പ്രധാനമന്ത്രിയെന്ന നിലയിലുള്ള ബോറിസ് ജോൺസന്റെ ആദ്യ കൺസർവേറ്റീവ് പാർട്ടി യോഗത്തില്‍തന്നെ അദ്ദേഹത്തിനെതിരെയുള്ള ലൈംഗിക ആരോപണം ഉയര്ത്തപ്പെട്ടിരുന്നു. അതോടെ ആരോപണം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തുവരാന്‍ അദ്ദേഹത്തിന്റെ ഓഫീസ് നിര്‍ബന്ധിതമായി. അമേരിക്കൻ ടെക് സംരംഭകയും മുന്‍ മോഡലുമായ ജെന്നിഫർ അർക്കൂറിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
സ്പെക്ടേറ്റർ മാസികയുടെ എഡിറ്ററായിരിക്കെ ഉച്ചഭക്ഷണ സമയത്ത് രണ്ട് സ്ത്രീകളുടെ കാലില്‍ മോശമായി സ്പര്‍ശിച്ചു എന്നതാണ് ജോൺസനെതിരെയുള്ള ആരോപണം. 1999-ല്‍ ഒരു സ്വകാര്യ ഉച്ചഭക്ഷണവേളയിൽ ജോണ്സണ് ലൈംഗികമായ ദുരുദ്ദേശത്തോടെ തന്റെ തുടകളിൽ സ്പര്‍ശിച്ചുവെന്ന് സൺഡേ ടൈംസ് പത്രപ്രവർത്തകയായ ഷാർലറ്റ് എഡ്വേർഡ്സ് വെളിപ്പെടുത്തി. അതേ പരിപാടിയിൽ മറ്റൊരു സ്ത്രീയോടും അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.
ഡൌണിംഗ് സ്ട്രീറ്റ് തുടക്കത്തിൽ അഭിപ്രായം പറയാൻ വിസമ്മതിച്ചുവെങ്കിലും സംഭവത്തെക്കുറിച്ച് മുതിർന്ന മന്ത്രിമാരടക്കം ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ‘ആരോപണങ്ങള്‍ അസത്യമാണ്’ എന്ന പ്രസ്താവനയിറക്കാന്‍ നിര്‍ബന്ധിതമായി. ‘പ്രധാനമന്ത്രിക്ക് ചിലപ്പോള്‍ സംഭവം ഓര്‍മ്മയില്ലായിരിക്കാം, പക്ഷെ എനിക്കെല്ലാം വ്യക്തമായി ഓര്‍മ്മയുണ്ടെന്ന്’ എഡ്വേർഡ്സ് ട്വീറ്റ് ചെയ്തു. ജോൺസനെതിരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കാണ് യോഗത്തില്‍ വിഷയം ആദ്യം ഉന്നയിച്ചത്. അത് അപ്പോള്‍ത്തന്നെ വിമര്‍ശിക്കപ്പെടുകയും ചെയ്തതാണ്. എന്നാല്‍, ‘എനിക്ക് ആരോപണം ഉന്നയിച്ച ആളെ അറിയാം, അവളെ വിശ്വസിക്കാം’ എന്നാണ് പിന്നീട് ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഹാൻകോക്ക് പറഞ്ഞത്. പിന്നാലെ ‘ഞാന്‍ ഹാൻകോക്കിനോട് പൂര്‍ണ്ണമായും യോജിക്കുന്നു’ എന്ന ട്വീറ്റുമായി അംബർ റൂഡും രംഗത്തെത്തി.
