒന്നും കാണാനില്ല’. തുടര്‍ന്ന് വ്യാജ പ്രചാരണങ്ങള്‍ ജയസൂര്യ നിഷേധിച്ചതായി നിരവധി ആരാധകര്‍ അശ്വിന് മറുപടി നല്‍കി.

Image result for sanath-jayasuriya-death-fake-news

വിവാഹം ഉറപ്പിച്ചിരുന്ന യുവതി കാമുകനൊപ്പം പോയതിനെ ചൊല്ലി ഇരുവരുടെയും കുടുംബാംഗങ്ങൾ പൊലീസ് സ്റ്റേഷൻ വളപ്പിൽ ഏറ്റുമുട്ടി. പിടിച്ചുമാറ്റാനെത്തിയ പോലീസ് ഉദ്യോഗസ്ഥനു പരിക്കേറ്റു. സിവില്‍ പോലീസ് ഓഫീസര്‍ സജാഹുദ്ദീനാണ് പരിക്കേറ്റത്. ഇയാള്‍ ആശുപത്രിയിലെത്തി ചികിത്സ തേടി.

സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെയും യുവതിയെയും ആക്രമിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തു. കൈയ്ക്കു പരുക്കേറ്റ സിവിൽ പൊലീസ് ഓഫിസർ സജാഹുദ്ദീൻ ചികിത്സ തേടി. അറസ്റ്റ് ചെയ്തവരിൽ യുവതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരനെ വിട്ടയച്ചു. ആറാട്ടുപുഴ സ്വദേശിയുമായുള്ള വിവാഹ റജിസ്ട്രേഷനായി തന്റെ വീട്ടിലുള്ള രേഖകൾ വാങ്ങിനൽകണമെന്ന് ആവശ്യപ്പെട്ടാണു പാനൂർ സ്വദേശിനി പൊലീസിനെ സമീപിച്ചത്. ഇതു പരിഹരിക്കാനാണു യുവതിയുടെ ബന്ധുക്കളെ പൊലീസ് വിളിച്ചുവരുത്തിയത്.

ഇരുവരുടെയും ബന്ധുക്കൾ സ്റ്റേഷനിൽ എത്തിയിരുന്നു. രേഖകൾ വീട്ടിലില്ലെന്നു പറഞ്ഞതോടെ ഇരുവിഭാഗത്തെയും രണ്ടു സമയത്തായി സ്റ്റേഷനിൽ നിന്നു പറഞ്ഞുവിട്ടു. എന്നാൽ സ്റ്റേഷന്റെ പരിസരത്തു കാത്തുനിന്ന യുവതിയുടെ ബന്ധുക്കൾ യുവതിയെയും മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബിജെപി നേരിട്ട തിരിച്ചടികൾക്ക് കാരണക്കാർ ഘടകകക്ഷികൾ ആണെന്ന വിമർശനവുമായി സംസ്ഥാന നേതൃത്വം. ഇക്കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് ചേർന്ന പൂഞ്ഞാർ മണ്ഡലം തെരെഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. ഘടക കക്ഷികളുടെ വോട്ടുകൾ ബിജെപി സ്ഥാനാർത്ഥികൾക്ക് ലഭിച്ചില്ല എന്ന് മാത്രമല്ല ഉള്ള വോട്ട് നഷ്ടപ്പെടാനും കാരണമാക്കി എന്നാണ് വിലയിരുത്തൽ. ഇതോടെ വരുന്ന തെരഞ്ഞെടുപ്പുകളിൽ ഘടകകക്ഷികൾക്ക് നൽകുന്ന പ്രാധിനിത്യം ബിജെപി വെട്ടിച്ചുരുക്കിയേക്കും എന്നാണു വിവരം.

തെരെഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ ഏകീകരിച്ച് കേരളത്തിൽ അക്കൗണ്ട് തുറക്കാമെന്നുള്ള ബിജെപിയുടെ മോഹം വൃഥാവിലായിരുന്നു. വെള്ളാപ്പള്ളിയുടെ കൈവശമുള്ള ഈഴവ വോട്ടുകൾ പോലും ബിജെപിയ്ക്ക് ലഭിച്ചില്ല എന്ന് മാത്രമല്ല നായർ വോട്ടുകളും കോൺഗ്രസ് കൊണ്ടുപോയി എന്നും സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. എൻഡിഎ നേതാക്കളായ പിസി ജോർജ്ജും അൽഫോൻസ് കണ്ണന്താനവും വസിക്കുന്ന മണ്ഡലമായിട്ടുപോലും പത്തനംതിട്ടയിലും ജയിക്കാനായിരുന്നില്ല.

എൻഡിഎയിലേക്ക് വന്ന വെള്ളാപ്പള്ളി നടേശനും പിസി ജോർജ്ജും പാർട്ടിയ്ക്ക് ലഭിച്ചിരുന്ന നിക്ഷ്പക്ഷ വോട്ടുകൾ നഷ്ടപ്പെടാൻ കാരണക്കാരായ എന്നാണ് അവലോകന യോഗത്തിൽ കണ്ടെത്തിയത്. മകൻ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി വെള്ളാപ്പള്ളി നടേശൻ രുപീകരിച്ച ബിഡിജെഎസ് പാർട്ടിയുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചില്ല. വെള്ളാപ്പള്ളി നടേശന്റെ സിപിഎം അനുകൂല നിലപാടുകളും തിരിച്ചടിയായി.

യുഡിഎഫിലും എല്ഡിഎഫിലും പ്രവേശനം നിഷേധിക്കപ്പെട്ട പിസി ജോർജ്ജ് മുന്നണിയിൽ എത്തിയിട്ടും ശബരിമല വിഷയം കത്തി നിന്ന പത്തനംതിട്ട മണ്ഡലത്തിൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കാതെ പോയത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. പിസി ജോർജ്ജിന്റെ പൂഞ്ഞാർ മണ്ഡലത്തിൽ ഉൾപ്പെടെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തായിരുന്നു എന്നത് വലിയ നാണക്കേടിന് കാരണമായി. പിസി ജോർജ്ജിന്റെ സ്ത്രീ, മുസ്‌ളീം വിരുദ്ധ നിലപാടുകൾ മണ്ഡലത്തിൽ ബിജെപിയെ പിന്നോട്ടടിപ്പിച്ചു എന്നാണ് അവലോകനയോഗം വിലയിരുത്തിയത്.

തെരഞ്ഞെടുപ്പിന് മുൻപേ പിസി ജോർജ്ജ് നടത്തിയ പ്രസ്താവനകൾ ബിജെപിക്ക് തിരിച്ചടിയായി സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന് ശേഷം പിസി നടത്തിയ പ്രസ്താവനകളും ബിജെപി അവലോകന യോഗത്തിൽ ചർച്ചയായിരുന്നു. ബിജെപിയിലെ ന്യൂനപക്ഷ മോർച്ചാ നേതാവ് വോട്ടുമറിച്ചെന്ന പിസിയുടെ ആരോപണം സ്വന്തം തട്ടകത്തിൽ ഏറ്റ തിരിച്ചടിയുടെ ജാള്യത മറക്കാനാണ് എന്നാണ് നേതൃത്വം കണ്ടെത്തിയത്. എന്നാൽ പിസിയുടെ ഈ നടപടികൾ വരുന്ന പാലാ ഉപതെരെഞ്ഞെടുപ്പിൽ മകൻ ഷോൺ ജോർജ്ജിന് സീറ്റ് തരപ്പെടുത്തനുള്ള നീക്കത്തിന് തിരിച്ചടിയായിട്ടുണ്ട്. മത്സരിച്ച മണ്ഡലങ്ങളിൽ പോലും നേട്ടമുണ്ടാക്കാനാവാത്ത ബിഡിജെഎസിൽ നിന്നും നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കാനും അവലോകന യോഗത്തിനു ശേഷം തീരുമാനമായിട്ടുണ്ട്.

