Latest News

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) തുടങ്ങാന്‍ ആഴ്ചകള്‍ ശേഷിക്കെ താരങ്ങളുടെ ഐപിഎല്‍ സാനിധ്യം സംബന്ധിച്ച് ആശയ കുഴപ്പം നിലനില്‍ക്കുകയാണ്. ഏകദിന ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പല ദേശീയ ടീമുകളും തങ്ങളുടെ താരങ്ങളെ എപ്പോള്‍ വേണമെങ്കിലും പിന്‍വലിച്ചേക്കാന്‍ സാധ്യതയറെയാണ്. ഇതിനോടകം ഐപിഎല്‍ ടീമുകള്‍ മത്സരങ്ങള്‍ക്കായുള്ള മുന്നൊരുക്കം
ആരംഭിച്ച് കഴിഞ്ഞു.നേരത്തെ ലോകകപ്പ് ടീമിലുള്ള ഇന്ത്യന്‍ ബോളര്‍മാര്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറണമെന്ന ഇന്ത്യന്‍ നായകന്‍ കോഹ്ലി അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് ഇത് വിവാദമാകുകയും ചെയ്തു.

താരങ്ങളുടെ ഐപിഎല്‍ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കി ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി രംഗത്ത് വന്നിരിക്കുകയാണ്. ചില താരങ്ങള്‍ക്ക് ഐപിഎല്ലില്‍ നിന്ന് വിശ്രമം അനിവാര്യമാണെന്ന നിലപാടിലാണ് അമിതാഭ് ചൗധരി. താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നതോടെ ‘ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഏതൊക്കെ താരങ്ങളാവും ഉണ്ടാവുക ഏകദേശം ഉറപ്പിക്കാം. എന്നാല്‍ ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമകള്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നതില്‍ ശക്തമായ എതിര്‍പ്പാണ്. വലിയ തുകയ്ക്കാണ് താരങ്ങളെ ടീമിലെത്തിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ താരങ്ങളുടെ അഭാവം മത്സര ഫലത്തെ കാര്യമായി ബാധിക്കുമെന്നും ടീം മാനേജ്‌മെന്റുകള്‍ പറയുന്നു.

ലോകകപ്പിന് മുന്‍പ് താരങ്ങളുടെ ജോലിഭാരം കുറയ്ക്കുകയെന്നലക്ഷ്യം ബിസിസിഐയ്ക്ക് മുന്നിലുണ്ട്. സെലക്ടര്‍മാര്‍ ടീം പ്രഖ്യാപിച്ചതിന്ശേഷം ടീമിന്റെ പരിശീലകരുടേയും അഭിപ്രായം നോക്കിയാകും ഐപിഎല്ലിനിടയിലെ താരങ്ങളുടെ വിശ്രമം അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്തുക.

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ ഇത്തവണ ഭാഗ്യം തേടി എത്തിയത് മലയാളി കുടുംബത്തിനരികെയാണ്. 1.2 കോടി ദിര്‍ഹം(ഏകദേശം 23 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് മലയാളിക്ക് അടിച്ചത്. ഈ വര്‍ഷം നടന്ന മൂന്നാം നറുക്കെടുപ്പിലാണ് ആലപ്പുഴ ജില്ലക്കാരന്‍ റോജി ജോര്‍ജിന് ഭാഗ്യം തുണച്ചത്.

12 വര്‍ഷത്തിലധികമായി കുടുംബത്തോടൊപ്പം കുവൈത്തില്‍ താമസിക്കുകയാണ് റോജി. മകള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്വകാര്യ കമ്പനിയില്‍ പര്‍ച്ചേയ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ് റോജി. അഞ്ചാമത്തെയോ ആറാമത്തെയോ ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നതെന്ന് റോജി പറയുന്നു.

അബുദാബി എയര്‍പോര്‍ട്ടില്‍ നടന്ന നറുക്കെടുപ്പിന് ശേഷം സമ്മാനവിവരം അറിയിച്ചുകൊണ്ട് വിളിച്ചപ്പോള്‍, പതിവുപോലെ ഒരു മലയാളി വിജയിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നറുക്കെടുപ്പ് നടക്കുന്ന ദിവസമായിരുന്നതിനാല്‍ ആര്‍ക്കാണ് സമ്മാനം എന്നറിയാന്‍ വെബ്സൈറ്റില്‍ പരിശോധിച്ചു. തന്റെ പേര് കണ്ട് ഞെട്ടിയപ്പോയി. സമ്മാനവിവരം ഔദ്യോഗികമായി അറിയിച്ചുകൊണ്ട് ഫോണ്‍വിളിയുമെത്തി. അപ്രതീക്ഷിതമായിരുന്നുവെന്നും കോടീശ്വരനായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ നറുക്കെടുപ്പില്‍ ആദ്യത്തെ ഏഴ് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആറും ഇന്ത്യക്കാര്‍ക്ക് തന്നെയായിരുന്നു. ഒരു ശ്രീലങ്കക്കാരനും വിജയികളുടെ പട്ടികയില്‍ ഇടം നേടി. ഈ വര്‍ഷം ഇതുവരെ നടന്ന മൂന്ന് നറുക്കെടുപ്പുകളിലും ഒന്നാം സമ്മാനം മലയാളികള്‍ക്ക് തന്നെയാണ് ലഭിച്ചിരുന്നത്.

അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനകം നാട്ടിലേക്ക് മടങ്ങണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനം ലഭിക്കുന്ന തുക കൊണ്ട് വലിയ ലക്ഷ്യങ്ങളൊന്നും നേടണമെന്ന് മനസിലില്ല. കിട്ടുന്ന പണം കൊണ്ട് എന്തെങ്കിലും ചെയ്യാനുദ്ദേശിച്ചല്ല ടിക്കറ്റെടുത്തതെന്നും സാധാരണക്കാരനായിത്തന്നെ ജീവിതം തുടരുമെന്നും റോജി പറഞ്ഞു.

കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവയ്പിനായി പ്രാദേശിക സഹായം ഒരുക്കിയ ശൃംഖലയിലെ പ്രധാന കണ്ണിയെ തിരിച്ചറിഞ്ഞു. ഇയാളുടെ വീടുകൾ അടക്കം രണ്ട് കേന്ദ്രങ്ങൾ ക്രൈംബ്രാഞ്ച് റെയ്ഡ് ചെയ്തു. ലുക്ക്ഔട്ട് നോട്ടീസ് ഉടൻ പുറപ്പെടുവിക്കും. വെടിവയ്പിന് ചുക്കാൻപിടിച്ച മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ സംഘം രണ്ടുമാസം മുന്‍പാണ് പനമ്പള്ളി നഗറിലെ ബ്യൂട്ടി പാര്‍ലര്‍ ആക്രമിച്ചത്.

നടിയും ബ്യൂട്ടിപാർലർ ഉടമയുമായ ലീന മരിയ പോളിന് ഭീഷണിയുണ്ടെന്ന് വെടിവയ്പ് ഉണ്ടായ ഡിസംബർ 15ന് മുൻപ് തന്നെ കൊച്ചി സിറ്റി പൊലീസ് അറിഞ്ഞു. വിവരം നൽകിയത് ഇവരുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ട കൊല്ലംകാരനായ ഡോക്‌ടർ. കുപ്രസിദ്ധ കുറ്റവാളി രവി പൂജാരി 25 കോടി ആവശ്യപ്പെട്ടിരിക്കുന്നതായും കൊടുത്തില്ലെങ്കിൽ ആക്രമണത്തിന് സാധ്യത ഉണ്ടെന്ന് കൂടി ഇയാൾ തന്നെ രഹസ്യവിവരം നൽകിയിരുന്നു. സംശയിക്കാൻ ആദ്യ കാരണം ഇതായി. വെടിവയ്പിനെക്കുറിച്ച് മുൻകൂർ വിവരം അറിയാൻ ഇടയായത് എങ്ങനെയെന്ന് വിളിച്ചുവരുത്തി മൊഴിയെടുത്തെങ്കിലും തൃപ്തികരമായ മറുപടി ഉണ്ടായില്ല.

ഇതോടെ ഡോക്‌ടർ നിരീക്ഷണത്തിലായി. കൊച്ചിയും പെരുമ്പാവൂരും കേന്ദ്രീകരിച്ച ചില ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം തിരിച്ചറിഞ്ഞതോടെ വീണ്ടും വിളിപ്പിച്ചു. എന്നാൽ അവിടം മുതൽ പൊലീസിന് പിടികൊടുക്കാതെ ഒളിച്ചുകളിക്കുന്ന സ്ഥിതിയായി. ഇതോടെയാണ് പുതുതായി അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം വീടുകൾ റെയ്ഡ് ചെയ്ത് തെളിവ് ശേഖരിക്കാൻ ഇറങ്ങിയത്.

കൊല്ലം അഞ്ചലിലെ ഡോക്‌ടറുടെ സ്വന്തം വീട്ടിലും കാഞ്ഞങ്ങാട്ടുള്ള ഭാര്യ വീട്ടിലും വെള്ളിയാഴ്ച ഒരേ സമയം പരിശോധന നടന്നു. ഏതാനും ദിവസം മുൻപ് വീട്ടിലെത്തിയ ഡോക്‌ടർ പാസ്പോർട്ട് ശേഖരിച്ച് പോയതായി വിവരം ലഭിച്ചു. വിദേശത്തേക്ക് കടക്കാതിരിക്കാൻ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത് ഈ സാഹചര്യത്തിൽ ആണ്. മലയാളത്തിൽ ഏതാനും സിനിമകളും നിർമ്മിച്ചിട്ടുള്ള ഡോക്‌ടർക്ക് ലീന മരിയ പോളുമായി പ്രശ്നങ്ങൾ ഒന്നുമില്ല. എന്നാൽ ചെക്ക് കേസും വാഹനപണയങ്ങളുമായി കാര്യമായ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് വ്യക്തമായതിനാൽ ആ നിലയ്ക്കാണ് അന്വേഷണം.

നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിനോട് പ്രണയം തോന്നിയിരുന്നുവെന്ന് നടി ഷക്കീല. ഒടു ടിവി ഷോക്കിടെയാണ് ഷക്കീല ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന് പ്രേമലേഖനം അയച്ചിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി.

മണിയൻപിള്ള രാജു നിർമിച്ച മോഹൻലാൽ നായകനായ ഛോട്ടാ മുംബൈയുടെ സെറ്റിൽ വെച്ചാണ് തനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയതെന്നും താരം പറയുന്നു. ചിത്രത്തിൽ ഷക്കീല അതിഥി വേഷത്തിൽ എത്തിയിരുന്നു.
” 2007ൽ ഛോട്ടാ മുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെ എന്റെ അമ്മ രോഗബാധിതയായി. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവന്നു. ഒരുപാട് പണം വേണ്ടിവന്നിരുന്നു.

ഞാൻ ഉടനെ നിർമാതാവ് മണിയൻപിള്ള രാജുവിനെ പോയി കണ്ടു. ഞാൻ അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായിരുന്നില്ലെങ്കിലും അദ്ദേഹം എനിക്കുള്ള പ്രതിഫലം മുൻകൂറായി നൽകി. എനിക്കത് വലിയൊരു സഹായമായിരുന്നു”, ഷക്കീല പറയുന്നു.താനയച്ച പ്രണയലേഖനത്തിന് ഇതുവരെ മറുപടിയൊന്നും കിട്ടിയിട്ടില്ലെന്നും താരം പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാർഥികളായി. തിരുവനന്തപുരത്ത് സി. ദിവാകരനും വയനാട് പിപി. സുനീർ, മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ, തൃശൂർ രാജാജി മാത്യു തോമസ് എന്നിവരാണ് മത്സരിക്കുക.

മത്സരിക്കാനില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. സെക്രട്ടറിയെന്ന നിലയില്‍ തിരഞ്ഞെടുപ്പില്‍ ഭാരിച്ച ഉത്തരവാദിത്തമുണ്ടെന്നു സിപിഐ സംസ്ഥാനനിര്‍വാഹകസമിതിയില്‍ കാനം നിലപാടറിയിച്ചു. തിരുവനന്തപുരം മണ്ഡലത്തിലാണ് കാനത്തിന്റെ പേര് നിര്‍ദേശിച്ചിരുന്നത്. ഇതോടെയാണ് ദിവാകരനു നറുക്ക് വീണത്.

നാലു മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ഥി പാനല്‍ നിശ്ചയിക്കാനാണ് സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതി ഇന്നുചേർന്നത്. സംസ്ഥാന നിര്‍വാഹകസമിതി നാലു മണ്ഡലങ്ങളിലേക്കും മൂന്നുപേര്‍ വീതമടങ്ങുന്ന പാനലുകള്‍ തയാറാക്കി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന ദേശീയ സെക്രട്ടേറിയറ്റും കൗണ്‍സിലുമായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുക.

എന്നാൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ ഇന്ദിര ഭവനിൽ ചേർന്ന കെപിസിസി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം പേരെടുത്തുള്ള ചർച്ചകളിലേക്ക് കടക്കാതെ പിരിഞ്ഞു. കമ്മിറ്റി അംഗങ്ങളുമായി പ്രത്യേകം ചർച്ച നടത്തി അവരുടെ അഭിപ്രായങ്ങൾ അറിയിക്കാൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തി .

ഡിസിസികൾ നൽകിയ പട്ടിക കൂടി പരിഗണിച്ച് ഈയാഴ്ച അവസാനത്തോടെ സ്ഥാനാർത്ഥി പട്ടിക ഹൈക്കമാൻഡിന് നല്‍കും. സിറ്റിങ് സീറ്റുകളില്‍ നിലവിലുള്ള എംപിമാരുടെ പേരുകള്‍ തന്നെ നല്‍കാനാണ് കെപിസിസി തീരുമാനം. എന്നാല്‍ പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെ പേര് ജില്ലാ നേതൃത്വത്തിന്റെ പട്ടികയില്‍ ഇല്ല. പത്തനംതിട്ട ‍ഡിസിസിക്ക് കെപിസിസിയുടെ വിമര്‍ശനം നേരിടേണ്ടി വന്നു. അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്ന് ഡിസിസിക്ക് നിര്‍ദേശം നൽകി.

എറണാകുളത്ത് കെ.വി.തോമസിന് പകരം പുതിയ പേരുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ചാലക്കുടിയില്‍ പി.സി.ചാക്കോയുടെ പേര് ഉയര്‍ന്നുവന്നതും വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ മല്‍സരിക്കണമെന്ന അഭിപ്രായം ശക്തമായതും സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് വി.എം. സുധീരന്‍ വ്യക്തമാക്കി. ഇക്കാര്യം കെ.പി.സി.സി തിരഞ്ഞെടുപ്പ് കമ്മിറ്റിയെ അറിയിച്ചു. തന്റെ പേര് യോഗത്തില്‍ ഉയര്‍ന്നപ്പോഴായിരുന്നു പ്രതികരണം

ഇസ്ലാമാബാദ്: ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ ജീവിച്ചിരിപ്പുണ്ടെന്ന് പാക് മാധ്യമങ്ങള്‍. മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഉദ്ധരിച്ചാണ് പാക് മാധ്യമങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന മസൂദ് അസ്ഹര്‍ മരിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരുന്നില്ല. ഉര്‍ദു ദിനപത്രമായ ജിയോയാണ് മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഉദ്ധരിച്ച് മരണവാര്‍ത്ത വ്യാജമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

മൗലാന മസൂദ് അസ്ഹര്‍ രാജ്യത്തുണ്ടെന്നും വിവിധ രോഗങ്ങള്‍ ബാധിച്ച് വീടുവിട്ട് പുറത്തുപോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നും പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷി കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. വൃക്ക രോഗബാധിതനായ മസൂദ് റാവല്‍പിണ്ടിയിലെ ഒരു സൈനിക ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഇന്ത്യന്‍ സൈന്യവും സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് മരണ വാര്‍ത്ത പുറത്തുവന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തീവ്രവാദ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധി കേന്ദ്രം മസൂദ് അസദാണെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണ്ടെത്തല്‍. ഇന്ത്യയിലെ ജയിലില്‍ നിന്നും തീവ്രവാദികള്‍ മോചിപ്പിച്ച ശേഷമാണ് മസൂദ് ജെയ്‌ഷെ മുഹമ്മദ് രൂപീകരിച്ച് പ്രത്യക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിറുങ്ങത്. 2001ലെ പാര്‍ലമെന്റ് ആക്രമണം, 2008ലെ മുംബൈ ഭീകരാക്രമണം, 2016ലെ പത്താന്‍കോട്ട് ആക്രമണം തുടങ്ങിയവ ആസൂത്രണം ചെയ്തതും മസൂദ് അസറാണ്.

ലണ്ടന്‍: പൊലീസ് ഹെലികോപ്റ്ററില്‍ ഔദ്യോഗിക കൃത്യനിര്‍വഹണമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യക്തികളുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. ബ്രിട്ടനിലാണ് ഈ ലജ്ജിപ്പിക്കുന്ന സംഭവം. യോര്‍ക്ക്ഷയര്‍ പോലീസ് സേനയില്‍ ഉദ്യോഗസ്ഥരായ പിസി മാത്യു ലൂക്കാസ് (43), അഡ്രിയാന്‍ പോഗമര്‍, മുന്‍ ഉദ്യോഗസ്ഥന്‍ ലീ വാല്‌സ് (48) എന്നിവരാണ് സംഭവത്തിന് പിന്നില്‍.

അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള ധാരാളം അശ്ലീല ചിത്രങ്ങളാണ് പകര്‍ത്തിയിട്ടുള്ളത്. ഹെലികോപ്റ്റര്‍ താഴ്ത്തി പറത്തിയാണ് ഇവര്‍ ഇതുപോലുള്ള ചിത്രങ്ങളെടുക്കുന്നത്. ദമ്പതികള്‍ അവരുടെ പൂന്തോട്ടത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഒരു സ്ത്രീ നഗ്‌നയായി സണ്‍ ബാത്ത് നടത്തുന്ന ചിത്രങ്ങളും ഇവര്‍ പകര്‍ത്തിയവയില്‍ പെടുന്നു.

ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. 2007 മുതല്‍ 2012 വരെയാണ് ഇവര്‍ അനധികൃതമായി ഇത്തരം വീഡിയോകളും ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തിയത്. 2007ലാണ് ബിക്കിനിയിട്ട 18ഉം 15ഉം വയസ്സുള്ള സഹോദരങ്ങള്‍ക്കൊപ്പം യുവതി നഗ്‌നയായി സണ്‍ ബാത്ത് നടത്തുന്ന ചിത്രവും വീഡിയോയും ഉദ്യോഗസ്ഥര്‍ പകര്‍ത്തിയത്. അതേസമയം, മറ്റ് ഉദ്യോഗസ്ഥര്‍ സഹപ്രവര്‍ത്തകരുടെ ഈ പ്രവർത്തിയെ കുറിച്ച് അറിഞ്ഞിരുന്നില്ല.ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആന കിടക്കാന്‍ ശ്രമിക്കുന്നതിനിടെ അടിതെറ്റി ആനയ്ക്കയിൽ വീണ് പാപ്പാന് ദാരുണാന്ത്യം. ഭാരത് വിശ്വനാഥൻ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് ആലപ്പുഴ ചെന്നിത്തല സ്വദേശിയായ പാപ്പാൻ അരുൺ പണിക്കര്‍ അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ കോട്ടയത്ത് കാരാപ്പുഴയിലാണ് സംഭവം.

ആനയോട് കിടക്കാന്‍ പറഞ്ഞതും പാപ്പാൻ നിൽക്കുന്ന വശത്തേക്ക് ആന കിടന്നു. മറ്റേ വശത്തേക്ക് കിടക്കാൻ ആനയോട് പറയുന്നതിനിടെ അരുണ്‍ തെന്നി ആനക്കടിയിലേക്ക് വീഴുകയായിരുന്നു. മറ്റ് പാപ്പാൻമാർ എത്തി ആനയെ എണീപ്പിച്ച ശേഷം അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

“ആനയ്ക്ക് അടിയിൽ പെട്ട് പാപ്പാന്‍റെ തലയോട്ടി തകര്‍ന്നു. മൂന്ന് പാപ്പാൻ മാരിൽ രണ്ട് പേര്‍ സമീപത്ത് തന്നെ ഉണ്ടായിരുന്നു. ഓടിവന്ന് ആനയെ എഴുന്നേൽപ്പിച്ച് പാപ്പാനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

22 വയസ്സുള്ള ആനയാണ് ഭാരത് വിശ്വനാഥൻ. ഒരു വര്‍ഷം മുമ്പാണ് ആലപ്പുഴ ചെന്നിത്തല സ്വദേശിയായ അരുൺ പണിക്കര്‍പാപ്പാനായി ചുമതല ഏറ്റെടുത്തത് .പാപ്പാന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്

കടപ്പാട്; ഏഷ്യാനെറ്റ് ന്യൂസ്

റാംജിറാവ് സ്പീക്കിംഗിലെ താന്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രം അണിഞ്ഞ ഷര്‍ട്ട് സംവിധായകരില്‍ ഒരാളായ ലാലിന്റേതായിരുന്നെന്ന് വിജയരാഘവന്‍. ജെല്ലൊന്നുമില്ലാത്ത കാലമായതിനാല്‍ മുട്ടയുടെ വെള്ള തേച്ചാണ് മുടി പിറകിലേക്ക് ചീകി വച്ചതെന്നും അദ്ദേഹം പറയുന്നു. ഇതുള്‍പ്പെടെ താന്‍ അഭിനയിച്ചവയില്‍ എക്കാലത്തെയും പ്രിയ കഥാപാത്രത്തിന്റെ മേക്കോവറിനെ സംബന്ധിച്ച രസകരമായ വസ്തുതകള്‍ മാതൃഭൂമി വാരാന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് വിജയരാഘവന്‍ പറയുന്നത്. 30 വര്‍ഷത്തിന് ശേഷം റാംജിറാവ് എന്ന കഥാപാത്രം സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ് സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന മാസ്‌ക് എന്ന ചിത്രത്തിലൂടെ.

“ജെല്ലൊന്നുമില്ലാത്ത കാലമായതിനാല്‍ മുട്ടയുടെ വെള്ള മുടിയില്‍ തേച്ചാണ് മുടി പിറകോട്ട് ചീകിവച്ചത്. മുഖത്തിന് വലുപ്പം കൂട്ടാനായി മുന്‍വശത്തെ മുടി ഷേവ് ചെയ്ത് നെറ്റി വലുതാക്കി. മീശയും കൃതാവും താഴോട്ടിറക്കാന്‍ മേക്കപ്പ്മാനോട് ആവശ്യപ്പെട്ടു. മിലിട്ടറി യൂണിഫോമിന് സമാനമായ ഷര്‍ട്ടും പാന്റുമായിരുന്നു കഥാപാത്രത്തിനായി കരുതിയിരുന്നത്. രൂപത്തോട് ചേരുന്നൊരു വസ്ത്രം നോക്കിയപ്പോഴാണ് അന്ന് സംവിധായകന്‍ ലാല്‍ ധരിച്ച ഷര്‍ട്ട് കണ്ണിലുടക്കിയത്. ലാലില്‍നിന്ന് അത് ഊരി വാങ്ങി. വലിയ ഇറക്കമുള്ള രണ്ട് പോക്കറ്റുകളെല്ലാമുള്ള ഷര്‍ട്ട് ആയിരുന്നു അത്. റാംജിറാവ് ധരിച്ച കാറലുകളുള്ള ജീന്‍സ് ക്യാമറാമാന്‍ വേണുവിന്റേതാണ്. സ്റ്റുഡിയോയ്ക്ക് തൊട്ടടുത്തുള്ള വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ചെയിന്‍ വാങ്ങി അരയില്‍ കെട്ടി”, വിജയരാഘവന്‍ പറയുന്നു.

കഥാപാത്രത്തിന്റേ വിചിത്രമായ പേരിനെക്കുറിച്ച് സിദ്ദിഖിനോടും ലാലിനോടും ചോദിച്ചിരുന്നെന്നും റാംജിറാവ് വലിയ പുള്ളിയാണെന്ന് മാത്രം പറഞ്ഞ് അവര്‍ ആ ചോദ്യം ചിരിച്ചുതള്ളിയെന്നും വിജയരാഘവന്‍ പറയുന്നു. റാംജിറാവിനെ പുനരവതരിപ്പിക്കുന്ന ‘മാസ്‌കി’ല്‍ ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, സലിം കുമാര്‍ എന്നിവരും അഭിനയിക്കുന്നു.

ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വ്യോമമേഖലയില്‍ ജാഗ്രത നിര്‍ദേശം. വിമാനത്താവളങ്ങളും വിമാനക്കമ്പനികളും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടേതാണ് മുന്നറിയിപ്പ്.

എയര്‍പോര്‍ട്ട് കെട്ടിടങ്ങള്‍, വ്യോമത്താവളങ്ങള്‍, ഹെലിപാഡുകള്‍, ഏവിയേഷന്‍ ട്രെയിനിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് 20 ഇന സുരക്ഷാമാര്‍ഗ്ഗരേഖ നിര്‍ദേശിച്ചു. യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കുക, ടെര്‍മിനലുകള്‍ക്ക് മുന്നില്‍ പാര്‍ക്കിംഗ് നിരോധിക്കുക, യാത്രാവിമാനങ്ങള്‍ ഒഴികെയുളളവയുടെ പറക്കലിന് നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. മറ്റൊരു നിര്‍ദേശം ഉണ്ടാകുന്നതുവരെ ഇത് തുടരണമെന്നാണ് അറിയിപ്പ്.

കടല്‍ വഴി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറംകടലില്‍ കണ്ടാല്‍ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.കടല്‍ വഴിയും ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved