ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കരാറിന് തുടക്കം കുറിച്ച് ഇന്ത്യ. 114 യുദ്ധ വിമാനങ്ങള്‍ വാങ്ങാനായി 1500 കോടി ഡോളറിന്റെ(1.1 ലക്ഷം കോടി രൂപ) ഇടപാടിനാണ് രാജ്യം തയ്യാറെടുക്കുന്നത്. നടപടി ക്രമങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലോകത്ത് ആദ്യമായാണ് ഇത്രയും തുകയുടെ യുദ്ധവിമാന കരാര്‍ നടക്കുന്നത്. കരാര്‍ ലഭിക്കുന്നതിനായി ബോയിംഗ്, ലോക്ക് ഹീഡ് മാര്ട്ടിന്, സാബ് എ ബി തുടങ്ങിയ വമ്പന്‍ യുദ്ധവിമാന നിര്‍മാണ കമ്പനികള്‍ രംഗത്തുണ്ട്.
കമ്പനികളെ വിലയിരുത്തല്‍ തുടരുകയാണെന്നും ഇന്ത്യന്‍ വ്യോമസേനയുടെ ആവശ്യങ്ങള്‍ പഠിച്ച് കൃത്യമായ തീരുമാനമെടുക്കുമെന്നും വ്യോമയാന സഹമന്ത്രി ശ്രീപദ് നായിക് പാര്‍ലമെന്റില്‍ അറിയിച്ചു. നേരത്തെ നാവിക സേനയെ ശക്തിപ്പെടുത്താനായി യുദ്ധക്കപ്പലുകളും മറ്റ് ഉപകരണങ്ങളും വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കൂറ്റന്‍ കരാറിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രം, ഇന്തോ-പസിഫിക് മേഖലകളില്‍ ചൈനീസ് സാന്നിധ്യം പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് നാവിക സേനയും ആയുധങ്ങള്‍ വാങ്ങുന്നത്.
നടി വനിത വിജയകുമാർ തട്ടിക്കൊണ്ടുപോയെന്ന പരാതി വ്യാജമാണെന്ന് വനിതയുടെ അഭിഭാഷകൻ. വനിതയുടെ മുൻ ഭര്‍ത്താവ് ആനന്ദരാജ് ആണ് തെലങ്കാന പൊലീസില്‍ പരാതി നൽകിയത്. പിതാവിനൊപ്പം ജീവിക്കേണ്ടെന്ന് കുട്ടി പറഞ്ഞതിനാലാണ് ചെന്നൈയിൽ താമസിപ്പിച്ചിരിക്കുന്നതെന്ന് വനിതയുടെ അഭിഭാഷകൻ പറയുന്നു.
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തുകൊണ്ടിരുന്ന വനിതയെ കഴിഞ്ഞ ദിവസം തെലങ്കാന പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവിപി ഫിലിം സിറ്റിയിലെ സ്റ്റുഡിയോയിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്.
തമിഴ്നടൻ ആനന്ദ്കുമാർ ആണ് വനിതയുടെ ഭർത്താവ്. ‘ആനന്ദരാജിന്റെ സുഹൃത്തുക്കൾ മദ്യപിച്ച് വീട്ടില്‍ വരികയും തന്നോട് മോശമായി പെരുമാറുകയും ചെയ്തു. വീട്ടിൽ സ്ഥിരമായി വരുന്ന ഒരു സ്ത്രീ കിടപ്പുമുറിയിൽ വെച്ച് ഉപദ്രവിച്ചു. പുറത്തുപറയാൻ കഴിയാത്ത കാര്യങ്ങളാണ് അവിടെ നടക്കുന്നത്”- വനിതയുടെ മകൾ പൊലീസിനോട് പറഞ്ഞത് ഇങ്ങനെ.
കുട്ടിക്ക് ചെന്നൈയിൽ അമ്മയോടൊപ്പം താമസിക്കാനാണ് താത്പര്യം. വനിത മകളെ തട്ടിക്കൊണ്ടുവന്നതല്ലെന്നും പൊലീസിന് കാര്യങ്ങൾ വ്യക്തമായെന്നും അഭിഭാഷകൻ പറഞ്ഞു.
2007ലാണ് ആനന്ദരാജും വനിതയും വിവാഹിതരാകുന്നത്. 2010ൽ ഇവർ വേര്‍പിരിയുകയും ചെയ്തു. തെലങ്കാന പൊലീസിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ആനന്ദരാജ് പരാതി നല്‍കിയത്. തന്റെ പക്കൽ നിന്ന് മകളെ വനിത ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും പിന്നീട് തിരച്ചയച്ചില്ലെന്നും ആനന്ദരാജ് ആരോപിച്ചു.
ലോകകപ്പില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. സെമി സാധ്യത ഉറപ്പിച്ച ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ച് പരമാവധി പോയിന്റ് നേടാനാകും ശ്രമിക്കുക. സെമിക്ക് മുന്നോടിയായി റിസര്‍വ് ബെഞ്ചിനെ മല്‍സരിപ്പിക്കാനും ടീം മാനേജ്മെന്റ് ആലോചനയിലുണ്ട്. ലങ്കന്‍ പേസ് ബോളര്‍ ലസിത് മലിംഗയുടെ അവസാനമല്‍സരമാകും ഇത്. അവസാന ലീഗ് മല്‍സരത്തില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും.
സെമിയില്‍ ഏത് ടീം ആരെ നേരിടുമെന്നതിന്റെ ഉത്തരം ഇനിയുള്ള രണ്ട് ലീഗ് മല്‍സരങ്ങളിലാണ്. നിലവില്‍ പതിമൂന്ന് പോയിന്റുമായി ഓസ്ട്രേലിയക്ക് പിന്നിലാണ് ഇന്ത്യ. ലങ്കയ്ക്കെതിരെ ജയിച്ച് 15 പോയിന്റ് നേടുകയും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയ തോല്‍ക്കുകയും ചെയ്താല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തും. അങ്ങനെയെങ്കില്‍ ന്യൂസീലന്റാകും ഇന്ത്യയുടെ എതിരാളികള്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസീസ് ജയിക്കുകയാണെങ്കില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനേയാകും സെമില്‍ നേരിടേണ്ടി വരിക.
ബാറ്റിങിലെ മധ്യനിരയാണ് ഇന്ത്യന്‍ടീമിന് തലവേദനയാകുന്നത്. മികച്ച തുടക്കങ്ങള്‍ ലഭിച്ചിട്ടും 350 എന്ന സ്കോറിലേക്ക് എത്താന്‍ ഇന്ത്യന്‍ ടീമിനാകുന്നില്ല. ധോണി, കാര്‍ത്തിക്, ജാദവ് എന്നിവര്‍ക്ക് സ്ലോ പിച്ചുകളില്‍ റണ്‍സ് കണ്ടെത്താനാകുന്നില്ലെന്നത് ടീമിന് നല്ല വാര്‍ത്തയല്ല. ഋഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയയും മാത്രമാണ് മിഡില്‍ ഓര്‍ഡറില്‍ സ്ഥിരമായ പ്രകടനം കാഴ്ചവയ്ക്കുന്നത്.
ബോളിങിനെ സംബന്ധിച്ച് ഇന്ത്യന്‍ ടീമിന് ആശങ്കകള്‍ ഒന്നുമുണ്ടാകില്ല. ബാറ്റ്സ്മാന്മാര് തിളങ്ങാ്ത്ത മല്‍സരങ്ങളില്‍ ഇന്ത്യയെ രക്ഷിച്ചത് ബോളര്‍മാരാണ്. മധ്യഓവറുകളില്‍ സ്പിന്നര്‍മാര്‍ റണ്‍സ് വിട്ടുനല്‍കുന്നതില്‍ കുറച്ച് കൂടി പിശുക്ക് കാണിക്കണം. ശ്രീലങ്കയ്ക്കെതിരെ രവീന്ദ്ര ജഡേജയെ കളിപ്പിക്കുന്നകാര്യം മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്.
മധ്യനിര ബാറ്റിങ് തന്നെയാണ് ശ്രീലങ്കയുടെയും പ്രശ്നം. ഓപ്പണര്‍മാരും മൂന്നാമനായി അവിഷ്ക ഫെര്‍ണാണ്ടോയും മികച്ച ഫോമിലാണ് എന്നാല്‍ അതിന് ശേഷം മറ്റാരും ഇതുവരെ ഫോമിലേക്ക് എത്തിയിട്ടില്ല. ബോളര്‍മാരില്‍ മലിംഗയെ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റുള്ളവര്‍ ശരാശരിയിലും താഴെയാണ്. 2017 ചാംപ്യന്‍സ് ട്രോഫി ആവര്‍ത്തിക്കാനാകും ശ്രീലങ്കയുെട ശ്രമം. അവസാന ലോകകപ്പ് മല്‍സരവും ഒരു പക്ഷെ അവസാന രാജ്യാന്തര മല്‍സരവും ആകാന്‍ സാധ്യതയുള്ളതിനാല്‍ ലസിത് മലിംഗയും മികച്ച പ്രകടനത്തോടെ കരിയര്‍ അവസാനിപ്പിക്കാനുള്ള സാധ്യതയേറെയാണ്.
മരടിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന വിധിയില്‍ ഉറച്ച് സുപ്രീംകോടതി. ഉത്തരവിനെതിരെ ഫ്ലാറ്റുടമകള്‍ നല്കിയ ഹര്‍ജി തള്ളി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരോട് ജസ്റ്റിസ് അരുണ്‍ മിശ്ര പൊട്ടിത്തെറിച്ചു. തന്റെ ബെഞ്ച് വിധി പറഞ്ഞ കേസില്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങിയത് കോടതിയെ കബളിപ്പിക്കാനാണ്. കോടതിയില്‍ തട്ടിപ്പ് നടത്താനുള്ള ആസൂത്രിതമായ ശ്രമമാണ് അഭിഭാഷകരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.
തീരദേശപരിപാലന നിയമം ലംഘിച്ച് കൊച്ചിയിലെ മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകള്‍ മുപ്പത് ദിവസത്തിനകം പൊളിച്ച് നീക്കണമെന്ന് നേരത്തെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് വിധിച്ചിരുന്നു. വിധിയില്‍ ഇളവ് തേടി ഫ്ലാറ്റ് ഉടമകള്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ചിനെ സമീപിച്ചു. വിധി പറഞ്ഞ ബെഞ്ചിന് മുമ്പാകെ ഹര്‍ജി ലിസ്റ്റ് ചെയ്യാനും ആറാഴ്ചത്തേക്ക് കെട്ടിടം പൊളിക്കുന്നതിന് നിര്‍ത്തിവെക്കാനും അവധിക്കാല ബെഞ്ച് ഉത്തരവിട്ടു.
ഇതനുസരിച്ചാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് മുമ്പാകെ ഇന്ന് ഹര്‍ജികളെത്തിയത്. വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ച അവധിക്കാല ബെഞ്ചിന്റെ നടപടിയെ ജസ്റ്റിസ് അരുണ്‍ മിശ്ര ചോദ്യം ചെയ്തു. തന്റെ ബെഞ്ച് വിധി പറഞ്ഞ കേസില്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങുന്നതെങ്ങനെയെന്ന ചോദിച്ച ജസ്റ്റിസ് മിശ്ര ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരോട് പൊട്ടിത്തെറിച്ചു.
ഒന്നിലധികം തവണ പരിഗണിക്കാന്‍ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുൻപാകെ ഉന്നയിച്ചത് കോടതിയെ കബളിപ്പിക്കാനാണ്. പണം മാത്രം ലക്ഷ്യമിട്ട് ധാര്‍മികതയ്ക്ക് നിരക്കാത്ത നടപടിയാണ് അഭിഭാഷകരുടേതെന്നും കൊല്‍ക്കത്തക്കാരനായ മുതിര്‍ന്ന അഭിഭാഷകന് ദേബള്‍ ബാനര്‍ജിയെ കൊണ്ടുവന്നത് തന്നെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. തുടര്‍ന്ന് എല്ലാ റിട്ട് ഹര്‍ജികളും തള്ളി, ഫ്ളാറ്റ് പൊളിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കോടതി വ്യക്തമാക്കി.
തമിഴ്നാടു തൂത്തുക്കുടിയിൽ ദുരഭിമാനക്കൊല. പ്രണയിച്ചു വിവാഹം കഴിച്ച വ്യത്യസ്ത ജാതിയിൽപെട്ട ദമ്പതികളെ ഒരു സംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നു. കേസുമായി ബന്ധപെട്ട് പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റിലായി.
തൂത്തുകുടി വിലാത്തിക്കുളം പെരിയനഗര്‍ സ്വദേശി സോലൈരാജ് ഭാര്യ ജ്യോതി എന്നിവരാണ് കൊല്ലപെട്ടത്.ഉപ്പുപാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും തമ്മില്‍ കാണുന്നതും പ്രണയിക്കുന്നതും. പട്ടികജാതി വിഭാഗത്തിലെ വ്യത്യസ്ത ജാതിയില്‍ പെട്ടവരായിതിനാല്‍ ജ്യോതിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു .മൂന്നുമാസം മുമ്പു വിവാഹിതരായി സോലൈരാജിന്റെ വീടിനു സമീപം വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. ഇതിനിടയ്ക്ക് ജ്യോതി ഗര്‍ഭിണിയായി. കഴിഞ്ഞ ദിവസം വൈദ്യുതിയില്ലാത്തിനാല്‍ ഇരുവരും വീടിനു പുറത്താണ് ഉറങ്ങാന്‍ കിടന്നത്.
രാവിലെ സോലൈരാജിന്റെ മാതാവ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടത്. സംഭവുമായി ബന്ധപെട്ട് ജ്യോതിയുടെ പിതാവ് അളഗര്‍ അറസ്റ്റിലായി.ദിവസങ്ങൾക്കു മുൻപു കോയമ്പത്തൂരിൽ ജാതി മാറി വിവാഹം കഴിക്കുന്നതു തടയാൻ സഹോദരനെയും കാമുകിയെയും യുവാവു കുത്തി കൊലപ്പെടുത്തിയിരുന്നു. ജാതി മാറി വിവാഹം കഴിക്കുന്നവർക്ക് സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ 24 മണിക്കൂർ ഹെൽപ്ലൈൻ തുടങ്ങിയിട്ടുണ്ടെങ്കിലും ദുരഭിമാനക്കൊലകള്‍ നിര്‍ബാധം തുടരുന്നുവെന്നാണു സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്.
തമിഴ്നാട്ടിലെ തീപ്പൊരി രാഷ്ട്രീയ നേതാവും മുന്‍ എം.പിയുമായ വൈക്കോയ്ക്ക് രാജ്യദ്രോഹക്കേസില്‍ ഒരുവര്‍ഷത്തെ തടവ്. തമിഴ് പുലികള്‍ക്ക് അനുകൂലമായി സംസാരിച്ചുവെന്ന പത്തുവര്‍ഷം പഴക്കമുള്ള കേസിലാണ് ശിക്ഷ. വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ വൈക്കോ നിരോധിത സംഘടനയായ എല്‍.ടി.ടിയെ ഇനിയും അനുകൂലിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
തീപ്പൊരി പ്രസംഗങ്ങള്‍ക്കൊണ്ടും നിലപാടുകൊണ്ടും വിവാദങ്ങളുടെ തോഴനാണ് വൈക്കോ. 2008 സെപ്റ്റംബറില്‍ ചെന്നൈയില്‍ വച്ചു നടന്ന പുസ്തക പ്രകാശനത്തിനിടെയാണ് കേസിനാധാരമായ പരാമര്‍ശം. നിരോധിത സംഘടനയായ എല്‍.ടി.ടിയെ പരസ്യമായി പിന്തുണച്ചെന്ന് കാണിച്ച് കരുണാനിധി സര്‍ക്കാര്‍ കേസെടുത്തു.
അടുത്ത കൊല്ലം തന്നെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വൈക്കോ ഹാജരാകത്തിനെ തുടര്‍ന്ന് നീണ്ടു.2017 പാസ്പോര്‍ട്ട് പുതുക്കുന്നതിനു തടസമുണ്ടായതോടെയാണു കീഴടങ്ങി ജാമ്യം നേടിയത്. ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന എഗ്മോറിലെ പ്രത്യേക കോടതി വൈക്കോ കുറ്റം ചെയ്തതായി കണ്ടെത്തി. ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിക്കുകയും ചെയ്തു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി ഉടന്‍ തന്നെ വൈക്കോയ്ക്ക് ജാമ്യവും നല്കി. കോടതിക്കു പുറത്തിറങ്ങിയ വൈക്കോ കേസിനാധാരമായ നിലപാട് ആവര്‍ത്തിച്ചു
കേസ് എടുത്തത് കണുണാനിധിയുടെ കാലത്തായിരുന്നെങ്കില്‍ വിധിവരുമ്പോള്‍ മകന് എം.കെ സ്റ്റാലിന് പ്രിയപെട്ടവനാണ് വൈക്കോ. ആഴ്ചകള്‍ക്കുള്ളില്‍ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയാണ് വൈക്കോ. തടവ് ഒരു വര്‍ഷമായതിനാല്‍ സ്ഥാനാര്‍ഥിത്വത്തെ ഇന്നത്തെ കോടതി വിധി ബാധിക്കില്ല
നെടുമങ്ങാട് പതിനാറുകാരി മീരയുടെ കൊലപാതകക്കേസിൽ പിടിയിലായ അമ്മയെയും കാമുകനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അനീഷിനെക്കൊണ്ട് മകൾ മീരയെ വിവാഹം കഴിപ്പിക്കാൻ മഞ്ജുഷ ശ്രമിച്ചിരുന്നെന്നും ഇത് മീര എതിര്‍ത്തതാണ് കൊലക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് സൂചന നൽകുന്നു.
അനീഷുമായുള്ള തന്റെ അടുപ്പം തുടരാനുള്ള ലക്ഷ്യത്തോടെയാണ് മഞ്ജുഷ ഈ നീക്കം നടത്തിയതെന്നാണ് സൂചന. എന്നാൽ അനീഷിന്റെ പെരുമാറ്റവും അമ്മയുമായുള്ള അടുപ്പവും എതിർത്ത മീര ഇതിന് വഴങ്ങിയില്ല. ഇതോടെയാണ് വീട്ടിൽ വഴക്കുണ്ടായതും മീരയെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ10 ന് രാത്രി 9.30 ന് അനീഷ് വീട്ടിലെത്തി മഞ്ജുഷയുമായി മുറിയിൽ കഴിഞ്ഞത് പെൺകുട്ടി ചോദ്യം ചെയ്തു. ഇതേതുടർന്ന് കട്ടിലിൽ ഇരിക്കുകയായിരുന്ന മീരയെ ഇരുവരും ചേർന്ന് ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു.
അബോധവസ്ഥയിലായി നിലത്ത് വീണ മീര മരിച്ചെന്നു കരുതി വാരാന്തയിൽ എടുത്തുകിടത്തുകയായിരുന്നു. വേഗം തന്നെ അനീഷ് ബൈക്കിൽ പെട്രോൾ നിറച്ച് എത്തി. തുടർന്ന് ഇരുവരും ചേർന്ന് മീരയെ ബൈക്കിൽ നടുക്ക് ഇരുത്തി അഞ്ച് കിലോമീറ്ററോളം അകലെ കാരന്തലയിലെ അനീഷിന്റെ വീട്ടിലെത്തിച്ചു സമീപത്തെ പുരയിടത്തിൽ ഇട്ടു. ഞരക്കം കേട്ടതായി തോന്നിയപ്പോൾ അനീഷ് സിമന്റ് ഇഷ്ടികകൾ മീരയുടെ ശരീരത്തിൽ വച്ചുകെട്ടി കിണറ്റിന്റെ മൂടി നീക്കി അതിനുള്ളിൽ തള്ളുകയായിരുന്നു.
