സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ 2019-ലെ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സി.ജി.എല്‍) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍വീസിലെ ഗ്രൂപ്പ് എ, ബി, സി, ഡി -യിലായുള്ള 34 തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നല്‍കുന്നത് ഈ പരീക്ഷയിലൂടെയാണ്. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല.

യോഗ്യത: ബിരുദം. അസിസ്റ്റന്റ് ഓഡിറ്റര്‍/അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയ്ക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്/കമ്പനി സെക്രട്ടറി/എം.കോം./ബിസിനസ് സ്റ്റഡീസിലോ ബിസിനസ് അഡ്മിനിസ്ട്രേഷനിലോ (ഫിനാന്‍സ്), ബിസിനസ് ഇക്കണോമിക്സിലോ ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയാണ്.

ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തസ്തികയ്ക്ക് പ്ലസ്ടുവിന് മാത്തമാറ്റിക്സില്‍ 60 ശതമാനം മാര്‍ക്കുണ്ടാവണം. അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായുള്ള ബിരുദമായിരിക്കണം. 2018 ഓഗസ്റ്റ് 1-നകം യോഗ്യത നേടിയിരിക്കണം. ഇന്‍സ്പെക്ടര്‍ (സെന്‍ട്രല്‍ എക്സൈസ്/എക്സാമിനര്‍/പ്രിവന്റീവ് ഓഫീസര്‍), സബ് ഇന്‍സ്പെക്ടര്‍ (എന്‍.ഐ.എ.) എന്നീ തസ്തികകള്‍ക്ക് നിര്‍ദിഷ്ട ശാരീരിക യോഗ്യതയും ഉണ്ടായിരിക്കണം.

പരീക്ഷ: നാലു ഘട്ടങ്ങളിലായാണ് പരീക്ഷ. ടയര്‍ ഒന്ന്, രണ്ട് പരീക്ഷകള്‍ ഓണ്‍ലൈന്‍ ഒബ്ജക്ടീവ് പരീക്ഷയായിരിക്കും. ടയര്‍ മൂന്ന് വിവരണാത്മക പരീക്ഷയും ടയര്‍ നാല് സ്‌കില്‍ ടെസ്റ്റും (ബാധകമായവയ്ക്ക്) ആയിരിക്കും.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: എറണാകുളം (കോഡ്: 9213), കണ്ണൂര്‍ (9202), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തിരുവനന്തപുരം (9211), തൃശ്ശൂര്‍ (9212).

അപേക്ഷ: ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പറും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം അപേക്ഷ നല്‍കാം. മറ്റുള്ളവര്‍ ആദ്യം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഒറ്റത്തവണ രജിസ്‌ട്രേഷന് ഫോട്ടോ, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

അപേക്ഷാ ഫീസ്: 100 രൂപ. വനിതകള്‍, എസ്.സി., എസ്.ടി., വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 25.