മലയാറ്റൂർ: മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നുമാണ് സംഘം വിവരങ്ങൾ ശേഖരിക്കുന്നത്. ചിത്രപ്രിയയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പറയുന്ന ഒരു വിദ്യാർഥിയെയും അന്വേഷണ സംഘം വിശദമായി ചോദ്യംചെയ്യും.
ചിത്രപ്രിയയുടേയും അറസ്റ്റിലായ പ്രതി അലന്റേയും മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചതോടെ അന്വേഷണത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെടുന്നതിന് മുമ്പ് ചിത്രപ്രിയയുടെ ഫോണിലേക്ക് വന്ന കോളുകളുടെയും വാട്സാപ്പ് ചാറ്റുകളുടെയും വിവരങ്ങൾ കേസിൽ പ്രധാന തെളിവുകളാകുമെന്നാണ് പോലീസ് വിലയിരുത്തൽ.
അതേസമയം, അലനെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. കൊലപാതകം നടന്ന സ്ഥലങ്ങളിൽ അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പിന് പ്രതിയെ എത്തിക്കും. നിലവിൽ കൊലപാതകത്തിൽ അലൻ മാത്രമാണ് പങ്കാളിയെന്ന നിഗമനത്തിലാണ് പോലീസ്. മറ്റാരെങ്കിലും സംഭവത്തിൽ പങ്കാളികളായിട്ടുണ്ടോയെന്ന് വിശദമായ അന്വേഷണത്തിലൂടെ വ്യക്തമാക്കുമെന്നും പോലീസ് അറിയിച്ചു.
തിരുവനന്തപുരം: കെടിയു, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ഗവർണറും സമവായത്തിലെത്തിയ വിവരം സത്യവാങ്മൂലത്തിലൂടെ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. സാങ്കേതിക സർവകലാശാല വി സിയായി ഡോ. സിസാ തോമസിനെയും ഡിജിറ്റൽ സർവകലാശാല വി സിയായി ഡോ. സജി ഗോപിനാഥനെയും നിയമിക്കാൻ തീരുമാനിച്ചതായി കോടതിയെ ധരിപ്പിക്കും. വ്യാഴാഴ്ച കേസ് വീണ്ടും സുപ്രീംകോടതി പരിഗണനയ്ക്കെത്തുന്ന സാഹചര്യത്തിലാണ് അറിയിപ്പ്. ഇരുവരുടെയും നിയമന വിജ്ഞാപനം ലോക്ഭവൻ ഇന്നലെയായിരുന്നു പുറത്തിറക്കിയത്.
മുന്പ് കേസ് പരിഗണിച്ചപ്പോള് സർക്കാരും ഗവർണറും തമ്മിൽ ധാരണയിലെത്താത്തതിനെ തുടർന്ന്, ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സമിതിയോട് വി സി നിയമനത്തിനുള്ള പേരുകൾ സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഈ സമിതി തയ്യാറാക്കിയ പട്ടിക ഇന്ന് കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് സർക്കാരും ഗവർണറും തമ്മിൽ അപ്രതീക്ഷിത സമവായം ഉണ്ടായത്. ഇതോടെ സമിതിയുടെ നിർദേശങ്ങൾക്കുമുമ്പേ തന്നെ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടായി.
വർഷങ്ങളായി ഡോ. സിസാ തോമസിനെ അംഗീകരിക്കില്ലെന്ന സർക്കാർ നിലപാട് മുഖ്യമന്ത്രി ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉപേക്ഷിക്കുകയായിരുന്നു. സർക്കാർ ഡോ. സജി ഗോപിനാഥിനെയും ഡോ. സതീഷ് കുമാറിനെയും വി സിമാരാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും, ചാൻസിലറായ ഗവർണർ അത് തള്ളി. പകരം ഡോ. സിസാ തോമസിനെയും ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്ന നിലപാടാണ് ഗവർണർ സുപ്രീംകോടതിയിൽ സ്വീകരിച്ചത്. സർക്കാരും ഗവർണറും തമ്മിലുള്ള ഈ ഭിന്നതയെ വിമർശിച്ച കോടതി പിന്നീട് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ പാനലിനോട് പേരുകൾ നിർദേശിക്കാൻ ആവശ്യപ്പെട്ടിരുന്നു.
