കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് സംഘാടകര്‍ അഞ്ച് ലക്ഷം രൂപ നല്‍കിയെന്ന് പൊലീസ്. പരിപാടിയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘാടകരുടെ അക്കൗണ്ട് പൊലീസ് പരിശോധിച്ചു. ദിവ്യ ഉണ്ണിക്ക് കൂടുതല്‍ തുക നല്‍കിയോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇതിനിടെ അപകടവുമായി ബന്ധപ്പെട്ട് പൊലീസ് ജിസിഡിഎക്ക് ചോദ്യാവലി നല്‍കി. സ്റ്റേഡിയത്തില്‍ അപകടമുണ്ടായതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പൊലീസ് നല്‍കിയത്. അതേസമയം സ്റ്റേഡിയത്തില്‍ പരിപാടി നടത്തിയതിനെ തുടര്‍ന്ന് ഗ്രൗണ്ടിന് കേടുപാട് സംഭവിച്ചെന്ന് ആരോപിച്ച് ബ്ലാസ്റ്റേഴ്‌സ് രംഗത്തെത്തി. കലൂര്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥത ജിസിഡിഎയ്ക്ക് ആണെങ്കിലും പരിപാലനം ബ്ലാസ്റ്റേഴ്‌സ് ആണ് നോക്കുന്നത്.
പരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടമുണ്ടായതുമായി ബന്ധപ്പെട്ട് ദിവ്യ ഉണ്ണിയുടെ മൊഴി പൊലീസ് ഓണ്‍ലൈനായി രേഖപ്പെടുത്തിയേക്കും. സംഘാടകരെ പൂര്‍ണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവര്‍ക്ക് നോട്ടീസ് നല്‍കി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ നൃത്ത പരിപാടിയെ തുടര്‍ന്ന് ഗ്രൗണ്ടിന് കേടുപാട് സംഭവിച്ചതായി പരാതി. ബ്ലാസ്റ്റേഴ്സും ജിസിഡിഎയും സംയുക്ത പരിശോധന നടത്തും. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 12,000 പേരാണ് നൃത്ത പരിപാടിയില്‍ പങ്കെടുത്തത്. ഇത്രയും പേര്‍ നൃത്തം ചെയ്യുമ്പോള്‍ സ്വഭാവികമായും ഗൗണ്ടിനും ടര്‍ഫിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ആരോപണം.
ജിസിഡെഎയുടെ ഉടമസ്ഥതയിലാണ് സ്റ്റേഡിയമെങ്കിലും പരിപാലനം നടത്തുന്നത് ബ്ലാസ്റ്റേഴ്സ് ആണ്. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗൗണ്ട് ആണ് കലൂര്‍ സ്റ്റേഡിയം. 13-ാം തിയതിയാണ് അടുത്ത മത്സരം. മത്സരത്തിന് മുന്‍പായി ഗൗണ്ടില്‍ പരിശോധന നടത്തും. കേടുപാട് ഉണ്ടായിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം ചോദിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കം. അതേസമയം പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്യും. അമേരിക്കയിലേക്ക് തിരിച്ചുപോയ നടി ദിവ്യ ഉണ്ണിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തിയേക്കും. നൃത്താധ്യാപകരുടെ മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. പണപ്പിരിവിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചതില്‍ ആവശ്യമെങ്കില്‍ നൃത്ത അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കും.
താരസംഘടനയായ എ.എം.എം.എയുടെ ആദ്യ കുടുംബ സംഗമത്തിന് തിരിതെളിഞ്ഞു. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് എ.എം.എം.എ സംഗമത്തിന്റെ റിഹേഴ്‌സല്‍ കാമ്പിന് തിരിതെളിഞ്ഞത്. നടനും സംവിധായകനുമായ ശ്രീനിവസാനും നടി മമിത ബൈജുവും ചേര്‍ന്നാണ് വിളക്കുകൊളുത്തിയത്.
ജനുവരി നാലിന് കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍വച്ചാണ് കുടുംബ സംഗമം നടക്കുന്നത്. 240 ഓളം അംഗങ്ങളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. സംഗമത്തിന്റെ ഭാഗമായി വിപുലമായ കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് എ.എം.എം.എ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേരുന്നത്. പരിപാടിയിലൂടെ ലഭിക്കുന്ന തുക എ.എം.എം.എ അംഗങ്ങള്‍ക്ക് സൗജന്യ ചികിത്സയ്ക്ക് വേണ്ടിയായിരിക്കും ഉപയോഗിക്കുക. ജയന്‍ ചേര്‍ത്തല, ആശാ ശരത്, ബാബുരാജ്, അന്‍സിബ, ജോമോള്‍, അനന്യ, മഹിമ നമ്പ്യാര്‍, സുരേഷ് കൃഷ്ണ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ വീതം പിഴയും. സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെ.വി കുഞ്ഞിരാമന്‍ അടക്കം നാല് പാര്‍ട്ടി നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്.
സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെ.വി കുഞ്ഞിരാമനും ഉദുമ സിപിഎം മുന്‍ ഏരിയ സെക്രട്ടറി കെ. മണികണ്ഠനും ഉള്‍പ്പടെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.
ഒന്നാം പ്രതി എ. പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമ വിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞു വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയത്. ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ഇത്.
പത്താം പ്രതി ടി. രഞ്ജിത്ത് പതിനഞ്ചാം പ്രതി എ. സുരേന്ദ്രന്‍ എന്നിവര്‍ ഈ കുറ്റങ്ങള്‍ക്ക് പുറമെ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാല് പ്രതികള്‍ക്കെതിരെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതികളെ കടത്തിക്കൊണ്ടു പോയെന്ന കുറ്റമാണ് ചുമത്തിയത്. പരമാവധി രണ്ട് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
വിധി പറയുന്നതിനിടെ കോടതി പ്രതികളെ കേട്ടിരുന്നു. ശിക്ഷയില്‍ ഇളവ് തേടി പ്രതികള്‍ പ്രാരാബ്ദങ്ങള്‍ പറഞ്ഞു. ബിരുദം പൂര്‍ത്തിയാക്കണമെന്നും പട്ടാളക്കാരന്‍ ആകാന്‍ ആഗ്രഹിച്ചിരുന്നുവെന്നുമുള്ള ഏഴാം പ്രതി അശ്വന്റെയും വയോധികനാണെന്നും പ്രായമുള്ള അമ്മയെ നോക്കണമെന്നുമുള്ള മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്റെ അഭ്യര്‍ത്ഥനയും കോടതി കേട്ടു.
2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ കൊലയല്ല, വ്യക്തിപരമായ വിരോധത്തിന്റെ പേരിലുള്ള കൊല എന്ന് പറഞ്ഞ് സിപിഎം നിസാരവല്‍ക്കരിക്കാന്‍ ശ്രമിച്ച കേസിലാണ് സിബിഐ കോടതി ജില്ലാ സെക്രട്ടറിയേറ്റ് അംഗമടക്കം കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
കേസില്‍ സിബിഐ അന്വേഷണം തടയാന്‍ ശ്രമിച്ചത് ഇവരെ സംരക്ഷിക്കാനായിരുന്നു എന്ന ആരോപണം ബലപ്പെടുകയാണ്. ശക്ഷിക്കപ്പെട്ട പലരും നിരപരാധികളാണെന്നാണ് സിപിഎം വാദം.
ടി.പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം സിപിഎം ഏറ്റവും കൂടുതല്‍ പഴികേട്ട കേസാണ് പെരിയ ഇരട്ടക്കൊല. കൃത്യമായ രാഷ്ട്രീയ ആസൂത്രണമെന്ന് അന്നേ വ്യക്തമായിട്ടും ലോക്കല്‍ കമ്മറ്റി അംഗം പീതാബരനെ പഴി ചാരി മുഖം രക്ഷിക്കാനായിരുന്നു സിപിഎം ശ്രമം. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടവരില്‍ കാസര്‍കോട്ടെ സിപിഎമ്മിന്റെ പ്രധാന നേതാക്കള്‍ പലരുമുണ്ട്.