ഇതിനിടയിൽ കെ സുരേന്ദ്രന്‍റെ തോൽവിക്ക് പിന്നില്‍ ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻറ് കാലുവാരിയതാണെന്ന ജോർജിൻറെ പ്രസ്താവന വിവാദമായതോടെ ജോർജ് ക്ഷമാപണം നടത്തിയതായി നോബിള്‍ മാത്യു അറിയിച്ചു. സംസ്ഥാന പ്രസിഡണ്ടിനെ അല്ല ജില്ലാ പ്രസിഡണ്ടിനെ ആണ് ഉദ്ദേശിച്ചതെന്നും നാക്കുപിഴച്ചതാണെന്നും ജോർജ് തിരുത്തി

ജോർജിന്‍റെ വിവാദപ്രസ്താവന ബിജെപി സംസ്ഥാന നേതൃത്വത്തെ നോബിൾ മാത്യു അറിയിക്കുകയും ഇതിൽ ബിജെപി, ആർഎസ്എസ് നേതാക്കൾ അതൃപ്തി അറിയിക്കുകയും ചെയ്തതോടെയാണ് ജോർജ് മലക്കം മറിഞ്ഞത്. ബിജെപിയിൽ ഗ്രൂപ്പിസം സൃഷ്ടിക്കാനുള്ള ജോർജിന്‍റെ നീക്കങ്ങൾ കരുതലോടെയാണ് നേതാക്കൾ കാണുന്നത്. വി മുരളീധരൻ മന്ത്രിയാകുമെന്ന് എന്ന് ഉറപ്പായ സാഹചര്യത്തിൽ ആ പക്ഷത്തേക്ക് ചാഞ്ഞ് ശ്രീധരൻ പിള്ളയ്ക്കെതിരെ നീങ്ങാനുള്ള നീക്കങ്ങളാണ് ജോർജ് നടത്തുന്നതെന്നുമുള്ള ആക്ഷേപങ്ങളാണ് ഉയർന്നിരിക്കുന്നത്. പിള്ള പക്ഷത്തുള്ള നോബിള്‍ മാത്യുവിനെ ലക്ഷ്യംവച്ചത് ഇതിൻറെ ഭാഗമാണ് എന്നാണ് കരുതുന്നത്.

കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നോബിള്‍ മാത്യു ബിജെപിയുടെ നേതാവായി ഉയരുന്നത് തടയിടുക എന്ന ലക്ഷ്യവും ഈ പ്രസ്താവനയ്ക്ക് പിന്നിലുണ്ടായിരുന്നു. എന്നാൽ കെ സുരേന്ദ്രൻ ജോർജിന്‍റെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ചതോടെ ജോർജ് ഒറ്റപ്പെടുകയായിരുന്നു. നരേന്ദ്രമോദിയെ എൻഡിഎ കക്ഷി നേതാവായി തെരഞ്ഞെടുത്ത യോഗത്തിൽ തുഷാർ വെള്ളാപ്പള്ളിക്കും പിസി തോമസിനും ക്ഷണം കിട്ടിയിട്ടും ജോർജിനു ക്ഷണം ലഭിക്കാത്തതിന് പിന്നിലും ജോർജിൻറെ നിറം മങ്ങിയ പ്രകടനമാണെന്നാണ് കരുതുന്നത്.

ജാതിപറഞ്ഞുള്ള അധിക്ഷേപത്തെത്തുടർന്ന് മുംബൈയിൽ യുവ വനിതാഡോക്ടര്‍ ജീവനൊടുക്കിയസംഭവത്തില്‍ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം. സംഭവംനടന്ന് ദിവസങ്ങൾപിന്നിട്ടിട്ടും പ്രതികളായ സഹപ്രവർത്തകരെ പിടികൂടാൻകഴിയാത്തത് ചൂണ്ടിക്കാട്ടി മരിച്ചകുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. അതേസമയം, മരണത്തിന് ഉത്തരവാദികളല്ലെന്നും, നീതിലഭിക്കണമെന്നുംകാട്ടി ഒളിവിലുള്ള പ്രതികൾ പൊലീസിന് കത്തെഴുതി.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മുംബൈ സെൻട്രലിലെ സർക്കാർ ആശുപത്രിയായ ബിവൈഎൽ നായർ ആശുപത്രിയിൽ ഇരുപത്തിമൂന്നുകാരിയായ യുവഡോക്ടർ പായൽ സൽമാൻ താദ്വി ആത്മഹത്യചെയ്തത്. സീനിയേഴ്സിൻറെ ജാതീയമായ അതിക്ഷേപത്തിൽ മനംനൊന്താണ് ആത്മഹത്യയെന്ന് പിന്നാലെ സൂചനലഭിച്ചു. താദ്വിയുടെ സഹപ്രവർത്തകരായ ഹേമ അഹൂജ, ഭക്തി മെയർ, അങ്കിത ഖണ്ഡൽവൽ തുടങ്ങിയവരുടെ അധിക്ഷേപമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ആശുപത്രിയിൽവച്ചും വാട്സാപ്പ് ഗ്രൂപ്പിലൂടെയും ഇവർ താദ്വിയെ മോശമായി ചിത്രീകരിച്ചെന്നാണ് കണ്ടെത്തിയത്.

തുടർന്ന് മൂവർക്കുമെതിരെ പൊലീസ് കേസ് എടുത്തു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാത്തതിൽ പൊലീസിനെതിരെ ആരോപണവുമായി താദ്വിയുടെ മാതാവും ബന്ധുക്കളും, സഹപ്രവർത്തകരും രംഗത്തെത്തി. ഗോത്രവര്‍ഗമെന്നുകാട്ടിയുള്ള നിരന്തര അധിക്ഷേപത്തെക്കുറിച്ച് നേരത്തെയും താദ്വി പരാതിപറഞ്ഞിരുന്നെന്നും നടപടി വൈകിയതാണ് ആത്മഹത്യയിലെക്ക് നയിച്ചതെന്നും അവർ ആരോപിച്ചു. എന്നാൽ, സംഭവംനടക്കുന്നതുവരെ ഒരുതരത്തിലുമുള്ള പരാതി ലഭിച്ചിരുന്നില്ല എന്നാണ് കോളജ് അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം, പ്രതികളായ മൂന്ന് വനിതാഡോക്ടർമാരും മുംബൈ നഗരംവിട്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇവരെ ഉടൻ അറസ്റ്റുചെയ്യാനാകുമെന്ന് പൊലീസ് പറഞ്ഞു.

ബിജെപി അനുഭാവം പ്രകടിപ്പിച്ചിട്ടുള്ള ആളാണ് മുൻ ഡിജിപി ടി.പി.സെൻകുമാർ. പലപ്പോഴും അദ്ദേഹത്തിന്റെ പ്രസ്താവനകൾ വിവാദവുമാകാറുണ്ട്. എന്നാൽ, ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ സമയത്ത് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. ആ സമയത്ത് നമ്മൾ എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണമെന്നും സെൻകുമാർ ഫെയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെടുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

നരേന്ദ്ര മോദിജി വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്ത് നമ്മൾ എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണം. കൂടാതെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുകയും ആഘോഷങ്ങൾ നടത്തുകയും ചെയ്യണം.

ചില ദേശദ്രോഹ ശക്തികൾ അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതായി വാർത്തകൾ കണ്ടിരുന്നു. ഇത്തരക്കാരെ നാം കരുതിയിരിക്കണം. അതിനെ നമ്മൾ മുഖവിലയ്‌ക്കെടുക്കരുത്. ഭാരതവും ലോകവും ഒന്നാകെ ഈ ശുഭമുഹൂർത്തം ആഘോഷിക്കുമ്പോൾ കേരളീയരായ നമ്മളും അതിൽ പങ്കു ചേരേണ്ടതാണ്. ജയ് ഹിന്ദ് !!

വമ്പൻവിജയം നേടിയ വിജയ് സേതുപതി നായകനായി എത്തിയ ചിത്രമായിരുന്നു 96 . സിനിമയിലെ എല്ലാ പാട്ടുകളും വലിയ ഹിറ്റായിരുന്നു. മലയാളിയായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകിയത്. എന്നാൽ ഇപ്പോൾ തന്റെ പാട്ട് ചിത്രത്തിൽ ഉപയോഗിച്ചതിന് വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇളയരാജ. ദളപതി എന്ന ചിത്രത്തിലെ യമുനയാറ്റിലെ എന്ന ഗാനം ഇൗ ചിത്രത്തിൽ ഉപയോഗിച്ചിരുന്നു. ഇതിനെതിരെയാണ് ഇളരാജയുടെ രോഷം. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇത് തുറന്നുപറഞ്ഞത്.

ഇളയരാജയുടെ വാക്കുകളിങ്ങനെ: ‘ഇതെല്ലാം തീര്‍ത്തും തെറ്റായ കീഴ് വഴക്കമാണ്. ഇൗ സിനിമയില്‍ ഒരു പ്രത്യേക കാലഘട്ടം ചിത്രീകരിക്കാന്‍ അക്കാലത്തെ പാട്ടുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ലല്ലോ. അന്നത്തെ പാട്ടുകളുടെ നിലവാരത്തിലുള്ള നല്ല പാട്ടുകളുണ്ടാക്കാനുള്ള കഴിവ് അവര്‍ക്കില്ലാത്തത് കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്.’ അദ്ദേഹം തുറന്നടിച്ചു. എന്നാൽ റോയല്‍റ്റി നല്‍കിയ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇളരാജയുടെ പാട്ടുകള്‍ സിനിമയില്‍ ഉപയോഗിച്ചതെന്ന് സംവിധായകനും വ്യക്തമാക്കുന്നു.

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങിലേയ്ക്ക് രജനികാന്തിനും കമല്‍ ഹാസനും ക്ഷണം. മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്‍ഡിഎ നേതാക്കളുമായി വിശദമായി ചര്‍ച്ച നടത്തും. അതേസമയം രാമക്ഷേത്രം നിര്‍മാണം തുടങ്ങിയിട്ടില്ലെന്ന ഒാര്‍മ്മപ്പെടുത്തലുമായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്തെത്തി.

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം തുടങ്ങിയ അണ്ണാഡിഎംകെ നേതാക്കള്‍ക്ക് പുറമേയാണ് രജനികാന്തും സത്യപ്രതിജ്ഞാച്ചടങ്ങിന് എത്തുന്നത്. മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസന് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. കെ ചന്ദ്രശേഖര്‍ റാവു, ജഗന്‍മോഹന്‍ റെഡ്ഡി എന്നിവരും സത്യപ്രതിജ്ഞയ്ക്കെത്തും.

ജഗന്‍ മോഹന്‍ റെഡ്ഡിയെ എന്‍ഡിഎയിലെത്തിക്കാന്‍ നീക്കം നടക്കുന്നുണ്ട്. മന്ത്രിസഭയില്‍ എത്രത്തോളം പ്രാതിനിധ്യം ലഭിക്കുമെന്ന ആശങ്കയിലാണ് സഖ്യകക്ഷികള്‍. ശിവസേന, ജെഡിയു, എല്‍ജെപി, ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ ഇടം കിട്ടും. രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവുമാണ് ശിവസേന പ്രതീക്ഷിക്കുന്നത്. യുഎന്‍ രക്ഷാസമിതിയിലെ സ്ഥാരാംഗങ്ങളായ രാജ്യങ്ങളുടെ തലവന്‍മാര്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിദേശ അതിഥികളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 6 മുതല്‍ 15വരെ നടക്കുമെന്ന് സൂചനകളുണ്ട്. വ്യാഴാഴ്ച്ച രാത്രി ഏഴുമണിക്കാണ് രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ. വെള്ളിയാഴ്ച്ച ആദ്യ മന്ത്രിസഭായോഗം ചേരും. ഈ യോഗത്തിലാകും ലോക്സഭാ സമ്മേളനത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കുക. സ്പീക്കര്‍ തിരഞ്ഞെടുപ്പ് 10ന് നടന്നേക്കും. ആദ്യ ദിനം ഇരുസഭകളിലെയും അംഗങ്ങളുടെ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും.

കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ഒരുങ്ങി ബിഎസ്പി. ബിഎസ്പിയുടെ ആറ് എംഎൽഎമാർ ഉടൻ ഗവർണറെ കാണുമെന്നാണ് വിവരം. 200 അംഗ നിയമസഭയിൽ കോൺഗ്രസിന് 112അംഗങ്ങളുടെ പിന്തുണയുണ്ട്. അതിനാൽ ബിഎസ്പി യുടെ പിന്മാറ്റം സർക്കാരിന്റെ നിലനിൽപ്പിന് ഭീഷണിയാകില്ല.

എന്നാൽ സമാന നിലപാട് മധ്യപ്രദേശിലേക്കും വ്യാപിപ്പിക്കാൻ ബിഎസ്പി തീരുമാനിക്കുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ്സ്. ബിഎസ്പിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയുടെ ബലത്തിലാണ് മധ്യപ്രദേശിൽ കോൺഗ്രസ്സ് സര്‍ക്കാര്‍ നിലനിൽക്കുന്നത്.

കൊച്ചി ബ്രോഡ്‍വേയില്‍ വ്യാപാര സ്ഥാപനങ്ങളിലുണ്ടായ തീ നിയന്ത്രണവിധേയം. ആളപായമില്ല. അഗ്നിശമനസേനയുടേയും നാട്ടുകാരുടേയും ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. രാവിലെ പത്തുമണിയോടെയാണ് ക്ലോത്ത് ബസാര്‍ റോഡിലുള്ള കെ.സി.പാപ്പു ആന്‍ഡ് സണ്‍സ് എന്ന കടയിലാണ് ആദ്യം തീപിടിച്ചത്. തയ്യല്‍ മെഷീനും അനുബന്ധ യന്ത്രങ്ങളും വില്‍ക്കുന്ന കടയായിരുന്നു ഇത്.

തുടര്‍ന്ന് സമീപത്തെ ഭദ്ര ടെക്സ്റ്റൈല്‍സിന്റെ ഗോഡൗണിലേക്ക് തീ പടര്‍ന്നു. പിന്നാലെ സമീപത്തെ ഹാര്‍ഡ്‌വെയര്‍ ഗോഡൗണിലേക്കും തീ പടര്‍ന്നു. മൂന്നു കടകളും കത്തിനശിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനാ യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. ബ്രോഡ്‍വേയിലെ ഇടുങ്ങിയ റോഡുകളും വാഹനത്തിരക്കും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി.

ഉപജീവനമാർഗം ഒരുനിമിഷംകൊണ്ട് ഇല്ലാതായതിന്റെ ഞെട്ടലിലാണ് ബ്രോഡ് വേയിൽ കത്തി നശിച്ച കടകളിലെ ജീവനക്കാർ. രാവിലെ ജോലിക്ക് കയറിയ ഉടനെയാണ് തീപിടുത്തം ഉണ്ടായത്. തീ പടർന്ന ഉടൻ എല്ലാവരും ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.

രാവിലെ ജോലി ചെയ്ത കട കത്തിയമർന്ന് പോയെന്ന് ഇവർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. ജോലിക്കിടെ അപ്പുറത്തെ കടയിലെ ജീവനക്കാരാണ് തീ പടരുന്ന വിവരം വിളിച്ചു പറഞ്ഞത്. വലിയ തീ ആണെന്ന് മനസിലാക്കിയതോടെ എല്ലാവരും വേഗം തന്നെ കടകൾക്ക് പുറത്തേക്ക് ഓടി.

ഇനി എന്ത് എന്ന വലിയ ചോദ്യ ചിഹ്നമാണ് ഇവർക്കു മുന്നിൽ. കത്തിയമർന്ന കടകളിലേക്ക് നോക്കി നിൽക്കുന്പോൾ ഇവരുടെ നെഞ്ചിൽ ആശങ്കയുടെ നെരിപ്പോടാണ് എരിയുന്നത്.

തിരുവനന്തപുരം ∙ കേരള കോൺഗ്രസിലെ അധികാരത്തർക്കം നിയമസഭയിലുമെത്തിയതോടെ ജൂൺ ഒൻപതിനകം പുതിയ കക്ഷിനേതാവിനെ തിരഞ്ഞെടുത്ത് അറിയിക്കണമെന്ന് ഇരുവിഭാഗങ്ങൾക്കും സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ‘റൂളിങ്’. ഉപനേതാവായ പി.ജെ. ജോസഫിന് അതുവരെ മുൻനിരയിൽ കെ.എം. മാണിക്കുണ്ടായിരുന്ന കക്ഷിനേതാവിന്റെ സീറ്റ് അനുവദിച്ചു. സ്പീക്കർക്കു കത്തു കൊടുത്തതിന്റെ പേരിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയതോടെ കേരള കോൺഗ്രസ് തർക്കം യുഡിഎഫ് നിയമസഭാകക്ഷിയെ ഉലച്ചു തുടങ്ങി.

കെ.എം. മാണി നിയമസഭയിൽ വഹിച്ചിരുന്ന ‘ലീഡർ’ പദവിക്കു വേണ്ടി അദ്ദേഹത്തിന്റെ വിയോഗത്തെതുടർന്ന് ഉടലെടുത്ത തർക്കത്തിലാണു സ്പീക്കർക്ക് ഇടപെടേണ്ടിവന്നത്. ജോസഫിന് ആ സീറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയുടെ നിയമസഭാകക്ഷി സെക്രട്ടറി മോൻസ് ജോസഫും അതിനെ എതിർത്ത് പാർട്ടി വിപ് റോഷി അഗസ്റ്റിനും കത്തു നൽകിയതായി സ്പീക്കർ സ്ഥിരീകരിച്ചു.

ഉപനേതാവ് ഉള്ളതിനാൽ മുൻനിരയിൽ കസേര ക്രമീകരിക്കണമെന്നായിരുന്നു മോൻസിന്റെ കത്ത്. കക്ഷി നേതാവിനെ തിരഞ്ഞെടുത്തിട്ടില്ലാത്ത സാഹചര്യത്തിൽ ആർക്കും നേതാവായി അംഗീകാരം നൽകരുതെന്നു റോഷിയും ആവശ്യപ്പെട്ടു. കക്ഷി നേതാവിന് അംഗീകാരം നൽകുന്നതു താനല്ല, അതു പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നു സ്പീക്കർ വ്യക്തമാക്കി. മുൻനിരയിലെ സീറ്റ് ഒഴിച്ചിടാൻ കഴിയില്ല. കക്ഷിനേതാവിന്റെ അഭാവത്തിൽ ഉപനേതാവിന് ആ കസേര അനുവദിക്കുന്നതു സ്വാഭാവിക നടപടിക്രമം മാത്രമാണ്. കത്തു ലഭിച്ചില്ലെങ്കിലും അതു ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Copyright © . All rights reserved