Latest News

പ്രമുഖ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം കൊച്ചിയിലായിരുന്നു അന്ത്യം.

200-ലേറെ മലയാള സിനിമകളിലായി എഴുന്നൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. പത്തിലേറെ സിനിമകള്‍ക്ക് തിരക്കഥയെഴുതി. ആര്‍.ആര്‍.ആര്‍, ബാഹുബലി (രണ്ടുഭാഗങ്ങള്‍), യാത്ര, ധീര, ഈച്ച എന്നീ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥകളും അദ്ദേഹത്തിന്റേതായിരുന്നു. ലക്ഷാര്‍ച്ചന കണ്ടുമടങ്ങുമ്പോള്‍, ഇളംമഞ്ഞിന്‍ കുളിരുമായി, ഇവിടമാണീശ്വ സന്നിധാനം, കാളിദാസന്റെ കാവ്യ ഭാവനയെ, ഗംഗയില്‍ തീര്‍ഥമാടിയ കൃഷ്ണശില, പാലരുവീ നടുവില്‍, ഒരു പുന്നാരം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ പാട്ടുകളില്‍ ചിലതാണ്.

നാടകഗാനങ്ങളിലൂടെ ഗാനരചനാരംഗത്തേക്ക് കടന്നുവന്ന മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം.എസ്. വിശ്വനാഥൻ, ദേവരാജൻ, എം.കെ. അർജുനൻ, രവീന്ദ്രജയിൻ, ബോംബെ രവി, കെ.വി. മഹാദേവൻ, ബാബുരാജ്, ഇളയരാജ, എ.ആർ. റഹ്‌മാൻ, കീരവാണി, ഹാരിസ് ജയരാജ്, യുവൻ ശങ്കർരാജ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചു. കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണരചയിതാവ് എന്നീനിലകളിലും ശ്രദ്ധേയനായിരുന്നു.

എഴുപതുകളില്‍ ചലച്ചിത്രഗാനരംഗത്തെത്തിയ അദ്ദേഹം ഓരോ കാലത്തും ഹിറ്റുകള്‍ തീര്‍ത്തുകൊണ്ടിരുന്നു. പുതിയ തലമുറയ്ക്കും ‘ബാഹുബലി’യിലെ പാട്ടുകളിലൂടെ അദ്ദേഹം സുപരിചിതനാണ്.

1970-ല്‍ മദിരാശിയിലെത്തിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. ചെറുപ്പംമുതല്‍ കവിതയെഴുതുമായിരുന്നു. നാട്ടില്‍ ഒരു പ്രസിദ്ധീകരണത്തിലെ ജോലിക്കിടെയാണ് ചെന്നൈയില്‍ അന്വേഷണം മാസികയുടെ എഡിറ്ററായി ക്ഷണം ലഭിച്ചത്. മനസ്സില്‍ സിനിമാ സ്വപ്നവുമായി മദിരാശിക്ക് വണ്ടികയറി. 1971-ല്‍ പുറത്തിറങ്ങിയ ‘വിമോചനസമരം’ എന്ന സിനിമയില്‍ ആദ്യമായി പാട്ടെഴുതി. 1974-ല്‍ പുറത്തിറങ്ങിയ ‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിലെ ‘ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍…’ എന്നാരംഭിക്കുന്ന ഗാനം സൂപ്പര്‍ഹിറ്റായി. പിന്നീടിങ്ങോട്ട് സന്തോഷവും ദുഃഖവും പ്രണയവും വിരഹവുമെല്ലാം തൂലികയില്‍ പാട്ടുകളായി മാറി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളില്‍നിന്ന് അദ്ദേഹം സിനിമാഗാനങ്ങള്‍ മൊഴിമാറ്റിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭക്ഷണത്തിൽ രാസലഹരി കലർത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. വേങ്ങര ചേറൂർ സ്വദേശി ആലിങ്ങൽ അബ്ദുൾ ഗഫൂറിനെ(23)യാണ് കോട്ടക്കൽ ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ ഗഫൂർ സമൂഹമാധ്യമം വഴിയാണ് പരിചയപ്പെട്ടത്. വർഷങ്ങളോളം പെൺകുട്ടിയെ പ്രണയക്കെണിയിലാക്കി പീഡിപ്പിക്കുകയായിരുന്നു പ്രതി. പെൺകുട്ടി പ്ലസ്‍വണ്ണിന് പഠിക്കുമ്പോഴാണ് പ്രതിയുമായി ബന്ധത്തിലായത്.

പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ പ്രതി പെൺകുട്ടിയിൽ നിന്ന് സ്വർണവും തട്ടിയെടുത്തിരുന്നു. അഞ്ചുവർഷത്തോളം ലഹരിക്കടിമയായിരുന്നു പെൺകുട്ടി. ഇക്കാര്യം ശ്രദ്ധയിൽ പെട്ട കുടുംബം പെൺകുട്ടിയെ ചികിത്സക്കു കൊണ്ടുപോയി. ലഹരിയിൽ നിന്ന് മോചിതയായ ശേഷമാണ് പെൺകുട്ടി താൻ നേരിട്ട പീഡനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്.

തുടർന്ന് പരാതി നൽകുകയായിരുന്നു. പ്രതിയുടെ കൈയിൽ നിന്ന് ലൈംഗിക ദൃശ്യങ്ങൾ പകർത്തിയ ഐ ഫോൺ പിടിച്ചെടുത്തു. എസ്.ഐ വിമൽ, എ.എസ്.ഐ പ്രദീപ്, പൊലീസുകാരായ ബിജു, റാഫി, ജിതേഷ്, ഹബീബ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കാത്തിരിപ്പിന്‌ വിരാമിട്ട്‌, തരംഗമാകാന്‍ വീണ്ടും നീലാംബരിയെത്തുന്നു. യുകെ മലയാളികളുടെ
ഹൃദയത്തിലിടം നേടിയ ജനപ്രിയ മ്യൂസിക്കല്‍ ഷോ നീലാംബരിയുടെ അഞ്ചാം സീസണ്‍ ഒക്ടോബര്‍ 11 ന്‌ നടക്കും. മുന്‍ വര്‍ഷങ്ങളില്‍ നീലാംബരിയയെ ആഘോഷമാക്കി മാറ്റിയ പ്രിയരുടെ ആശീര്‍വാദങ്ങളോടെ, കൂടുതല്‍ മികവോടെയും കരുത്തോടെയുമാകും സീസണ്‍ 5 എത്തുക. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട്‌…

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആലപ്പാട്ട് പള്ളി പുറത്തുകാരൻ ബിജോയി വർഗീസിന്റെ ഭാര്യ സുരഭി നിര്യാതയായി. 44 വയസ്സായിരുന്നു പ്രായം. ഇന്ന് 8 മണിവരെ സ്വവസതിയിലും പിന്നീട് കറുകുറ്റിയിലെ വീട്ടിലും പൊതുദർശനം ഉണ്ടാകും. നാളെ 18-ാം തീയതി ചൊവ്വാഴ്ച 11 മണിക്ക് കറുകുറ്റി ക്രിസ്തുരാജ ഇടവക ദേവാലയത്തിൽ വച്ചാണ് മൃതസംസ്കാര ചടങ്ങുകൾ നടത്തപ്പെടുന്നത്. പൈനാടത്ത് പിജെ ജോണിന്റെയും പരേതയായ ഏലിക്കുട്ടി ജോണിന്റെയും മകളാണ്. സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന ബിജു പൈനാടത്ത് സഹോദരനാണ്.

ബിജു പൈനാടത്തിന്റെ സഹോദരിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

തൃശൂര്‍ തിരുവില്വാമലയില്‍ ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു. കാറിലുണ്ടായിരുന്ന അഞ്ചംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.

മലപ്പുറം കോട്ടക്കല്‍ ചേങ്ങോട്ടൂര്‍ സ്വദേശി ബാലകൃഷ്ണനും കുടുംബവുമാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. ഇന്നലെ രാത്രി ഏഴരയോടുകൂടിയാണ് അപകടം സംഭവിച്ചത്.

വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗായത്രിപ്പുഴയ്ക്കു കുറുകെ കൊണ്ടാഴി തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത്ക്കടവ് തടയണയില്‍ ആണ് അപകടം രാത്രിയില്‍ ഗൂഗിള്‍ മാപ്പ് നോക്കി തടയണയിലൂടെ കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു.

ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് പുഴയിലേക്ക് ഇറങ്ങുന്ന തടയിണയില്‍ ദിശ തെറ്റി പുഴയിലേക്ക് കാര്‍ പതിക്കുകയായിരുന്നു. നാട്ടുകാരെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

ലഹരി തിരഞ്ഞെത്തിയ എക്സൈസ് സംഘത്തിന് മുന്നിൽ തുറന്നത് ‘സ്വർഗവാതിൽ.’ കഴിഞ്ഞദിവസം ജില്ലയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഒരു സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റലിൽ ലഹരി ഉപയോഗിക്കുന്ന മുറി കണ്ടെത്തിയത്. ഈ മുറിക്ക് ‘സ്വർഗവാതിൽ’ എന്നാണു വിദ്യാർഥികൾ പേരിട്ടിരിക്കുന്നതെന്ന് എക്സൈസ് പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റൽ വാർഡൻ നടത്തിയ പരിശോധനയിലാണു ലഹരി ഉപയോഗിക്കുന്നെന്നു സംശയിക്കുന്ന മുറി കണ്ടെത്തിയത്. ഇവിടം പരിശോധിക്കാൻ ശ്രമിച്ച വാർഡനെ വിദ്യാർഥികൾ വിരട്ടിയോടിച്ചു. തുടർന്ന് വാർഡൻ എക്സൈസിന് വിവരം നൽകുകയായിരുന്നു. പരിശോധനയിൽ മുറിയിൽ ലഹരി ഉപയോഗിച്ചതായി കണ്ടെത്തി.

എക്സൈസ് നടത്തിയ ചോദ്യം ചെയ്യലിൽ വിദ്യാർഥികൾ ലഹരി ഉപയോഗം സമ്മതിച്ചു. എന്നാൽ അറസ്റ്റ് ചെയ്യാൻ സാധിക്കുന്ന അളവിൽ ലഹരി പദാർഥങ്ങൾ ലഭിക്കാത്തതിനാൽ വിദ്യാർഥികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഹോസ്റ്റലിലെ പരിശോധനയിൽ കഞ്ചാവ് അരികളും കണ്ടെത്തി.

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നീക്കവുമായി പോലീസും എക്‌സൈസും. കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന വേദനസംഹാരി മരുന്നുകള്‍ ലഹരിമരുന്ന് പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് ഇതില്‍ പ്രധാനം. ഇന്ന് ചേര്‍ന്ന പോലീസ്- എക്‌സൈസ് സംയുക്ത യോഗത്തിലാണ് മരുന്നുകളുടെ ദുരുപയോഗം തടയാനുള്ള തീരൂമാനമെടുത്തത്. കാന്‍സര്‍ രോഗികള്‍ക്കുള്ള വേദനസംഹാരികള്‍ ചെറുപ്പക്കാര്‍ വ്യാപകമായി ലഹരിക്കായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിക്കും. മരുന്നിന്റെ ദുരുപയോഗം തടയാന്‍ ഡ്രഗ് കണ്‍ട്രോളര്‍ക്ക് കത്തയയ്ക്കാനും യോഗത്തില്‍ തീരുമാനമെടുത്തു.

സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ വഴി വില്‍ക്കുന്ന മരുന്നുകളാണ് ഇവയൊക്കെ എന്നതാണ് പ്രധാനം. സംസ്ഥാനത്ത് സിന്തറ്റിക് ലഹരി വേട്ട ശക്തമാക്കിയിരുന്നു. കൊല്ലം റൂറല്‍ എസ്പി കിരണ്‍ നാരായണന്‍, തൃശ്ശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ തുടങ്ങിയ ഉദ്യോഗസ്ഥാരാണ് കാന്‍സര്‍ വേദനസംഹാരി മരുന്നുകളുടെ കാര്യം ചര്‍ച്ചയില്‍ കൊണ്ടുവന്നത്. ഈ മരുന്നുകളെ അബ്കാരി നിയമത്തിന്റെ കീഴിലുള്ള ലഹരിമരുന്നുകളുടെ പട്ടികയില്‍ പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്. ഇങ്ങനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ഡോക്ടറിന്റെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വില്‍ക്കാനോ കൈവശം വയ്ക്കുന്നതോ കുറ്റകരമാകും. കുറിപ്പടിയില്ലാതെ ഇങ്ങനെ മരുന്ന് കൈവശം വയ്ക്കുന്നവര്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുക്കാനുള്ള അധികാരം പോലീസിനും എക്‌സൈസിനും ലഭിക്കും.

സംസ്ഥാന വ്യാപകമായി ലഹരിക്കെതിരായ വേട്ട ശക്തിപ്പെടുത്താനാണ് തീരുമാനം. ഇതന്റെ ഭാഗമായി സംസ്ഥാന വ്യാപക റെയ്ഡ് തുടര്‍ന്നുണ്ടാകും. ഇതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കാന്‍ പൊലീസ്-എക്‌സൈസ് ഉന്നതതല യോഗത്തില്‍ തീരുമാനമായി. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്‌സൈസ് കമ്മീഷണറും നോഡല്‍ ഓഫീസറാകും. ഇരു വകുപ്പുകളും ചേര്‍ന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും. അന്തര്‍ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്തും. എക്‌സൈസിന് ആവശ്യമായ സൈബര്‍ സഹായം പൊലീസ് ഉടന്‍ ചെയ്യും. കേസുകളില്‍ നിന്നും കുറ്റവിമുക്തരായ ലഹരി കേസ് പ്രതികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വില്‍പ്പന ഏകോപ്പിക്കുന്നതായി കണ്ടെത്തി. ഇവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ജില്ലാ പൊലിസ് മേധാവിമാരും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരും യോഗം ചേരണമെന്നും ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.

‘എട്ട് ദിവസങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ഒരു വെള്ളിയാഴ്ചയാണ് ആദ്യമായി മൂന്നുപേരടങ്ങുന്ന ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ എന്റെ റൂമിന്റെ വാതിലില്‍ മുട്ടുന്നത്. പക്ഷെ, വാതില്‍ തുറന്നില്ല. അടുത്തദിവസം രാവിലെ അവര്‍ വീണ്ടുമെത്തി. അതിനുമുമ്പുതന്നെ തന്റെ പൂച്ചക്കുട്ടിയെ സുഹൃത്തിനെ ഏല്‍പ്പിച്ച് കൈയില്‍ കിട്ടിയതൊക്കെ വാരിക്കെട്ടി ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍നിന്ന് കാനഡയ്ക്കുള്ള വിമാനം പിടിച്ചു’- പലസ്തീന്‍ അനുകൂലിയെന്ന് ആരോപിച്ച് അമേരിക്കന്‍ ഭരണകൂടം വീസ റദ്ദാക്കിയ ഇന്ത്യന്‍ വിദ്യാര്‍ഥിനിയായ രഞ്ജനി ശ്രീനിവാസന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടന്നുപോയിട്ടുള്ള അനുഭവങ്ങളാണിവ.

രഞ്ജനി ശ്രീനിവാസന്‍ സ്വന്തം രാജ്യമായ ഇന്ത്യയിലേക്ക് എത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ കാനഡയിലേക്കാണ് പോയതെന്ന് രഞ്ജനി വെളിപ്പെത്തിയത്. അമേരിക്കയില്‍ തുടരാനുള്ള സാഹചര്യം ഇല്ലാതായതോടെ ആഭ്യന്തരസുരക്ഷാവകുപ്പിന്റെ സിബിപി ആപ്പ് ഉപയോഗിച്ച് രാജ്യംവിടാനുള്ള സന്നദ്ധത ഇവര്‍ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതി ഇന്ത്യയിലേക്കാണ് പോയതെന്നായിരുന്നു വിലയിരുത്തലുകള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി താന്‍ അനുഭവിക്കുന്ന കാര്യങ്ങളും രഞ്ജനി ന്യൂയോര്‍ക്ക് ടൈംസുമായി പങ്കുവെച്ചിരുന്നു.

ഇസ്രയേല്‍-പലസ്തീന്‍ ആക്രമണങ്ങളെ അപലപിച്ച് ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വ്വകലാശാലയില്‍ ഇസ്രയേലിനെതിരായി പ്രതിഷേധം സംഘടിപ്പിച്ച മഹ്‌മൂദ് ഖലീലിനെ ട്രംപ് ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രഞ്ജനി ശ്രീനിവാസനെ തേടിയും ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ എത്തിയത്. പലസ്തീന്‍ അനുകൂലിയാണെന്നതാണ് ഇന്ത്യക്കാരിയായ ഈ യുവതിക്കുമേല്‍ അമേരിക്കന്‍ ഭരണകൂടം ചാര്‍ത്തിയ കുറ്റം. ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡറായ മഹ്‌മൂദ് ഖലീലിനെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയ ഭരണകൂടം, കേവലം സ്റ്റുഡന്റ് വിസയുടെ മാത്രം ബലത്തില്‍ കഴിയുന്ന യുവതിക്കെതിരേ ഏതറ്റംവരെയും പോകുമെന്ന തിരിച്ചറിവാണ് രഞ്ജനിയുടെ ഈ രക്ഷപെടലിന് പിന്നിൽ.

ഒന്നും രണ്ടും തവണ രഞ്ജനിയുടെ വീട്ടുവാതിലില്‍ മുട്ടിയ ഉദ്യോഗസ്ഥര്‍ മൂന്നാംതവണ അറസ്റ്റ് വാറണ്ടുമായാണ് എത്തിയത്. വാതില്‍ തുറന്ന് അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ചപ്പോൾ മാത്രമാണ് രഞ്ജനി രാജ്യംവിട്ട വിവരം ഉദ്യോഗസ്ഥര്‍ തിരിച്ചറിയുന്നത്. അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിച്ചെന്നാരോപിച്ച് മാര്‍ച്ച് അഞ്ചിന് വിദേശകാര്യവകുപ്പ് അവരുടെ വിസ റദ്ദാക്കിയിരുന്നു. യുഎസില്‍ തുടരാനുള്ള സാഹചര്യം ഇല്ലാതായതോടെയാണ് രഞ്ജനി കാനഡയിലേക്ക് കടന്നത്.

ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് നേടിയാണ് രഞ്ജനി കൊളംബിയ സര്‍വകലാശാലയില്‍ നഗരാസൂത്രണവിഭാഗത്തില്‍ ഗവേഷക വിദ്യാര്‍ഥിനിയായി എത്തിയത്. ക്യാംപസില്‍ നടന്ന പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്തുവെന്നാണ് രഞ്ജനിക്കെതിരേയുള്ള ആരോപണം. ഇത് അമേരിക്കയുടെ പലസ്തീന്‍ വിരുദ്ധ നിലപാടിന് നിരക്കാത്ത പ്രവര്‍ത്തനമാണെന്ന് ആരോപിച്ചാണ് ട്രംപ് ഭരണകൂടം പ്രതിഷേധക്കാര്‍ക്കെതിരേ പ്രതികാര നടപടി ആരംഭിക്കുന്നത്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സിറിയന്‍ വംശജനായ മഹ്‌മൂദ് ഖലീലിന്റെ ഗ്രീന്‍ കാര്‍ഡ് റദ്ദാക്കുമെന്നും നാടുകടത്തുമെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇയാളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ രഞ്ജനിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയതിന്റെ തൊട്ടടുത്ത ദിവസം കൊളംബിയ സര്‍വകലാശാലയിലേക്കുള്ള അവരുടെ പ്രവേശനവും തടഞ്ഞിരുന്നു. ഇതിന്റെ കാരണം തിരക്കിയപ്പോഴാണ് വിസ റദ്ദാക്കിയ വിവരം രഞ്ജനി അറിയുന്നത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുകയോ വിശദീകരണം ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ലെന്നാണ് രഞ്ജനി പറയുന്നത്. വിസ റദ്ദാക്കിയതുകൊണ്ടോ സര്‍വകലാശാലയിലെ പ്രവേശനം നിഷേധിച്ചത് കൊണ്ടോ ട്രംപ് ഭരണകൂടത്തിന്‍റെ പ്രതികാരം അടങ്ങിയില്ലെന്നതാണ് വസ്തുത.

ആക്രമണങ്ങളെ പ്രോത്സാഹിപ്പിച്ചെന്നും, അമേരിക്ക ഭീകരസംഘടനയായി പരിഗണിക്കുന്ന ഹമാസിന് അനുകൂലമായി നിലപാട് സ്വീകരിച്ചെന്നും ആരോപിച്ച് രഞ്ജനിയെ ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്ന വ്യക്തിയായി ചിത്രീകരിക്കുന്ന പ്രസ്താവനയും ആഭ്യന്തര സുരക്ഷ വിഭാഗം പുറത്തിറക്കി. ഈ യുവതിയുടെ പലായനത്തെ സ്വയം നാടുകടത്തല്‍ എന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്. അമേരിക്കയില്‍ താമസിച്ച് പഠിക്കാന്‍ സാധിക്കുന്നത് സവിശേഷമായ പദവിയാണ്. എന്നാല്‍, നിങ്ങള്‍ അക്രമത്തിനും ഭീകരതയ്ക്കും അനുകൂലമായി നിലപാട് സ്വീകരിച്ചാല്‍ ഈ പദവി നഷ്ടപ്പെടുമെന്നാണ് യു.എസ്. ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയായ ക്രിസ്റ്റി നോം രഞ്ജനിയുടെ ചിത്രങ്ങള്‍ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

എന്നാല്‍, ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥരുടേയും ആരോപണങ്ങളെല്ലാം തള്ളുകയാണ് രഞ്ജനിയുടെ അഭിഭാഷകര്‍. അവകാശലംഘനമെന്നാണ് ഭരണകൂടത്തിന്റെ നീക്കങ്ങളെ അവര്‍ വിമര്‍ശിച്ചിരിക്കുന്നത്. രാഷ്ട്രീയ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് വിസ റദ്ദാക്കിയതെന്നാണ് വിശദീകരണം. എന്നാല്‍, സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരായ തുടര്‍നടപടിക്കുള്ള ന്യായമായ അവസരം പോലും ഇവിടെ നിഷേധിച്ചിരിക്കുകയാണ്. ഇതിനുപുറമെ, അടിസ്ഥാനരഹിതവും അമേരിക്കന്‍ വിരുദ്ധവുമായ നടപടിയാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നാണ് അഭിഭാഷകര്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്.

യു.എസ്. ഭരണകൂടത്തിന്റെ വേട്ടയാടലിന് ആദ്യമായല്ല ഈ യുവതി ഇരയാകുന്നത്. ഏതാണ്ട് ഒരുവര്‍ഷം മുമ്പാണ് ആദ്യമായി രഞ്ജനിക്കെതിരേ പോലീസ് നടപടിയുണ്ടാകുന്നത്. പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ സര്‍വകലാശാലയിലെ ഹാമിള്‍ട്ടണ്‍ ഹാളില്‍ പ്രതിഷേധം സംഘടിച്ച ദിവസം പ്രധാന കവാടത്തില്‍വെച്ച് രഞ്ജനിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താന്‍ പ്രതിഷേധക്കാരില്‍പ്പെട്ടയാളല്ലെന്നും താമസസ്ഥലത്തേക്ക് പോകുമ്പോള്‍ പ്രതിഷേധക്കാരുടെ ബാരിക്കേഡുകള്‍ക്കിടയില്‍ പെട്ടുപോയതാണെന്നുമാണ് അവര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, അത് ചെവിക്കൊള്ളാന്‍ അവര്‍ തയാറായില്ല. രണ്ടുകേസുകളാണ് അന്ന് എടുത്തത്. എന്നാല്‍, പിന്നീട് കോടതി അത് തള്ളുകയായിരുന്നു.

പഠനത്തിനും ഗവേഷണത്തിനുമായി അമേരിക്കയില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ തട്ടിപ്പ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാകുകയോ വിവാദമായ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്താല്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള സ്റ്റുഡന്റ് വിസ റദ്ദാക്കാന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് അധികാരമുണ്ട്. എന്നാല്‍, ഇപ്പോള്‍ കൊളംബിയ സര്‍വകലാശാലയില്‍ നടക്കുന്നതുപോലെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടി അസ്വാഭാവികമാണ്. മുമ്പ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് അമേരിക്കന്‍ ഇമിഗ്രേഷന്‍ അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നത്.

പലസ്തീന്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന വിദ്യാര്‍ഥികളെ നാടുകടത്തുന്നത് ഉള്‍പ്പെടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നടപടികളെ ചോദ്യ ചെയ്യുന്നവരെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളാണ് ഭരണകൂടം നടപ്പാക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജൂത വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതില്‍ സര്‍വകലാശാല പരാജയപ്പെട്ടെന്ന് ആരോപിച്ച് ഇവര്‍ക്ക് നല്‍കിയിരുന്ന 400 മില്ല്യണ്‍ ഡോളറിന്റെ ധനസഹായം ട്രംപ് നിര്‍ത്തലാക്കിയിരുന്നു. വിദ്യാര്‍ഥികളെ തടങ്കലിലാക്കുകയും നാടുകടത്തുകയും ചെയ്യുന്ന നടപടിക്കെതിരേ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആര്‍കിടെക്ട് ആയിരുന്ന രഞ്ജനി 2016-ലാണ് ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് നേടി അമേരിക്കയിലെത്തുന്നത്. 2020-ലാണ് കൊളംബിയ സര്‍വകലാശാലയില്‍ ചേരുന്നത്. നഗരാസൂത്രണവിഭാഗത്തിലെ ഗവേഷണത്തിന്റെ അഞ്ചാം വര്‍ഷമാണ് ഇത്. ഗാസ യുദ്ധത്തിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പ്രതിപാദിക്കുന്ന പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും മാത്രമാണ് ഈ പലസ്തീന്‍ വിഷയത്തില്‍ താന്‍ സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയിട്ടുള്ള ഇടപെടല്‍ എന്നാണ് രഞ്ജനി പറയുന്നത്.

ഷിബിൻ പനക്കൽ

ന്യൂപോർട്ട് : വെയിൽസിലെ ഹിന്ദു സമൂഹത്തിന്റെ ഐക്യവും സംസ്കാരസംരക്ഷണവും ലക്ഷ്യമാക്കി രൂപീകൃതമായ വെയിൽസ് ഹിന്ദു കൂട്ടായ്മ (Wales Hindu Community) വിവിധ ധാർമ്മിക, സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നേറുന്നു.

ഹിന്ദുമതത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ, വേദങ്ങൾ, ഉപനിഷത്തുകൾ എന്നിവയെക്കുറിച്ച് സമൂഹത്തിന് ബോധവൽക്കരണം നടത്തുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ക്ലാസുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നു.

മാസത്തിൽ ഒരിക്കൽ നടത്തുന്ന ഒത്തുചേരലുകൾ, ഭജന, ശ്ലോക പാരായണം, പൗരാണിക കഥകൾ എന്നിവയെ അടിസ്ഥാനമാക്കി ക്ലാസുകൾ സംഘടിപ്പിക്കപ്പെടുന്നു. ഹിന്ദു സംസ്കാര ക്ലാസുകൾ, കുടുംബ സംഗമങ്ങൾ, ഉത്സവാഘോഷങ്ങൾ എന്നിവ മുഖേന സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ കൂട്ടായ്മ ലക്ഷ്യമിടുന്നു. വിഷു, ഓണം, ദീപാവലി, ശിവരാത്രി, നവരാത്രി, ഹോളി തുടങ്ങിയ പ്രധാന ഹിന്ദു ഉത്സവങ്ങൾ ആചരിക്കുമ്പോൾ, അതിന്റെ യഥാർത്ഥ താത്പര്യവും ആദ്ധ്യാത്മിക മുഖവും പങ്കുവയ്ക്കാൻ പ്രത്യേക സെഷനുകളും ഒരുക്കുന്നു.

യുകെയിലെ പ്രമുഖ ക്ഷേത്രങ്ങളിലേക്ക് തീർത്ഥാടനങ്ങൾ നടത്തുക, യോഗ പരിശീലനം സംഘടിപ്പിക്കുക, സമൂഹത്തിനു ധാർമ്മിക ബോധവൽക്കരണം നൽകുക എന്നിവയാണ് പ്രധാന സംരംഭങ്ങൾ. കൂടാതെ, സാമ്പത്തിക-സാമൂഹിക പിന്തുണ നൽകുന്നതിനുള്ള സേവനപ്രവർത്തനങ്ങളിലും കൂട്ടായ്മ സജീവമാകാൻ തയ്യാറെടുക്കുകയാണ്.

ഈ കഴിഞ്ഞ മാർച്ച് 08 ന് നടന്ന മീറ്റിങ്ങിൽ അടുത്ത 2 വർഷ കാലഘട്ടത്തേക്കുള്ള (2025-2027) നേതൃത്വത്തെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് – ബിനു ദാമോദരൻ
വൈസ് പ്രസിഡന്റ് – സൺ കെ. ലാൽ
സെക്രട്ടറി – ഷിബിൻ പനക്കൽ
ജോയിന്റ് സെക്രട്ടറി – അഞ്ജു രാജീവ്
ട്രഷറർ – അഖിൽ എസ്. രാജ്
ആർട്സ് കോർഡിനേറ്റർമാർ – പ്രശാന്ത് & രേവതി മനീഷ്
ഇവന്റ് കോർഡിനേറ്റർമാർ – അനീഷ് കോടനാട് & ബിനോജ് ശിവൻ

കൂടാതെ, സാന്ദ്ര, മഞ്ജു, അശ്വതി, ഷിബിൻ, പ്രശാന്ത് എന്നിവരെ പ്രധാന അധ്യാപകരായി തെരഞ്ഞെടുത്തിട്ടുണ്ട്.

കുടുംബത്തിനു വാർഷിക ഫീസ് £10 മാത്രം. ഇതിലൂടെ എല്ലാ പരിപാടികൾക്കും ക്ലാസുകൾക്കും അംഗങ്ങൾക്ക് സൗജന്യ പ്രവേശനം ലഭിക്കും.

കൂടാതെ ഈ വർഷത്തെ വിഷു ആഘോഷ പരിപാടികൾ 19 ഏപ്രിൽ 2025 നു വിപുലമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിഷു പരിപാടിയിൽ ആർക്കെങ്കിലും പങ്കെടുക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഇവന്റ് കോഓർഡിനേറ്റർ അനീഷ് കോടനാടുമായി ഈ നമ്പറിൽ (+44 7760 901782 ) ബന്ധപ്പെടാവുന്നത് ആണ്.

വെയിൽസ് ഹിന്ദു കൂട്ടായ്മയുടെ ഈ പ്രവർത്തനങ്ങൾ ഹിന്ദു സമൂഹത്തിൽ നവോത്ഥാനം സൃഷ്ടിക്കുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു.

 

പാടത്ത് ക്രിക്കറ്റുകളിക്കുകയായിരുന്ന യുവാവ് ഇടിമിന്നലേറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. എടത്വാ ഒന്നാം വാര്‍ഡ് കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ ശ്രീനിവാസന്റെ മകന്‍ അഖില്‍ പി. ശ്രീനിവാസന്‍ (29) ആണ് മരിച്ചത്. ഒപ്പം കളിക്കാനുണ്ടായിരുന്ന ശരണ്‍ എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.

ഞായറാഴ്ച മൂന്നരയോടെയാണ് സംഭവം. എടത്വാ പുത്തന്‍വരമ്പിനകം പാടത്ത് ക്രിക്കറ്റ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു അഖില്‍. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നു. ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലുണ്ടായി ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്ന അഖില്‍ ചുണ്ടന്‍വള്ളത്തിന്റെ പണികള്‍ക്കും പോകുമായിരുന്നു.

RECENT POSTS
Copyright © . All rights reserved