Latest News

ഇറാനില്‍ 180 യാത്രക്കാരുമായി യുക്രൈന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണു. ടെഹ്‌റാനിലെ ഇമാം ഖൊമേനി വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. ബോയിംഗ് 737 വിമാനമാണ് ടെഹ്‌റാന്‍ വിമാനത്താവളത്തിനു സമീപം പരാന്ദില്‍ തകര്‍ന്നുവീണത്. സാങ്കേതിക തകരാര്‍മൂലമാണ് വിമാനം തകര്‍ന്ന് വീണതെന്നാണ് പ്രാഥമിക വിവരം.

ടെഹ്റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു. യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യുഎസ്-ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അപകടം. എന്നാല്‍ അപകടത്തിന് ഇതുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാഖിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ യുഎസ് യാത്രാ വിമാനങ്ങള്‍ ഗള്‍ഫ് വ്യോമാതിര്‍ത്തികളില്‍ പ്രവേശിക്കരുതെന്ന് അമേരിക്കന്‍ വ്യോമയാന കേന്ദ്രങ്ങള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ പലപ്പോഴും അനുശ്രീ ഭാരതാംബയായി പ്രത്യക്ഷപ്പെടാറുണ്ട്. ഇതിന് താരം വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുമുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ ഒരു രാഷ്ട്രീയവും ഇല്ലെന്ന് താരം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അനുശ്രീ ബി.ജെ.പിയില്‍ ചേര്‍ന്നെന്നും, ആരാധകരെ നിരാശരാക്കിയെന്നുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചരണങ്ങള്‍ നടന്നിരുന്നു.

ഈ വിമര്‍ശനങ്ങളെ നേരിട്ട രീതിയെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ് അനുശ്രീ.

അനുശ്രീയുടെ വാക്കുകള്‍-‘

പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങള്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത അര്‍ത്ഥത്തില്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ സങ്കടം വരാറുണ്ടായിരുന്നു. അതെല്ലാം ആദ്യത്തെ കുറച്ചു നാളുകളില്‍ മാത്രമാണ്. ഏതു പ്രശ്നമായാലും ആദ്യമായി നേരിടുമ്പോഴാണല്ലോ നമ്മളെ ഭയങ്കരമായി ഉലയ്ക്കുക. വീണ്ടും അങ്ങനെയൊരു വിവാദമുണ്ടാകുമ്പോള്‍ നേരിടാന്‍ പഠിച്ചിട്ടുണ്ടാകും. കുറച്ചുപേരെയെങ്കിലും അറിയുന്നവരെ എന്തെങ്കിലും പറയുമ്പോഴാണല്ലോ ആളുകള്‍ക്ക് സന്തോഷം തോന്നുക. ഞാനതിന് വിശദീകരണം കൊടുത്തിരുന്നു. അതെല്ലാവര്‍ക്കും മനസിലായിട്ടുണ്ടാകും. ബാക്കി എന്താണെങ്കിലും അവര്‍ പറഞ്ഞോട്ടെ എന്ന് വിചാരിക്കും’.

ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും വാശിയോടെ ഏറ്റുമുട്ടിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒടുവിൽ വിജയം സന്ദർശകരായ ഇംഗ്ലണ്ടിന്. ഏകദിനത്തിൽ ഒരിക്കൽ 438 റൺസ് വിജയലക്ഷ്യം വിജയകരമായി പിന്തുടർന്ന് റെക്കോർഡ് സ്ഥാപിച്ചതിന്റെ മധുര സ്മരണകളുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റെടുത്ത ദക്ഷിണാഫ്രിക്ക, സമാനമായ പ്രകടനം ആവർത്തിക്കാനാകാതെയാണ് തോൽവി വഴങ്ങിയത്. ആദ്യ ടെസ്റ്റിൽ തകർപ്പൻ വിജയത്തോടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് ഉഗ്രൻ തിരിച്ചുവരവ് പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കയെ, രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് തകർത്തത് 189 റൺസിന്. 438 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ആതിഥേയർക്ക്, 137.4 ഓവറിൽ 248 റൺസെടുക്കുമ്പോഴേയ്ക്കും എല്ലാ വിക്കറ്റും നഷ്ടമായി.

