സംസ്ഥാന വ്യാപകമായി കെ എസ് യു നാളെ (23 /07/2019 ) പഠിപ്പുമുടക്കും. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മുന്നിൽ നടന്നുവരുന്ന നിരാഹാര സമര പന്തലിൽ പോലീസ് അതിക്രമിച്ചു കാടന്നതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.
ഈ അധ്യയന വർഷത്തിലെ നാലാമത്തെ പഠിപ്പുമുടക്കിലേയ്ക്കാണ് കേരളം നീങ്ങുന്നത് . കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മുന്നിൽ നടന്നുവരുന്ന നിരാഹാര സമരത്തോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചു 19/ 07/ 2019 -ൽ കെഎസ്യു പഠിപ്പുമുടക്കിയിരുന്നു . ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് കെഎസ്യു നടത്തിയ മാർച്ചിൽ സംഘർഷത്തെതുടർന്ന് കേരളത്തിലെ വിദ്യാലങ്ങളിൽ ജൂലൈ 4 – ന് വിദ്യാഭ്യാസ പഠിപ്പുമുടക്കം ആയിരിന്നു . എബിവിപി യുടെ സെക്രട്രിയേറ്റ് മാർച്ചിന് നേരെ നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ 2 -നും വിദ്യാഭ്യാസ പഠിപ്പുമുടക്കമായിരുന്നു .
ജൂലൈ മാസത്തിൽ തന്നെ 4 അധ്യയന ദിനങ്ങളാണ് കേരളത്തിൽ നഷ്ടമാകുന്നത് .
വിവിധ വിദ്യാർത്ഥി സംഘടനകളുടെ ശക്തി പ്രകടനത്തിൻെറ ഭാഗമായി പ്രഖ്യാപിക്കുന്ന വിദ്യാഭ്യാസ പഠി പ്പു മുടക്കുകൾ പഠന നിലവാരത്തെ ബാധിക്കുന്നതായി അധ്യാപകരും മാതാപിതാക്കളും അഭിപ്രായപ്പെട്ടു.പല സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശനിയാഴ്ചകളിൽ ക്ലാസുകൾ നടത്തി സിലബസ്സുകൾ പൂർത്തീകരിക്കാറുള്ളത്കൊണ്ട് സർക്കാർ മേഖലയിൽ പഠിക്കുന്ന സാധാരണക്കാരായ വിദ്യാർഥികളെയാണ് വിദ്യാഭ്യാസ പഠിപ്പുമുടക്ക് ഏറ്റവും കൂടുതലായി ബാധിക്കുന്നത്.

പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സമര ദിവസങ്ങളിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അവധി പ്രഖ്യാപിക്കാറാണ് പതിവ്.ഹർത്താലിൻെറ കാര്യത്തിൽ എന്നപോലെ വിദ്യാഭ്യാസ പഠിപ്പുമുടക്കുകളുടെ കാര്യത്തിലും കോടതിയുടെ ശക്തമായ ഇടപെടലാണ് വേണ്ടത്എന്നാണ് മാതാപിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായം.
ചന്ദ്രയാന്‍-2 ആദ്യഘട്ടം വിജയകരം. പേടകം ആദ്യഭ്രമണപഥത്തിലെത്തി. 181.616 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റുന്നു. ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്റെ രണ്ടാമത്തെ പതിപ്പ് ശ്രീഹരിക്കോട്ടയില്‍ നിന്ന് 2.43 നാണ് വിക്ഷേപിച്ചത്. ഓഗസ്റ്റ് 13ന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മാറ്റും.
ചാന്ദ്രയാൻ രണ്ടിനെ രാജ്യത്തിന്റെ ചരിത്ര കുതിപ്പെന്നാണ് ഐഎസ്ആര്‍ഒ ചെയര്മാന് ഡോക്ടര്‍ കെ.ശിവന് വിശേഷിപ്പിച്ചത്. റോക്കറ്റിന്റെ ശേഷി 15 ശതമാനം വര്‍ധിപ്പിക്കാന്‍ സാധിച്ചത് നേട്ടമെന്ന് അദ്ദേഹം വിശദീകരിച്ചു. ദൗത്യത്തില്‍ പങ്കാളികളായ എല്ലാവരെയും സല്യൂട്ട് ചെയ്യുന്നതായി ചെയര്മാന് പറഞ്ഞു.
ദൗത്യത്തെ പ്രശംസിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ഇന്ത്യക്കാര്‍ക്ക് അഭിമാന മുഹൂര്‍ത്തമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. ചന്ദ്രയാന്‍ രണ്ട് രാജ്യത്തിന് അഭിമാനകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്കിത് ചരിത്രമുഹൂര്‍ത്തമാണ് . തീര്‍ത്തും തദ്ദേശീയമായി രൂപം നല്കിയ പദ്ധതി രാജ്യത്തെ ശാസ്ത്രജ്ഞരുടെ പ്രാഗല്ഭ്യത്തിനും പ്രതിഭയ്ക്കും തെളിവാണ്. രാജ്യത്തിനായി ഐ.എസ്.ആര്.ഒയിലെ ശാസ്ത്രജ്ഞരെ വിളിച്ച് അഭിന്ദനമറിയിച്ചെന്നും മോദി ട്വിറ്ററില്‍ വ്യക്തമാക്കി. ചന്ദ്രയാന്‍ രണ്ട് ചന്ദ്രനെക്കുറിച്ചുളള അറിവ് വര്‍ധിപ്പിക്കും. രാജ്യത്തെ യുവാക്കള്‍ക്ക് ശാസ്ത്രാഭിമുഖ്യം വളര്‍ത്താനും ഗവേഷണത്തിനും കണ്ടുപിടുത്തത്തിനും പ്രചോദമാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഡല്‍ഹിയിലെ ഓഫിസില്‍ പ്രധാനമന്ത്രി ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം വീക്ഷിച്ചു.
ചന്ദ്രനില്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ചന്ദ്രയാന്‍ ഒന്നിന് കൃത്യം പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് രണ്ടാം ദൗത്യം.
ചന്ദ്രോപരിതലത്തില്‍ ഉപഗ്രഹങ്ങളും ഗവേഷണ യന്ത്രങ്ങളും ഇടിച്ചിറക്കുന്ന രീതിക്കു പകരം ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനു സമാനമായ രീതിയിലുള്ള സോഫ്റ്റ് ലാൻഡിങ്ങാണ് ചന്ദ്രയാന്‍ രണ്ടിന്റെ പ്രത്യേകത. റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ് ലോകത്ത് ഇതിനു മുന്‍പ് സോഫ്റ്റ് ലാന്റിങ് നടത്തിയിട്ടുള്ളത്.
ബർലിൻ∙ ജർമൻ ആരോഗ്യ മേഖലയിലെ നഴ്സുമാരുടെ ക്ഷാമം നികത്താൻ ജർമൻ ആരോഗ്യമന്ത്രി തന്നെ രംഗത്ത്. ജർമനിയിൽ ഇതിനകം നാൽപതിനായിരം നഴ്സുമാരുടെ ഒഴിവുകൾ നികത്താതെ കിടക്കുകയാണെന്നും വിദേശ നഴ്സുമാർക്കായി ജർമനി വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും മന്ത്രി മന്ത്രി യെൻസ് സഫാൻ മാധ്യമങ്ങളോട് പറഞ്ഞു.

ജർമൻ ഭാഷയിൽ ബി–2 ലെവൽ പാസ്സായ നഴ്സുമാർക്ക് ജർമനിയിൽ തൊഴിൽ ഉറപ്പാണ്. ഇതിനകം നൂറു കണക്കിന് മലയാളി നഴ്സുമാർ ജർമനിയിൽ എത്തികഴിഞ്ഞു.
ബെംഗ്ലൂരിലെ ജർമൻ കോൺസുലേറ്റിൽ വീസയും വർക്കിങ് പെർമിറ്റിനുംവേണ്ടി കുറഞ്ഞത് മൂന്ന് മാസത്തിലധികം കാത്തിരിപ്പാണ് ഉണ്ടാകുന്നതെന്ന് ഭരണകക്ഷിയിലെ ഒരു എംപി പാർലമെന്റിൽ ആക്ഷേപം ഉന്നയിച്ചു. എൻജിനീയറിങ്, നഴ്സിങ് മേഖലകളിലെ ഉദ്യോഗാർഥികളുടെ അപേക്ഷകൾ ഇവിടെ കെട്ടികിടക്കുകയാണെന്നും ഉടനടി പരിഹാരത്തിന് ജർമൻ വിദേശവകുപ്പും തൊഴിൽ വകുപ്പും ഇടപെടണമെന്നും എംപി ചാൻസർ മെർക്കലിനോട് ആവശ്യപ്പെടും.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എറണാകുളത്ത് മതിൽ ഇടിഞ്ഞുവീണ് ഒരാൾ മരിക്കുകയും കണ്ണൂരിൽ ജീപ്പ് ഒഴുക്കിൽപെട്ട് ഒരാളെ കാണാതാവുകയും ചെയ്തു.
കൊല്ലത്ത് വള്ളം തകർന്നു കടലിൽ കാണാതായ 3 മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം അഞ്ചുതെങ്ങിൽ കണ്ടെത്തി.
കിടങ്ങൂരിൽ കാവാലിപ്പുഴ ഭാഗത്തു നിന്നു മീനച്ചിലാറ്റിൽ കാണാതായ ചേർപ്പുങ്കൽ കളപ്പുരയ്ക്കൽ മനേഷിന്റെ (32) മൃതദേഹം പുന്നത്തുറ പള്ളിക്കര കടവിൽ കണ്ടെത്തി. ഓട്ടോ ഡ്രൈവറായിരുന്നു. സംസ്കാരം നടത്തി. കളപ്പുരയ്ക്കൽ സെബാസ്റ്റ്യന്റെ മകനാണ്. മാതാവ്: ശാന്ത. സഹോദരങ്ങൾ: മനു, മഞ്ജു.
എറണാകുളം എടവനക്കാട്ട് മതിൽ ഇടിഞ്ഞു വീണ് തമിഴ്നാട് ഡിണ്ടിഗൽ ആന്തൂർ സ്വദേശി തങ്കവേലുവാണ് (32) മരിച്ചത്. ഒരാൾക്കു പരുക്കേറ്റു.കണ്ണൂരിൽ ഇരിട്ടി മുച്യാട് മണിക്കടവ് ചപ്പാത്ത് പാലത്തിൽ നിന്നു ജീപ്പ് മറിഞ്ഞ് കാരിത്തടത്തിൽ കുര്യന്റെ മകൻ ലിതീഷിനെയാണ് (30) കാണാതായത്. ജീപ്പും കണ്ടെത്താനായില്ല.
കടലിൽ കാണാതായ കന്യാകുമാരി കൊല്ലങ്കോട് നീരോടി തോണി തുറൈ വിളാകം ജോണിന്റെ മകൻ സഹായരാജിന്റെ (32) മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.ഒപ്പമുണ്ടായിരുന്ന രാജു, ജോൺ ബോസ്കോ എന്നിവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല
ലൈംഗിക പീഡനപരാതിക്കെതിരെ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. യുവതിയുടെ പരാതിയിൽ മുംബൈ പൊലീസെടുത്ത പരാതി റദ്ദാക്കണമെന്നാണ് ആവശ്യം. 17ന് നൽകിയ ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.
കേസിൽ ജാമ്യത്തിലുള്ള ബിനോയ് കോടിയേരി ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനിരിക്കുകയാണ്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനിലെത്തണമെന്ന് നിർദേശമുണ്ടായിരുന്നു. അവർ ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്കായി രക്തസാംപിൾ നൽകണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇതിൽനിന്ന് ബിനോയ് പിന്മാറി.
തുടർന്ന് ഇന്ന് തീർച്ചയായും രക്തസാംപിൾ നൽകണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബിനോയ് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ വാഗ്ദാനം നൽകി ഒന്‍പതു വർഷം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് ബിഹാർ സ്വദേശിയായ യുവതി മുംബൈ പൊലീസിൽ പരാതി നൽകിയത്. ബന്ധത്തിൽ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയിൽ പറയുന്നു. 2009 മുതല്‍ 2015 വരെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി ഉപയോഗിച്ചു, വഞ്ചിച്ചു, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങളാണ് യുവതി ആരോപിച്ചിരിക്കുന്നത്. അന്ധേരി ഓഷിവാര പൊലീസ് എഫ്ആര്‍ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.
എന്നാൽ തന്നെ ബ്ലാക്മെയിൽ ചെയ്യാനുള്ള ശ്രമമാണെന്ന് ബിനോയ് ആരോപിച്ചിരുന്നു. പരാതിക്കാരിയായ യുവതിയെ അറിയാമെന്നും ആരോപണം വസ്തുതാവിരുദ്ധമാണെന്നും ബിനോയ് പറഞ്ഞു.
ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിൽ വണ്ടൂർ സ്വദേശിയായ അജ്മൽ സാദിഖിന്റെ കുടുംബം കടുത്ത ആശങ്കയിൽ. വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി കിടുകിടപ്പൻ അബ്ബാസിന്റെ മകൻ അജ്മൽ സാദിഖാണ് (27) ’ഗ്രേസ് വണ്‍’എന്ന കപ്പലിലുള്ളത്. കപ്പലിൽ ജൂണിയർ ഓഫീസറാണ് അജ്മൽ. ഒരാഴ്ചയ്ക്കിടെ നിരവധി തവണ കുടുംബാംഗങ്ങളുമായി ഫോണിൽ ബന്ധപ്പെട്ട അജ്മൽ, മലയാളികൾ ഉൾപ്പെടെയുള്ള ക്രൂ അംഗങ്ങൾ കപ്പലിൽ സുരക്ഷിതരാണെന്നും ബ്രിട്ടന്റെ കപ്പലിലുള്ള റോയൽ നാവിക ഉദ്യോഗസ്ഥർ അവരോടു മാന്യമായി പെരുമാറുന്നുവെന്നും സഹോദരനെ അറിയിച്ചിരുന്നു. കപ്പൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ശേഷം അജ്മൽ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്ന് അജ്മലിന്റെ സഹോദരൻ മുഹമ്മദ് ലത്തീഫ് പറഞ്ഞു.
കപ്പൽ പിടിച്ചെടുത്ത ഉടൻതന്നെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കപ്പൽ ജീവനക്കാരുടെ രേഖകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു. പിന്നീട് അവ തിരികെ നൽകി.കപ്പലിലെ തേർഡ് എൻജിനിയറായ മലയാളിയുടെ ഫോണ്‍സന്ദേശം. കാസർഗോഡ് ഉദുമ സ്വദേശി പ്രജിത് പുരുഷോത്തമനാണ് ഇന്നലെ മാതാപിതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടത്. യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കൊണ്ടുപോകുന്നതായി ആരോപിച്ചാണ് ഈ മാസം ആദ്യവാരം ബ്രിട്ടീഷ് തീരസേനയും ജിബ്രാൾട്ടർ പോലീസും ചേർന്നു കപ്പൽ പിടിച്ചെടുത്തത്. പ്രജിത് ഉൾപ്പെടെ മൂന്നു മലയാളികളാണ് കപ്പലിലുള്ളത്.
കഴിഞ്ഞ ദിവസം സ്റ്റെന ഇംപേറോ എന്ന ബ്രിട്ടീഷ് എണ്ണ കപ്പൽ, ഇറാൻ സേനാവിഭാഗമായ റവ ലൂഷണറി ഗാർഡ് പിടിച്ചെടുത്തതോടെരംഗം വഷളായി. ഇതോടെ അജ്മലിന്റെ കുടുംബവും നാട്ടുകാരും കടുത്ത ആശങ്കയിലാണ്. പ്രശ്നം തുടരുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് കപ്പൽ വിട്ടയയ്ക്കാനുള്ള നടപടികളുണ്ടാകണമെന്ന പ്രാർഥനയിലാണ് കുടുംബം. വണ്ടൂർ വിഎംസി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പഠനത്തിനു ശേഷം കോൽക്കത്തയിലാണ് അജ്മൽ എൻജിനിയറിംഗ് പഠിച്ചത്. കഴിഞ്ഞ മേയ് 13നാണ് ഇറാന്റെ ഗ്രേസ് വൺ കപ്പലിൽ ജോലിക്കു ചേർന്നത്. നാട്ടിലെ സാമൂഹിക, സാംസ്കാരിക, രാഷട്രീയരംഗങ്ങളിലെല്ലാം നിറസാന്നിധ്യമായ അജ്മലിന്റെ തിരിച്ചു വരവ് എത്രയും വേഗത്തിലാകണമെന്ന പ്രാർഥനയിലാണ് നാട്.
കാത്തിരിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ കഴിഞ്ഞ ദിവസം അമല പോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം ‘ആടൈ’ തിയേറ്ററുകളില്‍ എത്തി. രത്നകുമാര്‍ സംവിധാനം ചെയ്ത ചിത്രം അമല പോളിന്റെ അഭിനയ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. ‘കാമിനി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അമല അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ‘ആടൈ’യുടെ രണ്ട് മിനിറ്റ് 31 സെക്കന്റ് ദൈര്‍ഘ്യമുള്ള സ്നീക് പീക്ക് പുറത്തു വിട്ടിരിക്കുകയാണ് മൂവീ ബഫ്.
സ്നീക് പീക്കില്‍ വിവസ്ത്രയായി ശരീരം ഒരു കണ്ണാടി കൊണ്ട് മറച്ചിരിക്കുന്ന അമലയെയാണ് കാണാന്‍ കഴിയുക. താന്‍ എവിടെയാണെന്ന് അറിയാതെയോ മറ്റോ നടക്കുന്ന കഥപാത്രം. വീഡിയോയ്ക്ക് താഴെ ചിത്രത്തെ കുറിച്ച് നിരവധി കമന്റുകള്‍ വന്നിട്ടുണ്ട്. മികച്ച ചിത്രം എന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ടോയ്ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളിന്റെ ചിത്രമായിരുന്നു പോസ്റ്ററിൽ നിറഞ്ഞത്. അസ്വസ്ഥതയുണർത്തുന്ന പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ‘Arrogant, Audacious and Artistic’ എന്നീ വാക്കുകളും പോസ്റ്ററിൽ ഹൈലൈറ്റ് ചെയ്തിരുന്നു.സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ച സമയത്താണ് ആടൈ തന്നെ തേടി എത്തിയത് എന്ന് അമല പോൾ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
“സിനിമ വിടണമെന്ന് ആഗ്രഹിച്ചു തുടങ്ങിയപ്പോഴാണ് ‘ആടൈ’ തേടിയെത്തിയത്. നായികാപ്രാധാന്യമുള്ള തിരക്കഥകളാണെന്നും പറഞ്ഞ് നിരവധി സംവിധായകർ എന്നെ സമീപിച്ചിരുന്നു, പക്ഷേ ഒന്നും അത്ര രസകരമായി തോന്നിയില്ല. എന്നാൽ ധീരമായൊരു വിഷയവുമായി ‘ആടൈ’ വന്നപ്പോൾ ആ ചിത്രത്തിന്റെ കഥയുമായി ഞാൻ പ്രണയത്തിലായി. ഇതൊരു തമിഴ് ചിത്രമാണെന്ന് എനിക്ക് വിശ്വസിക്കാനായില്ല,” അമലയുടെ വാക്കുകൾ.
“പൂർണ്ണമായും ഒരു പരീക്ഷണമായിരുന്നു ‘ആടൈ’ എനിക്ക്. ഒരു നായികയും അത്തരമൊരു വേഷം ചെയ്യാൻ ധൈര്യപ്പെട്ടെന്നു വരില്ല,” ചിത്രത്തെ കുറിച്ച് അമല ഇന്ത്യൻ എക്സ്പ്രസ്സിനോട് പ്രതികരിച്ചു. രത്ന കുമാർ സംവിധാനം ചെയ്യുന്ന ‘ആടൈ’ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ട്രെയിലറിലെ വിവാദപരമായ രംഗവും ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. തന്റെ ടീമിനെയും ഷൂട്ടിംഗ് ക്രൂവിനെയും താൻ വിശ്വസിച്ചില്ലായിരുന്നെങ്കിൽ ആ സീനിൽ താൻ അഭിനയിക്കുകയില്ലായിരുന്നുവെന്നാണ് ചിത്രത്തിലെ രംഗത്തെ കുറിച്ച് അമല പറയുന്നത്. “എനിക്ക് ഒരേസമയം ടെൻഷനും അസ്വസ്ഥതയും തോന്നി. സെറ്റിൽ 15 ടെക്നീഷൻമാരോളം ഉണ്ടായിരുന്നു. ആളുകൾ നമ്മളെ തെറ്റിദ്ധരിച്ചാലും ‘ആടൈ’ ഒരു സത്യസന്ധമായ ശ്രമമാണ്,” അമല പറഞ്ഞു.
വിവേക് പ്രസന്ന, ബിജിലി രമേഷ് എന്നിവരാണ് മറ്റു താരങ്ങൾ. കാര്‍ത്തിക് കണ്ണന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന് പ്രദീപ് കുമാറാണ്.
ലോക സിനിമ മേഖലയെ തന്നെ ഞെട്ടിച്ചു കൊണ്ട് ഉയര്‍ന്നു വന്ന മീടൂ ക്യാംപെയിന് മലയാള സിനിമയില്‍ എത്തിയപ്പോള്‍ നടന് അലന്‍സിയറിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം ഏറെ അപ്രതീക്ഷിതമായിരുന്നു. അലന്‍സിയറില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി നടി ദിവ്യാ ഗോപിനാഥാണ് രംഗത്തെത്തിയത്. ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന വെബ്സൈറ്റില്‍ അലന്‍സിയറിനെതിരെ ആരോപണം ഉന്നയിച്ച് പേര് വെളിപ്പെടുത്താതെ ദിവ്യ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ആ ലേഖനം താനാണ് എഴുതിയതെന്ന് ഫെയ്സ്ബുക്ക് പേജില്‍ ലൈവായി ദിവ്യ അറിയിക്കുകയായിരുന്നു. ആദ്യം ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും പിന്നീട് ദിവ്യയോട് അലന്‍സിയര്‍ മാപ്പ് പറഞ്ഞു.
ഏറെ നാളുകള്‍ക്ക് ശേഷം താന്‍ അന്ന് കടന്നു പോയ മാനസികാവസ്ഥയെ കുറിച്ചും അനുഭവങ്ങളെ കുറിയ്യും മനസ് തുറക്കുകയാണ് അലന്‍സിയര്‍. സൗഹൃദം വെറും തേങ്ങയല്ല എന്ന് മനസിലാക്കിയത് ആ നാളുകളിലായിരുന്നു എന്ന് അലന്‍സിയര്‍ പറയുന്നു. ന്യൂസ് 18 ചാനലിന് നല്കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വാര്‍ത്ത അറിയുന്നത് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണെന്ന് അലന്‍സിയര്‍ പറയുന്നു. അന്ന് ബിജു മേനോന്, സന്ദീപ് സേനന് സുധി കോപ്പ തുടങ്ങിയവരൊക്കെ നല്കിയ പിന്തുണയും അവര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസവുമാണ് ഇപ്പോഴും താന്‍ ജീവിച്ചിരിക്കാന്‍ കാരണം എന്ന് അലന്‍സിയര്‍ പറയുന്നു. കൊമേഴ്സ്യല്‍ സിനിമാ മേഖലയില്‍ നിന്നും നിരവധി പേര് തന്നെയും തന്റെ കുടുംബത്തേയും വിളിച്ച് പിന്തുണ അറിയിച്ചിരുന്നു എന്നും അലന്‍സിയര്‍ വ്യക്തമാക്കുന്നു.
മൂന്ന് വര്‍ഷമായി മാത്രം തന്നെ അറിയാവുന്നവര്‍ കൂടെ നിന്നപ്പോള്‍ മുപ്പത് വര്‍ഷത്തെ പരിചയമുള്ളവര്‍ തള്ളിപ്പറയുകയാണ് ചെയ്തതെന്നും അത് ഏറെ മനപ്രയാസം ഉണ്ടാക്കിയെന്നും അലന്‍സിയര്‍ പറഞ്ഞു. ആ ദിവസങ്ങളില്‍ ബിജു മേനോന് ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ഒരു വീട്ടിലായിരുന്നു താന്‍ താമസിച്ചിരുന്നതെന്നും, മറിച്ച് ഹോട്ടലില്‍ ആയിരുന്നെങ്കില്‍ ജീവനോടെ ഉണ്ടാകില്ലായിരുന്നു എന്നും അലന്‍സിയര്‍ പറയുന്നു.
അലന്‍സിയറിനെതിരെ ആരോപണം ഉയര്‍ന്ന സമയത്ത് ദിവ്യയ്ക്ക് പിന്തുണയുമായി അലന്‍സിയറിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയവരില്‍ പ്രമുഖ തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും ഉണ്ടായിരുന്നു. മീടൂ ആരോപണം വന്നപ്പോള്‍ സന്ധി സംഭാഷണത്തിനായി അലന്‍സിയര്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ തനിക്കവിടെ സൗഹൃദം ആയിരുന്നില്ല വലുതെന്നുമായിരുന്നു ശ്യാം പുഷ്കരന്റെ പ്രതികരണം.
‘മീടൂ വളരെ സീരിയസ്സായി കാണേണ്ട ഒട്ടും തമാശയല്ലാത്ത ഒരു മൂവ്മെന്റാണ്. ഞങ്ങളുടെ ഒരു സുഹൃത്തായിരുന്നു അലന്‍സിയര്‍. അദ്ദേഹത്തിന്റെ കൂടെ രണ്ട് മൂന്ന് സിനിമകള്‍ ഞങ്ങള്‍ ചെയ്തിട്ടുണ്ട്. മീടൂ ആരോപണം വന്നപ്പോള്‍ അദ്ദേഹം വിളിച്ചു. സന്ധി സംഭാഷണത്തിന് വേണ്ടിയാണ് വിളിച്ചത്. അതിന് ഞങ്ങള്‍ മറുപടി പറഞ്ഞതിങ്ങനെയാണ്. അക്രമത്തിനിരയായ പെണ്‍കുട്ടിക്ക് ബോധ്യപ്പെടുന്ന ഒരു പരിഹാരമുണ്ടാകുന്നത് വരെ ഒരു സൗഹൃദസംഭാഷണത്തിനുമില്ല. സൗഹൃദം തേങ്ങയാണ്. ഹ്യൂമാനിറ്റിയാണ്, മനുഷ്യത്വമാണ് കാര്യം. വേറൊന്നുമില്ല,’ എന്നായിരുന്നു ശ്യാം അന്ന് പറഞ്ഞത്. എന്നാല്‍ സൗഹൃദം വെറും തേങ്ങയല്ല എന്ന് തിരിച്ചറിഞ്ഞത് ആ ദിവസങ്ങളില്‍ ആയിരുന്നു എന്നാണ് അലന്‍സിയര്‍ ഇപ്പോള്‍ പ്രതികരിക്കുന്നത്.
കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്ന് നടന്നേക്കും. വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് വോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എം.എല്‍.എമാരായ എച്ച്.നാഗേഷും ആര്.ശങ്കറുമാണ് ഹര്‍ജി നല്‍കിയത്. അതേസമയം കുമാരസ്വാമി സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ബിഎസ്പി എംഎൽഎ എൻ. മഹേഷിനു മായാവതി നിർദേശം നൽകി. സർക്കാർ നിലനിർത്താൻ പതിനെട്ടടവും പയറ്റുകയാണ് കോൺഗ്രസ് സഖ്യം. എന്നാൽ 107 പേർ പിന്തുണയുള്ള ബിജെപി, സർക്കാർ രൂപീകരിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.
11 മണിക്കാണ് നിയമസഭാ സമ്മേളനം. രാഷ്ട്രീയ നാടകങ്ങൾക്ക് വിരാമമിടാൻ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടന്നേക്കും എന്നാണ് വിലയിരുത്തൽ. നിലവിൽ 100 പേരുടെ പിന്തുണമാത്രമാണ് സഖ്യത്തിനുള്ളത് ബിജെപിക്കാകട്ടെ 107ഉം. രാമലിംഗറെഡ്ഢി ഒഴികെയുള്ള വിമതരെല്ലാം രാജിയിൽ ഉറച്ചു തന്നെയാണ്. വോട്ടെടുപ്പിന് മുന്നോടിയായി ഇന്നലെ രാത്രി ബിജെപിയും കോൺഗ്രസും നിയമസഭാകക്ഷി യോഗം ചേർന്നു. എംഎൽഎമാരെ താമസിപ്പിച്ചിരുന്ന റിസോർട്ടുകളിൽ തന്നെയാണ് യോഗം നടന്നത്. സഖ്യസർക്കാർ തകരില്ലെന്ന ആത്മവിശ്വാസമുണ്ടെന്നു കർണാടക പി സി സി അധ്യക്ഷൻ ദിനേശ് ഗുണ്ട്റാവു പ്രതികരിച്ചു.
അതേസമയം സ്വതന്ത്ര എംഎൽഎമാരായ എച്ച് നാഗേഷും ആർ ശങ്കറും ആണ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ഇന്ന് അഞ്ചു മണിക്ക് മുൻപ് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഇവരുടെ ആവശ്യം. സഖ്യത്തിനൊപ്പം ആയിരുന്ന ഇരുവരും നേരത്തെ പിന്തുണ പിൻവലിച്ച് ബിജെപിക്കൊപ്പം ചേർന്നിരുന്നു. ഹര്‍ജി ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തും. എം.എല്‍.എമാര്‍ക്ക് നല്കുന്ന വിപ്പിന്റെ കാര്യത്തില്‍ വ്യക്തത തേടി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും പി.സി.സി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവും നേരത്തെ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതേസമയം കുമാരസ്വാമി സർക്കാറിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ബി എസ് പി എം എൽ എ എൻ മഹേഷിന് മായാവതി നിർദ്ദേശം നൽകി.
നിയമസഭ യോഗത്തിന് എത്തുകയോ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുകയോ ചെയ്യില്ലെന്ന് മഹേഷ് വ്യക്തമാക്കിയിരുന്നു ഇതിനുപിന്നാലെയാണ് ട്വിറ്ററിലൂടെ മായാവതിയുടെ നിർദ്ദേശം. കഴിഞ്ഞ ദിവസങ്ങളിലും നിയമസഭാ സമ്മേളനത്തിൽ മഹേഷ് പങ്കെടുത്തിരുന്നില്ല. അതേസമയം വോട്ടെടുപ്പ് ഇനിയും നീണ്ടു പോയാൽ ഗവർണർ ശക്തമായ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നും സൂചനയുണ്ട്. ഇതിനോടകംതന്നെ കർണാടകയിലെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കി ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി കഴിഞ്ഞു.
ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ദുരിതം വിതച്ച പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 180 കടന്നു. പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ബിഹാറിലും അസമിലും മഴയ്ക്ക് നേരിയ ശമനമുണ്ട്. അസമില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ പതിനഞ്ച് പേര് കൂടി മരിച്ചു.
പ്രളയം കനത്ത നാശം വിതച്ച ബിഹാറിലും അസമിലും മഴ കുറഞ്ഞു. വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. അപകട സൂചികയും കടന്ന് കരകവിഞ്ഞ് ഒഴുകുന്ന ബ്രഹ്മപുത്ര അടക്കമുള്ള നദികളില്‍ ജലനിരപ്പ് നേരിയ തോതില്‍ നാഴ്ന്നു. മഴ കുറഞ്ഞത് ആശ്വാസമാകുമ്പോഴും മരണസംഖ്യ ഉയരുകയാണ്. അസമില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ പതിനഞ്ചു പേര് കൂടി മരിച്ചു.
ഇതോടെ അസമില്‍ മാത്രം മരിച്ചവരുടെ എണ്ണം 62 ആയി. ഒരു ലക്ഷത്തിന് മുപ്പതിനായിരം പേര് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാശിരംഗ ദേശീയോദ്യാനത്തില്‍ 101 മാനുകളും പന്ത്രണ്ടു കണ്ടാമൃഗവും ഒരു ആനയും അടക്കം 129 മൃഗങ്ങള്‍ ചത്തു. ദേശീയോദ്യാനത്തിന്റെ 90 ശതമാനവും ഇപ്പോഴും വെള്ളത്തിനിടയിലാണ്.
കനത്ത നാശം വിതച്ച ബിഹാറില്‍ മാത്രം മരിച്ചത് 97 പേരാണ്. അതേസമയം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ബിഹാര്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.