കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണൽ. നവംബര്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ നൽകാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴു ജില്ലകളിലും വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് വിജ്ഞാപന തീയതി മുതൽ നാമനിര്‍ദേശ പത്രിക നൽകാം.
തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വന്നു. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 23576 വാര്‍ഡുകളിലേക്കായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. സംസ്ഥാനത്ത് ആകെ 33746 പോളിങ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കണ്‍ട്രോള്‍ യൂണിറ്റുകളുമുണ്ടാകും. 1249 റിട്ടേണിങ് ഓഫീസര്‍മാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക. സുരക്ഷക്കായി 70,000 പൊലീസുകാരെയും നിയോഗിക്കും. ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് ഉപയോഗിച്ചുള്ള ദുരുപയോഗം തടയാനുള്ള നടപടിയുണ്ടാകും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക. തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുന്നില്ലെങ്കിലും മട്ടന്നൂരിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നുവെന്നും ജാതി മതത്തിന്‍റെ പേരിൽ വോട്ട് ചോദിക്കരുതെന്നും ഔദ്യോഗിക സ്ഥാനം പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കാൻ ജില്ലാ തല സമിതിയെ നിയോഗിക്കും. മാധ്യമങ്ങള്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാണ്. പ്രശ്നബാധിത ബൂത്തുകളിൽ അധിക സുരക്ഷ ഏര്‍പ്പെടുത്തും. വോട്ടെടുപ്പിന് വെബ് കാസ്റ്റിങ് നടത്തും. പ്രചാരണ സമയത്ത് രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. ഒരോ ജില്ലകളിലു നിരീക്ഷകരെ വെക്കും. തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകള്‍ നിരീക്ഷിക്കും. ഹരിത ചട്ടം പാലിച്ചായിരിക്കണം പ്രചാരണം നടത്തേണ്ടത്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയായിരിക്കും വോട്ടെടുപ്പെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
സംസ്ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത് ഭരണസമിതികളിലെ ഭരണം -ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകൾ എൽഡിഎഫാണ് ഭരിക്കുന്നത്. കണ്ണൂരിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ നഗരസഭകളുടെ കാര്യം നോക്കിയാൽ ആകെയുള്ള 87 നഗരസഭകളിൽ 44 നഗരസഭകളിൽ ഇടതുമുന്നണിയാണ് ഭരിക്കുന്നത്. 41 നഗരസഭകളിലാണ് യു.ഡി.എഫ് ഭരിക്കുന്നത്. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്. 14 ജില്ലാ പഞ്ചായത്തുകളിൽ 11 ഇടത്താണ് ഇടത് ഭരണമുള്ളത്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും.എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതിൽ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എൻഡിഎ ഭരണമുള്ളത് 12 പഞ്ചായത്തുകളിലാണ്. മറ്റുള്ളവർ 7 പഞ്ചായത്തുകളിലും ഭരണ സാരഥ്യത്തിലുണ്ട്.
തിരുവനന്തപുരം: നഗരസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങി. ആദ്യ ഘട്ടത്തില്‍ 93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബാക്കിയുള്ള എട്ട് സീറ്റുകളിലെ പേരുകള്‍ ഘടകകക്ഷികളുമായി ചര്‍ച്ചചെയ്തശേഷം പിന്നീട് പുറത്തുവിടും. മേയര്‍ ആര്യ രാജേന്ദ്രന്‍ ഇത്തവണ മത്സരിക്കില്ലെന്നതാണ് പ്രധാന ഹൈലൈറ്റ്.
17 സീറ്റുകളില്‍ സിപിഐ, മൂന്ന് സീറ്റുകളില്‍ ആര്‍.ജെ.ഡി, ഒരു സീറ്റില്‍ കോണ്‍ഗ്രസ് (ബി) എന്നിവരാണ് മത്സരിക്കുന്നത്. 30 വയസ്സിന് താഴെ 13 സ്ഥാനാര്‍ഥികളുണ്ട്. അലത്തറയില്‍ മത്സരിക്കുന്ന 23-കാരിയായ മാഗ്നയാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി. യുവജനങ്ങളും പ്രൊഫഷണലുകളും ഉള്‍പ്പെട്ടിട്ടുള്ള പട്ടികയില്‍ അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, ഐടി ജീവനക്കാര്‍, സിനിമാ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ഇടം നേടിയിട്ടുണ്ട്.
പട്ടം വാര്‍ഡില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവിന്റെ മകള്‍ തൃപ്തി രാജ് സ്ഥാനാര്‍ഥിയാകും. പേട്ടയില്‍ എസ്.പി. ദീപക്കും കഴക്കൂട്ടത്ത് എസ്. പ്രശാന്തും ജനവിധി തേടും. ശാസ്തമംഗലത്ത് മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്‌ക്കെതിരെ ആര്‍. അമൃതയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. കവടിയാറില്‍ സുനില്‍ കുമാറും മുട്ടടയില്‍ അംശു വാമദേവനും മത്സരിക്കും. നഗരസഭാ തെരഞ്ഞെടുപ്പ് ഡിസംബര്‍ 9-നാണ് നടക്കുന്നത്.
