ഹിന്ദു പെണ്‍കുട്ടിയുടെ ക്രിസ്ത്യന്‍ പേര് വിവാഹ രജിസ്‌ട്രേഷന് തടസം പറഞ്ഞ് ഗുരുവായൂര്‍ നഗരസഭ. ഓഗസ്റ്റ് 24 ന് ഗുരുവായൂര്‍ വച്ച് വിവാഹിതരായ ദമ്പതികള്‍ക്കാണ് ഗുരുവായൂര്‍ നഗരസഭയില്‍ നിന്ന് ഇത്തരമൊരു ദുരനുഭവം നേരിട്ടത്.

പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന അന്തരിച്ച കെ ജയചന്ദ്രന്റേയും അഭിഭാഷകയായ ആനന്ദ കനകത്തിന്റേയും മകളായ ക്രിസ്റ്റീനയുടെ പേരാണ് വിവാഹ രജിസ്‌ട്രേഷന്‍ വേളയില്‍ പൊല്ലാപ്പായത്. ക്രിസ്റ്റീന എമ്പ്രെസ്സ് എന്നാണ് വധുവിന്റെ മുഴുവന്‍ പേര്. ഹിന്ദു വിവാഹനിയമപ്രകാരം രജിസ്ട്രര്‍ ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു നഗരസഭ അധികൃതര്‍ പറഞ്ഞത്.

രജിസ്‌ട്രേഷന് വേണ്ട എല്ലാ രേഖകളുമായി എത്തിയിട്ടും ദമ്പതികളോട് വധു ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു അധികൃതര്‍. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഹിന്ദു എന്ന് അടയാളപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സ്വീകരിക്കാന്‍ നഗരസഭ രജിസ്‌ട്രേഷന്‍ വകുപ്പ് അധികൃതര്‍ തയ്യാറായില്ല. സാസ്‌കാരികപ്രവര്‍ത്തകനായ വേണു എടക്കഴിയൂരായിരുന്നു ഇവര്‍ക്ക് സാക്ഷിയായി എത്തിയത്.

മത നിരപേക്ഷമായി പ്രവര്‍ത്തിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാതി ചോദിക്കുന്നുവെന്ന പരാതിയുമായി വേണു എടക്കഴിയൂരാണ് സംഭവത്തെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിട്ടത്. നവോത്ഥന മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സര്‍ക്കാരിന് മാനക്കേടുണ്ടാക്കുന്ന കാര്യമാണ് ഇതെന്നന്നും, ഇത്തരം അസംബന്ധങ്ങളായ നിയമങ്ങള്‍ മാറ്റാന്‍ എന്തുകൊണ്ട് ഇടത് പക്ഷം ശ്രമിക്കുന്നില്ലെന്നും വേണു എടക്കഴിയൂര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അച്ഛന്‍: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍, അകാലത്തില്‍ അന്തരിച്ച കെ ജയചന്ദ്രന്‍; ‘അമ്മ: കോഴിക്കോട്ടെ അഭിഭാഷക ആനന്ദകനകം. മകളുടെ പേര്: ക്രിസ്റ്റീന എമ്പ്രെസ്സ്. വരന്‍: ദീപക് രാജ്. വിവാഹം നടന്നത് ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ ആഗസ്ത് 24, 2019. വിവാഹ സല്‍ക്കാരം: ഔട്ടര്‍ റിങ് റോഡിലെ ഗോകുലം ശബരിയില്‍; പിന്നെ കോഴിക്കോടും ഉണ്ടായിരുന്നു.

കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത് ഇന്ന് അവര്‍ ഗുരുവായൂര്‍ നഗരസഭയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വന്നപ്പോഴായിരുന്നു. ജയന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ഞാനായിരുന്നു സാക്ഷി. രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥന്‍ വധുവിന്റെ പേരില്‍ ഉടക്കി. ക്രിസ്റ്റീന എന്നത് ക്രിസ്ത്യന്‍ പേരാണ്; ഇത് ഹിന്ദു വിവാഹ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ പറ്റില്ല. അതല്ല, അങ്ങനെവേണമെങ്കില്‍ ക്രിസ്റ്റീന ഹിന്ദുവാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. രേഖകള്‍ അപ്പോള്‍ അവരുടെകയ്യില്‍ ഇല്ല. എസ് എസ് എല്‍ സി സെര്‍ട്ടിഫിക്കറ്റില്‍ ഹിന്ദു എന്ന് ചേര്‍ത്തിട്ടുണ്ട്; (അത് പാടില്ല എന്ന് ജയന്‍ വാശിപിടിച്ചിട്ടും സ്‌കൂള്‍ അധികാരികള്‍ അത് ചേര്‍ത്തുകയായിരുന്നു എന്ന് ആനന്ദകനകം) വിവരം കൗണ്‍സിലറും സുഹൃത്തുമായ സുരേഷ് വാര്യരോട് പറഞ്ഞുനോക്കി, അയാള്‍ സെക്ഷനിലെ ഒരാളുമായി സംസാരിക്കുകയും ചെയ്തു; നടന്നില്ല. പിന്നെ പലരോടും പറഞ്ഞുനോക്കി; ഒന്നും നടന്നില്ല, അവര്‍ തിരിച്ചു കോഴിക്കോട്ടേക്ക് പോയി.ഇനി മറ്റൊരു ദിവസം വരും.

മത നിരപേക്ഷമായി പ്രവര്‍ത്തിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാതി പറയുന്നു; പറയിപ്പിക്കുന്നു എന്നതാണ് ഇവിടുത്തെ കാതലായ പ്രശ്‌നം. നിങ്ങള്‍ ഹിന്ദുവാണെങ്കില്‍ ഹിന്ദുക്കളുടെ പേര് ഇടണം (അവ ഏതൊക്കെ എന്ന് പക്ഷെ ആര്‍ക്കും അറിയില്ല; പ്രത്യക്ഷത്തില്‍ ഹിന്ദു പേരാണ് എന്ന് ബോധ്യപ്പെട്ടാല്‍ മതി എന്നാണ് ഉദ്യോഗസ്ഥരുടെ ന്യായം!) അതാണ് റൂള്‍, അതില്‍ കടുകിട മാറ്റം വരുത്താന്‍ ആര്‍ക്കും ആകില്ല!

ഇത്തരം അസംബന്ധങ്ങളായ നിയമ ങ്ങള്‍ മാറ്റാന്‍ എന്തുകൊണ്ട് ഇടത് പക്ഷം ശ്രമിക്കുന്നില്ല? (പല ജനപ്രതിനിധികള്‍ക്കും ഒരു നിയമവും അറിയില്ല, അവര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് അപ്പാടെ ശരിവെക്കുന്നു; ജനകീയ ഭരണമാണ് എന്ന് പറയുന്നത് ഭംഗി വാക്ക് പറയലാണ്; നടക്കുന്നത് അന്തവും കുന്തവുമില്ലാത്ത ഉദ്യോഗസ്ഥരുടെ ഭരണമാണ്! വകുപ്പ് മന്ത്രിയുടെ ശ്രദ്ധ അടിയന്തിരമായി പതിയേണ്ട വിഷയമാണ് ഇത്. ദയവായി തദ്ദേശ സ്വായംഭരണ സ്ഥാപനങ്ങളെക്കൊണ്ട് ജാതി ചോദിപ്പിക്കരുത്; പറയിപ്പിക്കരുത്. നവോത്ഥന മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സര്‍ക്കാരിന് മാനക്കേടുണ്ടാക്കുന്ന കാര്യമാണ് ഇത്!
(ഇക്കാര്യം അറിഞ്ഞു രണ്ടു ലാര്‍ജ്ജ് വെള്ളം ചേര്‍ക്കാതെ അടിച്ചു ജയന്‍ ഇപ്പോള്‍ എവിടെയോ ഇരുന്ന് ചിരിക്കുന്നുണ്ടാകും!)