ലത മണ്ടോടി
ആഴ്ചയുടെ അവസാനമായ ഞായറാഴ്ചയാണ് ഞാൻ യാത്ര പുറപ്പെട്ടത്. കലണ്ടറിലെ വിശേഷാൽ പേജിൽ പ്രത്യേക വിശേഷങ്ങളൊന്നും ഇല്ലാത്ത ഒരു ഞായറാഴ്ച.ഒറ്റപ്പെടലിന്റെ മുഷിച്ചിലും പേറിയാണ് എന്തായാലും എന്റെ യാത്ര.. ഗ്രാമത്തിൽ ബസ്സിറങ്ങി ഒന്ന് തിരിഞ്ഞപ്പോഴേക്കും ഡബിൾ ബെല്ലടിച്ച് ബാക്കി ശരീരങ്ങളെയും കൊണ്ടത് പോയിക്കഴിഞ്ഞിരുന്നു. നടക്കാൻ പഠിച്ചുതുടങ്ങിയ കൊച്ചുകുട്ടിയെപ്പോലെ പെട്ടെന്ന് കാലൊന്നിടറി. വീഴാൻ പോയത് ആരും കണ്ടില്ല എന്ന് സമാധാനിച്ചു മുന്നോട്ടു നോക്കിയപ്പോൾ ഒരു ചെറിയ ചായപ്പീടികയിൽ നിന്ന് കുറച്ച് കണ്ണുകൾ എന്റെ നേർക്ക് നീണ്ടു.കൃഷ്ണമണികളുടെ കറുപ്പും ചില്ലുകൂട്ടിലെ കായപ്പത്തിന്റെ കറുപ്പും ഒരു നിമിഷനേരത്തെക്കെന്നെ ഒരു ഭ്രമതയിലാക്കി.
വീഴാൻ പോയത് ആരും കണ്ടിട്ടില്ല മാഷേ.ഇനി കണ്ടാലും കാര്യമാക്കാനില്ല.ഉള്ളിൽ നിന്നാരോ പറഞ്ഞു.
എന്തായാലും ഒരു ചായകുടിച്ചു കളയാം.
മാഷേ… നിങ്ങള് ചുറ്റുവട്ടം ഒന്ന് കാണു… ഈ ഗ്രാമം എങ്ങിനെയുണ്ടെന്നറിയണ്ടേ ആദ്യമായി വന്നതല്ലേ.എന്നിട്ട് പോരെ ചായകുടി.
അതും ശരിയാ.. ഞാൻ മണ്ണിട്ടറോഡിലൂടെ അല്പം നടന്നു…
സുന്ദരമായ ഒരു കൊച്ചുഗ്രാമം എന്ന് വേണമെങ്കിൽ പറയാം.മുൻപിതിന് ഭംഗി കൂടുതലായിരുന്നിരിക്കാം. അധിനിവേശം കൂടുന്നതനുസരിച്ചു നഗരം ഉള്ളിലേക്ക് ഇടിച്ചു കയറി ഈ ഗ്രാമത്തെ ഞെക്കി ഞെരുക്കി
കൊണ്ടിരിക്കുകയാണെന്ന് ഒറ്റനോട്ടത്തിൽ എനിക്ക് മനസ്സിലായി.
ഈ ഗ്രാമവും ചുളിഞ്ഞ മുഖത്തെ പൂട്ടിയിട്ട് അലങ്കരിച്ച് നടക്കുന്ന ഒരു വൃദ്ധയെപ്പോലെ നഗരസംസ്കാരം ആവാഹിച്ചു വികൃതമായി.
നിന്ന നിൽപ്പിൽ തോളിൽ തൂക്കിയ
സഞ്ചി പതുക്കെ അല്പം തള്ളി നിൽക്കുന്ന വയറിന്മിലേക്ക് കയറ്റിവെച്ച് അഡ്രസ് എഴുതി വെച്ച പുസ്തകം എടുക്കാൻ ഒന്ന് ശ്രമിച്ചു..വയറമർന്നിട്ടോ എന്തോ താഴേക്കു പോയ കീഴ്
വായു ചായകുടിക്കാൻ നിർബന്ധിച്ചപോലെ ഞാൻ വീണ്ടും ചായപ്പീടികയിലേക്ക് തിരിച്ചു നടന്നു..
പീടികയിലേക്ക് കയറിയ ഉടനെ നേരത്തെ കണ്ട കണ്ണുകളിൽ രണ്ടെണ്ണം എഴുന്നേറ്റു നേരെ അടുത്തേക്ക് വന്നു.ആ കണ്ണുകളിൽ നിന്ന് പരിചയിക്കാനായിട്ടൊരു ചിരിയും കൂടെ വന്നു.
“മാഷല്ലേ….”
“അതെ….”
“ഇന്ന് ഹേഡ് മാഷ് ചാർജ് എടുക്കാൻ വരുമെന്ന് മൊയ്തു പറഞ്ഞിന്..ഓൻ സാർനു വീട് തപ്പിനടന്നിനല്ലോ….”
“ഞാൻ നിങ്ങള് വിചാരിച്ച ആളേ അല്ല… എന്റെ പേര് ദേവരാജൻ. ഞാൻ ഹെഡ്മാഷായിരുന്നു. പിരിഞ്ഞിട്ട് ഇപ്പോൾ പത്തു കൊല്ലം കഴിഞ്ഞു.ഞാൻ വേറെ ഒരാളെ അന്വേഷിച്ചു വന്നതാ…”
“തന്യോ… ങ്ങള് അപ്പം മൊയ്‌തുന്റെ ആളല്ലല്ലേ….”
“അല്ല..”
എന്റെ ആവശ്യം എന്തായാലും പറയട്ടെ ന്ന് ഞാൻ തീർച്ചയാക്കി.അപ്പോഴേക്കും എന്റെ ചുറ്റും മറ്റു കണ്ണുകൾ കൂടി വട്ടമിട്ടു പറന്നു.
തോൾ സഞ്ചിയിൽ നിന്ന് പോക്കറ്റിൽ എടുത്തിട്ട കൊച്ചുപുസ്തകം ഇടതുകൈകൊണ്ടെടുത്തു,ഒരു പേജിന്റെ അറ്റം മടക്കി ത്രികോ ണമാക്കി അടയാളം വെച്ച പ്രഭാവതിയെ വിരലുകൊണ്ടെടുത്തു പുറത്തിട്ടു.
“അവിടെ നിക്കി മാഷേ.. ങ്ങള് ചായിം ചൂടുള്ള പൊരിച്ച പത്തിരിം കയിക്കി. ന്നട്ട് മ്മക്ക് ബി ശേഷങ്ങൾ പറയാം…”
“അംസൊ.. യ്യ് ഞമ്മളെ മാഷുക്ക് ഒരു ചായ കൊടുക്കെടോ..”
നെറ്റിയിലേക്ക് ഇറങ്ങി വന്ന കോഴിപ്പൂടയെ മുഖം കൊണ്ട് ഒരാട്ടാട്ടി ഒരുത്തൻ ചായ കൊണ്ട് വന്നു.
“സാർ.. കുച്ച് ഖാനെ കേലിയെ?..”
വിരൽ മുക്കിച്ചായയാണോന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.
“കുച്ച് നഹിം…”
“ഇനി പറയിൻ…ങ്ങക്ക് ആരെയാ കാണേണ്ടെ…”
ഞാൻ പ്രഭാവതിയുടെ അഡ്രസ് എടുത്തു കാട്ടി.
“ന്റെ പടച്ചോനെ…ഓളെന്തിനാ ങ്ങക്ക്…”
“എന്റെ വീട്ടിൽ സഹായത്തിനു
നിന്നിരുന്നതാ.. പെട്ടെന്ന് മോൻ വിളിച്ചു കൊണ്ടുപോയി. വിവരമൊന്നും പറഞ്ഞില്ല. ഫോൺ എടുക്കുന്നുമില്ല”.
“മാഷേ… ഓളെ ആരോ കല്യാണം കയിച്ചൂന്ന് കേട്ടു. മോൻ തന്നെയാ കയിപ്പിച്ചത്.കലികാലം.,. തള്ളമാർക്ക് ബന്ധ ണ്ടാക്കാൻ നടക്കണ മക്കള്.. എന്താ പറയാ മാഷേ…”
“എന്തായാലും ആ വീടുവരെ ഒന്ന് പോയിട്ട്..”
“ആയിക്കോട്ടെ മാഷേ.. ആ മണ്ണിട്ട റോഡിനു പോയി ആരോട് ചോയി ച്ചാലും പറഞ്ഞരും.ഓളെ എല്ലാർക്കും അറിയാം. പ്രഭാസ് ഹെർബൽ ഹെയർ ഓയിൽ ന്റെ പ്രഭാവതി ന്ന് ചോയിച്ചാൽ മതി.ഓള് പയറ്റാത്ത പയറ്റില്ല മാഷേ..”
“ശരി….”
“മാഷേ…ങ്ങക്ക് ഞാൻ കുറച്ച് എണ്ണ കൊണ്ടുതരട്ടെ.. നല്ല ഉറക്കം കിട്ടും ഈ നരയൊക്കെ പോയി കറുത്ത മുടി കിളിർത്തു വരും. നല്ല സുന്ദരകുട്ടപ്പനാവും മാഷേ ങ്ങള് .കണ്ണിനും നല്ല കുളിർമയാണ്. ഞാൻ തന്നെ കാച്ചുന്ന എണ്ണല്ലേ. പ്രഭാസ് ഹെർബൽ ഹെയർ ഓയില്..”
ഓർമകളിൽ കൂടി ഞാൻ പിറകോട്ടു ജീവിച്ചു തുടങ്ങി.
“വേണ്ട പ്രഭാ … ഇനി ഇങ്ങനെയൊക്കെ അങ്ങിനെ ജീവിച്ചു തീർന്നാൽ മതി…”
അവളുടെ സ്ത്രീമനസ്സിന് പെട്ടെന്നൊരു വളം വെച്ചുകൊടുക്കണ്ട എന്നു കരുതി..
പിന്നീട് പ്രഭാസ് ഹെർബൽ ഓയിലിന്റെ പച്ചപ്പിൽ അവൾ എന്റെ മുടിയിഴകളെ മുക്കിയതോർത്തു ഞാനങ്ങനെ നടന്നു.ചുണ്ടിൽ ഒരു ചെറുപുഞ്ചിരി തത്തിക്കളിച്ചത് മറയ്ക്കാൻ ഒരു ഗൗ രവം എടുത്തണിഞ്ഞു. വിവരവും വിദ്യാഭ്യാസവും ഒന്നും ഇല്ലെങ്കിലും എന്തൊരു ആജ്ഞാശക്തിയായിരുന്നു പ്രഭയുടെ കണ്ണുകൾക്ക്.
അതൊരിക്കൽ ഒരബദ്ധം പറ്റിയതല്ലേമാഷേ..
ശരിയാണ്…ചിലപ്പോഴൊക്കെ ഒരു ചാഞ്ചല്യം തോന്നിയെങ്കിലും ഒരു സദാചാര കാപട്യത്തിന് അടിമയായതുകൊണ്ട് ആ ചിമിഴിനുള്ളിൽ ഞാൻ അമർന്നുപോയിരുന്നു.ആ കണ്ണുകളിലെ കടൽചുഴികളെ ഞാൻ എപ്പോഴും ഭയപ്പെട്ടു.
വിവാഹത്തെപ്പറ്റി എന്തേ ഒന്നും പ്രഭ പറയാതിരുന്നത്. ചിലപ്പോൾ ഞാൻ ഹരിയുടെ കൂടെ സിയാറ്റിനിൽ പോയപ്പോൾ ആയിരിക്കും അത് നടന്നത്.അല്ലാതെ അവൾ …
പിന്നെ അവളുടെ മുന്നിൽ ഞാനൊട്ടും ഒരു മൃദുല വികാരഭരിതനായിരുന്നില്ലല്ലോ. അതുകൊണ്ട് തന്നെ ഞാൻ കടന്നുചെ ല്ലാത്ത അപരിചിത ഭൂമികൾ അവളുടെ മനസ്സിനുണ്ടായിരുന്നിരിക്കണം.
ലക്കും ലഗാനും ഇല്ലാതെ ഓടിച്ചുവന്ന ഒരു സൈക്കിൾ പെട്ടെന്ന് എന്റെ മുൻപിൽ നിർത്തി.
“എന്റമ്മോ .. ഞമ്മളെ ബിമാനം വരുന്നത് ങ്ങക്ക് കണ്ടൂടെ… ങ്ങളേ ടുത്തെയാ….”
പെട്ടെന്ന് നിർത്തിയ സൈക്കിളിൽ നിന്ന് അവൻ താഴെയിറങ്ങി.
“ങ്ങള്….ഏടെള്ളതാ..?”
“കുട്ടി ഇവിടെ അടുത്തുള്ളതാണോ. എനിക്കൊരു പ്രഭാ വതിയുടെ വീട് പറഞ്ഞുതരുമോ…?”
“ങ്ങള് എടേള്ളതാണ്…പറഞ്ഞില..ഞാൻ ഇതുവരെ കണ്ടീക്കില്ല.. ”
“ഞാനൊരു മാഷാ മോനെ.. കുറച്ച് ദൂരെനിന്നു വരാണ്….”
“മോൻ ഇവിടെ അടുത്താണോ..?”
“ഞാൻ കദീജാബീന്റെ മോൻ. ഫൈസല്…”
“എങ്ങോട്ടാണ് കുട്ടി ഇങ്ങനെ പറക്കുന്നത്. പേടിച്ചുപോയി ഞാൻ ആ വരവ് കണ്ടിട്ട്…”
“അതോ ഞാൻ പൊള്ളിച്ച കോഴിം അൺലിമിറ്റഡ് നെയ്ച്ചോറും വാങ്ങാൻ പോവാ ടൗണില് . ചെറിയോൻ സുന്നത്ത് കയിഞ്ഞ് കെടക്കാ.ഓന് തിന്നാൻ കൊടുക്കാനാ. അതന്നെ വേണന്നൊരു വാശിപ്പൊറത്താ ചെക്കൻ.അതാ തെരക്ക്.പ്രഭാവതി യമ്മേന്റെ പോരെന്റ ടുത്താന്റെ പൊര.ഒരേടത്തെ കുട്ടിനെ ഞാനാ സൈക്കൾമ്മല് വെച്ച് സ്കൂളിൽ കൊണ്ടോവല്.
ഓല് പ്പം ആടെല്യ .,എങ്ങോട്ടോ പോയി.സുരേഷേട്ടനും ചേച്ചിം മോളും ആടെണ്ട്. ഒരു മഞ്ഞ പെയിന്റ് അടിച്ച പൊരയാണ്. അത് നോക്കി പൊയ്ക്കോളി.ഇബടെ അടുത്താ….”
പഴകുന്തോറും വീര്യമേറുന്ന വീഞ്ഞിനെ പ്പോലെ ഓർമ്മകൾ ചിലപ്പോൾ എന്നെ മത്ത് പിടിപ്പിച്ചു. അവൾ പോവേണ്ടിയിരുന്നില്ല.ആരും പോവേണ്ടിയിരുന്നില്ല.സ്വന്തമായ ഗൗരിപോലും ഒരു നാൾ പോയില്ലേ.. കരിമഷി എഴുതിയ നീണ്ട കണ്ണുകളുള്ള എന്റെ ഗൗരി.
അതിന് ശേഷം ഹരിയാണ് വീട്ടിൽ നിൽക്കാൻ താല്പര്യമുള്ള സ്ത്രീയെ വേണമെന്ന് പരസ്യം കൊടുത്തത്. അവനെന്റെ മകനല്ലേ എന്നെ പഠിച്ചവൻ.അവന്റെ കണ്ണിൽ സ്കൂളിൽ പോവാനും വരാനും മാത്രമറിയുന്ന അച്ഛനായിരിക്കാം ഞാൻ. മടിയൻ.
ചിലപ്പോളെങ്കിലും മക്കൾ
മാതാപിതാക്കളുടെ ഉടമസ്ഥരാവാറുണ്ടല്ലോ.
ആ പരസ്യം കണ്ടിട്ടാണ് പ്രഭയുടെ മകൻ സുരേഷ് അവളെ വീട്ടിൽ കൊണ്ടുവന്നത്.
കണ്ണടയ്ക്ക് പുറത്ത് നാട്ടുവഴിയിൽ ഒരു മഞ്ഞവെളിച്ചം പെട്ടെന്ന്
പ്രത്യക്ഷപ്പെട്ടു.
ഒരു മഞ്ഞ പെയിന്റ് അടിച്ച പോരയാ.
ഇത്തിരി നേരം ഒത്തിരി കാര്യങ്ങൾ പറഞ്ഞ ഫൈസൽ അപ്പോഴും കൂടെ ഉണ്ടായിരുന്നു.
ഇരുമ്പ് ഗേറ്റ് മലർക്കെ തുറന്നു ഞാൻ അകത്തുകയറി.കാളിങ് ബെൽ അടിച്ചപ്പോൾ പകലുറക്കം ചീർപ്പിച്ച മുഖവുമായി സുരേഷ് പുറത്തുവന്നു.തലേന്ന് കഴിച്ച മദ്യത്തിന്റെ വാട വമിക്കുന്ന ശ്വാസം എന്റെ നേർക്കും.
“മാഷേ കയറിയിരിക്ക്….
നേരിട്ട് വരുമെന്ന് വിചാരിച്ചില്ല.”
.
“ഒന്നൂല്യെങ്കിലും കുറച്ചുകാലം അവരുവെച്ചുതന്ന ഭക്ഷണം കഴിച്ചില്ലെ .. ഒരു വിവരവും ഇല്ലാത്തപ്പോൾ നേരിട്ട് പുറപ്പെട്ടു.”
“അവളും മോളും വീട്ടിൽ പോയതാ മാഷേ.. ഒരു ചായ തരാനും കൂടി…”
സുരേഷിന്റെ വെറുതെയുള്ള ചായ സൽക്കാരം ഒരു നീരസത്തോടെ ഞാൻ കേട്ടു.
“അമ്മയെവിടെ? എന്തുകൊണ്ടെ ഒന്നും പറയാതെ പോന്നത്?”
ഞാൻ ചോദിച്ചു.
“മാഷേ….ഇവിടെ അടുത്ത വീട്ടിൽ ഒരു ഹരിദാസൻ നായർ ഉണ്ടായിരുന്നു. അയാൾ തീരെ വയ്യാതെ കിടപ്പിലാണിപ്പോൾ.. ബാംഗ്ലൂരിലാണ് താമസം .അയാളുടെ വീട്ടിലായിരുന്നു അമ്മ ചെറുപ്പത്തിൽ പണിക്കു നിന്നത്. അയാളുടെ ഭാര്യ മരിച്ചുപോയതാണ്. അയാൾ പറഞ്ഞിട്ട് അയാളുടെ മകനാണ് ഇവിടെ വന്നു അമ്മയെകൂട്ടി കൊണ്ടുപോയത്….”
“അപ്പോൾ ബാംഗ്ലൂരിലാണോ ഇപ്പോൾ?”
“അതെ….”
“ഇവിടെ എത്തി വീട് അന്വേഷിച്ചപ്പോൾ അമ്മയുടെ വിവാഹം കഴിഞ്ഞൂന്നാണല്ലോ ഞാൻ കേട്ടത്..”
“അങ്ങനെയൊന്നുമല്ല മാഷേ.
അയാൾക്ക് അമ്മയെ രജിസ്റ്റർ മാര്യേജ് കഴിക്കാൻ താല്പര്യമുണ്ടെന്നു പറഞ്ഞു.
അച്ഛനെന്തെങ്കിലും പറ്റിയാൽ അച്ഛന്റെ പെൻഷൻ ആ സ്ത്രീയ്ക്കു കിട്ടിക്കോട്ടേ എന്നൊരു ആഗ്രഹം അച്ഛനുണ്ടെന്നു അയാളുടെ മകൻ പറഞ്ഞു. അമ്മയ്ക്ക്
എതിർപ്പൊന്നുമില്ലാത്തതുകൊണ്ട് ഞാനും സമ്മതം മൂളി…..”
“എന്തേ അയാൾക്കങ്ങിനെയൊരു താല്പര്യം ഉണ്ടാവാൻ എന്ന് ചോദിച്ചില്ലേ..?”.
“അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നീല മാഷേ….ഇപ്പോൾ അമ്മ പണിയെടുക്കുന്നുണ്ട്. അമ്മയ്ക്കു വയ്യാണ്ടായാൽ ഞാൻ ഒറ്റയ്ക്കു നോക്കണ്ടെ .. കൂടപ്പിറപ്പുകളും കൂടി ഇല്ല…”
“മുൻതലമുറ പിൻതലമുറയെ സംരക്ഷിക്കണം ..എന്ന ആശയം അല്പം പഴയതല്ലേ മാഷേ”….
സുരേഷ് അങ്ങിനെ ചിന്തിച്ചതിൽ എന്താണ് തെറ്റ്.എന്റെ ഉള്ളിൽ നിന്നുള്ള ചോദ്യം.
“അത് ശരിയാ സുരേഷേ…”
“മാര്യേജ് കഴിഞ്ഞിട്ടില്ല. തത്കാലം അവിടെ നിർത്തിയിട്ട് രജിസ്ട്രാറെ വീട്ടിലേക്ക് വരുത്തി ചെയ്തോളാം എന്നാണ് പറഞ്ഞത്.
പിന്നെ ജീവിതത്തിൽ മുഴുവൻ അമ്മ കഷ്ടപ്പെട്ടിട്ടെ ഉള്ളു മാഷെ… കുറച്ചു കാലമെങ്കിലും നന്നായി ജീവിക്കാൻ പറ്റിയാൽ നല്ലതല്ലെ മാഷേ..”
“തീർച്ചയായും….”
“ചേക്കു എന്ന റാക്കു കാച്ചുന്നോന്റെ മോള് പ്രഭേനെ ചിന്നൻ നായരുടെ മോൻ ഹരിദാസൻ കല്യാണം കഴിക്കോ മാഷേ. അന്ന് വിവരല്ലായ്‌നു.പൂതിണ്ടായിട്ട് എന്ത് കാര്യം…”.
ഒരിക്കൽ മേശപ്പുറത്തു നിന്ന് ഹരികൊണ്ടുവന്ന ഗുച്ചിയുടെ സെന്റ് കുപ്പി കൈയിൽ എടുത്ത് പ്രഭ പറഞ്ഞു.
“ഇയ്റ്റാലൊന്നു മേലേക്ക് ശൂ……ന്ന് ചീറ്റി മണണ്ടോന്നു നോക്കട്ടെന്നും പറഞ്ഞാ ഹരിദാസേട്ടൻ എനിക്ക്….”
“കുപ്പി അവിടെ മേശപ്പുറത്തു വെച്ച് അടിച്ചു വാരാൻ നോക്കു പ്രഭാ …”.
അവൾ പലപ്പോഴായി പറഞ്ഞ അവിടവിടെ പഴകി കീറിയ കഥകൾ എല്ലാം കുടി പെറുക്കി തുന്നിചേർത്ത് വ്യക്തമായ ഒരു രൂപമുണ്ടാക്കാൻ ഞാൻ കുറേ ശ്രമിച്ചു. പക്ഷേ അത് വീണ്ടും പിഞ്ഞി കീറി ഓട്ട വീണുകൊണ്ടേ ഇരുന്നു.സൂചിക്കുഴയിൽ നൂലിടൽ ഒരു പാഴ് വേലയായപ്പോൾ ഞാൻ ഒരിക്കൽ ചോദിച്ചു.
“അപ്പോൾ സുരേഷിന്റെ അച്ഛൻ….?”
“അതെ മാഷേ..അയാളെന്നെ..മൂപ്പരെ ഉടനെ പട്ടാളത്തിൽ പറഞ്ഞയച്ചു ചിന്നൻ നായര് . എന്റെ ജമ്മം ഇയ്റ്റാലൊക്കെ ആയിം പോയി . സുരേഷിനും അച്ഛനാരാന്നറിഞ്ഞൂടാ.ഓന് പിന്നെ അതൊന്നും പ്രശ്നല്ല.. സുഖിച്ചു ജീവിക്കണം അത്രേള്ളൂ .ഹോട്ടൽ പണിയെടുത്താ മാഷെ ഞാൻ ഓനെ പോറ്റീത്.അരച്ചരച്ചു തഴമ്പു വീണ കൈകളാ എന്റേത്.
അപ്പോൾ അതാണ് കാര്യം.
സുരേഷിനോട് യാത്രപറഞ്ഞു ഞാൻ തിരികെ പോന്നു.
നിരത്തിലെ മഞ്ഞ വെളിച്ചം മായ്ഞ്ഞു തുടങ്ങി.റോഡിന്റെ ഒരുവശത്തു ഒരു വീടിന്റെ മതിലിന്മേലിൽ നിന്നു ശംഖുപുഷ്പത്തിന്റെ വള്ളി താഴേക്കു വീണുകിടക്കുന്നുണ്ടായിരുന്നു. നിറയെ കരിമഷിയെഴുതിയ പൂക്കളെ ആ നഗ്നമായ മതിൽ മാറോടു അടക്കിപ്പിടിച്ചിരുന്നു. ശൂന്യതയിലും ചിത്രം വരയ്ക്കാൻ പറ്റുന്ന കരിമഷി എഴുതിയ മിഴികൾ . ഈ മതിലിന്റെയും ദൗർബല്യമാണോ എന്നെനിക്കു വെറുതെ തോന്നി.
പ്രതീക്ഷയറ്റ മടക്കയാത്ര ആയതുകൊണ്ടോ എന്തോ ഒരു ഇല്ലായ്മയായിരുന്നു മനസ്സിന്.. അർത്ഥവ്യാപ്തി ഇല്ലാത്ത എന്തോവായിച്ചു തീർന്നപോലെ വെറുതെ കടന്നുപോയ ഒരു അരദിവസത്തെ പിന്നിലാക്കി
നടത്തതിന് വേഗത കൂട്ടി.ഒരു പുസ്തകത്തിൽ വായിച്ചത് ഞാൻ ഓർത്തു. ശരീരത്തിന്റെ കോശവിഭജനം തീരെ മന്ദഗതിയിലാവുമ്പോൾ താനൊഴികെ മറ്റെല്ലാത്തിനും വേഗതകൂടിയതുപോലെ തോന്നും ആ തോന്നലിലൂടെ അപരിചിതമായ ഏതോ ഒരു നിസ്സഹായത എന്നെ പിൻതുടർന്നു.
ബസിൽ കയറി ടൗണിൽ എത്തിയാൽ നല്ലൊരൂണ് കഴിയ്ക്കാം.പ്രഭ പോയേപ്പിന്നെ വീട്ടിൽ ഒന്നും വെച്ചുകഴിക്കാറില്ല. വിളിച്ചുപറഞ്ഞാൽ എന്തും മുന്നിലെത്തും.എന്നാലും പെട്ടെന്ന് അവളെ ഓർത്ത് പോയി.
ആത്മാർത്ഥത കുറച്ചു കൂടുതലായിരുന്നു പ്രഭ യ്ക്ക്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള ഒരു സ്നേഹം. പിന്നെ പിന്നെ എനിക്കതു തോന്നി തുടങ്ങിയിരുന്നു.
ഒരു ദിവസം കീറിത്തുന്നിയ അവളുടെ കുപ്പായം കണ്ട് ഞാൻ ചോദിച്ചു.
നിനക്ക് നല്ല സാരിയൊന്നുമില്ലേ ഉടുക്കാൻ..?”
“മാഷേ ങ്ങക്ക് അത്ര സങ്കടണ്ടെങ്കിൽ കുറച്ചു മേടിച്ചന്നോളി. ഉടുത്തു പഴകീതല്ലേ ഓരോരുത്തര് തരോ ള്ളു “.
“അ… നിർത്ത് നിർത്ത്. എന്തെങ്കിലും വീണുപോയാൽ അതിൽ പിടിച്ചു കേറിക്കോളും…”
മുഷിച്ചിൽ മാറ്റാൻ ഞാൻ പുറത്തേക്കിറങ്ങിപ്പോയി.മാസ ശമ്പളം കൃത്യമായി എണ്ണിക്കൊടുത്തു നിർത്തിയ ഒരു വേലക്കാരി മാത്രമല്ലേ താൻ എന്ന് അവൾക്ക് അപ്പോൾ തോന്നിയിരിക്കും.
ടൗണിലെത്തി ഊണുകഴിച്ചു. പിന്നത്തെ ബസും കയറി വീട്ടിൽ എത്താറായപ്പോഴേക്കും സമയം സന്ധ്യയോടടുത്തു.ആകാശത്തിൽ പകല് ചേക്കേറിയ പക്ഷികൾ മടക്കയാത്ര തുടങ്ങി. മൂപ്പെത്താത്ത സന്ധ്യയിൽ വിളക്ക് വെയ്ക്കാത്ത ഉമ്മറവും തുളസിത്തറയും ദൂരെനിന്നെ കാണാമായിരുന്നു.അൽപായുസ്സായ സന്ധ്യക്ക് മേൽ ഇപ്പോൾ ഇരുട്ട് പരക്കും.
ആരോ വാതിലിനു താഴെ നിലത്തു കൂനിക്കൂടി ഇരിയ്ക്കുന്നതുപോലെ ഒരു അവ്യക്തത.പക്ഷേ അതൊരു തോന്നലല്ലായിരുന്നു.
“ഇങ്ങള് എവിടെ പോയി ….മാഷേ.. ഞാന് രാവിലെ മുതൽ ഇരിക്കാ….. അടുത്തുള്ളോരു വൈന്നേരം വരുന്ന് പറഞ്ഞോണ്ട് ഇവിടെ തന്നെ ഇരുന്നു.
“പ്രഭ എന്തേ തിരിച്ചു പോന്നേ.?..”
“അയാൾക്കിപ്പളും ഞാൻ ചേക്കൂന്റെ മോളന്യാ മാഷേ. അയാള്
ചിന്നൻ നായരെ മോനും….പണ്ടത്തെപോലല്ലല്ലോ ..എനിക്ക് വിവരം വെച്ചില്ലെ പറഞ്ഞു പറ്റിക്കല് ഇനി നടക്കൂല….”
“മാഷാവുമ്പം എനിക്ക് കൃത്യ ശമ്പളോം കിട്ടും.. സ്വന്തം പോലെ എനിക്കിവിടെ നിക്കും ചെയ്യാം ….” അതും പറഞ്ഞവൾ ചിരിച്ചു.
മനസ്സ് കൃത്യമായി പ്രകടമാക്കുന്ന മൂന്നു വാക്കുള്ള ആ പഴയ പരസ്യവാചകം ഓർത്തു ഞാനും ചിരിച്ചു.
“എനിക്ക് വിശന്നിട്ടു വയ്യ മാഷേ….. ങ്ങള് വീട് തുറക്കി.”
പൂട്ട് തുറന്നു.ഓടാമ്പൽ നീക്കിയപ്പോൾ രണ്ട് കരിമഷിക്കണ്ണുകൾ ഒരു താക്കീതോടെ എന്നെ വീണ്ടും തുറിച്ചു നോക്കി.
ലത മണ്ടോടി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ച ശ്രീമതി ലത മണ്ടോടി ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി കഥകളെഴുതാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു കൂട്ടായ്മയുടെ അക്ഷരങ്ങൾ എന്ന മാഗസിനിന്റെ സബ് എഡിറ്റർ ആണ്.. കഥകളുടെ ആദ്യസമാഹാരം പണിപ്പുരയിലാണ്.
ജോസ് ജെ വെടികാട്ട്
പാടിത്തളരാത്ത പൂങ്കുയിലേ നീ പാടുമോ വീണ്ടും ? ഒരു പാട്ട് കൂടി !
കൈവശം ബാക്കിയുള്ള ഒരേയൊരു ഹൃദയം മാത്രം ഉൺമ തൻ സ്വരൂപനാം ദേവനു കാണിക്കയായ് അർപ്പിക്കാൻ ഒരു പാട്ടുകൂടിയെങ്കിലും പാടുമോ?!
ദേവൻ നിന്നെ തുണച്ചീടുകിൽ നിനക്കും ഈ ഭൂമിയിൽ ജീവിക്കാം ഒരു പാട്ടുകാരനായ്, ഒരു പാവം പാട്ടുകാരനായ്!
നഷ്ടബോധത്താലും , ദു:ഖഭാരത്താലും നീ തളരിലും , ധനലോഭത്തിൻ നിരാശതയാലായാലും ഒരു പാട്ടു കൂടി !
ഇനിയും പാടും പാട്ടിൽ നീ യോഗാരൂഡനായ് തീരാം,
സുഖദു:ഖങ്ങളിൽ നീ സമഭാവനയോടെ വർത്തിക്കാം,
ഇനിയും വറ്റാത്ത നിന്റെ പാട്ടിന്റെ ഉറവയിൽ നിന്നും വീണ്ടും അനുസ്യൂതം പാട്ടുകൾ തുടരാൻ ഈ മൗനം ഭഞ്ജിച്ച് ഒരു പാട്ടു കൂടി നീ പാടുമോ?
പാട്ടിൽ നിന്നും പാട്ടുകളിലേക്ക് യോഗാത്മമായ് ചലിക്കും നിൻ ചിത്തം !
പാട്ടുകളാണ് നിന്റെ ജനിയും പുനർജനിയും!
കാലം തുടരും പോൽ സ്വാഭാവീക പ്രതിഭാസമെന്നോണം നിന്റെ പാട്ടും തുടരുന്നു നിഷ്ക്കാമകർമ്മമായ് !
ജനിമൃതികളിൽ ചഞ്ചലചിത്തനാവാതെ പാട്ടിൽ നീ യോഗാത്മമാകുന്നു !
നിനക്കു കൈവന്ന യോഗചിത്തതിൻ സാക്ഷാത്ക്കാരം സംസാരസാഗരത്തിൻ മാണിക്യമുത്തായ പാട്ടല്ലോ! പാട്ടമൃതമല്ലോ!
പാട്ടിന്റെ ഉൾത്തുടിപ്പല്ലോ മുന്നോട്ടു നിന്നെ നയിക്കുന്നത്!
പാട്ടൊഴിച്ച് മറ്റുള്ളവയെല്ലാം നീ പരിത്യജിക്കിലും, യോഗത്തെ പുല്കിലും , നിനക്കു പാട്ടുണ്ടല്ലോ, പാട്ടെങ്കിലും ഇല്ലാതെ യോഗം നിനക്ക് നിരർത്ഥകം.
എന്നും നിലനില്ക്കും പാട്ടിന്റെ നൂലിഴകളുമായ് നിന്നെ ഒന്നു ചേർക്കും നിൻ ഹൃദയസംഗീതം ജീവന്റെ ഒരു ചെറു അണുവിൻ തുടിപ്പ് നിന്നിൽ അവശേഷിക്കുവോളം നീ വിസ്മരിക്കില്ല !
അത് നിന്റെ ഹൃദയാരുവിയായ്, പാട്ടിന്റെ ഒരിക്കലും വറ്റാത്ത ഉറവയായ് ഒഴുകും !
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ ഈ വർഷത്തെ വാർഷിക സമ്മേളനം ” THAIBOOSA ” സെപ്റ്റംബർ 21 ന് ബിർമിംഗ് ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും . സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനത്തിന്റെ ഔദ്യോഗിക ഉത്‌ഘാടനം നിർവഹിക്കുകയും , രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനോടും രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും ഉള്ള വൈദികരോടുമൊപ്പം വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും .
രാവിലെ എട്ട് മുപ്പത് മുതൽ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും .മേജർ ആർച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സന്ദർശനത്തിനെത്തുന്ന മേജർ ആർച്ച് ബിഷപ്പ് പങ്കെടുക്കുന്ന പരിപാടി എന്ന നിലയിൽ രൂപതയുടെ എല്ലാ ഇടവക മിഷൻ പ്രൊപ്പോസഡ് മിഷനുകളിൽ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുവാനായുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ വിവിധ തലങ്ങളിൽ ഉള്ള ഭാരവാഹികളും രൂപതയിലെ വിമൻസ് ഫോറം അംഗങ്ങളും എന്ന് കമ്മീഷൻ ചെയർമാൻ ഫാ ജോസ് അഞ്ചാനിക്കൽ , വിമൻസ് ഫോറം ഡയറക്ടർ റെവ. ഡോ സി. ജീൻ മാത്യു എസ് എച്ച് . വിമൻസ് ഫോറം പ്രസിഡന്റ് ട്വിങ്കിൾ റെയ്‌സൺ, സെക്രെട്ടറി അൽഫോൻസാ കുര്യൻ എന്നിവർ അറിയിച്ചു .
റോമി കുര്യാക്കോസ്
നോട്ടിങ്ഹാം: വയനാട് ദുരന്തത്തിനിരയായവർക്ക് സാന്ത്വനമരുളിക്കൊണ്ട് ഒ ഐ സി സി (യു കെ) അധ്യക്ഷ ഷൈനു ക്ലെയർ മാത്യൂസ് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയുമായി യു കെ മലയാളി സമൂഹവും സോഷ്യൽ മീഡിയയും. ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നോട്ടിങ്ഹാമിലെ സ്കൈഡൈവ് ലാങ്ങറിൽ സംഘടിപ്പിക്കപ്പെട്ട ‘സ്കൈ ഡൈവിങ്ങി’ന്റെ ഭാഗമാവുകയായിരുന്നു യു കെയിലെ അറിയപ്പെടുന്ന ചാരിറ്റി പ്രവർത്തക കൂടിയായ ഷൈനു. ഏകദേശം 11,000 പൗണ്ട് സമാഹരിക്കാൻ ഈ ഉദ്യമത്തിലൂടെ ഇതുവരെ സാധിച്ചിട്ടുണ്ട്.
കേരളത്തെ പിടിച്ചു കുലുക്കിയ ഒരു പ്രകൃതി ദുരന്തത്തിന്റെ ദുരിതത്തിൽ നിന്നും കരകയറുന്നതിന് സഹായകമായി, ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് തീർത്തും സുതാര്യമായി ഇത്തരത്തിലുള്ള സാഹസിക പ്രകടനങ്ങളിലൂടെ, വിദേശ മലയാളി സമൂഹത്തിലെ രാഷ്ട്രീയ – സാംസ്കാരിക സംഘടനയയുടെ തലപ്പത്തുള്ള ഒരാൾക്ക്, ഇത്രയും പണം സ്വരൂപിക്കാൻ സാധിച്ചതും അർഹതപ്പെട്ട കരങ്ങളിൽ അതു എത്തിക്കുന്നതും ആദ്യമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാസമാണ് കോൺഗ്രസ് ആഭിമുഖ്യമുള്ള പ്രവാസ സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) – യുടെ യു കെ ഘടകം അധ്യക്ഷയായി ഷൈനുവിനെ കെ പി സി സി നിയമിക്കുന്നത്.
വയനാട് ദുരന്തത്തിനിരയായ അനേകം ജീവനുകളുടെ കണ്ണീരൊപ്പുന്നതിനായുള്ള ജീവകാരുണ്യ പ്രവർത്തന ധന ശേഖരണത്തിന്റെ ഭാഗമായി, 15000 അടി ഉയരത്തിൽ നിന്നും കഴിഞ്ഞ ദിവസം ഷൈനു ക്ലെയർ മാത്യൂസ് വിജയകരമായി പൂർത്തീകരിച്ച ‘ആകാശ ചാട്ടം’ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു. യു കെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള മലയാളി സമൂഹം നേരിട്ടും അല്ലാതെയും വലിയ പിന്തുണയാണ് ഈ സാഹസിക ഉദ്യമത്തിന് നൽകിയത്. ധന സമാഹരണത്തിനായി ഷൈനുവിന്റെയും അവരുടെ ഏയ്ഞ്ചൽ മൗണ്ട്, ക്ലെയർ മൗണ്ട് എന്നീ പ്രസ്ഥാനങ്ങളിലെ ജീവനക്കാരുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്ന് ‘ഫുഡ് ഫെസ്റ്റു’കളും യു കെയിൽ വൻ ഹിറ്റായിരുന്നു.
ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുൻപും രണ്ടു തവണ ഇത്തരത്തിലുള്ള സ്കൈ ഡൈവിംഗ് ഷൈനു ക്ലെയർ മാത്യൂസ് നടത്തിയിട്ടുണ്ട്. അതിയായ ആത്മവിശ്വാസം ആവശ്യമായ ആകാശച്ചാട്ടം, ഈ പ്രായത്തിലും അനായാസമായി പൂർത്തീകരിക്കാൻ സാധിച്ചത് അവരുടെ ഇച്ഛാശക്തിയും അർപ്പണബോധവും ഒന്നു കൊണ്ട് മാത്രമാണ് എന്നായിരുന്നു ഷൈനുവിന്റെ സ്കൈ ഡൈവ് ഇൻസ്ട്രക്ടർ ജാനിന്റെ വാക്കുകൾ.
ഒരേസമയം അത്ഭുതവും ആകാംഷയും തെല്ലു സമ്മർദ്ധവും പകരുന്നതാണ് ആകാശച്ചാട്ടം. സ്കൈ ഡൈവേഴ്‌സും ഇൻസ്‌ട്രക്ട്ടറും ക്യാമറമാനും അടങ്ങുന്ന സംഘത്തെ ചെറു എയർ ക്രാഫ്റ്റുകളിൽ നിരപ്പിൽ നിന്നും 15000 അടി മുകളിൽ എത്തിക്കുക എന്നതാണ് ആദ്യ കടമ്പ. തുടർന്നു, ലാൻഡിംഗ് സ്പേസ് ലക്ഷ്യമാക്കിയുള്ള ചാട്ടം. മണിക്കൂറിൽ 120 മൈൽ വേഗതയിൽ പായുന്ന ‘ഫ്രീ ഫാൾ’ ആണ് ആദ്യത്തെ 45 – 50 സെക്കൻന്റുകൾ. പിന്നീട് ഇൻസ്‌ട്രക്ട്ടർ പാരച്യൂട്ട് വിടർത്തി മെല്ലെ സേഫ് ലാൻഡിംഗ് ചെയ്യിക്കുന്നു. ഇതിനിടയിൽ ആകാശകാഴ്ചകളുടെ അത്ഭുതവും പാരച്യൂട്ട് സ്പിന്നിംഗ് പോലുള്ള അഭ്യാസ പ്രകടനങ്ങളുടെ സാഹസികതയും അനുഭവിക്കാം. ദൃശ്യങ്ങൾ പകർത്താൻ ക്യാമറാമാനും ഒപ്പം ഉണ്ടാകും.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ മാതൃകയാക്കിയിരിക്കുന്ന ഷൈനു ക്ലിയർ മാത്യൂസ്, വയനാടിനായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ആ കർത്തവ്യബോധം എല്ലാ വെല്ലുവിളികളെയും അതിജീവിക്കാൻ സഹായകകരമായെന്നും സത്യം ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. മലയാളി സമൂഹത്തിൽ നിന്നും ലഭിക്കുന്ന സഹകരണവും പിന്തുണയുമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള തന്റെ ആത്മവിശ്വാസവും ഊർജ്ജവുമെന്നും അവർ കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 30 വരെ ധന ശേഖരണത്തിനായുള്ള ലിങ്ക് മുഖേന വയനാടിന് സഹായമെത്തിക്കുവാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാകാൻ സാധിക്കും. തന്റെ പ്രവർത്തനങ്ങള നേരിട്ടും അല്ലാതെയും സോഷ്യൽ മീഡിയ വഴിയും പിന്തുണച്ചവർക്കും ഫണ്ട് സമാഹരണം / ഫുഡ് ചലഞ്ചുകൾ എന്നിവയിൽ പങ്കാളികളായവർക്കും എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ചേർന്നു നിന്ന് പിന്തുണയ്ക്കുന്ന തന്റെ ജീവനക്കാരോടുള്ള നന്ദിയും ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു.
പൊതു രംഗത്തും ചാരിറ്റി രംഗത്തും സജീവ സാന്നിധ്യമായ ഷൈനു, യു കെയിലെ അറിയപ്പെടുന്ന സംരംഭക കൂടിയാണ്. യു കെയിൽ ക്ലെയർ മൗണ്ട്, ഏയ്ഞ്ചൽ മൗണ്ട്, സിയോൻ മൗണ്ട് എന്നീ കെയർ ഹോമുകളും ഗൾഫ് രാജ്യങ്ങളിൽ ‘ടിഫിൻ ബോക്സ്’ എന്ന പേരിൽ ഹോട്ടൽ ശൃംഗലകളും നാനൂറോളം സീറ്റിങ് കപ്പാസിറ്റിയുമായി യു കെയിലെ മലയാളി റെസ്റ്റോറന്റുകളിൽ ഏറ്റവും വലിപ്പമേറിയത് എന്ന ഖ്യാതിയുള്ള കവൻട്രിയിലെ ടിഫിൻ ബോക്സ് റെസ്റ്റോറന്റും ഷൈനുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്.
ഷിബി ചേപ്പനത്ത്
ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയ്ക്ക് പ്രധാന കാർമികത്വം വഹിക്കുവാൻ എഴുന്നുള്ളി വന്ന യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് മാർ ഗ്രീഗോറിയോസ് തിരുമേനിക്ക് ലണ്ടൻ ഗാറ്റ്വിക്ക് എയർപോർട്ടിൽ ഗംഭീര സ്വീകരണം നൽകി.
ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക്ക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. എബിൻ ഊന്നുകല്ലുങ്കൽ, ഫാ . ഗീവർഗീസ് തണ്ടായത്, ഫാ.ഫിലിപ്പ് കോണത്താറ്റ്, ഫാ . എൽദോ വേങ്കടത്ത്, ഭദ്രാസന ട്രഷറർ ഷിബി ചേപ്പനത്ത്, ഹാംഷയർ സെന്റ് മേരീസ് പള്ളി വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് പാണം പറമ്പിൽ എന്നിവരും സൗത്ത് ലണ്ടൻ സെന്റ് മേരീസ് ഇടവക വിശ്വാസി സമൂഹവും ചേർന്ന് സ്വീകരിച്ചു. രണ്ടാഴ്ച നീണ്ടു നില്ക്കുന്ന സന്ദർശന വേളയിൽ അഭിവന്ദ്യ തിരുമനസ്സ് യുകെ ഭദ്രാസന പ്രതിനിധികളുമായും,വിവിധ ദേവാലയ ഭാരവാഹികളുമായി കുടിക്കാഴ്ചയിലേർപ്പെടുകയും ചെയ്യും.
മാഞ്ചസ്റ്ററിന്‍റെ അങ്കത്തട്ടില്‍ തീപാറി, വടംവലിയിലെ തലതൊട്ടപ്പൻമാർ തങ്ങള്‍ തന്നെയെന്ന് ഹെരിഫോർഡ് അച്ചായൻസ്. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ കൊമ്പൻസ് കാൻ്റബെറിയെ മുട്ടുകുത്തിച്ചാണ് അച്ചായൻസ് തുടർച്ചയായ രണ്ടാം കിരീടം കൈപ്പിടിയിലൊതുക്കിയത്. പതിനാറ് ടീമുകള്‍ മാറ്റുരച്ച ടൂർണമെന്‍റില്‍ ടൺബ്രിഡ്ജ് വെൽസ് ടസ്കേഴ്സ് കിംഗ്സ് മൂന്നാംസ്ഥാനവും തൊമ്മനും മക്കളും ഈസ്റ്റ് ബോൺ നാലാം സ്ഥാനവും നേടി. ഫെയർ പ്ലേ അവാർഡ് സ്വന്തമാക്കിയത് ബ്രാഡ്ഫോഡില്‍ നിന്നുള്ള പുണ്യാളൻസ് ടീമാണ്.
മികച്ച കമ്പവലിക്കാരനായി ഹെരിഫോർഡ് അച്ചായൻസിലെ അനൂപ് മത്തായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം
സ്ഥാനക്കാർക്ക് 1501 പൗണ്ടും ട്രോഫിയും സമ്മാനിച്ചു. 751 പൗണ്ടാണ് രണ്ടാം സ്ഥാനക്കാർക്ക് നല്‍കിയത്. മൂന്നും നാലും സ്ഥാനക്കാർക്ക് 501 പൗണ്ടും 251 പൗണ്ടും കൈമാറി. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 101 പൗണ്ട് നല്‍കി. ഫെയർ പ്ലേ അവാർഡ് 101 പൗണ്ടും മികച്ച വടംവലിക്കാരന് 51 പൗണ്ടുമാണ് സമ്മാനിച്ചത്.
മാഞ്ചസ്റ്റർ സിറ്റി കൗൺസില്‍ സ്പോർട്സ് സ്ട്രാറ്റജി ഓഫീസർ ഹീത് കോള്‍ ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു.
സമീക്ഷ നാഷണല്‍ സെക്രട്ടറി ദിനേഷ് വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടേറിയറ്റ് മെമ്പറും സ്പോർട്സ് കോഡിനേറ്ററുമായ ജിജു സൈമൺ സ്വാഗതം പറഞ്ഞു. നാഷണല്‍ വൈസ് പ്രസിഡന്‍റ് ഭാസ്കരൻ പുരയില്‍, മാഞ്ചസ്റ്റർ യൂണിറ്റ് സെക്രട്ടറി ഷിബിൻ കാച്ചപ്പള്ളി എന്നിവർ സംസാരിച്ചു. നാഷണൽ കമ്മിറ്റി അംഗവും വടംവലി കോർഡിനേറ്ററുമായ അരവിന്ദ് സതീഷ് നന്ദി പറഞ്ഞു.
വിശിഷ്ടാതിഥികളും ടീം ക്യാപ്റ്റൻമാരും ചേർന്ന് ദീപം തെളിയിച്ചു. ദിനേഷ് വെള്ളാപ്പള്ളി, ഭാസ്കരൻ പുരയില്‍, ജിജു സൈമൺ, അരവിന്ദ് സതീഷ്, അഡ്വ.ദിലീപ് കുമാർ, ഉണ്ണികൃഷ്ണൻ ബാലൻ,ശ്രീകാന്ത് കൃഷ്ണൻ , രാജി ഷാജി, ഗ്ലീറ്റർ, സുജീഷ് കെ അപ്പു, പ്രവീൻ രാമചന്ദ്രൻ, ബൈജു ലിസെസ്റ്റർ, വിനു ചന്ദ്രൻ എന്നിവർ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബിജോ പറശേരിലും സെബാസ്റ്റ്യൻ എബ്രഹാമുമാണ് മത്സരം നിയന്ത്രിച്ചത്.
ചടുലമായ അനൗൺസ്മെൻ്റിലൂടെ സാലിസ്ബറിയിൽ നിന്നുള്ള ജയേഷ് അഗസ്റ്റിൻ കാണികളെ ആവേശം കൊള്ളിച്ചു. വടംവലി മത്സരത്തില്‍ നിന്ന് ലഭിച്ച തുക ഉരുള്‍പൊട്ടലില്‍ തകർന്നടിഞ്ഞ വയനാട് മുണ്ടക്കൈ ഗ്രാമത്തിന്‍റെ പുനർനിർമാണത്തിനായി ചിലവഴിക്കും. ദുരന്തത്തില്‍ വീട് നഷ്ടമായ ഒരു കുടുംബത്തിന് സ്നേഹഭവനം നിർമ്മിച്ചുനല്‍കാനും സമീക്ഷ തീരുമാനിച്ചിട്ടുണ്ട്. മത്സരവേദിയോട് ചേർന്ന് ചായക്കട നടത്തിയും സമീക്ഷ പണം സ്വരൂപിച്ചിരുന്നു.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് മത്സരം കാണാൻ വിതൻഷോവ് പാർക്ക് അത്ലറ്റിക് സെന്‍ററില്‍ എത്തിയത്. സമീക്ഷയുടെ ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള കുടുംബസംഗമം കൂടിയായി മത്സരവേദി. സംഘാടന മികവ് കൊണ്ടും ടൂർണമെന്‍റ് വേറിട്ടുനിന്നു. വടംവലി മത്സരം വൻവിജമാക്കിയതിന് പിന്നില്‍ നാല് മാസക്കാലത്തെ ചിട്ടയായ പ്രവർത്തനമാണ്. അടുത്ത വർഷം കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.
മണിപ്പൂരിലെ മൂന്ന് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ രൂക്ഷമായ ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, തൗബല്‍ ജില്ലകളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
ആരോഗ്യം, വൈദ്യുതി, മുനിസിപ്പല്‍ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, കോടതി പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെുള്ള അവശ്യസേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
സെപ്റ്റംബര്‍ ഒന്‍പതിന് ഓള്‍ തൗബല്‍ അപുന്‍ബ സ്റ്റുഡന്‌റ് സംഘടിപ്പിച്ച റാലിയെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്കു മറുപടിയായി തൗബല്‍ ജില്ലാ മജിസ്‌ട്രേറ്റ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം കൂട്ടംകൂടുന്നത് നിയന്ത്രിക്കുകയും തോക്കുകളും ആയുധങ്ങളും കൈവശം വയ്ക്കുന്നത് നിരോധിക്കുകയും നിയമലംഘകര്‍ക്ക് പിഴ ചുമത്തുകയും ചെയ്യും.
കാങ്പോക്പിയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്നലെ ഒരു വിമുക്തസൈനികനും സ്ത്രീയും കൊല്ലപ്പെട്ടു. പ്രദേശത്തെ ചില വീടുകൾ അക്രമികൾ തീയിട്ടു. പ്രദേശവാസികൾ മറ്റിടങ്ങളിലേക്കു പലായനം ചെയ്തതായാണ് വിവരം.
ഇരുവിഭാഗങ്ങളും തമ്മിൽ നടന്ന സംഘർഷത്തിനിടെ പ്രദേശത്ത് ബോംബേറുണ്ടായതായി പ്രദേശവാസികൾ പറയുന്നു. ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഇന്നലെ തെരുവിലിറങ്ങിയിരുന്നു. സെക്രട്ടേറിയറ്റിനും രാജ്‍ഭവനും മുന്നിൽ ധർണ നടത്തിയ വിദ്യാർഥികൾ എംഎൽഎമാര്‍ രാജിവെയ്ക്കണമെന്ന മുദ്രാവാക്യവും മുഴക്കി.
ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമായി തുടരുന്നു. ശ്വാസകോശത്തിലെ ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഓഗസ്റ്റ് 19 നാണ് അദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ യെച്ചൂരിക്ക് കൃത്രിമ ശ്വാസോച്ഛാസം നല്‍കി വരികയാണെന്ന് പി.ബി അറിയിച്ചു. ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു എന്നും പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി യെച്ചൂരി ഓഗസ്റ്റ് 22 ന് ആശുപത്രിയില്‍ നിന്ന് വീഡിയോ പങ്ക് വെക്കുകയും ചെയ്തിരുന്നു. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. യെച്ചൂരി അടുത്തിടെ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
സ്നേഹപ്രകാശ്. വി. പി.
അയാൾ മരുന്ന് വായിലേക്ക് ഒഴിച്ചുകൊടുത്ത് ടവ്വൽ കൊണ്ട് അവളുടെ ചുണ്ടുകൾ ഒപ്പി. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ രാധ. ആ മുഖത്തേക്ക് കൂടുതൽ നോക്കാൻ ശക്തിയില്ലാതെ, അയാൾ പതിയെ മുറിക്കു പുറത്തേക്കു കടന്നു.
“മാഷേ…ഇനി ഞാനിറങ്ങട്ടെ…. ഈ ചീഞ്ഞ മഴയിൽ വീട്ടിലെത്താൻ ഒരു നേരമാവും….”
വീട്ടിൽ സഹായിക്കാൻ വരുന്ന സുരഭി ജോലി കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുകയാണ്.
“നാളെ ഞായറാഴ്ച്ച…ഞാൻ ഉണ്ടാവില്ല… എല്ലാം ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട് …”
അവൾ തുടർന്നു.
അഭ്യസ്തവിദ്യയായ സുരഭി, ഞായറാഴ്ച്ചകളിൽ മാത്രമല്ല, പി. എസ്. സി ടെസ്റ്റുകളോ ബാങ്ക് ടെസ്റ്റുകളോ ഉള്ള ദിവസങ്ങളിലും വരാറില്ല. തികച്ചും ആത്മാർത്ഥതയുള്ള അവൾക്ക് അങ്ങനെ ചില ഇളവുകളും സന്തോഷത്തോടെ അനുവദിക്കാറുണ്ട്. അയാളുടെ മൗനം സമ്മതമായെടുത്ത് കുടയും തുറന്ന് മുറ്റത്തേക്ക് ഇറങ്ങുമ്പോൾ അവൾ വീണ്ടും പിറുപിറുത്തു.
“നശിച്ച മഴ….”
പുറത്ത് നല്ല മഴ. രാവിലെ തുടങ്ങിയ മഴ സന്ധ്യയാവാറായിട്ടും നിർത്താതെ പെയ്യുകയാണ്. കാറ്റത്ത് ആടുന്ന വൃക്ഷത്തലപ്പുകൾ. കാറ്റിന്റെ ഹുങ്കാരം ചെവികളിൽ മുഴങ്ങുന്നു. ഇന്റർ ലോക്ക് പതിച്ച മുറ്റത്ത് അടുത്ത വീട്ടിലെ തെങ്ങിൽ നിന്നും കാറ്റിൽ വന്നുവീണ ഒരു പഴുത്ത ഓലമടൽ. വീട്ടിനു മുന്നിൽ വളർത്തിയ പാഷൻ ഫ്രൂട്ടിന്റെ പന്തലിനടിയിൽ വീണു കിടക്കുന്ന മഞ്ഞ നിറത്തിലുള്ള കായകളിൽ ചിലത് വെള്ളത്തിലൂടെ ഒലിച്ചു പോയി ഗേറ്റിന്റെ അടിവശത്ത് ഡിസൈൻ ചെയ്ത പോലെ നിരനിരയായി തങ്ങി നിൽക്കുന്നു. പച്ച ചായമടിച്ച ഗേറ്റിനു താഴെ മനോഹരമായ ഇളം മഞ്ഞ ഗോളങ്ങൾ.
കാറ്റ് ശക്തമായപ്പോൾ അയാളുടെ മുഖത്തേക്കും മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു. കാറ്റിന്റെ കുസൃതിയിൽ ഒരു നിമിഷം അയാൾ രാധയെ മറന്നു. മഴ അയാളിൽ ഒരു വല്ലാത്തൊരു ആവേശം കുത്തിവെച്ചിരുന്നു. മഴയെ സ്നേഹിക്കാൻ തന്നെ പഠിപ്പിച്ചത് രാധയായിരുന്നു എന്നയാൾ ഓർത്തു. മഴയെ മാത്രമല്ല, സ്നേഹിക്കാൻ പഠിപ്പിച്ചതും രാധയായിരുന്നല്ലോ.
ഏതെല്ലാമോ വഴികളിലൂടെ ഒരുപാട് ദൂരം സഞ്ചരിച്ചിരുന്ന തന്നിൽ രാധ വരുത്തിയ മാറ്റങ്ങൾ ഏറെ വലുതായിരുന്നു. ഒരിക്കൽ സംഭാഷണത്തിനിടയിൽ സ്നേഹമെന്നാൽ കാപട്യമാണെന്ന് പറഞ്ഞ തന്നെ നോക്കി രാധ പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“അതിന് രവി ഇനിയും സ്നേഹിച്ചു തുടങ്ങിയില്ലല്ലോ… ?”
അപ്പോൾ തനിക്കുചുറ്റും വട്ടമിട്ടു പറന്നിരുന്ന ചിത്രശലഭങ്ങൾ …
അയാൾ ഓർക്കാൻ ശ്രമിച്ചു.
“സ്നേഹമെന്താണെന്ന് രവി ഒരു നാൾ പഠിച്ചു തുടങ്ങും… അപ്പോൾ നമുക്ക് ബാക്കി പറയാം.. ”
രാധ വീണ്ടും പൊട്ടിച്ചിരിച്ചു.
പിന്നീട് എപ്പോഴാണ് രാധ തന്നിലേക്ക് വന്നത് എന്ന് ഓർക്കാൻ കഴിയുന്നില്ല. ഒരേ കോളേജിൽ, ഒരേ ഡിപ്പാർട്ട്മെന്റിലെ അധ്യാപകർ. വീടും, അവളുടെ വീട്ടിൽ നിന്നും ഏറെ അകലെയായിരുന്നില്ല.
ഒരു ഞായറാഴ്ച്ച വൈകുന്നേരം വെറുതെ നടക്കാനിറങ്ങിയതായിരുന്നു. പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങിയപ്പോൾ രാധയുടെ വീട്ടിൽ കയറി.
” ഇന്നൊരു നല്ല ദിവസമാണല്ലോ…. ”
രാധ ചിരിച്ചു കൊണ്ട് സ്വാഗതം ചെയ്തു.
“അതെന്താ… ഞാൻ വന്നതുകൊണ്ടാണോ? ”
“ഏയ്.. ഒട്ടുമല്ല. മഴ പെയ്യുന്നത് കണ്ടില്ലേ രവി…
”
ജാള്യത മറച്ചു വെക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ചായയുമായി രാധയുടെ അമ്മ വന്നത് ഒരു ആശ്വാസമായി അയാൾക്ക് തോന്നി. പിന്നെ രാധ മഴയെപ്പറ്റി വാതോരാതെ സംസാരിച്ചു.
പിന്നീടെത്ര സമാഗമങ്ങൾ. മഴയെപ്പറ്റി പറയാത്ത ദിവസങ്ങൾ ഓർക്കാൻ കഴിയുന്നില്ല. അവളുടെ മഴയനുഭവങ്ങൾ ഏറെ വ്യത്യസ്തമായിരുന്നു. കാട്ടിലെ മഴ, ശക്തിയായി മഴ പെയ്യുമ്പോഴുള്ള കടലിന്റെ രൗദ്ര ഭാവം, മൈതാനങ്ങളിൽ കത്തിക്കൊണ്ടിരിക്കുന്ന ഫ്‌ളഡ്‌ലൈറ്റിൽ മഴയുടെ മറ്റൊരു ഭാവം. അങ്ങിനെ മഴയെപ്പറ്റി പറയാൻ തുടങ്ങിയാൽ അവൾക്ക് ആയിരം നാക്കാണ്. അങ്ങിനെ അറിയാതെ മഴ തന്റെയും ദൗർഭല്യമാവുകയായിരുന്നു.
ഒരിക്കൽ കടൽത്തീരത്തെ പൂഴിമണലിൽ ഇരിക്കവേ കടലിലേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു.
” രവി… ഇപ്പോൾ മഴ പെയ്യും.. ”
മഴ നനയേണ്ടി വന്നേക്കുമെന്ന ഭീതിയേക്കാൾ, മഴയുടെ വരവിലുള്ള ഉത്സാഹമായിരുന്നു ആ വാക്കുകളിൽ. പക്ഷേ ഒട്ടും മഴക്കാറില്ലാത്ത, തെളിഞ്ഞ ആകാശം കണ്ടപ്പോൾ രാധ തന്നെ കളിയാക്കുകയാണെന്നാണ് തോന്നിയത്.
” അതിനെന്താ.. നമുക്ക് മഴ നനഞ്ഞേക്കാം.. ”
പറഞ്ഞു തീർന്നതും പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. അതിശക്തിയായ മഴ. തിരിച്ചുള്ള യാത്രയിൽ, മഴയത്ത് ബൈക്കിൽ തന്നോട് ചേർന്നിരുന്നുകൊണ്ട് അവൾ മഴയെപ്പറ്റി പറഞ്ഞു. കടലിലേക്ക് നോക്കി മഴ വരുന്നത് കണ്ടുപിടിക്കുന്ന വിദ്യയെപ്പറ്റി പറഞ്ഞു.
വിവാഹ രാത്രിയിലും മഴയായിരുന്നു. നിറഞ്ഞ വേനലിൽ അന്നു രാത്രി മാത്രം എങ്ങിനെ മഴയുണ്ടായി എന്ന അത്ഭുതത്തിന്, അന്നെന്റെ വിവാഹമായിരുന്നല്ലോ എന്നായിരുന്നു അവളുടെ മറുപടി. !
വീട് വെക്കുമ്പോൾ, വീടിനു മുൻപിലായി ഒരു പുൽത്തകിടിയുണ്ടാക്കാൻ വേണ്ട സ്ഥലം ഒഴിച്ചിടണം എന്നതായിരുന്നു അവളുടെ ഡിമാൻഡ്. മഴ പെയ്യുന്ന രാത്രികളിൽ മഴയെ പുതച്ചുറങ്ങാൻ. പിന്നെ കുറച്ചു വർഷങ്ങളെങ്കിലും ഒന്നിച്ചു ജീവിച്ച്, സ്നേഹിച്ചു മതിയായ ശേഷം മാത്രം കുട്ടികൾ മതിയെന്ന മറ്റൊരു ഡിമാൻഡും വെച്ചിരുന്നു അവൾ.
വീടു വെച്ചു താമസം തുടങ്ങി അധികമായില്ല. എല്ലാം പെട്ടെന്നാണ് കീഴ്മേൽ മറിഞ്ഞത്. എന്തോ അസുഖം അവളെ തളർത്തി. ദിനം പ്രതി ശരീരം ശോഷിച്ചു വന്നു കൊണ്ടിരുന്നു. പരിശോധനകളുടെ ഫലം വന്നപ്പോൾ ശരിക്കും തളർന്നു പോയി. കരളിനാണ് മാരകമായ രോഗം ബാധിച്ചിരിക്കുന്നത്. പൂർണമായും രോഗത്തിന്റെ പിടിയിലായ കരൾ, മാറ്റിവെക്കൽ പോലും സാധ്യമല്ലാത്ത അവസ്ഥ. വൈദ്യശാസ്ത്രത്തിന്റെ എല്ലാ ശാഖകളും അവളുടെ രോഗത്തിനു മുൻപിൽ അടിയറവു പറഞ്ഞു. ഏറെ പ്രസരിപ്പോടെ ഓടിനടന്നിരുന്നവൾ ദിവസങ്ങൾ കഴിയുംതോറും കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ പറ്റാത്ത സ്ഥിതിയിലെത്തി. പരസഹായമില്ലതെ നടക്കാൻ പോലും പറ്റാത്ത അവസ്ഥ.
ഉള്ളിൽ നിന്നുമുള്ള രാധയുടെ ചുമ, അയാളെ ചിന്തകളിൽനിന്നും ഉണർത്തി. വാതിലുകൾ പതിയെ ചാരി കിടപ്പുമുറിയിലേക്ക് ചെന്ന് കട്ടിലിൽ ഇരുന്നപ്പോൾ അവൾ ചോദിച്ചു.
“പുറത്ത് മഴ പെയ്യുന്നുണ്ട്.. അല്ലേ…. ”
” ഉം… ”
അയാൾ അലസമായി മൂളി.
“രവി… ഈ ജനൽ അല്പസമയം ഒന്ന് തുറന്നിട്ടുകൂടെ…
ഞാൻ അല്പം മഴ ആസ്വദിച്ചോട്ടേ… ”
“ഡോക്ടർ പറഞ്ഞിട്ടില്ലേ തണുപ്പ് ശരീരത്തിന് നല്ലതല്ലെന്ന്..? ”
” ഒരല്പസമയം മതി.. രവി…ഒരൽപ്പം.. ”
അവൾ, അയാളുടെ കണ്ണുകളിലേക്ക് നോക്കി. അയാൾ എഴുന്നേറ്റു പോയി ജനൽ പാളികൾ അല്പം തുറന്നു വെച്ചു. അയാളുടെ കൈകളിൽ പിടിച്ച് എഴുന്നേറ്റ് അവൾ ജനലിനരികിൽ നിന്ന് പുറത്തേക്ക് നോക്കി.
“എന്തു നല്ല മഴ… ”
അവൾ ദീർഘമായി ഒരു ശ്വാസം ഉള്ളിലേക്കെടുത്തു. മഴയെ പൂർണമായും ഉള്ളിലേക്ക് ആവാഹിച്ചു. മുഖത്ത് സന്തോഷം വിരിഞ്ഞു.
” ആ കവിത ഒന്നു ചൊല്ലൂന്നേ… മഴയെക്കുറിച്ചുള്ള ആ കവിത.. ”
അയാൾ, ഏതോ അജ്ഞാത കവിയുടെ മഴയെക്കുറിച്ചുള്ള കവിത ചൊല്ലാൻ തുടങ്ങി.
” ജാലകത്തിനു പുറത്ത്
മഴ തിമിർക്കുന്നു..
അങ്ങകലെയേതോ
രാപ്പാടി തൻ ശോക രാഗം…
പുറത്തേക്കു മാത്രം തുറക്കുമീ ജാലക വാതിൽ ഞാൻ തുറന്നിടട്ടെ…
പുറത്തേക്ക് മാത്രം തുറക്കുമീ ജാലക വാതിൽ തുറന്നിടുമ്പോൾ,
അകത്തേക്കു മാത്രം തുറക്കുമൊരു ജാലക വാതിലും
തനിയെ തുറന്നിടുന്നു…
മനോഹരമായ വരികളിലൂടെ മഴയെ വർണ്ണിക്കുന്ന, പ്രണയത്തെ വർണിക്കുന്ന, വിരഹത്തെ വർണിക്കുന്ന കവിത. ഓരോ വരികൾ ആലപിക്കുമ്പോഴും അവളുടെ മുഖത്ത് മിന്നി മായുന്ന ഭാവപ്പകർച്ചകൾ. തിരിച്ചു കട്ടിലിലേക്ക് അയാളുടെ കൈകളിൽ തൂങ്ങി നടക്കുമ്പോഴും കവിതയുടെ അവസാന വരികൾ അവൾ മൂളുന്നുണ്ടായിരുന്നു.
“…..പുറത്തേക്ക് മാത്രം തുറക്കുമീ ജാലക വാതിൽ ഞാൻ അടച്ചിടട്ടെ…
അകത്തേക്ക് മാത്രം തുറക്കുമീ ജാലക വാതിൽ ഞാൻ അടയ്ക്കുവതെങ്ങനെ….”
ഒടുവിൽ വളരെ വൈകി ജനലുകളും, വാതിലുകളും അടച്ച് അവർ കിടന്നു.
എപ്പോഴാണ് ഉണർന്നതെന്നറിയില്ല. പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റപ്പോൾ അടുത്ത് കിടന്നുറങ്ങിയിരുന്ന രാധ കട്ടിലില്ലായിരുന്നു. അയാൾ ചാടിയെഴുന്നേറ്റ് ലൈറ്റിട്ടു. മുറിയിൽ പ്രകാശം പരന്നു. കിടപ്പുമുറിയിലൊരിടത്തും അവളുണ്ടയിരുന്നില്ല. ഒറ്റക്ക് നിൽക്കാൻ പോലും കഴിയാത്തവൾ. വാതിൽ തുറന്നു കിടന്നിരുന്നു. അയാൾ പുറത്തേക്കു നോക്കി. അപ്പോഴും ശക്തിയായി മഴ പെയ്യുന്നുണ്ടായിരുന്നു. മഴയെ വകവെക്കാതെ അയാൾ പുറത്തേക്ക് ഓടി. പുറത്തെ കോരിച്ചൊരിയുന്ന മഴയിൽ, പുൽത്തകിടിയിൽ ഒരു പഞ്ഞിക്കെട്ടുപോലെ അവൾ.
നീണ്ടു നിവർന്നു കിടന്ന് അവൾ മഴ നനയുകയായിരുന്നു. അത് അവളുടെ അവസാന മഴയായിരുന്നു.
സ്നേഹപ്രകാശ്.വി. പി.
കോഴിക്കോട് ബേപ്പൂർ, അരക്കിണർ സ്വദേശി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ ആയിരുന്നു. വിരമിച്ചതിനു ശേഷം ആനുകാലികങ്ങളിലും, നവ മാധ്യമങ്ങളിലും കവിതകൾ, കഥകൾ, കുറുംകഥകൾ, ഓർമക്കുറിപ്പുകൾ തുടങ്ങിയവയുമായി എഴുത്തിൽ സജീവമാണ്. 2008 ൽ ബഷീർ ജന്മ ശതാബ്‌ദിയോടനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന് വേണ്ടി അംബികാസുതൻ മാങ്ങാട് പുറത്തിറക്കിയ “നൂറ് ബഷീർ” എന്ന പുസ്തകത്തിലെ ഓർമക്കുറിപ്പിലാണ് ആദ്യമായി അച്ചടി മഷി പുരണ്ടത്.
പിന്നീട് ചില കൂട്ടായ്മകളുടെ സമാഹാരങ്ങളിൽ. കവിതകൾ എഴുതിയിട്ടുണ്ട്. .”ഉടലുകൾ ” എന്ന 60 കുറുംകഥകളുടെ സമാഹാരം 2021 ൽ പ്രസിദ്ധീകരിച്ചു .