യുകെയിലെ സീറോ മലബാർ രൂപതയുടെ ചർച്ച് ക്വയർ കമ്മീഷൻ സംഘടിപ്പിക്കുന്ന ഓൾ യുകെ കരോൾ ഗാനമത്സരം “ 2025” ഡിസംബർ 6-ന് ലെസ്റ്ററിലെ Cedar’s Academy യിൽ നടക്കും. ഉച്ചയ്ക്ക് 1 മണിമുതൽ ആരംഭിക്കുന്ന ഈ സംഗീത മാമാങ്കം, ക്രിസ്മസിനെ പുതുമയോടെ ആഘോഷിക്കുന്നതിനും സമൂഹത്തെ ഒന്നിപ്പിക്കുന്നതിനുമുള്ള വേദിയാകും.
രൂപതയിലെ എല്ലാ ഇടവകളിലെ, മിഷനുകളിലെ, പ്രൊപോസ്ഡ് മിഷനുകളിലെ, മാസ്സ് സെന്ററുകളിലെ കൊയർ ടീമുകൾക്കും മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്. പങ്കെടുക്കുന്നവർ നവംബർ 22-ന് മുൻപ് നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിലൂടെ രജിസ്റ്റർ ചെയ്യേണ്ടതാണ്. മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ടീമുകൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട് . ഒന്നാം സമ്മാനം £500 യും ട്രോഫിയും, രണ്ടാം സമ്മാനം £300യും ട്രോഫിയും, മൂന്നാം സമ്മാനം £200യും ട്രോഫിയും ആയിരിക്കും.
വിജയികൾക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനദാനം നടത്തും .. ചെയർമാൻ ഫാ. പ്രജിൽ പണ്ടാരപ്പറമ്പിലും കോർഡിനേറ്ററായി ജോമോൻ മാമ്മൂട്ടിലും ചേർന്ന് പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 07424 165013, 07930 431445 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


വൈറ്റിലയ്ക്കടുത്ത് തമ്മനത്ത് പുലർച്ചെ രണ്ടുമണിയോടെ ജല അതോറിറ്റിയുടെ വൻ കുടിവെള്ള ടാങ്ക് തകർന്നു . ഏകദേശം ഒന്നേകാൽ കോടി ലിറ്റർ വെള്ളം സംഭരിച്ചിരുന്ന ഈ ടാങ്ക് പൊളിഞ്ഞതോടെ പ്രദേശം മുഴുവൻ വെള്ളം കയറി. ഉരുള്‍പൊട്ടലിനെയോ മണ്ണിടിച്ചിലിനെയോ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യമാണുണ്ടായത്. ഭാഗ്യവശാൽ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
വെള്ളം വീടുകളിലും റോഡുകളിലുമെത്തിയതോടെ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. വീടുകളുടെ മതിലുകൾ തകർന്നു, വഴിയരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒഴുകി നീങ്ങി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു. ഉറക്കത്തിനിടെ ആയതിനാൽ പലരും അപകടം അറിയാൻ വൈകി, വീടുകളിലേക്ക് ചെളിയും മാലിന്യങ്ങളും കയറിയതുമൂലം അവസ്ഥ കൂടുതൽ ദയനീയമായി.
തൃപ്പൂണിത്തുറയുള്‍പ്പെടെയുള്ള നഗരഭാഗങ്ങളിലെ ജലവിതരണത്തെയും ഈ സംഭവം ഗുരുതരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. പുലർച്ചെ നാലുമണിയോടെയാണ് ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനായത്. കാലപ്പഴക്കമാണോ, നിർമ്മാണത്തിലെ അപാകതകളാണോ ടാങ്ക് തകർച്ചയ്ക്ക് പിന്നിൽ എന്ന് ഇപ്പോഴും വ്യക്തമല്ല. അധികാരികൾ സ്ഥലം സന്ദർശിച്ച് നഷ്ടപരിഹാര നടപടികൾ ആരംഭിച്ചു.
കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് (നവംബർ 10) മുതൽ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിൽ ഈ ബസുകള്‍ക്ക് അന്യായമായി ഈടാക്കുന്ന നികുതി, വാഹനങ്ങൾ പിടിച്ചെടുക്കൽ, പിഴ ചുമത്തൽ എന്നിവയ്ക്കെതിരെയാണ് ഈ പ്രതിഷേധ നീക്കം. അഖിലേന്ത്യ പെര്‍മിറ്റുള്ള സ്ലീപ്പര്‍, സെമി സ്ലീപ്പര്‍, ലക്ഷ്വറി ബസുകളാണ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള നിരവധി സ്വകാര്യ ബസുകള്‍ ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കാണ് ദിനംപ്രതി സര്‍വീസ് നടത്താറുള്ളത്. ബസ് ഓപ്പറേറ്റര്‍മാര്‍ പറയുന്നതനുസരിച്ച്, സംസ്ഥാന അതിർത്തികൾ കടക്കുമ്പോഴാണ് പ്രധാനമായും പ്രശ്നങ്ങൾ നേരിടുന്നത്. അന്യായ നികുതി ചുമത്തലും പൊലീസ് പിഴയും മൂലം ബസുകൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നുവെന്നാണ് പരാതിയും.
