Latest News

കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ തസ്‌തികയിലേക്കുള്ള നിയമനങ്ങൾക്കായി സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ക്വാണ്ടിറ്റി സർവേയിങ് ആൻഡ് കോൺട്രാക്‌ട്) എക്‌സാമിന് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ തീയതി പിന്നീടു പ്രഖ്യാപിക്കും. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 12.

സെൻട്രൽ വാട്ടർ കമ്മിഷൻ, സെൻട്രൽ പബ്ലിക് വർക്ക്‌സ് ഡിപ്പാർട്ട്‌മെന്റ് (സിപിഡബ്ല്യുഡി), മിലിട്ടറി എൻജിനീയർ സർവീസസ് (എംഇഎസ്), ഫറാക്കാ ബാറാജ് പ്രോജക്ട്, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ(ബിആർഒ), സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ, ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് നേവൽ, നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ(എൻടിആർഒ) തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഒഴിവ്. ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്‌തികയാണിത്.

വിഭാഗം തിരിച്ചുള്ള തസ്‌തികകളും പ്രായപരിധി സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം പട്ടികയിലുണ്ട്. ഒഴിവുകളുടെ എണ്ണം പിന്നീട് ലഭിക്കും. 2020 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവനുവദിക്കും. വിമുക്‌തഭടന്മാർക്കു നിയമാനുസൃത ഇളവ്.

യോഗ്യത:

ജൂനിയർ എൻജിനീയർ (സിവിൽ), സെൻട്രൽ വാട്ടർ കമ്മിഷൻ :

സിവിൽ എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), സെൻട്രൽ വാട്ടർ കമ്മിഷൻ : മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (സിവിൽ), സിപിഡബ്ല്യുഡി: സിവിൽ എൻജിനീയറിങ് ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ), സിപിഡബ്ല്യുഡി: ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (സിവിൽ), എംഇഎസ്: സിവിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും സിവിൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ ആൻഡ് മെക്കാനിക്കൽ) എംഇഎസ്: ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (സിവിൽ), ഫറാക്ക ബറാജ് പ്രോജക്ട്: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), ഫറാക്ക ബാറാജ് പ്രോജക്ട്: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), ഫറാക്ക ബാറാജ് പ്രോജക്ട്: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (സിവിൽ), ബിആർഒ‌: സിവിൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും സിവിൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ ആൻഡ് മെക്കാനിക്കൽ), ബിആർഒ‌: ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ/ ഓട്ടമൊബൈൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (സിവിൽ), സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് നേവൽ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് നേവൽ: ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (സിവിൽ), എൻടിആർഒ: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), എൻടിആർഒ: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), എൻടിആർഒ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

2020 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കിയാണു യോഗ്യത കണക്കാക്കുന്നത്. തത്തുല്യയോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/എസ്‌സി/എസ്ടി/അംഗപരിമിതർ/വിമുക്‌തഭടന്മാർക്ക് ഫീസില്ല. നെറ്റ് ബാങ്കിങ്, ഭീം, യുപിഐ വഴിയോ വീസ, മാസ്റ്റർ കാർഡ്, മാസ്ട്രോ, റുപേ, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാനായോ ഫീസ് അടയ്‌ക്കാം.

സെപ്റ്റംബർ 14 വരെ ഓൺലൈനായി ഫീസടയ്ക്കാം. ചെലാനായി ഫീസ് അടയ്ക്കുന്നവർ സെപ്റ്റംബർ 14നു മുൻപായി ചെലാൻ ജനറേറ്റ് ചെയ്യണം. ഫീസ് അടയ്‌ക്കുന്നതിനു മുൻപായി വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ വായിച്ചു മനസിലാക്കുക.

തിരഞ്ഞെടുപ്പ്: രണ്ടു പേപ്പറുകളുള്ള എഴുത്തുപരീക്ഷയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പേപ്പർ–1 കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയാണ്. പേപ്പർ–2 ഡിസ്ക്രിപ്റ്റീവ് പരീക്ഷ.

