Latest News

ന്യൂസ് ഡെസ്ക്. മലയാളം യുകെ

വ്രതശുദ്ധിയുടെ പുണ്യദിനങ്ങളാൽ അനുഗ്രഹിക്കപ്പെട്ട ഒരു മണ്ഡലകാലം കൂടി ആഗതമായിരിക്കുകയാണ്. കീത്ത്‌ലി മലയാളി ഹിന്ദു സമാജത്തിന്റ അയ്യപ്പ വിളക്ക് മഹോത്സവം 2025 ജനുവരി 2നു ഫെൽ ലൈൻ സ്കൗട്ട് ഹട്ടിൽ വച്ചു ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്.

മനസിൽ അയ്യപ്പ ചൈതന്യം നിറയ്ക്കാനും അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്തിന് പാത്രീഭൂതരാകുവാനും ജാതി മത ഭേദമന്യേ ഏവരേയും മഹോത്സവത്തിലേക്ക് സാദരം ക്ഷണിക്കുന്നു.

നിങ്ങൾ ഓരോരുത്തരുടെയും മഹനീയ സാന്നിദ്ധ്യവും സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതോടൊപ്പം പ്രാർത്ഥനയോടെ ഈ വർഷത്തെ മകരവിളക്ക് മഹോത്സവ പരിപാടികൾ ഭക്തിപുരസരം ഭക്തജനങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപെടുക.

അരുൺ : 07423135533
അവിനാഷ് : 07553807999
യദു : 07880110082

ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ Terminally Ill Adults (End of Life) ബില്ലിനെ പറ്റിയും, അത് മലയാളി നേഴ്സിംഗ് സമൂഹം എങ്ങനെ നോക്കി കാണുന്നു എന്നതിനെ കുറിച്ചും ലിവർപൂളിലെ മലയാളി സമൂഹം വളരെ വിശദമായി ചർച്ച നടത്തി . ബില്ലിലെ നിയമപരവും സാങ്കേതികകവു൦ ധാർമികവുമായ തലങ്ങളെ കുറിച്ച് വിഷയ൦ അവതരിപ്പിച്ചുകൊണ്ടു സംസാരിച്ച അഡ്വക്കേറ്റ് ഡൊമിനിക് കാർത്തികപ്പള്ളി വളരെ വിശദമായി വിശദീകരിച്ചു . ഈ ബിൽ വ്യക്തി സ്വാതന്ത്ര്യം എന്ന ജനാധിപത്യത്തിന്റെ ഉന്നതമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിൽ ബ്രിട്ടീഷ് പാർലമെന്റ് കാണിക്കുന്ന ഉത്സാഹം ലോകത്തിനു തന്നെ മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പിന്നീട് സംസാരിച്ച ശ്രീ തമ്പി ജോസ് ഇവിടുത്തെ മലയാളികളായ നേഴ്സിംഗ് സമൂഹം കൊലപാതകത്തിന് കൂട്ടുനിൽക്കേണ്ടിവരും എന്ന ആശങ്കകൾക്ക് ഒരു കാരണവും ഇല്ലെന്നും, ഈ നിയമത്തിൽ നേഴ്സിന് ഒരു റോളും ഇല്ലെന്നു നിയമം വിശദീകരിച്ചുകൊണ്ടു ചൂണ്ടിക്കാട്ടി, തുടർന്ന് സംസാരിച്ച ശ്രീ ബിജു ജോർജ് ഈ ബില്ല് ഈശ്വര വിശ്വാസവുമായി ഒരു വിരുദ്ധതയും ഇല്ലെന്നും, തിരഞ്ഞെടുക്കാനുള്ള അവകാശം മാത്രമാണ് ബില്ലിൽ ഉള്ളെതെന്നും അഭിപ്രായപ്പെട്ടു.

ബില്ലിനെപ്പറ്റി സമഗ്രമായ ചർച്ച 3 മണിക്കൂർ നീണ്ടുനിന്നു പങ്കെടുത്ത എല്ലാവർക്കും ധാരാളം അറിവിന്റെ മണിചെപ്പ് നിറക്കുന്ന പുതിയ നിരവധി വിവരങ്ങളാണ് ലഭിച്ചത് .. സ്വയം മരിക്കാനുള്ള അവകാശം തീരാ വേദനയിൽ കഴിയുന്നവർക്ക് അനുവദിക്കുന്ന ബില്ല് ആവശ്യം തന്നെയാണ് എന്നായിരുന്നു ബഹു ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. പ്രായമായവർ വീട്ടിൽ ഒരു ബാധ്യതയായി വരുമ്പോൾ അവരെ സ്വയം മരിക്കാൻ ഭയപ്പെടുത്തി സമ്മതിപ്പിക്കുമോ എന്ന് പലരും ചർച്ചയിൽ സംശയം ഉന്നയിച്ചു . അത്തരം വിഷയങ്ങൾ പരിഹരിക്കാൻ കഴിയുന്ന പഴുതകൾ അടച്ചുള്ള നിയമമായിരിക്കും നടപ്പിലാക്കുക എന്ന് ശ്രീ റോയ് മാത്യു അഭിപ്രായപ്പെട്ടു.