ഇരകള്‍ക്ക് നീതി ലഭ്യമാക്കേണ്ട അതേ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സുപ്രീം കോടതി വരെ പോയതും സിപിഎമ്മിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. സിബിഐ പിന്നീട് പ്രതികളാക്കിയ എല്ലാവരെയും ശിക്ഷിച്ചില്ല എന്ന ആശ്വാസം സിപിഎമ്മിനുണ്ടെങ്കിലും ആ പട്ടികയില്‍പ്പെട്ട മുന്‍ എംഎല്‍എയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമന്‍ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്.
ആറ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രകമ്പനം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിച്ചത്.
കോവിഡ് മഹാമാരിക്ക് അഞ്ച് വർഷങ്ങൾക്കുശേഷം ചൈനയിൽ വീണ്ടും മറ്റൊരു വൈറസ് വ്യാപനം. ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) വ്യാപകമായി രോഗബാധ ഉണ്ടാക്കുന്നതാണെന്നാണ് സമൂഹമാധ്യമങ്ങൾ, മറ്റു റിപ്പോർട്ടുകൾ എന്നിവയിൽനിന്ന് വ്യക്തമാകുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആശുപത്രികൾ ആളുകളെക്കൊണ്ടു നിറഞ്ഞു. ശ്മശാനങ്ങളും നിറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. എച്ച്എംപിവി മാത്രമല്ല, ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചൈനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും ചില പോസ്റ്റുകൾ അവകാശപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. കുട്ടികൾക്കിടയിലും വ്യാപകമായി ന്യൂമോണിയയും മറ്റു രോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ന്യൂമോണിയ പടർന്നുപിടിക്കുന്നതിൽ നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നതായി ചൈനയുടെ രോഗനിയന്ത്രണ വിഭാഗത്തിൽനിന്ന് അറിഞ്ഞതായി രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ചൈനയോ ലോകാരോഗ്യ സംഘടനയോ ഇക്കാര്യത്തിൽ ഔദ്യോഗികമായി യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.
കുട്ടികളെയും പ്രായമുള്ളവരെയുമാണ് ഈ വൈറസ് കാര്യമായി ബാധിക്കുന്നതെന്നാണ് വിവരം. ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെയോ ആദ്യം ശരീരത്തിൽ കയറുന്ന വൈറസ് രോഗപ്രതിരോധശേഷി കുറവുള്ളവരിൽ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. രോഗം വർധിക്കുന്നതിൽ ശൈത്യം ഒരു പ്രധാന ഘടകമാണ്. കോവിഡിനു ശേഷമുള്ള ശാരീരിക അവസ്ഥയും പ്രധാനമാണ്. നിലവിൽ എച്ച്എംപിവിക്ക് പ്രത്യേക ആന്റി–വൈറൽ തെറപ്പിയോ മുൻകരുതൽ വാക്സീനോ ഇല്ല.
കുമളി ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്. ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് തേനി സ്വദേശിയായ മഹേശ്വരൻ ചെങ്കര സ്വദേശിയായ കുമളി ബസ് സ്റ്റാൻഡിൽ വച്ച് കുത്തുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം.
മഹേശ്വരനും ഭാര്യയും കുറച്ച് നാളായി പിരിഞ്ഞ് കഴിയുകയാണ്. മഹേശ്വരൻ്റെ ഭാര്യയും ഓട്ടോ ഡ്രൈവറായ സുനിലും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഇതേച്ചൊല്ലി മുൻപും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിട്ടുണ്ട്.
തുടർന്ന് വെള്ളിയാഴ്ച പ്രശ്നം പറഞ്ഞ് തീർക്കാൻ രണ്ട് പേരും കുമളിയിലെത്തി. വാക്കേറ്റം കയ്യാങ്കളിയിലെത്തിയതോടെ കയ്യിൽ കരുതിയിരുന്ന കത്തി വച്ച് മഹേശ്വരൻ സുനിലിനെ കുത്തുകയായിരുന്നു. സമീപത്തുള്ള നാട്ടുകാർ ചേർന്നാണ് മഹേശ്വരനെ പോലീസിൽ ഏൽപ്പിച്ചത്.
കഴുത്തിനും നെഞ്ചിനും കൈക്കും പരിക്കേറ്റ സുനിലിനെ കുമളി സർക്കാർ അശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
രണ്ടായിരത്തിന്റെ തുടക്കത്തിലാണ് യുകെയിലേയ്ക്ക് മലയാളി കുടിയേറ്റം ആരംഭിച്ചത്. ആരോഗ്യ മേഖലയിലെ വിവിധ ജോലിക്കായി യുകെയിലെത്തിയ മലയാളികൾ യുകെയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ കൈയ്യൊപ്പ് ചാർത്തുന്ന കാഴ്ചകളാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഈ രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ കുടിയേറിയ മലയാളികളിൽ ഒരു സമൂഹം എന്ന നിലയിൽ ഒന്നിച്ചുനിർത്തുന്നതിനും രൂപപ്പെടുത്തുന്നതിനും വളരുന്നതിനും പ്രധാന പങ്കു വഹിച്ചത് മലയാളി അസോസിയേഷനുകളാണ്. ഇത്തരം മലയാളി അസോസിയേഷനുകളിൽ മുൻപന്തിയിലുള്ള ബെർമിംഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി സ്ഥാപിതമായത് 2004 ലാണ്.
സാമൂഹിക സാംസ്കാരിക ചാരിറ്റി പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ സംഭാവനകൾ നൽകാൻ എന്നും മുൻപന്തിയിലാണ് ബിസിഎംസി. നിലവിൽ ബിസിഎംസിഎ നയിക്കുന്നതിൽ ഭൂരിപക്ഷവും വനിതകൾ ആണെന്നുള്ള പ്രത്യേകതയും ഈ വർഷത്തിനുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളെല്ലാം ജാതിമതഭേദമന്യേ ഒന്നിച്ച് ആഘോഷിക്കുന്നതിൽ ബിസിഎംസി എന്നും മുന്നിലാണ്. ഈ വർഷം ക്രിസ്മസും പുതുവത്സരവും ജനുവരി നാലാം തീയതി ഏറ്റവും വർണ്ണാഭമായി ആഘോഷിക്കാൻ ബി സി എം സി തയ്യാറെടുക്കുകയാണ്. ഇതിൻറെ ഭാഗമായി വമ്പിച്ച പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം ബിസിഎംസി രൂപീകരിച്ചതിനു ശേഷമുള്ള ഇരുപതാം വാർഷികം ആണെന്നുള്ള പ്രത്യേകതയും ഈ വർഷത്തെ ആഘോഷത്തിന് ഉണ്ട്.
20 വർഷത്തെ കാലയളവ് യുകെ മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. ഈ കാലയളവിനുള്ളിൽ 200 ഓളം കുടുംബങ്ങൾ ആണ് ബിസിഎംസി എന്ന വട വൃക്ഷത്തിൻറെ കീഴിൽ അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കായി സഹകരിക്കുന്നത്. കലാപരമായും കായികപരമായുമുള്ള എല്ലാ പ്രവർത്തനങ്ങളിലും ബിസിഎംസി മുൻപന്തിയിലാണ്. വടംവലി മത്സരം, ഷട്ടിൽ ബാഡ്‌മിന്റൺ മത്സരം എന്നീ ഇനങ്ങളിലെല്ലാം വെന്നിക്കൊടി പാറിക്കുന്ന ചരിത്രമാണ് ബിസിഎംസിയ്ക്ക് ഉള്ളത്. യുക്മയുടെ ദേശീയ കലാമേളയിൽ തുടർച്ചയായ കിരീടം ചൂടി കലാപരമായ രംഗത്തും മികവിന്റെ പാതയിലാണ് ബിസിഎംസി. യുക്മയുടെ നേതൃത്വത്തിൽ നടക്കുന്ന വള്ളംകളിയിൽ ബിസിഎംസിയുടെ പ്രാതിനിധ്യം എടുത്തു പറയേണ്ടതാണ്. കിഡ്നി ഫെഡറേഷനുമായി കൈകോർത്ത് ബിസിഎംസി നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളിലൂടെ നിരവധി ആലംബഹീനർക്കാണ് ആശ്വാസം ലഭിച്ചത്. 2018 ലെ വെള്ളപ്പൊക്കത്തിലും കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും കേരള ജനതയെ സഹായിക്കുന്നതിൽ മുൻപന്തിയിലായിരുന്നു ബിസിഎംഎസി. ബിസിഎംഎസിയുടെ മെൻസ് ഫോറമും വിമൻസ് ഫോറമും സ്‌ഥിരമായി കായിക മത്സരങ്ങൾ നടത്തിപോരുന്നുണ്ട്.

ലിറ്റി ജിജോ (ബിസിഎംസി പ്രസിഡൻറ്), ചാർലി ജോസഫ് (യൂത്ത് റെപ്രെസെന്ററ്റീവ്), ലിറ്റി ജിജോ (യുക്മ റെപ്രെസെന്റേറ്റീവ്), രാജീവ് ജോൺ (യുക്മ റെപ്രെസെന്റേറ്റീവ്), നോബൽ സെബാസ്റ്റ്യൻ (ട്രഷറർ), ദീപ ഷാജു (ലേഡി റെപ്രെസെന്റേറ്റീവ്) , റീന ബിജു (വൈസ് പ്രസിഡൻറ്), ഷൈജി അജിത് (പ്രോഗ്രാം കോഡിനേറ്റർ), സോണിയ പ്രിൻസ് (സെക്രട്ടറി), കെവിൻ തോമസ് (സ്പോർട്സ് കോഡിനേറ്റർ), അലീന ബിജു (ലേഡി റെപ്രെസെന്റേറ്റീവ്), അലൻ ജോൺസൺ (ജോയിൻ്റ് സെക്രട്ടറി) , അന്നാ ജിമ്മി (യൂത്ത് റെപ്രെസെന്റേറ്റീവ്), ആരോൺ (യൂത്ത് റെപ്രെസെന്റേറ്റീവ്), ജ്യുവൽ വിനോദ് (യൂത്ത് റെപ്രെസെന്റേറ്റീവ്), ബീന ബെന്നി (യുക്മ റെപ്രെസെന്റേറ്റീവ്) എന്നിവരുടെ സുത്യർഹ്യമായ സേവനമാണ് ബിസിഎംസിയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.
ബെർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയർ സെലിബ്രേഷൻ ജനുവരി നാലിന് Washwood academy Burney Ln, Stechford, B8 2As യിൽ പ്രൗഢഗംഭീരമായി നടത്തപ്പെടുമെന്ന് ബി സി എം സി പ്രസിഡൻറ് ലിറ്റി ജിജോ , സെക്രട്ടറി സോണിയ പ്രിൻസ്, ട്രഷറർ നോബൽ സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. പ്രസ്തുത യോഗത്തിൽ ബിസിഎംസി പ്രസിഡൻറ് അധ്യക്ഷത വഹിക്കുകയും യുക്മ നാഷണൽ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങോട്ടിൽ ഉത്ഘാടനം നിർവഹിക്കുകയും യുക്മ മിഡ് ലാൻഡ് റീജിയൻ പ്രസിഡൻറ് ജോർജുകുട്ടി തോമസ് മുഖ്യ അതിഥി ആയിരിക്കുകയും ചെയ്യും .
