കനത്ത മഴയെത്തുടര്ന്ന് അസമിലെ പല ഭാഗങ്ങളും വെള്ളത്തിനടിയില് ആയിരിക്കുകയാണ്. ജനവാസകേന്ദ്രങ്ങള് മാത്രമല്ല, കാസിരംഗ നാഷണല് പാര്ക്കും വെള്ളത്തിനടിയില് ആയിരിക്കുകയാണ്. മൃഗങ്ങളും ഇവിടെ ദുരിതമനുഭവിക്കുകയാണ്.
കാസിരംഗ ദേശീയപാര്ക്കില് നിന്നും രക്ഷപെട്ട ഒരു കടുവയുടെ ചിത്രങ്ങളാണ് ഇപ്പോള് വൈറലാകുന്നത്. വെള്ളപ്പൊക്കത്തില് രക്ഷപെട്ട കടുവ അഭയം തേടിയെത്തിയത് ഒരു വീട്ടിലെ കിടപ്പുമുറിയിലാണ്. വൈല്ഡ് ലൈഫ് ട്രസ്റ്റാണ് ചിത്രം ആദ്യം പുറത്തുവിട്ടത്.
വീട്ടുകാര്ക്ക് ഇപ്പോള് പരിചിതമാണ് ഈ കടുവയുടെ മുഖം. വനപാലകരെ വിവരമറിയിച്ചതിനെ തുടര്ന്ന് കടുവയെ തിരിച്ച്കൊണ്ടുപോകാനുള്ള ശ്രമങ്ങള് നടന്നുവരികയാണ്.
പ്രസിദ്ധമായ കാസിരംഗ ദേശീയോദ്യാനത്തിന്റെ 90 ശതമാനവും വെള്ളപ്പൊക്കത്തിൽ മുങ്ങിയിരിക്കുന്നു. ഏറ്റവും പുതിയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 51 മൃഗങ്ങൾ വെള്ളപ്പൊക്കത്തെ തുടർന്ന് മരിച്ചു. അസമിലെയും ബീഹാറിലെയും വെള്ളപ്പൊക്ക സാഹചര്യത്തിൽ രണ്ട് സംസ്ഥാനങ്ങളിലും 44 പേർ കൂടി മരിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ബിലാസ്പൂർ ഗ്രാമത്തിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ കൊല്ലപ്പെടുകയും മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (എ.എസ്.ഡി.എം.എ) കണക്കനുസരിച്ച് സംസ്ഥാനത്ത് മരണസംഖ്യ 27 ആയി ഉയർന്നു.
മോറിഗാവിൽ നിന്ന് നാല് മരണങ്ങളും സോണിത്പൂർ, ഉഡൽഗുരി ജില്ലകളിൽ നിന്ന് രണ്ട് വീതവും കമ്രൂപ് (മെട്രോ), നാഗാവോൺ ജില്ലകളിൽ നിന്ന് ഓരോന്നും വീതം മരണമടഞ്ഞതായി എ.എസ്.ഡി.എം.എ ബുള്ളറ്റിൻ പറയുന്നു. കാസിരംഗ ദേശീയോദ്യാനത്തിൽ ഒരു കാണ്ടാമൃഗം മരിച്ചു, ബ്രഹ്മപുത്രയും അതിന്റെ പോഷകനദികളും ഗുവാഹത്തി ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ അപകടകരമായ അടയാളത്തിന് മുകളിലൂടെ ഒഴുകുന്നു. ഹൈലകണ്ഡി ജില്ലയിൽ നിന്ന് വെള്ളപ്പൊക്കം കുറഞ്ഞെങ്കിലും 57.51 ലക്ഷം പേർ ഇപ്പോഴും ദുരിതബാധിതരായി തുടരുന്നു.
ജോഹട്ട്, തേജ്പൂർ, ഗുവാഹത്തി, ഗോൾപാറ, ധുബ്രി എന്നിവിടങ്ങളിൽ ബ്രഹ്മപുത്ര നദി ഒഴുകുന്നു കമ്പൂരിലെ കോപിലി നദി, നാഗോൺ ജില്ലയിലെ ധരംതുൾ എന്നിവിടങ്ങളിൽ ബുള്ളറ്റിൻ പറഞ്ഞു. കാസിരംഗ, മനസ് ദേശീയ ഉദ്യാനങ്ങൾ, പോബിറ്റോറ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ വലിയ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി, മാനുകളും എരുമകളും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ കാർബി ആംഗ്ലോംഗ് ഹിൽസിലെ ഉയർന്ന പ്രദേശങ്ങളിലേക്ക് നീക്കുന്ന നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് .
#JustIn our vet @samshulwildvet is making plans with #AssamForestDepartment @kaziranga_ to tranquilise a #tiger that has entered a house and is relaxing on a bed! #AssamFloods bring in unusual guests! #Kaziranga Zoom in to see #OMG wish them luck! @action4ifaw @deespeak pic.twitter.com/SX2FoYOB6K
— Wildlife Trust India (@wti_org_india) July 18, 2019
ഛത്തീസ്ഗഡില് വാഹനാപകടത്തില് ഹിന്ദി സീരിയല് ബാലനടന് മരിച്ചു. നിരവധി ഹിന്ദി സീരിയലുകളില് വേഷമിട്ട ശിവലേഖ് സിംഗ് (14) ആണ് മരിച്ചത്. അപകടത്തില് ശിവലേഖിന്റെ മാതാപിതാക്കള്ക്ക് പരിക്കേല്ക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം മൂന്നിന് റായ്പുരിലായിരുന്നു അപകടം നടന്നത്. ഇവര് സഞ്ചരിച്ച കാര് ട്രക്കിനു പിന്നില് ഇടിക്കുകയായിരുന്നു. ശിവലേഖ് സംഭവസ്ഥലത്തു തന്നെ മരിച്ചു. അമ്മയ്ക്കും കൂടെയുണ്ടായിരുന്ന മറ്റൊരാള്ക്കും പരിക്കേറ്റു. ബിലാസ്പുരില്നിന്നും ഇവര് റായ്പുരിലേക്ക് വരികയായിരുന്നു.
അമല പോൾ നായികയാകുന്ന തമിഴ് ചിത്രം ‘ആടൈ’ വിലക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രീയനേതാവും സാമൂഹ്പ്രവർത്തകയുമായ പ്രിയ രാജേശ്വരി രംഗത്ത്. അന്യസംസ്ഥാനത്തുനിന്നും വരുന്ന അമലക്ക് തമിഴ് സംസ്കാരം എന്തെന്ന് അറിയില്ലെന്നും അവരുടെ ലക്ഷ്യം പണം മാത്രമാണെന്നും പ്രിയ ആരോപിക്കുന്നു. അമലക്കെതിരെയും ചിത്രത്തിനെതിരെയും പ്രിയ ഡിജിപിക്ക് പരാതി നൽകി.
ആടൈ സിനിമയിലെ നഗ്ന രംഗങ്ങള് തമിഴ് യുവാക്കളെ മോശമായി സ്വാധീനിക്കുമെന്നും ഇത് സ്ത്രീകൾക്കെതിരായ ലൈംഗിക ആക്രമണങ്ങൾ വർധിക്കാൻ ഇടയാക്കുമെന്നും പ്രിയ പറഞ്ഞു.
”ഈ സിനിമയുടെ ടീസറും പോസ്റ്ററും കണ്ട് പെൺകുട്ടികൾ തന്നെ ഞെട്ടിപ്പോയിരുന്നു. ചിത്രം നാളെ റിലീസിനു തയാറെടുക്കുകയാണ്. അതിന് മുന്നോടിയായി ചിത്രത്തിനെതിരെ ഡിജിപിക്ക് ഞങ്ങൾ പരാതി നൽകി. നഗ്നത ഉപയോഗപ്പെടുത്തി ഈ ചിത്രം പ്രചാരണം ചെയ്യരുതെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. നഗ്നത എന്ന വാക്ക് ഉപയോഗിച്ചാണ് ഇവർ ഈ സിനിമ ഇതുവരെ പ്രമോട്ട് ചെയ്തത്. വെറും കച്ചവട ലാഭത്തിനായി പെൺകുട്ടികളെ മുഴുവൻ ഇവർ മോശമായി ചിത്രീകരിക്കുകയാണ്. അതിനെതിരെ നടപടി എടുക്കുകയാണ് ഞങ്ങളുടെ ആവശ്യം. വിതരണക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനി പുറത്തിറങ്ങുന്ന ടീസറുകളിലോ പോസ്റ്ററുകളിലോ നഗ്നരംഗങ്ങൾ ഉപയോഗിക്കരുതെന്നും അവർ അത് ചെയ്യില്ലെന്നും ഞങ്ങൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
അമലയുടെ ആ നഗ്നരംഗം ചിത്രത്തില് നിന്നും ഇനി നീക്കാൻ കഴിയില്ല. കാരണം സെൻസർ ബോർഡ് ആ രംഗത്തിനു എ സർട്ടിഫിക്കറ്റ് നൽകി കഴിഞ്ഞു. കുട്ടികളെപോലും വഴിതെറ്റിക്കുന്ന രീതിയിലുള്ള പോസ്റ്ററുകളും ടീസറുകളുമാണ് സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയത്.
തമിഴിൽ നല്ല കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുത്ത് അഭിനയിച്ച നടിയാണ് അമല പോൾ. നമ്മുടെ മനസ്സിലും അവർക്ക് അങ്ങനെയൊരു സ്ഥാനമാണ്. അങ്ങനെയുള്ള നടി ഇത്തരമൊരു സിനിമയിൽ അഭിനയിച്ചതിന്റെ കാരണമെന്താണ്. പബ്ലിസിറ്റിക്കു വേണ്ടി മാത്രമാണ് അമല ഈ ചിത്രത്തിൽ അഭിനയിച്ചത്. ലോകം മുഴുവൻ ഇനി ഈ ചിത്രത്തെപറ്റി ചർച്ച ചെയ്യും. അതാണ് അവരുെട ലക്ഷ്യവും.
തമിഴ് സംസ്കാരത്തെപറ്റി യാതൊന്നും അറിയാത്ത നടിയാണ് അമല. അവർ മറ്റൊരു സംസ്ഥാനത്തു നിന്നുമാണ് ഇവിടെ വരുന്നത്. തമിഴ് പെൺകുട്ടികളെപറ്റിയും അവർക്ക് അറിയില്ല. പണത്തിനു വേണ്ടിയും കച്ചവടത്തിനുവേണ്ടിയും അമല എന്തും ചെയ്യും. ആടൈ പോസ്റ്റർ കാണുന്ന പത്തുവയസ്സുകാരന്റെ ചിന്ത എന്താകും. ഇതാണ് ഞങ്ങൾ എതിര്ക്കുന്നത്.
തന്റെ നഗ്നത മറയ്ക്കാൻ പതിനഞ്ച് പുരുഷന്മാർ സഹായത്തിന് ഉണ്ടായിരുന്നുവെന്ന് അമല പോൾ പറയുകയുണ്ടായി. ഇത്തരം പ്രസ്താവനകളെ അവഗണിക്കണം. പതിനഞ്ച് പേരെ ഭർത്താക്കന്മാരായി കണ്ടെന്നായിരുന്നു നടി പറഞ്ഞത്. മാത്രമല്ല പാഞ്ചാലിയെക്കുറിച്ചും നടി പറയുകയുണ്ടായി. പാഞ്ചാലിയെക്കുറിച്ച് പറയാൻ അവർക്ക് എന്ത് അവകാശമാണ് ഉള്ളത്”- പ്രിയ പറഞ്ഞു.
അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് ഇടിച്ചുതെറിപ്പിക്കുന്ന പെണ്കുട്ടിയുടെ ദൃശ്യങ്ങള് സോഷ്യല്മീഡിയയില് വൈറലായിരുന്നു. പാലക്കാട് മഞ്ഞപ്ര സ്വദേശി ഇന്ദിരപുത്രി (18)യ്ക്കാണ് അപകടത്തില് ഗുരുതരപരിക്കേറ്റത്. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂര്ത്തിമംഗലത്ത് ഇക്കഴിഞ്ഞ ജൂലൈ 14 നാണ് ഈ ഞെട്ടിപ്പിക്കുന്ന അപകടം നടന്നത്. പരിക്കേറ്റ ഇന്ദിരപുത്രി തൃശൂര് അശ്വനി ആശുപത്രിയില് ചികിത്സയിലാണ്. അരയ്ക്ക് കീഴ്പ്പോട്ട് ഗുരുതരമായി പരിക്കുപറ്റിയ ഇന്ദിരപുത്രി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര് അറിയിച്ചു.
ആലത്തൂര് കോഓപ്പറേറ്റീവ് കോളജിലെ ഒന്നാംവര്ഷ ബിരുദ വിദ്യാര്ഥിനിയാണ് ഇന്ദിരപുത്രി. സഹോദരന്റെ കൂട്ടുകാരിയുടെ കുഞ്ഞിന്റെ പിറന്നാളിന് പോകുന്നതിനിടെയാണ് ഇന്ദിരപുത്രി അപകടത്തില് പെട്ടത്. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. നിര്ത്തിയിട്ട ബസിനുമുന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓവര്ടേക്ക് ചെയ്തുവന്ന പിക്കപ്പാണ് പെണ്കുട്ടിയെ ഇടിച്ചിട്ടത്. പിക്കപ്പ് ഡ്രൈവറാണ് ഇന്ദിരപുത്രിയെ ആശുപത്രിയിലെത്തിച്ചത്. അപകടത്തില് പരിക്കേറ്റ ഇന്ദിരപുത്രിയെ ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്ന്ന് തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂര് അശ്വനി ആശുപത്രിയിലേക്ക് ചികില്സ മാറ്റുകയായിരുന്നു.
വിദഗ്ധചികിത്സയ്ക്കും തുടര്ചികിത്സയ്ക്കും മരുന്നുകള്ക്കുമൊക്കെയായി വന്തുക ഇനിയും ചെലവുവരും. സാമ്പത്തികമായി ഏറെ പിന്നോക്കം നില്ക്കുന്ന കുടുംബം ചികിത്സയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടുകയാണ്.
[ot-video][/ot-video]
സംസ്ഥാന വ്യാപകമായി കെ എസ് യു നാളെ (19 /07/2019 ) പഠിപ്പുമുടക്കും. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മുന്നിൽ നടന്നുവരുന്ന നിരാഹാര സമരത്തോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കൽ. ഹയർസെക്കന്ററി സ്കൂളുകളെ മാത്രം സമരത്തിൽ നിന്ന്ഒഴിവാക്കിയിട്ടുണ്ട്.

ഈ അധ്യയന വർഷത്തിലെ മൂന്നാമത്തെ പഠിപ്പുമുടക്കിലേയ്ക്കാണ് കേരളം നീങ്ങുന്നത് . ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് കെഎസ്യു നടത്തിയ മാർച്ചിൽ സംഘർഷത്തെതുടർന്ന് കേരളത്തിലെ വിദ്യാലങ്ങളിൽ ജൂലൈ 4 – ന് വിദ്യാഭ്യാസ പഠിപ്പുമുടക്കം ആയിരിന്നു . എബിവിപി യുടെ സെക്രട്രിയേറ്റ് മാർച്ചിന് നേരെ നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ 2 -നും വിദ്യാഭ്യാസ പഠിപ്പുമുടക്കമായിരുന്നു .
വിവിധ വിദ്യാർത്ഥി സംഘടനകളുടെ ശക്തി പ്രകടനത്തിൻെറ ഭാഗമായി പ്രഖ്യാപിക്കുന്ന വിദ്യാഭ്യാസ പഠി പ്പു മുടക്കുകൾ പഠന നിലവാരത്തെ ബാധിക്കുന്നതായി അധ്യാപകരും മാതാപിതാക്കളും അഭിപ്രായപ്പെട്ടു.പല സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശനിയാഴ്ചകളിൽ ക്ലാസുകൾ നടത്തി സിലബസ്സുകൾ പൂർത്തീകരിക്കാറുള്ളത്കൊണ്ട് സർക്കാർ മേഖലയിൽ പഠിക്കുന്ന സാധാരണക്കാരായ വിദ്യാർഥികളെയാണ് വിദ്യാഭ്യാസ പഠിപ്പുമുടക്ക് ഏറ്റവും കൂടുതലായി ബാധിക്കുന്നത്.

പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സമര ദിവസങ്ങളിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അവധി പ്രഖ്യാപിക്കാറാണ് പതിവ്.ഹർത്താലിൻെറ കാര്യത്തിൽ എന്നപോലെ വിദ്യാഭ്യാസ പഠിപ്പുമുടക്കുകളുടെ കാര്യത്തിലും കോടതിയുടെ ശക്തമായ ഇടപെടലാണ് വേണ്ടത്എന്നാണ് മാതാപിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായം.
സംസ്ഥാനത്ത് കാലവർഷം ശക്തമാകും. കേരളത്തിൽ അതിതീവ്ര മഴപെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഇത് തുടരും.ജൂലൈ 18 ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ജൂലൈ 19 ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര് എന്നീ ജില്ലകളിലും, ജൂലൈ 20 ന് ഇടുക്കി, എറണാകുളം, തൃശൂര്, മലപ്പുറം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ അലര്ട്ട് പ്രഖ്യാപിച്ചു. റെഡ് അലര്ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില് അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജാഗ്രത പാലിക്കാനും ക്യാമ്പുകൾ തയാറാക്കുന്നതുൾപ്പെടെ മുന്നൊരുക്കത്തിനുമാണ് നിർദേശം.
ജൂലൈ 18ന് എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും 19ന് എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 20ന് പത്തനംതിട്ട, കോട്ടയം, തൃശൂർ, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലും 21ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലിമീറ്റർ വരെ) അതിശക്തമായതോ (115 മില്ലി മുതൽ 204.5 മില്ലി വരെ) ആയ മഴക്ക് സാധ്യതയുണ്ട്.
19 വരെ തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആവാൻ സാധ്യതയുണ്ട്. അതിനാൽ ഈ സമുദ്ര ഭാഗങ്ങളിൽ മേൽപറഞ്ഞ കാലയളവിൽ മൽസ്യ ബന്ധനത്തിന് പോകരുതെന്ന് മൽസ്യബന്ധന തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വിനായകന് നായകനാകുന്ന ‘പ്രണയമീനുകളുടെ കടല്’ എന്ന ചിത്രത്തിന്റെ ടീസര് പുറത്തിറങ്ങി. കമല് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ 36 സെക്കന്റ് ദൈര്ഘ്യമുള്ള ടീസറാണ് അണിയറ പ്രവര്ത്തകര് പുറത്തിറക്കിയത്.
മഞ്ജു വാര്യരെ നായികയാക്കി, കമല സുരയ്യയുടെ ജീവിതം പറഞ്ഞ ആമി എന്ന ചിത്രത്തിന് ശേഷം കമല് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടല്. ലക്ഷദ്വീപ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്രാവിനെ വെട്ടയാടുന്ന വിനായകനാണ് ടീസറിലുള്ളത്.
കമലും ജോണ്പോളും ചേര്ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. വിഷ്ണു പണിക്കറാണ് ഛായാഗ്രഹണം. ടീസറില് തന്നെ കടലിന്റെ ഭംഗി അടയാളപ്പെടുത്താന് സാധിച്ചിട്ടുണ്ട്. ഷാന് റഹ്മാനാണ് സംഗീതം. വിനായകന് പുറമെ ദിലീഷ് പോത്തന്, റിധി കുമാര് തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.
സോഷ്യൽ മീഡിയ വ്യാപകമായതോടെ പല അപകടങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറംലോകത്തു വൈറലാകുന്നു. അതിലൂടെ അപകടത്തിൽ തെറ്റുകൾ ആരുടെ ഭാഗത്തു എന്ന് ജനം മനസിലാക്കുകയും ന്യായികരങ്ങൾ നിരത്തി പ്രതികരിക്കാനും തുടങ്ങി. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തകൾ നിറയുന്നത്. നിറയെ യാത്രികരുമായി കൊടുംവളവില് വച്ച് ഒരു ജീപ്പിനെ അതിവേഗം ഓവര്ടേക്ക് ചെയ്യുന്ന കെഎസ്ആര്ടിസി ബസും എതിരെ വരുന്ന ഒരു ചരക്ക് ലോറിയും രണ്ട് കാറുകളുമാണ് ഈ വീഡിയോയിലെ മുഖ്യ കഥാപാത്രങ്ങള്.
അപകടകരമായ വേഗത്തിൽ ജീപ്പിനെ മറികടക്കുകയാണ് ബസ്. അതിനിടെ വളവിൽ മെയിന് റോഡിലേക്ക് കയറിവരാന് ശ്രമിക്കുകയാണ് ഒരു കാര്. മറ്റൊരു കാര് കൃത്യമായി വളവിലെ ബ്ലൈന്ഡ് സ്പോട്ടില് തന്നെ അപകടകരമായി നിലയില് പാര്ക്കും ചെയ്തിരിക്കുന്നു. സകല റോഡുനിയമങ്ങളും കാറ്റില്പ്പറത്തി പാഞ്ഞു വരുന്ന ബസില് ഇടിക്കാതിരിക്കാന് ലോറി ഡ്രൈവര് വണ്ടി ഇടത്തേക്ക് വെട്ടിക്കുന്നു. ലോറിക്ക് വേഗം കുറവായിരുന്നതിനാലും സമയോചിതമായി വെട്ടിച്ചതിനാലും ബസിലെ നിരവധിയാളുകളുടെ ജീവനാണ് ലോറി ഡ്രൈവര് രക്ഷിച്ചതെന്ന് വീഡിയോ വ്യക്തമാക്കുന്നു. പക്ഷേ ഇടതുവശത്ത് ഒട്ടും സ്ഥലമില്ലാത്തതിനാല് അപകടകരമായി പാര്ക്ക് ചെയ്തിരിക്കുന്ന കാറിന്റെ പിന്നില് ഇടിച്ചാണ് ലോറി നിന്നത്.
തുടര്ന്ന് കാറിലുള്ളവരും ഓടിക്കൂടിയവരില് ചിലരുമൊക്കെച്ചേര്ന്ന് ലോറി ഡ്രൈവറെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്. വന് ദുരന്തം ഒഴിവാക്കിയ ലോറി ഡ്രൈവറെ കാര്യമറിയാതെ പലരും മര്ദ്ദിക്കുമ്പോഴും അപകടത്തിന്റെ മൂലകാരണക്കാരനായ കെഎസ്ആര്ടിസി ബസും ഡ്രൈവറും അമിതവേഗതയില് തന്നെ അകന്നുപോകുന്നതും കാണാം.
എവിടെ എപ്പോള് നടന്ന സംഭവമാണ് ഇതെന്ന് വ്യക്തമല്ലെങ്കിലും നാട്ടിലെ തീരാശാപങ്ങളെയെല്ലാം ഈ വീഡിയോയില് കാണാം എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല് മീഡിയയിലും യൂടൂബിലുമൊക്കെ ഈ ദൃശ്യങ്ങള് പ്രചരിക്കുന്നത്.
2022 ഫിഫ ലോകകപ്പിനുള്ള രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തില് ഇന്ത്യയുടെ എതിരാളികളായി. ഗ്രൂപ്പ് ഇയില്. ഇടം നേടി ഇന്ത്യക്ക് ആതിഥേയരായ ഖത്തര്, ഒമാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നി ടീമുകളാണ് എതിരാളികള്. ഓസീസ് ഇതിഹാസം ടിം കാഹിലാണ് ഡ്രോയില് ടീമുകളെ ഓരോ ഗ്രൂപ്പുകളിലാക്കി തിരിച്ചത്. ആതിഥേയരാജ്യം എന്ന നിലയില് ലോകകപ്പിലേക്ക് ഖത്തര് യോഗ്യത നേടിക്കഴിഞ്ഞു.
മൂന്നാം റൗണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലേക്ക് യോഗ്യത നേടുകയാണ് ഇന്ത്യയ്ക്ക് മുന്പിലുള്ള ലക്ഷ്യം. അതിന്, ഗ്രൂപ്പ് ഇയില് ഇന്ത്യ ഒന്നാമത് എത്തുകയോ, എല്ലാ ഗ്രൂപ്പുകളിലുമായി രണ്ടാമത് എത്തുന്ന ടീമുകളില് ഏറ്റവും മികച്ച പ്രകടനം നടത്തിയതാവണം. ലോകകപ്പ് യോഗ്യതാ മത്സരത്തില് ഒമാനാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്. സെപ്തംബര് അഞ്ചിനാണ് ഒമാനെതിരായ മത്സരം. ഇന്ത്യയുടെ മത്സര ക്രമം ഇങ്ങനെ.
സെപ്തംബര് അഞ്ച് 2019- ഇന്ത്യ-ഒമാന്(ഹോം മത്സരം)
സെപ്തംബര് 10,2019 -ഇന്ത്യ-ഖത്തര്(എവേ മത്സരം)
ഒക്ടോബര് 15,2019 – ഇന്ത്യ-ബംഗ്ലാദേശ്(ഹോം)
നവംബര് 14, 2019- അഫ്ഗാനിസ്ഥാന്-ഇന്ത്യ(എവേ)
നവംബര് 19, 2019- ഇന്ത്യ-ഒമാന്(എവേ)
മാര്ച്ച് 26, 2020- ഇന്ത്യ-ഖത്തര്(ഹോം)
ജൂണ് നാല്, 2020- ബംഗ്ലാദേശ്-ഇന്ത്യ(എവേ)
ജൂണ് 9, 2020- ഇന്ത്യ-അഫ്ഗാനിസ്ഥാന്(ഹോം)
കിന്സ്ഹാസ: ആഫ്രിക്കന് രാജ്യമായ കോംഗോ എബോള വൈറസ് ഭീതിയില്. കാംഗോയുടെ കിഴക്കന് നഗരമായ ഗോമയിലാണ് കഴിഞ്ഞ ദിവസം എബോള വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. സ്ഥിരീകരണത്തിന് പിന്നാലെ ലോകാരോഗ്യ സംഘടന കോംഗോയില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കോംഗോയില് കഴിഞ്ഞ ഒരു വര്ഷത്തിനിടെ 1500-ലധികം പേര് എബോള ബാധിച്ച് മരിച്ചുവെന്നാണ് കണക്ക്. പ്രതിരോധ പ്രവര്ത്തനങ്ങള് ഊര്ജിതമായിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാജ്യത്ത് വീണ്ടും എബോള സ്ഥിരീകരിക്കുകയായിരുന്നു. റ്വാന്ഡ,സൗത്ത് സുഡാന്,ഉഗാണ്ട തുടങ്ങിയ അയല്രാജ്യങ്ങളിലും ജാഗ്രതനിര്ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
1976 ൽ സുഡാനിലും കോംഗോയിലുമാണ് എബോള രോഗബാധ ആദ്യമായി കാണപ്പെട്ടത്. കോംഗോയിൽ എബോള എന്ന നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലായതിനാൽ എബോള ഡിസീസ് എന്ന് വിളിക്കപ്പെട്ടു. എബോള വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ രണ്ടു ദിവസം മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന ഒരു രോഗമാണ് ഇത്.
എബോളാവൈറസ് ജീനസിൽ പെടുന്ന 5 വൈറസ്സുകളിൽ 4 എണ്ണമാണ് മനുഷ്യരിൽ എബോളാ രോഗത്തിന് കാരണമാകുന്നത്. Bundibugyo virus(BDBV), എബോള വൈറസ്(EBOV), സുഡാൻ വൈറസ്(SUDV), തായ് ഫോറസ്റ്റ് വൈറസ്(TAFV) എന്നീ വൈറസുകൾ രോഗത്തിന് ഹേതുവാകുന്നു. അഞ്ചാമത്തെ Reston virus മനുഷ്യരിൽ രോഗമുണ്ടാക്കുന്നതായി കരുതുന്നില്ല.
രോഗബാധിത ജീവിയുടെ ശരീരദ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുന്നത്. എബോളബാധിച്ച മനുഷ്യന്റെ രക്തം നേരിട്ട് സ്പർശിക്കുന്നതിലൂടെയും മനുഷ്യരിൽ ഈ രോഗം പടരുന്നു.
എബോള വൈറസ് മനുഷ്യനിലെത്തുന്നത് മൃഗങ്ങളിലൂടെയാണ്. രോഗം ബാധിച്ച ചിമ്പാൻസി, കുരങ്ങ്, ഗറില്ല, പന്നി, വവ്വാൽ എന്നിവയുടെ ശരീരത്തിലെ എല്ലാത്തരം സ്രവങ്ങളിലും എബോള വൈറസ് ഉണ്ടാകാം.ഇവയുടെ രക്തം, മൂത്രം, കാഷ്ഠം എന്നിവയുടെ സ്പർശനത്തിലൂടെയും രോഗാണുക്കൾ പകരാം. ശരീരത്തിലെ മുറിവുകൾ, വായ്, ത്വക്ക് എന്നിവയിലൂടെ വൈറസിന് മനുഷ്യശരീരത്തിലെത്താനാകും.
വൈറസ് ശരീരത്തിൽ എത്തിയാൽ 2 മുതൽ 21 ദിവസത്തിനിടയിൽ രോഗലക്ഷണങ്ങൾ കാണും. പെട്ടെന്നുള്ള ശക്തമായ പനി, തൊണ്ടവേദന, പേശീ വേദന, തളർച്ച, ഛർദി, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗബാധിതരിൽ ചിലരിൽ ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവമുണ്ടാകാം. ചൊറിഞ്ഞു പൊട്ടൽ, വൃക്ക-കരൾ പ്രവർത്തനങ്ങൾ താറുമാറാകൽ തുടങ്ങിയവയും സംഭവിക്കാം.എബോള വൈറസ്ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടു ദിവസം മുതൽ മൂന്നാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. ആദ്യലക്ഷണം കടുത്ത പനിയാണ്. തുടർന്ന് രോഗികൾ ക്ഷീണിച്ച് അവശരാകും. തൊണ്ടവേദന, തലവേദന, വിശപ്പില്ലായ്മ, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ ഒപ്പം ഉണ്ടാകും. ഞൊടിയിടയിൽ കരളും വൃക്കയും തകരാറിലാകും. രോഗം ബാധിച്ചാൽ ശരീരത്തിനകത്തും പുറത്തും രക്തസ്രാവം ഉണ്ടാകാം.
ഈ അസുഖത്തിന് നിലവിൽ ചികിത്സകൾ ഒന്നും ഇല്ല. രോഗം പടരാതെ നോക്കുകയാണ് വേണ്ടത്. ശരീരത്തിലെ ധാതുലവണങ്ങൾ നഷ്ടപ്പെടാതിരിക്കാനും നിർജ്ജലീകരണം ഒഴിവാക്കാനായി ഓറൽ റീഹൈഡ്രേഷൻ ചികിത്സ നല്കാവുന്നതാണ്. രക്തസ്രാവം ഒഴിവാക്കാനുള്ള മരുന്നുകളും ലഭ്യമാണ്. തുടക്കത്തിലേ ചികിത്സ തേടിയാൽ രക്ഷപ്പെടാനുള്ള സാധ്യത വർദ്ധിക്കാം. ഇതേ രോഗലക്ഷണങ്ങളുള്ള മലമ്പനി, കോളറ തുടങ്ങിയ രോഗങ്ങൾ ഇല്ലെന്നു സ്ഥിതീകരിക്കുമ്പോഴാണ് എബോളയാണെന്നു വ്യക്തമാകുക. രോഗബാധ സ്ഥിരീകരിച്ചാൽ മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടുത്തി മാറ്റി പാർപ്പിക്കുകയാണ് ഇത് പടരാതിരിക്കാനുള്ള മാർഗം.