ബോർഡർ റോഡ്സ് ഓർഗനൈസേഷനിലേക്ക് അപേക്ഷിക്കുന്നവർക്ക് നിശ്ചിത ശാരീരിക യോഗ്യതയുണ്ടായിരിക്കണം. ഇവർക്കു കായികക്ഷമതാ പരീക്ഷയുണ്ടായിരിക്കും. പരീക്ഷാക്രമം ഇതോടൊപ്പം പട്ടികയിൽ.

പരീക്ഷാകേന്ദ്രം: കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. കവരത്തിയിലും കേന്ദ്രമുണ്ട്.

അപേക്ഷിക്കുന്ന വിധം: www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് വഴി ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളവർക്ക് സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാം. അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക. റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന റജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കണം. എസ്‌എസ്‌സി നടത്തുന്ന പരീക്ഷകൾക്ക് ഇത് ആവശ്യമായി വരും.

സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി എന്‍സിപി സംസ്ഥാന നേതൃത്വവുമായി തര്‍ക്കങ്ങളില്ലെന്ന് ആവര്‍ത്തിച്ച് മാണി സി.കാപ്പന്‍. ആദ്യഘട്ടത്തില്‍ ഉയര്‍ന്ന അസ്വാരസ്യങ്ങള്‍ നേതൃത്വം ഇടപ്പെട്ട് പരിഹരിച്ചു. ജില്ലാനേതൃത്വവും സ്ഥാനാര്‍ഥിയായി തന്‍റെപേര് മാത്രമാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും മാണി സി.കാപ്പന്‍  പറഞ്ഞു.

പാലായിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി മാണി. സി കാപ്പന്‍ തന്നെയെന്ന് ഏറെക്കുറെ ഉറപ്പായി. 28ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനിരിക്കെയാണ് മാണി.സി കാപ്പനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത്. പാലായില്‍ നിന്നല്ല പാര്‍ട്ടിക്കുള്ളിലും തനിക്കെതിരെ മറ്റൊരു പേര് ഉയര്‍ന്നിട്ടില്ലെന്ന് മാണി. സി കാപ്പന് ഉറപ്പുണ്ട്.

മണ്ഡലത്തിലെ വ്യക്തി ബന്ധങ്ങള്‍ വോട്ടാക്കി മാറ്റുക തന്നെയാണ് ലക്ഷ്യം. കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കം ഗുണം ചെയ്യുമെന്നും പ്രതീക്ഷയുണ്ട്.
മുന്നൊരുക്കങ്ങളുടെ ഭാഗമായി മണ്ഡലത്തിലെയും ജില്ലയിലെയും പാര്‍ട്ടി ഭാരവാഹികളുടെ യോഗം പാലായില്‍ ചേര്‍ന്നു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് തോമസ് ചാണ്ടി അടുത്ത ആഴ്ച മുതല്‍ പാലായില്‍ ക്യാംപ് ചെയ്യും.

ദുരഭിമാനക്കൊലയ്ക്കിരയായി കെവിൻ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം പിന്നിട്ടു. കേസിലെ വിചാരണ പൂര്‍ത്തിയായി പ്രതികളെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ പ്രതികരണവുമായി കെവിന്റെ ഭാര്യ നീനു രംഗത്തെത്തി.

‘എനിക്കങ്ങനെ ഇപ്പോള്‍ പ്രത്യേകിച്ച്‌ ഒരു വികാരവുമില്ല. ദേഷ്യമോ വൈരാഗ്യമോ സ്‌നേഹമോ ഒന്നുമില്ല. അച്ഛന്‍, അമ്മ എന്ന ഒരു പൊസിഷന്‍ മാത്രം. അവരൊന്ന് ചിന്തിച്ചാല്‍ മതിയായിരുന്നു. അവിരിനി കാണാന്‍ വരുമോ എന്നറിയില്ല. ഇത്രയൊക്കെ ചെയ്തിട്ട് ഇനി കാണാന്‍ വരുമെന്ന് തോന്നുന്നില്ല. അങ്ങനെ വന്നാലും എനിക്ക് കാണണമെന്നുമില്ല..’ നീനു പറയുന്നു. കെവിന്‍ മരണപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇന്നും പഴയ ഓര്‍മ്മകളില്‍ ജീവിക്കുകയാണ് നീനു. ഓര്‍മ്മകള്‍ തന്നെയാണ് നീനുവിനെ ഇന്നും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും. ഇപ്പോഴും അവര്‍ ഒരിക്കല്‍ കൂടി ചിന്തിച്ചിരുന്നെങ്കിലെന്നാണ് നീനുവിന്റെ ആഗ്രഹം.

കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ സാനു ചാക്കോ അടക്കം പത്ത് പ്രതികളെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്‍റെ ആവശ്യം.
കെവിന്റേത് ദുരഭിമാനക്കൊലയെന്നു വ്യക്തമാക്കിയ കോടതി നീനുവിന്റെ സഹോദരൻ അടക്കം 10 പ്രതികളെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.

വധശിക്ഷ ലഭിക്കാവുന്ന കൊലക്കുറ്റം, തടഞ്ഞുവെച്ച് വിലപേശല്‍ എന്നീ വകുപ്പുകള്‍ പത്ത് പ്രതികള്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്. ഇത് കൂടാതെ ഏഴ് വകുപ്പുകള്‍ വേറെയുമുണ്ട്. ദുരഭിമാനക്കൊല അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കാം എന്ന സുപ്രീം കോടതി ഉത്തരവിന്റെ8്ഥാനത്തിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം എന്നാണ് പ്രോസിക്യൂഷന്‍റെ പ്രധാന ആവശ്യം. ജീവപര്യന്തം ശിക്ഷിക്കുകയാണെങ്കിൽ മറ്റു കുറ്റങ്ങൾക്കുള്ള തടവ് ശിക്ഷ പ്രത്യേകമായി അനുഭവിക്കാൻ ഉത്തരവിടണമെന്നും ശിക്ഷ ഒന്നിച്ചു അനുഭവിക്കാൻ അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രതികളിൽ നിന്ന് നല്ലൊരു തുക പിഴ ഈടാക്കി കെവിന്റെ കുടുംബത്തിനും നീനുവിനും കെവിന്റെ സുഹൃത്ത് അനീഷിനും നൽകണം എന്നും പ്രോസിക്യൂഷൻ അന്തിമ വാദത്തില്‍ ആവശ്യപ്പെട്ടു. എന്നാൽ കെവിന്റെ കൊലപാതകം അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികളുടെ പ്രായവും ജീവിത സാഹചര്യങ്ങളും കണക്കിലെടുക്കണമെന്നും പശ്ചാത്തപിക്കാനും തെറ്റ് തിരുത്താനും അവസരം നൽകണമെന്നാണ് പ്രതിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടത്. മൂന്ന് മാസം കൊണ്ടാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിചാരണ പൂര്‍ത്തിയാക്കിയത്. നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ 2018 മേയ് 27നാണ് പ്രതികൾ കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.

സ്റ്റാര്‍ട്ട്അപ്പുകളെന്നു കേള്‍ക്കുമ്പോള്‍ പലപ്പോഴും നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് കംപ്യൂട്ടറുകളും മൊബൈള്‍ ഫോണുകളും അവയില്‍ ഉയിര്‍ക്കൊള്ളുന്ന സാങ്കേതിക പരിഹാരങ്ങളുമൊക്കെയാണ്. എന്നാല്‍ സാധാരണ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കശു പരിഹാരം കാണാനും സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാമെന്നു തെളിയിക്കുകയാണു ഡല്‍ഹി ഐഐടി വിദ്യാസർഥികളായ അര്‍ച്ചിത് അഗര്‍വാളും ഹാരി ഷെറാവത്തും.

നമ്മുടെ നാട്ടിലെ സ്ത്രീകള്‍ യാത്ര ചെയ്യുമ്പോഴും മറ്റും അനുഭവിക്കുന്ന വലിയൊരു പ്രശ്‌നമാണ് എവിടെ മൂത്രമൊഴിക്കും എന്നത്. ഹോട്ടലുകളിലും പെട്രോള്‍ പമ്പുകളിലും ബസ് സ്റ്റാന്‍ഡിലുമൊക്കെ ശുചിമുറികള്‍ കാണുമെങ്കിലും പലതിനും ഒട്ടും വൃത്തിയുണ്ടാകില്ല. വൃത്തിയില്ലാത്ത ശുചിമുറികളിലെ ക്ലോസറ്റുകളില്‍ ഇരുന്നു മൂത്രമൊഴിച്ച് അണുബാധ പിടിപെട്ടവര്‍ നിരവധി. ഈ പേടി കൊണ്ടു മൂത്രമൊഴിക്കാതെ പിടിച്ചു വയ്ക്കുമ്പോള്‍ വരുന്ന രോഗങ്ങള്‍ വേറെയും.

ഇതിനെല്ലാം പരിഹാരമായി സ്ത്രീകള്‍ക്കു നിന്നു കൊണ്ടു മൂത്രമൊഴിക്കാനുള്ള ഉപകരണമാണ് അര്‍ച്ചിതും ഹാരിയും സാന്‍ഫി എന്ന തങ്ങളുടെ സ്റ്റാര്‍ട്ട് അപ്പിലൂടെ പുറത്തിറക്കിയത്. സ്റ്റാന്‍ഡ് ആന്‍ഡ് പീ എന്ന ഈ ഉപകരണത്തിന്റെ വിലയാകട്ടെ വെറും 10 രൂപയും. ഒരു വര്‍ഷം മുന്‍പു സ്ഥാപിച്ച ഈ വ്യത്യസ്ത സ്റ്റാര്‍ട്ട് അപ്പ് കമ്പനിയിലൂടെ ഒരു കോടി രൂപ വരുമാനം എത്തിപ്പിടിച്ചിരിക്കുകയാണ് ഈ യുവാക്കള്‍.

മലമുകളിലേക്കുള്ള ഒരു സഞ്ചാരത്തിനിടെ കൂടെയുണ്ടായിരുന്ന സ്ത്രീ സുഹൃത്തിനു പൊതു ശുചിമുറി ഉപയോഗിച്ചതിനെ തുടര്‍ന്നു പിടിപെട്ട മൂത്രാശയ അണുബാധയാണ് ഇത്തരമൊരു ചിന്തയിലേക്ക് ഇവരെ എത്തിച്ചത്. എല്ലാവര്‍ക്കും താങ്ങാവുന്ന ചെലവിലുള്ളതും എളുപ്പം ഉപയോഗിക്കാവുന്നതുമായ രീതിയിലാണ് സ്റ്റാന്‍ഡ് ആന്‍ഡ് പീ വികസിപ്പിച്ചിരിക്കുന്നത്. ഓണ്‍ലൈനിലടക്കം മികച്ച വില്‍പനയാണ് ഇതിന് ലഭിക്കുന്നതെന്ന് അര്‍ച്ചിതും ഹാരിയും പറയുന്നു. ഇതിനു പുറമേ പീരിയഡ്‌സ് വേദനയ്ക്ക് ആശ്വാസം നല്‍കുന്ന ഒരു എണ്ണയും സാന്‍ഫി പുറത്തിറക്കുന്നുണ്ട്.

മലപ്പുറം തേഞ്ഞിപ്പലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മലപ്പുറത്ത് അധ്യാപകൻ കീഴടങ്ങി. ഒളിവിലായിരുന്ന അധ്യാപകന്‍ പി ടി അബ്ദുള്‍ മസൂദാണ് മഞ്ചേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ സ്‌കൂള്‍ മാനേജ്‌മെന്റ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്.

അറബിക് അധ്യാപകനായ മസൂദിനെതിരെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തേഞ്ഞിപ്പാലം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രക്ഷിതാക്കളോടൊപ്പം വിദ്യാര്‍ഥിനി സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയത്. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്.

തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ജൂണ്‍ അവസാനം പെണ്‍കുട്ടിയുടെ വീടിനുസമീപത്തെ ആളൊഴിഞ്ഞ പറമ്ബില്‍വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജമ്മുകശ്മീര്‍ വിഷയത്തില്‍ കര്‍ക്കശനിലപാടുമായി പാക്കിസ്ഥാന്‍. അടുത്തമാസം ചേരുന്ന യു.എന്‍ പൊതുസഭയില്‍ വിഷയം ഉന്നയിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യ–പാക് സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങിയാല്‍ ആഗോളതലത്തില്‍ പ്രത്യാഘാതം ഉണ്ടാകും. ഇന്ത്യയെപ്പോലെ പാക്കിസ്ഥാനും ആണവായുധം ഉണ്ടെന്ന് ഓര്‍ക്കണം. ലോകത്തെ വന്‍ശക്തികളായ രാജ്യങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്.

ആര് പിന്തുണച്ചാലും ഇല്ലെങ്കിലും പാക്കിസ്ഥാന്‍ അതിന്റെ മാര്‍ഗം തേടുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി അവസാനം വരെ പോരാടും. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിലൂടെ ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണെന്ന സന്ദേശമാണ് മോദി സര്‍ക്കാര്‍ നല്‍കുന്നതെന്നും ഗാന്ധിയുടെയുംനെഹ്റുവിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധമാണിതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു

ചൈനയിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.പെട്രോൾ പമ്പിനുള്ളിൽ വച്ച് കാറിന് തീ പിടിക്കുക. തീ ആളിപ്പടരുന്ന കാറിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെടുന്ന ഡ്രൈവർ.

പെട്രോൾ പമ്പിലെത്തി കാറില്‍ ഇന്ധനം നിറച്ചശേഷം കാർ സ്റ്റാർട്ട് ചെയ്തപ്പോഴാണ് തീ പടിച്ചത്. നിമിഷനേരം കൊണ്ട് തീ ആളിപ്പടർന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ വിന്‍ഡോയിലൂടെ ഡ്രൈവര്‍ പുറത്തേക്കുചാടി രക്ഷപ്പെട്ടു. പെട്രോള്‍ പമ്പിലെ ജീവനക്കാരുടെ കൃത്യമായ ഇടപെടലിലൂടെ തീ പെട്രോൾ പമ്പിലേക്ക് പടരുന്നത് തടയാനായി. ഇതിലൂടെ വലിയ ദുരന്തമാണ് ഒഴിവായത്.

 

മോദി അനുകൂല പ്രസ്താവനയില്‍ തന്നെ പാഠം പഠിപ്പിക്കാന്‍ ആരും വരണ്ടെന്ന് ചെന്നിത്തലയ്ക്ക് ശശി തരൂരിന്റെ മറുപടി. കോണ്‍ഗ്രസില്‍ മറ്റാരേക്കാളും ബിജെപിയെ എതിര്‍ത്തിട്ടുള്ളത് താനാണെന്നും തരൂര്‍ പറഞ്ഞു. അതേസമയം തരൂരിന്റെ മോദി അനുകൂല നിലപാട് അപലപനീയമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.

മോദി അനുകൂല നിലപാടെടുത്ത ശശി തരൂർ കോൺഗ്രസ് പാർട്ടിയിൽ ഒറ്റപ്പെടുന്നു. മോദിയെ സ്തുതിക്കേണ്ടവർക്ക് ബിജെപിയിൽ പോയി സ്തുതിക്കാമെന്ന് കെ.മുരളീധരൻ തുറന്നടിച്ചു. മോദിയെ മഹത്വവത്ക്കരിക്കുകയല്ല കോൺഗ്രസ് നേതാക്കളുടെ ജോലിയെന്ന് ബെന്നി ബെഹനാനും പറഞ്ഞു. അടിയന്തരമായി ഇടപെടണമെന്ന് ടി.എൻ.പ്രതാപൻ സോണിയ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. അതേസമയം തരൂരിന്റെ പ്രസ്താവനയെ ബിജെപി സ്വാഗതം െചയ്തു.

തിരുവനന്തപുരം മണ്ഡലം ഉൾപ്പടെ ഇരുപതിടത്തും മോദിക്കെതിരെ പ്രചാരണം നടത്തിയാണ് വിജയിച്ചതെന്ന് മുരളീധരൻ തരുരൂരിനെ ഓര്‍മപ്പെടുത്തി. നിലപാട് മാറ്റാൻ തരൂർ തയ്യാറായില്ലെങ്കിൽ ജനങ്ങൾ പഠിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ വരണമെന്നില്ല. പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന തരൂരിന്റെ പ്രതികരണത്തിനും മറുപടി നൽകി.

മുതിർന്ന നേതാക്കളെല്ലാം പരസ്യമായി തരൂരിനെതിരെ നിലപാട് കടുപ്പിക്കുകയാണ്. കോൺഗ്രസ് നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന് ടി.എൻ.പ്രതാപൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവും തരൂരിനെ തളളി പറഞ്ഞിരുന്നു.

അതേസമയം ബിജെപിക്കുള്ളില്‍നിന്ന് തരൂരിന് പിന്തുണ ലഭിച്ചു. കടുത്ത വിമർശനമുന്നയിക്കുന്നവരാണ് വേഗത്തിൽ ബിജെപിയിലേക്ക് എത്തുകയെന്ന് പി.എസ് ശ്രീധരൻപിള്ള മുരളീധരന് മറുപടി നല്‍കി. വിമര്‍ശനം ഉയര്‍ന്നിട്ടും തരൂര്‍ നിലപാട് മാറ്റാത്തതുകൊണ്ട് ഇനി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാകും നിര്‍ണായകം.

കാസര്‍കോട്, കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റില്‍ 24 ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. രാജസ്ഥാനന്‍ സ്വദേശികളായ ദമ്പതിമാരുടെ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബലൂണ്‍ വില്‍പനക്കാരായ അച്ഛനും അമ്മയും പൊലീസ് കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലില്‍ സംഭവം സംബന്ധിച്ച് രണ്ടുപേരുടെ മൊഴികളിലും വൈരുദ്ധ്യമുണ്ട്.

കഴിഞ്ഞ ദിവസം തലശേരിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ നടന്ന കലഹത്തിനിടെയാണ് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം മത്സ്യമാര്‍ക്കറ്റില്‍ കുഴിച്ചു മൂടിയന്ന വിവരം പുറത്തറിയുന്നത്. രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികള്‍ സ്വന്തം കു‍ഞ്ഞിനെ കൊന്നു കുഴിച്ചു മൂടിയെന്ന ആരോപണം വഴക്കിനിടെ ഒരു വിഭാഗം ഉയര്‍ത്തി. തുടര്‍ന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റിലാണ് കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടതെന്ന് ദമ്പതികള്‍ സമ്മതിച്ചു.

തുടര്‍ന്ന് ഇവരെ ഹൊസ്ദുര്‍ഗ് സിഐക്ക് കൈമാറി. സംഭവത്തെക്കുറിച്ച് മരിച്ച കുട്ടിയുടെ അമ്മ പറയുന്നതിങ്ങനെ കഴിഞ്ഞ പന്ത്രണ്ടിന് കണ്ണൂരില്‍ നിന്ന് രാജസ്ഥാനിലേയ്ക്ക് പോകുന്നതിനിടെ ബാക്കിവന്ന ബലൂണുകള്‍ വില്‍ക്കാന്‍ കുടുംബം കാഞ്ഞങ്ങാട് ഇറങ്ങി. പിറ്റേന്ന് രാവിലെ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി.പിന്നീട് ഭര്‍ത്താവ് ഒരു സഹായിയും ചേര്‍ന്ന് മൃതദേഹം മത്സ്യമാര്‍ക്കറ്റില്‍ കുഴിച്ചു മൂടി. ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ ചോദ്യം ചെയ്തു. സമാനമായ മൊഴിയാണ് ഇയാളില്‍ നിന്നും ലഭിച്ചത്. സംഭവത്തില്‍ അസ്വാഭിക മരണത്തിന് പൊലീസ് കേസെടുത്തു.

കുട്ടിയെ കുഴിച്ചിട്ടുവെന്ന് പറഞ്ഞ സ്ഥലത്ത് പരിശോധന നടത്തി മൃതദേഹം പുറത്തെടുത്തു.പൊലീസ് സര്‍ജന്റെ മേല്‍ നോട്ടത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ഏതാണ്ട് പൂര്‍ണമായി ജീര്‍ണിച്ച അവസ്ഥയിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേയക്ക് കൊണ്ടു പോയി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ മരണം സംബന്ധിച്ച് വ്യക്തയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

ചെക്ക് കേസിൽ അജ്മാനിൽ അറസ്റ്റിലായ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി യാത്രാ വിലക്ക് ഒഴിവാക്കാൻ പുതിയ വഴി തേടുന്നു. യുഎഇ പൗരൻറെ പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചു ജാമ്യ വ്യവസ്ഥയിൽ ഇളവ് നേടാനാണ് ശ്രമം . ഇതിനായി തുഷാർ ഇന്ന് കോടതിയിൽ അപേക്ഷ നൽകും.കോടതിക്ക് അകത്തും പുറത്തും വച്ചുള്ള ഒത്തുതീർപ്പു ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലാണ് തുഷാറിൻറെ പുതിയ നീക്കം. വിചാരണ തീരുന്നത് വരെയോ അല്ലെങ്കിൽ കോടതിക്ക് പുറത്തു കേസ് ഒത്തുതീർപ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യസ്ഥയിലാണ് അജ്‌മാൻ കോടതി കഴിഞ്ഞ വ്യാഴ്ചച്ച തുഷാറിനു ജാമ്യം അനുവദിച്ചത്. എന്നാൽ, സ്വദേശി പൗരന്റെ ആൾ ജാമ്യത്തിൽ യുഎഇ വിടാൻ കഴിയും എന്നാണ് തുഷാറിന് ലഭിച്ച നിയമോപദേശം.

തുഷാറിന്റെ സുഹൃത്തായ യുഎഇ പൗരന്റെ പേരിൽ കേസിന്റെ പവർ ഓഫ് അറ്റോർണി കൈമാറുകയും അതു കോടതിയിൽ സമർപ്പിക്കാനുമാണ് തീരുമാനം. തുഷാറിന്റെ അസാന്നിധ്യത്തില്‍ കേസിന്റെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ സാമ്പത്തിക ശേഷിയുള്ള സ്വദേശിയുടെ പാസ്പോര്‍ട്ട് മാത്രമേ സ്വീകാര്യമാവൂ.

സ്വദേശിയുടെ പാസ്പോര്‍ട്ടിൻമേലുള്ള ജാമ്യത്തിൽ നാട്ടിലേക്ക് മടങ്ങിയാല്‍ വിചാരണക്കും മറ്റുമായി കോടതി വിളിപ്പിക്കുമ്പോൾ യു എ ഇയില്‍ തിരിച്ചെത്തിയാല്‍ മതിയാകും. തുഷാർ തിരിച്ച് എത്തുന്നതില്‍ വീഴ്ചയുണ്ടായാല്‍ പാസ്പോര്‍ട്ട് ജാമ്യം നല്‍കിയ സ്വദേശി ഉത്തരവാദിയാകും. ആൾ ജാമ്യത്തിനൊപ്പം കൂടുതൽ തുകയും കോടതിയിൽ കെട്ടിവയ്‌ക്കേണ്ടി വരും നേരത്തേ തുഷാറിനു ജാമ്യം ലഭിക്കുന്നതിനുള്ള തുകയ്ക്കും നിയമസഹായത്തിനും വ്യവസായി എം.എ.യൂസഫലിയുടെ പിന്തുണയുണ്ടായിരുന്നു. പുതിയനീക്കത്തിലും യൂസഫലിയുടെ സഹായമുണ്ടാകുമെന്നാണ് സൂചന.

Copyright © . All rights reserved