കണ്ണൂർ: പിണറായിൽ സിപിഎം പ്രവർത്തകന്റെ കൈയിൽ ബോംബ് പൊട്ടിത്തെറിച്ച് ഗുരുതര പരിക്ക്. പിണറായി വെണ്ടുട്ടായിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സ്ഫോടനം ഉണ്ടായത്. കനാൽക്കരയിലെ ആളൊഴിഞ്ഞ പ്രദേശത്ത് ഉണ്ടായ ഉഗ്ര സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ വിപിൻ രാജിന്റെ വലത് കൈപ്പത്തി പൂർണമായി ചിതറിയതായാണ് വിവരം. പരിക്കേറ്റ വിപിൻ രാജിനെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓലപ്പടക്കം പൊട്ടിക്കുമ്പോൾ ഉണ്ടായ അപകടമാണെന്നായിരുന്നു ആശുപത്രിയിലും പൊലീസിനോടും നൽകിയ വിശദീകരണം.
എന്നാൽ, പാനൂർ ഉൾപ്പെടെയുള്ള മേഖലകളിൽ സിപിഎം വ്യാപകമായി ബോംബ് നിർമ്മാണം നടത്തുകയാണെന്നാരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. ഇന്നലെ രണ്ട് നാടൻ ബോംബുകൾ കണ്ടെടുത്ത സാഹചര്യത്തിൽ സംഭവം ഗൗരവമായി കാണണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. അക്രമികളെ സിപിഎമ്മും പൊലീസും സംരക്ഷിക്കുകയാണെന്നും, ആയുധ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും കെപിസിസി പ്രസിഡന്റ് വിമർശിച്ചു.
ഇതിനിടെ, നാലാം ദിവസവും പാനൂർ–പാറാട് മേഖലയിൽ രാഷ്ട്രീയ സംഘർഷാവസ്ഥ തുടരുകയാണ്. സിപിഎം സൈബർ ഗ്രൂപ്പുകൾ ലീഗ് പ്രവർത്തകരെ ലക്ഷ്യമിട്ട് കൊലവിളിയും ഭീഷണിയും തുടരുന്നതായാണ് ആരോപണം. സ്റ്റീൽ ബോംബ് എറിയുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരിക്കുകയാണ്. സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ, പാനൂർ കുന്നോത്തുപറമ്പ് പഞ്ചായത്തിൽ യുഡിഎഫ് അധികാരം പിടിച്ചതിനെ തുടർന്നുണ്ടായ ആഹ്ലാദ പ്രകടനത്തിൽ നിന്ന് ആരംഭിച്ച പ്രശ്നങ്ങൾ നിയന്ത്രിക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മേഖലയിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയ്യാറാക്കിയ ‘പോറ്റിയെ കേറ്റിയെ’ എന്ന പാട്ടിനെതിരെ ഡിജിപിക്ക് പരാതി. മനോഹരമായ ഭക്തിഗാനത്തെ രാഷ്ട്രീയ ലാഭത്തിനായി വികലമായി ഉപയോഗിച്ചുവെന്നും, അയ്യപ്പനെ രാഷ്ട്രീയ പ്രചാരണവുമായി ബന്ധിപ്പിച്ചത് ഭക്തരെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നുമാണ് പരാതിയിലെ ആരോപണം. പാട്ട് ഉടൻ പിൻവലിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് ഡിജിപിക്ക് പരാതി നൽകിയത്. തെരഞ്ഞെടുപ്പിന് പിന്നാലെ പാട്ട് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായതും വ്യാപക സ്വീകാര്യത നേടിയതുമാണ് വിവാദത്തിന് ഇടയാക്കിയത്. യുഡിഎഫ് പ്രചാരണത്തിനായി ഈ ഗാനം ആലപിച്ചത് മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ഡാനിഷ് മുഹമ്മദ് ആണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനതലത്തിൽ യുഡിഎഫിന് എൽഡിഎഫിനേക്കാൾ 5 ശതമാനം വോട്ടിന്റെ മുൻതൂക്കം ലഭിച്ചിരുന്നു. മൊത്തം പോൾ ചെയ്ത വോട്ടുകളിൽ 40.7 ശതമാനമാണ് യുഡിഎഫിന് ലഭിച്ചത്. എൽഡിഎഫിന് 35.7 ശതമാനവും എൻഡിഎയ്ക്ക് 16 ശതമാനവും വോട്ട് വിഹിതം നേടാനായി.
കോട്ടയം: യുഡിഎഫിലേക്കുള്ള പ്രവേശന ചർച്ചകൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് വ്യക്തമാക്കി കേരള കോൺഗ്രസ് (എം) നേതൃത്വം. എൽഡിഎഫ് വിടേണ്ട സാഹചര്യം നിലവിലില്ലെന്നും, യുഡിഎഫ് അപമാനിച്ച് പുറത്താക്കിയ അനുഭവം മറക്കാനാകില്ലെന്നുമാണ് പാർട്ടി ചെയർമാൻ ജോസ് കെ. മാണി നേതാക്കളോട് വ്യക്തമാക്കിയതെന്ന് വിവരം. നിലവിൽ ഉയരുന്ന ചർച്ചകൾക്ക് കഴമ്പില്ലെന്നും ഇത് അണികളെ ബോധ്യപ്പെടുത്തുമെന്നും നേതൃത്വം അറിയിച്ചു.
തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുമെന്ന പ്രചാരണം പൂർണമായും അടിസ്ഥാനരഹിതമാണെന്ന് കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. മുന്നണി വിടാൻ ഉദ്ദേശമുണ്ടായിരുന്നെങ്കിൽ അത് നേരത്തേ തന്നെ ചെയ്യാമായിരുന്നുവെന്നും, പരാജയത്തെ തുടർന്ന് മുന്നണി വിടുന്ന രാഷ്ട്രീയ സംസ്കാരം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയായിരുന്നെങ്കിൽ ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ തീരുമാനം ഉണ്ടാകുമായിരുന്നു എന്നും സ്റ്റീഫൻ ജോർജ് ചൂണ്ടിക്കാട്ടി.
യുഡിഎഫ് നേതാക്കൾ ക്ഷണിക്കുന്നത് പാർട്ടിയുടെ അടിത്തറ തിരിച്ചറിഞ്ഞതിന്റെ ഫലമാണെന്നും, എൽഡിഎഫിൽ എത്തിയ ശേഷമാണ് കേരള കോൺഗ്രസ് (എം)യുടെ ശക്തി യുഡിഎഫിന് ബോധ്യമായതെന്നും സ്റ്റീഫൻ ജോർജ് വ്യക്തമാക്കി. പി.ജെ. ജോസഫ് യുഡിഎഫിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുകയാണെന്നും, ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ അപക്വമാണെന്നും വിമർശിച്ചു. പരാജയം വന്നാൽ പാർട്ടി തകരുമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും, മുന്നണി മാറ്റ ചർച്ചകൾക്ക് യാതൊരു പ്രസക്തിയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഉത്തരവിനെതിരെയുള്ള പ്രോസിക്യൂഷന്റെ അപ്പീൽ നടപടികൾക്ക് തുടക്കമായി. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. അപ്പീൽ സാധ്യതകൾ വിശദീകരിക്കുന്ന റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ തയ്യാറാക്കിയതായും, ഇത് ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് കൈമാറുമെന്നും അറിയുന്നു. വിചാരണക്കോടതി ഉത്തരവ് വിശദമായി പരിശോധിച്ച് അപ്പീൽ തയാറാക്കുന്ന നടപടികളും ആരംഭിച്ചു.
ഇതിനിടെ, വിധി പ്രസ്താവനയ്ക്ക് മുമ്പ് വിധിയുടെ വിശദാംശങ്ങൾ ചോർന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഡിജിപിയെ വിവരം അറിയിച്ചു. ഈ വിഷയത്തിൽ നേരത്തെ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നുവെങ്കിലും സംഘടനയ്ക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായം ഉയർന്നിരുന്നു. ചില പ്രതികളെ ശിക്ഷിക്കുമെന്നും ദിലീപ് അടക്കമുള്ളവരെ വെറുതെ വിടുമെന്നും എഴുതിയ ശേഷം ആ രേഖ ദിലീപിന്റെ അടുത്ത സുഹൃത്തിന് കാണിച്ചുവെന്നതായിരുന്നു പ്രധാന ആരോപണം.
ദിലീപിന്റെ ‘ക്വട്ടേഷൻ’ എന്ന വാദം ഒരു ഘട്ടത്തിലും തെളിയിക്കാനായില്ലെന്ന് വിചാരണക്കോടതി വിധിയിൽ വ്യക്തമാക്കുന്നു. ആദ്യഘട്ട കുറ്റപത്രത്തിൽ പ്രതികൾ നടിയെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങൾ പകർത്തി പണം തട്ടുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചതെന്ന് പറഞ്ഞിരുന്നുവെന്നും, പിന്നീട് ഉയർന്ന ഗൂഢാലോചനാവാദത്തിന് ഉറച്ച തെളിവുകളില്ലെന്നുമാണ് കോടതിയുടെ കണ്ടെത്തൽ. ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയിലും തുടക്കത്തിൽ ദിലീപിനെക്കുറിച്ച് സംശയമില്ലായിരുന്നുവെന്നും, പിന്നീട് ഉയർന്ന ആരോപണങ്ങൾക്ക് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി, ഗൂഢാലോചനയെന്ന വാദം നിലനിൽക്കില്ലെന്ന നിഗമനത്തിലാണ് എത്തിയത്.
തിരുവനന്തപുരം: സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചു. ജയിലിൽ കഴിഞ്ഞ 16 ദിവസങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കോടതി ഉത്തരവിനെ തുടർന്ന് ഉടൻ വിട്ടയക്കും.
ഒരു ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട അതിജീവിതയുടെ പേര് സാമൂഹ്യമാധ്യമങ്ങളിൽ വെളിപ്പെടുത്തിയെന്നാണ് കേസ്. ഇതോടൊപ്പം അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ചെയ്തതായി പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ ഈശ്വറെ പോലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കോടതി നിർദേശിച്ച നിബന്ധനകൾ പാലിച്ചായിരിക്കും ജാമ്യം. അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച മറ്റ് ചിലർക്കെതിരെയും പോലിസ് നിയമനടപടികൾ സ്വീകരിച്ചിരുന്നു.
മുംബൈ: അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ വീണ്ടും കുത്തനെ ഇടിഞ്ഞു. ഇന്നത്തെ വ്യാപാരത്തിൽ ഒരു ഡോളറിന് 90 രൂപ 71 പൈസ എന്ന നിലയിലേക്കാണ് രൂപ തകർന്നത്. ഡിസംബർ 12ന് രേഖപ്പെടുത്തിയിരുന്ന 90.55 രൂപ എന്ന മുൻ റെക്കോർഡ് ഇതോടെ മറികടന്നു. ഇന്നത്തെ വിനിമയത്തിൽ രൂപ തിരിച്ചുവരവിന് ഒരിക്കൽപോലും ശ്രമിച്ചില്ലെന്നതും ഇടിവിന്റെ തീവ്രത വ്യക്തമാക്കുന്നു.
കഴിഞ്ഞ പതിനഞ്ച് ദിവസമായി രൂപ തുടർച്ചയായ സമ്മർദത്തിലാണ്. ഇന്ത്യ–യുഎസ് വ്യാപാര കരാറിലെ കാലതാമസം, വിദേശ നിക്ഷേപകർ പിന്മാറിയത്, വർധിച്ചുവരുന്ന വ്യാപാര കമ്മി എന്നിവയാണ് ഇടിവിന് പിന്നിലെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. ഈ വർഷം മാത്രം ഡോളറിനെതിരെ 5 ശതമാനത്തിലധികം മൂല്യത്തകർച്ച രേഖപ്പെടുത്തിയ രൂപ, ആഗോള കറൻസികളിൽ ഏറ്റവും ദുർബല പ്രകടനം കാഴ്ച വെച്ചവയിൽ ഒന്നായി മാറിയിരിക്കുകയാണ്. ഡോളർ സൂചിക ഇടിഞ്ഞിട്ടും രൂപയുടെ ഇടിവ് തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നു.
അതേസമയം, ഓഹരി വിപണിയും ഇന്ന് തകർച്ചയിലാണ്. സെൻസെക്സ് 298.86 പോയിന്റ് നഷ്ടത്തോടെ 84,968.80ലും നിഫ്റ്റി 121.40 പോയിന്റ് കുറഞ്ഞ് 25,925.55ലുമാണ് വ്യാപാരം. വെള്ളിയാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ 1,114.22 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതും രൂപയ്ക്ക് അധിക സമ്മർദമുണ്ടാക്കി. ഇന്ത്യ–യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വം തുടരുന്നിടത്തോളം വിപണിയിലും രൂപയിലും അസ്ഥിരത തുടരുമെന്ന മുന്നറിയിപ്പാണ് വിദഗ്ദ്ധർ നൽകുന്നത്.
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിൾ കെന്റ് ഹിന്ദു സമാജത്തിന്റ ധനു മാസ ശ്രീ അയ്യപ്പ പൂജ, (2025 ഡിസംബർ 20 -ാം തീയതി ശനിയാഴ്ച) നടക്കും. രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6:30 മുതൽ അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്, വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ രണ്ടു ബഞ്ച് പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.ക്ഷേത്രം മേൽശാന്തി ശ്രീ അഭിജിത്തും, താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിശ്വരറും പൂജകൾക്ക് കർമികത്വം വഹിക്കും
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,0 7973 151975



