Latest News

സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ വഫ ഫിറോസ്. മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ചപ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്നും കാറോടിച്ചത് വഫയായിരുന്നുവെന്നും ശ്രീറാം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീറാം പറയുന്നത് പച്ചക്കള്ളമാണെന്ന് ആരോപിച്ച് വഫ രംഗത്തെത്തിയത്.വാഹനം ഓടിച്ചത് വഫ; താൻ മദ്യപിച്ചിരുന്നില്ല: കാറപകടത്തിൽ വിശദീകരണവുമായി ശ്രീറാം

താനാണ് കാറോടിച്ചത് എന്ന് ശ്രീറാം ആവർത്തിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് വഫ പറയുന്നു. ‘അപകടത്തിന് ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു. ഫൊറൻസിക് റിപ്പോർട്ടുണ്ട്. ഇതെല്ലാം എവിടെ? ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് അധികാരമില്ല. അപകടം നടന്നതിന്റെ മൂന്നാം ദിവസം സംഭവിച്ച കാര്യങ്ങള്‍ അതേപോലെ പറഞ്ഞ വ്യക്തിയാണ്. എനിക്കെന്താണ് നാളെ സംഭവിക്കുക എന്നെനിക്കറിയില്ല. ഞാനിതുവരെ പറഞ്ഞതെല്ലാം സത്യമാണ്. അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തുംചെയ്യാം. ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’– വഫ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ച സംഭവം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നു സസ്പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കിയിരുന്നു. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചതു താനല്ലെന്നു വ്യക്തമാക്കുന്ന ശ്രീറാം, തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഏഴു പേജുള്ള വിശദീകരണ കുറിപ്പില്‍ നിഷേധിച്ചു. തന്റെ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ കടമ്പനാടാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. പരമാവധി കോസ്റ്റ് ഇഫക്ടീവ് ആയി വീടൊരുക്കണമെന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. നീളമുള്ള പ്ലോട്ടിൽ അധികം ഗിമ്മിക്കുകൾ ഒന്നും നൽകാതെയാണ് പുറംകാഴ്ച. ഭാവിയിലെ വിപുലമാക്കൽ സാധ്യതകൾ കൂടി കണക്കിലെടുത്ത് താഴെ സ്ലോപ് റൂഫും മുകളിൽ ഫ്ലാറ്റ് റൂഫും നൽകി.

എന്നാൽ ചതുരശ്രയടിയിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ,അപ്പർലിവിങ്. ഓപ്പൺ ടെറസ് എന്നിവയാണ് 2060 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ലിവിങ്, ഡൈനിങ് തുറസ്സായ ശൈലിയിൽ ഒരുക്കിയത് കൂടുതൽ സ്ഥല ഉപയുക്തത നൽകുന്നു. ജിഐ പൈപ്പ് കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ താഴെ ഫാമിലി ലിവിങ്, ടിവി യൂണിറ്റ് എന്നിട്ടും ക്രമീകരിച്ചു. അകത്തളങ്ങളിൽ ഒരു ഭിത്തി കടുംനിറം നൽകി ഹൈലൈറ്റ് ചെയ്തത് ഭംഗി കൂട്ടുന്നു. ജിപ്സം ഫോൾസ് സീലിങ്ങും ലൈറ്റുകളും അകത്തളം പ്രസന്നമാക്കുന്നു.

വീതിയേറിയ മൂന്ന് പാളി ജനലുകളാണ് ചുവരുകളിൽ നൽകിയത്. ഇതിലൂടെ കാറ്റും വെളിച്ചവും അകത്തേക്കെത്തുന്നു, ക്രോസ് വെന്റിലേഷൻ സുഗമമാകുന്നു. ഗ്രാനൈറ്റാണ് നിലത്തു വിരിച്ചത്.

തേക്കിൻതടിയിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.

മൂന്നു കിടപ്പുമുറികളിലും വ്യത്യസ്ത ഹൈലൈറ്റർ നിറങ്ങൾ നൽകി മുകൾനിലയിലെ ലിവിങ് സ്‌പേസ് ആവശ്യാനുസരണം കിടപ്പുമുറിയുമാക്കി മാറ്റാം.

നിലവിലെ ചതുരശ്രയടി നിരക്കുകൾ വച്ച് നോക്കിയാൽ ഇതുപോലെ ഒരു വീട് പൂർത്തിയാക്കാൻ കുറഞ്ഞത് 45 ലക്ഷം രൂപയെങ്കിലുമാകും. അവിടെയാണ് സൗകര്യങ്ങൾ വിട്ടുവീഴ്ച ചെയ്യാതെ 30 ലക്ഷത്തിനു ഒരുക്കിയ ഈ വീടിന്റെ പ്രസക്തി.

ചെലവ് കുറച്ച ഘടകങ്ങൾ

  • എലവേഷൻ ലളിതമാക്കി. സൺ ഷെയ്ഡിനു പകരം ജിഐ പൈപ്പിൽ ടഫൻഡ് ഗ്ലാസ് നൽകി.
  • പരമാവധി സ്ഥലഉപയുക്തത നൽകി.
  • സ്വന്തം പ്ലോട്ടിൽ നിന്നും മുറിച്ചെടുത്ത മരങ്ങളാണ് തടിപ്പണികൾക്കുപയോഗിച്ചത്.
  • ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി. പ്ലഗ് പോയിന്റുകൾ മിതപ്പെടുത്തി.

രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിന്റെ ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ആദ്യ ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെന്ന നിലയിലാണ്.ക്യാപ്റ്റന്‍ വിരാട് കോലിയും (37*) അജിങ്ക്യ രാഹാനെയുമാണ് (9*) ക്രീസില്‍.

183 പന്തിലാണ് മായങ്ക് ടെസ്റ്റിലെ രണ്ടാമത്തെ സെഞ്ചുറിയിലെത്തിയത്. 195 പന്തില്‍ നിന്ന് രണ്ടു സിക്സും 16 ബൗണ്ടറികളും അടങ്ങുന്നതാണ് മായങ്കിന്റെ (108) ഇന്നിംഗ്‌സ്. ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശര്‍മ 14 റണ്‍സോടെ മടങ്ങിയപ്പോള്‍ രണ്ടാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയുമൊത്ത് മായങ്ക് ടീമിനെ മുന്നോട്ടുനയിച്ചു. ഇരുവരും രണ്ടാം വിക്കറ്റില്‍ 138 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ചേതേശ്വര്‍ പൂജാര-മായങ്ക് അഗര്‍വാള്‍ സഖ്യമാണ് വമ്പന്‍ സ്‌കോറിനുള്ള അടിത്തറയൊരുക്കിയത്.

112 പന്തില്‍ നിന്ന് ഒരു സിക്സും ഒമ്പത് ബൗണ്ടറികളുമടക്കം 58 റണ്‍സെടുത്ത പൂജാരയെ റബാദയാണ് മടക്കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റന്‍ വിരാട് കോലിയും (37*) അജിങ്ക്യ രാഹാനെയുമാണ് (9*) ക്രീസില്‍.

കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ ആദര്‍ശധീരതയെയും വ്യക്തിജീവിതത്തെയും താന്‍ എല്ലാക്കാലവും ബഹുമാനിച്ചിരുന്നുവെന്ന് സിപിഎം നേതാവ് വൈക്കം വിശ്വന്‍. പ്രതിപക്ഷത്ത് ഏറ്റവും ആദരമുള്ള നേതാവ് ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ ‘എകെ ആന്റണി’ എന്നാണെന്നും വൈക്കം വിശ്വന്‍ പറയുന്നു. മാധ്യമം വാരികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വൈക്കം വിശ്വന്റെ വെളിപ്പെടുത്തല്‍.

തങ്ങളുടെ മഹാരാജാസ് കോളേജ് പഠനകാലത്ത് സംഘടനാമികവിലും നേതൃപാടവത്തിലും വയലാര്‍ രവിയായിരുന്നു കെ എസ് യുവിന്റെ തുറുപ്പുശീട്ട്. പക്ഷെ നേതാവിന്റെ പരിവേഷവും അംഗീകാരവും എന്നും എകെ ആന്റണിക്കായിരുന്നു. എകെ ആന്റണിയെ കഴിവുള്ള ഒരു നേതാവായി ഒരിക്കലും താന്‍ കണ്ടിട്ടില്ലെന്നും വൈക്കം വിശ്വന്‍ പറയുന്നു.

മഹാരാജാസില്‍ പൂര്‍വവിദ്യാര്‍ത്ഥി സമ്മേളനത്തില്‍ എന്റെ സാന്നിധ്യത്തില്‍ ആന്റണി പ്രസംഗിച്ചു. “അന്നും ഇന്നും വൈക്കം വിശ്വന്‍ ഉജ്ജ്വല പ്രാസംഗികന്‍. എനിക്കാണെങ്കില്‍ അന്നും ഇന്നും പ്രസംഗിക്കാന്‍ അറിയുകയുമില്ല”. പക്ഷെ എകെ ആന്റണി സസ്യഭുക്കാണെന്ന് അദ്ദേഹമോ സഹപ്രവര്‍ത്തകരോ പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. കാരണമുണ്ട്. സ്വാതന്ത്ര്യ സമര സേനാനി ചന്ദ്രഹാസന്‍ സാര്‍ ആയിരുന്നു അന്ന് മഹാരാജസ് കോളേജ് പ്രിന്‍സിപ്പല്‍. കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥികള്‍ കോളേജില്‍ തല്ലുണ്ടാക്കിയാല്‍ അടികൂടിയവരെ ചന്ദ്രഹാസന്‍ സാര്‍ തന്റെ ഓഫീസില്‍ വിളിച്ചുവരുത്തും. കെ എം റോയിയുടെ കെഎസ്പി വിദ്യാര്‍ത്ഥികളും തല്ലുണ്ടാക്കാന്‍ മിടുക്കന്മാരായിരുന്നു. അടിയൊക്കെ തീര്‍ന്നു ഇനി വൈരാഗ്യമൊന്നും മനസില്‍ വയ്ക്കരുത് രണ്ടു കൂട്ടരും ഒരുമിച്ച് പോയി കാപ്പികുടിക്കെന്നൊക്കെ പറഞ്ഞ് അദ്ദേഹം ഹോട്ടലിലേക്ക് കത്തുതരും. പണം പിന്നീട് നല്‍കും.

പിന്നെ സംവാദം വുഡ്‌ലാന്‍ഡ്‌സില്‍ പോയി സസ്യാഹാരം കഴിക്കണോ, ടെര്‍മിനസില്‍ പോയി മാംസാഹാരം കഴിക്കണോ എന്നതിനെ ചൊല്ലിയാണ്. ഭൂരിപക്ഷം ടെര്‍മിനസ് മതിയെന്ന് പറയും. അതോടെ രാഷ്ട്രീയം മറക്കും. ഒരുമിച്ച് ഒറ്റപ്പോക്കാണ്. അന്ന് എകെ ആന്റണി ടെര്‍മിനസില്‍ നിന്നും മാംസാഹാരം കഴിച്ചിട്ടുണ്ട്.

ആന്റണിയോടും വയലാര്‍ രവിയോടും പി സി ചാക്കോയോടുമുള്ള സൗഹൃദം ഉമ്മന്‍ ചാണ്ടിയോട് ഇല്ലായിരുന്നെന്നും വൈക്കം വിശ്വന്‍ പറയുന്നു. സോളാര്‍ കേസ് വരുമ്പോള്‍ താന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ആയിരുന്നെന്നും സരിതയെ ടിവിയില്‍ അല്ലാതെ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷെ അവര്‍ വ്യക്തതയോടെയാണ് ആരോപണങ്ങള്‍ നിരത്തിയത്. ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടി നല്ല ആശയമായിരുന്നു. പക്ഷേ, അവശരായ ആളുകള്‍ക്കും വൈകല്യമുള്ളവര്‍ക്കും സഹായം നല്‍കാന്‍ അവരെ വേദിയിലെത്തിച്ച നടപടി ഒഴിവാക്കാമായിരുന്നെന്നും വൈക്കം വിശ്വന്‍ ചൂണ്ടിക്കാട്ടുന്നു.

ആള്‍ക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ബൈബിളിലെ വാചകങ്ങളെ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് ദുര്‍വ്യാഖ്യാനം ചെയ്തു എന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ. ഇന്ത്യ ടുഡേയുമായുള്ള അഭിമുഖ സംഭാഷണത്തില്‍ മോഹന്‍ ഭഗവത് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ആള്‍ക്കൂട്ടക്കൊലകള്‍ ഇന്ത്യന്‍ ആശയമല്ല എന്നും അതൊരു പാശ്ചാത്യ ആശയമാണ് എന്നും മോഹന്‍ ഭഗവത് പറഞ്ഞിരുന്നു. ഇത്തരം പ്രസ്താവനകള്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതാണ് എന്ന് എന്‍സിസിഐ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ബൈബിളിന്റെ ഈ ദുര്‍വ്യാഖ്യാനം ജനങ്ങളില്‍ സംശയമുണ്ടാക്കുകയും ക്രിസ്തു മതത്തെ അധിക്ഷേപിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇത്തരം ദുര്‍വ്യാഖ്യാനങ്ങളില്‍ വിശ്വസിക്കരുത് എന്നും ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉള്ളതാണ് എന്നും എന്‍സിസിഐ പ്രസ്താവനയില്‍ പറയുന്നു.

യഥാര്‍ത്ഥത്തില്‍ മോഹന്‍ ഭഗവത് പറഞ്ഞ സംഭവം പുരുഷാധികാര ഘടനയുടെ ഇരയായ ഒരു സ്ത്രീയ്ക്ക് എങ്ങനെയാണ് യേശു ക്രിസ്തു പിന്തുണ നല്‍കിയത് എന്നാണ്. യേശു ഒരിക്കലും ആള്‍ക്കൂട്ടക്കൊലകളേയോ ആള്‍ക്കൂട്ട അതിക്രമങ്ങളേയോ ന്യായീകരിച്ചിട്ടില്ല. മറിച്ച് ഇത്തരം ഇരകളോടുള്ള യേശുവിന്റെ ദയയും അനുകമ്പയുമാണ് ഇവിടെ കാണുന്നത്. യേശു ആള്‍ക്കൂട്ട അതിക്രമത്തില്‍ നിന്ന് ഒരു സ്ത്രീയെ രക്ഷിക്കുകയാണ് ചെയ്തത്.

ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളും ദലിതരും ആദിവാസികളും ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, സ്ത്രീകള്‍ തുടങ്ങിയവര്‍. ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പ്രസ്താവനകളെ അപലപിക്കാന്‍ സര്‍ക്കാരും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണമെന്നും എന്‍സിസിഐ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം 19 മുതല്‍ ഭാര്യയെ കാണാനില്ലെന്ന് വിദ്യാന​ഗര്‍ സ്വദേശി ഷെല്‍വില്‍ ജോണ്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് നിരവധി തവണ പൊലീസ് ഷെല്‍വിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, യുവാവിന്റെ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ സൂചനകള്‍ ലഭിച്ചത്. മൃതദേഹം കണ്ടെത്താനായി പോലീസ് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചതോടെയാണ് യുവാവിന്റെ മൊഴി പുറത്ത് വന്നത്. ചന്ദ്രഗിരി പുഴയില്‍ തെക്കില്‍ പാലത്തിനോട് ചേര്‍ന്നാണ് ഭാര്യയുടെ മൃതദേഹം കെട്ടിതാഴ്ത്തിയതെന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ പന്നിപ്പാറയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷെല്‍വിന്‍ (35) മൊഴി നല്‍കി.

ഇതിന്റെ അടിസ്ഥാനത്തിലാണ് പുഴയില്‍ തിരച്ചില്‍ നടത്തിവരുന്നത്. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്. കണ്ണൂര്‍ ആലക്കോട് സ്വദേശിയും പന്നിപ്പാറയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ഷെല്‍വിന്‍ ജോണാണ് തന്റെ ഭാര്യയായ കൊല്ലം ഇരവിപുരം സ്വദേശിനി പ്രമീള (30) യെ കാണാനില്ലെന്ന് കാണിച്ച്‌ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നത്. കഴിഞ്ഞ മാസം 19-ാം തീയ്യതി മുതല്‍ പ്രമീളയെ കാണാനില്ലെന്നായിരുന്നു ഷെല്‍വിന്റെ പരാതി.

എന്നാല്‍ ഷെല്‍വിനെ ചോദ്യം ചെയ്തതോടെ സംശയം തോന്നുകയും മൊഴിയില്‍ വൈരുദ്ധ്യമുണ്ടായതോടെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതോടെയാണ് അടിപിടിക്കിടെ കൊല്ലപ്പെട്ട പ്രമീളയെ തെക്കില്‍ പാലത്തില്‍ നിന്നും കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയതായി ഷെല്‍വിന്‍ പോലീസിനോട് വെളിപ്പെടുത്തിയത്. 20 ദിവസം മുന്‍പായിരുന്നു കൃത്യം നടന്നത്. 14 വര്‍ഷം മുന്‍പ് എറണാകുളത്ത് വെച്ചാണ് ഷെല്‍വിനും പ്രമീളയും തമ്മില്‍ പ്രണയത്തിലാകുന്നത്. ഷെല്‍വിന്‍ എറണാകുളത്തെ പൗഡര്‍  കമ്പിനിയിലെയും പ്രമീള തൊട്ടടുത്ത ഫാന്‍സി കടയിലെയും ജോലിക്കാരായിരുന്നു. മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഒളിച്ചോടിയ ഇരുവരും 11 വര്‍ഷം മുന്‍പ് കാസര്‍കോട്ടെത്തി ഒരുമിച്ച്‌ താമസിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികള്‍ ജനിച്ചു.

ഇതോടെ ഒന്നരവര്‍ഷം മുന്‍പ് പ്രമീള മതം മാറി ഷെല്‍വിനെ വിവാഹം കഴിച്ചു. സപ്ലൈ ഓഫീസില്‍ ക്ലീനിംഗ് ജോലിക്കാരിയായി പ്രമീളയ്ക്ക് ജോലി ലഭിച്ചിരുന്നു. എന്നാല്‍ ഷെല്‍വിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പ്രമീള അറിഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കിടുന്നത് പതിവായി. ഇതിനിടെയാണ് സെപ്തംബര്‍ 19ന് രാത്രിയുണ്ടായ വഴക്കിനിടെ പ്രമീള കൊല്ലപ്പെട്ടത്.പ്രമീള മരിച്ചതോടെ അന്ന് രാത്രി തന്നെ മൃതദേഹം ചാക്കില്‍കെട്ടി പുഴയില്‍ തള്ളാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഷെല്‍വിന്‍ മൊഴി നല്‍കിയിട്ടുണ്ട്. തന്റെ ഓട്ടോറിക്ഷയില്‍ മൃതദേഹവുമായി നായന്മാര്‍മൂലയിലെത്തിയെങ്കിലും അവിടെ പോലീസ് ജീപ്പ് കണ്ടതിനെ തുടര്‍ന്ന് പെരുമ്ബുഴയിലെത്തുകയായിരുന്നു.

പെരുമ്ബുഴയില്‍ ഒരു വാഹനം നിര്‍ത്തിയിട്ട് ആളുകളെ കണ്ടതിനെ തുടര്‍ന്ന് തെക്കില്‍ പാലത്തിലെത്തുകയും അവിടെ നിന്നും കല്ലുകെട്ടി മൃതദേഹം പുഴയില്‍ താഴ്ത്തുകയും ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ചുള്ള യുവാവിന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അന്വേഷണം തുടരുകയാണെന്നും മൃതദേഹം കണ്ടെത്തിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങളെ കുറിച്ച്‌ വ്യക്തതയുണ്ടാക്കാന്‍ കഴിയുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.

ദിവസങ്ങള്‍ കഴിയുന്തോറും കൂടത്തായി കൂട്ടക്കൊലപാതകത്തിന്റെ പുതിയ കഥകള്‍ പുറത്താകുകയാണ്. കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളി ജോസഫിന്റെ രണ്ടാം ഭര്‍ത്താവ് ഷാജുവാണ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ജോളിയുടേത് അമിത ഫോണ്‍ ഉപയോഗമായിരുന്നുവെന്നാണ് ഷാജു വെളിപ്പെടുത്തിയത്. ചില ദിവസങ്ങളില്‍ അര്‍ദ്ധരാത്രി രണ്ടു മണി വരെ ജോളിയുടെ ഫോണ്‍ വിളി നീളും. ഒരിക്കല്‍ അത് ചോദ്യം ചെയ്തുവെങ്കിലും വ്യക്തമായ ഉത്തരം നല്‍കാതെ ജോളി ഒഴിഞ്ഞു മാറുകയായിരുന്നു.

പല കാര്യങ്ങളും താന്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നാണ് ഷാജു വെളിപ്പെടുത്തുന്നത്. അതേസമയം സാമ്പത്തിക താത്പര്യം മുന്നില്‍ക്കണ്ട് മാത്രമാണ് ജോളി തന്നെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് ഏറെ നാള്‍ കഴിയുന്നതിന് മുമ്പ് തന്നെ ചില പൊരുത്തക്കേടുകള്‍ തോന്നിയിരുന്നുവെന്നും എന്നാല്‍ കൂടെ കഴിയുമ്പോള്‍ അവരുടെ പ്രവര്‍ത്തനത്തില്‍ അസ്വഭാവികത ഒന്നും തോന്നിയിരുന്നില്ലെന്നും ഷാജു പറഞ്ഞു. എന്നാല്‍ നാലു മാസങ്ങള്‍ക്കു മുമ്പു തന്നെ എന്‍ഐടിയില്‍ അധ്യാപിക ആയിരുന്നില്ല എന്ന് അറിഞ്ഞിരുന്നു. വഴക്ക് കൂടണ്ട എന്നതിനാലാണ് പല കാര്യങ്ങളിലും ഇടപെടതിരുന്നത്. തങ്ങളുടെ വിവാഹം നടന്നതിനു ശേഷം ഗര്‍ഭഛിദ്രം നടത്തിയതായി അറിയില്ലെന്നും, എന്നാല്‍ ആദ്യ വിവാഹ ബന്ധത്തിനിടെ ഒരു തവണ ജോളി ഗര്‍ഭഛിദ്രം നടത്തിയിരുന്നുവെന്നും ഷാജു വെളിപ്പെടുത്തി.

അതോടൊപ്പം ജോളിക്ക് നിരവധി കാമുകന്മാരുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. എന്ത് പ്രശ്നമുണ്ടായാലും പരിഹരിക്കാന്‍ പ്രാപ്തിയുള്ളവരായിരുന്നു ജോളിയുടെ കാമുകന്മാരെന്നും വിവരമുണ്ട്.  പതിനൊന്നില്‍ അധികം പേരുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇതില്‍ ചിലര്‍ക്ക് ജോളി നടത്തിയ കൊലകളെ കുറിച്ചും അറിയാമായിരുന്നു. ജോളിയുമായി അടുപ്പമുണ്ടായിരുന്നവരെ പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ച്‌ വരികയാണ്. ചിലരെ പോലീസ് ചോദ്യം ചെയ്തെങ്കിലും അവരുടെ മറുപടി എന്തായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സൗന്ദര്യത്തിന് പ്രാധാന്യം നല്‍കിയിരുന്ന ജോളി മിക്കപ്പോഴും ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്നു. എപ്പോഴും മേക്കപ്പ് ചെയ്ത് ഉടുത്തൊരുങ്ങിയായിരുന്നു നടപ്പ്.

സമൂഹത്തിലെ ചില ഉന്നതരും ജോളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ചില രാഷ്ട്രീയ നേതാക്കളും ജോളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ദീര്‍ഘ നേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുക പതിവായിരുന്നു. മൂന്ന് മൊബൈല്‍ ഫോണുകള്‍ ജോളിക്കുള്ളതായാണ് വിവരം. വിവാഹത്തിന് ശേഷം ജോളി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളില്‍ ഒന്ന് അവരുമായി ബന്ധമുണ്ടായിരുന്ന ഒരാളുടേതാണെന്ന് കണ്ടെത്തി. ജോളി ആരെയൊക്കെ സ്ഥിരമായി ഫോണ്‍ ചെയ്യാറുണ്ടായിരുന്നുവെന്നും സംസാരിക്കാറുണ്ടായിരുന്നുവെന്നും പോലീസ് അന്വേഷിച്ച്‌ വരികയാണ്.

ഇക്കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവും പറയുന്നു. പോലീസ് മുദ്രവച്ച്‌ പൂട്ടിയ പൊന്നാമറ്റം വീട്ടില്‍ ഫോണ്‍ ഉണ്ടാകുമെന്നാണ് ഷാജു പറഞ്ഞത്. ചില ബന്ധുക്കളുമായും ജോളി ഫോണില്‍ ഏറെനേരം സംസാരിച്ചിരുന്നു. അത് ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. 22 വര്‍ഷം മുമ്പാണ് റോയ് തോമസിനെ വിവാഹം ചെയ്ത് ജോളി കൂടത്തായിയിലെത്തുന്നത്. കൊലപാതക പരമ്പരയില്‍ നാലാമത് കൊല്ലപ്പെട്ട മാത്യുവിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് ജോളി റോയിയെ കാണുന്നതും ഇരുവരും പ്രണയത്തിലാവുന്നതും. പിന്നീട് വിവാഹിതരാവുകയായിരുന്നു.

രണ്ടര മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് കൂടത്തായിലെ ദുരൂഹ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. കഴിഞ്ഞ ജൂലായില്‍ ആണ് റോജോ സംഭവത്തില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് കേസ് അന്വേഷണത്തിനിടയില്‍ നാലു തവണയാണ് അറസ്റ്റിലായ ജോളിയെ ചോദ്യം ചെയ്തത്. എന്നാല്‍ ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും മരണവുമായി ഒരു ബന്ധവുമില്ലെന്ന നിലപാടാണ് ജോളി ആവര്‍ത്തിച്ചത്.  തെളിവു ശേഖരണത്തിന്റെ ഭാഗമായി കല്ലറ പൊളിക്കുന്നതിന്റെ തലേന്ന് പകല്‍ മുഴുവന്‍ ജോളിയേയും ഭര്‍ത്താവ് ഷാജുവിനേയും ഒരുമ്മിച്ചിരുത്തിയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഭര്‍ത്താവ് റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും നിരത്തിയുള്ള നാലാമത്തെ ചോദ്യം ചെയ്യലിനൊടുവില്‍ ജോളി കുറ്റം സമ്മതിക്കുകയായിരുന്നൂ. അഞ്ചാം തിയതി കസ്റ്റഡിയിലെടുത്ത ശേഷമുള്ള ചോദ്യം ചെയ്യലിലായിരുന്നു ജോളിയുടെ കുറ്റസമ്മതം.

ചോദ്യം ചെയ്യലില്‍ ജോളി പലപ്പോഴും ഉരുണ്ടുകളിച്ചു. ഭര്‍ത്താവും അടുത്ത ബന്ധുക്കളും മരിക്കുമ്പോള്‍ അടുത്തുണ്ടാകുന്നത് സ്വഭാവികമല്ലേ എന്നായിരുന്നു ചോദ്യം ചെയ്യലിനിടയില്‍ ജോളിയുടെ മറു ചോദ്യം. മൂന്നാം തവണ ചോദ്യം ചെയ്യലിനു നേതൃത്വം നല്‍കിയത് അന്വേഷണ സംഘത്തലവനായ റൂറല്‍ എസ്.പി. കെ.ജി.സൈമണായിരുന്നു. ചോദ്യം ചെയ്യലിനിടെ ഭര്‍ത്താവിന്റെ മരണത്തില്‍ നുണ പരിശോധനയ്ക്കു വിധേയയാകാന്‍ സമ്മതമാണോ എന്ന കാര്യം എസ്.പി ചോദിച്ചു.  ഉടന്‍ തന്നെ സമ്മതം ആണെന്നായിരുന്നു ജോളിയുടെ മറുപടി. പിന്നാലെ നുണ പരിശോധനയ്ക്ക് തയാറാണെന്ന അപേക്ഷ എങ്ങനെ എഴുതണമെന്ന് പറഞ്ഞുകൊടുത്തു. അപേക്ഷ എഴുതി പകുതിയായപ്പോള്‍ ജോളി പേന നിലത്തുവെച്ചു, തല കുമ്പിട്ടിരുന്നു. തുടര്‍ന്ന് ഷാജുവിനോട് ചോദിക്കാതെ അപേക്ഷ തരാന്‍ പറ്റില്ലെന്നും പറഞ്ഞു. ജോളി നല്‍കിയ ഭക്ഷണം ദഹിക്കാത്ത നിലയില്‍ ശരീരത്തില്‍ കണ്ടെത്തിയത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയതോടെയാണ് ജോളി കുറ്റം സമ്മതിച്ചത്. റോയിയുടെ കൊലപാതകം ഏറ്റു പറഞ്ഞതിനു പിന്നാലെ മറ്റ് അഞ്ച് കൊലപാതകങ്ങള്‍ നടത്തിയ വിധവും അതിന്റെ പിന്നിലെ കാരണങ്ങളും ജോളി ഏറ്റുപറയുകയായിരുന്നു. ഇതോടെ ജോളി കുടുങ്ങുകയായിരുന്നു.

കേസിൽ റോയിയുടെ കൊലപാതകത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണു പൊലീസ് നീക്കം. മറ്റ് അഞ്ച് മരണങ്ങളുടെയും അന്വേഷണ റിപ്പോർട്ട് തയാറാക്കും. സ്വത്തു തട്ടിയെടുക്കാനും പുതിയ വിവാഹം കഴിക്കാനും ഭർത്താവിനെ ജോളി കൊലപ്പെടുത്തിയെന്ന കുറ്റപത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതിൽ ജോളിയ്ക്ക് ശിക്ഷ ഉറപ്പാക്കാൻ പൊലീസിന്റെ ആവനാഴിയിലെ ആയുധങ്ങൾ ആകുന്നത് ജോളിയുടെ പരപുരുഷ ബന്ധം തെളിയിക്കാൻ ബിഎസ് എൻഎൽ ജീവനക്കാരൻ ജോൺസന്റെ മൊഴിയും, സ്വത്തു തട്ടിയെടുക്കാൻ വ്യാജ ഒസ്യത്തുണ്ടാക്കിയതിന്റെ രേഖകളും, ജോളിയും റോയിയും തമ്മിലുള്ള അകൽച്ച അറിയാവുന്നവരുടെ സാക്ഷി മൊഴികളും, ജോളിയുടെ കുറ്റസമ്മത മൊഴിയും ജോളിക്കെതിരായുള്ള തെളിവുകളാകും. ഇതുകൂടാതെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അറിയാവുന്ന കട്ടപ്പനയിലെ ജ്യോത്സ്യനും മന്ത്രവാദിയും പൊലീസിന്റെ കണ്ണിൽ മുഖ്യ സാക്ഷികളാണ്. സയനൈഡ് ഉള്ളിൽ ചെന്നതിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കുറ്റകൃത്യം തെളിയിക്കാൻ പൊലീസിനു തുണയാകും.

 

കൂടത്തായി കൊലപാതക പരമ്പയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന കട്ടപ്പനയിലെ ജോല്‍സ്യന്‍ കൃഷ്ണകുമാറിനെക്കുറിച്ച് പുറത്തുവരുന്നത് ആരെയും അമ്പരപ്പിക്കുന്ന കഥകൾ. ജോളിയുടെ ഭര്‍ത്താവായ കൊല്ലപ്പെട്ട റോയിയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്ത തകിടും അതിലെ പൊടിയുമാണ് ജ്യോത്സ്യനിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. പൊന്നാപരം തറവാടിന് വാസ്തു ദോഷമുണ്ടെന്നും അതുകൊണ്ടാണ് കുടുംബാംഗങ്ങള്‍ മരണപ്പെടുന്നതെന്നുമാണ് ജോളി അയല്‍ക്കാരോട് പറഞ്ഞത് ധരിപ്പിച്ചിരുന്നത്. മാത്രമല്ല തന്‍റെ വാദങ്ങളെ അരക്കിട്ട് ഉറപ്പിക്കാന്‍ കൃത്യമായ ആസൂത്രണത്തോടെ ഓരോ കൊലകള്‍ നടത്തിയശേഷവും അത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീര്‍ക്കാനും ജോളി പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. കൂടുതല്‍ മരണങ്ങള്‍ കുടുംബത്തില്‍ നടക്കാന്‍ സാധ്യത ഉണ്ടെന്ന് ജ്യോത്സ്യന്‍ പ്രവിച്ചതായും ജോളി പലരേയും വിശ്വസിപ്പിച്ചിരുന്നു.

മൂന്നില്‍ കൂടുതല്‍ പേര്‍ മരിക്കുമെന്നാണ് ജോളി വിശ്വസിപ്പിച്ചിരുന്നതെന്നും അയല്‍ക്കാര്‍ പറയുന്നു. ഭര്‍ത്താവ് റോയ് തോമസും ജോളിയുടെ ഈ കഥ വിശ്വസിച്ചെന്ന സംശയവും ഉണ്ട്. ദോഷം അകറ്റാനുള്ള പരിഹാരക്രിയക്കിടയിലാണ് റോയ് കൊല്ലപ്പെട്ടതെന്നും ജോളി അയല്‍ക്കാരോട് പറഞ്ഞിരുന്നു.അതേസമയം റോയിയെ കൊലപ്പെടുത്താന്‍ ജോളി മന്ത്രവാദിയുടെ സഹായം തേടിയോ എന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. റോയിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ തകിടാണ് സംശത്തിന് വഴിവെച്ചിരിക്കുന്നത്. റോയ് തോമസ് മരിക്കുമ്പോൾ ധരിച്ചിരുന്ന പാന്‍റ്സിന്‍റെ പോക്കറ്റില്‍ നിന്നും ഒരു തകിടും അതില്‍ കുറച്ച്‌ പൊടിയും കണ്ടെത്തിയിരുന്നു. ഇതാണ് സംശയങ്ങള്‍ക്ക് കാരണം. പക്ഷെ ജോളിയെ തനിക്ക് അറിയില്ലെന്നും, തന്നെക്കാണാന്‍ ഒരുപാടു പേര്‍ വരാറുണ്ടെന്നും ഇങ്ങനെ ആരെയും ഓര്‍ക്കുന്നില്ലെന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിരുന്നു.

റോയി വന്നിരുന്നോ ഇല്ലയോ എന്ന് അറിയില്ല. വന്നു പോകുന്നവരുടെ രജിസ്റ്റർ രണ്ടുവർഷത്തിൽ കൂടുതൽ സൂക്ഷിക്കാറില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. ഏലസ്സ് ഇഷ്ടംപോലെ ആളുകൾക്കു നൽകാറുണ്ട്. ഏലസും ഭസ്മവും നൽകാറുണ്ട്. ഭസ്മം തലയ്ക്കുഴിഞ്ഞ് കത്തിക്കുകയോ അല്ലെങ്കിൽ തൊടുകയോ ആണ് ചെയ്യുന്നത്. കഴിക്കാൻ പറയാറില്ല. ക്രൈംബ്രാഞ്ചിൽ നിന്നും ഒരുകേസിന്റെ കാര്യമാണെന്നു പറഞ്ഞ് ഒരിക്കൽ വിളിച്ചതല്ലാതെ പിന്നീട് ആരും വിളിച്ചിട്ടില്ലെന്നും ജ്യോത്സ്യൻ കൃഷ്ണകുമാർ പറഞ്ഞു. കൂടത്തായിയിലെ കൊലപാതകവുമായി ജ്യോത്സ്യനെ ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും പൊലീസിന് ഇതുവരെ കിട്ടിയില്ല. ഇത് തിരിച്ചറിഞ്ഞാണ് ഇയാള്‍ വീട്ടില്‍ തിരിച്ചെത്തിയതെന്നാണ് സൂചന.

അതേ സമയം, ജോളിയുടെ നാടായ കട്ടപ്പനയിലെ ഈ ജ്യോത്സ്യനെ കുറിച്ച്‌ നിരവധി ദുരൂഹതകള്‍ നാട്ടിലുണ്ട്. തമിഴ് സിനിമാ നടിമാര്‍ പോലും ഈ ജ്യോത്സ്യന്റെ ശിഷ്യരാണ്. പുകഴത്തുന്ന ആര്‍ക്കും എന്തും ചെയ്തു നല്‍കും. ഇതിനൊപ്പം സൗന്ദര്യസംരക്ഷണത്തിന് പ്രധാന്യം നല്‍കുന്ന വ്യക്തിയാണ് കൃഷ്ണകുമാര്‍. റിട്ട വില്ലജ് ജീവനക്കാരന്റെ മകനാണ് കൃഷ്ണകുമാര്‍. കട്ടപ്പന ടൗണിലെ പുളിമല റോഡിലാണ് ജ്യോത്സ്യന്റെ താമസം. ആഡംബര ജീവിതം നയിക്കുന്ന പ്രകൃതമാണ് ഇയാളുടേത്.

ആരെയും ആകർഷിക്കുന്ന വാക് സമർഥ്യമുള്ള കൃഷ്ണകുമാറിന് ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാൻ പോലും ആളുകൾ ഉണ്ടത്രേ. പരിഹാര ക്രിയ ചെയ്യുകയും ആളുകളെ കാണുകയും ചെയ്യും. ഇടത്തരം ചുറ്റുപാടില്‍ നിന്നാണ് ഇയാള്‍ വളര്‍ന്ന് വരുന്നത്. കൃഷ്ണകുമാര്‍ ജ്യോതിഷത്തിലേക്ക് കടന്നതോടെ സാമ്പത്തികമായി വലിയ മാറ്റമുണ്ടായി. പുതിയ ഇരുനില വീടും വയ്ക്കുന്നു. അടിമുടി മാറ്റമാണ് ജ്യോത്സ്യന് സംഭവിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൃഷ്ണ കൃപാ കൃഷ്ണകുമാര്‍ എന്നാണ് ഇപ്പോള്ള്‍ അറിയപ്പെടുന്നത്.

വന്‍ തുകയ്ക്ക് പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് ജ്യോതിഷാലയം വളര്‍ത്തുന്നത്. രണ്ട് ലക്ഷം രൂപവരെ ഇയാള്‍ ഒരു മാസം പത്രങ്ങളില്‍ പരസ്യം കൊടുക്കാറുണ്ട്. കട്ടപ്പനയില്‍ സുഹൃത്തായിരുന്ന ബാര്‍ബോര്‍ഷോപ്പുകാരന് വേണ്ടി പരസ്യത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ബാര്‍ബര്‍ഷോപ്പിന്റെ ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത് ഈ കൃഷ്ണകുമാറിന്റെ പടമായിരുന്നു.സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവുമുണ്ട്.  കൊല്ലപ്പെട്ട റോയിയുടെ പക്കല്‍നിന്നു ഈ ജ്യോത്സ്യന്റെ വിലാസം കണ്ടെത്തിയിരുന്നു. മരണസമയത്ത് റോയിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ഏലസ്സ് പൂജിച്ചുനല്‍കിയത് ഈ ജ്യോത്സ്യനാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ജ്യോത്സ്യനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

പശ്ചിമ ബംഗാളിൽ ആർഎസ്എസ് പ്രവർത്തകനെയും ഗർഭിണിയായ ഭാര്യയെയും എട്ടുവയസ്സുള്ള മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുർഷിദാബാദ് ജില്ലയിലെ വീടിനുള്ളിലാണ് മൂവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.

ബന്ധു ഗോപാൽ സിങ്(35), എട്ട് മാസം ഗർഭിണിയായ ഭാര്യ ബ്യൂട്ടി (30), മകൻ(6) എന്നിവരെയാണ് മരിച്ച നിലയിൽ‍ കണ്ടെത്തിയത്. ഗോപാൽ സിങ് ആർഎസ്എസ് പ്രവർത്തകനായിരുന്നുവെന്ന് സെക്രട്ടറി ജിഷ്ണു ബസു മാധ്യമങ്ങളോട് പറഞ്ഞു. വീടിനുള്ളിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബിജെപി നേതാക്കളും ഇത് ട്വിറ്ററിലുൾപ്പെടെ പങ്കുവെച്ചിട്ടുണ്ട്.

‌സംസ്ഥാനത്തെ ക്രമസമാധാനനില താറുമാറായെന്ന് ആരോപിച്ച് ബിജെപി, ആർഎസ്എസ് പ്രവര്‍ത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്ത് ബിജെപി, ആർഎസ്എസ് പ്രവര്‍ത്തകർക്കെതിരായ അക്രമങ്ങള്‍ വർധിച്ചെന്നും ഇതിന് പിന്നിൽ തൃണമൂൽ കോണ്‍ഗ്രസ് ആണെന്നും ബിജെപി ആരോപിക്കുന്നു.

ബോളിവുഡ് താരം സൽമാൻ ഖാൻ അവതാരകനായെത്തുന്ന ഹിന്ദി റിയാലിറ്റി ഷോ ബിഗ് ബോസിനെതിരെ കടുത്ത രോഷം. ഷോ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും പിന്നാലെ വിവിധ സംഘടനകളും രംഗത്തുവന്നു. ഷോ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ നന്ദ് കിഷോർ ഗുജ്ജാർ കേന്ദ്ര വാർത്താ വിനിമയ മന്ത്രി പ്രകാശ് ജാവഡേക്കറിന് കത്തയച്ചു. ഷോ അസഭ്യവും അശ്ലീലവുമാണെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് കത്ത്.

‘രാജ്യത്തിന്റെ സാംസ്കാരിക മൂല്യങ്ങൾക്കെതിരാണ് ഷോ. തീർത്തും അധിക്ഷേപാർഹമായ രംഗങ്ങൾ ഇതിന്റെ ഭാഗമാണ്. വ്യത്യസ്ത മതത്തിൽപ്പെട്ട സ്ത്രീപുരുഷന്മാർ ഒരുമിച്ച് കിടക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. അശ്ലീലവും അസഭ്യവും പ്രോത്സാഹിപ്പിക്കുന്നതാണ് റിയാലിറ്റി ഷോ’- കത്തിൽ എംഎൽഎ പറയുന്നു.

രാജ്യത്തിന്റെ നഷ്ടപ്പെട്ട കീര്‍ത്തി വീണ്ടെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുമ്പോഴാണ് സംസ്കാരം നശിപ്പിക്കുന്ന ഇത്തരം ഷോകൾ സംപ്രേഷണം ചെയ്യുന്നതെന്നും എംഎൽഎ ആരോപിക്കുന്നു. ടിവിയിൽ സംപ്രേഷണം ചെയ്യുന്ന എല്ലാ പരിപാടികൾക്കും സെൻസറിങ് ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‌കുട്ടികൾക്കുൾപ്പെടെ യാതൊരു നിയന്ത്രണവുമില്ലാതെ ഇത്തരം പരിപാടികൾ കാണാൻ കഴിയും. പോരാത്തതിന് എപ്പിസോഡുകള്‍ ഇന്റർനെറ്റിലും ലഭ്യമാണെന്നും എംഎൽഎ പറയുന്നു. ബ്രാഹ്മണ മഹാസഭയും റിയാലിറ്റി ഷോക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. എത്രയും പെട്ടെന്ന് ഷോ നിരോധിക്കണമെന്നാണ് ആവശ്യം. അതേസമയം ഷോ നിർത്താതെ ഇനി ആഹാരം കഴിക്കില്ലെന്ന് ഉത്തർ പ്രദേശ് നവ് നിർമാൺ സേന അധ്യക്ഷൻ അമിത് ജാനി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved