കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായ എസ്.ഐ ഷിബു വീണ്ടും സര്‍വീസില്‍. പിരിച്ചുവിടാന്‍ നോട്ടിസ് നല്‍കിയശേഷമാണ് തിരിച്ചെടുത്തത്. ഷിബുവിന്റെ വിശദീകരണം പരിശോധിച്ചാണ് തീരുമാനം. ഷിബു കോട്ടയം ഗാന്ധിനഗര്‍ എസ്.ഐ ആയിരിക്കെയാണ് കെവിന്‍ കൊല്ലപ്പെട്ടത്. എസ്.ഐയെ തിരിച്ചെടുക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് കെവിന്റെ കുടുംബം. മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കെവിന്റെ പിതാവ് പറഞ്ഞു.
അതേസമയം, കെവിന്‍ വധക്കേസില്‍ അന്വേഷണ സംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ കോടതി പരിശോധിച്ചു. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളില്‍ നിന്ന് ശേഖരിച്ച വിരലടയാളങ്ങള്‍ ഉള്‍പ്പെടെയാണ് പരിശോധിച്ചത്. പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയ ഫോറന്‍സിക് വിദഗ്ദരും വിരലടയാള വിദഗ്ദരും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയ രണ്ട് കാറുകള്‍ക്ക് പുറമെ ഒന്നാം പ്രതി സഞ്ചരിച്ച കാറില്‍ നിന്നുമായി പതിനഞ്ച് വിരലടയാളങ്ങളാണ് ലഭിച്ചത്.
ഇവ പ്രതികളായ ഷിനു, റിയാസ്, ഷാനു ഷാജഹാന്‍, ഇഷാന്‍ എന്നിവരുടേതാണെന്ന് തുടര്‍ പരിശോധനയില്‍ സ്ഥിരീകരിച്ചതായി വിരലടയാള വിദഗ്ദനായ എസ്. സുജിത് മൊഴി നല്‍കി. അനീഷിനെ തട്ടിക്കൊണ്ടുപോയ കാറിന്റെ ഡ്രൈവര്‍ സീറ്റിന് പുറകില്‍ നിന്ന് രക്തകറയ്ക്ക് സമാനമായ അടയാളങ്ങള്‍ കണ്ടതായി ഫോറസിക് വിദഗ്ദ അനശ്വര ഐപി മൊഴി നല്‍കി. കൂടാതെ മൂന്ന് കാറുകളില്‍ നിന്ന് ശേഖരിച്ച മുടികളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇത് സാധൂകരിക്കുന്ന ഫോട്ടോകളും കോടതി പരിശോധിച്ചു.
ദൃശ്യങ്ങള്‍ പകര്‍ത്തിയ കൊല്ലത്തെ പൊലീസ് ഫോട്ടോഗ്രാഫറെയും ഇന്ന് വിസ്തരിച്ചു. കെവിന്‍ താമസിച്ചിരുന്ന മാന്നാനത്തെ വീട്ടില്‍ മാരാകായുധങ്ങള്‍ ഉപയോഗിച്ച്് അക്രമം നടത്തിയയാതി പരിശോധന നടത്തിയ ഫോറന്‍സിക് ഉദ്യോഗസ്ഥ മൊഴി നല്‍കി.
ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് 95 റണ്‍സ് ജയം. 360 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശ് 264 റണ്‍സിന് പുറത്തായി. ബംഗ്ലാ കടുവകളെ എറിഞ്ഞിട്ട ഇന്ത്യയ്ക്ക് ആത്മവിശ്വാസത്തോടെ ഇനി ലോകകപ്പിന് ഒരുങ്ങാം . 90 റണ്‍സെടുത്ത മുഷ്ഫിഖുറും 73 റണ്‍സെടുത്ത ലിറ്റന്‍ ദാസും പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ചാ സഖ്യത്തിന്റെ പ്രകടനം മല്‍സരത്തില്‍ നിര്‍ണായകമായി.
102 ന് നാലെന്ന നിലയില്‍ സമ്മര്‍ദത്തിലായിരുന്ന ഇന്ത്യയെ ധോണിയും രാഹുലും രക്ഷിച്ചു. 99 പന്തിൽ 108 റണ്‍സെടുത്ത രാഹുല്‍ കിട്ടിയ അവസരം മുതലാക്കി. 78 പന്തിൽ 113 റണ്‍സെടുത്ത് എം.എസ്.ധോണിയും കരുത്ത് കാട്ടി. ഏഴു സിക്സും എട്ട് ബൗണ്ടറിയും അടങ്ങുന്നതാണ് ധോണിയുടെ ഇന്നിങ്സ്. രാഹുൽ നാല് സിക്സും 12 ഫോറും അടിച്ചുകൂട്ടി. കോഹ്‌ലി 47 റണ്‍സെടുത്തു. ഓപ്പണിങ് നിര തുടര്‍ച്ചയായി രണ്ടാംമല്‍സരത്തിലും പരാജയപ്പെട്ടത് ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്.
മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡിസ് ന്യൂസീലന്‍ഡിനെ 91 റണ്‍സിന് തോല്‍പ്പിച്ചു. 421 റണ്‍സാണ് സ്കോര്‍ ചെയ്തത്. 101 റണ്‍സെടുത്ത ഷായ് ഹോപ്പും 54 റണ്‍സെടുത്ത റസലും 50 റണ്‍സെടുത്ത ലെവിസുമാണ് റണ്‍മല തീര്‍ത്തത്.
മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡിന്റെ പോരാട്ടം 330 റണ്‍സിന് അവസാനിച്ചു. 106 റണ്‍സെടുത്ത ടോംബ്ലണ്ടലിന്റേയും 85 റണ്‍സെടുത്ത വില്യംസണിന്റേയും പോരാട്ടം പാഴായി.
ദുബായ് ∙ പെരുന്നാൾ സമ്മാനമായി മലയാളി യുവാവിന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏകദേശം 7 കോടി രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം. കോട്ടയം കുറവിലങ്ങാട് പഞ്ചമിയിൽ രവീന്ദ്രൻ നായർ–രത്നമ്മ ദമ്പതികളുടെ മകൻ പി.ആർ.രതീഷ് കുമാറിനെയാണ് ഭാഗ്യം തലോടിയത്.
ദുബായ് ബിസിനസ് ബേയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ രതീഷ് കുമാർ കഴിഞ്ഞ രണ്ടു വർഷമായി തുടർച്ചയായി ഒറ്റയ്ക്ക് ഭാഗ്യം പരീക്ഷിക്കുന്നു. ഏപ്രിൽ രണ്ടിനാണ് സമ്മാനം നേടിയ കൂപ്പൺ വാങ്ങിയത്. ഇന്ന് രാവിലെ 11.15ന് ഓഫിസിലിരിക്കുമ്പോൾ സന്തോഷവാർത്തയുമായി ഡ്യൂട്ടി ഫ്രീ അധികൃതരുടെ ഫോൺ കോളെത്തി.
ആദ്യം കേട്ടപ്പോൾ അത്ര വിശ്വസിക്കാൻ തോന്നിയില്ല. ഭാഗ്യം സമ്മാനിച്ച കൂപ്പണിന്റെ നമ്പർ ഒത്തുവന്നപ്പോൾ ഉറപ്പിച്ചു. പിന്നീട്, സുഹൃത്ത് ഡ്യൂട്ടി ഫ്രീയുടെ ഫെയ്സ്ബുക് പേജ് പരിശോധിച്ചും നമ്പർ ഉറപ്പുവരുത്തിയതായി രതീഷ് കുമാർ പറഞ്ഞു. 10 വർഷമായി യുഎഇയിലുള്ള രതീഷ് കുമാർ കുടുംബസമേതമാണ് ഇവിടെ താമസം.സമ്മാനക്കാര്യം ഭാര്യ രമ്യയെ വിശ്വസിപ്പിക്കാൻ ഏറെ പാടുപെടേണ്ടി വന്നതായി രതീഷ് പറയുന്നു. കോടിപതിയായെങ്കിലും ഉടനെയൊന്നും പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നില്ല. സമ്മാനം ലഭിച്ചതിന്റെ ഞെട്ടൽ ഒന്നു മാറിക്കോട്ടെ, പണം എന്തൊക്കെ ചെയ്യണമെന്ന് എന്നിട്ട് ആസൂത്രണം ചെയ്യാം–രതീഷ് കുമാർ പറയുന്നു.
രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ മന്ത്രിമാരെ നിശ്ചിക്കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നു. പുതുമുഖങ്ങളും പ്രമുഖരും മന്ത്രിസഭയില്‍ ഇടംപിടിക്കും. ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്‍ഡിഎ നേതാക്കളില്‍ നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്. പുതിയ സര്‍ക്കാരിന് 100 ദിന പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ട്.
പുതിയ തുടക്കമെന്നാണ് പുതിയ സര്‍ക്കാരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിക്കുന്നത്. നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവരാണ് മന്ത്രിസഭാ രൂപീകരണത്തിനായുള്ള കൂടിയാലോചനകള്‍ നടത്തുന്നത്. ആര്‍.എസ്.എസിന്‍റെ താല്‍പര്യങ്ങളും പ്രാദേശിക പരിഗണനകളും കണക്കിലെടുക്കും. ലോക്സഭയില്‍ നിന്നായിരിക്കും ഇത്തവണ കൂടുതല്‍ മന്ത്രിമാര്‍. രാജ്യസഭയില്‍ അംഗങ്ങളായ പ്രമുഖമന്ത്രിമാര്‍ ലോക്സഭയിലേയ്ക്ക് ജയിച്ചുവെന്നതും ലോക്സഭയിലെ അംഗബലം കൂടിയെന്നതും ഇതിന് കാരണമാണ്. ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെച്ച ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഡല്‍ഹി എന്നിവയ്ക്ക് കാര്യമായ പരിഗണന കിട്ടും.
അമിത് ഷാ മന്ത്രിസഭയിലെത്തുമെന്നാണ് സൂചന. ആരോഗ്യം മോശമായതിനാല്‍ അരുണ്‍ ജയ്റ്റ്ലി വിട്ടുനിന്നേക്കും. ശിവസേന, ജെഡിയു, എല്‍ജെപി, ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ ഇടം കിട്ടും. രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവുമാണ് ശിവസേന പ്രതീക്ഷിക്കുന്നത്. ഒരു കാബിനറ്റ് മന്ത്രി സ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവുമാണ് ജെഡിയുവിന്‍റെ മോഹം. പിഎംഒ ഉദ്യോഗസ്ഥര്‍, നീതി ആയോഗ് അംഗങ്ങള്‍, പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശക സമിതി അംഗങ്ങള്‍ തുടങ്ങി സുപ്രധാന പദവികളുടെ കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും.
വ്യാഴാഴ്ച്ച വൈകീട്ട് ഏഴിന് നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ ബിംസ്ടെക് രാഷ്ട്രത്തലവന്മാെരയും കിര്‍ഗിസ് റിപ്പബ്ലിക് പ്രസിഡന്‍റിനെയും മൗറീഷ്യസ് പ്രധാനമന്ത്രിയെയും ക്ഷണിച്ചിട്ടുണ്ട്. പാക്കിസ്ഥാന് ക്ഷണമില്ല. നേരത്തെ നിശ്ചയിച്ച വിദേശ പര്യടനമുള്ളതിനാല്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സത്യപ്രതിജ്ഞയ്ക്ക് എത്തില്ല. പകരം ജൂണ്‍ 8 ന് ഹസീന നേരിട്ടെത്തി നരേന്ദ്ര മോദിയെ അഭിനന്ദനമറിയിക്കും.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അശ്ലീല കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കി നടി.
ഹാപ്പി വെഡ്ഡിങ്ങിലൂടെ മലയാള സിനിമയിലെത്തിയ നടി ദൃശ്യ രഘുനാഥ് പങ്കുവെച്ച ചിത്രത്തിന് താഴെ സദാചാരം പഠിപ്പിക്കാനെത്തിയിരിക്കുകയാണ് ഒരു കൂട്ടം ആള്‍ക്കാര്‍. എന്തിനാണ് പെങ്ങളെ സ്വയം നാണം കെടുന്നത് എന്ന ചോദ്യവുമായെത്തിയ ആള്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് ദൃശ്യ നല്‍കിയത്.
വേണ്ടതെല്ലാം മറച്ചിട്ടുണ്ട്. മുലകള്‍ സ്വാഭാവികമാണ്. അത് തനിക്ക് മുറിച്ച് കളയാന്‍ പറ്റില്ലെന്നുമായിരുന്നു ദൃശ്യയുടെ മറുപടി. ദൃശ്യയുടെ മറുപടിയെ അഭിനന്ദിച്ചും നിരവധി പേര്‍ കമന്‍റ് ചെയ്തിട്ടുണ്ട്.
ഹിമാലയത്തിലേക്ക് പോയ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി സൂരജ് രാജീവിന്റെ(36) ശരീരാവശിഷ്ടങ്ങള്‍ ആണ് ബദരീനാഥ് ക്ഷേത്രത്തിന്റെ മുകളില്‍ നാരായണപര്‍വതത്തിൽ നിന്നും കണ്ടെത്തിയത്. നാരായണപര്‍വതത്തിന് മുകളിലെ ഗുഹക്കരികില്‍നിന്ന് ഇദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങളും ജഢ, വള, വസ്ത്രം തുടങ്ങിയവയും കണ്ടെത്തിയതായി രണ്ടുദിവസം മുന്‍പാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. സംസ്‌കാരം തിങ്കളാഴ്ച ബദരീനാഥില്‍ അച്ഛന്‍ രാജീവിന്റെ സാന്നിധ്യത്തില്‍ നടന്നു.
എക്സൈസ് വകുപ്പില്‍ റിട്ട. സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ആത്മീയപ്രവര്‍ത്തകനുമായ അമ്പലപ്പുഴ പടിഞ്ഞാറേനട കൃഷ്ണനിലയത്തില്‍ ടിആര്‍ രാജീവിന്റെയും സുഷമാ രാജീവിന്റെയും മകനാണ്. കമ്പ്യൂട്ടർ എന്‍ജിനീയറിംഗ് പഠനത്തിനു ശേഷമാണ് ഇയാള്‍ ആത്മീയതയിലേയ്ക്ക് തിരിഞ്ഞത്.
അമേരിക്കയിലെ പഠനകാലത്താണ് സൂരജ് ഓണ്‍ലൈനിലൂടെ സന്ന്യാസമേഖലയിലെ നിരവധി പേരുമായി ബന്ധം സ്ഥാപിക്കുന്നത്. പഠനശേഷം ആത്മീയവഴി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സെപ്തംബറിലാണ് അവസാനമായി വീട്ടിലേക്ക് വിളിച്ച് ബദരീനാഥിലേക്ക് പോകുന്നതായി അറിയിച്ചത്.
നവംബറില്‍ ബദരീനാഥ് ക്ഷേത്രത്തില്‍ നടയടച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരും മലയിറങ്ങി. എന്നാല്‍, സൂരജ് നാരായണപര്‍വതത്തിലേക്ക് പോകുകയായിരുന്നു. ഈമാസം 10ന് ബദരീനാഥില്‍ നട തുറന്നപ്പോള്‍ സൂരജിനെ കാണാതായതോടെ മറ്റുള്ളവര്‍ അന്വേഷിച്ചു. അങ്ങനെയാണ് നാരായണപര്‍വതത്തിന് മുകളിലായി ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ജിദ്ദയിൽ നിന്ന് ന്യൂഡൽഹിയിലേയ്ക്കുള്ള സൗദി എയര്‍ലൈൻസ് വിമാനത്തിൽ എയർ ഹോസ്റ്റസിനോട് അശ്ലീല ചേഷ്ട കാണിച്ച് കോട്ടയം സ്വദേശിയായ യാത്രക്കാരൻ. വിമാനത്തിൽ പുകവലിച്ചത് തടഞ്ഞ ക്യാബിൻ ക്രൂ അംഗത്തോടാണ് കോട്ടയം സ്വദേശിയായ അബ്ദുള്‍ ഷാഹിദ് ഷംസുദ്ദീൻ എന്ന യുവാവ് അപമര്യാദയായി പെരുമറിയത്. വിമാനത്തിനുള്ളിൽ സിഗരറ്റ് കത്തിക്കാൻ തുടങ്ങുമ്പോള്‍ തടഞ്ഞ എയര്‍ഹോസ്റ്റസിനോട് ഇയാള്‍ അപമര്യാദയായി സംസാരിക്കുകയായിരുന്നു.
എന്നാൽ കൂടുതൽ സഹായത്തിനായി മറ്റു ജീവനക്കാരെ എയര്‍ഹോസ്റ്റസ് വിളിക്കാൻ തുടങ്ങുമ്പോള്‍ ഇയാള്‍ പാന്‍റിന്‍റെ സിബ്ബഴിക്കുകയും ലൈംഗിക ചേഷ്ട കാണിക്കുകയുമായിരുന്നുവെന്നാണ് വിവരം.
ഡൽഹി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തയുടൻ വിമാനത്തിലെ ക്രൂ സംഭവം എയര്‍പോര്‍ട്ട് ഓപ്പറേഷൻസ് കൺട്രോള്‍ സെന്‍ററിനെയും തുടര്‍ന്ന് സിഐഎസ്എഫിനെയും വിവരം അറിയിക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടുതൽ നിയമനടപടികള്‍ക്കായി ഡൽഹി പോലീസിന് കൈമാറി.
പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കാൻ കഴിയാത്ത സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിന്‍റെ ഇടപെടല്‍. കല്ലറ കോണ്‍ക്രീറ്റ് ചെയ്ത് മാനദണ്ഡങ്ങള്‍ പാലിച്ച ശേഷം മൃതദേഹം സംസ്കരിക്കാമെന്ന് ഇരു കക്ഷികളും സമ്മതിച്ചു. അഞ്ച് ദിവസത്തിനകം കല്ലറയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ആരോഗ്യവിഭാഗം പരിശോധന നടത്തും.
മെയ് 13-ന് മരിച്ച തുരുത്തിക്കര സ്വദേശിനി അന്നമ്മയുടെ മൃതദേഹമാണ് രണ്ടാഴ്ചയ്ക്ക് ശേഷം സംസ്കാരിക്കാന്‍ വഴിയൊരുങ്ങുന്നത്. ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട അന്നമ്മ മെയ് 13 നാണ് മരിച്ചത്. ഇടവകയിലെ ജെറുസലേം മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കാൻ അന്നമ്മയുടെ മൃതദേഹം എത്തിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. 80 വര്‍ഷം പഴക്കമുള്ള സെമിത്തേരി നാശാവസ്ഥയിലായതിനാല്‍ സംസ്കാരം നടത്തുമ്പോള്‍ മാലിന്യം പുറത്തേക്കെത്തുമെന്നായിരുന്നു നാട്ടുകാരുടെ പരാതി.
തര്‍ക്കത്തെ തുടര്‍ന്ന് മൃതദേഹം സംസ്കാരിക്കാന്‍ സാധിക്കാതെ വന്നതോടെ ബന്ധുക്കള്‍ അന്നമ്മയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നോ നാളെയോ തീരുമെന്ന് കരുതിയ പ്രശ്നത്തിന് പരിഹാരം കാണാതെ വന്നതോടെ ഇപ്പോഴും അന്നമ്മയുടെ മൃതദേഹം മോര്‍ച്ചറിയില്‍ കിടക്കുകയാണ്.
ഒടുവില്‍ പ്രശ്നം ശനിയാഴ്ച ജില്ലാ കളക്ടര്‍ക്ക് മുന്നിലെത്തിയതോടെയാണ് ഒത്തുതീര്‍പ്പിനുള്ള വഴി തെളിഞ്ഞത്. കല്ലറ കോണ്‍ക്രീറ്റ് ചെയ്ത് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ സംസ്കാരം നടത്തുന്നതില്‍ കുഴപ്പമില്ലെന്ന് ആരോഗ്യവിഭാഗം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ അറ്റകുറ്റപ്പണി വൈകാൻ സാധ്യതയുള്ളതിനാല്‍ രണ്ട് നിര്‍ദേശങ്ങള്‍ കളക്ടര്‍ മുന്നോട്ട് വച്ചു.ഇതേ ഇടവകയിലെ തൊട്ടടുത്ത ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്താം. അല്ലെങ്കില്‍ അറ്റകുറ്റപ്പണി നടത്തി തുരുത്തിക്കരപ്പള്ളിയില്‍ തന്നെ സംസ്കരിക്കാം.
രണ്ടാമത്തെ നിര്‍ദേശം അന്നമ്മയുടെ ബന്ധുക്കള്‍ അംഗീകരിച്ചു. ഇതോടെ പള്ളി അധികൃതര്‍ ഇന്നലെ അറ്റകുറ്റപ്പണി തുടങ്ങി. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ മാത്രമേ കല്ലറ തുറന്ന് അറ്റകുറ്റപ്പണി നടത്താവൂ എന്ന് കളക്ടറുടെ നിര്‍ദേശം പള്ളി അധികൃതര്‍ പാലിച്ചില്ല. തുടര്‍ന്ന് പൊലീസെത്തി അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവയ്പ്പിച്ചു. ഇന്ന് തഹസില്‍ദാരുടെയും പൊലീസിന്‍റെയും സാന്നിധ്യത്തില്‍ കല്ലറയില്‍ കോണ്‍ക്രീറ്റ് നടത്തും. കോണ്‍ക്രീറ്റ് കഴിഞ്ഞ് ഒരാഴ്ചയ്ക്കകം മൃതദേഹം സംസ്കരിക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചു.
അതേസമയം മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മൃതദേഹം സംസ്കരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കല്ലറ കോണ്‍ക്രീറ്റ് ചെയ്ത ശേഷം പിന്നെയും 14 ദിവസം വരെ കാത്തിരിക്കണമെന്ന് താൻ പറഞ്ഞെന്ന വാര്‍ത്ത തെറ്റാണെന്നും പരാതിക്കാരില്‍ ഒരാളായ രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2015-ല്‍ അന്നത്തെ കൊല്ലം കളക്ടര്‍ ഈ സെമിത്തേരിയില്‍ അറ്റകുറ്റപ്പണി ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നെങ്കിലും പള്ളി അധികൃതര്‍ ചെവിക്കൊണ്ടിരുന്നില്ല.
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ മരിച്ചതായി വ്യാജവാര്‍ത്ത. കാനഡയിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജയസൂര്യ ആശുപത്രിയില്‍ മരിച്ചതായാണ് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. വ്യാജപ്രചരണത്തിന് പിന്നാലെ വാര്‍ത്ത നിഷേധിച്ച് ജയസൂര്യ തന്നെ പിന്നീട് രംഗത്തെത്തി.
തന്റെ ആരോഗ്യത്തെ സംബന്ധിച്ച വ്യാജവാര്‍ത്തകള്‍ അവഗണിക്കണമെന്നും താനിപ്പോള്‍ ശ്രീലങ്കയിലാണുളളതെന്നും അടുത്തൊന്നും കാനഡ സന്ദര്‍ശിച്ചിട്ടില്ലയെന്നും ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുതെന്നുമാണ് ജയസൂര്യ ട്വിറ്ററില്‍ കുറിച്ചത്.
എന്നാല്‍ ജയസൂര്യ വാര്‍ത്ത നിഷേധിച്ചതറിയാതെ ഇന്ത്യന്‍ ക്രിക്കറ്റ് താരം അശ്വിന്‍ മരണവാര്‍ത്തയുടെ വാസ്തവം അന്വേഷിച്ച് ട്വീറ്റ് ചെയ്തു. ‘ജയസൂര്യ മരിച്ചെന്ന വാര്‍ത്ത ശരിയാണോ? എനിക്ക് വാട്സാപ്പില്‍ നിന്നാണ് വാര്‍ത്ത ലഭിച്ചത്. എന്നാല്‍ ട്വിറ്ററില്‍ ഇത് സംബന്ധിച്ച് ഒന്നും കാണാനില്ല’. തുടര്‍ന്ന് വ്യാജ പ്രചാരണങ്ങള്‍ ജയസൂര്യ നിഷേധിച്ചതായി നിരവധി ആരാധകര്‍ അശ്വിന് മറുപടി നല്‍കി.
വിവാഹം ഉറപ്പിച്ചിരുന്ന യുവതി കാമുകനൊപ്പം പോയതിനെ ചൊല്ലി ഇരുവരുടെയും കുടുംബാംഗങ്ങൾ പൊലീസ് സ്റ്റേഷൻ വളപ്പിൽ ഏറ്റുമുട്ടി. പിടിച്ചുമാറ്റാനെത്തിയ പോലീസ് ഉദ്യോഗസ്ഥനു പരിക്കേറ്റു. സിവില്‍ പോലീസ് ഓഫീസര്‍ സജാഹുദ്ദീനാണ് പരിക്കേറ്റത്. ഇയാള്‍ ആശുപത്രിയിലെത്തി ചികിത്സ തേടി.
സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെയും യുവതിയെയും ആക്രമിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തു. കൈയ്ക്കു പരുക്കേറ്റ സിവിൽ പൊലീസ് ഓഫിസർ സജാഹുദ്ദീൻ ചികിത്സ തേടി. അറസ്റ്റ് ചെയ്തവരിൽ യുവതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരനെ വിട്ടയച്ചു. ആറാട്ടുപുഴ സ്വദേശിയുമായുള്ള വിവാഹ റജിസ്ട്രേഷനായി തന്റെ വീട്ടിലുള്ള രേഖകൾ വാങ്ങിനൽകണമെന്ന് ആവശ്യപ്പെട്ടാണു പാനൂർ സ്വദേശിനി പൊലീസിനെ സമീപിച്ചത്. ഇതു പരിഹരിക്കാനാണു യുവതിയുടെ ബന്ധുക്കളെ പൊലീസ് വിളിച്ചുവരുത്തിയത്.
ഇരുവരുടെയും ബന്ധുക്കൾ സ്റ്റേഷനിൽ എത്തിയിരുന്നു. രേഖകൾ വീട്ടിലില്ലെന്നു പറഞ്ഞതോടെ ഇരുവിഭാഗത്തെയും രണ്ടു സമയത്തായി സ്റ്റേഷനിൽ നിന്നു പറഞ്ഞുവിട്ടു. എന്നാൽ സ്റ്റേഷന്റെ പരിസരത്തു കാത്തുനിന്ന യുവതിയുടെ ബന്ധുക്കൾ യുവതിയെയും മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.