രണ്ട് മാസത്തിലേറെ നീണ്ട അനിശ്ചിത്വത്തിനൊടുവില്‍ ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണകപ്പല്‍ സ്റ്റെന ഇംപരോ വിട്ടയച്ചു. അവശേഷിച്ചിരുന്ന 16 കപ്പല്‍ ജീവനക്കാരും മോചിതരായി.
സ്വീഡിഷ് ഉടമസ്ഥയിലുള്ള സ്റ്റെന ഇംപരോ ബ്രിട്ടന്റെ പതാകയാണ് വഹിക്കുന്നത്. എത്രയും പെട്ടെന്ന് ഇറാന് സമുദ്ര പരിധിയില്‍ നിന്ന് നീങ്ങുമെന്ന് കപ്പല്‍ ഉടമസ്ഥര്‍ അറിയിച്ചു. അന്താരാഷ്ട്ര സമുദ്ര ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് കപ്പല്‍ പിടികൂടിയതെന്നാണ് ഇറാന്റെ വിശദീകരണം.
യൂറോപ്യന്‍ യൂനിയന്‍ ഉപരോധം നിലനില്‍ക്കെ, സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഇറാന്റെ എണ്ണ കപ്പല്‍ ജിബ്രാള്‍ട്ടറില്‍ തടഞ്ഞതില്‍ പ്രതിഷേധിച്ചായിരുന്നു ജൂലൈ 19ന് ബ്രിട്ടീഷ് എണ്ണ കപ്പല്‍ സ്റ്റെന ഇംപരോ തെഹ്റാന് പിടിച്ചെടുത്തത്. ഇതേ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷമാവുകയും രണ്ട് യുദ്ധകപ്പലുകള്‍ ബ്രിട്ടന് മേഖലയിലേക്ക് അയക്കുകയും ചെയ്തു.
ആഗസ്റ്റ് 18ന് ജിബ്രാര്‍ട്ടര്‍ കോടതി ഇറാന് കപ്പല്‍ വിട്ടയച്ചതോടെയാണ് സ്റ്റെന ഇംപരോ കൈമാറാനുള്ള നടപടി ഇറാന് ആരംഭിച്ചത്. എട്ട് ജീവനക്കാരെ നേരത്തെ ഇറാന് മോചിപ്പിച്ചിരുന്നു.
രാഷ്ട്രീയ മോഹങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ നടന് മോഹന്‍ലാല്‍. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകില്ലന്നും ആര്‍ക്കും വേണ്ടി രംഗത്തിറങ്ങില്ലന്നതുമാണ് താരത്തിന്റെ പുതിയ നിലപാട്. ആന കൊമ്പ് കേസില്‍ ലാലിനെ പ്രതിയാക്കി വനം വകുപ്പ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് രാഷ്ട്രിയ മോഹങ്ങളോട് താര രാജാവ് ഗുഡ് ബൈ പറഞ്ഞിരിക്കുന്നത്.
സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയായി ചേര്‍ന്ന് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ തന്നെ ബി.ജെ.പി ശ്രമിച്ചിരുന്നു. എന്നാല്‍ തല്ക്കാലം രാഷ്ട്രീയത്തിലിറങ്ങുന്നില്ലന്ന മറുപടിയാണ് അന്ന് അദ്ദേഹം നല്‍കിയിരുന്നത്. അപ്പോഴും രാഷ്ട്രീയത്തോട് പൂര്‍ണമായും വിമുഖത മോഹന്‍ലാല്‍ കാണിച്ചിരുന്നില്ല.
2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ ഉപയോഗപ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവും സംസ്ഥാന ഘടകത്തിന് നല്‍കിയിരുന്നത്. ഇതിനു വേണ്ടിയുള്ള ചര്‍ച്ചകളും അണിയറയില്‍ സജീവമായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ആനക്കൊമ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ ലാല്‍ പ്രതിരോധത്തിലാവുകയാണുണ്ടായത്.
ആനക്കൊമ്പു കൈവശം സൂക്ഷിച്ച കേസില്‍ നടന് മോഹന്‍ലാല്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെയാണ് വനംവകുപ്പ് പെരുമ്പാവൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം മതിയായ രേഖകളില്ലാതെ ആനക്കൊമ്പു കൈമാറിയതിനും സൂക്ഷിച്ചതിനുമാണു കേസ്.
തൃശൂര്‍ ഒല്ലൂര്‍ കുട്ടനെല്ലൂര്‍ ഹൗസിങ് കോംപ്ലക്സില്‍ ഹില്‍ ഗാര്‍ഡനില്‍ പി.എന്‍. കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ നോര്‍ത്ത് എന്‍എസ് ഗേറ്റില്‍ നയനത്തില്‍ കെ. കൃഷ്ണകുമാര്‍, ചെന്നൈ ടെയ്ലേഴ്സ് റോഡില്‍ പെനിന്‍സുല അപ്പാര്‍ട്മെന്റിലെ നളിനി രാധാകൃഷ്ണന് എന്നിവരാണ് മറ്റു പ്രതികള്‍. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജി. ധനിക് ലാലാണു കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.കെ. കൃഷ്ണകുമാറും പി.എന്‍. കൃഷ്ണകുമാറും ചേര്‍ന്നാണു മോഹന്‍ലാലിന് ആനക്കൊമ്പു കൈമാറിയിരുന്നത്. 7 വര്‍ഷം മുന്‍പാണ് വനംവകുപ്പ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും തുടര്‍ നടപടിയുണ്ടായിരുന്നില്ല.
2011ല്‍ ആദായനികുതി വകുപ്പു മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ്, മതിയായ രേഖകളില്ലാതെ സൂക്ഷിച്ച 2 ആനക്കൊമ്പുകള്‍ പിടിച്ചെടുത്തിരുന്നത്. ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുവാന്‍ ഇനിയും വൈകരുതെന്ന നിലപാട് സര്‍ക്കാരും സ്വീകരിച്ചതോടെയാണ് മോഹന്‍ലാല്‍ വെട്ടിലായത്. ഇനിയും ബി.ജെ.പിയോട് രാഷ്ട്രിയ ആഭിമുഖ്യം കാണിച്ചാല്‍ സി.പി.എമ്മും സംസ്ഥാന സര്‍ക്കാറും കടന്നാക്രമിക്കുമെന്ന ഭയത്തിലാണിപ്പോള്‍ ലാല്‍.
ഉപതിരഞ്ഞെടുപ്പില്‍ കറുത്ത കുതിരയായി മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ബി.ജെ.പി പ്രചരണത്തിന് ലാലിനെയും വല്ലാതെ പ്രതീക്ഷിച്ചിരുന്നു. വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബി.ജെ.പി അട്ടിമറി വിജയം ലക്ഷ്യമിടുന്നത്. ഇവിടങ്ങളില്‍ പ്രചരണത്തിന് കൊഴുപ്പേകാന്‍ ഇനി സുരേഷ് ഗോപി മാത്രമാണ് കാവി പടയുടെ ഏക ആശ്രയം.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഒരു സീറ്റില്‍ വിജയിച്ചാല്‍ പോലും അത് കേരള രാഷ്ട്രീയത്തിന്റെ ഗതിയെ തന്നെ മാറ്റുമെന്നാണ് ബി.ജെ.പി കരുതുന്നത്. അത്തരമൊരു സാഹചര്യത്തില്‍ 2021 ലെ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ മുന്‍ നിര്‍ത്തി നേട്ടം കൊയ്യാമെന്ന കണക്കു കൂട്ടലിലായിരുന്നു സംഘപരിവാര്‍.
വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും സേവാഭാരതിയുമായും ആര്.എസ്.എസ് നേതാക്കളുമായുള്ള സഹകരണം ലാല്‍ തുടര്‍ന്നതാണ് ആത്മവിശ്വാസത്തിന് കാരണമായിരുന്നത്. ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ പത്മവിഭൂഷണ്‍ നല്കി ലാലിനെ ആദരിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചും മോഹന്‍ലാല്‍ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. ആര്.എസ്.എസ് നേതൃത്വം ഇടപെട്ടാണ് ഈ കുടിക്കാഴ്ചക്ക് കളമൊരുക്കിയിരുന്നത്.
മോഹന്‍ലാല്‍ കാവി പളയത്തില്‍ എത്തുമെന്ന് കണ്ട് തന്നെയാണ് ഇടതുപക്ഷവും യു.ഡി.എഫും ലോകസഭ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ലാല്‍ തന്നെ താന്‍ തിരുവനന്തപുരത്ത് മത്സരിക്കാനില്ലന്ന് പ്രഖ്യാപിക്കുകയാണുണ്ടായത്. ഇതോടെയാണ് കുമ്മനം രാജശേഖരന് നറുക്ക് വീണിരുന്നത്.
അപ്പോഴും പക്ഷേ ലാലില്‍ ബി.ജെ.പി പ്രതീക്ഷ കൈവിട്ടിരുന്നില്ല. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പായിരുന്നു അവരുടെ ഉന്നം.ഇതിന് മുന്നോടിയായി നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് ലാലിന്റെ സാന്നിധ്യം ബി.ജെ.പി ആഗ്രഹിക്കുന്നതും വ്യക്തമായ കണക്ക് കൂട്ടലുകള്‍ മുന്‍ നിര്‍ത്തി തന്നെയാണ്.
മുന്‍പ് ഗണേഷ് കുമാറിന് വോട്ട് തേടി പത്തനാപുരത്ത് മോഹന്‍ലാല്‍ പ്രസംഗിച്ചതിനാല്‍ ഇടതുപക്ഷത്തിന് പോലും ചോദ്യം ചെയ്യാന്‍ കഴിയില്ലന്ന് ബി.ജെ.പി നേതൃത്വം അദ്ദേഹത്തോട് പറയുന്നുണ്ടെങ്കിലും ലാല്‍ വഴങ്ങിയിട്ടില്ല. രാഷ്ട്രീയ പക വന്നാല്‍ വേട്ടയാടപ്പെടുമെന്നും ഇന്നുവരെ താന്‍ ആര്‍ജിച്ച ജനപിന്തുണയും പേരും നഷ്ടമാകുമെന്നുമാണ് ലാലിപ്പോള്‍ ഭയക്കുന്നത്.
ആനക്കൊമ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ശരിക്കും താരത്തെ ഞെട്ടിച്ചിട്ടുണ്ട്. ഈ കേസില്‍ മേല്‍ക്കോടതിയെ സമീപിച്ചത് കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ലന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.
ബി.ജെ.പി നേതാക്കളുടെയും സംഘപരിവാര്‍ അനുകൂലികളായ സിനിമാ പ്രവര്‍ത്തകരുടെയും സമ്മര്‍ദ്ദത്തിനിടയിലും രണ്ടടി പിന്നോട്ട് വയ്ക്കാന്‍ ലാലിനെ പ്രേരിപ്പിക്കുന്നതും ഈ ഭീതി തന്നെയാണ്.
നടി എമി ജാക്സണ് അമ്മയായി. ഈ വിവരം എമി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. കുഞ്ഞ് ആണ്‍കുട്ടിയാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് എമി പരിശോധനയിലൂടെ അറിയുകയും ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.
ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചതു മുതല്‍ തന്റെ ഗര്‍ഭകാലത്തെ ഓരോ ഘട്ടവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു എമി ജാക്സണ്. തന്റെ ബേബി ഷവറില്‍നിന്നുളള ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് എമി തന്റെ ബേബി ഷവര്‍ ആഘോഷിച്ചത്. ഇളം ബ്ലൂ നിറത്തിലുളള വസ്ത്രമണിഞ്ഞാണ് എമി എത്തിയത്. അതിന് അനുസൃതമായാണ് ബേബി ഷവര്‍ ആഘോഷ വേദിയൊരുക്കിയതും.
എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നെങ്കിലും അവയൊക്കെ എമി നിഷേധിച്ചിരുന്നു. ജോര്‍ജിനൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എമി ജാക്സണ് പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവയിലൊന്നും മുഖം വ്യക്തമായിരുന്നില്ല. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ജോര്‍ജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്.
സുഹൃത്തുക്കളായ 4 യുവാക്കളുടെ മരണം താങ്ങാനാവാതെ കേഴുകയാണ് ഇരവിപേരൂർ ഗ്രാമം. ഇന്നലെ രാത്രി ഏട്ടരയോടെയാണു ഇരവിപേരൂർ സ്വദേശികളായ 5 പേർ സഞ്ചരിച്ചിരുന്ന കാർ ടികെ റോഡിൽ കല്ലുമാലിൽപടിയിൽ വച്ച് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ ബസിനടിയിലേക്ക് കയറി. വലിയ ശബ്ദം കേട്ട് തൊട്ടടുത്തുള്ള പെട്രോൾ പമ്പിലെ ജീവനക്കാരും നാട്ടുകാരും ഓടിയെത്തി രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും യുവാക്കളെ പുറത്തെടുക്കാൻ കഴിഞ്ഞില്ല.
തിരുവല്ലയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അപ്പോഴേക്കും ജോബി, ബെൻ, അനൂപ് എന്നിവർ മരിച്ചിരുന്നു. അനിലിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആദ്യം മരിച്ച മൂന്നു പേരുടെയും മൃതദേഹങ്ങൾ കോയിപ്രം പൊലീസ് എത്തി കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമായ നൂറുകണക്കിന് ആളുകളാണ് സംഭവസ്ഥലത്തേക്ക് എത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, കലക്ടർ പി.ബി.നൂഹ്, പൊലീസ് മേധാവി ജി.ജയ്ദേവ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ എന്നിവർ സ്ഥലത്ത് എത്തി. ടികെ റോഡിൽ മണിക്കൂറുകളോളം ഗതാഗത തടസ്സപ്പെട്ടു. രാത്രി 12 മണിക്കും അപകടവിവരം അറിഞ്ഞ് ആശുപത്രിയിൽ ആളുകൾ എത്തി. അപകടത്തിൽ മരിച്ച ബെന്നിന്റെ വിവാഹം ഒക്ടോബർ 31ന് നടക്കാനിരുന്നതായിരുന്നു. പരുക്കേറ്റ് ആശുപത്രിയിലുള്ള അനീഷ്കുമാറും മരിച്ച അനൂപും അടുത്ത ബന്ധുക്കളാണ്.
നരേന്ദ്രമോദിക്കും ഡോണള്‍ഡ് ട്രംപിനുമൊപ്പം സെല്‍ഫിയെടുത്ത കൗമാരക്കാരനാണ് ഇന്റര്‍നെറ്റ് ലോകത്തെ പുതിയ താരം. ഇരുവര്‍ക്കുമൊപ്പം കുട്ടി സെല്‍ഫിയെടുക്കുന്ന വിഡിയോ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചിട്ടുണ്ട്.
ഹൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോദി’ ചടങ്ങിനിടെയാണ് സംഭവം. പരിപാടിയില്‍ നൃത്തം അവതരിപ്പിച്ച ചെറുപ്പക്കാരുമായി സംവദിക്കുകയായിരുന്നു മോദിയും ട്രംപും. അപ്പോഴാണ് ട്രംപിനടുത്തെത്തി ബാലന് സെല്‍ഫിയെടുത്തോട്ടേ എന്ന് ചോദിച്ചത്. പിന്നാലെ മോദിയെയും വിളിച്ച് സെല്‍ഫിക്ക് പോസ് ചെയ്യാന്‍ ട്രംപ് ആവശ്യപ്പെട്ടു. മോദിയും ട്രംപും ബാലനും സെല്‍ഫി ഫ്രെയിമില്‍.
രണ്ട് മണിക്കൂറിനുള്ളില്‍ നിരവധി ആളുകളാണ് ചിത്രം ലൈക്ക് ചെയ്തത്. രണ്ട് ലോകനേതാക്കള്‍ക്കൊപ്പം സെല്‍ഫിയെടുത്ത ഭാഗ്യവാന് എന്നാണ് ഭൂരിഭാഗം പേരും ചിത്രം ഷെയര്‍ ചെയ്ത് പറഞ്ഞത്. ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെക്കാവുന്ന സെല്‍ഫിയെന്നും കമന്റുകളെത്തി. എപ്പിക് സെല്‍ഫി എന്നായിരുന്നു ബിജെപി എംപി അനുരാഗ് താക്കൂറിന്റെ പ്രതികരണം.
ഹരിയാനയിലെ പഞ്ച്കുലയിലാണ് നടുക്കുന്ന സംഭവം. രോഗി മെഷീനിലുള്ള വിവരം ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും മറന്നുപോയെന്നാണ് വിവരം. സമയം കഴിഞ്ഞിട്ടും ആശുപത്രി അധികൃതര്‍ എത്താത്തതിനെത്തുടര്‍ന്ന് രോഗി എംആര്‍ഐ സ്കാനിങ് മെഷീന് ബെല്‍റ്റ് തകര്‍ത്ത് പുറത്തെത്തി.
തോളെല്ല് തെന്നിമാറിയതിന് പിന്നാലെയാണ് റാംഹര്‍ ലോഹന് (59) ഡോക്ടര്‍മാര്‍ എംആര്‍ഐ സ്കാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്നാണ് ലോഹന് പഞ്ച്കുല ആശുപത്രിയിലെത്തിയത്. 10–15 മിനിട്ട് നേരം മെഷീനുള്ളില്‍ തന്നെ തുടരണമെന്നായിരുന്നു ജീവനക്കാര്‍ ലോഹനോട് പറഞ്ഞത്. 30 മിനിട്ട് കഴിഞ്ഞിട്ടും ലോഹനെ മെഷീനില്‍ നിന്ന് പുറത്തെത്തിച്ചില്ല. മെഷീനുള്ളില്‍ ചൂട് കൂടിയതിനെത്തുടര്‍ന്ന് ലോഹന് ശാരീരികാസ്വാസ്ഥ്യവും ശ്വാസം മുട്ടലും അനുഭവപ്പെടാന്‍ തുടങ്ങി.
ഉറക്കെ നിലവിളിച്ചിട്ടും ആരും വന്നില്ലെന്ന് ലോഹന് പറയുന്നു. മെഷീനിരുന്ന മുറിയില്‍ ആ സമയം ആരുമുണ്ടായിരുന്നില്ല. ”ശ്വാസം കിട്ടാതായി. സ്വയം പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും മെഷീന് ബെല്‍റ്റ് ഉള്ളതിനാല്‍ അതിന് കഴിഞ്ഞില്ല. ഇനിയും വൈകിയാല്‍ മരിച്ചുപോകുമെന്ന് തോന്നി. അവസാന ശ്രമമായാണ് ബെല്‍റ്റ് തകര്‍ത്തത്”- ലോഹന് പറഞ്ഞു.
എന്നാല്‍ ലോഹന്റെ ആരോപണങ്ങളെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അമിത് ഖോഖര്‍ നിഷേധിച്ചു. 20 മിനിട്ട് സ്കാനിങ് ആണ് നിര്‍ദേശിച്ചിരുന്നതെന്നും അവസാന രണ്ട് മിനിട്ടില്‍ രോഗി പരിഭ്രാന്തനാകുകയായിരുന്നുവെന്നും ഖോഖര്‍ പറയുന്നു. പുറത്തുവരാന്‍ തങ്ങള്‍ സഹായിച്ചുവെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. ലോഹന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഡൊഡോമ∙ വെള്ളത്തിനടിയില്‍ വച്ച് കാമുകിയോടു വിവാഹാഭ്യര്‍ഥന നടത്തിയ യുവാവ് മുങ്ങി മരിച്ചു. അമേരിക്കയിലെ ലൂസിയാനയില്‍നിന്നുള്ള സ്റ്റീവന്‍ വെബെര്‍ എന്ന യുവാവാണ് ടാന്‍സാനിയയില്‍ അവധിയാഘോഷത്തിനിടെ മുങ്ങിമരിച്ചത്.
ആഫ്രിക്കയുടെ കിഴക്കന്‍ തീരത്ത് പെമ്പ ദ്വീപിലാണ് സ്റ്റീവനും കാമുകി കെനേഷ അന്റോയിനും അവധിയാഘോഷിച്ചിരുന്നത്. കടലിലേക്ക് ഇറങ്ങിയിരിക്കുന്ന തരത്തില്‍ കിടപ്പുമുറിയുള്ള മരം കൊണ്ടുനിര്‍മിച്ച ക്യാബിനിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.
വ്യാഴാഴ്ച കടലില്‍ നീന്തുന്നതിനിടെ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് പ്ലാസ്റ്റിക് കൂടിലാക്കിയാണ് സ്റ്റീവന്‍ വിവാഹാഭ്യര്‍ഥന നടത്തിയത്. ഇതിന്റെ വിഡിയോ കെനേഷ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഒരു മോതിരം കൈമാറുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് വെള്ളത്തിനു മുകളിലേക്ക് ഉയരാന്‍ സ്റ്റീവനു കഴിഞ്ഞില്ല. അമേരിക്കന്‍ ടൂറിസ്റ്റ് മുങ്ങിമരിച്ചുവെന്ന് ടാന്‍സാനിയന്‍ ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സ്റ്റീവന്‍ വിവാഹാഭ്യര്‍ഥന നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നതിനെ കുറിച്ചു മുഴുവന്‍ പറയുന്നതു വരെ ശ്വാസമടക്കി പടിക്കാന് എനിക്കു കഴിയില്ല. എന്നാല്‍ നിന്നെക്കുറിച്ച് ഞാന്‍ സ്നേഹിക്കുന്നതെല്ലാം എല്ലാദിവസവും കൂടുതല്‍ ഞാന്‍ സ്നേഹിക്കും. എന്റെ ഭാര്യയാകുമോ, എന്നെ വിവാഹം കഴിക്കുമോ’- എന്നാണു സ്റ്റീവന്‍ കുറിച്ചിരുന്നത്.
ഷാർജ ∙ ഏജന്റുമാരുടെ ചതിയിൽപ്പെട്ട് യുഎഇയിലെത്തുന്ന ഇന്ത്യൻ തൊഴിലാളികളുടെ ദുരിത കഥ തുടരുന്നു. ഏറ്റവുമൊടുവിൽ, ഷാർജ ഖാലിദ് തുറഖമത്തോടു ചേർന്നുള്ള കോർണിഷിൽ ഇരുപതിലേറെ ഇന്ത്യക്കാർ ഭക്ഷണമോ മറ്റോ ഇല്ലാതെ കടുത്ത ചൂടു സഹിച്ച് നാളുകൾ തള്ളിനീക്കുന്ന കാഴ്ചയാണ് പുറത്തുവന്നിരിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെത്തിയ യുവാക്കളാണ് എന്തു ചെയ്യമമെന്നറിയാതെ അൽ മജർറ കോർണിഷിലെ റാഡിസൺ ബ്ലൂ ഹോട്ടലിനടുത്തെ പള്ളിക്കരികിലെ പുൽമേട്ടിൽ തുണി വിരിച്ച് മരത്തിനു ചുവട്ടിൽ കിടന്ന് രാപ്പലുകൾ ചെലവിടുന്നത്. ലക്നോ സ്വദേശി കുന്ദർ ഷാ (22), ബിഹാര്‍ സ്വദേശികളായ വിക്കി (23), രഞ്ജിത് യാദവ് (24), മുഹമ്മദ് യൂനസ് (24), അഹമദ് (22), സമീൽ അൻസാരി (24), പഞ്ചാബ് സ്വദേശി വിക്കി (22) തുടങ്ങിയവർ ഇവരിൽ ചിലർമാത്രം. എന്തെങ്കിലും ഭക്ഷണം കിട്ടുമോ എന്നറിയാൻ തമിഴ്നാട്ടുകാരായ ചിലർ അവിടെ നിന്ന് പോയിട്ടുണ്ടെന്ന് ഇവർ പറഞ്ഞു.
ഏജന്റിന് ഒരു ലക്ഷത്തോളം രൂപ നൽകിയാണ് പലരും സന്ദർശക വീസയിൽ ഇവിടെ എത്തിയിട്ടുള്ളത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ ഏജന്റുമാരാണ് യുഎഇയിലെ വിവിധ കമ്പനികളുടെ പേരിൽ ഇവർക്ക് സന്ദർശ വീസ നൽകി പറഞ്ഞയക്കുന്നത്. കമ്പനികളിൽ മികച്ച ശമ്പളത്തിന് ഹെൽപർ ജോലി, താമസം, ഭക്ഷണം, ട്രാൻസ്പോർടേഷൻ തുടങ്ങിയവ ഇവർ വാഗ്ദാനം ചെയ്യുന്നു. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള യുവാക്കൾ ഇതെല്ലാം കണ്ണടച്ച് വിശ്വസിച്ചാണ് പലരിൽ നിന്നും കടം വാങ്ങിയും വീട്ടുകാരുടെയും ബന്ധുക്കളുടെയും പൊൻതരി പണയം വച്ചും ബാങ്ക് വായ്പയെടുത്തും ഉത്തരവാദിത്തത്തിന്റെ ഭാരവും പേറി വിമാനം കയറിയത്. എന്നാൽ ഇവിടെയെത്തിയപ്പോൾ ഇവരെ ഏറ്റെടുക്കാൻ ആരുമെത്തിയില്ല. ഒടുവിൽ പരിചയക്കാരുടെ സഹായത്താൽ ചിലർ ചില കമ്പനികളിൽ ജോലിക്ക് കയറിയെങ്കിലും ശമ്പളം ലഭിക്കാത്തതിനാലും തൊഴിൽ വീസയിലേയ്ക്ക് മാറ്റാത്തതിനെതുടർന്നും അവിടെ നിന്ന് പുറത്തുചാടുകയായിരുന്നു. പലരുടെയും സന്ദർശക വീസാ കാലാവധി കഴിഞ്ഞ് മാസങ്ങളായി. വൻതുക പിഴ ഒടുക്കേണ്ടതിനാൽ നാട്ടിലേയ്ക്ക് പോകാനുള്ള വഴികളും അടഞ്ഞു.
കോർണിഷിൽ രാപ്പകലുകൾ ചെലവിടുന്ന ഇന്ത്യൻ യുവാക്കളിൽ ഭൂരിഭാഗവും മാസങ്ങൾക്ക് മുൻപാണ് ഇവിടെ എത്തിയത്. ഇവരുടെ ദുരവസ്ഥ കണ്ട് ആരെങ്കിലും എന്തെങ്കിലും വാങ്ങിച്ചു നൽകിയാൽ ഒരു നേരത്തേയ്ക്ക് ഒപ്പിക്കും. പതിവായി ഇവിടെയെത്തുന്ന പാക്കിസ്ഥാനി യുവാവ് ഷംസീർ ആലം തങ്ങൾക്ക് ഇടയ്ക്കിടെ റൊട്ടി കൊണ്ടുത്തരുമെന്നും അതുമാത്രമാണ് ഭക്ഷണമെന്നും കുന്ദർ ഷാ മനോരമ ഒാൺലൈനിനോട് പറഞ്ഞു.
യുഎഇയുടെ വിവിധ എമിറേറ്റുകളിൽ ഇതുപോലെ വീസാ ഏജന്റിന്റെ ചതിയിൽപ്പെട്ട് പട്ടിണിയും പരിവട്ടവുമായി കഴിയുന്ന യുവതികളടക്കമുള്ള ഇന്ത്യക്കാർ ഒട്ടേറെയുണ്ട്. നാട്ടിൽ അധികൃതരുടെ ഒത്താശയോടെയാണ് ഏജന്റുമാർ പണം പിടുങ്ങി പാവങ്ങളെ വഞ്ചിക്കുന്നത്. ഇവിടെയെത്തിയാലോ തിരിഞ്ഞുനോക്കാൻ ആരുമില്ലാതെ ദുരിതത്തിലുമാകുന്നു. മാധ്യമ വാർത്തകൾ കണ്ട് മനസിൽ കരുണ വറ്റിയിട്ടില്ലാത്ത മലയാളികളടക്കം ചിലർ ചെന്നു കണ്ട് നൽകുന്ന ഭക്ഷണവും മറ്റു സഹായവുമാണ് ഇവര്‍ക്ക് പിന്നീട് രക്ഷയാകുന്നത്. എങ്കിലും കടം വാങ്ങിയ പണം തിരിച്ചു നൽകാതെ നാട്ടിലേയ്ക്ക് പോയാലുള്ള അവസ്ഥയോർത്ത് പലരും ആശങ്കയിലാകുന്നു.
തൊടുപുഴ ∙ മണക്കാട് ജംക്ഷനിൽ പി.ഡി. സന്തോഷ് കുമാർ വിഡിയോ ക്യാമറയുമായി എത്തിയില്ലായിരുന്നുവെങ്കിൽ എം.എം. മണി ഒരിക്കലും ജയിലിലാകുമായിരുന്നില്ല, ഒരു പക്ഷേ മന്ത്രിയും ആകുമായിരുന്നില്ല. വിവാദമായ എം.എം. മണിയുടെ ‘വൺ, ടു, ത്രീ..’ പ്രസംഗം ലോകം മുഴുവൻ അറിഞ്ഞത് സന്തോഷിന്റെ വിഡിയോ ക്യാമറയിൽ നിന്നായിരുന്നു. മേഖലയിലെ പ്രാദേശിക ചാനലിന്റെ ക്യാമറാമാനായിരുന്ന പ്ലാപ്പിള്ളിൽ പി.ഡി. സന്തോഷ്കുമാർ (ചന്തു-46 ) ഹൃദ്രോഗത്തെ തുടർന്നാണ് ഇന്നലെ മരിച്ചത്.
2012 മേയ് 25ന് തൊടുപുഴയ്ക്കു സമീപം മണക്കാട് ജംക്ഷനിൽ സിപിഎം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തോടനുബന്ധിച്ച് നടത്തിയ പ്രകടനം ചിത്രീകരിക്കാനാണു സന്തോഷ് എത്തിയത്. തുടർന്നു യോഗം ഉദ്ഘാടനം ചെയ്തു മണി നടത്തിയ 1, 2, 3 പ്രസംഗവും പകർത്തി. അന്ന് സിപിഎം അംഗമായിരുന്നു സന്തോഷ്. അടിയുറച്ച സിപിഎം പ്രവർത്തകനായിട്ടും, പാർട്ടി ജില്ലാ സെക്രട്ടറിക്കെതിരായ ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞില്ല. 40 മിനിറ്റോളം വരുന്ന മണിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ മറ്റു മാധ്യമങ്ങൾക്കു കൈമാറി.
രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി കൊന്നുവെന്ന മണിയുടെ പ്രസംഗം ഏറ്റവും വലിയ ന്യൂസ് ബ്രേക്കായി. ബിബിസിയിൽ വരെ മണിയുടെ പ്രസംഗം വാർത്തയായി. പാർട്ടി അംഗമായ വ്യക്തി, ജില്ലാ സെക്രട്ടറിയുടെ വിവാദ പ്രസംഗം പരസ്യമാക്കിയതിനെക്കുറിച്ച് സിപിഎം ജില്ലാ നേതൃത്വം അന്വേഷണ കമ്മിഷനെയും നിയോഗിച്ചു. മേഖലയിലുള്ള ചില നേതാക്കളുടെ സമ്മർദത്തിനു വഴങ്ങിയാണു പ്രസംഗം സന്തോഷ് പുറത്തു വിട്ടതെന്ന ആരോപണവും ഉയർന്നു. വിവാദങ്ങൾക്കിടെ, സിപിഎം നിയന്ത്രണത്തിലുള്ള മണക്കാട് സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡംഗവുമാക്കി. ചില കേന്ദ്രങ്ങളിൽ നിന്നു ഭീഷണിയും സമ്മർദവും നേരിടേണ്ടി വന്നെങ്കിലും സന്തോഷ് ആരോടും പരാതിപ്പെട്ടില്ല.
എം.എം. മണിക്ക് രാഷ്ട്രീയമായി ഗുണവും ദോഷവും ചെയ്ത പ്രസംഗമായിരുന്നു മണക്കാട്ടേത്. പ്രസംഗത്തെ തുടർന്നു സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സ്ഥാനം മണിക്കു നഷ്ടമായി. അറസ്റ്റും ജയിൽവാസവും കോടതി കയറ്റവുമെല്ലാം തേടിയെത്തി. സംസ്ഥാന രാഷ്ട്രീയത്തിൽ മണിക്ക് പ്രത്യേക ഇടം ലഭിച്ചു. ഇടുക്കിയിൽ ഒതുങ്ങി നിന്ന എം.എം. മണി, സിപിഎമ്മിന്റെ തിരക്കുള്ള പ്രാസംഗികനായി. ഉടുമ്പൻചോലയിലൂടെ നിയമസഭയിലുമെത്തി. പിന്നീട് മന്ത്രിയുമായി. സന്തോഷിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ മന്ത്രി എം.എം. മണി വരുമെന്നു അഭ്യൂഹമുണ്ടായിരുന്നു. ഇന്നലെ കണ്ണൂരിലായിരുന്നു എന്നാണു മന്ത്രിയുടെ ഓഫിസ് അറിയിച്ചത്.
പത്തനംതിട്ട ഇരവിപേരൂരിൽ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ മരണം നാല് ആയി. കാറിൽ ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചത് രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്. തിരുവല്ലയിൽ നിന്നും പത്തനംതിട്ടയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസ്സും കോഴഞ്ചേരിയിൽ നിന്നും വന്നകാറും കുട്ടിയിടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന നാല് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ഇരവിപേരൂർ സ്വദേശികളായ ബെൻ തോമസ്, ജോബി വർഗ്ഗിസ്, അനൂപ്, അനിൽ എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ സി സി റ്റി വി ദ്യശ്യങ്ങള്‍ പുറത്ത് വന്നു. മരിച്ച നാലു പേരുടെയും മൂതദേഹങ്ങൾ തിരവല്ലയിലെസ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. അപകട സമയത്ത് രക്ഷാപ്രവർത്തനം നടത്തിയ അനിഷ് കുമാറിന് പൊള്ളലേറ്റു. ഇയാൾ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.