Latest News

ഇന്ത്യ– വിൻഡീസ് രണ്ടാം ട്വൻടി20 മത്സരത്തിനിടെ മുൻ ഇന്ത്യൻ താരങ്ങളായ സുനിൽ ഗവാസ്ക്കറും സഞ്ജയ് മഞ്ജരേക്കറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച ഇന്ത്യ–വിൻഡീസ് മത്സരത്തിനു തൊട്ടുമുൻപായിരുന്നു അപകടം. മത്സരത്തിനു മുൻപ് കമന്ററി ബോക്സിലേയ്ക്ക് കടക്കുന്നതിനു തൊട്ടുമുൻപ് ഗ്ലാസ് വാതിൽ തകർന്നു വീഴുകയായിരുന്നു. ലക്നൗ സ്റ്റേഡിയത്തിലെ കമന്ററി ബോക്സിലെ ഒരു ഗ്ലാസ് വാതിലിലൂടെ ഇരുവരും കടന്നു പോയതിനു തൊട്ടുപിന്നാലെ ഗ്ലാസ് വാതിൽ തകരുകയായിരുന്നു.ഭാഗ്യം കൊണ്ട് മാത്രമാണ് ഇരുവരും രക്ഷപ്പെട്ടത്. ഗ്ലാസ് വാതിൽ കാർഡ്സ് പാക്കറ്റ് പോലെ തകർന്നു വീഴുകയായിരുന്നുവെന്നായിരുന്നു മഞ്ജരേക്കരുടെ പ്രതികരണം.

മത്സരത്തിൽ ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വിൻഡീസിന് 20 ഓവറിൽ 124 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. തകർച്ചയോടെ തുടങ്ങിയ വിൻഡീസിന് പത്ത് ഓവറിൽ 68 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. 23 റൺസെടുത്ത ഡ്വെയ്ൻ ബ്രാവോയാണ് വിന്‍ഡീസിന്റെ ടോപ് സ്കോറർ. ഇന്ത്യക്കായി ഭുവനേശ്വർ കുമാറും ഖലീൽ അഹമ്മദും കുൽദീപ് ജാദവും ജസ്പ്രീത് ബൂംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മദ്യപിച്ച് ലക്ക് കെട്ട് യുവാവ് പതിനെട്ടോളം വാഹനങ്ങള്‍ക്ക് തീയിട്ടു. ഡല്‍ഹിയിലാണ് സംഭവം ഉണ്ടായത്. മദ്യലഹരിയില്‍ ലക്ക് കെട്ട് വാഹനങ്ങള്‍ ചുട്ട് നശിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഡല്‍ഹിയില്‍ മദന്‍ഗിരിലാണ് സംഭവം ഉണ്ടായത്. ഇന്ധന പൈപ്പ് തുറന്നശേഷം വാഹനങ്ങള്‍ യുവാവ് തീയിടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ഇന്ധനം ഒഴുകിയ എട്ട് മോട്ടര്‍ബൈക്കുകള്‍ യുവാവ് തീപ്പെട്ടി ഉപയോഗിച്ച് തീ കൊളുത്തി നശിപ്പിക്കുകയായിരുന്നു. ബൈക്കുകള്‍ക്കടുത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളിലും തീപടര്‍ന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എട്ട് ഇരുചക്ര വാഹനങ്ങളും രണ്ട് കാറും പൂര്‍ണമായും കത്തി നശിച്ചു. ആറ് മോട്ടോര്‍സൈക്കിളുകളും രണ്ട് കാറുകളും ഭാഗികമായി കത്തി നശിച്ചു

സ്വവര്‍ഗാനുരാഗികളായ മൂന്നുയുവാക്കള്‍ തമ്മിലുള്ള പ്രണയത്തെത്തുടര്‍ന്ന് കൊലപാതകം. ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലായ യുവാക്കള്‍ തമ്മില്‍ പ്രണയത്തില്‍ ആവുകയായിരുന്നു. ഇതില്‍ ഒരാളെ ഒഴിവാക്കാനായിരുന്നു മുംബൈയില്‍, അതിലൊരാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

ഇരുപത്തിയഞ്ച് വയസുള്ള എന്‍ജിനിയര്‍ പാര്‍ത്ഥ് റാവലിനെ തലയ്ക്ക് ഗുരുതരപരുക്കുകളോടെ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആദ്യം ബാദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാര്‍ത്ഥിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് ലീലാവതി ആശുപത്രിയിേലക്ക് മാറ്റി. എന്നാല്‍ പരുക്ക് വകവയ്ക്കാതെ ഇയാള്‍ മതിയായ ചികില്‍സ പോലും തേടാതെ ആശുപത്രി വിടുകയായിരുന്നു. വൈകുന്നേരത്തോടെ തലയിലേറ്റ പരുക്ക് പാര്‍ത്ഥിന്റെ ജീവനെടുക്കുകയായിരുന്നു.

മുഹമ്മദ് ആസിഫ് എന്ന യുവാവിനെ പാര്‍ത്ഥ് റാവലും, ധവാലും ഒരേ പോലെ പ്രണയിച്ചിരുന്നു. ഇതിനിടെ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് മുഹമ്മദ് ആസിഫ്, ധവാലുമായി പിരിഞ്ഞു. ഞായറാഴ്ച്ച ഹില്‍ റോഡിലുള്ള മുഹമ്മദ് ആസിഫിന്റെ ഫ്‌ളാറ്റിലെത്തിയ ധവാല്‍ അവിടെ കിടപ്പുമുറിയില്‍ വെച്ച് പാര്‍ത്ഥിനെ കണ്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ധവാല്‍ കയ്യില്‍ കിട്ടിയ മെഴുകുതിരി സ്റ്റാന്‍ഡ് ഉപയോഗിച്ച് പാര്‍ത്ഥിന്റെ തല അടിച്ചുപ്പൊട്ടിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ആസിഫ് പൊലീസില്‍ പരാതി നല്‍കി. പാര്‍ത്ഥിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ധവാല്‍ തന്നെയും ആക്രമിക്കാന്‍ ശ്രമിച്ചതായി ആസിഫ് പൊലീസിന് മൊഴി നല്‍കി.

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത് ആചാരലംഘനമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരര്. ആചാരപ്രകാരം തന്ത്രിക്കും മേല്‍ശാന്തിക്കും പന്തളം കൊട്ടാരപ്രതിനിധികള്‍ക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടി കയറാനാകൂവെന്നും തന്ത്രി പറഞ്ഞു. ഇരുമുടി കെട്ടില്ലാതെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടി കയറിയ സാഹചര്യത്തിലായിരുന്നു പ്രതികരണം. വത്സന്‍ തില്ലങ്കേരിക്ക് പിന്നാലെ ദേവസ്വം ബോര്‍ഡംഗം കെ പി ശങ്കര്‍ദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ആചാരലംഘനം നടന്നായി ബോധ്യപ്പെടുകയോ പരാതി വരികയോ ചെയ്താല്‍ പരിഹാര ക്രിയകള്‍ ചെയ്യുമെന്ന് തന്ത്രി അറിയിച്ചു. അതേസമയം ഏത് തരത്തിലുളള പരിഹാരക്രിയയാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല

എന്നാൽ പതിനെട്ടാം പടി കയറി വിവാദത്തില്‍പെട്ട ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഒടുവില്‍ കുറ്റം സമ്മതിച്ചു. തന്റെ ഭാഗത്തുനിന്ന് ആചാര ലംഘനമുണ്ടായെന്ന് വത്സന്‍ തില്ലങ്കേരി പറയുന്നു.valsan-thillankeriഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് അറിവില്ലായ്മ കാരണമാണ്. ഇത്തരം ഒരു സാഹചര്യം ഒഴിവാക്കുന്നതിന് സാധിക്കുമായിരുന്നു. താന്‍ ചെയ്ത തെറ്റിന് അയ്യപ്പന്‍ തന്നോട് ക്ഷമിക്കട്ടെയെന്നും തില്ലങ്കേരി പറഞ്ഞു.valsan-thillenkari പ്രതിഷേധങ്ങള്‍ ശക്തമായതോടെ സമരക്കാരെ അനുനയിപ്പിക്കാന്‍ വേണ്ടിയാണ് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കരി 18 ാം പടിയില്‍ കയറിയത്. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവരും ഇരുമുടി കെട്ട് ഇല്ലാതെ 18 ാം പടിയില്‍ കയറി.

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ മരണത്തിലേക്ക് തള്ളിയിട്ട ഡിവൈഎസ്പിക്കുവേണ്ടി ലുക്കൗട്ട് നോട്ടിസ് പോലും പുറപ്പെടുവിക്കാതെ പൊലീസ്. ഡിവൈഎസ്പി ഹരികുമാറിന് കീഴടങ്ങാന്‍ ഒരുദിവസം കൂടി നല്‍കും. അന്വേഷണവുമായി സഹകരിക്കണമെന്ന് ഹരികുമാറിനോടാവശ്യപ്പെടാന്‍ ബന്ധുക്കളോട് പൊലീസ് അഭ്യര്‍ഥിച്ചു. ഹരികുമാര്‍ സംസ്ഥാനം വിട്ടെന്ന് സൂചനയുണ്ട്. അറസ്റ്റ് വൈകിക്കാന്‍ പൊലീസ് ഓഫീസേഴ്സ് അസോസിയേഷനിലേയും സിപിഎം തിരുവനന്തപുരം ജില്ലാനേതൃത്വത്തിലേയും പ്രബലവിഭാഗങ്ങള്‍ രംഗത്തുണ്ട്.

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിന് മുന്നില്‍ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി ബി.ഹരികുമാറിനെ ഡി.വൈ.എസ്.പി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഇന്റലിജന്‍സ് മൂന്ന് തവണ നല്‍കിയ മുന്നറിയിപ്പും ഡി.ജി.പി ലോക്നാഥ് ബഹ്റ അവഗണിച്ചു. ഹരികുമാറിന്റ വഴിവിട്ട പോക്കിനെതിരെ ഇന്റലിന്‍ജന്‍സ് രണ്ടുതവണ സ്വന്തം നിലയ്ക്കും ഒരുതവണ ഡി.ജി.പി ആവശ്യപ്പെട്ടിട്ടുമാണ് റിപ്പോര്‍ട്ട് നല്‍കിയത്.

ഡി.വൈ.എസ്.പിയുടെ വഴിവിട്ട ഇടപാടുകള്‍ക്കെതിരെ പരാതി ഉയര്‍ന്നപ്പോഴായിരുന്നു ഇന്റലിജന്‍സിന്റ ഇടപെടല്‍. ആദ്യ റിപ്പോര്‍ട്ട് 2017 ജൂണ്‍ 22ന്. ഉള്ളടക്കം ഇങ്ങനെ. നെയ്യാറ്റിന്‍കരയില്‍ എസ്.െഎ ആയിരുന്ന കാലം മുതല്‍ കൊടുങ്ങാവിളയിലെ സ്വര്‍ണവ്യാപാരിയായ ബിനുവിന്റ വീട്ടില്‍ ഹരികുമാര്‍ നിത്യസന്ദര്‍ശകനാണ്. ഇരുവരും തമ്മിലുള്ള ബന്ധം ദുരൂഹതയുണ്ട്. നാട്ടുകാര്‍ക്കെല്ലാം ഇതറിയാം.

പൊലീസിനാകെ അവമതിപ്പ് ഉണ്ടാക്കുന്ന ഈ പോക്ക് അവസാനിപ്പിച്ചില്ലെങ്കില്‍ സ്ഥലത്ത് അക്രമമുണ്ടാകും. ഡി.വൈ.എസ്.പിയുടെ അവിഹിത ബന്ധങ്ങള്‍ ചൂണ്ടിക്കാണിച്ച് വി.എസ്.ഡി.പി പരാതി നല്‍കിയപ്പോഴായിരുന്നു ഇന്റലിജന്‍സിന്റ രണ്ടാമത്തെ മുന്നറിയിപ്പ്. 2018 ഏപ്രില്‍ മൂന്നിന്. ഇതിലും നടപടിയൊന്നുമുണ്ടായില്ല. പരാതികള്‍ വ്യാപകമായതോടെ ഡി.‍‍ജി.പി ലോക്നാഥ് ബഹ്റ തന്നെ നേരിട്ട് ഇന്റലിജന്‍സിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏപ്രില്‍ 25ന് ഇന്റലിജന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യം ഹരികുമാറിനെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും ഡി.വൈ.എസ് പി സ്ഥാനത്ത് നിന്ന് നീക്കണമെന്നുമായിരുന്നു.

മാസം ഏഴു കഴിഞ്ഞു. നടപടിയെടുത്തില്ലെന്ന് മാത്രമല്ല, ഭരണരംഗത്തുള്ളവര്‍ തന്നെ ഹരികുമാറിന്റ വഴിവിട്ടപോക്കിന് ചൂട്ടുപിടിച്ചു. എം.വിന്‍സെന്റ് എം.എല്‍.എയുടെ അറസ്റ്റിനുശേഷം സി.പി.എം പ്രാദേശിക നേതൃത്വത്തിനും ഹരികുമാര്‍ പ്രിയപ്പെട്ടവനായി. ഒടുവിലത് നിരപരാധിയുടെ ജീവനെടുത്തു. ആവര്‍ത്തിച്ചുള്ള ഇന്റലിജന്‍സ് മുന്നറിയിപ്പ് ഒരിക്കലെങ്കിലും ഡി.ജി.പി ലോക്നാഥ് ബഹ്റ ചെവിക്കൊണ്ടിരുന്നെങ്കില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടങ്ങിയ കുടുംബം അനാഥമാകുമായിരുന്നില്ല.

തിരുവനന്തപുരം: യുവാവിനെ വാഹനത്തിനു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎസ്പിയെ പിടികൂടാനായില്ല. പ്രതിയായ ബി.ഹരികുമാര്‍ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. ഇയാളുടെ ഫോണുകള്‍ ഓഫാണെന്നും തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിക്കുന്നു. എന്നാല്‍ ഒളിവില്‍ പോയ പ്രതിക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ല. കേസില്‍ പോലീസിന് മെല്ലെപ്പോക്ക് സമീപനമാണെന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു.

അന്വേഷണത്തോട് സഹകരിക്കണമെന്നും കീഴടങ്ങണമെന്നും ബന്ധുക്കള്‍ വഴി പ്രതിയെ പോലീസ് അറിയിച്ചിട്ടുണ്ട്. ഒരു ദിവസം കൂടി പ്രതിക്കു വേണ്ടി കാത്തിരിക്കാനാണ് തീരുമാനം. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. ഹരികുമാറിന് ഇടുക്കിയിലും തമിഴ്‌നാട്ടിലും വിപുലമായ ബന്ധങ്ങളുള്ളതായാണു വിവരം. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.

ഹരികുമാറിനെ കഴിഞ്ഞ ദിവസം തന്നെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇലക്ട്രീഷ്യനും പ്ലമറുമായ നെയ്യാറ്റിന്‍കരയ്ക്കു സമീപം കൊടങ്ങാവിള കാവുവിള കിടത്തലവിളാകം വീട്ടില്‍ എസ്. സനലാണ് മരിച്ചത്.

ആരാധകരുടെ ഇഷ്ടജോഡിയാണ് സൂര്യയും ജ്യോതികയും. താരങ്ങളുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകർക്ക് ആഘോഷമാണ്. വിവാഹശേഷം ജ്യോതിക സിനിമയിലേക്ക് മടങ്ങിയെത്തിയതും ആരാധകർ ആഘോഷിച്ചിരുന്നു.

ഇപ്പോഴിതാ സൂര്യയാണ് ആദ്യം പ്രണയാഭ്യർഥന നടത്തിയതെന്ന് തുറന്നുപറയുകയാണ് ജ്യോതിക. ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജ്യോതിക ആ രഹസ്യം തുറന്നു പറഞ്ഞത്. സൂര്യ പ്രപ്പോസ് ചെയ്തപ്പോള്‍ അധികം ആലോചിക്കേണ്ടി വന്നില്ലെന്നും അപ്പോള്‍ത്തന്നെ ഓകെ പറഞ്ഞെന്നുമാണ് ജ്യോതിക പറയുന്നത്.

വിവാഹമാണ് ഏറ്റവും വലിയ സന്തോഷമെന്നും ജ്യോതിക പറയുന്നു. ”എനിക്ക് ഷൂട്ടിങ് ഇഷ്ടമല്ല. പത്തു വർഷം ഞാനത് ചെയ്തു. എല്ലാ ദിവസം സെറ്റിൽ പോയി രാവിലെ മുതൽ വൈകുന്നേരം വരെ അവിടെ ചെലവഴിച്ചു. അവസാനം എനിക്കു തന്നെ മടുത്തു. താൽപര്യം നഷ്ടപ്പെട്ടു. പണം ഉണ്ടാക്കി. വിവാഹം വലിയ സന്തോഷമായിരുന്നു. സൂര്യ എന്നോട് വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ രണ്ടാമതു ആലോചിക്കാതെ ഞാൻ പെട്ടന്നു തന്നെ സമ്മതം മൂളി. വീട്ടുകാരും സമ്മതിച്ചു. അടുത്ത മാസം തന്നെ വിവാഹം നടത്താൻ ഞാൻ തയാറാകുകയായിരുന്നു. അധികം ആലോചന ഒന്നും വേണ്ടി വന്നില്ല. അത്രയ്ക്കും സന്തോഷമായിരുന്നു എനിക്ക്.

2006 സെപ്തംബർ 11നായിരുന്നു സൂര്യയും ജ്യോതികയും വിവാഹിതരായത്. ഏഴോളം സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ശേഷമാണ് ജീവിതത്തിലും ഇരുവരും ഒന്നിച്ചത്. പൂവെല്ലാം കേട്ടുപാർ, ഉയിരിലെ കലന്തത്, കാക്ക കാക്ക, മായാവി, ജൂൺ ആർ, സില്ലനു ഒരു കാതൽ എന്നിവയാണ് ഇരുവരുടെയും ചിത്രങ്ങൾ.

 

ഇരുമുടിക്കെട്ടില്ലാതെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി. ശങ്കരദാസും പതിനെട്ടാം പടി കയറിയതോടെ ആചാര ലംഘനമുണ്ടായി എന്നതരത്തിലുള്ള വിവാദം കൊഴുക്കുകയാണ്. അതേ സമയം പതിനെട്ടാം പടിയുടെ പേരില്‍ യേശുദാസും പെട്ടുപോയിരുന്നു. അയ്യപ്പനെ പാടിയുറക്കുന്ന യേശുദാസിന് ഈ ഗതിയെങ്കില്‍ ഇവരുടെ അവസ്ഥ എന്താകുമെന്ന് കാണാം. വത്സല്‍ തില്ലങ്കേരിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലെങ്കിലും കെ.പി. ശങ്കരദാസ് സത്യപ്രതിജ്ഞ ലംഘനത്തിന്റെ പേരില്‍ പെട്ടുപോകും.

ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറിയതിന് യേശുദാസിനെതിരെ 2018ലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ആചാരലംഘനം നടന്നുവെന്ന ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി സ്വമേധയാ കേസെടുത്തത്. ആചാരങ്ങളെക്കുറിച്ച് യേശുദാസിന് അറിവുണ്ടായിരുന്നില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

2017 ഓഗസ്റ്റ് 21നായിരുന്നു സംഭവം. പടിപൂജയ്ക്ക് ശേഷം മുന്‍മേല്‍ശാന്തിയായിരുന്ന ശങ്കരന്‍ നമ്പൂതിരിക്കൊപ്പമാണ് യേശുദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാന്‍ പാടില്ല എന്നതും പടിപൂജയ്ക്കുശേഷം ആറുപേര്‍ മാത്രമേ പതിനെട്ടാംപടി കയറാന്‍ പാടുള്ളൂ എന്നതും ലംഘിക്കപ്പെട്ടതായി ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ കോടതിയെ അറിയിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

തുടര്‍ന്ന് ദേവസ്വംബോര്‍ഡില്‍ നിന്നും കോടതി വിശദീകരണം ആവശ്യപ്പെട്ടു. ആചാരം ലംഘനം നടന്നു എന്ന് ദേവസ്വംബോര്‍ഡ് സമ്മതിച്ചു. എന്നാല്‍ ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് യേശുദാസിന് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്ന് വിശദീകരിക്കുകയും ചെയ്തു. മേലില്‍ ഇത്തരം ആചാരലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ നിലപാടെടുക്കുകയും ചെയ്തു.

യേശുദാസിന് ആചാരങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു എന്ന വാദം മുഖവിലയ്‌ക്കെടുത്താലും മുന്‍മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിക്ക് ഇതെല്ലാം അറിവുള്ളതല്ലേ എന്നു കോടതി ആരാഞ്ഞു. ആചാരലംഘനം തടയാന്‍ മതിയായ സംവിധാനങ്ങള്‍ അവിടെ ഏര്‍പ്പെടുത്തിയിരുന്നില്ല എന്നു നിരീക്ഷിച്ച ഹൈക്കോടതി ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം പരിഗണിച്ച് നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

നടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ പ്രതിയായ നടന്‍ ദിലീപ് വീണ്ടും വിദേശയാത്രക്ക് അനുമതി തേടി. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ജര്‍മ്മനിയില്‍ പോകാന്‍ വേണ്ടിയാണ് ദിലീപ് അനുമതി തേടിയത്. എന്നാല്‍ കേസിന്റെ വിചാരണ നീട്ടികൊണ്ടുപോകാനാണ് ദിലീപിന്റെ നീക്കമെന്നും അതിനാല്‍ അനുമതി നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അടുത്തമാസം 15 മുതല്‍ ജനുവരി 30 വരെ ജര്‍മനിയിലെ ഫ്രാങ്ക് ഫുര്‍ട്ടില്‍ പോവുന്നതിനാണ് ദിലീപ് അനുമതി തേടിയത്.

ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. കുറ്റപത്രം സമര്‍പ്പിച്ചു വിചാരണയ്ക്കു കാത്തിരിക്കുന്ന കേസ്, പ്രതിയുടെ വിദേശയാത്ര കാരണം വൈകാന്‍ ഇടവരുന്നതു കുറ്റകൃത്യത്തിന് ഇരയായ സ്ത്രീയോടുള്ള അവഹേളനവും നീതിനിഷേധവുമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ കുറ്റപത്രം നല്‍കി ഒരുവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. ദിലീപും മറ്റുപ്രതികളും നിരന്തരം വിചാരണ നീട്ടിവെയ്ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. നീതിനിര്‍വഹണം തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്.

ദിലീപിന്റെ വിദേശയാത്രയില്‍ ഒപ്പം കൊണ്ടുപോകുന്നവരുടെ വിവരങ്ങള്‍, ഇവരുടെ താമസം തുടങ്ങിയ കാര്യങ്ങള്‍ മറച്ചു വച്ചാണു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസിന്റെ പ്രധാന സാക്ഷികളില്‍ പലരും സിനിമാ രംഗത്തുള്ളവരാണെന്നും അതി കൊണ്ട് തന്നെ പ്രതികളുടെ ഇത്തരം യാത്രകള്‍ പ്രത്യേകം നിരീക്ഷിക്കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അതേസമയം കോടതിയുടെ ഏത് നിബന്ധനയും അംഗീകരിക്കാമെന്നും പാസ്‌പോര്‍ട്ട് വിട്ടുതരാനും വിസ സ്റ്റാംപ് ചെയ്യാനും അനുവദിക്കണമെന്നും ദിലീപ് കോടതിയെ അറിയച്ചത്. കേസ് നവംബര്‍ 9 തിന് കോടതി വീണ്ടും പരിഗണിക്കും.

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. കാറപകടത്തെക്കുറിച്ച് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദ്ധരടങ്ങിയ സംഘമായിരിക്കും തെളിവുകള്‍ ശേഖരിക്കുക. ആരാണ് വാഹനമോടിച്ചിരുന്നത്. ബാലഭാസ്‌കറും, ലക്ഷ്മിയും ഉള്‍പ്പെടെ കാറിന്റെ ഏത് ഭാഗത്താണ് ഇരുന്നത് തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താനാണ് പരിശോധന.

അപകടസമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്‌കറാണെന്നാണ് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍ മൊഴി നല്‍കിയത്. എന്നാല്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മൊഴിനല്‍കിയത് അര്‍ജ്ജുനാണ് കാറോടിച്ചിരുന്നതെന്നാണ്. മൊഴികളിലെ വൈരുദ്ധ്യമാണ് കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസിനെ പ്രേരിപ്പിച്ചിരിക്കുന്നത്. നേരത്തെ അപകട സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ മറ്റൊരാളും ബാലഭാസ്‌കറാണ് ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നതെന്ന് മൊഴി നല്‍കിയിരുന്നു.

അപകടസമയം ബാലഭാസ്‌കര്‍ കാറിന്റെ പിന്‍സീറ്റില്‍ ഉറക്കത്തിലായിരുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്. എന്നാല്‍ താന്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നുവെന്ന് അര്‍ജുന്റെ മൊഴിയില്‍ പറയുന്നു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. പി.അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോറന്‍സിക് വിദഗ്ദ്ധരും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണത്തില്‍ പോലീസിനൊപ്പമുണ്ടാകും. അപകടത്തില്‍ ബാലഭാസ്‌കറും രണ്ട് വയസുകാരിയായ മകള്‍ തേജസ്വിനി ബാലയും മരണപ്പെട്ടിരുന്നു.

RECENT POSTS
Copyright © . All rights reserved