യുവതി മരിച്ച വിവരം സുഹൃത്തിനെ വിളിച്ച് അറിയിച്ച് യുവാവ് ട്രെയിനു മുന്നിൽ ചാടി മരിച്ചു. പുത്തൂർ വെണ്ടാറിൽ വാടകയ്ക്കു താമസിക്കുന്ന മുഴിക്കോട് സ്വദേശിനി സ്മിത (32)യെ ഇന്നു രാവിലെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒളിവിൽ പോയ കല്ലുംതാഴം കാഞ്ഞിരക്കാട്ടു വീട്ടിൽ സനീഷിനെ (32) മണിക്കൂറുകള്‍ക്കകം കൊല്ലം നഗരത്തിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.
യുവതിയുടെ ഭർത്താവ് ദീപേഷിന്റെ ബന്ധുവാണു സനീഷ്. യുവതിയുടെ വീട്ടിൽ പതിവായി വരാറുള്ള സനീഷ് ഇന്നലെ രാത്രിയും എത്തിയിരുന്നു. ഇന്നു രാവിലെ സ്മിതയുടെ സുഹൃത്തിനെ ഫോണിൽ വിളിച്ച്, സ്മിതയ്ക്ക് അസുഖമാണെന്നും പെട്ടെന്നു വരണമെന്നും അറിയിച്ചിരുന്നു. സുഹൃത്തും ഭർത്താവും വീട്ടിലെത്തിയപ്പോൾ സ്മിതയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മക്കളായ നീരജും നിരഞ്ജനും തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. കഴുത്തിൽ സാരിയോ കയറോ മുറുക്കി കൊലപ്പെടുത്തിയതാകാമെന്നാണു പൊലീസ് നിഗമനം.
ഒളിവിൽ പോയ സനീഷിനു വേണ്ടി പൊലീസ് തിരച്ചിൽ നടത്തവെയാണ്, കൊല്ലം നഗരത്തിൽ ഫാത്തിമാ മാതാ നാഷണൽ കോളജിനു സമീപത്തെ റെയിൽവേ ട്രാക്കിൽ ഇയാളുടെ മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
റോമിലെ ഐറിഷ് കോളേജിൽ നടന്നു എന്ന് പറഞ്ഞ് വ്യാജ ലൈംഗിക ആരോപണ വാർത്ത നൽകിയതിന് മുൻ സെമിനാരി വിദ്യാർത്ഥിയോട് മൂന്ന് ഐറിഷ് മാധ്യമങ്ങൾ മാപ്പു പറഞ്ഞു. കൊടുത്ത വാർത്ത തെറ്റായിരുവെന്നും, അത് പ്രസിദ്ധീകരിക്കാൻ പാടില്ലായിരുന്നുവെന്നും പറഞ്ഞാണ് ഔദ്യോഗികമായി തന്നെ ഐറിഷ് മാധ്യമങ്ങളായ ദി ഐറിഷ് എക്സാമിനറും, ദി ഐറിഷ് ടൈംസും, ദി എക്കോയും മാപ്പു പറഞ്ഞത്.
സ്വവർഗ്ഗ ലൈംഗിക ആരോപണം ഉന്നയിക്കപ്പെട്ട് കോണർ ഗനോൺ എന്ന സെമിനാരി വിദ്യാർത്ഥിയെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തതായി 2018 മെയ് മാസത്തിലാണ് പ്രസ്തുത പത്രങ്ങൾ വാർത്ത നൽകിയത്. സെമിനാരി വിദ്യാർത്ഥി മാധ്യമങ്ങൾക്കെതിരെ പിന്നീട് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. അപ്രകാരം ഒരു വാർത്ത നൽകിയതിന് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നുവെന്ന് മാധ്യമങ്ങൾ ഇപ്പോൾ പറയുന്നു. ഹൈക്കോടതി തീരുമാനപ്രകാരം കോണർ ഗനോണിന് നഷ്ടപരിഹാരം മാധ്യമങ്ങൾ നൽകേണ്ടിവരുമെന്ന് കരുതപ്പെടുന്നു.
വാർത്തയ്ക്ക് അടിസ്ഥാനമില്ല എന്ന് മനസ്സിലാക്കി ദി ഐറിഷ് എക്സാമിനറും, ദി എക്കോയും വാർത്ത ഉടനടി തന്നെ നീക്കം ചെയ്തിരുന്നെങ്കിലും ദി ഐറിഷ് ടൈംസ് കഴിഞ്ഞ ദിവസമാണ് വാർത്ത നീക്കം ചെയ്തതെന്ന് ഐറിഷ് കാത്തലിക് റിപ്പോർട്ട് ചെയ്തു. ആരോപണം ഉന്നയിക്കപ്പെട്ട രണ്ടു വ്യക്തികളിൽ ഒരാളുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തി ഐറിഷ് കാത്തലിക്കിനോട് പറഞ്ഞത് ലൈംഗിക ആരോപണം മൂലമല്ല മറിച്ച് സ്വന്തം തീരുമാനപ്രകാരമാണ് താൻ സെമിനാരി പഠനം ഉപേക്ഷിച്ചത് എന്നാണ്.
ധാക്ക: 25 വര്‍ഷം മുമ്പ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷൈഖ് ഹസീനയെ ആക്രമിച്ച കേസില്‍ ബിഎന്‍പി സഖ്യകക്ഷിയിലെ ഒമ്പത് പ്രവര്‍ത്തകരെ വധശിക്ഷയ്ക്ക് വിധിച്ചു. കുറ്റക്കാരായ മറ്റ് 25 പേര്‍ക്ക് തടവും വിധിച്ചു. 1994ല്‍ ഷൈഖ് ഹസീന പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കുമ്പോഴായിരുന്നു ആക്രമണം നടന്നത്.
1994 സെപ്തംബര്‍ 23ന് രാജ്യവ്യാപകമായി ഒരു ക്യാംപെയിന്‍ നടത്താനായി ട്രെയിനില്‍ പാബ്നാ പ്രദേശത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്. ഹസീന സഞ്ചരിച്ച ബോഗിക്ക് നേരെ ആക്രമണം നടക്കുകയായിരുന്നു. ബംഗ്ലാദേശി നാഷണലിസ്റ്റ് പാര്‍ട്ടി നേതാവായ ഖാലിദ സിയ പ്രധാനമന്ത്രി ആയ കാലത്തായിരുന്നു ആക്രമണം.
പാബ്ന കോടതിയാണ് ഒമ്പത് പേരെ വധശിക്ഷയ്ക്ക് വിധിച്ചത്. ട്രെയിന്‍ ആക്രമിച്ച 25 പേരെ തടവിനും വിധിച്ചു. മറ്റ് 13 പേരെ 10 വര്‍ഷത്തേക്കാണ് തടവിന് വിധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വെ പൊലീസ് അന്ന് 135 പേര്‍ക്കെതിരെയാണ് കേസെടുത്തത്. എന്നാല്‍ ബിഎന്‍പിയുടെ ഭരണത്തിന്‍ കീഴില്‍ അന്വേഷണം സ്തംഭിച്ചു.
എന്നാല്‍ അവാമി ലീഗ് ഭരണത്തില്‍ വന്നതോടെ 52 കുറ്റക്കാര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോടതി വിധിയില്‍ ആഹ്ലാദം രേഖപ്പെടുത്തി അവാമി ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
ബെംഗളൂരു: കർണാടകയിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 12 പേർ മരിച്ചു. 20 ഓളം പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരില്‍ രണ്ട് മലയാളികളും ഉണ്ട്. പെരുമ്പാവൂർ സ്വദേശി സിദ്ദീഖ് (50) ഭാര്യ റെജീന (48) എന്നിവരാണ് മരിച്ചത്.
ചിക്കബല്ലാപുര ജില്ലയിലെ മുരുഗമലയ്ക്ക് സമീപം ചിന്താമണിയിലാണ് അപകടമുണ്ടായത്. ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന മിനി വാന്‍ പിൻവശം മൂടി ആളുകളെ കൊണ്ടുപോകാൻ ഉപയോഗിക്കുകയായിരുന്നു. സ്വകാര്യ ബസുമായാണ് വാന്‍ കൂട്ടിയിടിച്ചത്.
മുരുഗമല്ലയിലെ ദർഗയിലേക്ക് തീർഥാടനത്തിന് പോയതായിരുന്നു സിദ്ദീഖും റെജീനയും. മുരുഗമല്ലയിൽ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന എസ്.കെ.എസ് ട്രാവൽസ് എന്ന സ്വകാര്യ ബസ്, ചിന്താമണിയിൽനിന്നും മുരുഗമല്ലയിലെ ദർഗയിലേക്ക് തീർഥാടനത്തിന് പോവുകയായിരുന്നവർ സഞ്ചരിച്ചിരുന്ന ടാറ്റ ഏയ്സ് മിനി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരുക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമാക്കിയതെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ അനുസരിച്ച് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇന്ത്യന്‍ ബജറ്റ് അവതരിപ്പിച്ച ഏക വനിതാ ധനകാര്യമന്ത്രി. 1970 ഫെബ്രുവരി 28നാണ് ഇന്ദിര കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. ഇനി മുതല്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിത ധനമന്ത്രിയാകും നിര്‍മല സീതാരാമന്‍.
നിര്‍മ്മലയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ വ്യത്യസ്തമാണ്. സാമ്പത്തിക സ്ഥിതി ഗണ്യമായി മാറി, മുന്‍ഗണനകള്‍ മാറി. തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഇപ്പോള്‍ പ്രതിബദ്ധതകളാണ്, വോട്ടര്‍മാരെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് സമ്പദ്വ്യവസ്ഥയെ തിരികെ കൊണ്ടുപോകുന്നതുവരെ ലക്ഷ്യം മാറി.
കേന്ദ്ര ബജറ്റിനെ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. പ്രളയാനന്തര പുനർനിർമാണത്തിന്‍റെ ഭാഗമായി വായ്പാ പരിധി ഉയർത്തണം എന്നതാണ് പ്രധാന ആവശ്യം. കർഷകരുടെ കടം എഴുതിത്തള്ളണം, റബ്ബറിന്‍റെ താങ്ങുവില ഉയർത്തണം, കേരളത്തിന് എയിംസ് അനുവദിക്കണം എന്നിവയും സംസ്ഥാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുമാന്ദ്യവും ഗൾഫിൽ നിന്നുള്ള പണം കേരളത്തിലെയ്ക്ക് എത്തുന്നത് കുറഞ്ഞതും സംസ്ഥാനത്തിന്‍റെ സമ്പത്ത്ഘടനയെ സാരമായി ബാധിച്ചു. ഒപ്പം പ്രളയം വിതച്ച ദുരിതവും. ഈ സാഹചര്യത്തിലാണ് പ്രളയ പുനർനിർമാണത്തിന്‍റെ ഭാഗമായി വായ്പാ പരിധി ഉയർത്തണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ സംസ്ഥാനം കേന്ദ്രത്തിന്‍റെ മുന്നിൽ വച്ചിരിക്കുന്നത്. നിലവിലെ മൂന്ന് ശതമാനം എന്ന വായ്പാ പരിധി നാലര ശതമാനമാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു.
കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, റബ്ബറിന്‍റെ താങ്ങുവില ഉയർത്തുക, കാർഷിക മേഖലയ്ക്ക് കൂടുതൽ വായ്പ അനുവദിക്കുക എന്നിവയാണ് കാർഷികമേഖലയിൽ സംസ്ഥാനം ആവശ്യപ്പെടുന്നത്. കോഴിക്കോട് 200 ഏക്കര്‍ സംസ്ഥാനം കണ്ടെത്തിയ സാഹചര്യത്തില്‍ ഇത്തവണയെങ്കിലും എയിംസ് അനുവദിക്കണം, നിപ്പ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് വൈറോളജി ലാബ് സ്ഥാപിക്കാന്‍ തുക അനുവദിക്കണം എന്നും സംസ്ഥാന നിവേദനത്തിൽ ഉൾപ്പെടുന്നു.
കോണ്‍ഗ്രസിനെ നയിക്കാനില്ലെന്ന് വ്യക്തമാക്കി രാജിക്കത്ത് പുറത്തുവിട്ട് രാഹുല്‍ഗാന്ധി. പ്രവര്‍ത്തകസമിതിയില്‍ രാജിപ്രഖ്യാപിച്ച് 39–ാം ദിവസമാണ് നേതാക്കളെ ഞെട്ടിച്ചുള്ള രാഹുലിന്റെ നീക്കം. തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ പല ഘട്ടങ്ങളിലും ഒറ്റയ്‍ക്കായിരുന്നുവെന്ന് നേതാക്കളെ ഉന്നംമിട്ട് രാഹുല്‍ രാജിക്കത്തില്‍ തുറന്നടിച്ചു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി സന്നദ്ധതയല്ല. രാജി തന്നെയെന്നു തീർത്തു പറഞ്ഞ് രാഹുൽ. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ രാജിസന്നദ്ധത അറിയിച്ച രാഹുൽ 39 ദിവസം പിന്നിടുമ്പോഴാണ് രാജി പ്രഖ്യാപിച്ചത്. തന്റെ ജീവരക്തം കോൺഗ്രസാണ്. പാർട്ടിയുടെ പുനർനിർമാണത്തിനു കടുത്ത തീരുമാനങ്ങൾ അനിവാര്യമാണെന്ന് ട്വിറ്ററിലൂടെ പുറത്തു വിട്ട രാജിക്കത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. പാർട്ടി അധ്യക്ഷ പദവിയിലേക്ക് താൻ ഒരാളെ നിർദേശിക്കില്ല. ഒട്ടും വൈകാതെ പാർട്ടി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണം.
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ തന്നെ തിരഞ്ഞെടുപ്പ് സമയത്ത് ഒറ്റക്ക് പോരാടിയതിൽ അഭിമാനിക്കുന്നുവെന്നു പറഞ്ഞ് നേതാക്കളെ പരോക്ഷമായി വിമർശിക്കുകയാണ് രാഹുൽ.
ബിജെപി എന്ന സംഘടനയോട് വിദ്വേഷമില്ല. പക്ഷേ അവരുടെ ആശയത്തോട് തന്റെ ശരീരത്തിലെ ഓരോ അണുവും പോരാടും. രാജ്യത്തെ ഭരണഘടന ആക്രമിക്കപ്പെടുന്നു. അതിനെതിരായ പോരാട്ടത്തിൽ നിന്ന് ഒരു ഇഞ്ച് പോലും പിന്നോട്ടില്ല. രാജിക്കത്ത് പുറത്തു വിട്ടതിനു പിന്നാലെ ട്വിറ്റർ പേജിൽ നിന്ന് കോൺഗ്രസ് അധ്യക്ഷൻ എന്നെഴുതിയത് രാഹുൽ നീക്കം ചെയ്തു.
പോർട്ടോ അലേഗ്രോ: കോപ്പ അമേരിക്കയുടെ രണ്ടാം സെമി ഫൈനലിൽ ചിലിയെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് പെറു ഫൈനലിൽ. എഡിസൺ ഫ്‌ലോറിസ്, യോഷിമർ യോടുൻ, പൗലോ ഗെറേറോ എന്നിവരാണ് പെറുവിനായി വിജയഗോളുകൾ നേടിയത്. കളി അധിക സമയത്തിലേക്ക് നീങ്ങിയപ്പോൾ പൗലോ ഗുറിയേരോ മൂന്നാം ഗോളും നേടി പെറുവിന്റെ ജയം ആധികാരികമാക്കി. ഫൈനലിൽ ബ്രസീലാണ് എതിരാളികൾ.
ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു പെറു. 21-ാം മിനിറ്റിൽ എഡിസൺ ഫ്‌ലോറിസാണ് ആദ്യം ഗോൾ വല കുലുക്കിയത്. പിന്നാലെ 38-ാം മിനിറ്റിൽ യോഷിമർ യോടുൻ ലീഡ് രണ്ടാക്കി ഉയർത്തി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ പൗലോ ഗെറേറോയുടെ വകയായിരുന്നു മൂന്നാം ഗോൾ. 1975ന് ശേഷം പെറു ഇതാദ്യമായാണ് ഫൈനലിൽ എത്തുന്നത്.
ന്യൂസീലൻഡിനെതിരെ തകർപ്പൻ വിജയവുമായി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ. 119 റൺസിനാണ് ഇംഗ്ലണ്ടിന്റെ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 305 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ ടോം ലാഥം ഒഴികെ ആർക്കും തിളങ്ങാനാകാതെ പോയതോടെ കിവീസ് 45 ഓവറിൽ 186 റൺസിന് ഓൾഔട്ടായി. ലാഥം 65 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 57 റൺസുമായി കിവീസിന്റെ ടോപ് സ്കോററായി. 1992നുശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കടക്കുന്നത്. മാത്രമല്ല, ന്യൂസീലൻഡിനെ ലോകകപ്പിൽ തോൽപ്പിക്കുന്നത് 1983നുശേഷം ആദ്യവും!
ഒൻപത് ഓവറിൽ 34 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മാർക്ക് വുഡാണ് ഇംഗ്ലണ്ട് ബോളർമാരിൽ കൂടുതൽ ശോഭിച്ചത്. തുടർച്ചയായ രണ്ടാം മൽസരത്തിലും തകർപ്പൻ സെഞ്ചുറിയുമായി ഇംഗ്ലണ്ട് ഇന്നിങ്സിന്റെ നട്ടെല്ലായ ജോണി ബെയർസ്റ്റോയാണ് കളിയിലെ കേമൻ. ഇതോടെ ഒൻപതു മൽസരങ്ങളിൽനിന്ന് 12 പോയിന്റുമായാണ് ഇംഗ്ലണ്ട് സെമിയിൽ സ്ഥാനമുറപ്പിക്കുന്ന മൂന്നാമത്തെ ടീമായത്. ഓസ്ട്രേലിയ, ഇന്ത്യ എന്നിവരാണ് മുൻപ് സെമിയിൽ കടന്നത്. തോറ്റെങ്കിലും ന്യൂസീലൻഡും ഏറെക്കുറെ സെമിയിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഇനി ന്യൂസീലൻഡ് പുറത്താകണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം. അതുണ്ടായില്ലെങ്കിൽ ഇക്കുറി ലോകകപ്പ് സെമി ലൈനപ്പിനുള്ള സാധ്യത ഇങ്ങനെ: ഓസ്ട്രേലിയ X ന്യൂസീലൻഡ്, ഇന്ത്യ X ഇംഗ്ലണ്ട്.
സ്കോർ ബോർഡിൽ രണ്ടു റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ ഹെൻറി നിക്കോൾസിന്റെ വിക്കറ്റ് നഷ്ടമാക്കിയ ന്യൂസീലൻഡിന് ശ്രദ്ധേയമായൊരു കൂട്ടുകെട്ടുപോലും തീർക്കാനായില്ല. നേരിട്ട ആദ്യ പന്തിൽത്തന്നെ ക്രിസ് വോക്സിനു വിക്കറ്റ് സമ്മാനിച്ചാണ് നിക്കോൾസ് മടങ്ങിയത്. മാർട്ടിൻ ഗപ്റ്റിൽ (16 പന്തിൽ എട്ട്), കെയ്ൻ വില്യംസൻ (40 പന്തിൽ 27), റോസ് ടെയ്‌ലർ (42 പന്തിൽ 28), ജിമ്മി നീഷാം (27 പന്തിൽ 19), കോളിൻ ഡി ഗ്രാൻഡ്ഹോം (മൂന്ന്), മിച്ചൽ സാന്റ്നർ (30 പന്തിൽ 12), മാറ്റ് ഹെൻറി (13 പന്തിൽ ഏഴ്), ട്രെന്റ് ബോൾട്ട് (ഏഴ് പന്തിൽ നാല്), ടിം സൗത്തി (16 പന്തിൽ പുറത്താകാതെ ഏഴ്) എന്നിങ്ങനെയാണ് മറ്റ് ന്യൂസീലൻഡ് താരങ്ങളുടെ പ്രകടനം.
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 305 റൺസെടുത്തത്. തുടർച്ചയായ രണ്ടാം മൽസരത്തിലും സെഞ്ചുറി നേടിയ ഓപ്പണർ ജോണി ബെയർസ്റ്റോയാണ് ഇംഗ്ലണ്ട് ഇന്നിങ്സിലെ താരം. 99 പന്തിൽനിന്ന് 15 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ബെയർസ്റ്റോ സെഞ്ചുറി കുറിച്ചത്. സഹ ഓപ്പണർ ജെയ്സൺ റോയി തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി നേടി.
ഇംഗ്ലിഷ് ഓപ്പണർമാരുടെ കടന്നാക്രമണത്തിൽ തുടക്കം കൈവിട്ടു പോയെങ്കിലും പിന്നീട് ശക്തമായി മൽസരത്തിലേക്കു തിരിച്ചുവന്ന ന്യൂസീലൻഡ് ബോളർമാർമാരുടെ മികവാണ് ഇംഗ്ലണ്ടിനെ 305ൽ തളച്ചത്. 30 ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 194 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ, അവസാന 20 ഓവറിൽ (120 പന്തിൽ) ഇംഗ്ലണ്ടിനു നേടാനായത് 111 റൺസ് മാത്രം. ഏഴു വിക്കറ്റും നഷ്ടമാക്കി.
ഓപ്പണിങ് വിക്കറ്റിൽ 123 റൺസ് കൂട്ടിച്ചേർത്ത ജെയ്സൺ റോയി – ജോണി ബെയർസ്റ്റോ സഖ്യം ഉജ്വല തുടക്കമാണ് ഇംഗ്ലണ്ടിനു സമ്മാനിച്ചത്. കഴിഞ്ഞ മൽസരത്തിൽ ഇന്ത്യയ്ക്കെതിരെ നിർത്തിയിടത്തുനിന്ന് ഇക്കുറി തുടക്കമിട്ട റോയി–ബെയർസ്റ്റോ സഖ്യം 18.4 ഓവറിലാണ് 123 റൺസെടുത്തത്. റോയി പുറത്തായശേഷം ജോ റൂട്ടിനെ കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റിലും ബെയർസ്റ്റോ അർധസെഞ്ചുറി കൂട്ടുകെട്ട് (71) തീർത്തു.
ഏകദിനത്തിലെ 12–ാമത്തെയും ഈ ലോകകപ്പിലെ രണ്ടാമത്തെയും സെഞ്ചുറി കുറിച്ച ബെയർസ്റ്റോ 99 പന്തിൽ 15 ബൗണ്ടറിയും ഒരു സിക്സും സഹിതം 106 റൺസെടുത്തു. റോയി 61 പന്തിൽ എട്ടു ബൗണ്ടറി സഹിതം 60 റൺസും നേടി. ഇവർക്കു ശേഷമെത്തിയവരിൽ കാര്യമായി തിളങ്ങാനായത് ക്യാപ്റ്റൻ ഒയിൻ മോർഗനു മാത്രം. മോർഗൻ 40 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 42 റൺസെടുത്തു. ജോ റൂട്ട് 25 പന്തിൽ ഒരു ബൗണ്ടറി സഹിതം 24 റൺസാണു നേടിയത്.
ജോസ് ബട്‍ലർ (12 പന്തിൽ 11), ബെൻ സ്റ്റോക്സ് (27 പന്തിൽ 11), ക്രിസ് വോക്സ് (11 പന്തിൽ നാല്), ആദിൽ റഷീദ് (12 പന്തിൽ 16) എന്നിങ്ങനയാണ് മറ്റു താരങ്ങളുടെ പ്രകടനം. ലിയാം പ്ലങ്കറ്റ് (12 പന്തിൽ 15), ജോഫ്ര ആർച്ചർ (ഒന്ന്) എന്നിവർ പുറത്താകാതെ നിന്നു. ന്യൂസീലൻഡിനായി ജിമ്മി നീഷാം 10 ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. മാറ്റ് ഹെൻറി, ട്രന്റ് ബോൾട്ട് എന്നിവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മിച്ചൽ സാന്റ്നർ, ടിം സൗത്തി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
ന്യൂസീലൻഡിനെ മറികടന്ന് പാക്കിസ്ഥാൻ സെമിയിൽ കടക്കണമെങ്കിൽ ഇനി അദ്ഭുതങ്ങൾ സംഭവിക്കണം. മൽസരത്തിൽ ആദ്യം ബാറ്റുചെയ്യുന്നത് ബംഗ്ലദേശാണെങ്കിൽ പാക്കിസ്ഥാന്റെ സാധ്യതകൾ പൂർണമായും അടയും. രണ്ടാമതു ബാറ്റിങ്ങിന് അവസരം ലഭിച്ചാൽ പാക്കിസ്ഥാന് മുന്നിലുള്ള വഴികൾ ഇങ്ങനെ:
ആദ്യം ബാറ്റു ചെയ്ത് 350 റൺസ് നേടുക, ബംഗ്ലദേശിനെ 311 റൺസിന് തോൽപ്പിക്കുക
ആദ്യം ബാറ്റു ചെയ്ത് 400 റൺസ് നേടുക, ബംഗ്ലദേശിനെ 316 റൺസിന് തോൽപ്പിക്കുക
ആദ്യം ബാറ്റു ചെയ്ത് 450 റൺസ് നേടുക, ബംഗ്ലദേശിനെ 321 റൺസിന് തോൽപ്പിക്കുക
Here’s how the #CWC19 table looks after today’s game 👀 pic.twitter.com/d0D6X6xdrd
— Cricket World Cup (@cricketworldcup) July 3, 2019
അമ്മയും കാമുകനും തമ്മിലുള്ള അവിഹിത ബന്ധത്തിനെതിരെ സംസാരിച്ചതാണ് നെടുമങ്ങാട്ട് പതിനാറുകാരി മീരയെ കൊലപ്പെടുത്താൻ കാരണമെന്ന് വെളിപ്പെടുത്തൽ. അമ്മ മഞ്ജുഷയുടെ അവിഹിതബന്ധത്തെ മീര സ്ഥിരം എതിര്‍ത്തിരുന്നു. സംഭവദിവസവും ഇതിനേച്ചൊല്ലി ബഹളമുണ്ടായപ്പോള്‍ മഞ്ജുഷ മകളെ അടിച്ച് കട്ടിലിലിട്ടു. തുടര്‍ന്ന് കൈകൊണ്ട് കഴുത്ത് ഞെരിച്ചു. ഇത് കണ്ടുനിന്ന അനീഷ് തുണികൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നുവെന്നും മഞ്ജുഷ മൊഴി നൽകി.
കൊലപാതകം നടന്ന വീട്ടിൽ തെളിവെടുപ്പിന് ഇരുവരെയും എത്തിച്ചു. തെളിവെടുപ്പിനിടെ മഞ്ജുഷയും കാമുകൻ അനീഷും കൊലപാതകരംഗം പൊലീസിനു വിശദീകരിച്ചു നൽകി. മകൾ മരിച്ചുവെന്ന് ഉറപ്പായതോടെയാണ് മൃതദേഹം പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കുന്നത്. മൃതദേഹം ബൈക്കില്‍ കയറ്റി അനീഷിന്റെ വീട്ടിെലത്തിച്ചു. രാത്രി ഒൻപതരയോടെ പിന്‍വശത്തെ കുറ്റിക്കാട്ടിലൂടെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുവന്നു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന വഴിയരികിലെ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു.
കിണറ്റിന്റെ അടുത്തെത്തിച്ചപ്പോൾ മീരയ്ക്ക് ഞരക്കം ഉള്ളതായി തോന്നിയിരുന്നു. എന്നാൽ ഉടന്‍ തന്നെ ശരീരത്തിൽ കല്ലും സിമന്റ് കട്ടയും കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് ഇവരുടെ മൊഴിയിൽ പറയുന്നു. രാത്രി തന്നെ മീരയെ കൊല്ലാൻ ഉപയോഗിച്ച ഷാളടക്കമുള്ളവയുമായി അവർ നാഗർകോവിലിലേക്ക് പോയെന്നും ഇരുവരും മൊഴി നൽകിയിട്ടുണ്ട്.
തെളിവെടുപ്പിലുടനീളം യാതൊരു കൂസലുമില്ലാതെയാണ് മഞ്ജുഷ സംസാരിച്ചത്. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ വൻ പ്രതിഷേധവും ഉയർന്നു. സ്ത്രീകളടക്കമുള്ളവർ മഞ്ജുഷയെ തല്ലാൻ പാഞ്ഞടുത്തു. പൊലീസ് വളരെ പണിപ്പെട്ടാണ് അവരെ തടഞ്ഞത്.
മലയാളം യുകെ ന്യൂസ് ബ്യുറോ
ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷത്തെതുടർന്ന് കേരളത്തിലെ വിദ്യാലങ്ങളിൽ വ്യാഴാഴ്ച വിദ്യാഭ്യാസ പഠിപ്പുമുടക്കം ആയിരിക്കും . എബിവിപി യുടെ സെക്രട്രിയേറ്റ് മാർച്ചിന് നേരെ നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വിദ്യാഭ്യാസ പഠിപ്പുമുടക്കമായിരുന്നു .
വിവിധ വിദ്യാർത്ഥി സംഘടനകളുടെ ശക്തി പ്രകടനത്തിൻെറ ഭാഗമായി പ്രഖ്യാപിക്കുന്ന വിദ്യാഭ്യാസ പഠി പ്പു മുടക്കുകൾ പഠന നിലവാരത്തെ ബാധിക്കുന്നതായി അധ്യാപകരും മാതാപിതാക്കളും അഭിപ്രായപ്പെട്ടു.പല സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ശനിയാഴ്ചകളിൽ ക്ലാസുകൾ നടത്തി സിലബസ്സുകൾ പൂർത്തീകരിക്കാറുള്ളത്കൊണ്ട് സർക്കാർ മേഖലയിൽ പഠിക്കുന്ന സാധാരണക്കാരായ വിദ്യാർഥികളെയാണ് വിദ്യാഭ്യാസ പഠിപ്പുമുടക്ക് ഏറ്റവും കൂടുതലായി ബാധിക്കുന്നത്.
പല വിദ്യാഭ്യാസ സ്‌ഥാപനങ്ങളും സമര ദിവസങ്ങളിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അവധി പ്രഖ്യാപിക്കാറാണ് പതിവ്.ഹർത്താലിൻെറ കാര്യത്തിൽ എന്നപോലെ വിദ്യാഭ്യാസ പഠിപ്പുമുടക്കുകളുടെ കാര്യത്തിലും കോടതിയുടെ ശക്തമായ ഇടപെടലാണ് വേണ്ടത്എന്നാണ് മാതാപിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായം.