വയനാട്ടിലെ ദുരിതബാധിതരോട് കാര്യങ്ങള്‍ ചോദിച്ചറിയുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ പങ്കുവച്ച് കെ സി വേണുഗോപാല്‍. ദുരിതബാധിതരില്‍ ഒരാളോട് വീടിന് എത്ര നഷ്ടം ഉണ്ടായെന്നും കുട്ടികളെക്കുറിച്ചും രാഹുല്‍ ഗാന്ധി അന്വേഷിക്കുന്നുണ്ട്. തുടര്‍ന്ന് വിഷമിക്കേണ്ടെന്ന് പറയുന്നതും കാണാം.

മാമനുണ്ട്, വിഷമിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധിയെ ചൂണ്ടി കെ സി വേണുഗോപാല്‍ കുട്ടിയോട് പറയുന്നത് വീഡിയോയില്‍ കാണാം. ഇതാരാണ് എന്നറിയാമോ എന്ന വേണുഗോപാലിന്റെ ചോദ്യത്തിന് രാഹുല്‍ മാമന്‍ എന്ന് കുട്ടി മറുപടി നല്‍കുന്നതും വീഡിയോയില്‍ കാണം. പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് ഉമ്മ നല്‍കിയ ശേഷമാണ് രാഹുല്‍ അവിടെ നിന്നും പോകുന്നത്.

അതേസമയം, നിങ്ങളുടെ എംപിയെ നിങ്ങള്‍ക്ക് വിശ്വസിക്കാമെന്നും എംപിയായിട്ട് മാത്രമല്ല, വയനാട്ടുകാരുടെ സഹോദരനായും മകനായും താന്‍ ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. വയനാട് സന്ദര്‍ശനത്തിന് ശേഷം മുക്കത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന മല്‍സ്യത്തൊഴിലാളിള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, എന്നിവരേയും കേരളത്തിന്റെ കരുതലിന്റെ പ്രതതീകമായി മാറിയ നൗഷാദിനെയും ചടങ്ങില്‍ ആദരിച്ചു. ഒപ്പം കാസര്‍ക്കോട്ടെ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബത്തിന് കോഴിക്കോട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സ്വരൂപിച്ച 15 ലക്ഷം രൂപയും ചടങ്ങില്‍വച്ച് രാഹുല്‍ കൈമാറി. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍ മണ്ഡലങ്ങളിലെ ദുരിത ബാധിതരേയും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.