സര്‍വീസ് നിര്‍ത്തിവെച്ചതോടെ ബെംഗളൂരു, ചെന്നൈ, ഹോസൂര്‍ തുടങ്ങിയ നഗരങ്ങളിലേക്കും അവിടങ്ങളിൽ നിന്നുമുള്ള യാത്രകൾ ബുദ്ധിമുട്ടിലായി. ഐടി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരും, കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളും ഇപ്പോള്‍ കടുത്ത പ്രശ്നത്തിലാണ്. വിമാന ടിക്കറ്റ് നിരക്കുകൾ കൂടി, ട്രെയിൻ ടിക്കറ്റുകൾ മുഴുവൻ വിറ്റുതീരുകയും ചെയ്ത സാഹചര്യത്തിൽ യാത്രാസൗകര്യങ്ങൾ ലഭിക്കാതെ നിരവധി പേരും ആശങ്കയിലാണ്.
ടോം ജോസ് തടിയംപാട് ,ജോസ് മാത്യു
നവംബർ മൂന്നാം തീയതിയിൽ ഞങ്ങൾ 35 അംഗങ്ങൾ ഉൾപ്പെടുന്ന മലയാളി സംഘം വൈകുന്നേരം യു കെയിൽ നിന്നു പുറപ്പെട്ടു. രണ്ടരമണിക്കൂർ യാത്ര ചെയ്തു ഐസ് ലാൻഡിന്റെ തലസ്ഥാനമായ റെയ്ക്കാവിക്കിലെ കെഫ്‌ലാവിക് എയർപോർട്ടിൽ എത്തി. അവിടെനിന്നും ഒരു മണിക്കൂർ യാത്രചെയ്തു തലസ്ഥാനമായ കെർക്കവികിലെ ഹോട്ടലിൽ എത്തിയപ്പോൾ ഏകദേശം രാത്രി 9 മണിയായിരുന്നു. വഴിനീളെ റോഡിൽ വീണുകിടന്ന ഐസ് കൂനകൾ കാണാമായിരുന്നു, കഴിഞ്ഞദിവങ്ങളിൽ ശക്തമായ ഐസ് വീഴ്ചയിൽ ഗതാഗതം തടസപ്പെട്ടിരുന്നു. പിന്നീട് ഐസ് മാറ്റിയാണ് ഗതാഗതം സ്ഥാപിച്ചത് എന്ന് ഗൈഡ് ക്രിസ്റ്റി പറഞ്ഞു.

രാത്രിയിൽ ഭക്ഷണം കഴിഞ്ഞു ഞങ്ങൾ എല്ലാവരും പരസ്പരം പരിചയപ്പെട്ടശേഷം റൂമിലേക്ക് പോയി .
രാവിലെ 8 മണിക്ക് എല്ലാവരും റെഡിയായി ബസിൽ കയറണമെന്നു ടൂർ ഓപ്പറേറ്റർ ആഷിൻ സിറ്റിയുടെ ഡയറക്ടർ ജിജോ മാധവപ്പള്ളി രാത്രിയിൽ അറിയിച്ചിരുന്നു . ഞങ്ങൾ 7 മണിക്ക് പ്രഭാതഭക്ഷണം കഴിച്ചു എട്ടുമണിക്കു കോച്ചിൽ കയറി . ഞങ്ങളുടെ ഗൈഡ് ക്രിസ്റ്റി ഐസ് ലാൻഡിനെപ്പറ്റി ഒരു ഹൃസ്വ വിവരണം ഞങ്ങൾക്ക് നൽകി. ആർട്ടിക് സമൂദ്രത്തിനും ,നോർത്ത് അറ്റ്ലാന്റിക് സമൂദ്രത്തിനും ഇടയിലാണ് ഐസ് ലാൻഡ് സ്ഥിതി ചെയ്യുന്നത് . 4 ലക്ഷമാണ് ആകെ ജനസംഖ്യ അതിൽ 2’40000 വും തലസ്ഥാനമായ കെർക്കവികിലാണ് താമസിക്കുന്നത് .

A D 874 ലാണ് ആദ്യമായി ഐസ് ലാൻഡിൽ മനുഷ്യർ എത്തിയതെന്നും നോർവേയിൽ നിന്നുവന്ന ഇൻഗ്ലോഫർ എന്ന ഗോത്രത്തലവൻ ആയിരുന്നു അതിനു നേതൃത്വം കൊടുത്തതെന്നും ,ലോകത്തിലെ ആദ്യത്തെ പാർലമെൻറ് AD 930 ഐസ് ലാൻഡിലെ തിങ്‌വെല്ലിർ നാഷണൽ പാർക്കിലാണ് ആരംഭിച്ചതെന്നും പിന്നീട് തലസ്ഥാനമായ റെയ്ക്കാവിക്കിലെക്കു മാറ്റിയെന്നും ,ഐസ് ലാൻഡ് എന്നുപറയുന്നത്. അഗ്‌നിപർവ്വതങ്ങളുടെ നാടാണെന്നും 30 അഗ്‌നി പർവ്വതങ്ങൾ ഇപ്പോഴും അക്ക്റ്റിവ് ആയി നിലനിൽക്കുന്നു എന്നും അഗ്‌നി പർവ്വതങ്ങൾ പൊട്ടിത്തെറിച്ചു ആയിരക്കണക്കിനു വർഷങ്ങൾകൊണ്ട് രൂപപ്പെട്ട യൂറോപ്പിലെ വലിയ ദീപാണ് ഐസ് ലാൻഡ് എന്നും ഇവിടുത്തെ പ്രധാന വരുമാനം ടൂറിസവും .മീൻപിടുത്തവും പിന്നെ അലുമിനിയം ഉൽപ്പാദനവുമാണ് എന്നൊക്കെ വിശദീകരിച്ചു.

ആദ്യകാലത്ത് ഐസ് ലാൻഡിൽ ഉണ്ടായിരുന്ന ജീവി കുറുക്കൻ മാത്രമായിരുന്നു. ഇപ്പോൾ കുതിരയും പശുക്കളും ആടുകളും. കൃഷി ചെയ്യുന്നു ആകെ കുറ്റിച്ചെടികൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത് ഇപ്പോൾ കാണുന്ന പൈൻ മരങ്ങളും മറ്റു ചെറിയ മരങ്ങളും എല്ലാം പുറത്തു നിന്ന് വന്നതാണ് .കൊറോണ ബാധിക്കാത്ത സ്ഥലം ആയിരുന്നു ഐസ് ലാൻഡ് കാരണം ദീപായിരുന്നത് കൊണ്ട് വളരെ പെട്ടെന്ന് അവിടേക്കുള്ള പ്രവേശനം അടക്കാൻ കഴിഞ്ഞുവെന്നും ക്രിസ്റ്റി പറഞ്ഞു .

1100 ൽ ആണ് ക്രിസ്റ്റിയാനിറ്റി ഐസ് ലാൻഡിൽ എത്തിയത് സമാധാനപരമായിട്ടാണ് ഇവിടെ ക്രൈസ്തവ പരിവർത്തനം നടന്നതെന്നും ഇപ്പോൾ 72.4 % ലൂഥറൻ സഭ വിശ്വാസികളാണെന്നും 4 % കാത്തലിക് വിശ്വാസികൾ ആണെന്നും ഗൈഡ് പറഞ്ഞു .

രണ്ടാം ലോകമഹായുദ്ധം ലോകത്തിനു മുഴുവൻ കെടുതികളാണ് സംഭാവന ചെയ്തതെങ്കിലും അതിലൂടെ നേട്ടം കൊയ്ത ഒരു രാജ്യമാണ് ഐസ് ലാൻഡ്. യുദ്ധസമയത്ത് യുദ്ധവിമാനങ്ങൾക്കു ഇന്ധനം നിറയ്ക്കാൻ അമേരിക്കയും ബ്രിട്ടനും പണികഴിപ്പിച്ച എയർപോർട്ട് പിന്നീട് അവരുടെ യാത്രയ്ക്ക് അനുഗ്രഹമായിമായി മാറി അതിലൂടെ പിന്നീട് ടൂറിസം വർധിപ്പിക്കാൻ കഴിഞ്ഞു. ചുറ്റും കടലാണെങ്കിലും ഷിപ്പിംഗ് ഗതാഗതം സാധ്യമല്ല. കാരണം ഐസ്‌ലൻഡിനും ചുറ്റുമുള്ള നോർത്ത് അറ്റ്ലാന്റിക്ക് സമുദ്രം അത്രമാത്രം പ്രഷുബ്ധമാണ്. കപ്പലുകൾ വന്നാൽ അപകടം ഉറപ്പാണ് അതുകൊണ്ടു ദീപിനു പുറത്തേക്കുള്ള യാത്രക്കുള്ള ഏക ആശ്രയം വിമാനം മാത്രമാണ് .

എല്ലാ സാധനങ്ങളും ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമാണ് ഐസ് ലാൻഡ് കൃഷി ചെയ്യാൻ കഴിയില്ല കാരണം വർഷത്തിൽ മൂന്നുമാസം ജൂൺ ജൂലൈ ,ഓഗസ്റ്റ് ,മാത്രമാണ് സൂര്യനെ കാണാൻ കഴിയുന്നത് ആ സമയത്തു പോലും ചൂട് 13 നും 20 സെന്റിഗ്രേയ്‌ഡിനും ഇടയിൽ മാത്രമാണ് അനുഭവപ്പെടുന്നത്. പകൽ വെളിച്ചം രാവിലെ 9 മണിമുതൽ 3 മണിവരെയാണ് അനുഭവപ്പെടുന്നത് .

തിങ്‌വെല്ലിർ നാഷണൽ പാർക്കിലൂടെ ബസ് കടന്നുപോയപ്പോൾ അവിടുത്തെ വിണ്ടുകീറി കിടക്കുന്ന ഭൂമിയുടെ വിടവ് ഒരു രണ്ടു സെന്റിമീറ്റർ വച്ച് വർഷം വർദ്ധിക്കുന്നു വെന്നും അവിടെയാണ് ഭൂമിയുടെ tectonic plates സ്ഥിതി ചെയ്യുന്നതെന്നും ഗൈഡ് ചൂണ്ടികാണിച്ചു . AD 930 ലോകത്തിലെ ആദ്യത്തെ പാർലമെൻറ് നടന്ന സ്ഥലവും ഗൈഡ് ബസിൽ ഇരുന്നു ചൂണ്ടികാണിച്ചു ആ പ്രദേശമൊക്കെ ഇപ്പോൾ ഭൂമിശാസ്ത്രപരമായി സംരക്ഷണ മേഖലയാണ്. പോകുന്ന വഴിയിൽ ഐസ് ലാൻഡിലെ ഏറ്റവും വലിയ ആക്റ്റീവ് ആയി നിൽക്കുന്ന ഹെക്കല അഗ്നി പർവതം ബസിൽ ഇരുന്നു കണ്ടു അഗ്നി പർവ്വതത്തിന്റെ മുകൾഭാഗം മുഴുവൻ ഐസ് മൂടി കിടക്കുന്നു ഉള്ളിൽ ഒരുക്കുന്ന ലാവയുടെ ഒരു ലക്ഷണവും കാണിക്കാതെ അവൻ ശാന്തമായി നിൽക്കുന്നതായി തോന്നി .

പിന്നീട് ഐസ് ലാൻഡിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായ ഗൾഫോസ് വെള്ളച്ചാട്ടം കാണാൻ പോയി ഹവിത നദിയിലെ ഈ വെള്ളച്ചാട്ടം ഒരു അവിസ്‌മരണീയമായ കാഴ്ചയായിരുന്നു വെള്ളച്ചാട്ടത്തിനു അടുത്തേക്ക് ചെല്ലുമ്പോൾ ഉണ്ടാകുന്ന തണുപ്പ് അസഹനീയമായിരുന്നു. എല്ലാവരും ആ വെള്ളച്ചാട്ടത്തിന്റെ വിവിധ ചിത്രങ്ങൾ മൊബൈയിലിൽ പകർത്തി അവിടെനിന്നും യാത്രയായി, യാത്രയിൽ ഉടനീളം അഗ്നിപർവ്വതങ്ങൾ പൊട്ടിയൊഴുകിയ ലാവകൾ ഉറഞ്ഞുകൂടി കിടക്കുന്നതു കാണാമായിരുന്നു മരുഭൂമിപോലെ കിടക്കുന്ന ധാരാളം ഭൂമികൾ അവിടവിടങ്ങളിൽ കാണാമായിരുന്നു ഇതിനിടയിൽ ക്രമീകരിച്ചിരിക്കുന്ന ഗ്രീൻ ഹൗസുകളിൽ ആണ് അൽപ്പം കൃഷി നടക്കുന്നത്. വഴിയിൽ കുതിരകൾ മേയുന്നതു കാണാം പശുക്കളെയും ആടുകളെയും കാണാം ഐസ് ലാൻഡിലെക്കു ആർക്കും കുതിരയെ കൊണ്ടുവരാൻ കഴിയില്ല. അവിടുത്തെ കുതിരകളെ വാങ്ങികൊണ്ടുപോകാം പക്ഷെ കൊണ്ടു പോയാൽ പിന്നെ തിരിച്ചു കൊണ്ടുവരാൻ പറ്റില്ല കാരണം പുറത്തു നിന്നുള്ള ഒരു രോഗവും ഐസ് ലാൻഡിൽ പ്രവേശിക്കാതിരിക്കാനാണ് ഇങ്ങനെ ഒരു നിയമം നിർമ്മിച്ചിരിക്കുന്നത് .

പിന്നീട് ഞങ്ങൾ Skogafoss വെള്ളച്ചാട്ടം കാണാൻ പോയി അതിമനോഹരമായി സംരക്ഷിച്ചിരിക്കുന്ന വെള്ളച്ചാട്ടങ്ങൾ സഞ്ചാരികളെ നന്നായി ആകർഷിക്കും ഉച്ചക്ക് എല്ലാവരും തന്നെ ഐസ് ലാൻഡിലെ ഫിഷും ചിപ്പ്‌സും ഒക്കെ ആസ്വദിച്ചു വൈകുന്നേരം ഹോട്ടലിൽ തിരിച്ചുവന്നു എല്ലാവരും വിശ്രമിച്ചശേഷം ഐസ് ലാൻഡിലെ ഏറ്റവും ആകൃഷ്ണീയമായ നോർത്തേൺ ലൈറ്റ് കാണാൻ പോയി ഒരു മണിക്കൂർ വെയിറ്റ് ചെയ്താണ് ഞങ്ങൾ ലൈറ്റ് കണ്ടത് അവിടെ ചിലവഴിച്ച സമയത്തു തണുപ്പ് അസഹനീയമായിരുന്നു തിരിച്ചു ക്ഷീണിതരായി ഞങ്ങൾ ഹോട്ടലിൽ വന്നു കിടന്നുറങ്ങി യാത്രയിൽ ഉടനീളം തമാശുകൾ പറഞ്ഞു൦ ചിരിച്ചും കളിച്ചും സമയം പോയതറിഞ്ഞില്ല .
തുടരും .
അഹമ്മദാബാദ്: ഗുജറാത്തില്‍ ഐഎസുമായി ബന്ധമുള്ള മൂന്ന് ഭീകരരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. ഡോ. അഹ്‌മദ് മുഹിയദ്ദീന്‍ സെയ്ദ്, മുഹമ്മദ് സുഹൈല്‍, എസ്. ആസാദ് എന്നീ പേരുകളുള്ള പ്രതികളെ കഴിഞ്ഞ ഒരുവര്‍ഷമായി എടിഎസ് നിരീക്ഷിച്ചുവരികയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും എടിഎസ് വ്യക്തമാക്കി.
ആയുധങ്ങള്‍ കൈമാറുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ഗുജറാത്തിലെത്തിയത് ആയുധ കൈമാറ്റത്തിനായിരുന്നെന്നും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ വ്യത്യസ്ത ഭീകരസംഘങ്ങളിലെ അംഗങ്ങളാണെന്നും ഇവര്‍ ചേര്‍ന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അറസ്റ്റിലായ മൂന്നുപേരെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് എടിഎസ് അറിയിച്ചു. ആക്രമണ ലക്ഷ്യസ്ഥലങ്ങളും വിദേശ ബന്ധങ്ങളും കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്നുമാണ് അധികൃതര്‍ അറിയിച്ചത്. കഴിഞ്ഞ ജൂലൈയില്‍ ഗുജറാത്ത് എടിഎസ് അല്‍ഖ്വയ്ദ ബന്ധമുള്ള അഞ്ചുപേരെയും പിടികൂടിയിരുന്നു.
തിരുവനന്തപുരം ∙ എന്‍ഡിഎ മുന്നണിയില്‍ ഭിന്നത ശക്തമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനവുമായി ബിഡിജെഎസ് രംഗത്തുവന്നു. മുന്നണി ധാരണകളില്‍ ബിജെപി മര്യാദ പാലിച്ചില്ലെന്നാരോപിച്ചാണ് ബിഡിജെഎസിന്റെ ആരോപണം . നാളെ 20 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് ബിഡിജെഎസ് അറിയിച്ചു.
അതേസമയം, ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി. 67 പേരെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാര്‍ഡില്‍ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, പാളയത്തില്‍ മുന്‍ കായികതാരവും സ്പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുമായ പദ്മിനി തോമസ്, കൊടുങ്ങന്നൂരില്‍ വി വി രാജേഷ് എന്നിവര്‍ സ്ഥാനാര്‍ഥികളാകും.
‘ഭരിക്കാന്‍ ഒരു അവസരം തരുക’ എന്ന മുദ്രാവാക്യത്തോടെയാണ് ബിജെപി പ്രചാരണം ആരംഭിച്ചത്. അഴിമതി രഹിതമായ അനന്തപുരി സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. തിരുവനന്തപുരത്തെ ഇന്ത്യയിലെ മികച്ച നഗരമാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലണ്ടനിൽ അവസ്മരണീയമായ നിമിഷങ്ങൾ സമ്മാനിക്കുന്നതായിരുന്നു സി ലൈഫിലെ സന്ദർശനം. വിവിധതരത്തിലും രൂപത്തിലുമുള്ള ജലജീവികളെ അവയുടെ ആവാസ വ്യവസ്ഥയിൽ തന്നെ അടുത്തു കാണാം. കുട്ടികളുമൊത്ത് ഫാമിലിയായാണ് മിക്കവരും എത്തിയിരിക്കുന്നത്. ഒരാൾക്ക് 30 പൗണ്ടോളം ആണ് ടിക്കറ്റ് നിരക്ക്. എൻറെ സ്ഥിരം സ്വഭാവം വെച്ച് ഞങ്ങൾ അഞ്ചുപേർക്ക് എത്രയാകും എന്ന് കണക്കു കൂട്ടി നോക്കി. 15,000 രൂപയിൽ കൂടുതൽ എന്നത് ആദ്യം എൻറെ കണ്ണുതള്ളിച്ചു. പക്ഷേ അവിടെ ചിലവഴിച്ച രണ്ട് മണിക്കൂർ സമയം തികച്ചും അവസ്മരണീയവും വിജ്ഞാനപ്രദവുമായിരുന്നു.
സി ലൈഫ് എന്ന പേരുണ്ടെങ്കിലും ലോകമെങ്ങുമുള്ള വ്യത്യസ്ത കാലാവസ്ഥയിലും പരിസ്ഥിതിയിലും ജീവിക്കുന്ന ജലജീവികളെ ഇവിടെ നമ്മൾക്ക് ദർശിക്കാനാവും. കടലിലെയും നദികളിലെയും ജീവികളെയും അന്റാർട്ടിക്കയിലെ പെൻഗ്വിനികളെയും നമ്മൾക്ക് ഇവിടെ കാണാം. കേരളത്തിലെ മഴക്കാടുകളുടെ ആവാസ വ്യവസ്ഥയ്ക്ക് സമാനമായ ആവിഷ്കരണവും സി ലൈഫിൽ കണ്ടെത്താനായി. ചില ദൃശ്യങ്ങൾ തെന്മലയിലെ ഫോറസ്റ്റ് വിസിറ്റിനിടെ പരിചിതമായ മഴക്കാടുകളുടെ ഓർമ്മകളിലേയ്ക്ക് എന്നെ കൊണ്ടെത്തിച്ചു. വളരെ അപൂർവ്വമായ മിരിസ്റ്റിക്ക മരങ്ങളുടെ സാന്നിധ്യം തെന്മലയിലെ ചെന്തുരുണി വന മേഖലയുടെ പ്രത്യേകതയാണ്. മിരിസ്റ്റിക്കാ ചെറുമരങ്ങളുടെ വേരുകൾക്കും പ്രത്യകതയുണ്ട് . ചതുപ്പിൽ ശ്വസിക്കാൻ ജലനിരപ്പിനു മീതെ ഉയർന്നു കാണുന്ന മിരിസ്റ്റിക്ക മരങ്ങളുടെ വേരുകൾ മനോഹരമായൊരു ദൃശ്യമാണ്.
ലണ്ടൻ സി ലൈഫിലേയ്ക്ക് കാലെടുത്തു വച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ നമ്മൾ എവിടെയാണെന്നത് അപ്രസക്തരാകും. ലണ്ടൻ്റെ ഹൃദയ ഭാഗത്ത് തേംസ് നദികരയിലെ ലണ്ടൻ ഐ കണ്ടത് സമീപമാണെന്നത് നമ്മുടെ മനസ്സിലേക്ക് ഒരിക്കലും കടന്നു വരില്ല. ഇവിടെ കടലിന്റെയും ജലജീവികളുടെയും കൗതുകം ഉണർത്തുന്ന കാഴ്ചകൾ മാത്രം .
തുടക്കം തന്നെ നമ്മളെ അത്ഭുതപ്പെടുത്തുന്നു. കാൽ ചുവട്ടിലെ ചില്ലു പാളികൾക്ക് താഴെ കൂറ്റൻ സ്രാവുകളുടെ ദൃശ്യം ഇനി കാണാനിരിക്കുന്ന അത്ഭുതങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്.
സി ലൈഫ് അക്വേറിയത്തിൻ്റെ ഇടനാഴികകളിലൂടെ വിവിധതരം ജലജീവികളുടെ ഇടയിലൂടെ നടന്നപ്പോൾ ഏതോ ഒരു ഗൃഹാതുരത്വം എന്നെ വേട്ടയാടി. കേരളത്തിൽ നിന്ന് 4000 പരം കിലോമീറ്ററുകൾ അകലെയാണെന്ന ചിന്ത എന്ന് മദിച്ചു. അൻറാർട്ടിക്കയുടെ മഞ്ഞുപാളികളുടെ ഇടയിൽ ഓടി കളിച്ചിരുന്ന പെൻഗ്വിനികളുടെ ഒറ്റപ്പെട്ട ആവാസ വ്യവസ്ഥയിലെ ജീവിതം , ലണ്ടൻ നഗരത്തിന്റെ നടുക്ക് ജീവിക്കുന്ന അവയുടെ അവസ്ഥയും ഒറ്റപ്പെടലും ഒരു വേള എന്റെ മനസ്സിൽ വേദനയുടെ മിന്നായം പായിച്ചു.
അറ്റാർട്ടിക്കയിൽ നിന്ന് 15,000 ത്തോളം കിലോമീറ്ററുകൾക്ക് അപ്പുറം ഏകാന്തതയുടെ ദുരന്തഭൂമിയിലെ തേങ്ങലുകൾ അവർ പരസ്പരം പങ്കുവെയ്ക്കുന്നുണ്ടാവും എന്ന് എനിക്ക് തോന്നി.
ലോകത്തിലെ തന്നെ സമുദ്ര ജലജീവികളുടെ ഏറ്റവും മികച്ച പ്രദർശനശാലയെന്ന് വിശേഷിപ്പിക്കാവുന്നതാണ് ലണ്ടനിലെ സി ലൈഫ് അക്വേറിയം . ലണ്ടൻ സീ ലൈഫ് സന്ദർശനം, ഒരു വിനോദയാത്ര മാത്രമല്ല; അറിവും ബോധവത്കരണവും നിറഞ്ഞ അനുഭവമായിരുന്നു. കടലും അതിലെ ജീവികളും മനുഷ്യജീവിതത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് മഹത്തായ സന്ദേശം പകർന്നുതരുന്ന അനുഭവം.
1997 ലാണ് ലണ്ടൻ അക്വേറിയം പ്രവർത്തനം ആരംഭിച്ചത് . 2008 ൽ ഈ രംഗത്തെ പ്രമുഖ ഗ്രൂപ്പായ മെർലിൻ എന്റർടൈൻമെന്റ് ഏറ്റെടുത്തതിനു ശേഷമാണ് സി ലൈഫ് ലണ്ടൻ അക്വേറിയം എന്നപേരിൽ പുനർ നാമകരണം ചെയ്തത്. ഇന്ന് 17 രാജ്യങ്ങളിലായി 50 ഓളം സീ ലൈഫ് അക്വേറിയം ആണ് മെർലിൻ എന്റർടൈൻമെന്റിന് ഉള്ളത്.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

പാപ്പനംകോട് മുതൽ ഈഞ്ചയ്ക്കൽ വരെ നഗരം ചുറ്റി മെട്രോ വരുന്നതോടെ തലസ്ഥാനത്തിന്റെ മുഖം മാറും. ലൈറ്റ്‌മെട്രോ, മോണോറെയിൽ, മെട്രോനിയോ എന്നിങ്ങനെ മുൻ പദ്ധതികൾ ഉപേക്ഷിച്ച് കൊച്ചിയിലെപ്പോലെ മീഡിയം മെട്രോയാണ് തിരുവനന്തപുരത്തും നിശ്ചയിച്ചിരിക്കുന്നത്. ഭാവിയിൽ ആറ്റിങ്ങൽ വരെയും നെയ്യാറ്റിൻകര വരെയും നീട്ടാവുന്ന തരത്തിലുള്ള അലൈൻമെന്റാണിത്. 31കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോപാതയിൽ 27സ്റ്റേഷനുകളുണ്ട്. 25സ്റ്റേഷനുകളുള്ള കൊച്ചിയേക്കാൾ വലിയ മെട്രോയാണ്
തിരുവനന്തപുരത്ത് വരുന്നത്. അത്യാധുനിക സാങ്കേതികവിദ്യയും കോച്ചുകളുമാവും ഇവിടെ വരിക. മെട്രോയുടെ അലൈൻമെന്റ് മാത്രമാണ് ഇപ്പോൾ നിശ്ചയിച്ചത്. തൂണുകൾക്ക് മുകളിലുള്ള എലിവേറ്റഡ് പാതയും ഭൂഗർഭ പാതയും പരിഗണനയിലാണ്. ചെലവേറുമെന്നതാണ് ഭൂഗർഭപാതയ്ക്കുള്ള ദോഷം. ദേശീയപാതയുടെ മദ്ധ്യഭാഗത്ത് വലിയ തൂണുകളുണ്ടാക്കി അതിനു മുകളിലായിരിക്കും മെട്രോയ്ക്കുള്ള ട്രാക്ക് സ്ഥാപിക്കുക. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ കൂടി ഉൾപ്പെടുത്തിയാവണം അലൈൻമെന്റെന്ന കേന്ദ്ര നിർദ്ദേശത്തെ പരിഗണിച്ച് തമ്പാനൂർ, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകൾക്കും വിമാനത്താവളത്തിനും സമീപത്തുകൂടിയാണ് അലൈൻമെന്റ്. തമ്പാനൂർ ബസ് സ്റ്റാൻഡ്, ടെക്‌നോപാർക്കിന്റെ മൂന്ന് ഫേസുകൾ,മെഡിക്കൽ കോളേജ് എന്നിവയെ ബന്ധിപ്പിച്ചുള്ള റൂട്ടായതിനാൽ മെട്രോ സർവീസ് ലാഭകരമാകും.
മൂന്ന് മാസത്തിനകം വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) കൊച്ചി മെട്രോ തയാറാക്കും. ഏറ്റെടുക്കേണ്ട ഭൂമി, പുനരധിവാസ മാർഗ്ഗങ്ങൾ, ഏതു തരത്തിലുള്ള പാതയും കോച്ചും,പൂർത്തിയാവുന്ന സമയം,ചെലവ് എന്നിങ്ങനെ വിവരങ്ങൾ ഡി.പി.ആറിലുണ്ടാവും. ഇത് സർക്കാർ അംഗീകരിച്ച് കേന്ദ്രത്തിന് അയയ്ക്കും. കേന്ദ്രാനുമതി ലഭിച്ചാലേ പദ്ധതിയുടെ ടെൻഡർ തുടങ്ങു. സ്വകാര്യപങ്കാളിത്തം നിർബന്ധമാക്കിയുള്ളതാണ് കേന്ദ്രസർക്കാരിന്റെ പുതിയ മെട്രോനയം.അതിനാൽ ടിക്കറ്റ് വിതരണം,എലിവേറ്റർ,ലിഫ്റ്റ് എന്നിവയിലടക്കം സ്വകാര്യനിക്ഷേപം വേണ്ടിവരും.
സ്ഥലമെടുപ്പ് പൂർത്തിയായാൽ 3വർഷംകൊണ്ട് മെട്രോ നിർമ്മിക്കാം. കിലോമീറ്ററിന് 250കോടിയാണ് ചെലവ്. ഇതുപ്രകാരം 8000കോടിയിലേറെ ചെലവുണ്ടാവും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 20ശതമാനം വീതം വിഹിതം നൽകും. ശേഷിച്ച 60ശതമാനം വായ്പയെടുക്കും. എല്ലാ സ്റ്റേഷനുകളിലും പാർക്കിഗും വിപുലമായ ഫീഡർ സർവീസ് സംവിധാനങ്ങളും ഏർപ്പെടുത്തും.
”മൂന്നു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാവും. അതിനുള്ള ആധുനിക സാങ്കേതികവിദ്യകളുണ്ട്. അതിനു മുമ്പ് കേന്ദ്രത്തിന്റേതടക്കം നിരവധി അനുമതികൾ നേടിയെടുക്കേണ്ടതുണ്ട്”