സ്കോർ: ഇംഗ്ലണ്ട് – 269 & 391/8 ഡിക്ലയേർഡ്, ദക്ഷിണാഫ്രിക്ക – 223 & 248അവസാന ദിനം ഒൻപത് ഓവറിൽ താഴെ മാത്രം ശേഷിക്കെയാണ് ദക്ഷിണാഫ്രിക്ക തോൽവിയിലേക്കു വഴുതിയത്. പ്രതിരോധത്തിന്റെ മറുരൂപമായി 288 പന്തിൽ മൂന്നു ഫോറുകൾ സഹിതം 84 റൺസെടുത്ത ഓപ്പണർ പീറ്റർ മലനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് മൂന്നും ജയിംസ് ആൻഡേഴ്സൻ, ജോ ഡെൻലി എന്നിവർ രണ്ടും സ്റ്റുവാർട്ട് ബ്രോഡ്, ഡോമിനിക് ബെസ്സ്, സാം കറൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1–1ന് ഒപ്പമെത്തി. ബാറ്റുകൊണ്ടും പന്തുകൊണ്ടും കരുത്തുകാട്ടിയ ഓൾറൗണ്ടർ ബെൻ സ്റ്റോക്സാണ് കളിയിലെ കേമൻ.

അവസാന ദിനം ജയിക്കാനായി ശ്രമിക്കുന്നതിനേക്കാൾ മുഴുവൻ ഓവറും പിടിച്ചുനിന്ന് സമനില നേടാനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ശ്രമം. ബാറ്റെടുത്തവരെല്ലാം ഈ ലക്ഷ്യം മനസ്സിലുറപ്പിച്ചതോടെ ദക്ഷിണാഫ്രിക്കൻ നിരയിൽ 40നു മുകളിൽ സ്ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നത് രണ്ടു പേർക്കു മാത്രം. 78 പന്തിൽ രണ്ടു ഫോറുകൾ സഹിതം 34 റൺസെടുത്ത ഓപ്പണർ ഡീൻ എൽഗർ, 107 പന്തിൽ ഏഴു ഫോറുകൾ സഹിതം 50 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൺ ഡികോക്ക് എന്നിവരാണത്.

പ്രതിരോധത്തിന്റെ നേ‍ർക്കാഴ്ചയുമായി കളംപിടിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ചെറിയ വ്യത്യാസത്തിനാണ് സമനില നഷ്ടമായത്. സുബൈർ ഹംസ (59 പന്തിൽ 18), കേശവ് മഹാരാജ് (17 പന്തിൽ രണ്ട്), ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (57 പന്തിൽ 19), റാസ്സി വാൻഡർ ദസ്സൻ (140 പന്തിൽ 17), വെർനോൺ ഫിലാ‍ൻഡർ (51 പന്തിൽ എട്ട്), ഡ്വെയിൻ പ്രിട്ടോറിയസ് (22 പന്തിൽ 0), ആൻറിച് നോർജെ (0), കഗീസോ റബാദ (11 പന്തിൽ പുറത്താകാതെ മൂന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

നേരത്തെ, ഡോം സിബ്ലിയുടെ കന്നി സെഞ്ചുറിയു(139*)ടെയും ബെൻ സ്റ്റോക്സിന്റെ തകർപ്പനടിയുടെയും (47 പന്തിൽ 72) സഹായത്തോടെ 8ന് 391 എന്ന സ്കോറിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇംഗ്ലണ്ട് ജയിക്കാനുറച്ചാണ് ഇന്നലെ പൊരുതിയത്. 4ന് 218ന് ഇന്നിങ്സ് പുനരാരംഭിച്ച അവർ ഇന്നലെ സ്റ്റോക്സ് എത്തിയശേഷം 32 ഓവറിൽ 32 ഓവറിൽ 157 റൺസ് കൂട്ടിച്ചേർത്തു.

