ബിനോയ് എം. ജെ.
എല്ലാവരും തന്നെ ഓട്ടത്തിലാണ്. ഈ കാലങ്ങളിൽ ഓട്ടത്തിന്റെ വേഗത കൂടുന്നുവോ എന്നും സംശയം തോന്നുന്നു. വാഹനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലങ്ങളിൽ കാൽനടയായി ഓടുവാൻ പറ്റില്ലല്ലോ. ആധുനികകാലങ്ങളിൽ വാഹനങ്ങളുടെ ബാഹുല്യം നിമിത്തം ഓട്ടം ഒരു സാർവ്വലൗകിക പ്രതിഭാസമായി മാറിയിരിക്കുന്നു. എല്ലാവരും തന്നെ കാറുകളും ഇരുചക്രവാഹനങ്ങളും മറ്റും വാങ്ങിക്കുന്നത് കൂടുതൽ വേഗത്തിൽ ഓടുവാൻ വേണ്ടിയാണ്. മനുഷ്യന് ഇരിപ്പുറക്കുന്നില്ല. സ്ട്രസ് അവന്റെ ശരീരത്തിലും മനസ്സിലും പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ഈ സ്ട്രെസ് എവിടെ നിന്നും വരുന്നു? ഉള്ളിൽ നിന്നോ പുറത്ത് നിന്നോ? വാസ്തവത്തിൽ ആന്തരികലോകവും ബാഹ്യലോകവും തമ്മിലുള്ള സംഘർഷത്തിൽ നിന്നുമാണ് സ്ട്രസ് രൂപം കൊള്ളുന്നത്. ഉള്ളിൽ വസിക്കുന്ന ആത്മാവ് ഒന്നു പറയുന്നു സമൂഹം മറ്റൊന്ന് പറയുന്നു. അതങ്ങനെയാകുവാനെ തരമുള്ളൂ. കാരണം ആധുനിക മനുഷ്യൻ സദാ ആത്മാവിനെ തള്ളിപ്പറയുന്നു. അങ്ങിനെയൊന്നില്ല എന്നാണല്ലോ ശാസ്ത്രകാരന്മാരുടെ വാദം. അതുകൊണ്ടുതന്നെ ആ സത്ത സ്വാഭാവികമായും അടിച്ചമർത്തപ്പെട്ടു പോകും. അടിച്ചമർത്തപ്പെടുന്ന അല്ലെങ്കിൽ നിഷേധിക്കപ്പെടുന്ന ആത്മാവിന് ആവിഷ്കാരം നഷ്ടപ്പെട്ടു പോകുന്നു. ഇത് മൂലം ജീവിതം അർത്ഥ ശൂന്യമായി മാറുന്നു. അവൻ സമൂഹത്തിന്റെ പുറകെ ഓടുവാൻ ശ്രമിച്ചാലും അത് അർത്ഥശൂന്യമാകുവാനെ വഴിയുള്ളൂ. അതങ്ങനെ ഒരു ദൈനംദിന പ്രതിഭാസമായി മാറുന്നു.
ആധുനിക മനുഷ്യൻ സമൂഹത്തിന്റെ പിറകെ വളരെയധികം ഓടുന്നു എന്നത് ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. എന്നാൽ സമൂഹത്തിൽ മനുഷ്യജീവിതം വ്യർത്ഥമാണ്. അതുകണ്ടല്ലേ അവന് ഒരിടത്തും സംതൃപ്തി കണ്ടെത്തുവാൻ ആകാത്തത്. അവന്റെ താമസസ്ഥലവും ജോലിസ്ഥലവും സദാ മാറിക്കൊണ്ടിരിക്കുന്നു. ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള ഈ മാറ്റത്തിന്റെ മന:ശ്ശാസ്ത്രം എന്താണ്? അസംതൃപ്തി! ഇക്കരെ നിൽക്കുമ്പോൾ അക്കരെപ്പച്ച. എവിടെയോ പിഴവ്പറ്റിയിരിക്കുന്നു. എന്നാൽ എവിടെയാണ് പിഴവ് വന്നത്? ആർക്കും അറിഞ്ഞുകൂടാ. ജീവിതം വ്യർത്ഥമാണെന്ന് ഒടുവിൽ അവൻ സമ്മതിക്കും. എന്നാൽ നാം കരുതുന്ന മാതിരി ജീവിതം വ്യർത്ഥവും അല്ല. ജീവിതം വ്യർത്ഥമാണെങ്കിൽ എന്തിനുവേണ്ടിയാണ് ഇതെല്ലാം? ബാഹ്യ ജീവിതമാണ് വ്യർത്ഥമായി നമുക്ക് അനുഭവപ്പെടുന്നത്. ആന്തരിക ജീവിതത്തിലേക്ക് തിരിയൂ ജീവിതം അപ്പാടെ മാറിക്കൊള്ളും. ഒരിക്കൽ ആത്മസത്തയെ കണ്ടെത്തിയാൽ പിന്നെ ജീവിതത്തിൽ നിങ്ങൾ ഒരിക്കലും ദുഃഖിക്കുകയില്ല. അപ്പോൾ നിങ്ങൾക്ക് എവിടെയും പോകാം; എന്തും ചെയ്യാം. എല്ലാ ക്ലേശങ്ങളും അവിടെ തിരോഭവിക്കുന്നു. മനോസമ്മർദ്ദം എന്നൊന്ന് ഉണ്ടാവുകയില്ല.
ഏകാന്തതയെ സ്നേഹിച്ചു തുടങ്ങുവിൻ. ഒറ്റയ്ക്കായിരിക്കുന്നതിൽ ആനന്ദം കണ്ടെത്തുവാൻ. അപ്പോൾ അറിയാതെ, അറിയാതെ നിങ്ങൾ നിങ്ങളുടെ ആത്മസത്തയിലേക്ക് നടന്ന ടുക്കുകയാണ്. അനന്തമായ ഏകാന്തത! സകലദിനെയും മറക്കുവിൻ. ബന്ധുമിത്രാദികളെ മറക്കുവിൻ. അതിനപ്പുറത്തുള്ള വലിയ സമൂഹത്തെയും മറക്കുവിൻ. അപ്പോൾ ഈ സാമൂഹികജീവിതം തുച്ഛമായി നിങ്ങൾക്കനുഭവപ്പെടും. എല്ലാറ്റിനേയും വലിച്ചെറിയുവിൻ. അപ്പോൾ ഉള്ളിലുള്ള ഈശ്വരന്റെ പ്രകാശം നിങ്ങൾ കണ്ടു തുടങ്ങും. ഉള്ളിൽ ഉണരുന്ന ഈശ്വരന്റെ അനന്തപ്രഭയിൽ കപട ലോകത്തിന് പിടിച്ചുനിൽക്കുവാൻ ആവില്ല. അപ്പോൾ ലോകം മുഴുവൻ നിങ്ങളുടെ മുമ്പിൽ കൈകൂപ്പും. അപ്പോൾ മാത്രമാണ് നിങ്ങളുടെ ജീവിതം അർത്ഥവ്യത്താകുന്നത്. അപ്പോഴാണ് നിങ്ങൾ സ്വാതന്ത്ര്യം പ്രാപിക്കുന്നത്. അപ്പോൾ നിങ്ങളെ ബാധിക്കുവാനോ പ്രലോഭിപ്പിക്കുവാനോ ഉള്ള സാമർത്ഥ്യം ബാഹ്യലോകത്തിനില്ലെന്ന് നിങ്ങൾ അറിയുന്നു. നിങ്ങൾ എല്ലാ ബന്ധനങ്ങളെയും അറുത്തുമാറ്റി കളഞ്ഞിരിക്കുന്നു!
ഇവിടെ സ്വാഭാവികമായും ഒരു പ്രശ്നം ഉയരുന്നു. കർമ്മത്തിന് അല്ലെങ്കിൽ സാമൂഹ്യ ജീവിതത്തിന് ഒരു വിലയും ഇല്ലേ? സമൂഹം ഒരു ചീത്ത യജമാനന്നാണെന്ന് മാത്രമേ ഇവിടെ വിവക്ഷയുള്ളൂ. മറിച്ച് നിങ്ങൾ സമൂഹത്തിന്റെ യജമാനൻ ആകണം. നിങ്ങൾ സമൂഹത്തിന്റെ അടിമയല്ല. മറിച്ച് സമൂഹം നിങ്ങളുടെ അടിമയാണ്. സമൂഹം നിങ്ങളുടെ ഭാഗമാണ്. നിങ്ങൾ സമൂഹത്തിന്റെ ഭാഗമല്ല. സമൂഹം വളരെ വലുതാണെന്നും നിങ്ങൾ വളരെ ചെറുതാണെന്നും പ്രാഥമിക വിശകലനത്തിൽ തോന്നിയേക്കാം. ഇതൊരു മിത്ഥ്യാഭ്രമം മാത്രം. ഈ മിഥ്യാ ഭ്രമം മനുഷ്യ ജീവിതത്തെ കദനത്തിലാഴ്ത്തുന്നു. താൻ ചെറുതാണെന്നുള്ള അപകർഷത ഇതിനോടൊപ്പം വന്നുചേരുന്നു. ഈ തെറ്റായ സങ്കൽപത്തെ അടിസ്ഥാനമാക്കിയാണ് മനുഷ്യന്റെ സാമൂഹിക ജീവിതം ഓടുന്നത്. ഇത് സത്യവിരുദ്ധമാണെന്ന് അറിഞ്ഞുകൊള്ളുവിൻ. വാസ്തവത്തിൽ സമൂഹം എന്ന ഒരു സത്ത അവിടെയുണ്ടോ? അത് കുറെ ചട്ടങ്ങളുടെയും നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും സമാഹാരം മാത്രം. സത്യത്തിൽ ഉള്ളത് വ്യക്തികൾ മാത്രം. സമൂഹം മായയാണ്. വ്യക്തിയാകട്ടെ ഈശ്വരൻ തന്നെ. ഈശ്വരന്റെ അവതാരമായ വ്യക്തികൾ മായയുടെ അടിമകളാവുകയും അതിന്റെ താളത്തിന് തുള്ളുകയും ചെയ്യുമ്പോൾ അവിടെ വലിയ ഒരു ദുരന്തം തന്നെ സംഭവിക്കുന്നു. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച സത്തയാണ് നിങ്ങൾ എന്ന് അറിഞ്ഞു കൊള്ളുക. നിങ്ങൾ തീർച്ചയായും പ്രപഞ്ചത്തെക്കാൾ ഉപരിയും ശ്രേഷ്ഠനുമാണ്. ഈ സത്യം നിങ്ങൾക്ക് ബോധ്യമാവണമെങ്കിൽ നിങ്ങൾ നിങ്ങളിലേക്ക് തന്നെ തിരിയേണ്ടിയിരിക്കുന്നു. നിങ്ങൾ നിങ്ങളെ തന്നെ അറിയേണ്ടിയിരിക്കുന്നു. അത്തരം ഒരു അറിവിലേക്ക് നിങ്ങൾ പ്രവേശിച്ചു കഴിഞ്ഞാൽ സമൂഹത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമുള്ള വിജ്ഞാനം അതിന്റെ പിറകെ വന്നുകൊള്ളും. കാരണം നിങ്ങൾ സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെയും കാരണമാണ്. കാരണമാണ് വിജ്ഞാനം. അത് കിട്ടിക്കഴിഞ്ഞാൽ സമസ്തവും അറിഞ്ഞു കഴിഞ്ഞു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഫാ. ഹാപ്പി ജേക്കബ്ബ്
ഔദാര്യം – ആവശ്യം ഉള്ളിടത്ത് സ്വീകാര്യവും സ്വീകരിക്കപ്പെട്ടു കഴിഞ്ഞാൽ അസ്വീകാരവും പിന്നെ അതിലേറെ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നതുമാണ്. ദയയുടെ ഭാഗമായി ചിന്തിക്കുമ്പോൾ അർത്ഥം കൂടുതൽ മനസ്സിലാകും എന്നാൽ കൊടുത്ത് കഴിഞ്ഞിട്ടും പിന്നെയും അതിന് പുറകെ പോകുകയും ദയയിൽ നിന്ന് മാറ്റി അല്പം അഹംഭാവം ചേരുമ്പോൾ ചെയ്തതിന് അർത്ഥമില്ലാതെ പോകുകയും ചെയ്യും. ഇത് ഇന്നത്തെ പ്രസക്തമായ ചിന്താ ഭാഗമാണ്. എന്നാൽ നാലു വ്യക്തികളുടെ കരുണയിലും സ്നേഹത്തിലും വിശ്വാസത്തിലും തികഞ്ഞ ഔദാര്യം ഒരു മനുഷ്യനെ എങ്ങനെ രൂപാന്തരപ്പെടുത്തി എന്നാണ് ഈ വലിയ നോമ്പിന്റെ മൂന്നാം ആഴ്ച നാം ചിന്തിക്കുന്നത്. വി. മർക്കോസ് 2 : 1 – 12 വിശ്വാസം നാം എല്ലാവരും പുലർത്തുന്ന സ്വഭാവമാണ്. ദൈവത്തിൽ വിശ്വസിക്കുക, മനുഷ്യരിൽ വിശ്വസിക്കുക, തന്നെ തന്നെ വിശ്വസിക്കുക എന്തിലേറെ നാം യാത്ര ചെയ്യുന്ന വാഹനം അത് നിയന്ത്രിക്കുന്ന ഡ്രൈവർ ഇങ്ങനെ അനുദിന ജീവിതത്തിൽ വിശ്വസിക്കേണ്ട സാധ്യതകൾ അനവധിയാണ്. ഈ വേദഭാഗത്ത് വിശ്വാസം മാത്രമല്ല അതിനോട് ചേർന്നുള്ള പ്രവർത്തനം കൂടിയായപ്പോൾ അവരുടെ ആഗ്രഹം സഫലീകരിക്കപ്പെടുകയും ഏവർക്കും വിശ്വാസ പൂർത്തീകരണത്തിന് പ്രചോദനം ആവുകയും ചെയ്തു.
കർത്താവ് ആ നഗരത്തിൽ എത്തിയപ്പോൾ ധാരാളം ജനങ്ങൾ അവന്റെ പിന്നാലെ വന്ന് അവൻറെ വചനം കേൾക്കുകയും അത്ഭുതങ്ങൾ ദർശിക്കുകയും ചെയ്തു. അപ്പോഴാണ് നാല് പേർ ഒരുവനെ ചുമന്ന് വരുന്നത് ലക്ഷ്യം സൗഖ്യം നേടണം. പ്രതിബന്ധങ്ങളോ അനവധി. ജനക്കൂട്ടം, വീട്, മേൽക്കൂര ഇങ്ങനെ നീളുന്നു പ്രശ്നങ്ങൾ. എന്നാൽ അവർ ദൃഢനിശ്ചയത്തോടെ മേൽക്കൂര പൊളിച്ച് കട്ടിലോടു കൂടി അവനെ കത്തൃസന്നിധിയിൽ എത്തിക്കുന്നു. സൗഖ്യത്തിനും അത്ഭുതത്തിനും നമ്മെ സഹായിക്കുന്ന ചില ചിന്തകൾ . ഈ സംഭവങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കാം.
1 . അപേക്ഷയും പ്രാർത്ഥനയും വിശ്വാസത്തോടുകൂടി ആയിരിക്കണം
നാം വസിക്കുന്ന ഇടങ്ങളിലും കാണും ഇതുപോലെ കഷ്ടപ്പെടുന്ന ആളുകൾ. നിത്യവൃത്തിക്ക് സാധ്യതയില്ല, ജോലിയോ ഉത്തരവാദിത്വമോ നിവർത്തിക്കുവാൻ കഴിയാത്തവർ, വേദനയിലും രോഗത്തിലും കഴിയുന്നവർ. അവരെ ആശ്വസിപ്പിക്കുവാനും, ആഹാരം നൽകുവാനും ചിലപ്പോൾ നമുക്ക് കുറച്ചുനാൾ കഴിഞ്ഞു എന്ന് വന്നേക്കാം. എന്നാൽ ഈ നാല് പേർ ചിന്തിക്കുന്നത് എന്ത് കഷ്ടം സഹിച്ചാലും നിത്യമായ സൗഖ്യം അവന് നേടിക്കൊടുക്കണം. ഞാൻ പ്രാർത്ഥിക്കാം ഞാൻ ചെയ്യാം എന്നീ വാഗ്ദാനങ്ങൾ അല്ല അപ്രകാരം അവർ പ്രവർത്തിച്ചു. അവരുടെ വിശ്വാസം കണ്ട്, അവരുടെ പ്രവർത്തനം കണ്ട് അവരുടെ നിശ്ചയം കണ്ട് കർത്താവ് അവന് സൗഖ്യം നൽകി.
2 . ശാരീരിക സൗഖ്യവും ആന്തരിക സൗഖ്യവും പ്രാർത്ഥനയുടെ ഫലം
ആ സംസാരം ഒന്ന് ശ്രദ്ധിക്കുക. തളർന്ന് കിടക്കുന്നവനെ കണ്ടിട്ട് കർത്താവ് പറയുകയാണ് മകനേ നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നുവെന്ന്. കൊണ്ട് വന്നവർ അവൻറെ ശരീര ബുദ്ധിമുട്ടാണ് കണ്ടതെങ്കിൽ സൗഖ്യ ദാതാവ് അവൻറെ ആത്മാവിൻറെ കളങ്കങ്ങളും മാറ്റി കൊടുക്കുന്നു. നോമ്പിന്റെ ദിവസങ്ങൾ ഭക്ഷണം ത്യജിക്കുക മാത്രമല്ല പാപങ്ങൾ മോചിക്കപ്പെടുക എന്ന് കൂടി വ്യാപ്തിയോടെ നാം ഉൾക്കൊള്ളുക. ഈ അനുഭവം ആണ് നാം പ്രാർത്ഥിക്കുമ്പോൾ അനേകർ പ്രാർത്ഥിക്കുമ്പോൾ നാം പോലും അറിയാതെ രോഗങ്ങൾ നമ്മിൽ നിന്ന് അകന്ന് പോകുന്നത്. പാപമോചനം ദൈവത്തിൻറെ ഔദാര്യമാണ്. അതുകൊണ്ടാണ് അവന്റെ കൃപയാണ് ജീവിത നിലനിൽപിന് കാരണമെന്ന് ശ്ലീഹന്മാർ പഠിപ്പിച്ചത്. മറ്റുള്ളവരുടെ കടങ്ങൾ പൊറുത്തത് പോലെ എന്റെ കടങ്ങളേയും പൊറുക്കണമെന്ന് പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചത്. എഴുന്നേൽക്കുക നടക്കുക എന്നുള്ളത് ശരീര സൗഖ്യവും, പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നത് പാപമോചനം ആയി നാം മനസ്സിലാക്കുക.
3 . പാപമോചനം ദൈവത്തിലൂടെ മാത്രം.
കർത്താവ് അരുളിചെയ്തു. നീ കിടക്ക എടുത്ത് വീട്ടിലേക്ക് പോകുക. ഈ മനുഷ്യൻ എന്തിനെ ആശ്രയിച്ചാണോ അവിടേക്ക് വന്നത് അതിനെ നിസ്സാരമായി അവൻ എടുത്തു കൊണ്ട് പോകുന്നു. ദൈവത്തിങ്കലേക്ക് വരുവാൻ പല മാർഗങ്ങൾ നാം അവലംബിക്കാറുണ്ട്. എന്നാൽ പലപ്പോഴും ഈ മാർഗങ്ങൾക്ക് ദൈവ പ്രാധാന്യം നാം കൊടുക്കും. യഥാർത്ഥ ലക്ഷ്യം മറക്കുകയും ചെയ്യും. ഈ ഒറ്റ സംഭവത്തിൽ പാപം മോചിക്കുവാൻ തനിക്ക് അധികാരം ഉണ്ടെന്ന് ജനത്തിന് കാട്ടി കൊടുക്കുകയും ചെയ്തു.
അധ്വാനിക്കുകയും ഭാരം ചുമക്കുകയും ചെയ്യുന്നവരെ നിങ്ങൾ എന്റെ അടുത്ത് വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം (വി. മത്തായി 11: 18 – 20) എന്ന ആഹ്വാനം ചെവി കൊള്ളുക. നമ്മുടെ ശാരീരിക ആന്തരിക ബലഹീനത മാത്രമല്ല നമ്മുടെ വിശ്വാസ പ്രവർത്തനം മൂലം അനേകർക്ക് സൗഖ്യം നേടുവാനും സാധാരണ ജീവിതത്തിലേയ്ക്ക് വരുവാനും അങ്ങനെ ദൈവപ്രീതി ഉള്ളവരായി തീരുവാനും നമുക്ക് കഴിയട്ടെ.
പ്രാർത്ഥനയിൽ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയുടെ വ്യോമാക്രമണം. യു.എസ് സൈനിക നടപടിയില്‍ 15 പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള അസറുള്ള മീഡിയയാണ് ആക്രമണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
‘നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതല്‍ നിര്‍ത്തണം’- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ട്രംപ് ചുമതലയേറ്റതിന് ശേഷം ജനുവരി മുതല്‍ ഹൂതികള്‍ക്കെതിരേയുള്ള നടപടി ആരംഭിച്ചിരുന്നു. ഇസ്രയേലിനെതിരെ ഹൂതികള്‍ വീണ്ടും ആക്രമണം തുടങ്ങി വച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അമേരിക്ക തിരിച്ചടിക്കാന്‍ തീരുമാനിച്ചത്.
ട്രംപ് രണ്ടാം തവണയും പ്രസിഡന്റയ ശേഷം മധ്യപൂര്‍വദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്. ചെങ്കടല്‍ വഴിയുള്ള കപ്പല്‍ഗതാഗതത്തിന് ഹൂതികള്‍ ഭീഷണി സൃഷ്ടിക്കുകയാണെന്നും അവരെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ലോകത്തിലെ ജലപാതകളിലൂടെ സഞ്ചരിക്കുന്ന അമേരിക്കന്‍ വാണിജ്യ കപ്പലുകളെ തടയാന്‍ ഒരു തീവ്രവാദ ശക്തിയ്ക്കും കഴിയില്ലെന്നും ഇറാന്‍ ഇവരെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ചെങ്കടലിലൂടെയുള്ള ചരക്ക് നീക്കത്തിന് ഹൂതികള്‍ കടുത്ത ഭീഷണിയാണുയര്‍ത്തുന്നത്. 2023 ഒക്ടോബര്‍ മുതല്‍ 2024 മാര്‍ച്ച് വരെ 60 കപ്പലുകളെയാണ് ഇവര്‍ ആക്രമിച്ചത്. അതേസമയം യു.എസ് നടത്തിയ വ്യോമാക്രമണത്തിന് തീര്‍ച്ചയായും മറുപടി നല്‍കുമെന്ന് അല്‍ മസിറ ചാനലിലൂടെ ഹൂതികള്‍ പ്രഖ്യാപിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും പതാകയേന്തിയ കപ്പലുകളെ ലക്ഷ്യമിടുമെന്നും ഹൂതികളുടെ നേതാവായ അബ്ദുല്‍ മാലിക് അല്‍ ഹൂതി കൂട്ടിച്ചേര്‍ത്തു.
ഗാസയിലേക്ക് അവശ്യവസ്തുക്കള്‍ കടത്തിവിടുന്നത് തടഞ്ഞ ഇസ്രയേലിന്റെ കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂതികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇസ്രയേലി കപ്പലുകള്‍ക്ക് ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു.
ആറുമാസം പ്രായമുള്ള ആൺകുട്ടിക്ക് പ്രേതബാധയെന്ന് സംശയം. ഒഴിപ്പിക്കാനെന്ന പേരിൽ കുട്ടിയെ തീയ്ക്ക് മുകളിൽ തലകീഴായി കെട്ടിയിട്ട് ദുർമന്ത്രവാദി. പിഞ്ചുകുഞ്ഞിന് ഇരു കണ്ണുകളുടേയും കാഴ്ച നഷ്ടമായതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് ദാരുണ സംഭവം. ശനിയാഴ്ച അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ കാഴ്ച വീണ്ടെടുക്കാനാവുമോയെന്നത് സംശയകരമെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്.
മാർച്ച് 13ന് കോലാരസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പിഞ്ചുകുഞ്ഞിനെതിരായ അതിക്രമം നടന്നത്. രാത്രിയിൽ കുഞ്ഞ് കരയുന്നത് പതിവായതിന് പിന്നാലെയാണ് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കൾ ദുർമന്ത്രവാദിയുടെ അടുക്കൽ എത്തിച്ചത്. രഘുവീർ ദാഘട് എന്നയാളാണ് കുഞ്ഞിനെ ബാധയൊഴിപ്പിക്കൽ എന്ന പേരിൽ തീയ്ക്ക് മുകളിൽ തലകീഴായി കെട്ടിയിട്ടത്. കുട്ടിയെ അന്ധകാരം പിന്തുടരുന്നുവെന്നാണ് ഇയാൾ മാതാപിതാക്കളോട് പറഞ്ഞത്. ഇതിന് പ്രതിവിധിയായാണ് പ്രാകൃതമായ ഒഴിപ്പിക്കൽ ഇയാൾ ചെയ്തത്. മാതാപിതാക്കൾ നോക്കിനിൽക്കുമ്പോഴായിരുന്നു ഇത്.
വേദനയും പൊള്ളലും സഹിക്കാനാവാതെ കുഞ്ഞ് നിലവിളിച്ചെങ്കിലും ദുഷ്ടശക്തികളുടെ ശല്യം മാറികിട്ടുമെന്ന് വിശ്വസിച്ച് മാതാപിതാക്കള്‍ ഇത് കാര്യമാക്കിയില്ല. തുടര്‍ന്ന് കുഞ്ഞിന് പൊള്ളലേറ്റതോടെ മാതാപിതാക്കള്‍ ശിവപുരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ദുര്‍മന്ത്രവാദത്തിന്റെ പേരിൽ നടന്ന ക്രൂരത പുറത്തറിയുന്നത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ കാഴ്ച നഷ്ടമായ വിവരം അറിഞ്ഞത്.
കുട്ടി ചികിത്സയില്‍ തുടരുകയാണ്. സംഭവത്തിൽമന്ത്രവാദിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. കുഞ്ഞിന് കാഴ്ച വീണ്ടെടുക്കാനുള്ള സാധ്യതകൾ 72 മണിക്കൂറിന് ശേഷം മാത്രം അറിയാൻ കഴിയൂവെന്നാണ് ശിവപുരി ജില്ലാ ആശുപത്രിയിലെ ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.
സംവിധായകനായും നടനായും സിനിമാപ്രേമികളുടെ സ്നേഹബഹുമാനങ്ങള്‍ ഏറെ നേടിയ ചലച്ചിത്രകാരനാണ് ബേസില്‍ ജോസഫ്. മിന്നല്‍ മുരളിയിലൂടെ ഭാഷയ്ക്ക് അതീതമായി പ്രേക്ഷകരുടെ കൈയടി നേടിയ അദ്ദേഹം ഇപ്പോള്‍ നടനായും അത് നേടിക്കൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ ചിത്രം പൊന്‍മാന്‍ തിയറ്റര്‍ റണ്ണിന് പിന്നാലെ ഒടിടിയില്‍ എത്തിയപ്പോഴും വന്‍ പ്രതികരണമാണ് നേടുന്നത്. ബേസിലിന്‍റെ പ്രകടനത്തിനും വന്‍ കൈയടിയാണ്. ഇപ്പോഴിതാ അദ്ദേഹം ഒരു അഭിനേതാവ് എന്ന നിലയില്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
വന്‍ താരനിരയുള്ള, ഏറെ ശ്രദ്ധ നേടിയ ഡയറക്ടര്‍ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ബേസില്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. സൂരറൈ പോട്ര്, ഇരുധി സുട്രു അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന ചിത്രത്തിലൂടെയാണ് ബേസിലിന്‍റെ കോളിവുഡ് എന്‍ട്രി. തമിഴിലെ യുവ സൂപ്പര്‍താരം ശിവകാര്‍ത്തികേയന്‍ നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രവി മോഹന്‍ (ജയം രവി) ആണ്. അഥര്‍വ, ശ്രീലീല, ദേവ് രാംനാഥ്, പൃഥ്വി രാജന്‍ എന്നിവര്‍ക്കൊപ്പം മിന്നല്‍ മുരളിയിലൂടെ ബേസില്‍ മികച്ച കഥാപാത്രത്തെ കൊടുത്ത ഗുരു സോമസുന്ദരവും ചിത്രത്തിലുണ്ട്. ശ്രീലീലയുടെയും തമിഴ് അരങ്ങേറ്റമാണ് ഇത്.
ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള ബേസിലിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് ശ്രീലങ്കയില്‍ നിന്നുള്ള ലൊക്കേഷനിലേതാണെന്നാണ് കരുതപ്പെടുന്നത്. ബേസിലിനൊപ്പം ഇരിക്കുന്ന രവി മോഹനേയും ചിത്രത്തില്‍ കാണാം. പഴയ കാലം പശ്ചാത്തലമായി വരുന്ന ചിത്രത്തിനായി മധുര റെയില്‍വേ സ്റ്റേഷന്‍ ശ്രീലങ്കയില്‍ സെറ്റ് ഇട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ മാസം മധുരയില്‍ പൂര്‍ത്തിയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൻ സുരക്ഷാ വീഴ്ച. ശസ്ത്രക്രിയക്ക് ശേഷം രോഗ നിർണയത്തിനയച്ച ശരീര ഭാഗങ്ങൾ (സ്‌പെസിമെൻ) ആക്രിക്കാരൻ മോഷ്ടിച്ചു. 17 രോഗികളുടെ ശരീര ഭാഗങ്ങളാണ് ആക്രിക്കാരന്റെ കൈയിൽ നിന്ന് കണ്ടെത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശസ്ത്രക്രിയ നടത്തിയവരുടെ രോഗ നിർണയം നടത്തുന്നതിനാണ് സ്‌പെസിമെനുകൾ പരിശോധനക്കയക്കുന്നത്. ഇന്നലെ ശസ്ത്രക്രിയ പൂർത്തിയാക്കിയ രോഗികളുടെ ശരീരഭാഗങ്ങളായിരുന്നു ഇന്ന് അയച്ചത്. ഇതാണ് മോഷണം പോയത്. ആംബുലൻസിൽ ഡ്രൈവറും ആശുപത്രിയിലെ ഒരു ജീവനക്കാരനുമാണ് പരിശോധനക്കായി ശരീരഭാഗങ്ങൾ കൊണ്ടുപോകാറുള്ളത്. പതിവുപോലെ പരിശോധനക്ക് കൊണ്ടുപോകുന്നതിനിടെയാണ് മോഷണ വിവരം അറിഞ്ഞത്. ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പിടിയിലായ ആക്രിക്കാരനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ശരീരഭാഗങ്ങളാണെന്നറിയാതെയാണ് മോഷ്ടിച്ചതെന്നാണ് പ്രഥമിക വിവരം. സ്‌പെസിമെനുകൾ എങ്ങനെ ആക്രിക്കാരന് കിട്ടിയെന്നതിൽ ദുരൂഹത തുടരുകയാണ്.
കേരളത്തിൽ ചൂട് അതിൻ്റെ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളാണവ.
2025 മാർച്ച് 15 ന് ഉയർന്ന താപനില കൊല്ലം, പത്തനംതിട്ട, പാലക്കാട്, തൃശൂർ ജില്ലകളിൽ 38°C വരെയും ആലപ്പുഴ ജില്ലയിൽ 37°C വരെയും; കോട്ടയം, കണ്ണൂർ ജില്ലകളിൽ 36°C വരെയും; എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 35°C വരെയും; തിരുവനന്തപുരം ജില്ലയിൽ 34°C വരെയും; ഇടുക്കി, വയനാട് ജില്ലകളിൽ 33°C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2025 മാർച്ച് 15, 16 തീയതികളിൽ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.
ജാഗ്രതാ നിർദേശങ്ങൾ
* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
മുന്‍പങ്കാളി എലിസബത്ത്, മുന്‍ഭാര്യ അമൃത സുരേഷ്, യൂട്യൂബര്‍ അജു അലക്‌സ് എന്നിവര്‍ക്കെതിരേ പേലീസില്‍ പരാതി നല്‍കി നടന്‍ ബാല. സാമൂഹിക മാധ്യമങ്ങള്‍ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നാണ് പരാതി. സാമൂഹിക മാധ്യമങ്ങള്‍ വഴി വലിയ തോതിലുള്ള തര്‍ക്കം നടക്കുന്നതിനിടെയാണ് എലിസബത്തിനെതിരേ ബാല പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഭാര്യ കോകിലയ്‌ക്കൊപ്പം കൊച്ചി സിറ്റി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് ബാല പരാതി നല്‍കിയത്.
സാമൂഹിക മാധ്യമങ്ങള്‍ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നാണ് ബാലയുടെ പരാതി. യൂട്യൂബര്‍ അജു അലക്‌സുമായി ചേര്‍ന്നാണ് ഈ അപവാദപ്രചാരണം നടത്തുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. അജു അലക്‌സിന് 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അജ്ഞാത ഫോണ്‍കോള്‍ വന്നിരുന്നു. അതിന് വഴങ്ങിയില്ല. അതിന് പിന്നാലെ അപവാദപ്രചാരണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുന്‍ പങ്കാളി എലിസബത്ത് ബാലയ്ക്ക് എതിരേ ഗുരുതര ആരോപണങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി ഉന്നയിച്ചിരുന്നു. ബാലയും തിരിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നാലെ ബാലയുടെ ഭാര്യ കോകില എലിസബത്തിനെതിരേ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് എലിസബത്ത് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാല പോലീസിൽ പരാതി നല്‍കിയത്.
രാധാകൃഷ്ണൻ മാഞ്ഞൂർ
പത്രപ്രവർത്തകൻ, റേഡിയോ നാടക രചയിതാവ്, കഥാകൃത്ത് തുടങ്ങി സാഹിത്യത്തിന്റെ നാനാ വഴികളിലൂടെയും സഞ്ചരിച്ചു അകാലത്തിലണഞ്ഞുപോയ ജോസ് പുല്ലുവേലിയുടെ ഓർമ്മകൾക്കിന്ന് മൂന്ന് വർഷം.
ലാളിത്യത്തിന്റെ എഴുത്തു വഴികളായിരുന്നു അദ്ദേഹത്തിൻറെ രചനകളുടെ മുഖമുദ്ര. വിവരിക്കാനാവാത്ത അനുഭൂതിയോടെ ഈ പുസ്തകങ്ങൾ നമുക്കുള്ളിൽ ഒരു പുഴയായി ഒഴുകി പരക്കും, സ്വയം നവീകരിക്കപ്പെടും. ജോസ് പുല്ലുവേലിയുടെ എഴുത്തു രീതികളിൽ നിയതമായൊരു പുഴയുടെ സാന്നിധ്യമുണ്ട്… അതെ ആസ്വാദനത്തിന്റെ മഹാ പ്രവാഹങ്ങൾ സമ്മാനിക്കുന്ന പുഴ.
പുതുകാലത്തെ എഴുത്തിന്റെ വാർപ്പ് മാതൃകകളെ നിരാകരിച്ചുകൊണ്ട് തന്റേതായ ശൈലിയിൽ എഴുത്തു രംഗത്ത് തുടർന്ന് ഒരിക്കലും ദുർഗ്രാഹിതയുടെ ഭാഷ അദ്ദേഹം സ്വീകരിച്ചില്ല. തീർത്തും അലങ്കാര രഹിതമായ എഴുത്തിൻറെ തലത്തിൽ നിന്നുകൊണ്ട് വായനയുടെ സാന്ദ്രമായ അനുഭവങ്ങളിലേയ്ക്ക് നമ്മെ കൂട്ടി കൊണ്ടുപോയി.. 1975 മുതൽ എഴുതി തുടങ്ങി കലാകൗമുദി, ദീപിക, മനോരാജ്യം എം .പി നാരായണപിള്ളയുടെ ‘ട്രയൽ’ മാസികയിൽ വരെ സ്ഥിരം എഴുത്തുകാരനായി ‘അമേരിക്കൻ മലയാളം പത്രത്തിൽ ‘ഒരു വർഷം പിന്നിട്ട ‘ഗ്രാമസ്മൃതികൾ’ എന്ന സ്ഥിരം പംക്തി പ്രവാസി മലയാളി സമൂഹം ഇരുകൈകളും നീട്ടി സ്വീകരിച്ചു. പിന്നീട് നാട്ടുപച്ച എന്ന പേരിൽ കോഴിക്കോട് ‘ഇൻസൈറ്റ് പബ്ലിക്ക് ‘ ഇത് പുസ്തമാക്കി പ്രസാധനം ചെയ്തു. ഈ പുസ്തകം അഞ്ചു പതിപ്പുകൾ പിന്നിട്ടതായി അറിയുന്നു.
കവി പി. മധുവിന്റെ പൊൻകുന്നം ജനകീയ വായനശാല പ്രസിദ്ധീകരിച്ച ‘വഴിയറിയാതൊഴുകുന്ന പുഴയാണ്’ അവസാന പുസ്തകം . പതിനഞ്ചോളം പുസ്തകങ്ങൾ കൊണ്ട് അദ്ദേഹത്തിൻറെ ഓർമ്മകളെ നമുക്ക് തിരിച്ചു പിടിക്കാനാവുന്നു. ദീപ്തമായ ആ ഓർമ്മകൾക്ക് മുന്നിൽ അശ്രുപ്രണാമം.
ഈ വർഷം മുതൽ ജോസ് പുല്ലുവേലിയുടെ സ്മരണാർത്ഥ മികച്ച സാഹിത്യകൃതിക്കു പൊൻകുന്നം ജനകീയ വായനശാല ഗുരുജനവേദി പുരസ്കാരം നൽകാൻ തീരുമാനിച്ചിരിക്കുന്നു.
പെരിന്തൽമണ്ണയിൽ ഡോക്ടർ ഇർഷാദ് അലി സ്കിൻ കെയർ സെൻററിൽ പിആർഒ ആയി ജോലി ചെയ്യുന്ന കോട്ടയം ജില്ലയിലെ മണിമല സ്വദേശിയായ പ്രവീണയുടെ ‘റാസ്പുടിൻ ‘എന്ന നോവലിനാണ് പ്രഥമ അവാർഡ് നൽകുന്നത്. എറണാകുളം ‘വായനപ്പുര’ ബുക്സാണ് പ്രസാധകർ.
‘റാസ്പുടിൻ ‘ അവതരിപ്പിക്കുന്ന കാല സ്ഥിതികളും, ആഖ്യാന രീതികളും പത്തൊൻപതാം നൂറ്റാണ്ടിലെ റഷ്യൻ ഗ്രാമങ്ങളിലേതാണ്. അയാൾ ഒരേസമയം വിശുദ്ധ പുരുഷനായും ഭ്രാന്തനായും തെറ്റിദ്ധരിക്കപ്പെടുന്നു. അരാജകത്വവും, അസന്തുഷ്ടയും മാത്രം അനുഭവിക്കേണ്ടിവന്ന റഷ്യൻ ജീവിതങ്ങളുടെ ആരാധനാ മൂർത്തി, റഷ്യൻ രാജ്ഞിയുടെ കാമുകൻ, ബോണി എം പാടിയതുപോലെ റഷ്യയുടെ ഏറ്റവും വലിയ പ്രണയ യന്ത്രം – റാസ്പുടിൻ. ഭ്രാന്തൻ സന്യാസിയോ, ധാർമ്മിക ഉപദേഷ്ടാവോ വെറുമൊരു താന്തോന്നിയോ ഇതൊന്നുമല്ലെങ്കിൽ പ്രണയ മാന്ത്രികനോ….? ഇത്യാദി സംശയങ്ങൾക്ക് വ്യക്തമായുള്ളൊരു നിവാരണം ലഭിച്ചിട്ടില്ല. ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ റാസ്പുടിൻ എന്ന പേര് ചർച്ചകളിൽ നിറയുന്നു. ഒരു കർഷക കുടുംബത്തിൽ ജനിച്ചു വളർന്നു ലോകത്തിലെ സകല അസാന്മാർഗങ്ങളിലൂടെയും സഞ്ചരിച്ചു. ഒടുവിൽ സാർ ചക്രവർത്തിനിയുടെ പ്രിയങ്കരനും കാമുകനുമായി മാറി. മദ്യപാന രാത്രികളിൽ ഭ്രാന്തൻ , ആകാശത്തു നിന്ന് വെളിപാടു ലഭിക്കുമ്പോൾ പ്രവാചകൻ ജാമിനിസവും, ബ്ലാക്ക് മാജിക് എന്നിവ കൊണ്ട് രോഗശാന്തി ശുശ്രൂഷകൻ! ഇതിനെയൊക്കെയപ്പുറം സമൂഹത്തിലെ താഴെക്കിടയിലുള്ളവരോട് വരണ്യേ വർഗ്ഗത്തിൻറെ തീഷ്ണമായ വെറുപ്പിന്റെ ഇരയായ പച്ച മനുഷ്യൻ… ആന്തരിക സംഘർഷങ്ങൾ അനുഭവിക്കുന്ന മനുഷ്യർക്ക് സ്വത ബോധങ്ങൾ ഒരു നൈതിക സമസ്യ ആണെന്ന് പ്രവീണ നമ്മെ ഓർമ്മിപ്പിക്കുന്നു.
റിട്ടയേർഡ് അധ്യാപകനും കഥാകൃത്തുമായ സെബാസ്റ്റ്യൻ കിളിരൂപറമ്പിൽ, സാഹിത്യ സാംസ്കാരിക പ്രവർത്തകൻ കനുൽ തുമരംപാറ, ഈ ലേഖകൻ എന്നിവർ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാരർഹമായ ഈ പുസ്തകം തിരഞ്ഞെടുത്തത്.
ഏപ്രിൽ 26 ന് പാർക്ക് ഹൗസ് സ്കൂൾ ന്യൂബെറിയിൽ വച്ച് നടക്കുന്ന പൊതുസമ്മേളനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പ്രിയ ഗായകൻ അലോഷി നയിക്കുന്ന ഗാനസന്ധ്യയും, പ്രശസ്തരായ കലാകാരികളും കലാകാരൻമാരും അണിനിരക്കുന്ന വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറും. അതോടൊപ്പം കല
സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന ദേശീയ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി നാഷണൽ കമ്മിറ്റി അംഗങ്ങളുടെയും യൂണിറ്റ് പ്രതിനിധികളുടെയും സംയുക്ത യോഗത്തിൽ കൈരളിയുടെ കൾച്ചറൽ കോർഡിനേറ്റർ രാജേഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുര്യൻ ജേക്കബും നാഷണൽ പ്രസിഡന്റ് പ്രിയ രാജനും സമ്മേളനത്തിന്റെ നടത്തിപ്പിനെ കുറിച്ച് വിശദീകരിച്ചു. അംഗങ്ങളുടെ ചർച്ചകൾക്കും നിർദേശങ്ങൾക്കും ശേഷം ദേശീയ
സമ്മേളനത്തിന്റെ അദ്ധ്യക്ഷ ആയി നാഷണൽ പ്രസിഡന്റ് പ്രിയ രാജനെയും ജനറൽ കൺവീനർ ആയി വെസ്റ്റ് ബെർക്ഷെയർ യൂണിറ്റ് സെക്രട്ടറി വരുൺ ചന്ദ്രബാലനെയും വിവിധ സബ്കമ്മിറ്റി ചുമതലക്കാരെയും ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചു.
കൈരളി യുകെ നാഷണൽ ജോയിൻ സെക്രട്ടറി നവിൻ ഹരികുമാറും വൈസ് പ്രസിഡന്റ് ലിനു വർഗീസും സന്നിഹിതരായിരുന്നു.. യോഗത്തിൽ പ്രിയ രാജൻ സ്വാഗതവും കുര്യൻ ജേക്കബ് നന്ദിയും രേഖപ്പെടുത്തി.
സമ്മേളനവുമായി ബന്ധപ്പെട്ട് ഈ വരുന്ന 2025 മാർച്ച് 20 തീയതി വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് നടക്കുന്ന കൺവെൻഷനിൽ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു…