സാക്ഷരതാ സർവേയ്ക്ക് താരം നേരിട്ടെത്തിയതിന്റെ ത്രില്ലിലാണ് അട്ടപ്പാടിയിലെ വയലൂർ ഊര്. പൃഥ്വിരാജാണ് വയലൂരിലെത്തി വിവരങ്ങൾ ശേഖരിച്ചത്. താരത്തെ നേരിട്ടു കണ്ടതിന്റെ ത്രില്ലിലാണ് വയരൂലുകാർ. അട്ടപ്പാടിയെ സമ്പൂര്‍ണ സാക്ഷരതാ മേഖലയാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന സര്‍വേ ഉദ്ഘാടനം ചെയ്യാനാണ് പൃഥ്വിരാജെത്തിയത്. ഊരിലെ മരുതി നഞ്ചനില്‍ നിന്നും വിവരങ്ങൾ ശേഖരിച്ചായിരുന്നു ഉദ്ഘാടനം.

സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണം അട്ടപ്പാടിയില്‍ പുരോഗമിക്കുകയാണ്. അയ്യപ്പനായി ബിജു മേനോനും കോശിയായി പൃഥ്വിരാജുമാണ് വേഷമിടുന്നത്. ചിത്രീകരണത്തിന്റെ തിരക്കുകൾക്കിടയിലാണ് അട്ടപ്പാടിയിലെ സാക്ഷരതാ യഞ്ജത്തിന് പിന്തുണയുമായി പൃഥ്വിരാജെത്തിയത്.

ആദിവാസികള്‍ക്കിടയിലെ നിരക്ഷരത പൂര്‍ണ്ണമായും ഇല്ലാതാക്കാൻ സാക്ഷരതാ മിഷനും സര്‍ക്കാരും നടത്തുന്ന പരിപാടി മാതൃകാപരമാണെന്ന് പൃഥ്വിരാജ് പറഞ്ഞു.  വിദ്യാഭ്യാസം നേടുന്നതിലൂടെ മാത്രമേ ചൂഷണങ്ങളില്‍ നിന്നും മോചിതരാകൂ., അതിനാല്‍ എഴുത്തും വായനയും അറിയാത്തവര്‍ അത് സ്വായത്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഗളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ വൈസ് പ്രസിഡന്റ് സി.പി ബാബു, പഞ്ചായത്ത് അംഗങ്ങളായ നഞ്ചി , മാര്‍ട്ടിന്‍ , സാക്ഷരതാ മിഷന്‍ അസിസ്‌റ്ന്റ കോ-ഓര്‍ഡിനേറ്റര്‍ എം മുഹമ്മദ് ബഷീര്‍ , പ്രേരക് സിനി. പി സി , അനു തുടങ്ങിയവർ പങ്കെടുത്തു.