അതേസമയം, ബ്രെക്സിറ്റ് വിഷയത്തിൽ രണ്ട് വർഷമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിച്ചുകൊണ്ട് കൂടുതല്‍ അംഗങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് ബോറിസ് ജോണ്സണ്. തന്റെ പദ്ധതികൾക്ക് പാർലമെന്റ് തടസ്സമാകുന്നുവെന്ന് കണ്ടപ്പോഴാണ് പാർലമെന്റ് സമ്മേളനം അഞ്ചാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്യാൻ അദ്ദേഹം തയ്യാറായത്. എന്നാൽ, ഈ നടപടി നിയമവിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ബോറിസ് ജോൺസണ് കനത്ത പ്രഹരമായി. അതിനുപിന്നാലെ അദ്ദേഹം എലിസബത്ത് രാജ്ഞിയോട് മാപ്പുചോദിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
സ്വന്തം എംപിമാരില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിട്ട മുന്‍ പ്രധാനമന്ത്രി തെരേസ മേയുടെ പാതയായിരുന്നില്ല ജോണ്സണ് പിന്തുടര്ന്നിരുന്നത്. എങ്ങനെയെയും ബ്രെക്സിറ്റ് നടപ്പാക്കുക എന്നതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ നയം. അതിനാണ് കടുത്ത തിരിച്ചടിയേറ്റത്. ഇനി എങ്ങിനെയെങ്കിലും മറ്റൊരു പൊതു തിരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ നയിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനിടയിലാണ് വീണ്ടും ലൈംഗികാരോപണം തലപൊക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തുടങ്ങിയ സമയം മുതല്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ പെരുമാറ്റത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയിരുന്നു. ജോണ്‍സണെ അനുകൂലിച്ചും പ്രതികൂലിച്ചും സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ പലരും രംഗത്തുവരുന്നുണ്ട്.
പ്രണയവും വിരഹവും പാടി സംഗീതത്തിന്റെയും ഉന്മാദത്തിന്റെയും ഉച്ചസ്ഥായികളിൽ വിഷാദലഹരിയോടെ ജീവിച്ച ഹൊസെ ഹൊസെ(71)യ്ക്കു വിട. അർബുദത്തിനു ചികിത്സയിലായിരുന്നു.
അതേസമയം, ഹൊസെയുടെ മൃതദേഹം എവിടെയെന്നതിൽ സ്ഥിരീകരണമില്ലാത്തതു വിവാദമായി. മൃതദേഹം തങ്ങളുടെ ഇളയ അർധസഹോദരി സറീത്തയും അമ്മ സാറ സാലസറും ചേർന്ന് ഒളിപ്പിച്ചിരിക്കുകയാണെന്നു ഹൊസെയുടെ മക്കളായ ജോയലും മരിസോളും ആരോപിച്ചു. ഇവർ പൊലീസിൽ പരാതിയും നൽകി.
മെക്സിക്കോയിൽ, ഗായകൻ ഹൊസെ സൊസ എസ്ക്വിവലിന്റെയും പിയാനിസ്റ്റ് മാർഗരിത്ത ഓർടിസിന്റെയും മകനായി 1948 ഫെബ്രുവരി 17നു ജനിച്ച് സംഗീതത്തിൽ കളിച്ചുവളർന്ന ഹൊസെ റോമുലോ സൊസ ഓർടിസാണു ഹൊസെ ഹൊസെയായി പ്രശസ്തനായത്. ഉപേക്ഷിച്ചുപോയിട്ടും പിതാവിനോടുള്ള കടപ്പാടിന്റെ സ്നേഹമുദ്രയായി സ്വീകരിച്ചതാണു ‘ഹൊസെ ഹൊസെ’ എന്ന പേര്.
1970ലെ ലാറ്റിനമേരിക്കൻ ഗാനോത്സവത്തിൽ പാടിയ ‘എൽ ത്രിസ്തെ’ ഗാനമാണ് അത്രകാലം ജാസിലും മറ്റും ശ്രദ്ധയർപ്പിച്ചിരുന്ന ഗായകനെ താരമാക്കിയത്. 8 തവണ ഗ്രാമി നാമനിർദേശങ്ങൾ ലഭിച്ചിട്ടും പുരസ്കാരം സ്വന്തമാക്കാനായില്ല. ലാറ്റിൻ റിക്കോഡിങ് അക്കാദമിയുടെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ലഹരിമരുന്നിന് അടിമയായി, വിവാഹം തകർന്ന്, ടാക്സി കാറിൽ അന്തിയുറങ്ങി ജീവിതം കാറ്റിൽപ്പറത്തിയ ഗായകന് സുഹൃത്തുക്കളാണ് പുനർജന്മം നൽകിയത്. രോഗം മൂലം പിൽക്കാലത്തു സ്വരം നഷ്ടപ്പെട്ടിരുന്നു.
ബസ് കണ്ടക്ടറെ പൊലീസുകാര്‍ തല്ലിച്ചതച്ചു. ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടതിനു നാഗര്‍കോവിലാണ് യാത്രക്കാരായ പൊലീസുകാര്‍ തമിഴ്നാട് സര്‍ക്കാര്‍ ബസിലെ കണ്ടക്ടറെ മര്‍ദിച്ചത്. സഹയാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രണ്ടുപൊലീസുകാര്‍ അറസ്റ്റിലായി.
യാത്രക്കാരെ പോക്കറ്റടിക്കാന്‍ ശ്രമിച്ച കള്ളനെ കൈകാര്യം ചെയ്യുന്നതാണെന്നു കരുതല്ലേ. ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ട സര്‍ക്കാര്‍ ബസിലെ കണ്ടക്ടറെയാണ് ആയുധധാരികളായ പൊലീസുകാര്‍ നിറയെ യാത്രക്കാരുള്ള ബസിലിട്ടു തല്ലിച്ചതക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കിലോമീറ്ററുകള്‍ മാത്രം ദൂരമുള്ള നാഗര്‍കോവില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. തിരുനവല്‍വേലി ബസ് സ്റ്റാന്‍ഡില്‍ നിന്ന് നാഗർകോവിലേക്കു പോകുന്ന തമിഴ്നാട് സര്‍ക്കാരിന്റെ ബസിലെ യാത്രക്കാരായിരുന്നു പൊലീസുകാര്‍. യാത്ര പാസ് കാണിക്കാന്‍ തയാറാകത്തിനെ തുടര്‍ന്ന് കണ്ടക്ടര്‍ രമേശ് ടിക്കറ്റ് മുറിച്ചുനല്‍കി പിന്നീട് നടന്നത് ഇതാണ്.
യാത്രക്കാരിലാരോ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്ന് നാഗര്‍കോവില്‍ എസ്.പി അരുണ്‍ ശക്തികുമാര്‍ അന്വേഷണത്തിനു ഉത്തരവിട്ടു. സായുധസേനയിലെ മഹേഷിനെയുംതമിലരശനെയും രാത്രി തന്നെ സസ്പെന്റ് ചെയ്തു. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ഇരുവരെയും രാവിലെ അറസ്റ്റ്ുചെയ്തു സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.
ഗുജറാത്തിലെ ബനസ്കാന്തില്‍ ബസ് അപകടത്തില്‍ 21 പേര് മരിച്ചു. ബനസ്കന്ദ ജില്ലയിലെ അമ്പാജിയിലെ തൃശൂല്യ ഘട്ടിലെ മലയിടുക്കിലെ റോഡിലാണ് ബസ് മറിഞ്ഞത്. ആദ്യ റിപ്പോര്‍ട്ടില്‍ 3 പേര് മരിക്കുകയും 30 പേര്‍ക്ക് പരിക്കുപറ്റിയെന്നുമാണ് വന്നത്. 50 പേരാണ് ബസില്‍ ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ തെന്നല്‍ അനുഭവപ്പെട്ട് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രഥമിക റിപ്പോര്‍ട്ട്.
പിന്നീട് ജില്ല ഹെല്‍ത്ത് ഓഫീസര്‍ എസ്.ജി ഷാ 21 പേര് മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അപകടസ്ഥലത്ത് എത്തിയ പൊലീസ് രക്ഷപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതെയുള്ളൂ. അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാന അധികൃതരുമായി ബന്ധപ്പെട്ടതായി കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും അറിയിച്ചു.
ഐഎസ്എല്‍ ആറാം സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ടീമിനെ പ്രഖ്യാപിച്ചു. ഇരുപത്തിയഞ്ച് അംഗ ടീമിനെയാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കേരള ബ്ലാസ്റ്റേഴ്സ് അവതരിപ്പിച്ചത്. ടീമിന്റെ ജേഴ്സിയും പ്രകാശനം ചെയ്തു.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പ്ലേ ഓഫിലെത്തിച്ച ഡച്ച് പരിശീലകന് എല്‍കോ ഷട്ടോരിയുടെ കീഴിലാണ് ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കം. നൈജീരിയന്‍ താരം ബെര്‍ത്തലോമിയോ ഒഗ്ബച്ചെയാണ് ടീമിന്റെ തുറുപ്പ്ചീട്ട്. കാമറൂണ്‍ താരം റാഫേല്‍ മെസ്സി ബൗളിയും മരിയോ ആര്‍ക്വസുമെല്ലാം ഇക്കുറി ടീമിന് മുതല്‍ക്കൂട്ടാകും.
അണ്ടര്‍ 17 ലോകകപ്പ് താരം കെ പി രാഹുല്‍, ടി പി രഹനേഷ്, സഹല്‍ അബ്ദുല്‍ സമദ്, മുഹമ്മദ് റാഫി അടക്കം ആറ് മലയാളികളാണ് ഇത്തവണ ടീമിലുള്ളത്. ഒക്ടോബര്‍ ഇരുപതിന് കൊച്ചിയില്‍ എടികെയ്ക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.
കേരള ബ്ലാസ്റ്റേഴ്സ് ടീം: ഗോള്‍ കീപ്പര്‍മാര്‍- ബിലാല്‍ ഖാന്, ടി പി രഹനേഷ്, ഷിബിന്‍ രാജ്. പ്രതിരോധം- ജെയ്റോ റോഡ്രിഗസ്, ജിയാനി സ്വിവര്‍ലൂണ്‍, സന്ദേശ് ജിങ്കാന്, പ്രിതം സിങ്, ഡാരന്‍ കാല്‍ഡേരിയ, മുഹമ്മദ് റാകിപ്, ജെസ്സല്‍ കര്‍നൈറോ, ലാല്‍റുവാത്താര, അബ്ദുള്‍ ഹഖ്. മധ്യനിര- മുസ്തഫ നിങ്, മരിയോ അര്‍ക്വസ്, സെര്‍ജിയോ സിദോഞ, സാമുവല്‍ ലാല്‍മ്വാന്‍പിയ, സഹല്‍ അബ്ദു സമദ്, സത്യസെന്‍ സിങ്, കെ പ്രശാന്ത്, ഹാളിചരണ്‍ നര്‍സാരി, ജീക്സണ് സിങ്. മുന്നേറ്റം- ബര്‍തളോമ്യൂ ഒഗ്ബഷെ, റാഫേല്‍ മെസി, കെ പി രാഹുല്‍, മുഹമ്മദ് റാഫി.
ഐഎസിൽ ചേര്‍ന്ന മലയാളികളില്‍ എട്ട് പേര് അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ സ്ഥിരീകരണം. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് മലയാളികള്‍ കൊല്ലപ്പെട്ടതെന്ന് കേരള പൊലീസിനെ എന്‍ഐഎ അറിയിച്ചു. കൂടുതല്‍ നടപടികള്‍ക്കായി എന്‍ഐഎ അഫ്ഗാന് സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
കാസര്‍കോട് നിന്ന് ഐഎസില്‍ ചേര്‍ന്നവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കേരളത്തിലെ ബന്ധുക്കള്‍ക്ക് ഇതു സംബന്ധിച്ചു നേരത്തെ വിവരം ലഭ്യമായെങ്കിലും എന്‍ഐഎയുടെ സ്ഥിരീകരണം ഇപ്പോളാണുണ്ടാകുന്നത്. തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഐഎസില്‍ ചേര്‍ന്ന 23 പേരില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ട എട്ട് പേരും.
അബ്ദുല്‍ റാഷിദും ഒപ്പമുള്ളവരും ടെലഗ്രാമിലൂടെ പല ഘട്ടങ്ങളായി ബന്ധുക്കളെ അറിയിച്ച മരണങ്ങള്‍ക്കാണ് ഇപ്പോള്‍ സ്ഥിരീകരണമുണ്ടായത്. അതേ സമയം അബ്ദുല്‍ റാഷിദ് രണ്ട് മാസം മുന്‍പ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചെങ്കിലും എന്‍ഐഎ ഇത് സ്ഥിരീകരിച്ചിട്ടില്ല. പടന്ന സ്വദേശികളായ മുഹമ്മദ് മുര്‍ഷിദ്, ഹഫീസുദ്ദീന്‍, ഷിഹാസ്, അജ്മല, തൃക്കരിപ്പൂരിലെ സര്‍വീസ് സഹകരണ ബാങ്കിനു സമീപം താമസിക്കുന്ന മുഹമ്മദ് മര്‍വന്‍, ഇളമ്പച്ചിയിലെ മുഹമ്മദ് മന്‍ഷാദ്, പാലക്കാട് സ്വദേശികളായ ബാസ്റ്റിന്, ഷിബി എന്നിവരാണ് വിവിധ ഘട്ടങ്ങളിലായി കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരണം. 2016 ജൂണ്‍ മുതലാണ് ഐഎസില്‍ ചേരാനായി ഇവര്‍ ഇന്ത്യ വിടുന്നത്.
പാരീസ് ഫാഷന്‍ വീക്കില്‍ കിടിലന്‍ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ചു ബോളിവുഡ് താരം ഐശ്വര്യ റായ്. പര്‍പ്പിള്‍ നിറത്തില്‍ ഫ്ളോറല്‍ പ്രിന്റുകളോടും ട്രെയ്നോടും കൂടിയ വസ്ത്രമണിഞ്ഞെ ത്തിയ താരസുന്ദരി പാരീസ് ഫാഷന്‍ റാംപിനെ വിസ്മയിപ്പിച്ചു.
കടും ചുവപ്പ് ലിപ്സ്റ്റിക്കും പര്‍പ്പിള്‍ സ്മോക്കി ഐ മെയ്ക്കപ്പും ലുക്കിന് പൂര്‍ണ്ണതയേകി. മകള്‍ ആരാധ്യക്കൊപ്പമാണ് താരം പാരീസ് ഫാഷന്‍ വീക്കിനെത്തിയത്.
പാരീസില്‍ നിന്ന് മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. പ്രിയ സുഹൃത്ത് ഇവാ ലോന്‍ഗോറിയയുമായി കണ്ടുമുട്ടിയ വിശേഷങ്ങളും താരം പങ്കുവയ്ക്കുകയുണ്ടായി.
ശക്തമായ മഴയും പൊടിക്കാറ്റും ഉണ്ടാകാന്‍ സാധ്യതയെന്ന് സൗദി അധികൃതര്‍. പ്രളയ സാധ്യത കണക്കിലെടുത്ത് സൗദിയില്‍ ജാഗ്രതാ നിര്‍ദേശം നല്കി. സൗദി അറേബ്യയിലെ ജിസാനില്‍ ശക്തമായ മഴയും പൊടിക്കാറ്റുമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
സൗദി പ്രകൃതി സംരക്ഷണകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നല്കിയ സാഹചര്യത്തിലാണ് സിവില്‍ ഡിഫന്‍സിന്റെ നടപടി.അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും താഴ്വരകളില്‍ നിന്നും അകലം പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ബിഹാറില്‍ മലയാളികള്‍ ദുരന്തമുഖത്ത്. ബിഹാറിലെ പ്രളയത്തില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. രാജേന്ദ്ര നഗറില്‍ പത്തിലധികം കുടുംബങ്ങളാണ് കുടുങ്ങിയിരിക്കുന്നത്. സഹായത്തിന് ആരും എത്തിയില്ലെന്ന് പത്തനംതിട്ട സ്വദേശികള്‍ പറയുന്നു.
ബിഹാറിലെയും യുപിയിലെയും പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. നാല് ദിവസമായി ഇവിടെ നിര്‍ത്താതെ മഴ പെയ്യുന്നു. റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തിരിക്കുകയാണ്.
ബിഹാറിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ കേരളം സന്നദ്ധമാണെന്ന് കേരളം ബിഹാര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്രെ നിര്‍ദ്ദേശപ്രകാരം എ സമ്പത്താണ് ബിഹാര്‍ സര്‍ക്കാരുമായും മറ്റും ബന്ധപ്പെട്ടത്.
ലോകത്ത് ഏറ്റവും കൂടുതല്‍ കഞ്ചാവ് ഉപയോഗിക്കുന്ന മൂന്നാമത്തെ നഗരം ഡല്‍ഹിയാണെന്ന് ജര്‍മ്മന്‍ ഡാറ്റ ഫേം ആയ എബിസിഡി. 2018ലെ കണക്കുകള്‍ പ്രകാരം ലോകത്തിലെ 120 നഗരങ്ങളില്‍ കഞ്ചാവ് ഉപയോഗത്തില്‍ ആദ്യ സ്ഥാനത്ത് ന്യൂയോര്‍ക്കും രണ്ടാം സ്ഥാനത്ത് പാകിസ്താനിലെ കറാച്ചിയുമാണ്. മുംബൈ ആറാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ 38.2 ടണും മുംബൈയില്‍ 32.4 ടണും മരുജുവാനയുമാണ് ഉപയോഗിച്ചതെന്ന് എബിസിഡി പറയുന്നു.
ഡല്‍ഹിയില്‍ കഞ്ചാവ് ഉപയോഗം കൂടുതലായതുകൊണ്ട് തന്നെ ലഹരി വിമുക്ത കേന്ദ്രങ്ങള്‍ തലസ്ഥാനത്ത് തഴച്ചുവളരുകയാണ്. മാസം 2000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപവരെയാണ് ഈ കേന്ദ്രങ്ങള്‍ ഈടാക്കുന്നത്. പല കേന്ദ്രങ്ങളിലും അശാസ്ത്രീയമായ രീതിയിലാണ് ലഹരിക്ക് അടിമപ്പെട്ടവരെ പരിചരിക്കുന്നത് എന്നതുകൊണ്ടു തന്നെ ഇവര്‍ കഞ്ചാവ് ഉപയോഗത്തില്‍ നിന്ന് മോചിതരാക്കുന്നില്ല. ലഹരി വിമുക്ത കേന്ദ്രങ്ങളില്‍ പലതും വ്യാപാര സ്ഥാപനങ്ങള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപണങ്ങളുണ്ട്.
ഡല്‍ഹിയില്‍ മാത്രം 25000 സ്കൂള്‍ കുട്ടികളാണ് മയക്കുമരുന്നുകള്‍ക്ക് അടിമപ്പെട്ടിരിക്കുന്നതെന്ന് നഷ മുക്തി കേന്ദ്ര ഡയറക്ടര്‍ സോമേഷ് സിംഗിനെ ഉദ്ധരിച്ച് ഇന്ത്യടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടുത്തെ മിക്കവാറും എല്ലാ ഡി-ആഡിക്ഷന്‍ സെന്ററുകളും നിറഞ്ഞിരിക്കുകയാണ്. ഇത് ഒരു മുന്നറിയിപ്പാണ്. അതിനാല്‍ ഡല്‍ഹി ഒരു ‘ഉഡ്താ പഞ്ചാബ്’ (കിറുങ്ങി നില്ക്കുന്ന പഞ്ചാബ്) ആകുന്നത് തടയാന്‍ സര്‍ക്കാരും നോഡല്‍ ഏജന്‍സികളും ഉറക്കമുണര്‍ന്ന് വേഗത്തില്‍ നടപടിയെടുക്കണമെന്നാണ് അദ്ദേഹം പറയുന്നത്.
ഡല്‍ഹിയിലെ ഉദ്ദംനഗര്‍, കാശ്മീരി ഗേറ്റ്, ദ്വാരക, നോര്‍ത്ത് കാമ്പസ്, കല്‍ക്കാജി തുടങ്ങിയ പ്രദേശങ്ങളെല്ലാം വലിയ തോതില്‍ കഞ്ചാവ് ഇടപാടുകള്‍ നടക്കുന്ന കേന്ദ്രങ്ങളാണെന്നാണ് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയിലെ (എന്‍സിബി) മുന്‍ സോണല്‍ ഡയറക്ടര്‍ മാധോ സിംഗ് പറയുന്നത്. കൗമാരക്കാര്‍ എളുപ്പത്തില്‍ വഴിതെറ്റാന്‍ സാധ്യതയുള്ളവരാണ്. അവര്‍ ലഹരിക്ക് അടിമപ്പെടാന്‍ ഒരു കാരണം കഞ്ചാവ് സുലഭമായി ലഭിക്കുന്ന സാഹചര്യവും വിലകുറവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
സ്പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ജീവ് യാദവ് വെളിപ്പെടുത്തുന്നത്, ഇന്ത്യയില്‍ സുലഭമായി കഞ്ചാവ് കൃഷി നടത്തുന്നത് ഉപഭോഗം വര്‍ദ്ധിക്കുന്നതിന്റെ ഒരു കാരണമാണ്. കൂടാതെ, വില കുറവും ആകര്‍ഷിക്കുന്നു. മണിപ്പൂര്‍, മ്യാന്മര്, അസം പശ്ചിമ ബംഗാള്‍, ഒഡീഷ, ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും ലഹരി വ്യാപാരികള്‍ ഡല്‍ഹിയിലേക്ക് ചരക്കുകള്‍ അയയ്ക്കുന്നത്.
ഗുണനിലവാരം അനുസരിച്ച് ഗ്രാമിന് 300 രൂപ മുതലാണ് കഞ്ചാവ് വില്‍ക്കുന്നത്. പോലീസ് വൃത്തങ്ങള്‍ പറയുന്നത്, ഈ വര്‍ഷം ഡല്‍ഹയില്‍ നിന്ന് 2,500 കിലോഗ്രാം കഞ്ചാവ്, പോലീസും എന്‍സിബി ഉദ്യോഗസ്ഥരും പിടിച്ചെടുത്തിട്ടുണ്ടെന്നാണ്. അന്താരാഷ്ട്ര റാക്കറ്റുകളുമായി ബന്ധപ്പെടുന്നതിന് ലഹരി വ്യാപാരികള്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പടെയുള്ള പല സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നുണ്ട്. കൂടാതെ പണം നല്കാന് ഇ-വാലറ്റുകളും ഉപയോഗിക്കുന്നു.
മയക്കുമരുന്നിന് അടിമകളായവര്‍ പിന്നീട് വില കൂടിയ കഞ്ചാവിന്റെ ഇനങ്ങളിലേക്ക് മാറുന്നുണ്ട്. വിദേശങ്ങളില്‍ നിന്ന് എത്തുന്ന എണ്ണ, മെഴുക് രൂപത്തില്‍ കൊണ്ടുവരുന്ന വിലകൂടിയ ഇനങ്ങളായ പാര്‍ട്ടി ഡ്രഗിലേക്ക് മാറുകയാണെന്നാണ് ലഹരി വിമുക്ത കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ പറയുന്നത്. കഞ്ചാവ് ബ്രൗണികളും മരിജുവാന മിക്സഡ് ടീയുമൊക്കെയാണ് യുവാക്കള്‍ക്ക് താല്പര്യമെന്നും അവര്‍ പറയുന്നു.