 

മുഹമ്മദ് നിഹാൽ 

കോഴിക്കോട് : കെജ്രിവാളിനെ വീണ്ടും ഡൽഹിയുടെ മുഖ്യമന്ത്രിയാക്കാനും എല്ലാ മേഖലയിലും ലോകോത്തര നിലവാരമുള്ള ഒരു സംസ്ഥാനമാക്കി ഡൽഹിയെ മാറ്റുവാനും ഓക്സ്‌ഫോർഡ് യുണിവേഴ്സിറ്റിയിലെ ബിരുദധാരി അതിഷിയും, കൊളംബിയ യുണിവേഴ്സിറ്റിയിലെ എം ടെക്ക് ബിരുദധാരി എഞ്ചിനീയർ ജാസ്മിൻ ഷായും, ഡോക്ടറും ഐ പി എസ്സുകാരനുമായ ഡോ : അജോയ് കുമാറും കൈകോർക്കുന്നു . ഇക്കുറി ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ പ്രകടന പത്രിക തയ്യാറാക്കുന്നത് ബിരുദധാരികളായ ഈ മൂന്നംഗ ബുദ്ധിജീവികളാണ് . ഡൽഹിയിലെ ഓരോ പഞ്ചായത്തുകളിലും പൊതുയോഗങ്ങൾ സംഘടിപ്പിച്ചുകൊണ്ട് , ജനങ്ങളിൽ നിന്ന് നേരിട്ട് ആശയങ്ങൾ ശേഖരിച്ച്‌ അതിനനുസരിച്ചുള്ള വികസനപ്രവർത്തങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രകടനപത്രിക തയ്യാറാക്കാനാണ് ആം ആദ്മി പാർട്ടി ശ്രമിക്കുന്നത് .

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കാനുള്ള മൂന്നംഗ ‘ മാനിഫെസ്റ്റോ കമ്മിറ്റി ‘ പ്രഖ്യാപിച്ചു.

1. അതിഷി

ആം ആദ്മി പാർട്ടി വളണ്ടിയർ.
ആംആദ്മി പാർട്ടി ദേശീയ രാഷ്ട്രീയകാര്യ സമിതി അംഗം. ഡൽഹി വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രതിഫലം വാങ്ങാതെ ജോലി ചെയ്യുന്നു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം. വിഖ്യാതമായ റോഡ്സ് സ്കോളർഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്.

2. ജാസ്മിൻ ഷാ

ആംആദ്മി പാർട്ടി വളണ്ടിയർ.
ഡൽഹി ഡയലോഗ് ആൻഡ് ഡെവലപ്പ്മെന്റ് കമ്മീഷൻ ചെയർപേഴ്സൺ. മദ്രാസ് ഐഐടിയിലും കൊളംബിയ സർവകലാശാലയിലുമായി വിദ്യാഭ്യാസം. ഡൽഹി സർക്കാരിന്റെ പല വികസന പദ്ധതികളും നിർണായക പങ്ക്.

3. ഡോ.അജോയ് കുമാർ.

ആംആദ്മി പാർട്ടി വളണ്ടിയർ.
പാർട്ടിയുടെ ദേശീയ വക്താക്കളിൽ ഒരാൾ. എംബിബിഎസ് ബിരുദധാരി.
പിന്നീട് ഐപിഎസ് നേടി ഇന്ത്യൻ പോലീസ് സർവീസിൽ. ഇപ്പോൾ ബിഹാർ , ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ പാർട്ടിയുടെ ചുമതല വഹിക്കുന്നു.

അർഹരായ ആളുകളെ മുൻനിർത്തി നടപ്പിലാക്കാൻ സാധിക്കുന്ന മികച്ച പ്രകടന പത്രിക നിർമിക്കുക. ഭരണം കിട്ടുമ്പോൾ അത് നടപ്പിലാക്കുക. എന്നതാണ് ഇവർ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം. വിദ്യാസമ്പന്നരായ ആയിരക്കിണക്കിന് ആളുകളുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഡൽഹിയിലെ ആം ആദ്മി പാർട്ടി നയിക്കുന്ന മാതൃക ഗവൺമെൻറ്. കഴിഞ്ഞ അഞ്ച് വർഷം ഡൽഹിയിലെ വിദ്യാഭ്യാസ മേഖലയിലെ വളർച്ചയുടെ പിന്നിൽ പ്രവർത്തിച്ച അതിഷിക്കൊപ്പം ഈ രണ്ട് ബുദ്ധികേന്ദ്രങ്ങളും കൂടി ചേരുമ്പോൾ ഒരു പക്ഷെ ഇക്കുറി ഡൽഹിയിൽ ആം ആദ്മി പാർട്ടി തയ്യാറാക്കുന്നത് ഇന്ത്യയിലെ ഏറ്റവും നല്ല വികസനപ്രവർത്തനങ്ങൾ അടങ്ങിയ ഒരു പ്രകടന പത്രിക ആയിരിക്കുമെന്ന് ഉറപ്പാണ് .

തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും സ്കാനിങ് യന്ത്രം സ്ഥാപിക്കണമെന്നും മോർച്ചറിയുടെ പിന്നിലുള്ള മതിൽ പണിയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരുവല്ലായിലെ വിവിധ സംഘടനകളുടെ ഭാരവാഹികൾ ആശുപത്രി പടിക്കൽ നടത്തിയ ധർണ തിരുവല്ലാ വിജിലൻസ്‌കൗൺസിൽ പ്രസിഡന്റ് അഡ്വ. പ്രകാശ് പി.തോമസ് ഉദ്ഘാടനം ചെയ്തു. അഡ്വ.തോമസ് മാത്യു, തോമസ് കുരുവിള, സി.പി.ജോണ്, കെ.വിജയകുമാർ, രാജി. കെ.കോശി, ഡി.ബാബു എന്നിവർ പ്രസംഗിച്ചു.

നിര്‍ഭയക്കേസ് പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കും . രാവിലെ ഏഴു മണിക്ക് തൂക്കിലേറ്റണമെന്നാണ് മരണവാറന്റ്. നിർഭയയുടെ അമ്മയുടെ ഹർജിയിലാണ് ഉത്തരവ്. നടപടികൾ കോടതി പൂർത്തിയാക്കി. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.

പവ‍ന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍ എന്നിവരാണ് പ്രതികള്‍. സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ പറഞ്ഞു. വിധിയ്ക്കു മുൻപ് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രതികളുമായി ജഡ്ജി സംസാരിച്ചു. മാധ്യമവിചാരണ നടക്കുന്നതായി പ്രതി മുകേഷ് പറഞ്ഞു. തുടർന്ന് മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍നിന്ന് പുറത്താക്കി.

ജനുവരി 22 ജീവിതത്തിലെ സുദിനമെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. ഏഴുവര്‍ഷത്തെ പോരാട്ടം വിജയംകണ്ടതില്‍ സന്തോഷമെന്നും അവർ പറഞ്ഞു.

‘ഇട്ടിമാണി,​ മെയ്ഡ് ഇൻ ചൈന’ എന്ന മോഹൻലാൽ സിനിമ അന്നമനട എടയാറ്റൂരിൽ മട്ടയ്ക്കൽ ജോസ് കണ്ടിട്ടില്ല. പക്ഷേ,​ ഡോക്ടർമാരായ ആറ് പെൺമക്കൾക്കായി ഒരു ആശുപത്രി പണിയണമെന്ന ജോസേട്ടന്റെ സ്വപ്നം സഫലമായാൽ,​ ബോർഡിൽ ‘മെയ്ഡ് ഇൻ ചൈന’ എന്നെഴുതാമെന്നാണ് സ്നേഹത്തോടെ നാട്ടുകാരുടെ പക്ഷം. കാരണം,​ ജോസേട്ടന്റെ മൂന്ന് പെൺമക്കൾ എം.ബി.ബി.എസ് ബിരുദമെടുത്തതും,​ മൂന്നു പേർ പഠനം തുടരുന്നതും ചൈനയിലാണ്! മക്കളെ പഠിപ്പിച്ച വകയിൽ ഒരു കോടിയോളം രൂപ കടമായെങ്കിലും,​ ഫർണിച്ചർ ബിസിനസുകാരനായ ജോസിനും ഭാര്യ ബേബിക്കും നിറഞ്ഞ ചാരിതാർത്ഥ്യം- മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനായല്ലോ.

ആറു സഹോദരിമാരിൽ മൂത്തയാളായ എസ്തർ ആണ് എം.ബി.ബി.എസ് പഠനത്തിന് ചൈനയിലെ ചോംചിംഗ് സർവകലാശാലയിലേക്ക് ആദ്യം പോയത്. രണ്ടാമത്തെ മകൾ യൂദിത്തും അനുജത്തി റൂത്തും ചോംചിംഗിൽ നിന്നു തന്നെ എം.ബി.ബി.എസ് ബിരുദമെടുത്തു. ഇവർക്കു താഴെ റാഹേലും റബേക്കയും സാറയും അവിടെത്തന്നെ പഠനം തുടരുന്നു. മക്കളിലെ ഏക ആൺതരിയായ ജെനു ആന്റണി ദുബായിൽ മർച്ചന്റ് നേവിയിൽ സെക്കൻഡ് ഓഫീസർ.വീട്ടിലേക്ക് ആദ്യം ചൈനീസ് ബിരുദം കൊണ്ടുവന്ന ഡോ. എസ്തറിന് ഇപ്പോൾ 30 വയസ്സ്. ഡോ. യൂദിത്ത് ഡൽഹി എയിംസിലും ഡോ. റൂത്ത് നിലമ്പൂരിലെ സ്വകാര്യ ക്ളിനിക്കിലും ജോലി ചെയ്യുന്നു.

മറ്റ് മൂന്നു പേർ കൂടി പഠനം പൂർത്തിയാക്കി വരുമ്പോൾ എല്ലാവരെയും ചേർത്ത് ആശുപത്രി തുടങ്ങണം- അതാണ് പത്താം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള ജോസിന്റെയും എൽ.ഐ.സി ഏജന്റ് ആയ ബേബിയുടെയും ആഗ്രഹം.32 വർഷം മുമ്പ് വിവാഹിതനാകുമ്പോൾ ഫർണിച്ചർ പണിക്കാരനായിരുന്നു ജോസ്. പിന്നീട് സ്വന്തം ഫർണിച്ചർ ബിസിനസ് ആയി. വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ ഒരു കോടിയുടെ കടമുണ്ടെങ്കിലും ആറു മക്കളെ ഡോക്ടറാക്കാനും മകനെ വിദേശത്ത് ജോലിക്കാരനാക്കാനും കഴിഞ്ഞതിന്റെ അഭിമാനമുണ്ട്,​ ജോസിനും ബേബിക്കും. ഇനി,​ മക്കളുടെ സ്വന്തം ആശുപത്രി!

കേരളത്തോട് പ്രതികാരം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പ്രളയദുരിത സമയത്ത് നല്‍കിയ അരിയുടെ പണം ആവശ്യപ്പെട്ടിരിക്കുകയാണ്. 89,540 മെട്രിക് ടണ്‍ അരിയുടെ വിലയായി 205.81 കോടി രൂപ കേരളം നല്‍കണമെന്നാണ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചു.

എത്രയും വേഗം പണം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും എഫ്സിഐ ജനറല്‍ മാനേജര്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ തുടര്‍ന്നുണ്ടായ നഷ്ടത്തില്‍ കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിച്ചതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ പകപോക്കല്‍.

2019ല്‍ ഗുരുതരമായ പ്രളയം നേരിട്ട കേരളം 2101 കോടി രൂപയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സഹായം തേടി കേരളം സെപ്തംബര്‍ ഏഴിന് കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. അതേസമയം, ഏഴ് സംസ്ഥാനങ്ങള്‍ക്കായി 5908 കോടി രൂപ അധിക സഹായം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സമിതിയുടേതാണ് തീരുമാനം.

ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 35 പേര്‍ കൊല്ലപ്പെട്ടു. തിക്കിലും തിരക്കിലുംപെട്ട് 48 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ ദേശീയ ടെലിവിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പതിനായിരങ്ങളാണ് സുലൈമാനിയുടെ വിലാപയാത്രയിലും സംസ്‌കാരചടങ്ങിലും പങ്കെടുക്കാനായി ഖാസിം സുലൈമാനിയുടെ ജന്മനാടായ കെര്‍മാനില്‍ എത്തിയിരിക്കുന്നത്. ഇതിനിടെയായിരുന്നു അപകടം.
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മാത്രം പത്തുലക്ഷത്തിലേറെ പേര്‍ സുലൈമാനിയുടെ വിലാപയാത്രയില്‍ പങ്കെടുത്തെന്നാണ് റിപ്പോര്ട്ട്.

അമേരിക്കയുടെ വ്യോമാക്രമണത്തിലാണ് ഖാസിം സുലൈമാനിയും മറ്റു സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. ബാഗ്ദാദ് വിമാനത്താവളത്തില്‍ നിന്ന് വരുമ്പോള്‍ സുലൈമാനിയുടെ വാഹനവ്യൂഹത്തിന് നേരേ യുഎസ് സൈന്യം മിസൈലാക്രമണം നടത്തുകയായിരുന്നു.

ചെക്യാട് ഉള്ളിപ്പാറ ക്വാറിയിലെ വെള്ളത്തില്‍ യുവതിയെയും രണ്ട് പെണ്‍ മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി.ചെക്യാട് കൂച്ചേച്ച് കണ്ടി, കനിയില്‍ കെ.കെ.എച്ച് ഹസ്സന്‍ ഹാജിയുടെ മകള്‍ ഫസ്‌ന (24) മക്കളായ ആമിന നസ്‌റിന്‍ (5), റിസ്‌ന നസ്‌റിന്‍ (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. നാദാപുരം ചാലപ്പുറത്തെ പഴയ കോവുമ്മല്‍ റംഷാദിന്റെ ഭാര്യയാണ്. ഇന്നലെ രാവിലെ ഒമ്പതര മണിയോടെയാണ് സംഭവം. ഭര്‍തൃവീടായ ചാലപ്പുറത്ത് നിന്ന് ചെക്യാട് സ്വന്തം വീട്ടിനടുത്തെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ ക്വാറിയില്‍ എത്തിയ ഫസ്‌ന മക്കളെയും കൊണ്ട് ക്വാറിയിലെ വെള്ളത്തിലേക്ക് എടുത്ത് ചാടിയതാണെന്ന് കരുതുന്നു.

ക്വാറിക്ക് സമീപത്ത് വെച്ച് ഫസ്‌ന ഭര്‍തൃസഹോദരിയെ ഫോണില്‍ വിളിച്ച് ക്വാറിക്ക് സമീപം നില്‍ക്കുകയാ ണെന്ന് അറിയിച്ചിരുന്നു. ഇവര്‍ വിവരമറിയിച്ചതിനാല്‍ സഹോദരന്‍ ക്വാറിയിലെത്തിയപ്പോള്‍ മുങ്ങിത്താഴുന്ന മൂന്ന് പേരെയും കണ്ടതോടെ സമീപ വാസിയെ വിളിച്ചു വരൂത്തി. ഇയാള്‍ രണ്ട് പെണ്‍കുട്ടികളെ പുറത്തെത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. ചേലക്കാട്ട് നിന്ന് ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം എത്തിയാണ് ഫസ്‌നയുടെ മൃതദേഹം പുറത്തെടുത്തത്. ഭര്‍ത്താവുമായി ഉണ്ടായ പിണക്കത്തെ തുടര്‍ന്ന് ഞായറാഴ്ച്ച സ്വന്തം വീട്ടില്‍ നിന്ന് സഹോദരന്‍ ഫസ്‌നയെ രാത്രി പത്ത് മണിയോടെയാണ് ഭര്‍തൃവീട്ടിലാക്കിയത്. ബന്ധുക്കളുടെ സഹായത്തോടെ പ്രശ്‌നങ്ങര്‍ പരിഹരിച്ച് വൈകിയാണ് തിരിച്ചെത്തിയതെന്ന് സഹോദരന്‍ പൊലീസിന് മൊഴി നല്‍കി.

വളയം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം രാത്രി മുണ്ടോളി പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.ഉമ്മ ആയിഷ സഹോദരങ്ങള്‍: റാഷിദ് (ദുബൈ) നിസാര്‍, അന്‍വര്‍ (ദുബൈ), ഹാഷിം (ദുബൈ).മുനീര്‍ (ഖത്തര്‍) റിയാസ് (ഖത്തര്‍) ആഷിഫ, ഫിറോസ്.

Copyright © . All rights reserved