മത സംഘടനകൾ ഈ ബില്ലിനെതിരെ പ്രചരണം നടത്തിയിരുന്നത് ദൈവമാണ് ജീവൻ നൽകുന്നത് അതുകൊണ്ടു ദൈവത്തിനു മാത്രമാണ് ജീവൻ എടുക്കാൻ അവകാശമുള്ളൂ എന്ന വിശ്വാസത്തിൽ നിന്നാണ് അത് കാലഹരണപ്പെട്ട കാഴ്ചപ്പാടാണ് എന്നാണ് ചർച്ചയിൽ ഉയർന്നുവന്നത് . പങ്കെടുത്ത 13 പേർ ബില്ലിനെ അനുകൂലിക്കുകയും 3 പേർ എതിർക്കുകയും ചെയ്തു . ശ്രീ എൽദോസ് സണ്ണി സംവാദത്തിന്റെ അധ്യക്ഷനായിരുന്നു. ശ്രീ ജോയി അഗസ്തി സ്വാഗതം ആശ്വംസിച്ചു. ശ്രീ ടോം ജോസ് തടിയംപാട് പരിപാടിക്കു നന്ദി പ്രകാശിപ്പിച്ചു .

എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കെ, അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നെന്ന ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവന്നു. നവീനിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്നാണ് കുടുംബം വിശ്വസിക്കുന്നത്. ഇൻക്വസ്റ്റ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

ഒക്ടോബർ 15ന് രാവിലെ കണ്ണൂർ ടൗൺ പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് സംഭവത്തിൽ വഴിത്തിരിവാകാവുന്ന പരാമർശം. എന്നാൽ എഫ്.ഐ.ആറിലും ഹൈക്കോടതിയിൽ ഹാജരാക്കിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഇക്കാര്യമില്ല. ചാരനിറത്തിലുള്ള അടിവസ്ത്രമാണ് നവീൻ ധരിച്ചിരുന്നത്. തുടകൾ, കണങ്കാലുകൾ, പാദങ്ങൾ എന്നിവ സാധാരണനിലയിലാണെന്നും റിപ്പോർട്ടിലുണ്ട്. ഇൻക്വസ്റ്റ് നടക്കുമ്പോൾ ബന്ധുക്കൾ സ്ഥലത്തില്ലാത്തതിനാൽ മൊഴി രേഖപ്പെടുത്തിയില്ല. രാവിലെ 10.15ന് തുടങ്ങി 11.45നാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്.

പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ബന്ധുക്കൾ കണ്ണൂർ പൊലീസ് ഡെപ്യൂട്ടി കമ്മിഷണറെ വിളിച്ചപ്പോഴാണ് ഇൻക്വസ്റ്റ് കഴിഞ്ഞവിവരം അറിയുന്നത്. മൃതദേഹ പരിശോധന പരിയാരം മെഡിക്കൽ കോളേജിൽ നടത്തുന്നതിൽ വിയോജിപ്പുണ്ടെന്നും കോഴിക്കോട്ടേക്ക് മാറ്റണമെന്നും ബന്ധുക്കൾ കമ്മിഷണറോട് ആവശ്യപ്പെട്ടു. കളക്ടർ അരുണിനെ വിളിച്ചപ്പോൾ ഒന്നും പേടിക്കാനില്ലെന്നും പൊലീസ് സർജ്ജനാണ് നേതൃത്വം നൽകുന്നതെന്നുമാണ് ബന്ധുക്കളോട് പറഞ്ഞത്.

രക്തസാന്നിദ്ധ്യം എഫ്.ഐ.ആറിലോ പോസ്റ്റുമോർട്ടം റിപ്പോർട്ടിലോ പരാമർശിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് നവീൻ ബാബുവിന്റെ ബന്ധുക്കൾ പറഞ്ഞു. ഇൻക്വസ്റ്റ് റിപ്പോർട്ട് സർജ്ജന് പൊലീസ് നൽകിയില്ലെന്ന സംശയമുണ്ട്. ആന്തരികാവയവങ്ങൾക്ക് പരിക്കില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുമ്പോൾ പിന്നെങ്ങനെ അടിവസ്ത്രത്തിൽ രക്തക്കറ വരും. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഇൻക്വസ്റ്റ് റിപ്പോർട്ട് വായിച്ചു നോക്കിയില്ലേ. രക്തസ്രാവം ഉണ്ടായിട്ടുണ്ട്. അതിനർത്ഥം ഒരു മുറിവ് ശരീരത്തിൽ എവിടെയോ ഉണ്ടായിട്ടുണ്ടെന്നാണെന്നും ബന്ധുക്കൾ പറഞ്ഞു. അതേസമയം, തൂങ്ങിമരണം തന്നെയാണെന്നും രക്തംവരുന്നത് സ്വാഭാവികമാണെന്നുമാണ് പൊലീസ് വാദം.

വെറും 0.5 സെന്റിമീറ്റർ വ്യാസമുള്ള പ്ലാസ്റ്റിക് കയർ കഴുത്തിൽ കെട്ടിയാണ് അത്മഹത്യയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടോ എന്നും റിപ്പോർട്ടിൽ സൂചനയില്ല. അതേസമയം,​ നവീൻ ബാബുവിന്റെ ശരീരത്തിൽ പരിക്കുകളില്ലെന്ന് പറയുന്നു. തലയോട്ടിക്കോ വാരിയെല്ലുകൾക്കോ ക്ഷതമില്ല. ഇടത് ശ്വാസകോശത്തിന്റെ മുകൾഭാഗം നെഞ്ചിന്റെ ഭിത്തയോട് ചേർന്ന നിലയിലാണ്. പേശികൾ,​ പ്രധാന രക്തക്കുഴലുകൾ,​ തരുണാസ്ഥി, കശേരുക്കൾ,​ സുഷുമ്നാ നാഡി എന്നിവയ്ക്കും പരിക്കില്ല. നാവ് കടിച്ചിരുന്നു. ശരീരം അഴുകിയതിന്റെ ലക്ഷണങ്ങളില്ല.

അധികാരം നഷ്ടപ്പെട്ട് സിറിയ വിട്ട ബാഷര്‍ അല്‍ അസദും കുടുംബവും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ എത്തിയതായി റിപ്പോര്‍ട്ട്. അസദിനും കുടുംബത്തിനും മോസ്‌കോ അഭയം നല്‍കിയതായി റഷ്യന്‍ സ്‌റ്റേറ്റ് മീഡിയയാണ് റിപ്പോര്‍ട്ട് ചെയ്തത്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ് വിമത സംഘമായ ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്.) പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അസദ് രാജ്യംവിട്ടത്.

മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് റഷ്യ അഭയം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറിയയുടെ നിയന്ത്രണം പൂര്‍ണതോതില്‍ വിമതരുടെ കൈയിലാവുന്നതിന് മുന്‍പ് അസദ് ഐ.എല്‍.-76 എയര്‍ക്രാഫ്റ്റില്‍ രക്ഷപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 3,650 മീറ്ററിലധികം ഉയരത്തില്‍ സഞ്ചരിച്ച വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായിരുന്നു.

തുടക്കത്തില്‍ അസദിന്റെ ശക്തികേന്ദ്രമായ സിറിയയുടെ തീരപ്രദേശത്തേക്കാണ് വിമാനം പറന്നിരുന്നത്. എന്നാല്‍ പെട്ടെന്ന് ഒരു യുടേണ്‍ എടുത്ത് എതിര്‍ദിശയിലേക്ക് പറന്നു. ഇതിനിടെ റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമാവുകയും ചെയ്തു. വിമാനത്തിന്റെ പെട്ടെന്നുള്ള തിരിച്ചിലും റഡാറില്‍നിന്നുള്ള അപ്രത്യക്ഷമാവലും വെടിവെച്ചിട്ടതാവാമെന്ന വിലയിരുത്തലിലേക്കും നയിച്ചിരുന്നു.

നവംബര്‍ 27-നാണ് സിറിയയില്‍ സര്‍ക്കാര്‍ വിരുദ്ധ ആക്രമണം തുടങ്ങിയത്. 11 ദിവസം പിന്നിടുമ്പോഴാണ് അസദ് രാജ്യംവിടുന്നത്. അസദിനെ അട്ടിമറിച്ചെന്ന് ഞായറാഴ്ച ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് വിമതര്‍ അറിയിച്ചത്. അസദ് കുടുംബം നേതൃത്വം നല്‍കുന്ന ബാത്ത് പാര്‍ട്ടിയാണ് അര നൂറ്റാണ്ടിലധികമായി സിറിയ ഭരിക്കുന്നത്.

മുനമ്പം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഭിപ്രായത്തെ തളളി മുസ്ലീം ലീ​ഗ് നേതാവ് കെ.എം ഷാജി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും വി.ഡി സതീശന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കെ.എം ഷാജി പറഞ്ഞു.

പെരുവള്ളൂര്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് കെ.എം ഷാജി തന്റെ നിലപാട് തുറന്ന് പറഞ്ഞത്.

മുനമ്പം വിഷയം വലിയ പ്രശ്‌നമാണ്. നിങ്ങള്‍ വിചാരിക്കുന്ന പോലെ നിസ്സാരമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞു, അത് വഖഫ് ഭൂമിയല്ലെന്ന്. മുസ്ലീം ലീഗിന് അങ്ങനെ ഒരു അഭിപ്രായം ഇല്ല. അത് വഖഫ് ഭൂമിയല്ലെന്ന് പറനായാകില്ല. ഫാറൂഖ് കോളേജിന്റെ അധികൃതര്‍ പറയുന്നത് അത് വഖഫ് ഭൂമിയല്ലെന്നാണ്. അങ്ങനെ പറയാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്. വഖഫ് ചെയ്യപ്പെട്ട ഭൂമി ആരാണ് അവര്‍ക്ക് വിട്ടുകൊടുത്തത്. ആരാണ് അതിന് രേഖയുണ്ടാക്കിയത്. അവരെ പിടിക്കേണ്ടത് മുസ്ലീംലീഗാണോ? ഭരണകൂടമല്ലേ ചെയ്യേണ്ടത്-കെ.എം ഷാജി പറഞ്ഞു.

ന്യൂയോർക്ക് : പ്രീമിയസ് അമേരിക്കൻ ഗ്ലോബൽ അച്ചീവ്‌മെൻ്റ് അവാർഡിൽ ആദ്യമായി ഇന്ത്യയിൽ നിന്നും അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ് അതും ഒരു മലയാളി ബെസ്റ്റ് അച്ചീവ്മെൻറ് അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത് ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് പള്ളിപ്പാട് ഉഷ രാജൻ ദമ്പതികളുടെ മകൻ അരുൺ രാജ് ആണ് ഈ അഭിമാന നേട്ടം കരസ്ഥമാക്കിയിരിക്കുന്നത് .

ഒരുപാട് കഷ്ടതകളുടെ പടപൊരുതി വിജയിച്ച് സമൂഹത്തിന് മാതൃകയായ വ്യക്തിക്കാണ് ഈ അവാർഡ് നൽകുന്നത് . തൻറെ സ്വപ്നങ്ങൾക്ക് വേണ്ടി ഒരുപാട് അനുഭവ സമ്പത്ത് നേടുകയും കൂടാതെ ഇപ്പോഴത്തെ തലമുറയ്ക്ക് മാതൃകയാക്കുകയും ചെയ്യുകയും ചെയ്ത അരുൺരാജ് ചലച്ചിത്ര സംവിധായകനും ഛായാഗ്രഹനും കൂടിയാണ് . ഇന്ത്യക്കും മലയാളികൾക്കും അഭിമാനമായ ഈ നേട്ടം വരും തലമുറയ്ക്കും ഒരു പ്രചോദനമാണ്.

ഫാ. ഹാപ്പി ജേക്കബ്ബ്

അലങ്കാരങ്ങളും, അലങ്കരിക്കപ്പെട്ട മരങ്ങളും പൊതിയപ്പെട്ട സമ്മാനങ്ങളും സന്തോഷത്തിന്റെയും ഭംഗിയുടെയും നിറങ്ങളും നമ്മുടെ ഭവനങ്ങളെയും, തെരുവുകളെയും മനസ്സുകളെയും ഈ ദിനങ്ങളിൽ കീഴ്പെടുത്തി കളഞ്ഞു. കാരൾ ഗാനങ്ങൾ അലയടിക്കുന്ന ഇടങ്ങളായി നമ്മുടെ ഇടവകകൾ മാറ്റപ്പെട്ടു കഴിഞ്ഞു. യഥാർത്ഥമായും എന്താണ് ഈ ദിനങ്ങളിൽ നാം ആഗ്രഹിക്കുന്നത്. പങ്കുവയ്ക്കലും, ആശംസകളും സന്തോഷ അനുഭവങ്ങളും മാത്രമാണോ? എല്ലാവർക്കും ഒരുപോലെ ഇത് പ്രാപ്യമാണോ?
യെശയ്യാ പ്രവചനം 52: 7 -10 വാക്യങ്ങൾ. ദൈവത്തിൻറെ ശക്തിയും മഹത്വവും വെളിപ്പെട്ട അവസരം ആണ് ക്രിസ്തുമസ് . സമ്മാനമായി ലഭിച്ചത് രാജാധി രാജാവായ ക്രിസ്തുവിനെയാണ്. സർവ്വ അലങ്കാരങ്ങളും വർണ്ണങ്ങളും ആ രാജകീയ പ്രൗഢിയാണ് വെളിപ്പെടുത്തുന്നത്. എന്നാൽ ആഘോഷ തിമിർപ്പിനിടയിൽ വെളിപ്പെട്ട സമ്മാനം നാം സ്വീകരിക്കുന്നുണ്ടോ? ഈ ചിന്തയാണ് ഇന്നത്തെ സന്ദേശത്തിന്റെ പ്രധാന അംശം .

1 . ക്രിസ്തുമസ് – ഒന്നുമില്ലാത്ത ജനതയ്ക്ക് ലഭിച്ച സമ്മാനം

ചിതറി പാർക്കുകയും, ദൈവം ചിതറിക്കുകയും പാലായനം ചെയ്യുകയും കാലാകാലങ്ങളിൽ കാലാവസ്ഥയും സാഹചര്യങ്ങളും അനുസരിച്ച് ജീവിതങ്ങളിൽ മാറുന്ന ഒരു സമൂഹം ആയി ആണല്ലോ വിശുദ്ധ ഗ്രന്ഥങ്ങളിൽ നാം ദൈവജനത്തെ കാണുന്നത്. എന്നാൽ മാറാത്തവനായ ഒരു ദൈവം രാവിലും പകലിലും എല്ലാ കാലങ്ങളിലും അവരോടൊപ്പം ഉണ്ടായിരുന്നു. വാഗ്ദത്തം നൽകുന്നവനായിട്ടല്ല വാഗ്ദത്തം നിറവേറ്റുന്നവനായി തന്നെ അവരോടു കൂടെ നടന്നു. അവൻ വിശ്വസ്തനാണ്. ഇന്നും പരദേശികളായി, നഷ്ടപ്പെട്ടവരായി, പാപത്തിന്റെ അടിമത്വത്തിൽ കഴിയുന്നവരായി, സർവ്വ പ്രതീക്ഷകളും കെട്ടവരായി, പാലായനം ചെയ്യപ്പെട്ടവരായി, ഒന്നുമില്ലാത്തവരായി നാം ആയിത്തീരുമ്പോൾ ഈ ക്രിസ്തുമസ് നമുക്കുള്ളതാണ്. നാം നഷ്ടമാക്കിയതൊക്കെ വീണ്ടെടുക്കാനുള്ള സമ്മാനമാണ് ഈ ക്രിസ്തുമസ് . അലങ്കാരങ്ങളുടെയും സമ്മാന പൊതികളുടെയും നൈമാഷിക സ്വപ്നങ്ങളും സന്തോഷവും അല്ല ; എൻറെ കുറവുകൾക്കുള്ള സമ്മാനം , എൻറെ പുതുജീവിതത്തിനുള്ള സമ്മാനം, എൻറെ ജീവിത യാത്രയ്ക്കുള്ള സമ്മാനം ആകണം ഈ ക്രിസ്തുമസ് .

2 . ക്രിസ്തുമസ് – എല്ലാം ആഗ്രഹിക്കുന്നവർക്ക് ഒരുക്കപ്പെട്ട സമ്മാനം

കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ എല്ലാ ജീവിത വ്യാപാരങ്ങളിലും ദൈവിക ഇടപെടലുകൾ ദർശിക്കുവാൻ നമുക്ക് കഴിഞ്ഞു. സമാധാനവും, സന്തോഷവും, കൃപകളും ധാരാളം നമുക്ക് നൽകി. ദൂതന്മാരെ അയച്ചു. സന്ദേശങ്ങൾ നൽകി. ഭൂമിയിൽ ദൈവപ്രീതി ഉള്ളവർക്ക് സമാധാനം ആശംസിച്ചു; അത് മാത്രമല്ല ഇതൊക്കെ സ്വീകരിക്കാനും നമുക്ക് കൃപ തന്നു. നമുക്ക് വേണ്ടുന്ന സകലവും , അർഹിക്കുന്നതിന് മുൻപേ തന്ന് പരിപാലിച്ചു . ഇങ്ങനെ ഒക്കെ എന്തെങ്കിലും ലഭിച്ച ക്രിസ്തുമസ് സമ്മാനത്തെ നാം തിരിച്ചറിഞ്ഞോ? വീണ്ടും സദ് വാർത്ത ഇക്കൊല്ലവും ദൈവം നമുക്ക് നൽകുന്നു. മാലാഖമാരാൽ ദൈവകീർത്തനം പാടുന്നു. പാപം , മരണം, പിശാച് , തിന്മ ഇവയിൽ നിന്നെല്ലാം വിടുതൽ വേണമെന്ന് നാം ആഗ്രഹിക്കുന്നു. എന്നിട്ടും എത്രമാത്രം ആത്മാർത്ഥമായി ഈ സമ്മാനം നാം സ്വീകരിച്ചു. ബേതലഹേമിൽ ദൈവപുത്രൻ ജാതനാവുമ്പോൾ അത് നിത്യമായ വീണ്ടെടുപ്പിന്റെ സമ്മാനം എന്ന് നാം മനസ്സിലാക്കിയോ? ഈ ചിന്തയിലേയ്ക്ക് നാം ഒരുങ്ങുക. ചിന്തിക്കുക, തീരുമാനിക്കുക. നാം ഒരുക്കുന്ന വർണ്ണങ്ങളും അലങ്കാരങ്ങളും പ്രതീകങ്ങളും അല്ല ക്രിസ്തുമസ് . അതെല്ലാം പ്രതീകങ്ങൾ മാത്രം. മഹത്തരമായ ദാനങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്ന പ്രതീകങ്ങൾ. ഒന്നുമില്ലാത്തവർക്കും എല്ലാം ഉള്ളവർക്കും വേണ്ടിയാണ് ക്രിസ്തുമസ് . സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷം. ദാവീദിൻ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ ജനിച്ചിരിക്കുന്നു. അതാണ് ക്രിസ്തുമസ് . അത് തന്നെയാണ് ക്രിസ്തുമസ് സമ്മാനവും ‘

സ്നേഹപൂർവ്വം

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

നടൻ കാളിദാസ് ജയറാമിന്‍റെയും തരിണിയുടെ വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഞായറാഴ്ച രാവിലെ നടന്ന വിവാഹത്തില്‍ പങ്കെടുത്തതത്.

മലയാളികൾക്ക് കുട്ടിക്കാലം മുതലേ ഏറെ സുപരിചിതമായ മുഖമാണ് നടൻ കാളിദാസിന്റേത്. ജയറാം- പാർവതി താരദമ്പതികളുടെ മൂത്തപുത്രനായ കാളിദാസ്, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്‍റെ വീട് അപ്പൂന്‍റേയും തുടങ്ങി നിരവധി സിനിമകളിൽ ബാലതാരമായാണ് മലയാളികൾക്ക് മുന്നിലെത്തിയത്. ഇന്ന് മലയാളത്തിനൊപ്പം ഇതരഭാഷാ സിനിമകളിലും അഭിനേതാവായി കാളിദാസ് എത്തുന്നുണ്ട്.

വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീ വെഡ്ഡിം​ഗ് ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കാളിദാസ് ജയറാം വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്ന നിലയിൽ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയ ആളാണ് തരിണി കലിം​ഗരായർ. തങ്ങൾ പ്രണയത്തിലാണെന്ന് കാളിദാസ് അറിയിച്ചതിന് പിന്നാലെ ഇവരെ ചുറ്റിപ്പറ്റിയുള്ള വാർത്തകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ചെന്നൈയിലെ പ്രമുഖ കലിം​ഗരായർ കുടുംബത്തിൽ നിന്നുമുള്ള തരിണി മോഡലിങ് രം​ഗത്തെ താരമാണ്. ജമീന്ദാര്‍ കുടുംബമാണ് ഇവരുടേത്. പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം പ്രതിസന്ധികളും കഷ്ടപ്പാടുകളും നിറഞ്ഞ കുട്ടിക്കാലം ആയിരുന്നു തരിണിയുടേത്. അമ്മയായിരുന്നു എല്ലാത്തിനും ഒപ്പം നിന്നത്.

ചെന്നൈയിലുള്ള ഭവന്‍സ് രാജാജി വിദ്യാശ്രമം സ്കൂളിൽ ആയിരുന്നു തരിണിയുടെ ആദ്യ വിദ്യാഭ്യാസം. പിന്നീട് എംഒപി വൈഷ്ണവ് കോളേജ് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടി. പഠിക്കുന്നതിനിടെ തന്നെ തരിണിയ്ക്ക് മോഡലിങ്ങിനോട് താല്പര്യം ഉണ്ടായിരുന്നു. അങ്ങനെ പതിനാറാമത്തെ വയസിൽ അവർ മോഡലിങ് ചെയ്തു. ഈ അവസരത്തിൽ തന്നെ സിനിമാ നിർമാണവും തരിണി പഠിച്ചു.

പാലോട് ഇളവട്ടത്ത് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മരിച്ച ഇന്ദുജയുടെ ഭർത്താവ് അഭിജിത്തിന്റെ സുഹൃത്ത് അജാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ദുജ മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് അജാസ് ഇവരെ മർദിച്ചെന്ന് അഭിജിത്ത് മൊഴിനൽകി. എന്നാൽ ഈ ആരോപണം അജാസ് നിഷേധിച്ചു. അതേസമയം ഇന്ദുജയും അഭിജിത്തുമായുള്ള വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണത്താൽ അഭിജിത്തിന്റെ കുടുംബത്തേയും പോലീസ് ചോദ്യംചെയ്യും.

ഇടിഞ്ഞാർ കോളച്ചൽ കൊന്നമൂട് കിഴക്കുംകര വീട്ടിൽ ശശിധരൻ കാണിയുടെ മകൾ ഇന്ദുജയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഭിജിത്തിന്റെ ഇളവട്ടത്തുള്ള വീട്ടിലെ രണ്ടാമത്തെ നിലയിലെ കിടപ്പുമുറിയിൽ ജനാലയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇവിടെ ശനിയാഴ്ച ഫൊറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ല.

ഭർത്താവും വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതായി ഇന്ദുജ കഴിഞ്ഞ ആഴ്ചയിൽ അച്ഛനേയും സഹോദരനേയും ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ശശിധരൻകാണി പാലോട് പോലീസിൽ പരാതി നൽകി. തുടർന്ന് ഇൻക്വസ്റ്റ് നടക്കുന്ന വേളയിൽ ഇന്ദുജയുടെ ശരീരത്തിൽ രണ്ടോ മൂന്നോ ദിവസം മാത്രം പഴക്കമുള്ള മുറിവുകൾ കണ്ടെത്തി. ഇതിനെത്തുടർന്നാണ് ഭർത്താവ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യുമ്പോഴാണ് ഇന്ദുജയുടേയും അഭിജിത്തിന്റെയും സുഹൃത്തായ അജാസിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്.

അജാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ വിവരങ്ങൾ ഇയാളിൽനിന്ന് ലഭിച്ചില്ല. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അഭിജിത്തുമായുള്ള ചാറ്റ് പൂർണമായും നശിപ്പിച്ചതായി കണ്ടെത്തി. കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

ആഗോള കത്തോലിക്കാ സഭ ദിവ്യ രക്ഷകന്റെ പിറവി പ്രഘോഷിക്കാനൊരുങ്ങുന്ന മംഗളവാര്‍ത്താ കാലത്ത് വത്തിക്കാനില്‍ നിന്ന് മറ്റൊരു സദ് വാര്‍ത്ത.

വിശുദ്ധിയുടെ പരിമളം നിറഞ്ഞ ധന്യ നിമിഷത്തില്‍ ചങ്ങനാശേരി അതിരൂപതയില്‍ നിന്നുള്ള മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉള്‍പ്പെടെ 21 ഇടയന്‍മാര്‍ ഒരുമിച്ച് സഭയുടെ രാജകുമാരന്‍മാരായി ഉയര്‍ത്തപ്പെട്ടു.

ഭാരത സഭയ്ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് ഇത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അനുഗ്രഹീത നിമിഷമാണ്. ചങ്ങനാശേരി മാമൂട് ഇടവകാംഗമായ മാര്‍ ജോര്‍ജ് കൂവക്കാട് വൈദിക പദവിയില്‍ നിന്ന് നേരിട്ട് കര്‍ദിനാള്‍ പദവിയിലെത്തി ഭരത കത്തോലിക്കാ സഭയില്‍ ഒരു പുതു ചരിത്രം കുറിച്ചു എന്ന പ്രത്യേകതയുമുണ്ട്.

വത്തിക്കാനിലെ ചരിത്ര പ്രസിദ്ധമായ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിച്ചു. സഭയിലെ എല്ലാ കര്‍ദിനാള്‍മാരും സന്നിഹിതരായിരുന്നു.

വത്തിക്കാന്‍ സമയം വൈകുന്നേരം നാലിനാരംഭിച്ച ദിവ്യബലിയ്ക്കിടെ 21 പിതാക്കന്‍മാരെയും കര്‍ദിനാള്‍മാരായി ഉയര്‍ത്തിക്കൊണ്ട് മാര്‍പാപ്പ ചുവന്ന തൊപ്പിയും പേപ്പല്‍ മുദ്രയുള്ള സ്വര്‍ണ മോതിരവും അടക്കമുള്ള സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ച് അനുഗ്രഹിച്ചു. പൗരസ്ത്യ സഭയുടെ രീതിക്ക് അനുസരിച്ച് ചുവപ്പും കറുപ്പും നിറഞ്ഞ തൊപ്പിയാണ് മാര്‍ കൂവക്കാടിനെ മാര്‍പാപ്പ അണിയിച്ചത്.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പുമാരായ തോമസ് തറയില്‍, മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷുമാരായ മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉള്‍പ്പടെ കേരളത്തില്‍ നിന്നുള്ള സഭാ പിതാക്കന്മാരും ചടങ്ങില്‍ പങ്കെടുത്തു.

കണ്‍സിസ്റ്ററി തിരുക്കര്‍മങ്ങള്‍ക്ക് ശേഷം നവ കര്‍ദിനാള്‍മാര്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ വത്തിക്കാന്‍ സമയം 9.30 ന് മാതാവിന്റെ അമലോത്ഭവ തിരുനാളിന്റെ ഭാഗമായ ദിവ്യബലിക്ക് മാര്‍പാപ്പയോടൊപ്പം നവ കര്‍ദിനാള്‍മാരും പങ്കെടുക്കും.

കത്തോലിക്കാ സഭയിലെ രാജകുമാരന്‍മാരെന്നാണ് കര്‍ദിനാള്‍മാര്‍ അറിയപ്പെടുന്നത്. കത്തോലിക്കാ സഭയിലെ പൗരോഹിത്യ ശ്രേണിയില്‍ മാര്‍പാപ്പ കഴിഞ്ഞാല്‍ ഒരു പുരോഹിതന് എത്താന്‍ കഴിയാവുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാനമാണിത്. കര്‍ദിനാള്‍ തിരുസംഘത്തില്‍ അംഗമാകുന്നതോടെ മാര്‍പാപ്പയുടെ ഔദ്യോഗികമായ ഉപദേശക സംഘത്തില്‍ അമ്പത്തൊന്നുകാരനായ മാര്‍ ജോര്‍ജ് കൂവക്കാടും ഉള്‍പ്പെടും.

സാധാരണ ഗതിയില്‍ മെത്രാന്‍മാരാണ് കത്തോലിക്കാ സഭയില്‍ കര്‍ദിനാള്‍മാരായി ഉയര്‍ത്തപ്പെടുക. മാര്‍ ജോര്‍ജ് കൂവകാടിനെ വൈദിക പദവിയില്‍ നിന്ന് നേരിട്ട് കര്‍ദിനാളായി ഉയര്‍ത്തുകയായിരുന്നു.

ഇന്ത്യയില്‍ നിന്നും നേരിട്ട് കര്‍ദിനാള്‍ പദവിയിലെത്തുന്ന ആദ്യ വൈദികനാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. അദേഹത്തെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ചങ്ങനാശേരിയില്‍ കഴിഞ്ഞ മാസം മെത്രാഭിഷേക ചടങ്ങുകള്‍ നടന്നിരുന്നു.

ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴ് അംഗ സംഘമാണ് പങ്കെടുക്കുന്നത്. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, ടോം വടക്കന്‍, അനില്‍ ആന്റണി, അനൂപ് ആന്റണി തുടങ്ങിയവര്‍ സംഘത്തിലുണ്ട്. കേരളത്തില്‍ നിന്ന് എംഎല്‍എമാരായ സജീവ് ജോസഫ്, ചാണ്ടി ഉമ്മന്‍ എന്നിവരും വത്തിക്കാനില്‍ എത്തിയിട്ടുണ്ട്.

കൂടാതെ മാര്‍ കൂവക്കാട്ടിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ഉള്‍പ്പടെ മാതൃ രൂപതയില്‍ നിന്നും ജന്മനാട്ടില്‍ നിന്നും നൂറു കണക്കിന് പേര്‍ വത്തിക്കാനില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ സംബന്ധിച്ചു.

Copyright © . All rights reserved