പഴനി: മധുര ജില്ലയില്‍ വാടിപ്പട്ടിയില്‍ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ച് നാല് മലപ്പുറം സ്വദേശികളടക്കം അഞ്ചുപേര്‍ മരിച്ചു. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം പേരശ്ശനൂരില്‍ നിന്ന് ഏര്‍വാടിയില്‍ സിയാറത്തിനുപോയ ഒരു കുടുംബത്തിലെ ഉമ്മയും രണ്ടു മക്കളും മരിച്ചവരില്‍പ്പെടുന്നു.
കാറിലുണ്ടായിരുന്ന പേരശ്ശനൂര്‍ വാളൂര്‍ കളത്തില്‍ മുഹമ്മദലിയുടെ ഭാര്യ റസീന (39), മകന് ഫസല്‍ (21), മകള്‍ സഹന (ഏഴ്), കുറ്റിപ്പുറം മൂടാല്‍ സ്വദേശി ഹിളര്‍ (47) എന്നിവരും ബൈക്ക് യാത്രക്കാരനായ തമിഴ്നാട് ദിണ്ടിക്കല്‍ സ്വദേശി പഴനിച്ചാമി(41)യുമാണ് മരിച്ചത്.
വ്യാഴാഴ്ച പകല്‍ മൂന്നേകാലോടെ വാടിപ്പട്ടിക്ക് സമീപം ദേശീയപാതയിലായിരുന്നു അപകടം. കാറിലുണ്ടായിരുന്ന സിസാനയ്ക്ക് (18) ഗുരുതരപരിക്കുണ്ട്. മലപ്പുറത്തുനിന്ന് മധുര വഴി ഏര്‍വാടിക്ക് പോകുകയായിരുന്നു ഇവര്‍.
മധുരയില്‍നിന്ന് ആന്ധ്രയിലേക്ക് പോകുകയായിരുന്ന മറ്റൊരു കാര്‍ വഴിയില്‍ ഒരു ബൈക്ക് ഇടിച്ചിട്ടശേഷം വശത്തേക്ക് വെട്ടിച്ചപ്പോള്‍ മലപ്പുറത്തുനിന്ന് പോയ കാറില്‍ ഇടിക്കുകയായിരുന്നു. പഴനിച്ചാമി, റസീന, ഫസല്‍, സഹന എന്നിവര്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ഹിളര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ആന്ധ്രയിലേക്കുള്ള കാറിലുണ്ടായിരുന്ന സഞ്ജിത (22), പ്രവീണ്‍ (14), കിരണ്‍ (8), പഴനിച്ചാമിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന പാണ്ടിദുരൈ (46) എന്നിവര്‍ക്കും ഗുരുതരപരിക്കുണ്ട്. ഇവരെ മധുര, ദിണ്ടിക്കല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചാണ് ഇന്ന് ഭൂരിഭാഗം വാഹനങ്ങളുടേയും യാത്ര. അപരിചിത വഴികളില്‍ വഴി ചോദിക്കാന്‍ വണ്ടി നിര്‍ത്താതെ ഭൂപടത്തിന്റെ സഹായത്തോടെ ഗൂഗിള്‍ മാപ്പ് യാത്ര സുഗമമാക്കുമ്പോള്‍, അത് ചില ദോഷങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്. ഗതാഗത തടസം ഒഴിവാക്കാന്‍ എളുപ്പമുള്ള വഴികള്‍ നിര്‍ദേശിക്കുന്ന ഗൂഗിളിന്റെ പലരെയും കുഴപ്പത്തിലാക്കിയിട്ടുള്ളത് നമ്മള് കേട്ടതാണ്. അത്തരം ഒരു അനുഭവമാണ് ഐക്യരാഷ്ട്രസഭാ ദുരന്തനിവാരണ വിഭാഗം ചെയര്മാന് മുരളി തുമ്മാരുകുടി തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെക്കുന്നത്
പെരുമ്പാവൂര്‍ നഗരത്തിലെ തിരക്കില്‍ നിന്നും മാറിയാണ് ഞാന്‍ വീട് വെച്ചിരിക്കുന്നത്. ചെറിയൊരു വഴിയാണ് അങ്ങോട്ടുള്ളത്. അവിടെ ജീവിക്കുന്നവര്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്, പത്തിലൊരു വീട്ടില്‍ പോലും കാറില്ല. യാതൊരു തിരക്കുമില്ലാതെ നടക്കാനും സൈക്കിള്‍ ഓടിക്കാനും പറ്റുന്ന സ്ഥലം. അതൊക്കെ കണ്ടാണ് അവിടെ വീട് വെച്ചതും.
പക്ഷെ കഴിഞ്ഞ ഒരു വര്‍ഷമായി ഈ സ്ഥിതി മാറി, ഞങ്ങളുടെ വഴിയില്‍ വാഹനങ്ങളുടെ വലിയ തിരക്കാണ്. അവിടെ താമസിക്കുന്നവരുടെ എണ്ണമോ സാമ്പത്തിക ശേഷിയോ കൂടിയിട്ടില്ല, പിന്നെ ഇതെങ്ങനെ സംഭവിക്കുന്നു?
അന്വേഷണം എത്തി നില്‍ക്കുന്നത് ഗൂഗിള്‍ മാപ്പില്‍ ആണ്. ആലുവ മൂന്നാര്‍ റോഡും മെയിന്‍ സെന്‍ട്രല്‍ റോഡും (എം സി റോഡും) സന്ധിക്കുന്ന നഗരമാണ് പെരുമ്പാവൂര്‍. അവിടെ നഗരത്തില്‍ ഒരു ബൈപാസ്സ് റോഡോ ഈ രണ്ടു പ്രധാന പാതകള്‍ സന്ധിക്കുന്നിടത്ത് ഒരു ഫ്ളൈഓവറോ ഇല്ല. പെരുമ്പാവൂര്‍ നഗര ഹൃദയമായ ഒരു കിലോമീറ്റര്‍ കടന്നു കിട്ടാന്‍ ഒരു മണിക്കൂര്‍ എടുക്കുന്നത് ഇപ്പോള്‍ അസാധാരണമല്ല.
എന്തുകൊണ്ടാണ് പെരുമ്പാവൂരിന് വേണ്ടി പദ്ധതികള്‍ ഉണ്ടാക്കേണ്ടവര്‍ ഈ നഗരത്തെ ട്രാഫിക്കില്‍ മുക്കി കൊല്ലുന്നതെന്ന് പിന്നെ പറയാം. ഇന്നത്തെ വിഷയം അതല്ല. നഗര ഹൃദയം ട്രാഫിക്കില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ ആളുകള്‍ ഇടവഴികള്‍ തേടുകയാണ്, പ്രത്യേകിച്ചും വിമാനത്താവളത്തിലേക്ക് പോകേണ്ടവര്‍. ഗൂഗിള്‍ മാപ്പ് ആ പണി എളുപ്പമാക്കുന്നു. അങ്ങനെയാണ് ഞങ്ങളുടെ വഴി അപ്രഖ്യാപിത ബൈപാസ്സ് ആയിരിക്കുന്നത്.
ഏതു വഴിയും ആരും ഉപയോഗിക്കുന്നതില്‍ നിയമപരമായി ഒരു തെറ്റുമില്ല. പക്ഷെ ഒട്ടും പരിചയമില്ലാത്ത വഴികളില്‍ കൂടി ആളുകള്‍ ഗൂഗിളിന്റെ സഹായത്തോടെ വണ്ടി ഓടിച്ചു വരുമ്പോള്‍ അപകട സാധ്യത കൂടുന്നു. വഴിയോട് ഡ്രൈവര്‍മാരും, കൂടി വരുന്ന ട്രാഫിക്കിനോട് നാട്ടുകാരും പരിചയപ്പെട്ടിട്ടില്ല. നിലവില്‍ കാറുകള്‍ മാത്രമാണ് ഗൂഗിളിലേക്ക് തിരിഞ്ഞിരിക്കുന്നത്. വലിയ വാഹനങ്ങള്‍ കൂടി ഗൂഗിള്‍ മാപ്പില്‍ എത്തുന്നതോടെ അപകട സാധ്യത പലമടങ്ങാവും. ഇത് വരെ ഒരു മേജര്‍ അപകടവും നടന്നിട്ടില്ലാത്ത ഞങ്ങളുടെ വഴിയില്‍ അപകട മരണം സംഭവിക്കാന്‍ ഇനി അധികം സമയം വേണ്ട. ആ വഴിയുള്ള നടപ്പൊക്കെ ഞാന്‍ ഇത്തവണ കൊണ്ട് നിറുത്തി. സൈക്കിളിന്റെ കാര്യം ചിന്തിക്കുക കൂടി വേണ്ട. പക്ഷെ ഭൂരിഭാഗം നാട്ടുകാരുടെ കാര്യം അതല്ലല്ലോ.
ഇത് പെരുമ്പാവൂരിലെ മാത്രം കാര്യമല്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം ഗൂഗിള്‍ മാപ്പ് പുതിയ ബൈ പാസ്സുകളും കുറുക്കു വഴികളും ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്. ആ വഴിയില്‍ ഉള്ളവരും വാഹനം ഓടിക്കുന്നവരും ഈ മാറ്റം മനസ്സിലാക്കിയിട്ടില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എങ്കിലും ഇക്കാര്യം ശ്രദ്ധിക്കണം, കൂടുതല്‍ വാഹനങ്ങള്‍ ഒരു വഴി വരുന്നുണ്ടെങ്കില്‍ കൂടുതല്‍ സൈന്‍ ബോര്‍ഡുകളും, വളവും തിരിവും തിരിച്ചറിയാനുള്ള റിഫ്ളക്ടറുകളും, വഴി അവസാനിക്കുന്ന സ്ഥലം ഉണ്ടെങ്കില്‍ അവിടെ എന്തെങ്കിലും പ്രതിരോധവും ഉണ്ടാക്കിവെക്കണം. ഇല്ലെങ്കില്‍ അപകടങ്ങളുണ്ടാകും, വാഹനങ്ങള്‍ പാടത്തും തോട്ടിലും വീഴും, ആളുകളുടെ ജീവന് പോകും.
ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ ഇടവഴികളിലേക്ക് കയറുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ വണ്ടി ഓടിക്കണം. രാത്രി ആയാല്‍ ഗൂഗിള്‍ മാപ്പ് വേണ്ടെന്ന് വെക്കുന്നതാണ് കൂടുതല്‍ ബുദ്ധി.
ഇതൊന്നും സാങ്കേതിക വിദ്യയുടെ കുറ്റമല്ല. നേരിട്ടുള്ള വഴികളില്‍ ഗതാഗതം സുഗമമാക്കുകയാണ് ശരിക്കും ചെയ്യേണ്ടത്. പക്ഷെ, വഴി വാണിഭക്കാരുടെ ചിന്താഗതിയാണ് നമ്മുടെ നഗരങ്ങളിലെ പ്രമുഖ കച്ചവടക്കാര്‍ക്ക് പോലും. പരമാവധി വാഹനങ്ങള്‍ അവരുടെ മുന്പില് കൂടെ കടന്നു പോകുന്നതാണ് ശരിയായ ബിസിനസ്സ് തന്ത്രം എന്നാണ് അവരുടെ ചിന്ത. അതുകൊണ്ട് കടക്ക് മുന്നിലൂടെ ട്രാഫിക്ക് കുറയുന്ന എല്ലാ പരിഷ്കാരങ്ങളും അവര്‍ എതിര്‍ത്ത് തോല്‍പ്പിക്കുന്നു. ലോക്കല്‍ രാഷ്ട്രീയത്തിലെ മൂവേഴ്സും ഷെക്കേഴ്സും ഒക്കെ തന്നെ ഇത്തരം കച്ചവടക്കാരായതിനാല്‍ അതിനെതിരെ ശക്തമായ സ്റ്റാന്‍ഡ് എടുക്കാന്‍ ലോക്കല്‍ രാഷ്ട്രീയക്കാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ കഴിയുന്നുമില്ല. ഇതും ഒരു പെരുമ്പാവൂര്‍ സ്റ്റോറി അല്ല, കേരളത്തിലെ നഗര വികസനത്തിന്റെ ട്രാജഡി ആണ്.
കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തെ അനുസ്മരിച്ച് എറണാകുളം കാക്കനാടിനടുത്തു വാഴക്കാല സെന്റ് ജോസഫ്സ് പള്ളിയിൽ ഓണകുർബാന നടത്തപ്പെട്ടു. സാധാരണയിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഈ കുർബാന നടത്തപ്പെട്ടത്. ക്ഷേത്രത്തിലെ പൂജാരികളെ പോലെ മുണ്ട് പുതച്ചാണ് വൈദികർ കുർബാന അർപ്പിച്ചത്. കേരളീയ വസ്ത്രം ധരിച്ചാണ് വിശ്വാസികളെല്ലാം പള്ളിയിലെത്തിയത്. വിളവെടുപ്പിന്റെ ഉത്സവമായ ഓണത്തിന്റെ പ്രതീകമായി വിശ്വാസികൾ പഴങ്ങളും വിഭവങ്ങളും മറ്റും കാണിക്കയായി അർപ്പിച്ചു.
കുരിശും മെഴുകുതിരിയും കൊണ്ട് അലങ്കരിക്കപ്പെടുന്ന അൾത്താര, ഇന്ന് നിലവിളക്കും നിറപറയും കൊണ്ട് അലങ്കരിക്കപ്പെട്ടു. വിശ്വാസികളെ ചന്ദനം തൊട്ടാണ് വൈദികർ പള്ളിയിലേക്ക് സ്വീകരിച്ചത്. കുർബാന കൊടുക്കുന്നതിലും ഹൈന്ദവ രീതിയാണ് സ്വീകരിച്ചത്. കുർബാന യിലുടനീളമുള്ള പാട്ടുകളെല്ലാം ഓണപ്പാട്ടിന്റെ ഈണത്തിൽ ആയിരുന്നു ഇടവക ജനങ്ങൾ ആലപിച്ചത്.
കുർബാനയ്ക്ക് ശേഷം വിവിധ തരം പൂക്കൾ കൊണ്ട് മനോഹരമായ അത്തപ്പൂക്കളവും വിശ്വാസികൾ ഒരുക്കി. മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണം വെളിവാക്കി എല്ലാവരും പായസം കുടിച്ചാണ് കുർബാന അവസാനിപ്പിച്ചത്. ഓണം എന്നത് ഒരു മതത്തിന്റെ മാത്രമല്ല, മറിച്ച് കേരളീയ ജനതയുടെ ഉത്സവമാണ് എന്ന വെളിവാക്കുന്നതായിരുന്നു ഈ കുർബാന.
വെള്ളരിപ്രാവ്
ജാക്കി പെട്ടെന്ന് കതകു തുറന്നു. നിറപുഞ്ചിരിയുമായി സിസ്റ്റര്‍ കാര്‍മേല്‍, കൈയ്യില്‍ അന്നത്തെ ദിനപത്രവും ഏതാനും മാസികകളും. സിസ്റ്ററെ അകത്തേക്കു ക്ഷണിച്ചിരുത്തി. സിസ്റ്റര്‍ ദിനപത്രവും മാസികകളും അവന് കൈമാറി. വഴിതെറ്റിപ്പോകുന്ന സ്ത്രീകളെ കണ്ടെത്തി അവരെ നല്ല വഴിക്കു നയിക്കുന്ന മാലാഖയെ നോക്കി അവന് നിന്നു.
“”ഡാനി സാര്‍ എന്നെ വിളിച്ചിരുന്നു. ജാക്കിക്ക് താമസിക്കാനുള്ള മുറി നാളത്തന്നെ ശരിയാകും,ജോലിയുടെ കാര്യത്തിലും വേണ്ടത് ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്. പോയാലും ഇടയ്ക്ക് ഇവിടേക്ക് വരണേ ജാക്കി. മറ്റാരുമില്ല എന്ന ചിന്ത വേണ്ട. എന്തിനും ഞാനിവിടെയുണ്ട്. മാത്രവുമല്ല കൊട്ടാരം വീടുമായി എനിക്ക് നല്ലൊരു ബന്ധവുമുണ്ട്.”
ആ വാക്കുകള്‍ ജാക്കിക്ക് വിശ്വസിക്കാനായില്ല. അപ്പോള്‍ സിസ്റ്ററുടെ കണ്ണുകളില്‍ സൂര്യതേജസായിരുന്നു. ഷാരോണ്‍ ഒരിക്കല്‍പ്പോലും ഈ ബന്ധത്തെപ്പറ്റി തന്നോട് പറയാതിരുന്നത് എന്തുകൊണ്ടാണ്? മനസ്സില്‍ സംശയമുണ്ടായി.
“”എന്താണ് സിസ്റ്റര്‍, കൊട്ടാരം വീടുമായുള്ള ബന്ധം.” അവന് സിസ്റ്ററുടെ മുഖത്തേക്കു നോക്കി. വ്യഗ്രതയോടെ ചോദിച്ചു.
“”എന്നെ പഠിപ്പിച്ച് ഈ നിലയിലെത്തിച്ചത് കോശിയുടെ പിതാവാണ്. അനാഥാലയങ്ങളില്‍ പല കുട്ടികളെയും നാട്ടിലെയും വിദേശത്തേയും ധനികര്‍ പഠിപ്പിക്കാറില്ലേ. ഞാനും അതില്‍ ഒരാള്‍.
മറ്റൊന്നും തുറന്നുപറയാന്‍ സിസ്റ്റര്‍ ആഗ്രഹിച്ചില്ല. അഗാധമായ ഒരു വേദന ആ മുഖത്ത് തെളിഞ്ഞു നിന്നു. എപ്പോള്‍ വന്നാലും കവിളില്‍ പൊന്നുമ്മ നല്കി പിരിഞ്ഞുപോകുന്ന പിതാവിനെയാണ് സിസ്റ്റര്‍ ആ നിമിഷം ഓര്‍ത്തത്. ആ പിതാവിന്റെ പ്രേരണയാകാം ഇവനെ ഇവിടെ എത്തിച്ചത്.
“”എനിക്ക് ആ വീടിനെപ്പറ്റിയോ ആളുകളെപ്പറ്റിയോ കൂടുതലൊന്നും അറിയില്ല. ജാക്കിയില്‍ നിന്ന് അറിയാന്‍ ആഗ്രഹമുണ്ട്.”
അവന് അറിയാവുന്നതൊക്കെ വിശദീകരിച്ചു കൊടുത്തു. സ്വന്തം സഹോദരങ്ങളെപ്പോലെ അയല്‍ക്കാരെ സ്നേഹിക്കുന്ന കുടുംബം. മരിക്കാറായ ഒരു പാവത്തിന് കോശിസാര്‍ വൃക്ക വരെ ദാനമായി കൊടുത്തിട്ടുണ്ട്. സ്നേഹവും അനുകമ്പയും സഹായവും പലരും ധാരാളമായി ആ കുടുംബത്തില്‍ നിന്നും അനുഭവിക്കുന്നു. പാവങ്ങളോട് കാരുണ്യമുള്ളവര്‍ ഇതുപോലെ ലോകത്ത് അപൂര്‍വ്വമാണ്.
വളരെ സന്തോഷം തോന്നി. പിതാവിനെപ്പോലെ, തന്നെപ്പോലെ തന്റെ സഹോദരനും സമൂഹത്തില്‍ വ്യത്യസ്തനാണ്.
കൊട്ടാരം വീട്ടുകാര്‍ തലമുറകളായി ധാരാളം നന്മകള് സമൂഹത്തിന് നല്കിയിട്ടുള്ളവരായിട്ടാണ് കേട്ടിട്ടുള്ളത്. പാവങ്ങള്‍ക്ക് വീടു വച്ചു കൊടുക്കുക, വസ്ത്രം വാങ്ങിക്കൊടുക്കുക, ദേവാലയങ്ങള്‍ക്ക് വസ്തു ദാനമായി കൊടുക്കുക. ഇതൊക്കെ ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. അരോഗ്യമുള്ള മനസ്സുള്ളവര്‍ക്കേ അതുപോലുള്ള കാര്യങ്ങള്‍ ചെയ്യാനാവൂ.
“”ജാക്കിക്ക് എല്ലാ നന്മകളും ഞാന്‍ നേരുന്നു. (വാച്ചില്‍ നോക്കിയിട്ട്) എനിക്ക് പ്രാര്‍ത്ഥനയ്ക്കുള്ള നേരമായി. ജാക്കിക്ക് പ്രാര്‍ത്ഥിക്കണമെങ്കില്‍ അമ്പലമുറിയുമുണ്ട്.” അവന് ഒന്ന് പുഞ്ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല. സിസ്റ്റര്‍ എഴുന്നേറ്റ് നടന്നു. വളരെ ആദരവോടെ വാതില്‍ക്കല്‍വരെ ചെന്നിട്ട് ബൈ പറഞ്ഞ് കതകടച്ചു.
രാത്രിയുടെ ഏതോയാമത്തില്‍ ഫാത്തിമ ഞെട്ടിയുണര്‍ന്നു. പഴയകാല വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. അതില്‍ പ്രധാനമായി പ്രത്യക്ഷപ്പെട്ടത് മാദകസുന്ദരികള്ക്കൊപ്പം പാരീസില്‍ പാട്ടും നൃത്തവും കാഴ്ചവയ്ക്കാന്‍ പോയതാണ്. പ്രശസ്തര്‍ക്കൊപ്പം പോകുമ്പോള്‍ ആ കൂട്ടത്തില്‍ വേശ്യകളുമുണ്ട്. ഒരു ഭാഗത്ത് പാട്ടും നൃത്തവും അരങ്ങ് തകര്‍ക്കുമ്പോള്‍ മറുഭാഗത്ത് ക്ഷണിക്കപ്പെട്ട സമ്പന്നന്മാരുമായുള്ള ലൈംഗികബന്ധത്തിന്റെ സാക്ഷാത്കാരമാണ് നടക്കുന്നത്. ഫാഷന്‍ ഷോകളിലും ചലച്ചിത്രമേളകളിലും ഇതും ഒരു രഹസ്യത്തിലുള്ള പ്രദര്‍ശനമാണ്.
ഒരിക്കല്‍ ഒരു മോഡലായും രംഗപ്രവേശം ചെയ്തു. വര്‍ണശബളമായ ഹാളിനുള്ളില്‍ കൃത്രിമവെളിച്ചം നല്കിയാടുന്ന പാട്ടും നൃത്തവും കണ്ട് ആനന്ദിക്കുന്നവരുടെ മുഖത്ത് എന്തൊരു തിളക്കമാണ്. മറ്റൊരു ഭാഗത്ത് സുന്ദരിമാരുടെ പൂമേനിയില്‍ തീജ്വാലപോലെ എരിയുന്ന പുരുഷന്മാര്. ചില പുരുഷന്മാരാകട്ടെ മൃഗീയസ്വഭാവമുള്ളവരെന്ന് തോന്നിപ്പോകും. ഒരുതരം ഭ്രാന്ത്. ഓട്ടക്കളത്തിലോടി ഒന്നാം സ്ഥാനം കരസ്ഥമാക്കണമെന്ന ഭാവത്തില്‍ ഓടി ഓടി തളര്‍ന്നു വീഴുന്നവര്‍. വളരെ വാശിയോടും വീറോടും ഓടിയവന് എത്ര വേഗത്തിലാണ് തളര്‍ന്നു വീഴുന്നത്. ഓരോ മുഖങ്ങളും മനോമുകരത്തിലിരുന്ന് കത്തിയെരിയുകയാണ്. കഴിഞ്ഞ രാത്രികളില്‍ അത് വെറും പുകയായിരുന്നുവെങ്കില് ഇന്നത് വെന്തരിയുകയാണ്. മറക്കാന്‍ ശ്രമിക്കുന്ന മങ്ങിയ രാവുകള്‍ ഒരു പാമ്പായി തന്നെ ചുറ്റി വരിയുകയാണ്.
എല്ലാം മനസ് തുറന്ന് സിസ്റ്റര്‍ കാര്മേലിന് മുന്നില്‍ ഏറ്റു പറഞ്ഞതല്ലേ? ഒരു സ്ത്രീയായി പിറന്നാല്‍ അപകടം അവള്‍ക്കൊപ്പമുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. തന്നെപ്പോലെയുള്ളവര്‍ക്ക് രക്ഷപെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല. സിസ്റ്റര്‍ കര്മേലിനെപോലുള്ള സന്യാസിനിമാര്‍ ലോകത്തുണ്ടായാല്‍ തന്നെപ്പോലുള്ളവര്‍ രക്ഷപെടും.
അവള് അടുത്ത കട്ടിലില്‍ കിടന്നുറങ്ങുന്ന സ്ത്രീയെ നോക്കി. എത്രയോ ധനികരും സുന്ദരന്മാരുമായി ഇണചേര്ന്നാടി. ഒടുവില്‍ ശ്വാസംമുട്ടലായി ജീവിതം മാറി. ആസ്തമ എന്ന രോഗത്തിനടിമ. പാവം രാത്രിയില്‍ നല്ലതുപോലെ ചുമച്ചു. ഇപ്പോഴിതാ തളര്‍ന്നുറങ്ങുന്നു.
മനസ് ദുര്‍ബലമായാല്‍ ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങാനാകും. ഈ ദുര്‍ബല വികാരമാണ് തന്നെയും എന്റെ ജീവിതത്തെയും വലിച്ചെറിഞ്ഞത്. എന്തോ ഒക്കെ നേടിയെടുക്കാനുള്ള ഓട്ടം. ഒടുവില്‍ ദയനീയമായ പരാജയം. സ്വന്തം ശരീരത്തിന് മേല്‍ നിയന്ത്രണമില്ലെങ്കില്‍ ഉത്തരവാദിത്വമില്ലെങ്കില്‍ ആര്‍ക്കും രക്ഷപെടാനാകില്ല. മാദകവികാരങ്ങളെ തൊട്ടുണര്‍ത്തിയ നിമിഷങ്ങള്‍ ഓര്‍ത്തിരിക്കെ നേരം പുലര്‍ന്നു.
തലേന്നുണ്ടായ അനുഭവങ്ങള്‍ രാവിലെ ഫാത്തിമ സിസ്റ്റര്‍ കാര്‍മേലിനെ അറിയിച്ചു. അവളോട് സിസ്റ്റര്‍ കാര്‍മേല്‍ പറഞ്ഞു.
“”ഫാത്തിമ ദൈവം അല്ലെങ്കില്‍ അള്ളാഹു ആത്മാവാണ്. ആ ആത്മാവിനെ നമസ്കരിച്ചാല്‍, ആരാധിച്ചാല്‍ ഒരു ദുരാത്മാവും നിന്നില്‍ വസിക്കില്ല. നിന്റെ ഹൃദയമാകുന്ന ദേവാലയത്തില്‍ ഒരു പ്രതിമപോലെ ദൈവത്തെ സ്ഥാപിക്കുക. ആ സത്യം നമ്മില്‍ നിത്യവും വളരുന്നുവെന്ന യാഥാര്‍ത്ഥ്യം നാം ഉറപ്പു വരുത്തണം.”
സിസ്റ്റര്‍ എഴുന്നേറ്റ് ഭിത്തിയോടു ചേര്‍ന്നുള്ള അലമാര തുറന്ന് അതില്‍ നിന്ന് ഒരു വിശുദ്ധ ഖുറാന് എടുത്ത് അവളെ ഏല്പിച്ചിട്ട് പറഞ്ഞു. “”നീ ഉറങ്ങുന്നതിന് മുമ്പ് ഖുറാന് വായിച്ചിരിക്കണം. എന്നിട്ട് പ്രാര്‍ത്ഥിക്കണം. ഈ പുസ്തകം നിന്റെ തലയിണയ്ക്കടുത്തുതന്നെ എപ്പോഴും ഉണ്ടാകണം.”
കൗമാരത്തിലും യൗവനത്തിലും നിസ്സാരമായി തള്ളിയ പുസ്തകം ഇപ്പോഴിതാ കയ്യിലേക്ക് മറ്റൊരാള്‍ വച്ചുതരുന്നു. അതും മറ്റൊരു വിശ്വാസി. അറിയാതെ അവളുടെ വിരലുകള്‍ മുന്നോട്ടു നീണ്ടു. ചെറുപ്പം മുതല്‍ താനീ പുസ്തകം ഹൃദയത്തട് ചേര്‍ത്തു വച്ച് ജീവിച്ചിരുന്നുവെങ്കില്‍ താനൊരു വേശ്യയാകില്ലായിരുന്നു.
“”എനിക്ക് ബൈബിള്‍ കൂടി വായിക്കാന്‍ തരുമോ?”പെട്ടെന്ന് അവള് ചോദിച്ചു.”
സിസ്റ്റര്‍ അവളെ സന്തോഷത്തോടെ നോക്കി. സിസ്റ്റര്‍ വീണ്ടും അലമാര തുറന്ന് ബൈബിള്‍ എടുത്ത് അവള്‍ക്കുകൊടുത്തു. അവളെ പുഞ്ചിരിയോടെ നോക്കിയിരുന്നു. ഇരുപത്തിയേഴ് വയസ് മാത്രം ആയിട്ടുള്ള പെണ്ണാണവള്‍. അവള് ആഗ്രഹിക്കുന്നതുപോലെ അവളെ പഠിപ്പിച്ച് ഒരു ടീച്ചര്‍ ആക്കണം. അവള്‍ക്ക് ശാന്തിയും സന്തോഷവും ഉണ്ടാകണം.
“”എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിക്കണം. ഈ അലമാരയില്‍ രാമായണവും ഭഗവത്ഗീതയും തോറയുമുണ്ട്. വരണ്ട മനുഷ്യര്‍ മതഭ്രാന്തനാകുന്നതിന്റെ പ്രധാനകാരണം ഇതൊന്നും വായിക്കാത്തതുകൊണ്ടാണ്. വരണ്ട നിലങ്ങളാണ് ഇവരുടെ മനസ്. ഈ കൂട്ടര് ഒടുവില്‍ എത്തുന്നത് തീവ്രവാദികളും മതമൗലികവാദികളുമൊക്കെയായിട്ടാണ്. ഇവരുമായി രഹസ്യബന്ധമുള്ള ഭരണകൂടങ്ങളും ഈ ലോകത്തുണ്ട്. നീ ഇപ്പോള്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷം പിശാചിന്റെ പോരാട്ടമാണ്. അതിനെ അതിജീവിക്കാന്‍ ഈ ഗ്രന്ഥങ്ങള്‍ നിന്നെ സഹായിക്കും. നീയിപ്പോള്‍ ഈ ലോകത്തിന്റെ ആത്മാവുമായിട്ടാണ് മുന്നോട്ടു പോകുന്നത്. ഇന്ന് ജഡിക ജീവിതം നയിക്കുന്ന മനുഷ്യന് ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല. അതവന് ഗ്രഹിപ്പാന്‍ കഴിയാത്തത് ദൈവീകജ്ഞാനം ഇല്ലാത്തതുകൊണ്ടാണ്. ”
അവളുടെ കൈയിലിരുന്ന വേദപുസ്തകം വാങ്ങിയിട്ട് അപ്പോസ്തലനായ പൗലോസ് കൊരിന്ത്യര്‍ക്ക് എഴുതിയ ലേഖനം രണ്ടാം അദ്ധ്യായം പതിനാറാമത്തെ വാക്യം സിസ്റ്റര്‍ ഇങ്ങനെ വായിച്ചു.
“”നിങ്ങള്‍ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നു എന്നും അറിയുന്നില്ലല്ലോ. ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ” വേദപുസ്തകം മടക്കിക്കൊടുത്തിട്ട് പറഞ്ഞു. “”വിശുദ്ധിയോടെ ജീവിച്ചാല്‍ ദൈവത്തിന്റെ ആത്മാവ് നമ്മോടുകൂടി വരും.” സിസ്റ്റര്‍ കാര്‍മേല്‍ അവളുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു.
പുറത്ത് കാറ്റ് ആഞ്ഞുവീശുന്നുണ്ടായിരുന്നു. ജാക്കി രാവിലെ ഭക്ഷണം കഴിക്കാന്‍ പോയത് സിസ്റ്റര്‍ കാര്മേലിന് ഒപ്പമായിരുന്നു. കോളജില്‍ പോകുന്നതിനെക്കുറിച്ച് അവര്‍ സംസാരിച്ചു. സിസ്റ്റര്‍ കാര്‍മേലിന്റെ മനം നിറയെ പിതാവിനെക്കുറിച്ചുളള ചിന്തകളായിരുന്നു. ഭക്ഷണശേഷം മുറിയില്‍ കയറി യേശുവിന്റെ പടത്തില്‍ നോക്കി മനസില്‍ മന്ത്രിച്ചു. ഭൂമിയില്‍ ഏകബന്ധുവും സഹോദരനുമാണ് കൊട്ടാരം കോശി. മനസ് കൊണ്ട് താനെന്തിനാണ് അസംതൃപ്തയാകുന്നത്. ഒരു ദീര്‍ഘനിശ്വാസം വിട്ടിട്ട് മനസിലുറപ്പിച്ചു. തന്റെ സഹോദരന്റെ ശബ്ദം തനിക്കൊന്ന് കേള്‍ക്കണം. മേശപ്പുറത്തിരുന്ന മൊബൈലില്‍ കണ്ണുകള്‍ പതിഞ്ഞു.
മമ്മൂട്ടിയെ തനിക്ക് ഒരു കാലത്ത് ഇഷ്ടമല്ലായിരുന്നുവെന്ന് പി ശ്രീകുമാര്‍. എന്നാല്‍ പിന്നീട് താന്‍ വെറുത്ത മനുഷ്യന് തന്നെ തന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമായി ഭവിച്ചെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. തന്റെ ആ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകനായും തിരക്കഥാകൃത്തായും എല്ലാത്തിലുമുപരി നടനായും തന്റെ സാന്നിദ്ധ്യം അറിയിച്ച പി. ശ്രീകുമാര്‍.
മമ്മൂട്ടിയെ എനിക്കിഷ്ടമല്ലായിരുന്നു. തുടക്കത്തിലേ അയാളോട് ഒരു ഡേറ്റ് ഇഷ്യൂവിന്റെ പേരില്‍ പിണങ്ങിയിരുന്നു. പിന്നീട് പല സെറ്റിലും വെച്ച് മമ്മൂട്ടി സംസാരിക്കാന്‍ വന്നെങ്കിലും ഞാന്‍ മൈന്‍ഡ് ചെയ്തില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞു സിനിമകളൊക്കെ പൊട്ടി, സ്വത്തുക്കളൊക്കെ വില്‍ക്കേണ്ടി വന്നു. ഞാന്‍ സാമ്പത്തികമായി തകര്‍ന്ന ഒരവസ്ഥയിലേക്കെത്തി പെട്ടെന്നൊരു ദിവസം വീടിന് മുന്നിലൊരു കാറ് വന്ന് നിര്‍ത്തി.
വേണു നാഗവളളി പറഞ്ഞു വിട്ട വണ്ടിയാണെന്നും ആലപ്പുഴയെത്താനും പറഞ്ഞു. സത്യത്തില്‍ വേണുവില്‍ നിന്ന് എന്റെ ദുരവസ്ഥ മനസ്സിലാക്കി വണ്ടി വിട്ടത് സാക്ഷാല്‍ മമ്മൂട്ടിയായിരുന്നു. അയാളുടെ മുറിയുടെ തൊട്ടടുത്ത് എനിക്കൊരു മുറിയെടുത്ത് തന്ന് അവിടെ താമസിക്കാന്‍ പറഞ്ഞു. ഞാന്‍ ശത്രുവിനെ പോലെ കാണുന്ന ഇയാളെന്താ ഇങ്ങനെയെന്ന് ഞാന്‍ ചിന്തിച്ചു. ദിവസങ്ങള്‍ കഴിഞ്ഞു സഹികെട്ട് ഒരു ദിവസം ഞാന്‍ മമ്മൂട്ടിയോട് കയര്‍ത്തു.
‘നിങ്ങളുടെ പണവും പ്രതാപവും കാണിക്കാനാണോ എന്നെ ഇവിടെ താമസിപ്പിച്ചിരിക്കുന്നത്, എന്റെ അവസ്ഥ ഭയങ്കര മോശമാണ് ‘ അയാള്‍ ഒന്ന് ചിരിച്ച് എന്റെ തോളില്‍ കൈയിട്ട് കൊണ്ട് ചോദിച്ചു ‘ ശ്രീകുമാറിന്റെ കൈയില്‍ കഥ വല്ലതും ണ്ടോ? ‘ ഞാനൊന്ന് പതറി .. അയാളൊരു കസേര വലിച്ചിട്ട് എന്നോട് ഇരിക്കാന്‍ പറഞ്ഞു. കസേരയില്‍ യാന്ത്രികമായി ഇരുന്ന ഞാന്‍ ഒറ്റ വീര്‍പ്പില്‍ ‘ വിഷ്ണു ‘ എന്ന എന്റെ സിനിമയുടെ കഥ പറഞ്ഞ് തീര്‍ത്തു. കഥ കേട്ടയുടനെ അങ്ങേരെനിക്ക് കൈ തന്നിട്ട് പറഞ്ഞു. ഈ സിനിമ നമ്മള് ചെയ്യുന്നു. അവിടെ നിന്നാണ് തകര്‍ന്ന് തരിപ്പണമായിരുന്ന ശ്രീകുമാര്‍ ജീവിതത്തിലേക്ക് തിരിച്ച് വരുന്നത്.
ബിഗ് ബി അമിതാഭ് ബച്ചന് ഗുരുതര കരൾ രോഗമായ ലിവർ സിറോസിസ്. തന്റെ കരൾ 75 ശതമാനം പ്രവർത്തനരഹിതമാണെന്ന് ബച്ചൻ തന്നെയാണ് വെളിപ്പെടുത്തിയത്. 25 ശതമാനം മാത്രം പ്രവർത്തിക്കുന്ന കരളുമായാണ് താന്‍ ജീവിക്കുന്നതെന്നും ഇത്തരത്തില്‍ പ്രതിസന്ധികളെ അതിജീവിച്ചവരുണ്ടെന്നും അമിതാഭ് ബച്ചൻ പറയുന്നു.
ക്ഷയരോഗത്തില്‍ നിന്നുവരെ ജീവിതത്തിലേക്ക് തിരികെ എത്തിയായാളാണ് താന്‍. ഇത്തരം സാഹചര്യങ്ങള്‍ ആരുടെ ജീവിതത്തിലും വരാമെന്നും ബച്ചന് പറയുന്നു.
മദ്യപിക്കുന്നവർക്കാണ് പ്രധാനമായും ലിവർ സിറോസിസ് ബാധിക്കുന്നത്. മദ്യപനല്ലാത്ത അമിതാഭ് ബച്ചന് രോഗം പിടിപ്പെട്ടത് മറ്റൊരു രീതിയിലാണ്. 1982 ൽ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചന് പരിക്ക് പറ്റിയിരുന്നു. ‘കൂലി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. രക്തം വാർന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബച്ചന് അറുപതോളം കുപ്പി രക്തം വേണ്ടിവന്നു. ആ രക്തത്തിലൂടെ പകർന്ന ഹെപ്പറ്റൈറ്റിസ് ബി വൈറസാണ് ലിവർ സിറോസിസിന് കാരണമായതെന്ന് ബച്ചൻ പറയുന്നു.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നെയ്യാറ്റിൻകര ചെങ്കറത്തല കുളത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
ഉദ്ദേശം 30 വയസ്സ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം എന്ന് പൊലീസ് പറഞ്ഞു. ജീർണിച്ച നിലയിലാണ് കണ്ടെത്തിയത്. നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
കാശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം ഐക്യരാഷ്ട്രസഭ അംഗീകരിച്ചില്ല. വിഷയം ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ടതാണ് അതിനാല്‍ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നിലപാടെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് അറിയിച്ചു. കാശ്മീര്‍ വിഷയത്തില്‍ നേരത്തെ സ്വീകരിച്ച സമീപനത്തില്‍ മാറ്റമില്ലെന്ന് യുഎന്‍ സെക്രട്ടറി വ്യക്തമാക്കി.
ബിയാരിറ്റ്സിലെ ജി-7 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎന്‍ സെക്രട്ടറി ജനറല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്താന് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായിട്ടും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ തിങ്കളാഴ്ച പാകിസ്താന്റെ യുഎന്നിലെ സ്ഥിരം പ്രതിനിധി മലീഹ ലോധിയുമായും സെക്രട്ടറി ജനറല്‍ കൂടിക്കാഴ്ച നടത്തി.
യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലായിരുന്നു പാകിസ്താന്, കാശ്മീര്‍ വിഷയത്തില്‍ യുഎന്‍ അന്വേഷണം നടത്തണമെന്നും അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു ആവശ്യം ഉന്നയിച്ചത്. ഐക്യരാഷ്ട്ര മനുഷ്യവകാശ കൗണ്‍സിലില്‍ പാകിസ്താന് വാദിച്ചത്, ‘കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ല. ആഗോള ശ്രദ്ധയും ഇടപെടലും ആവശ്യമുള്ള മേഖലയാണത്. തീവ്രവാദത്തെ അടിച്ചമര്‍ത്താനെന്ന പേരില്‍ ഇന്ത്യ നടത്തുന്നത് ഗുരുതരമായ മനുഷ്യാവകാശലംഘനമാണ്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണം’ എന്നാണ്.
ഇതിന് ഇന്ത്യയുടെ മറുപടി – ‘കാശ്മീരുമായി ബന്ധപ്പെട്ട നിയമഭേദഗതി മറ്റ് നിയമങ്ങളെപ്പോലെത്തന്നെ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണ്. ഒരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ പുറത്തു നിന്ന് ഇടപെടല്‍ വരുന്നത് അനുവദിക്കാനാകില്ല. ഇന്ത്യ അത് ഒരിക്കലും അനുവദിക്കില്ല. എല്ലാ പ്രശ്നങ്ങളെയും നേരിട്ടുകൊണ്ട് ജമ്മു കാശ്മീര്‍ ഭരണകൂടം നിലവില്‍ എല്ലാ അടിസ്ഥാനസൗകര്യങ്ങളും പൗരന്മാര്ക്ക് നല്‍കുന്നുണ്ട്.
തെരഞ്ഞെടുപ്പ് അടക്കമുള്ള ജനാധിപത്യപ്രക്രിയകള്‍ പുനരാരംഭിക്കാനിരിക്കുന്നു. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ താല്‍ക്കാലികം മാത്രമാണ്. അതിര്‍ത്തിയ്ക്ക് അപ്പുറത്തു നിന്നുള്ള തീവ്രവാദം നിയന്ത്രിക്കാനുള്ള മുന്‍കരുതലുകളാണിത്. എന്നും തീവ്രവാദത്തിന്റെ ഇരയായിരുന്നു ഇന്ത്യ. ഭീകരവാദികളെ പണവും പിന്തുണയും കൊടുത്ത് വളര്‍ത്തുന്നവരാണ് മനുഷ്യാവകാശത്തിന്റെ യഥാര്‍ത്ഥ ലംഘകര്‍.’ എന്നാണ്.
വിദേശകാര്യമന്ത്രാലയത്തിലെ കിഴക്കന്‍ ഏഷ്യയുടെ ചുമതലയുള്ള സെക്രട്ടറി വിജയ് ഠാക്കൂര്‍ സിംഗും പാകിസ്താന് പുറത്താക്കിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയും ഉള്‍പ്പടെയുള്ള ഉന്നതതല സംഘമാണ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പങ്കെടുത്തത്. വിജയ് ഠാക്കൂര്‍ സിംഗാണ് ഇന്ത്യക്ക് വേണ്ടി കൗണ്‍സിലില്‍ പ്രസ്താവന നടത്തിയത്. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ നേതൃത്വലായിരുന്നു പാകിസ്താന്റെ പ്രതികരണങ്ങള്‍.
ഷിബു മാത്യൂ
ലോകത്തെവിടെയായാലും മലയാളികള്‍ തങ്ങളുടെ പതിവ് ശൈലികള്‍ പുറത്തെടുക്കുന്നത് പതിവാണ്. ‘മലയാളിയോടാ കളി’ എന്ന് തമാശയ്ക്കാണങ്കില്‍ പോലും പഴമക്കാര്‍ പറയാറുള്ളത് അക്ഷരാര്‍ത്ഥത്തില്‍ ശരി തന്നെയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് യുകെയിലെ ഡെര്‍ബിയില്‍ താമസിക്കുന്ന മലയാളി കുടുംബം. ‘കറിയിലെ കറിവേപ്പില പോലെ, അവശ്യം കഴിയുമ്പോള്‍ വലിച്ചെറിയുന്നത്’ എന്ന പേരുദോഷം പരമ്പരാഗതമായി കറിവേപ്പിലയ്ക്കുണ്ടെങ്കിലും യൂറോപ്യന്‍ മാര്‍ക്കറ്റില്‍ കറിവേപ്പിലയ്ക്കിപ്പോള്‍ കിലോയ്ക്ക് നൂറ് പൗണ്ട് കടന്നു. ഏകദേശം പതിനായിരം രൂപയോളും വരും. വില വളരെ കൂടുതലും ലഭ്യത വളരെ കുറവും ആയതു കൊണ്ട് വീടുകളില്‍ തന്നെ കറിവേപ്പ് നട്ട് വളര്‍ത്താം എന്ന ഒരു പുതിയ പരീക്ഷണത്തിലേയ്ക്ക് അടുത്ത കാലത്തായി മലയാളികള്‍ തിരിഞ്ഞു. കൃഷിയേക്കുറിച്ചുള്ള പരിമിതമായ അറിവ് മൂലം പല സംരഭങ്ങളും പരാജയപ്പെടുക മാത്രമാണുണ്ടായിട്ടുളളത്. എന്നാല്‍
വളരെ ഫലപ്രദമായി തന്നെ യൂറോപ്പിലെ അതിശൈത്യത്തിലും കറിവേപ്പ് വളരും എന്ന് തെളിയിച്ചിരിക്കുകയാണ് ഡെര്‍ബിയില്‍ താമസിക്കുന്ന ബിജോയും സിനിയും.
ഇന്ന് തിരുവോണം. ഭക്ഷണപ്രിയരായ മലയാളികള്‍ കറികളാല്‍ സമൃദ്ധമായ ഓണസദ്യ ഒരുക്കുന്ന ദിവസം. ഉപ്പിലും ഉപ്പേരിയിലും തുടങ്ങി അടപ്രഥമനില്‍ അവസാനിക്കുന്ന ഓണസദ്യ. എല്ലാ കറികളിലും കറിവേപ്പിലയുടെ സാന്നിധ്യം. അടുക്കളയില്‍ വളരുന്ന കറിവേപ്പില് നിന്ന് ഇലകള്‍ പറിച്ചെടുത്ത് ഓണസദ്യയ്ക്ക് രുചി കൂട്ടാനൊരുങ്ങുകയാണ് ബിജോയും സിനിയും. സ്വന്തം അടുക്കള തോട്ടത്തിലെ കറിവേപ്പില ഉപയോഗിച്ചുള്ള ആദ്യ ഓണം എന്ന പ്രത്യേകതകൂടിയും ഇവരുടെ ഓണാഘോഷത്തിനുണ്ട്.
കേരളത്തില്‍ കോട്ടയം ജില്ലയിലെ പ്രസിദ്ധമായ അതിരമ്പുഴയില്‍ തെക്കേപ്പുറം കുടുംബാംഗമാണ് ബിജോ. പാരമ്പര്യമായി പച്ചക്കറിയുമായി വളരെയടുത്ത ബന്ധമാണ് ബിജോയുടെ കുടുംബത്തിനുള്ളത്. വര്‍ഷങ്ങളായി അതിരമ്പുഴയില്‍ പച്ചക്കറി ബിസിനസ്സ് നടത്തുകയാണ് ബിജോയുടെ പിതാവ് ജേക്കബ്ബ്. രണ്ടായിരത്തിയേഴില്‍ ബിജോയും സിനിയും യുകെയിലെത്തി. ഇപ്പോള്‍ ഡെര്‍ബിയിലാണ് താമസം. രണ്ട് മക്കള്‍ ഇവര്‍ക്കുണ്ട്. അനീനയും അനികയും. വളരെ യാതൃശ്ചികമായി, തഴച്ചുവളരുന്ന കറിവേപ്പ് ചെടികളാണ് ബിജോയുടെ വീട്ടില്‍ ഞങ്ങള്‍ മലയാളം യുകെ ന്യൂസ് ടീം കണ്ടത്. ഞങ്ങള്‍ നേരിട്ട് കണ്ട കറിവേപ്പിന്റെ വിശേഷങ്ങള്‍ ഈ ഓണക്കാലത്ത് പ്രിയ വായനക്കാരുമായി പങ്കുവെയ്ക്കുകയാണ്.
കേരളത്തിലെ പറമ്പുകളില്‍ വളരുന്നതിനെക്കാള്‍ വളരെ നന്നായിട്ടാണ് ബിജോയുടെ വീട്ടിലെ ചെടിചട്ടിയില്‍ കറിവേപ്പ് ചെടികള്‍ വളരുന്നത്. ഒന്നല്ല. ഒരു പാട്. വളര്‍ന്ന് വലുതായി വീടിന്റെ സീലിംഗില്‍ കറിവേപ്പ് മുട്ടിയപ്പോള്‍ ചെടികളുടെ മുകള്‍ ഭാഗം മുറിച്ചു. പിന്നീട് അത് പൊട്ടി തളിര്‍ത്ത് ശിഖരങ്ങളായി വളരാന്‍ തുടങ്ങി. ഇപ്പോള്‍ അടുക്കളയ്ക്കുളളില്‍ ഒരു അടുക്കളത്തോട്ടം. എണ്ണയൊഴിച്ച്
കടുക് മൂക്കുമ്പോള്‍ അടുക്കളയ്ക്കുള്ളില്‍ വളരുന്ന കറിവേപ്പ് മരത്തില്‍ നിന്ന് കറിവേപ്പില നേരിട്ട് പറിച്ച് കടുക് പൊട്ടിച്ച് രുചികരമായ കറികള്‍ ഉണ്ടാക്കുകയാണ് ബിജോയുടെ ഭാര്യ സിനി ബിജോ. സിനിയുടെ പരിശ്രമവും താല്പര്യവും ഒന്നു മാത്രം കൊണ്ടു തന്നെയാണ് ഇങ്ങനെ ഒരു സംരഭം വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചത് എന്ന് ബിജോ പറയുന്നു. ആദ്യകാലങ്ങളില്‍ അവധിക്കാലത്ത് നാട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ ധാരാളം കറിവേപ്പില കൊണ്ടു വരുമായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കറിവേപ്പിലയ്ക്ക് യുകെയില്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ മുതല്‍ നാട്ടില്‍ നിന്ന് കൊണ്ടുവരുന്നത് കൂടുതല്‍ ബുദ്ധിമുട്ടായി മാറി. സെക്യൂരിറ്റി ചെക്കിംഗില്‍ പലപ്പോഴും പിടിക്കപ്പെടും. ഇതെല്ലാം കൂടുതല്‍ ബുദ്ധിമുട്ടായതു കൊണ്ട് നാട്ടില്‍ നിന്ന് കൊണ്ടുവരുന്നത് അവസാനിപ്പിച്ചു എന്ന് സിനി പറയുന്നു.
എന്തുകൊണ്ടാണ് ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിര്‍ന്നത് എന്ന ഞങ്ങളുടെ ചോദ്യത്തോട് സിനി പ്രതികരിച്ചത് ഇങ്ങനെ. ‘കിട്ടാന്‍ പ്രയാസമുള്ളത് വളര്‍ത്താന്‍ ശ്രമിച്ചു’ എന്നാണ്. നാട്ടിലെ സുഹൃത്തുക്കള്‍ പറഞ്ഞു യൂറോപ്പിലെ തണുത്ത കാലാവസ്ഥയില്‍ കറിവേപ്പ് പിടിക്കത്തില്ല എന്ന്. സത്യത്തില്‍ അതായിരുന്നു പ്രചോദനം. ഒന്നു പരീക്ഷിക്കാമെന്നു തോന്നി. പരീക്ഷണമല്ലേ, അതു കൊണ്ട് തന്നെ ആരോടും പറഞ്ഞതുമില്ല. അവധിക്കാലം കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍ നാല് കറിവേപ്പിന് തൈകള്‍ മണ്ണോടു കൂടി പറിച്ച് പ്ലാസ്റ്റിക് കൂടിലാക്കി നന്നായി പൊതിഞ്ഞ് ആരും കാണാതെ ഡ്രസ് വെയ്ക്കുന്ന പെട്ടിയിലാക്കി. മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ എല്ലാ ചെക്കിംഗും കഴിഞ്ഞ് ഏയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് വന്നു. വീട്ടില്‍ വന്നപ്പോഴാണ് സത്യത്തില്‍ ബിജോയും ഇക്കാര്യം അറിയുന്നത്. എങ്കിലും പിന്നീട് എല്ലാ സഹായവും ചെയ്തു തന്നത് ബിജോ ആയിരുന്നു. എല്ലാ ചെടികളേയും ചെറുചട്ടികളിലാക്കി സൂര്യപ്രകാരം നേരിട്ടടിക്കാത്ത അടുക്കളയുടെ ജനാലക്കരികില്‍ സ്ഥാപിച്ചു. മള്‍ട്ടിപര്‍പ്പസ് കംബോസ്റ്റ് വാങ്ങി അതിലായിരുന്നു എല്ലാ ചെടികളും കുഴിച്ച് വെച്ചത്. ഉണങ്ങിപ്പോകുന്ന അവസ്ഥയിലായിരുന്നു എല്ലാ കറിവേപ്പിന്‍ചെടികളും. രണ്ടു മൂന്നു ദിവസം കൂടുമ്പോള്‍ വെള്ളമൊഴിക്കും. അങ്ങനെ ആഴ്ചകള്‍ പിന്നിട്ടു. കിളിര്‍ക്കാന്‍ തുടങ്ങുന്ന ചില പച്ചപ്പുകള്‍ തണ്ടില്‍ കണ്ടു തുടങ്ങി. ക്രമേണ അത് ഇലകളായി.. ഇതളുകളായി. ആറ് മാസങ്ങള്‍ കൊണ്ട് ഉണങ്ങാന്‍ തുടങ്ങിയ കറിവേപ്പിന് തണ്ട് ഒരു കറിവേപ്പിന്‍ചെടിയായി മാറി. കൃത്യമായ പരിചരണമായിരുന്നു കറിവേപ്പിന് ചെടിയെ ഇതു പോലെ വളരാന്‍ സഹായിച്ചതെന്ന് സിനി പറയുന്നു. കൃത്യമായി വെള്ളമൊഴിച്ചു കൊടുക്കുക. ചുവട് ഇളക്കിക്കൊടുക്കുക. പ്ലാന്റ് ഫുഡ് അതിന്റെ നിര്‍ദ്ദേശപ്രകാരം വെള്ളത്തില്‍ ലയിപ്പിച്ച് മാസത്തില്‍ രണ്ടു പ്രാവശ്യം വളമായി മണ്ണിലൊഴിച്ച് കൊടുക്കുക. വളമായ ഈ മിശ്രിതം ചെടികള്‍ വളരുന്ന കംമ്പോസ്റ്റിലല്ലാതെ ഇലയിലോ തണ്ടിലോ പറ്റാതെ ശ്രദ്ധിക്കുക. അങ്ങനെയുള്ള കൃത്യമായ പരിചരണത്തിലൂടെ ചെടികള്‍ വളര്‍ന്നുതുടങ്ങി.
ആറു മാസം കഴിഞ്ഞു. ചെടികളുടെ വളര്‍ച്ചയില്‍ കാര്യമായ വ്യത്യാസം കണ്ടുതുടങ്ങി. വളരുന്ന ചട്ടികള്‍ പോരാതെ വന്നു. എല്ലാ
ചെടികളെയും വലുപ്പം കൂടിയ ചട്ടികളിലേയ്ക്ക് മാറ്റി. എങ്കിലും പരിചരണങ്ങള്‍ പതിവ് പോലെ തന്നെയായിരുന്നു. പക്ഷേ പിന്നീടുള്ള വളര്‍ച്ച കൂടുതല്‍ അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു. ഇതളുകള്‍ പറിച്ചെടുത്താല്‍ ഉണങ്ങിപ്പോകുമോ എന്ന ആശങ്കയായിരുന്നു ആദ്യമുണ്ടായിരുന്നത്. അതു കൊണ്ട് അതിന് തുനിഞ്ഞില്ല. പക്ഷേ ഉയരം കൂടിയപ്പോള്‍ വെട്ടി വിടാം എന്നു തീരുമാനിച്ചു. ആദ്യം വെട്ടിമാറ്റിയ കറിവേപ്പിന്റെ ഇതളുകളാണ് ആദ്യമായി കറിക്ക് ഉപയോഗിച്ചതും.
വര്‍ഷം രണ്ട് കഴിഞ്ഞു. അടുക്കള ഇപ്പോള്‍ ഒരു കറിവേപ്പിന് തോട്ടമായി മാറി. ഒരു വീട്ടമ്മ എന്ന നിലയില്‍ അടുക്കളയില്‍ എത്താന്‍ ഉത്സാഹമാണെന്ന് സിനി പറയുന്നു. ദിവസവും ധാരാളം സമയം കറിവേപ്പിന്‍ചെടികളുമായി ചെലവഴിക്കാറുണ്ട്. അതിനെ തൊടുക, പരിചരിക്കുക, കറികള്‍ക്ക് കടുക് പൊട്ടിക്കുമ്പോള്‍ ഇലകള്‍ നേരിട്ട് പറിച്ച് ചീന ചട്ടിയില്‍ ഇടുക. കറികള്‍ ഉണ്ടാക്കുക. വീട്ടിലുള്ളവര്‍ക്ക് അത് വിളമ്പുക. ഇതിലപ്പുറം എന്ത് സന്തോഷമാണുണ്ടാകേണ്ടത്. സിനി ചോദിക്കുന്നു.
കറിവേപ്പിന് അടുക്കളയുമായി ഒരു മാനസീക ബന്ധമുണ്ട് എന്നാണ് സിനി അഭിപ്രായപ്പെടുന്നത്. അടുക്കളയിലെ ചൂടും ആഹാരം പാകം ചെയ്യുമ്പോള്‍ അടുക്കളയില്‍ ഉണ്ടാകുന്ന ഈര്‍പ്പവും മനുഷ്യര്‍ പുറപ്പെടുവിക്കുന്ന കാര്‍ബണ്‍ഡൈ ഓക്സൈഡും സൂര്യപ്രകാശത്തില്‍ നിന്നു കിട്ടുന്ന ഊര്‍ജ്ജവുമാണ് കറിവേപ്പിന്‍ചെടികളുടെ വളര്‍ച്ചയ്ക്ക് കാരണം. ആ രീതിയില്‍ | കറിവേപ്പിന്‍ചെടികളെ പരിചരിക്കാന്‍ മലയാളികള്‍ തയ്യാറാകാത്തതു കൊണ്ടാണ് യൂറോപ്പില്‍ കറിവേപ്പിന്‍ചെടികള്‍ പിടിക്കാതെ പോകുന്നത്.
വീട്ടിലെത്തുന്ന പല മലയാളി സുഹൃത്തുക്കളും വളര്‍ന്ന് നില്ക്കുന്ന കറിവേപ്പിന്‍ചെടികളെ കണ്ട് അഭിനന്ദിക്കാറുണ്ട്. അത് ഒരു പാട് സന്തോഷത്തിന് കാരണമാകുന്നുണ്ട്. കറിവേപ്പിന്‍ചെടികള്‍ ചോദിച്ചെത്തുന്നവരും ധാരാളം. ഒരിക്കല്‍, ഞാന്‍ കൊടുത്തു വിട്ട കറിവേപ്പിന്‍ചെടി ഉണങ്ങാന്‍ തുടങ്ങിയപ്പോള്‍ അവര്‍ തിരിച്ചേല്പിച്ചു. കാരണം പറഞ്ഞതിങ്ങനെ! ഞങ്ങള്‍ നോക്കിയിട്ട് നടക്കുന്നില്ല എന്ന്. പക്ഷേ, എന്റെ അടുക്കളയില്‍ തിരിച്ചെത്തിയപ്പോള്‍ അത് വീണ്ടും വളര്‍ന്നുതുടങ്ങി.
യൂറോപ്പിലെ നേരിട്ടുള്ള സൂര്യപ്രകാശം കറിവേപ്പിന്റെ വളര്‍ച്ചയ്ക്ക് യോചിച്ചതല്ല. എന്റെ വീട്ടില്‍ വളര്‍ന്ന കറിവേപ്പിനെ സൂര്യപ്രകാശം നേരിട്ട് കിട്ടുന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചപ്പോള്‍ ഇലകള്‍ വാടുന്ന അവസ്ഥയിലേയ്ക്ക് ചെടികള്‍ മാറുകയായിരുന്നു. പിന്നീട് ഞങ്ങള്‍ ചെടികളെ സൂര്യപ്രകാശം നേരിട്ട് കിട്ടാത്ത അടുക്കളയിലേയ്ക്ക് മാറ്റുകയായിരുന്നു.
അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍, യുകെയില്‍ കറിവേപ്പ് വളരും. ആവശ്യമായ പരിചരണമാണ് പ്രധാനം. ഇന്ത്യയില്‍ നിന്നുള്ളതാണെന്ന ലേബലില്‍ പതിനഞ്ച് ഗ്രാം പോലുമില്ലാത്ത ഒരു കറിവേപ്പില പായ്ക്കറ്റിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ കൊടുത്തത് ഒരു പൗണ്ട് മുപ്പത്തൊമ്പത് പെന്‍സ്. അതായിരുന്നു എന്റെ പ്രചോദനം. അടുക്കളയില്‍ കറിവേപ്പ് തോട്ടം വളര്‍ത്തി വിജയിച്ച സിനിയുടെ വാക്കുകളാണിത്. തികഞ്ഞ കര്‍ഷക കുടുംബമായ അതിരമ്പുഴ പുതുശേരില്‍ വീട്ടില്‍ വളര്‍ന്ന സിനിയുടെ വാക്കുകള്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വഴിയൊരുക്കാന്‍ യൂറോപ്പിലെ മലയാളികള്‍ക്ക് ഈ ഓണക്കാലത്ത് പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു.
മലയാളം യുകെ ന്യൂസ് ടീമിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.