ഉദയ ശിവ്ദാസ്
ഒരു പൂവു വിരിയുന്ന സുഖമാണു പ്രണയം
ഒരു മഞ്ഞുതുള്ളിതന്നഴകാണ് പ്രണയം
മധുവാണു പ്രണയം, മധുരമാം പ്രണയം
മുഴുനിലാത്തിങ്കളിന്നൊളിയാണു പ്രണയം.
സുഖമുള്ളൊരനുഭൂതിലയമാണു പ്രണയം
ഇരുഹൃദയങ്ങളെ ചേർക്കുന്ന പ്രണയം
ആത്മാവിലാത്മാവു താനേ കുറിക്കുന്നൊ-
രാത്മനിവേദനമാകുന്നു പ്രണയം
അണിനിലാത്തിരിയിട്ട കണിയാണു പ്രണയം
അരുമയാംസൗഹൃദത്തണലാണു പ്രണയം
അകമേ തെളിക്കുംവിളക്കാണു പ്രണയം
ഒരു സാന്ത്വനത്തിന്റെയലിവാണു പ്രണയം.
ഒരു രാത്രിമഴ മെല്ലേ താരാട്ടിയൊഴുകും തളിരലക്കുമ്പിളിൽ കുളിരാണു പ്രണയം
മനമാകെ മന്ദാരമലർ ചൂടുംപ്രണയം
ഋതുവിൽ വസന്തമെന്നോതുന്നു പ്രണയം
ഒരു മന്ദഹാസമായ് കതിരിടും പ്രണയം
ജീവന്റെ ജീവനായൊഴുകിടും പ്രണയം
ഇഴചേർന്ന് സൗഭാഗ്യത്തികവിലേക്കുയരാൻ
ശ്രുതിചേർന്നുമീട്ടുന്ന സ്വരമാണ് പ്രണയം
ചിലതെങ്കിലും കണ്ണിൽക്കരടാകും പ്രണയം
പിടിവിട്ടുപോകുന്ന വിനയാകും പ്രണയം
ചിലനേരമെന്തിനോ
ഗതിമാറിയൊഴുകി,
അഴലിൽപ്പെട്ടുഴലുന്നു വികലമാംപ്രണയം
ഒരു നൊമ്പരത്തീയായ്മാറുന്നു പ്രണയം
പ്രതികാരചിന്തയാലാളുന്ന പ്രണയം
ഒരു പ്രേമനൈരാശ്യത്തീക്കനൽച്ചൂടിൽപ്പെ-
ട്ടുരുകുന്നു,
പിടയുന്നു മുറിവേറ്റ പ്രണയം
വിധിതീർത്ത വിളയാട്ടബൊമ്മകൾപോലെത്ര
ആടിത്തിമർത്തുരസിക്കുന്നു പ്രണയം
വിപരീതചിന്തകൾ പോരടിച്ചൊടുവിൽ
മൃതിയെപ്പുണർന്നുപോം വഴിവിട്ടപ്രണയം!
ഉദയ ശിവ്ദാസ് : പാലക്കാട് ധോണിയിൽ പൈറ്റാംകുന്നം എന്ന സ്ഥലത്ത് താമസിക്കുന്നു. വീട്ടു പേര് ശിവ് നന്ദനം. വീട്ടമ്മയാണ് . ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് 2013 ൽ മരണപ്പെട്ടു. ഒരു മകളുണ്ട്. മകൾ ഇപ്പോൾ ബാഗ്ലൂരിൽ ആപ്കോലൈറ്റ് എന്ന കമ്പനിയിൽ ജോലി നോക്കുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഇന്ന് സുപ്രധാന ദിനം. റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം മുദ്രവച്ച കവറിൽ സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിക്കും. കോടതി നിർദ്ദേശപ്രകാരമാണ് നടപടി.
ഹേമാ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക ബഞ്ചിൻ്റെ സിറ്റിംഗും ഇന്ന് നടക്കും. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ , സി എസ് സുധ എന്നിവരടങ്ങുന്നതാണ് പ്രത്യേക ബഞ്ച്. റിപ്പോർട്ടുമായി ബന്ധപ്പെട്ട 6 ഹർജികൾ ഇന്ന് പരിഗണിക്കും.
നിർമ്മാതാവ് സജിമോൻ പാറയിൽ, പായിച്ചിറ നവാസ്, ജോസഫ് എം പുതുശ്ശേരി, ടി പി നന്ദകുമാർ, ആൻ്റി കറപ്ഷൻ ആൻറ് ഹ്യൂമൻ റൈറ്റ്സ് പ്രോട്ടക്ഷൻ കൗൺസിൽ എന്നിവർ സമർപ്പിച്ച ഹർജികളാണ് ഇന്ന് കോടതി പരിഗണിക്കുക.
റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷിക്കുക, റിപ്പോർട്ട് പുറത്തുവിടുന്നത് തടയുക, സിബിഐ അന്വേഷണത്തിന് ഉത്തരവിടുക തുടങ്ങി വ്യത്യസ്ഥമായ ആവശ്യങ്ങളാണ് ഓരോ ഹർജിയിലും ഉള്ളത്.
ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളെ കബളിപ്പിച്ച് 7.60 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികളിലൊരാളെ കര്‍ണാടകത്തില്‍ നിന്നും പോലിസ് പിടികൂടി. കര്‍ണാടക തുമകുരു ജില്ലയിലെ മധുഗിരി സ്വദേശി ഭഗവാന്‍ റാം ഡി.പട്ടേല്‍ (22) ആണ് അറസ്റ്റിലായത്. ഈ യുവാവാണ് ഓഹരി വിപണിയില്‍ നിക്ഷേപിക്കാനെന്ന പേരില്‍ വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്ത് ദമ്പതികളെ കെണിയില്‍ വീഴ്ത്തിയത്.
ബെംഗളൂരു യെലഹങ്കയില്‍ നിന്നു ജില്ലാ ക്രൈംബ്രാഞ്ചാണ് റാമിനെ പിടികൂടിയത്. റാമാണ് വാട്‌സാപ് വഴി ചാറ്റ് ചെയ്തു പണം തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. തട്ടിപ്പു സംഘത്തിലെ മൂന്നു പേരെ ജൂലൈ ആദ്യം ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്ത ഏറ്റവും വലിയ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പാണിത്. ചേര്‍ത്തല പൊലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീടു ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് നാല്‍പതോളം ഇടപാടുകളിലായി പണം സ്വീകരിച്ച അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ പൊലീസ് അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ദമ്പതികളുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്ത വ്യക്തിയിലേക്കു സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് എത്തുകയായിരുന്നു. കേസില്‍ വലിയ സംഘത്തിനു പങ്കുണ്ടെന്നും കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഡോക്ടര്‍ ദമ്പതികളെ വാട്‌സാപ് വഴി ലിങ്ക് അയച്ചുനല്‍കി ഗ്രൂപ്പില്‍ ചേര്‍ത്താണു നിക്ഷേപവും ലാഭവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയിരുന്നത്. വാട്‌സാപ്പില്‍ ചാറ്റ് ചെയ്തത് റാം ആയിരുന്നു. എന്നാല്‍ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടതോടെ രണ്ടു കോടി രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി. ഇതോടെയാണു പൊലീസില്‍ പരാതി നല്‍കിയത്.
ഭഗവാന്‍ റാം പട്ടേല്‍ പ്ലസ്ടു വരെയേ പഠിച്ചിട്ടുള്ളൂവെങ്കിലും ഇംഗ്ലിഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുമെന്നു പൊലീസ് പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനില്‍രാജ്, എസ്‌ഐ അഗസ്റ്റിന്‍ വര്‍ഗീസ്, എഎസ്‌ഐമാരായ വി.വി. വിനോദ്, ഹരികുമാര്‍ എന്നിവരാണു ബെംഗളൂരുവിലെത്തി പ്രതിയെ പിടികൂടിയത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബെംഗളൂരുവില്‍ അഞ്ചു ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണു പ്രതിയെ പിടികൂടാനായത്. ഇന്‍സ്‌പെക്ടര്‍ ജി.അരുണ്‍, എസ്‌ഐമാരായ സജികുമാര്‍, എസ്.സുധീര്‍, സിപിഒമാരായ ബൈജുമോന്‍, ആന്റണി ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
കൊടുവള്ളി കൊടകുന്നുമ്മേല്‍ കുന്നയേര്‍ വീട്ടില്‍ മുഹമ്മദ് അനസ് (25), ഓമശ്ശേരി പുത്തൂര്‍ ഉള്ളാട്ടന്‍ പ്രായില്‍ പ്രവീഷ് (35), ചേവായൂര്‍ ഈസ്റ്റ് വാലി അപ്പാര്‍ട്‌മെന്റില്‍ അബ്ദുല്‍ സമദ് (39) എന്നിവരാണ് കേസില്‍ നേരത്തെ പിടിയിലായത്.
ഡോ. പ്രമോദ് ഇരുമ്പുഴി
ലക്ഷദ്വീപിലെ ഏക എയർപോർട്ടുള്ള അഗത്തി ദ്വീപിൽനിന്നും 8 കി.മീറ്റർ അകലെ വടക്ക് കിഴക്ക് ഭാഗത്താണ് ബംഗാരം, തിണ്ണകര ദ്വീപുകൾ. ബോട്ടിൽ ഒരു മണിക്കൂറോളം ദൂരം യാത്രയുണ്ട് ഇവിടത്തേക്ക്. ടൂറിസം ഉദ്ദേശ്യത്തിനല്ലാതെ പാരമ്പര്യമായി തദ്ദേശീയർ രണ്ട് ദ്വീപിലും താമസിക്കുന്നില്ല. ബംഗാരം, തിണ്ണകര ദ്വീപുകൾക്കുചുറ്റും 125 ച. കി.മീറ്റർ ചുറ്റളവിൽ ലഗൂണുകൾ ഉണ്ട്. പ്രകൃതിനിർമ്മിതമായ ലഗൂണുകളാണ് ലക്ഷദ്വീപുകളെ കടലാക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത്.
ബംഗാരം
ഇന്റർനാഷണൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഉൾപ്പെടുന്ന ബംഗാരം വി.വി.ഐ.പി കൾ സന്ദർശകരുണ്ട് എന്ന കാരണത്താൽ, അവിടേക്ക് പോകാൻ അനുമതി ലഭിക്കാൻ സാധ്യത വളരെ കുറവാണ്. 8.1 കി.മീറ്റർ നീളവും 4.2 കി.മീറ്റർ വീതിയുമുള്ള ദ്വീപ് ചതുരാകൃതിയാണ്.പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാരത്തിന് അടുത്തുള്ള മണൽത്തിട്ട യിൽ നിന്നുമെടുത്ത ഫോട്ടോയും വീഡിയോയും മാധ്യമങ്ങളിലൂടെ പ്രസദ്ധീകരിച്ചിരുന്നല്ലോ?
തിണ്ണകര
ഏകദേശം കണ്ണുനീർത്തുള്ളിയുടെ ആകൃതിയാണ് തിണ്ണകരക്ക്. തിണ്ണകരക്കും ബംഗാരത്തിനുമിടയിലെ തിര തീരെ കുറഞ്ഞ ഭാഗത്താണ് സ്നോർക്കലിങ് നടത്തുന്നത്. മനോഹരമായ പവിഴപ്പുറ്റുകളും വിവിധ വർണത്തിലും വലിപ്പത്തിലുമുള്ള മത്സ്യങ്ങളുമാണ് ഇവിടത്തെ പ്രധാന ആകർഷണം. ഏകദേശം 200 വർഷം മുമ്പ് തകർന്ന ഒരു കപ്പലിന്റെ അവശിഷ്ടം സ്നോർക്കലിങ് നടത്തുമ്പോൾ കാണാം. ബംഗാരം ദ്വീപിന്റെ തെക്ക് വടക്ക് ഭാഗത്ത് പറളി 1, 2, 3 എന്നിങ്ങനെ മൂന്ന് കുഞ്ഞൻ ദ്വീപുകളുമുണ്ട്.
പേര് വരാനുണ്ടായ കാരണം
ലക്ഷദ്വീപുകളിൽ ആദ്യം യാത്രികർ എത്തിയത് ബംഗാരം ദ്വീപിൽ ആയിരുന്നത്രെ. ‘വന്ന കര’ എന്ന വാക്കാണത്രെ ബംഗാരമായത് !! ‘തിന്നാൻ കിട്ടിയ കര’ – തിണ്ണകരയുമായി മാറി. ഇവിടെ പോയ സമയത്ത് ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചതും തിണ്ണകരയിൽനിന്നുമാണ്. അവിടെ വരുന്നവർക്ക് ഭക്ഷണമൊരുക്കാനായി ചില കുടുംബങ്ങൾ ടൂറിസ്റ്റ് സീസണിൽ അവിടെ കുടിൽ കെട്ടി താമസിക്കും. ഞങ്ങളെ കാത്ത് 3 കുടുംബങ്ങൾ ആ ദ്വീപിൽ ഉണ്ടായിരുന്നു. ധാരാളം തെങ്ങുകളും മറ്റ് സസ്യജാലങ്ങൾ കൊണ്ടും മനോഹരമായ കടൽക്കരകൊണ്ടും സുന്ദരമാണ് ഈ ദ്വീപുകൾ. എത്ര പോയാലും (കണ്ടാലും ) പറഞ്ഞാലും മതിവരാത്ത കാഴ്ച്ചകളും അനുഭവങ്ങളും ലക്ഷദ്വീപിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് തോന്നുന്നു.
ഡോ. പ്രമോദ് ഇരുമ്പുഴി
പ്രശസ്ത നാട്ടുവൈദ്യനായിരുന്ന ശിവശങ്കരൻ വൈദ്യരുടെയും ശാന്ത കുമാരിയുടെയും മകനായി മലപ്പുറം ജില്ലയിലെ ഇരുമ്പുഴിയിൽ ജനനം ഗവ.എൽ.പി & യു.പി ഇരുമ്പുഴി, ഗവ ഹയർ സെക്കണ്ടറി സ്കൂൾ ഇരുമ്പുഴി, ഗവ.കോളേജ് മലപ്പുറം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസ്, എസ്.എൻ.എം ട്രെയിനിങ് കോളേജ് മൂത്തകുന്നം എന്നിവിടങ്ങളിൽ പഠനം. നാട്ടുവൈദ്യം ഒരു ഫോക്ലോർ പഠനം എന്ന വിഷയത്തിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽനിന്നും പി.എച്ച് ഡി
ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിലെ ജവാഹർ നവോദയ വിദ്യാലയത്തിൽ അദ്ധ്യാപകനായി.മലപ്പുറം ജില്ലയിലെ വിവിധ ഹയർ സെക്കണ്ടറി സ്കൂകൂളുകളിൽ ഗസ്റ്റ് ലക്‌ചററായും സ്ഥിരാദ്ധ്യാപകനായും ജോലി ചെയ്തു. ഇപ്പോൾ മഞ്ചേരി ഗവ.ബോയ്‌സ് ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപകൻ ഇന്ത്യയിലെ ഇരുപത്തഞ്ച് സംസ്ഥാനങ്ങളിലും പതിനേഴ് വിദേശരാജ്യങ്ങളിലും സഞ്ചാരം. ആനു കാലികങ്ങളിൽ എഴുതാറുണ്ട്.
കൃതികൾ
ഗസ്റ്റ് ലക്ചറർ (കവിതാ സമാഹാരം)
സംവാദത്തിന്റെ പുസ്തകം (അഭിമുഖങ്ങൾ)
ഔഷധസസ്യങ്ങൾ: ശാസ്ത്രീയ നാമങ്ങളും ചികിത്സാവിധികളും
മൽപ്രം ഭാഷ – മൈഗുരുഡ്
യാത്രയുടെ കയ്യൊപ്പ് (എഡിറ്റർ)
കൂട്ട് – റീന കുനൂർ
മക്കൾ – അവന്തിക ഭൈമി, അരുന്ധതി താര
വിലാസം : അവന്തിക, ഇരുമ്പുഴി (തപാൽ) മലപ്പുറം (ജില്ല) 676509 9846308 995 [email protected]
ഡോ.പ്രമോദ് ഇരുമ്പുഴി
ഷാനോ എം കുമരൻ
യൂറോപ്പിന്റെ ശീതളച്ഛായയിൽ നൈറ്റ് ഡ്യൂട്ടിയും ചൈൽഡ് കെയറിങ്ങുമൊക്കെയായി അത്യാവശ്യം ആഘോഷപൂർവ്വം അങ്ങനെ ജീവിച്ചു പോകുന്ന കാലം. ഭാര്യമാർ ജോലിക്ക് പോകുമ്പോൾ അടുത്ത കൂട്ടുകാരുമായി ഓൺ ദി റോക്ക്സ് നാലു പെഗ് സിംഗിൾ ബാരൽ നുണഞ്ഞങ്ങനെ ഇരിക്കുമ്പോൾ ഒരു തോന്നൽ , ചെറുതായി ശ്വാസ തടസ്സം ഉണ്ടോ ? ഒരു കിതപ്പ് പോലെ. ഹൃദയത്തിനു ഒരു സ്നേഹമില്ലാത്തതു പോലെ. ശെരിയായിരിക്കും! ദിനം പ്രതി നാലു ഗുളിക വീതമാണ് അകത്താക്കുന്നത്. വെറുതെയല്ല കേട്ടോ. ഇത്തിരി ബി പി പിന്നെ കുറച്ചു കൊളസ്‌ട്രോൾ. മതിയല്ലോ! ഹൃദയത്തിനെ ദോഷം പറയരുത്. മഹാ വൈദ്യൻമാരെ ഫോണിൽ വിളിച്ചപ്പോൾ നീണ്ട കാത്തിരിപ്പു വേണമെന്നറിഞ്ഞു. ക്ഷമയില്ലാഞ്ഞിട്ടല്ല! ഭർത്താവായതുമുതൽ തുടങ്ങിയ ശീലമാണ് അത്യഗാധമായ ക്ഷമാശീലം. ചിലപ്പോളത് ആട്ടിൻ സൂപ്പിന്റെ ഗുണം ചെയ്യുമെന്ന് പണ്ടെന്നോ കുഞ്ഞമ്മാവൻ ഉപദേശിച്ചതോർമ്മയിലുണ്ട്. കാര്യമതല്ല, ആരോഗ്യസംരക്ഷണത്തിൽ നിലവിൽ പ്രസ്തുത മേഖലയിൽ നിന്നും നേരിടുന്ന കെടുകാര്യസ്ഥത. അത് എന്നെ മാത്രമല്ല എന്നെപോലെയുള്ള ഒട്ടുമിക്ക കുടിയേറ്റക്കാരുടെയും പ്രശ്നമാണെന്ന ചിന്തയാണ് ലേശം ബുദ്ധിമുട്ടിക്കുന്നത്.
സുന്ദരസുരഭിലമായ ലഹരിയുടെ സായാഹ്നങ്ങളെക്കുറിച്ചു ധാരണയില്ലാതിരുന്ന പാവം എന്റെ വാമഭാഗം പറഞ്ഞു. ശെരിയാണ്, നന്നായി ബുദ്ധിമുട്ടുണ്ട്. ശ്വാസഗതിയിൽ വേണമെങ്കിൽ നാട്ടിലൊന്നു പോയി വന്നാലോ? വാർഷിക അവധിയുണ്ട്. രണ്ടാൾക്കും സ്കൂളിൽ അപേക്ഷ കൊടുക്കാം. തന്നെയുമല്ല ഓണക്കാലം കൂടിയല്ലേ! എല്ലാവരെയും കാണുകയും പറ്റിയാൽ നാട്ടിൽ പ്രിയപെട്ടവരുമൊത്തൊരു ഓണക്കാലം ആഘോഷിക്കുകയും ചെയ്യാമല്ലോ!
അതൊരു സ്വീകാര്യമായ നിർദേശമായി എനിക്ക് തോന്നി കാരണം നീണ്ട വർഷങ്ങളുടെ പ്രവാസ ജീവിതത്തിൽ നഷ്ടമായത് ആനയും അമ്പാരിയും മാത്രമല്ല. പ്രജാക്ഷേമ തല്പരനായ സർവോപരി നന്മയുടെ സുവർണ്ണ ധ്വജമായ മാവേലി തമ്പുരാന്റെ വരവിനെ എതിരേൽകാനുള്ള അവസരവും, സ്നേഹത്തിന്റെയും ദീനാനുകമ്പയുടെയും നാഥനായ ദൈവപുത്രന്റെ പിറന്നാളാഘോഷങ്ങളുമെല്ലാം, അങ്ങനെ അങ്ങനെ പലതും വിദൂരത്താണ്. ഇത്തവണ പോയാൽ അതിലൊന്നെങ്കിലും സാധിച്ചു കളയാം എന്നോരുൾപൂതി. എല്ലാത്തിലും ഉപരിയായി ഹൃദയവുമായുള്ള ആത്മ ബന്ധത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യാമെന്നുള്ളതാണ്. അങ്ങനെ കാര്യങ്ങൾക്കു തീരുമാനമായി. നല്ല നേരത്തു ജോലിക്കു പോയത് കൊണ്ട് കാശ് നോക്കാതെ വിമാന ടിക്കറ്റുകൾ എടുത്തു. അഞ്ചാറു പെട്ടികൾ നിറയ്ക്കുവാനുണ്ട് എച്ഛ്. ആൻഡ് എം , ടി കെ മാക്സ് പിന്നെ പ്രിമാർക് ഇവിടെയൊക്കെ കയറിയിറങ്ങി എങ്ങനെ നിറയ്ക്കും ആറു പെട്ടികൾ. പണ്ട് ഗൾഫിലായിരുന്നപ്പോൾ ലുലുവും കാരിഫോറും നെസ്‌റ്റോയിലുമെല്ലാം രണ്ടേ രണ്ടു ദിനം കൊണ്ട് പത്തു പെട്ടിക്കുള്ള സാമാനങ്ങൾ വാങ്ങി കൂട്ടുകയും നാലു പെട്ടി നിറച്ചു കെട്ടി എയർ ക്രഫ്റ്റുകാരെ പറ്റിക്കുവാൻ ഏഴു കിലോയുടെ ഹാൻഡ് കാരിയിൽ പത്തു പതിനൊന്നു കിലോ കുത്തിനിറച്ചു ഒരു കാലി കവറും കയ്യിൽ വച്ച് ബാക്കി വന്ന അഞ്ചാറു പെട്ടിക്കുള്ള സാധനങ്ങൾ കാർഡ്ബോർഡ് ബോക്സിൽ അടുക്കിയൊതുക്കി കട്ടിലിനടിയിൽ വച്ചിരുന്ന കാലം. ഓഹ് ഓർക്കുമ്പോൾ ഒരു കുളിരു. തല്കാലം രണ്ടു പെട്ടി നിറച്ചു. പിന്നെ തിരികെ വരുമ്പോൾ മസാലകൾ പച്ചക്കറികൾ മരുന്നുകൾക്കായി നാലു കാലി പെട്ടികൾ കൂടെ യൂറോപ്പ് ഷോപ്പിങ്ങ് ഏതാണ്ട് ഖതം.
അത്തം നാൾ രാവിലെ ആരോ ഗെയ്റ്റ് തുറക്കുന്ന ശബ്ദം കേട്ട് അച്ചൻ പുറത്തേക്കു വന്നു നോക്കി. ഒരു ടാക്സി അതാ ഗെയ്റ്റിന് മുന്നിൽ. അതിൽ നിന്നും ഇറങ്ങുന്നതോ യു കെ കാരായ ഞാനും കുടുംബവും. ഇപ്പോഴത്തെ ഒരു ട്രെൻഡ് അതാണ് അച്ഛനമ്മമാർക്കും മറ്റും സർപ്രൈസ് കൊടുക്കുക. അപ്രതീക്ഷിതമായ സന്ദർശനങ്ങൾ ഉളവാകുന്ന ആനന്ദാതിരേകം ഹൃദയത്തിനു പണി കൊടുത്താൽ പെട്ടത് തന്നെ. ഇവിടെ എന്തായാലും എല്ലാവര്ക്കും പരമാനന്ദം. കൂടെ പറയാതെ പറ്റിച്ചതിലുള്ള പരിഭവവും. അത്തമല്ലേ അമ്മയൊരുക്കിയിരുന്നു ഒരു കുഞ്ഞു തുമ്പപൂക്കളം. തുമ്പയും തുളസിയും പിന്നെ തുമ്പികളും.
” മദ്യം കഴിക്കാറുണ്ടോ “? ഭാര്യയുടെ മുന്നിൽ വച്ച് നാട്ടിലെ പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധന്റെ ചങ്കിൽ കൊള്ളുന്ന ചോദ്യം. വിയർത്തോ ? ഹേയ് തോന്നിയതാവും. അല്ല വിയർത്തു ബി പി യും കൂടിയെന്ന് തോന്നുന്നു. പെട്ടു പോയി എന്ന തിരിച്ചറിവിനിടയിലും പറഞ്ഞു. ” ഇല്ല ഡോക്ടർ മദ്യപാനമില്ല …” ഞാനിരിക്കുന്നതു ഡോക്ടറിന് മുന്നിലാണോ അതോ ഒരു ജ്യോത്സ്യന് മുന്നിലാണോ എന്നൊരു വേള ശങ്കിച്ചു. ഡോക്ടർ റിപോർട്ടുകൾ കയ്യിലെടുത്തിട്ടു പറഞ്ഞു ” തനിക്കു മദ്യപാനം മാത്രമല്ല അസാരം വലിയുമുണ്ട്. ഞാൻ തന്റെ കൂടെ കൂടി കള്ളം പറഞ്ഞാലും നടക്കുകേല തന്റെ ഭാര്യ കണ്ടു പിടിയ്ക്കും …..എന്നിട്ടു എന്റെ ഇടതു വശത്തെ കസേരയിൽ ഇരിയ്ക്കുന്ന വലതു ഭാഗത്തിനെ നോക്കി …. നഴ്‌സാണെന്നല്ലേ പറഞ്ഞത് ? താനിതൊക്കെ ശ്രദ്ദിക്കണ്ടേ ഇങ്ങനെ പോയാൽ ഇയാളുടെ കാര്യം ബുദ്ധിമുട്ടാവുമല്ലോ “.
വേറെ വഴിയില്ല മിണ്ടാതിരിക്കുന്നതാണ് ബുദ്ധി. വെറുതെ ചമ്മിയ മോന്തായവുമായി തലയും കുമ്പിട്ടു ഇരുന്നു.
അവസ്ഥ മനസ്സിലായ ഭാര്യ രക്ഷയ്ക്കെത്തി. ” അങ്ങനെ അധികമില്ല ഡോക്ടർ ഇടയ്ക്കൊക്കെ ഫ്രണ്ട്‌സ് ആയിട്ട് കൂടാറുണ്ട് ”
ഡോക്ടർ എന്നെയും അവളെയും നോക്കി മെല്ലെയൊന്നു ചിരിച്ചിട്ട് ” ഡോ ഇനി നമുക്കെ ഈ രണ്ടു ശീലവും വേണ്ട കേട്ടോ മരുന്നിന്റെ ഡോസ് ചെറുതായൊന്നു മാറ്റുവാണേ”എന്ന് മാന്യമായി ഉപദേശിച്ചു.
എന്റെ ഭാര്യയോട് ഭയങ്കരമായ സ്നേഹം തോന്നി അവിടെയിരുന്നുരുകുവാൻ വിടാത്തതിൽ ഒപ്പം അവിടെ നിന്നിറങ്ങി കഴിഞ്ഞാലുള്ള അവസ്ഥയോർത്തു ഭയവും.
ഭയപെട്ടപോലെയൊന്നും സംഭവിച്ചില്ല ” മര്യാദയ്ക്കു ജീവിച്ചാൽ കൊച്ചിന്റെ അച്ഛാ എന്ന വിളി കുറേകാലം കൂടി കേൾക്കാം ഇല്ലേൽ ഭിത്തിയിൽ കേറേണ്ടി വരും ”
അത്ര മാത്രം പറഞ്ഞു. ബുദ്ധിമതിയും വിവേകശാലിയുമാണെന്റെ നല്ല പാതി കാലങ്ങൾ കൂടി സ്വവസതിയിലേ ഓണാഘോഷത്തിന് ഭംഗം വരരുതെന്നവൾ തീരുമാനിച്ചിരുന്നു. ഡോക്ടറുടെ നിഗമനങ്ങൾ മുൻകൂട്ടി അറിമായിരുന്ന ഞാൻ അവളെ കൂടാതെ ഡോക്ടറെ കാണുവാൻ ഒരു ശ്രമം നടത്തിയെങ്കിലും വിഫലമായി എന്റെ ആരോഗ്യം അവർക്കാണല്ലോ മുഖ്യം.
ഞാൻ എന്റെ മകളോടൊത്തു തൊടികളിലും മറ്റും ഇറങ്ങി നടക്കുന്നതിൽ പ്രത്യേക ആനന്ദം അനുഭവിച്ചു. അവളോടൊത്തു ആണ് ഞാൻ പൂക്കളിറുക്കുവാനും മറ്റും പോയിരുന്നത്. നാനാ വർണ്ണത്തിലുള്ള പൂക്കൾ തൊടികളിൽ അങ്ങനെ വാരി വിതറിയപോലെ കിടക്കുന്നതു കാണുമ്പോൾ ആ കുരുന്നു മുഖത്തെ സന്തോഷഭാവം വർണ്ണനാതീതമായിരുന്നു. ഞങ്ങളിരുവരും ആയിരുന്നു രണ്ടാം നാൾ ചിത്തിര മുതൽക്കേയുള്ള പൂക്കൾ വീട്ടിലേക്കു എത്തിച്ചിരുന്നത്. ആഘോഷപൂർവ്വമായ അപൂർവ്വമായി കൈവന്ന നാളുകൾ. ഓരോ ദിനവും പൂക്കളമൊരുക്കുവാൻ അവൾ അമ്മയുടെയും അമ്മൂമ്മയുടെയും കൂടെ അതി രാവിലെ തന്നെ മുറ്റത്തു ഹാജരായിരുന്നു. നാളിതുവരെ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഭംഗി ഇത്തവണത്തെ അപ്രതീക്ഷിതമായി ആഘോഷിച്ച ഓണാഘോഷത്തിനുള്ളതുപോലെ ഒരു കുളിർമ്മ എനിയ്ക്കനുഭവപ്പെട്ടു.
എല്ലാത്തിനും മീതെ എന്നും എന്റെ കുട്ടിയ്ക്ക് അവളുടെ അമ്മവീട്ടിൽ പോകണമായിരുന്നു. അവിടെയും അവളുടെ അമ്മമ്മയും അച്ചാച്ഛയും അവൾക്കു വേണ്ടി ഒരുക്കി വച്ചിരിയ്ക്കുന്ന പൂക്കളം കാണുകയെന്നതും അതിനു മുന്നിലിരുന്നു ഫോട്ടോയെടുക്കുവാനും അവൾക്കു പ്രത്യേക സന്തോഷമായിരുന്നു.
ഓണപൂക്കളത്തിന്റെ വർണാഭയിൽ മഴവില്ലിൻ പട്ടുനൂലാൽ ഇഴകൾ പാകിയ പാട്ടുപാവാടയുടുത്തും തുമ്പപ്പൂ ഇറുത്തും തുമ്പിയെ പിടിക്കുവാനോടിയും അവളുടെ കൂടെ എന്റെയും എന്റെ ഭാര്യയുടെയും അച്ഛനമ്മമാർ ആ ഓണക്കാലത്തെ എത്രമേൽ ആസ്വദിച്ചുവെന്നത് ഹൃദയഭാഷയിൽ വർണ്ണനാതീതമാണ്.
ഓണത്തലേന്നു ഉത്രാട നാൾ കുട്ടികളുടെ പ്രിയങ്കരമായ ‘പിള്ളേരോണം ‘അവൾക്കും അവളുടെ മാമന്റെ കുട്ടിക്കും വേണ്ടി ഒരുക്കുമ്പോൾ ഗേറ്റിൽ നിന്നും അവൾ വിളിച്ചു ” അച്ഛാ…..” വിളികേട്ടു ഞാൻ ഇറയത്തേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ കാണുന്നത് അവളതാ നാടോടികളെന്നും മറ്റും നമ്മൾ വിളിക്കുന്ന ദേശാടകരായ ഒരു കുടുംബം , ഒരു ദമ്പതികളും ആ അമ്മയുടെ കയ്യിൽ തൂങ്ങി ഒട്ടിയ വയറും മുഷിഞ്ഞ വസ്ത്രധാരണത്തോടെ ഒരു കൊച്ചു പെൺകുട്ടിയും. ഞാൻ തെല്ലു പരിഭ്രമിച്ചു. ” മോളെ വാ ഇങ്ങോട്ടു ” അല്പം ശകാര ഭാവത്തിൽ ഞാൻ അവളെ വിളിച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന നാടോടി സംഘത്തെകുറിച്ചുള്ള ഒരു നൂറു കഥകൾ ഒരു നിമിഷം കൊണ്ട് മനസ്സിലൂടെ മിന്നി മറഞ്ഞു. ഞാൻ മുറ്റത്തേക്കിറങ്ങി ചെന്ന് എന്റെ കുട്ടിയുടെ കയ്യിൽ പിടിച്ചു. അവരോടായി ചോദിച്ചു ” എന്താ എന്ത് വേണം”
എന്റെ ശബ്ദത്തിലെ അതൃപ്തിയെ മനസ്സിലാക്കിയിട്ടാവണം ആ പിതാവ് എന്റെ മുഖത്തേക്കും പിന്നീട് അയാളുടെ കുഞ്ഞിന്റെ മുഖത്തേക്കും ദയനീയ ഭാവത്തിൽ നോക്കി. എന്റെ ഉള്ളൊന്നു പിടഞ്ഞു. അവരോടു അവിടെ നില്ക്കു എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചിട്ട് എന്റെ പേഴ്‌സ് എടുക്കുന്നതിനായി മകളുടെ കയ്യും പിടിച്ചു ഞാൻ അകത്തേക്ക് നടന്നു. അപരിചിതരായ ആളുകളെ കണ്ടാൽ മുതിർന്നവരോട് പറയണം തനിയെ പോകരുത് എന്ന് മകളെ ഉപദേശിക്കുവാൻ എന്നിലെ പിതാവ് മറന്നില്ല. പേഴ്‌സ് തുറന്നു ആ മനുഷ്യന്റെ കയ്യിലേക്ക് ഒരു നോട്ട് വച്ച് കൊടുക്കുമ്പോൾ ആ നാടോടി സ്ത്രീ അവരുടെ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു. എന്റെ മകളുടെ തലയിൽ തലോടി. ഞാൻ നോക്കിയപ്പോൾ അതാ എന്റെ മകൾ അവൾക്കു സമ്മാനമായി കിട്ടിയ ഓണക്കോടികളിലൊന്ന് ആ പാവം പെൺകുട്ടിയുടെ നേർക്ക് നീട്ടുന്നു. നല്ല രീതിയിൽ ദേഷ്യം വന്നു എങ്കിലും എന്റെ മകൾ കൊടുത്ത ആ ഓണസമ്മാനം കൈനീട്ടി വാങ്ങുന്ന ആ പൈതലിന്റെ മുഖത്ത് നോക്കി എന്തെങ്കിലും പറയുവാനോ പ്രകടിപ്പിക്കുവാനോ ഞാൻ അശക്തനായിരുന്നു. അവൾ ആ കുഞ്ഞിനോട് പറയുന്നുണ്ടായിരുന്നു ” ദിസ് ഈസ് മൈ ഓണം സർപ്രൈസ് ഫോർ യു ലിറ്റിൽ ഗേൾ” അവളുടെ ഇംഗ്ലീഷ് ആ കുഞ്ഞിന് മനസ്സിലായോ എന്തോ അത് വെളുപ്പില്ലാത്ത കുഞ്ഞിപ്പല്ലു കാണിച്ചു ചിരിയ്ക്കുന്നുണ്ടായിരുന്നു.
ആ ദമ്പതികളുടെ കൈകൾ അവരുടെ നെഞ്ചോടു ചേർത്ത് തൊഴുതു പിടിച്ചിരുന്നു. സംഭവമറിയുവാൻ അങ്ങോട്ട് കടന്നു അമ്മ അവരെ ആഹാരം കഴിയ്ക്കുവാൻ വിളിക്കുന്നതാണ് ഞാൻ കണ്ടത്. എനിയ്ക്കു സത്യത്തിൽ ദേഷ്യം വന്നു എന്നുള്ളത് നേരാണ്. നാടോടി വേഷത്തിലും വീട്ടു സാമാനങ്ങൾ വിൽക്കാനെന്ന വ്യാജേനയും ആക്രി എടുക്കാനുണ്ടോ എന്ന ചോദ്യവുമായും എത്തി കൊള്ളയും കൊലയും നടത്തുന്ന ഭീതിപ്പെടുത്തുന്ന പല കഥകളും ഉള്ളിലുള്ള പ്രവാസിയായ എനിക്ക് അറിയില്ലാത്ത ആളുകളെ സത്കരിക്കുന്ന ഏർപ്പാട് ദേഷ്യമല്ലാതെ മറ്റെന്ത് വികാരമാണ് എന്നിലുണ്ടാക്കുക. ” ഇഡ്ഡലി …ഇഡ്ഡലി … സാമ്പാർ .. വാ ” അവരുടെ ഭാഷ അറിഞ്ഞുകൂടാത്ത എന്റെ പാവം അമ്മയ്ക്കു സഹായത്തിനു കൈവശമുള്ള ഹിന്ദി ഭാഷയുമായി എന്റെ ഭാര്യകൂടി രംഗത്തെത്തിയതോടെ എന്റെ ദേഷ്യം അടങ്ങി. അടങ്ങണമല്ലോ ബി പി അസാരം ഉണ്ടേ. വിശക്കുന്നവനു ആഹാരം കൊടുക്കണമെന്ന നിര്ബന്ധവും ഉയർന്ന മനസ്സും എന്റെ അമ്മയ്ക്കു ഉണ്ടെങ്കിലും അന്യരായ ആളുകളെ പൂമുഖത്തെ കസേര വരെ ആനയിയ്ക്കുവാനുള്ള ധൈര്യമേ ഉള്ളു എന്ന് കൂടെ പറയട്ടെ.
ആ കുരുന്നിന്റെ മുഖം അവൾ ആഹാരം കഴിക്കുന്നത് അല്ല അവളുടെ ‘അമ്മ ഇഡ്ഡലിയും സാമ്പാറും വാരി അതിന്റെ വായിൽ വച്ച് കൊടുത്തു കഴിപ്പിയ്ക്കുന്ന രംഗം അതിപ്പോഴും ഒരു നനവായി ഉള്ളിലുണ്ട്. കുട്ടികളിൽ നിന്നുമൊരുപാട് കാര്യങ്ങൾ എനിക്കിനിയും പഠിക്കുവാനുണ്ടെന്ന ബോധം എനിക്കെന്നോട് തന്നെ അപമാനമായി തോന്നി.
അങ്ങനെ തിരുവോണനാളെത്തി. വലിയ ആഘോഷമായിരുന്നു എന്റെ വീട്ടിലന്നു പത്തു കളം നിറയെ വലിയ പൂക്കളവും മറ്റും കുട്ടികൾക്ക് ഒരാവേശമായിരുന്നു.
ഉച്ചയൂണ് പതിനെട്ടു കൂട്ടവും പായസവും. എല്ലാം അതി വിസ്തരം തന്നെ. പണ്ട് മുതലേയുള്ള ഒരു പതിവുണ്ട്. ഞങ്ങൾക്കു ഉച്ചയൂണിനു എന്റെ അമ്മ വീട്ടിൽ പോയിരിയ്ക്കണം എന്ന് ഞങ്ങളെ കൂടെ കൊണ്ടുപോകാനായി കുഞ്ഞമ്മാവൻ ഉച്ചയ്ക്ക് മുന്നേ ഹാജരാകും. ഞങ്ങൾക്കൊപ്പം ഉച്ചയൂണ് കഴിഞ്ഞു കുഞ്ഞമ്മാവനൊപ്പം പോകുമെല്ലാവരും. പിന്നെയൊരുറക്കം. രാത്രിയിൽ ഭാര്യവീട്ടിലെ ഓണാഘോഷം അളിയനൊപ്പം. അടിപൊളിയൊരോണം അത് വർണ്ണനാതീതമാണ്. അല്ലെങ്കിലും ഈ അളിയൻ -അളിയൻ വൈബ് ഒന്ന് വേറെയാണ്. വരും വഴി എയർപോർട്ടിൽ നിന്നും അളിയന്റെ പേരിൽ വാങ്ങിയ കുപ്പികളിൽ എന്റെ പ്രത്യേക താല്പര്യം അളിയന് മനസ്സിലായത് കൊണ്ടാവാം ഒന്ന് രണ്ടു പെഗ്ഗ് അങ്ങനെ സെറ്റായി ഓണം തകർത്തു.
അങ്ങനെ അപ്രതീക്ഷിതമായി വീണു കിട്ടിയ ഓണാഘോഷം അവസാനിച്ചു. മധുരമുള്ള അതിലേറെ വേദനാജനകമായ കാത്തിരിപ്പിന്റെ സുഖമുള്ള വിടവാങ്ങലിന് സമയമാഗതമായി തിരിച്ചു പോകുവാനുള്ള തിരക്കിട്ട ഷോപ്പിംഗുകൾ. തയ്യാറെടുപ്പുകൾ. അങ്ങനെ പലതും. ഞങ്ങൾ മൂവരും പറന്നുയർന്നു. കാത്തിരിയ്ക്കുന്ന പ്രിയപ്പേട്ട കൂട്ടുകാരുടെ അരികിലേക്കു അവർക്കുള്ള സമ്മാനങ്ങളും അതിലേറെ മരുന്ന് സഞ്ചികളുമായി എത്രയും വേഗം തിരികെ എത്തുമെന്ന പ്രതീക്ഷയോടെ ഒപ്പം പ്രവാസലോകത്തെ പ്രിയപെട്ടവരുടെ കൂടെ കന്യകാമാതാവിന്റെ ഉദരത്തിൽ ലോകനന്മയ്ക്കായി ഭൂജാതനായ ദൈവപുത്രന്റെ വരവിനെ ആഘോഷിക്കുവാനുള്ള പ്രിയ കരോൾ ചുണ്ടിൽ മൂളികൊണ്ടു വീണ്ടുമൊരു വിമാനയാത്ര.
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്.
യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.
വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 11.5 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് യു.എ.ഇ. ഫെഡറല്‍ സുപ്രീംകോടതി. സ്വദേശി ഓടിച്ച കാറിടിച്ച് പരിക്കേറ്റ മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഷിഫിനാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്.
അല്‍ഐനില്‍ ഗ്രോസറി ജീവനക്കാരനായിരുന്നു ഷിഫിന്‍. 2022 മാര്‍ച്ച് 26-നാണ് കേസിനാസ്പദമായ സംഭവം. അഞ്ച് പേരടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ പ്രവാസിയായ പിതാവിന് കൈതാങ്ങായാണ് 22-ാം വയസ്സില്‍ ഷിഫിന്‍ യു.എ.ഇയിലെത്തുന്നത്. അല്‍ഐനിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു ജോലി. ബഖാലയില്‍ നിന്നും മോട്ടോര്‍സൈക്കിളില്‍ സാധനങ്ങളുമായി പോയ ഷിഫിനെ ഒരു സ്വദേശി ഓടിച്ച കാര്‍ വന്ന് ഇടിക്കുകയായിരുന്നു.
ഡ്രൈവര്‍ വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ഷിഫിന് കാര്യമായി പരിക്കേറ്റിരുന്നു. പിന്നീട് സി.സി.ടി.വിയുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടി. ഉടന്‍തന്നെ ഷിഫിനെ അല്‍ഐനിലെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി. എങ്കിലും തലയ്ക്ക് കാര്യമായ പരിക്കേറ്റിരുന്നതിനെ തുടര്‍ന്ന് പത്തോളം അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ടു. അപകടവിവരമറിഞ്ഞ് പിതാവ് ഉമ്മര്‍ സൗദിയിലെ ജോലിയും വിട്ട് അല്‍ഐനിലെ ആശുപത്രിയിലെത്തിയിരുന്നു. അല്‍ഐനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടാഴ്ചയും തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സ നല്‍കി. ഒന്നര വര്‍ഷത്തോളം വെന്റിലേറ്ററിലായിരുന്നു. ചികിത്സക്കൊടുവില്‍ ഷിഫിന്‍ തല ചലിപ്പിക്കാന്‍ തുടങ്ങിയതോടെ തുടര്‍ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
മകന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി മാതാപിതാക്കളുടെ നിയമ പോരാട്ടത്തിനൊടുവിലാണ് യു.എ.ഇ. ഫെഡറല്‍ സുപ്രീംകോടതി കേസ് പരിഗണിക്കുകയും നഷ്ടപരിഹാരം വിധിക്കുകയും ചെയ്തതെന്ന് പിതാവ് ഉമ്മര്‍ കുമ്മാളി, മാതാവ് ജമീല, ചീഫ് ലീഗല്‍ കണ്‍സള്‍ട്ടന്റ് ഈസ അനീസ്, അഡ്വ. ഫരീദ് അല്‍ഹസ്സന്‍, അഡ്വ. മുഹമ്മദ് ഫാസില്‍, അഡ്വ. അബ്ദുള്ള തുടങ്ങിയവര്‍ അറിയിച്ചു.
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടുവത്ത് സ്വദേശി നിയാസ് പുതിയത്ത് (23 ) ആണ് മരിച്ചത്. ബെംഗളുരിൽ പഠിക്കുന്ന നിയാസ് അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചികിത്സയിൽ കഴിയവേ ഇന്നാണ് മരണം സംഭവിച്ചത്.
അതേസമയം, കോഴിക്കോട് കൊമ്മേരിയിൽ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയിലധികമായി രോഗം ബാധിച്ചവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. 47 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കൽ ക്യാമ്പിൽ പരിശോധനക്ക് അയച്ച നാല് സാമ്പിളുകൾ പോസിറ്റീവ് ആയിരുന്നു. പത്തു പേര്‍ ആശുപത്രി വിട്ടിരുന്നു. ബാക്കിയുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. കൊമ്മേരിയിൽ രോഗ പരിശോധനയ്ക്കായി മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെ നടത്തിയിരുന്നു.
ഇതിൽ പരിശോധനക്കയച്ച സാമ്പിളുകളില്‍ നാലെണ്ണമാണ് പോസിറ്റീവായത്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി കോഴിക്കോട് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഓണക്കഥയിലെ രാജാവിന്റെയും പ്രജകളുടെയും കഥകേട്ട് മടുത്തില്ലേ …. അതിനാൽ ഈ ഓണത്തിന് നമുക്ക് പോകാം ഇച്ചിരി റീയാലിറ്റിയിലേക്ക് …
അപ്പോൾ കേട്ട കഥയോക്കെയോ ?
കഥ ഉള്ളത് തന്നാണ് , കാരണം മനുഷ്യന് സയന്റിഫിക് പരമായി യാതോരറിവുകളും ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ പ്രകൃതിയും മിത്തുമെല്ലാം അന്നത്തെ സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിൽ ,ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു.
ഐതിഹ്യങ്ങളുടെ ഐക്യം… അതിന്നും പല മതക്കാരുടെയും ഉത്സവങ്ങളിൽ നമുക്ക് കാണാം. കാരണം, ഐത്യഹങ്ങളില്ലാതെ ഒന്നും അന്നത്തെ ജനങ്ങളിലേക്ക് എത്തപ്പെട്ടിരുന്നില്ല എന്നത് തന്നെ കാരണം….
അതിനാൽ ഓണമെന്നാൽ മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ഒരു സിംഫണിയാണ് .…….
അതായത് ,പ്രകൃതിയും മനുഷ്യരും തമ്മിൽ എത്രമാത്രം ബന്ധപെട്ടു കിടക്കുന്നുവെന്ന് ഓർമിപ്പിക്കുന്ന പ്രകൃതിയുടെ ഒരു കലാവിരുന്ന് ……
അതാണ് ഓണം .
ഓണനാളുകളിൽ മഴയെല്ലാം കെട്ടടങ്ങി …
സൂര്യൻ പതിയെ കിഴക്ക് വിളക്ക് കൊളുത്തുമ്പോൾ ഭൂമിയിലെങ്ങും സന്തോഷമായി …
പാറിപ്പറക്കുന്ന പൂമ്പാറ്റകളായി …
വിവിധ വർണ നയന മനോഹര വിസമയമൊരുക്കി വിരിഞ്ഞു വരുന്ന പൂക്കളുകളായ് ….
വിളവെടുപ്പിന് പാകമായ നെല്ലുകൾ …..
ഞങ്ങളും പുറകിലല്ലെന്ന് കാണിക്കാൻ വിളവേറെ വാരിവിളമ്പുന്ന വിവിധയിന പച്ചക്കറികൾ …..
ഇല നിറയെ വിളമ്പുന്ന സദ്യകൾ …
വട്ടമിട്ട് പറക്കുന്ന തുമ്പികൾ ….
വട്ടമിട്ട് കളിക്കുന്ന പെണ്ണുങ്ങൾ …
വിരിഞ്ഞുനിൽക്കുന്ന ആമ്പലുകൾ താമരകൾ …
ഊഞ്ഞാലാടുന്ന കുഞ്ഞുങ്ങൾ …..
പുലികളിക്കുന്ന, വള്ളം തുഴയുന്ന ആണുങ്ങൾ …
അങ്ങനെ അങ്ങനെ , പ്രകൃതിയുടെ നൂലുകളാൽ നെയ്യപ്പെട്ട ഓണക്കോടി മുതൽ, അത്തപ്പൂക്കളം, സദ്യയൊരുക്കുന്ന അസംസ്കൃത വസ്തുക്കൾ, പുലികളി, വള്ളംകളി… അങ്ങനെ നമ്മോടു ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതിയുടെ എല്ലാ ഘടകങ്ങളെയും നമ്മൾ നമ്മളോടൊപ്പമിരുത്തി , ഓരോന്നിനും അവയുടേതായ പങ്ക് ഈ ലോകത്തിലുണ്ട് എന്ന് നാം ഈ ഉത്സവത്തിലൂടെ പറഞ്ഞറിയിക്കുന്നു .
കൂടാതെ യാത്ര പറഞ്ഞു പിരിഞ്ഞു നീങ്ങുന്ന കൂട്ടുകാരെപ്പോൽ മൺസൂൺ ദക്ഷിണേന്ത്യയോട് വിടപറയുമ്പോൾ ….
ആകാശവും വെള്ളവും തെളിയുന്നു ….
കേരളത്തിലെ മനോഹരമായ കായലുകളിൽ ഭീമാകാരമായ പാമ്പ് ബോട്ടുകൾ റാലി ആരംഭിക്കുന്നു…..
ഒരേ സ്വരത്തിൽ, ഒരേതാളത്തിൽ ആർത്തു പാടുന്ന പാട്ടുകൾ എവിടെനിന്നോ ആർത്തിരമ്പിൽ നമ്മുടെ കാതുകളിൽ അലയടിക്കുന്നു …..
അങ്ങനെ ജലാശയങ്ങളും നമ്മളോടൊപ്പം ആഘോഷമാക്കുന്നു …
തീർന്നില്ല , അത്തപ്പൂക്കളമെന്ന പുഷ്പ ഡിസൈനുകളെ , ഒരു പ്രദർശനം മാത്രമായി മാത്രമേ നമുക്കറിയൂ . പക്ഷെ അവയും , ഈ നാളുകളിൽ പ്രകൃതിയുമായുള്ള ശക്തമായൊരു ബന്ധത്തെ ചിത്രീകരിക്കുന്നു.
കാരണം ഇന്നത്തെ പോലെ, ദേഹമനങ്ങാതെ കടയിൽ നിന്നും മേടിച്ചു കൊണ്ട് വന്ന് ഇടുന്ന പൂക്കളങ്ങളായിരുന്നില്ല പണ്ട് .
പകരം പണ്ട് നമ്മൾ അത്ത പൂക്കളമൊരുക്കാൻ മലകേറിയിറങ്ങി പറിച്ചു കൊണ്ട് വന്നിരുന്ന ഓരോ പൂക്കൾക്കും നമ്മോടു പറയാനൊരു കഥയുണ്ടായിരുന്നു .
കാരണം അവയെല്ലാം , തദ്ദേശീയവും വംശനാശഭീഷണി നേരിടുന്നവയുമായിരുന്നു . അതിൽ ഏറ്റവും മികച്ചു നിന്നിരുന്നത് തുമ്പയാണ്. തുമ്പ എന്നത് വിശുദ്ധിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്ന വെളുത്ത പുഷ്പമാണ് .
പിന്നെ തുളസി ,കൃഷ്ണകിരീടം ചുവന്ന ഹൈബിസ്കസ് , പച്ചയും നീലയും കലർന്ന കാക്കപ്പൂ, മുക്കുറ്റിയുടെ ചെറുപുഷ്പങ്ങൾ അങ്ങനെ കേരളത്തിന്റെ ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകമായ മറ്റ് പല പൂക്കളും അന്നത്തെ ജനത ഉപയോഗിച്ചിരുന്നു ….
അതുപോലെ തന്നെ, ഇന്നത്തെ ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം , വാട്സാപ്പ് ബന്ധങ്ങൾ പോലെ …..
പഴയ തലമുറയുടെ ഏകത്വവും സന്തോഷവുമെല്ലാം ഉടലെടുത്തത് അവരുടെ കൃഷിയിൽ നിന്നാണ്.
കൃഷിയില്ലെങ്കിൽ അവർ ഇല്ലായിരുന്നു .
ഈ മേല്പറഞ്ഞ പ്രകൃതിയുടെ ശേഖരങ്ങൾ മുഴുവൻ നമുക്കായൊരുക്കിയ ആവാസ കേന്ദ്രമായ മൺസൂണിനും പശ്ചിമഘട്ടത്തിനും നന്ദി…..
കാരണം ,നമ്മൾ നിറങ്ങളാൽ ഒരുങ്ങിയിറങ്ങുന്നത് പോലെ ….
ഓണക്കാലങ്ങളിൽ പ്രകൃതിയും, നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ നിറങ്ങളിൽ നമ്മുടെ സംസ്ഥാനത്തെ ആകെ മൊത്തമായി ഒരു പൂക്കളം പോലെ പ്രകൃതിയുടെ നിറങ്ങളാൽ വരച്ചു വയ്ക്കുന്നു ….
അങ്ങനെ , ആകെ മൊത്തം, ഗ്രഹത്തിൽ ഒരിടത്തും കാണാത്ത, മനുഷ്യ സസ്യജന്തുജാലങ്ങളുടെ അപൂർവമായൊരു കൂടിച്ചേരലാണ് നമ്മളിന്ന് പേരിട്ടു വിളിക്കുന്ന ഓണം ….
പക്ഷെ ഇന്ന് നമുക്ക് കൃഷിചെയ്യാൻ പറമ്പുകളില്ല , കൃഷിക്കാർ ഇല്ല , വിളവെടുപ്പുകളില്ല ….
പൂക്കളമൊരുക്കാൻ തുമ്പയില്ല …..പെണ്ണില്ല …മുറ്റമില്ല …
തുമ്പി തുള്ളാൻ തുമ്പിയില്ല …ഊഞ്ഞാലാടാൻ അമ്പാടിപൈതങ്ങളില്ല ….
ഇന്നെല്ലാമെല്ലാം ഫിൽറ്ററുകൾ ഇട്ട ഫോട്ടോ പോലെ….പച്ചക്കറികളടക്കം നമുക്കായിന്ന് ലാബുകളിൽ നിന്ന് ഒരുങ്ങിയിറങ്ങുന്നു ….
അതിനാൽ പ്രകൃതിയും മനുഷ്യനുമായുള്ള ഈ സിംഫണിയെ വെറും സ്‌ക്രീനിനുള്ളിൽ മാത്രമായി തളച്ചിടാതെ നമ്മുടെ ഈ ഓണക്കാലം , അത് പ്രകൃതിക്കൊപ്പമാകട്ടെ …..
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ …..
ജോസ്‌ന സാബു സെബാസ്റ്റ്യൻ : കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന പുസ്തകത്തിൻറെ രചയിതാവ് .
പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്. വിവാഹശേഷം യുകെ യിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു കുടുംബസമേധം താമസിക്കുന്നു. വൈക്കം സെന്റ് ലിറ്റിൽ ഫ്‌ളവേഴ്സിൽ , വൈക്കം ശ്രീനാരായണ ഹൈയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ പഠനം . ബാംഗ്ലൂരിൽ നിന്നു അഗ്രികൾചറിൽ ബിരുദം . നഴ്സിംഗ് പഠനതിനുശേഷം യുകെയിൽ കുറേനാൾ ഹെൽത്ത് കെയറിൽ ജോലിചെയ്യുകയും അവിടെനിന്ന് തന്നെ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും എടുത്തു .
ഇന്റെഗ്രേറ്റിവ് ഹോളിസ്റ്റിക് മെഡിസിൻ ആൻഡ് ന്യൂട്രിഷൻ പഠിക്കുകയും നേഴ്സിങ് ഹോമിൽ അസിസ്റ്റന്റ് മാനേജർ ആയും നുട്രീഷനിസ്റ്റ് ആയും പിന്നീട് നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ ഡിസ്ചാർജ് സൗകര്യം ഒരുക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു .
സതീഷ് ബാലകൃഷ്ണൻ
വേറിട്ട ചിന്തകൾ വായിച്ചു. തിരഞ്ഞെടുത്ത വിഷയങ്ങളിലെ വൈവിദ്ധ്യം പ്രശംസനീയമാണ്. വാർത്തമാനകാല ഇന്ത്യയുടെ – കേരളത്തിന്റെ ഒരു നേർചിത്രം വരച്ചുകാട്ടുവാൻ ലേഖകന് കഴിഞ്ഞിട്ടുണ്ട്. കേരളം സാധ്യതകളും വെല്ലുവിളികളും – ഈ ലേഖനത്തിൽ ഏതാണ്ട് എല്ലാ മേഖലകളും ചർച്ചാ വിഷയം ആക്കിയിട്ടുണ്ട് – കാർഷിക മേഖലയിലെ തകർച്ചക്ക് ഗാട്ടു കരാറും അതിന്റെ തുടർച്ചയായി വന്ന ആഗോളവത്ക്കരണവും ഒരു പരിധിവരെ കാരണം ആയിട്ടുണ്ട്.
ഈ ആധുനിക കാലഘട്ടത്തിലും ആചാരങ്ങളിൽ യാഥാസ്ഥിതികത്വത്തിലേക്ക് തിരിഞ്ഞു പോകുന്ന ഒരു സാഹചര്യവും ഇപ്പോൾ നിലവിലുണ്ട്. ഈ ലേഖന പരമ്പരയിൽ എ പി ജെ അബ്ദുൽ കലാമിനെ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹമാണ്. വിദ്യാർത്ഥികൾ മാതൃകയാക്കേണ്ട ജീവിതമാണ് അദ്ദേഹത്തിന്റേത്. ലേഖനങ്ങളെ പറ്റിയും പ്രത്യേകം വിശദമായി എഴുതുന്നില്ല. കേരളത്തിന്റെ ഒരു പൊതുബോധം എങ്ങനെ എന്നുള്ളത് ഈ ലേഖനങ്ങളിൽ വായിച്ചറിയാം.
അൺ എയ്ഡഡ് മേഖലയിലെ അധ്യാപകരെ പോലെ തന്നെയാണ് നമ്മൾ അറിയപ്പെടാതെ പോകുന്ന നമ്മുടെ നാട്ടിലെ സ്വകാര്യ ഹോസ്പിറ്റലുകളിലെ നേഴ്സുമാരുടെ അവസ്ഥയും. നിയമത്തെ കളിപ്പിക്കാൻ അക്കൗണ്ടിലേക്ക് പൈസ ഇട്ടു കൊടുക്കുക അവരുടെ എടിഎം കാർഡ് ഉപയോഗിച്ച് മാനേജ്മെന്റ് പൈസ തിരികെ വാങ്ങുന്നതും യാഥാർത്ഥ്യമാണ്. കനയ്യ കുമാറിന്റെ നിലപാടും നിലപാടില്ലായ്മയും പിന്നീട് നമ്മൾ കണ്ടതാണ്. കേരളത്തിന്റെ യുവതലമുറയുടെ മാനസികാരോഗ്യം വഴിതെറ്റുന്നു എന്നുള്ളത് വളരെ ഭീതിയോടെ മാത്രമേ കാണാൻ കഴിയൂ.. രാസലഹരിയുടെ ഉപയോഗവും വ്യാപനവും ഏറെ ഭയാനകമാണ്.
ആഗോളവത്കരണത്തിന്റെ കാലഘട്ടത്തിൽ ലോകം എന്നത് ഉള്ളം കയ്യിലെ മൊബൈൽ ഫോണിലേക്ക് ചുരുങ്ങിയപ്പോൾ ഞാൻ എന്റേത് എന്നതിലേയ്ക്ക് മാത്രമായി നമ്മൾ ചുരുങ്ങുകയാണ്. വൃത്തിയുടെ കാര്യത്തിൽ അഭിമാനിക്കുന്ന മലയാളികൾ രണ്ടുനേരം കുളിക്കുമെങ്കിലും മുഴുവൻ മാലിന്യങ്ങളും റോഡിലേക്കും തോട്ടിലേയ്‌ക്കും വലിച്ചെറിയുന്നവരായി നമ്മൾ മാറി. വിദേശരാജ്യങ്ങളിൽ നിയമം പാലിച്ച് വാഹനം ഓടിക്കുന്ന മലയാളി – സ്വന്തം നാട്ടിൽ മലയാളി സകല ഡ്രൈവിംഗ് മര്യാദകളും മറക്കും. ലേഖനങ്ങളിൽ സൂചിപ്പിച്ചതുപോലെ പ്രതികരണശേഷി നഷ്ടപ്പെട്ട അന്ധമായ രാഷ്ട്രീയ അടിമകളായി ഒരു വിഭാഗം മാറുമ്പോൾ. അരാഷ്ട്രീയ വാദത്തിന്റെ അപകടവും കാണാതിരിക്കാൻ കഴിയില്ല. നിർഭയയുടെ സംഭവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ ആഹ്വാന പ്രകാരം ലക്ഷങ്ങളാണ് ഡൽഹിയിൽ തടിച്ചുകൂടിയത് എന്നാൽ അതെല്ലാം ലക്ഷ്യബോധമില്ലാത്ത വെറും ആൾക്കൂട്ടമായി മാറുകയാണ് ഉണ്ടായത്.
ഭരണഘടന സ്ഥാപനങ്ങളെ ഒന്നൊന്നായി വിഴുങ്ങുന്ന രാഷ്ട്രീയ ഭീകരത, പൗരാവകാശത്തിന്റെ കഴുത്തറക്കൽ, കറൻസി നിരോധനത്തിൽ മോദിയുടെ തന്ത്രങ്ങൾ വിജയത്തിലേക്ക്, ലോകം പുരോഗമിക്കുമ്പോൾ ഇന്ത്യ ഇരുളുന്ന യുഗത്തിലേക്ക് എന്നീ ലേഖനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടേണ്ടതാണ്. സംഘപരിവാർ രാഷ്ട്രീയം ഹിന്ദു വർഗീയതയിലൂടെ കോർപ്പറേറ്റീവ് വത്കരണമാണ് നടപ്പിലാക്കുന്നത്. ആ ലക്ഷ്യത്തിലെത്താൻ എന്തും ചെയ്യുന്നവരായി ഭരണാധികാരികൾ മാറി. ഇതിനെല്ലാം എതിരെ ഒരു രണ്ടാം സ്വാതന്ത്ര്യ സമരം അനിവാര്യമായി വരും. ഈ വിഷയങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ ഉയർത്തിയ പ്രിയപ്പെട്ട ജോജിക്ക് അഭിനന്ദനങ്ങൾ.
സതീഷ് ബാലകൃഷ്ണൻ : ആലപ്പുഴ, തകഴി, ചെക്കിടിക്കാട് ഇ. ആർ. ബാലകൃഷ്ണന്റെയും ചെല്ലമ്മയുടെയും മകൻ. സെന്റ് സേവിയേഴ്സ് യു പി എസ്. പച്ച- ചെക്കിടിക്കാട്, ലൂർദ്ദ് മാതാ എച്ച്. എസ്. എസ്., സെന്റ്. അലോഷ്യസ് കോളേജ് എടത്വ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പരസ്യ കലാരംഗത്തു പ്രവർത്തിക്കുന്നു. ഷോർട് ഫിലിം മ്യൂസിക്കൽ ആൽബം സംവിധായകൻ. കുട്ടനാട് താലൂക് ലൈബ്രറി കൗൺസിൽ മുൻ അംഗം. നിലവിൽ KPMS Media സംസ്ഥാന അസിസ്റ്റന്റ് കോർഡിനേറ്റർ ആയ ഇദ്ദേഹം ഒരു ചിത്രകാരനും ചെറുകഥാകൃത്തുമാണ്.
സ്വകാര്യബസ്സിൽ പെൺകുട്ടിക്കു നേരെ അധ്യാപകന്‍റെ ലൈംഗിക അതിക്രമം. അമ്പലമേട് സ്വദേശി കമല്‍ സൗത്ത് പൊലീസിന്‍റെ പിടിയിലായി. ഫോര്‍ട്ട്കൊച്ചി–ആലുവ ബസ്സിലാണ് പത്തൊന്‍പതുകാരിക്ക് നേരെ അതിക്രമമുണ്ടായത്.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. സീറ്റിൽ ഇരുന്നിരുന്ന പെൺകുട്ടിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. പെണ്‍കുട്ടി ബഹളംവച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ സൗത്ത് പൊലീസാണ് കേസെടുത്തത്.
കടയിരിപ്പ് ഹൈസ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍. ഇതിനു മുന്‍പും ഇയാളില്‍ നിന്ന് ഇത്തരം പെരുമാറ്റമുണ്ടായിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.