കഴിഞ്ഞ 20 വർഷക്കാലം ബിസിഎംസിയുടെ വളർച്ചയ്ക്ക് സംഭാവന നൽകിയ ബിസിഎംസി മുൻ പ്രസിഡൻ്റുമാരെയും സെക്രട്ടറിമാരെയും ഈ അവസരത്തിൽ ആദരിക്കുന്നതായിരിക്കുമെന്ന് ബിസിഎംസി കമ്മിറ്റി അറിയിച്ചു. കഴിഞ്ഞകാലങ്ങളിൽ നെടും തൂണായിരുന്ന എല്ലാ മെമ്പേഴ്സിനെയും പരിപാടിയിലേയ്ക്ക് കമ്മിറ്റി അംഗങ്ങൾ സ്വാഗതം ചെയ്തു. പ്രസ്തുത പരിപാടികൾക്ക് കൂടുതൽ മാറ്റ് ഏകാൻ ബിസിഎംസിയുടെ കലാപ്രതിഭകളുടെ കലാപരിപാടികൾ നടത്തുമെന്നും പ്രോഗ്രാം കോഡിനേറ്റർ ഷൈജി അജിത് അറിയിച്ചു . എല്ലാവർക്കും വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട് .







2024-ലെ സെര്‍ച്ച് ട്രെന്‍ഡ് വിവരങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വിഭവമാണ് പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനി. ഭക്ഷണ വിഭവ രുചിക്കൂട്ടുകള്‍ക്കായുള്ള (റെസിപ്പി) അന്വേഷണങ്ങളുടെ കൂട്ടത്തിലാണ് പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനി ഇന്ത്യയില്‍ ഒന്നാം സ്ഥാനം നേടിയത്. സെര്‍ച്ചില്‍ ഒന്നാമതാണെങ്കിലും പലര്‍ക്കും അറിയില്ല, എന്താണ് പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനി എന്ന്.
എന്താണ് പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനി എന്ന് നോക്കാം. ലളിതമായി പറഞ്ഞാല്‍ പാഷന്‍ ഫ്രൂട്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കോക്ക്‌ടെയിലാണ് പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനി. പാഷന്‍ ഫ്രൂട്ട് ജ്യൂസിനും ലൈം ജ്യൂസിനുമൊപ്പം വോഡ്ക, പാഷന്‍ ഫ്രൂട്ടില്‍ നിന്ന് നിര്‍മ്മിക്കുന്ന മദ്യമായ പസ്സോവ എന്നിവ കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന കോക്ക്‌ടെയിലാണ് ഇത്. അതേസമയം, ജിന്നും വെര്‍മൗത്തും ഉള്‍പ്പെടെ യോജിപ്പിച്ച് നിര്‍മ്മിക്കുന്ന മാര്‍ട്ടിനി എന്ന കോക്ക്‌ടെയിലുമായി ഇതിന് വലിയ ബന്ധമൊന്നുമില്ല.
ലണ്ടനിലെ ലാബ് ലണ്ടന്‍ ബാര്‍ ഉടമയായ ഡൗഗ്ലസ് അങ്ക്രയാണ് പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനിയുടെ സ്രഷ്ടാവ്. 2002-ലാണ് ഡൗഗ്ലസ് പുതിയ കോക്ക്‌ടെയില്‍ രൂപപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിലുള്ള ന്യൂഡ് സ്ട്രിപ് ബാറായ മാവെറിക്‌സ് റെവ്യൂ ബാറിലെ ജെന്റില്‍മെന്‍സ് ക്ലബ്ബ് സന്ദര്‍ശനമാണ് പുതിയ കോക്ക്‌ടെയിന് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 2021-ലാണ് ഡൗഗ്ലസ് അന്തരിച്ചത്.
പോണ്‍സിനിമാ വ്യവസായവുമായോ പോണ്‍സ്റ്റാറുകളുമായോ യാതൊരു ബന്ധവും പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനിക്കില്ല. താന്‍ മനഃപൂര്‍വമാണ് കോക്ക്‌ടെയിലിന് ഇത്തരമൊരു പ്രകോപനപരമായ പേര് നല്‍കിയതെന്ന് ഡൗഗ്ലസ് പറഞ്ഞിട്ടുണ്ട്. കലര്‍പ്പില്ലാത്ത ആഹ്‌ളാദവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്ന ‘സെക്‌സി’യും സ്റ്റൈലിഷുമായ പാനീയം എന്ന നിലയിലാണ് ഈ പേര് നല്‍കിയതെന്ന് പറഞ്ഞ ഡൗഗ്ലസ്, താന്‍ പോണിന്റേയോ ഏതെങ്കിലും പോണ്‍ സ്റ്റാറിന്റേയോ ആരാധകനല്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.
2019-ല്‍ ബ്രിട്ടീഷ് ചെറുകിട വില്‍പ്പന ശൃംഖലയായ മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനിയുടെ പേര് പാഷന്‍ സ്റ്റാര്‍ മാര്‍ട്ടിനി എന്നാക്കി മാറ്റിയിരുന്നു. പോണോഗ്രാഫിയെ സാധാരണവത്കരിക്കുന്നു എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഈ പേരുമാറ്റം.
പിഞ്ചു കുഞ്ഞിനോട് ലൈംഗികാതിക്രമം കാട്ടിയ ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. മണ്ണാർക്കാട് മേലേ അരിയൂരിലാണ് സംഭവം ഉണ്ടായത്. ഒഡീഷയിലെ റൈയ്ഗാർഡ് സ്വദേശി അശോക് മഞ്ചി ( 20) യാണ് നാട്ടുകൽ പോലീസ് അറസ്റ്റ് ചെയ്തത്.
അരിയൂരിലെ ഒരു മില്ലിൽ ജോലി ചെയ്തു ചെയ്യുകയായിരുന്നു അശോക്. അതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്നര വയസോളമുള്ള ബാലികയാണ് ഇയാളുടെ ലൈംഗിക അതിക്രമത്തിന് ഇരയായത്.
കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ നാട്ടുകൽ പോലീസ് അശോക് മഞ്ചിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാട്ടുകൽ സിഐ ഹബീബുള്ളയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പാലയൂര്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ ചാവക്കാട് എസ്.ഐ ആയിരുന്ന വിജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് ആണ് എസ.്‌ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് കത്ത് നല്‍കിയത്.
പാലയൂര്‍ പള്ളിയിലെ കാരള്‍ ഗാന പരിപാടിയില്‍ മൈക്ക് ഉപയോഗിക്കുന്നത് തടഞ്ഞ ചാവക്കാട് എസ്‌ഐയുടെ നടപടി വിവാദമായിരുന്നു. സംഭവത്തെ തുടര്‍ന്ന് എസ്.ഐ വിജിത്തിനെ വീടിന് സമീപത്തെ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു.
എസ്.ഐയക്ക് ഇഷ്ട സ്ഥലം മാറ്റം നല്‍കിയതിന് പിന്നാലെയാണ് സിപിഎം ഇടപെടല്‍. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണ് ജില്ലാ സെക്രട്ടറി വിഷയത്തില്‍ ഇടപ്പെട്ടത്. നിലവില്‍ ശബരിമല ഡ്യൂട്ടിയിലുള്ള വിജിത്തിനെ പിന്നീട് തൃശൂര്‍ എരുമപ്പെട്ടി എസ്.ഐ ആയി നിയമിക്കാനാണ് ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.
ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്.ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. പള്ളി കോമ്പൗണ്ടില്‍ മൈക്കിലൂടെ കരോള്‍ ഗാനം പാടാന്‍ പൊലീസ് അനുവദിച്ചില്ലെന്നാണ് പള്ളിക്കമ്മറ്റി ഭാരവാഹികളുടെ ആരോപണം. പള്ളിയങ്കണത്തില്‍ കരോള്‍ ഗാനം മൈക്കില്‍ പാടരുതെന്നായിരുന്നു പൊലീസിന്റെ ഭീഷണി.
സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു എസ്.ഐയുടെ ഇടപെടല്‍. മൈക്ക് കെട്ടി കരോള്‍ പാടിയാല്‍ എല്ലാം പിടിച്ചെടുക്കുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയെന്ന് ട്രസ്റ്റി അംഗങ്ങള്‍ ആരോപിച്ചിരുന്നു.