രാത്രി തന്നെ മടങ്ങി വാടക വീട്ടിലെത്തി മീരയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മീരയുടെ ഷാൾ അടക്കം എടുത്ത് നാഗർകോവിലിലേക്ക് മുങ്ങി. കൊലയ്ക്ക് ഉപയോഗിച്ച ഷാൾ നാഗർകോവിലിൽ ലോഡ്ജിന് സമീപം ഉപേക്ഷിച്ചത് അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇന്നലെ തെക്കുംകര പറണ്ടോട് കുന്നിൽ വീട്ടിൽ നിന്നു മീരയുടെ ചെരിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.
പെട്രോളിനും ഡീസലിനും ലീറ്ററിന് ഒരു രൂപ അധിക സെസ് ഏർപ്പെടുത്തിയതോടെ വിലക്കയറ്റം സമ്മാനിച്ച് രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. ആദായനികുതി സ്ലാബിൽ മാറ്റമില്ല .ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പെട്രോൾ, ഡീസൽ, സ്വർണം തുടങ്ങിയവയുടെ വില വർധനയ്ക്കും നിർദേശമുണ്ട്. അഞ്ചു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായനികുതി അടയ്ക്കേണ്ടതില്ല. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോഴും ഭവന വായ്പയിലും നികുതി ഇളവുകൾ പ്രഖ്യാപിച്ചു. നികുതി സംബന്ധിച്ച ഇടപാടുകള്‍ ഇലക്ട്രോണിക് രീതിയിലാക്കും. പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനാകും
2020 മാർച്ച് 31 വരെയുള്ള ഭവന വായ്പയ്ക്ക് 1.5 ലക്ഷം രൂപയുടെ അധികനികുതി കിഴിവാണു ധനമന്ത്രി പ്രഖ്യാപിച്ചത്. നിലവിൽ 2 ലക്ഷം ഇളവുണ്ട്യ ബജറ്റ് പ്രഖ്യാപനത്തെ തുടർന്നു ഫലത്തിൽ 3.5 ലക്ഷത്തിന്റെ ഇളവാണു ലഭിക്കുക. ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരു വർഷം ഒരു കോടി രൂപയ്ക്കുമേൽ പിൻവലിച്ചാൽ 2% ടിഡിഎസ് ചുമത്തും. 2 കോടി മുതൽ 5 കോടി വരെ വരുമാനക്കാർക്ക് 3 ശതമാനവും 5 കോടിക്കു മുകളിൽ 7 ശതമാനവും സർചാർജ് ചുമത്താനും ബജറ്റ് നിർദേശിക്കുന്നു. പെട്രോളിനും ഡീസലിനും ലീറ്ററിന് ഒരു രൂപ അധിക സെസ് ഏർപ്പെടുത്തി.
സ്വർണത്തിനും രത്നത്തിനും കസ്റ്റംസ് തീരുവ 10ൽ നിന്ന് 12.5 ശതമാനമാക്കിയതോടെ ഇവയ്ക്കും വില കൂടും. 25 ശതമാനം കോര്‍പ്പറേറ്റ് നികുതിയുടെ പരിധി 250 കോടിയിൽനിന്ന് 400 കോടിയാക്കി പുതുക്കി. രാജ്യത്തെ ഈ വർഷം 3 ട്രില്യൻ ഡോളർ മൂല്യമുള്ള സമ്പദ്ഘടനയാക്കി ഉയർത്തുമെന്ന് ധനമന്ത്രി പറഞ്ഞു. 2014ൽ 1.85 ട്രില്യൻ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യനിലെത്തി. ഈവർഷം അത് 3 ട്രില്യൻ ഡോളർ ലക്ഷ്യം കൈവരിക്കും. ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസികൾക്ക് ആധാർ നൽകും. 1.5 കോടി രൂപയിൽ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാർക്ക് പെൻഷൻ പദ്ധതി നടപ്പാക്കും. വൈദ്യുതി മേഖലയിൽ ഒരു രാജ്യം ഒരു ഗ്രിഡ് നിർദേശവും ബജറ്റിലുണ്ട്.
അടിസ്ഥാന സൗകര്യ വികസന മേഖലയിൽ 5 വർഷത്തിനുള്ളിൽ 100 ലക്ഷം കോടി രൂപ നിക്ഷേപം കൊണ്ടുവരും. രാജ്യാന്തര നിലവാരത്തിൽ 17 വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കും. വനിതകൾക്ക് മുദ്രാ ലോണിൽ പ്രത്യേക പരിഗണന. തൊഴിൽ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാലു കോഡുകളാക്കും. സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ടിവി ചാനൽ. ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്തും. ഗ്രാമീണ മേഖലകളില്‍ 75,000 സ്വയം തൊഴിൽ പദ്ധതി. എല്ലാ പഞ്ചായത്തുകളിലും ഇന്റർനെറ്റ്.
ഗ്രാമീണ റോഡുകളുടെ നിർമാണവും നവീകരണവും വിപുലപ്പെടുത്തും. 2025നകം 1.25 ലക്ഷം കിലോമീറ്റർ റോഡുകൾ നിർമിക്കും റെയിൽവേ വികസനത്തിന് പിപിപി മോഡൽ. 2030നകം റെയിൽവേയിൽ 50 ലക്ഷം കോടി നിക്ഷേപം. ഇൻഷുറൻസ്, മാധ്യമം, വ്യോമയാന മേഖലകളിൽ വിദേശനിക്ഷേപം കൂട്ടും. ബഹിരാകാശ മേഖലയിൽ കമ്പനി വരും. ഗ്രാമീണ മേഖലയിൽ 1.95 കോടി വീടുകൾ നിർമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ലണ്ടൻ: സ്പാനിഷ് താരം റാഫേൽ നദാൽ വിംബിൾഡൺ മൂന്നാം റൗണ്ടിൽ കടന്നു. ഓസ്ട്രേലിയയുടെ നിക്ക് കിർഗിയോസിനെ പരാജയപ്പെടുത്തിയാണ് നദാൽ മൂന്നാം റൗണ്ടിൽ കടന്നത്. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കാണ് നദാലിന്റെ ജയം. ആദ്യ സെറ്റ് അനായാസം ജയിച്ച നദാലിനെ അമ്പരപ്പിക്കുന്ന പ്രകടനമാണ് പിന്നീടങ്ങോട്ട് ഓസ്ട്രേലിയൻ എതിരാളിപുറത്തെടുത്തത്. രണ്ടാം സെറ്റ് ആതേ സ്കോറിനു തിരിച്ചടിച്ച കിർഗിയോസ് മൂന്നും നാലും സെറ്റുകൾ ടൈബ്രേക്കറിലാണ് വിട്ടുകൊടുത്തത്. സ്കോർ: 6-3, 3-6, 7-6 (7-5)ഷ 7-6 (7-3).
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിക്കും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങൾ ബജറ്റില്‍ ഉണ്ടാകും. കാര്‍ഷിക പ്രതിസന്ധി മറികടക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും ഉള്ള വലിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.
സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന വെല്ലുവിളിയാണ് ഇന്ന് കന്നി ബജറ്റ് അവതരിപ്പിക്കുന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മുന്നിലുള്ളത്. നടപ്പ് വര്‍ഷം ആഭ്യന്തര വളര്‍ച്ച ഏഴ് ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഇത് എട്ട് ശതമാനത്തിലേക്ക് നിലനിര്‍ത്തിയാലേ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക ശേഷി എന്ന ലക്ഷ്യം കൈവരിക്കാനാകൂ.
അത് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. കാര്‍ഷിക-തൊഴിൽ മേഖലകളിലെ പ്രതിസന്ധികൾ മറികടക്കാനുള്ള നിര്‍ദ്ദേശങ്ങളും ഉണ്ടാകും. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിൽ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. വിദേശ, സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുക, ചെറുകിട-ഇടത്തരം സംരംഭങ്ങൾ പ്രത്സാഹിപ്പിക്കുക എന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ എന്നാണ് സാമ്പത്തിക സര്‍വ്വേ നിര്‍ദ്ദേശം.
നിര്‍മ്മല സീതാരാമന്റെ മുന്നില്‍ വെല്ലുവിളികളും പ്രതീക്ഷകളും ഏറെയാണ്.
പിയൂഷ് ഗോയൽ അവതരിപ്പിച്ച ഫെബ്രുവരിയിലെ എന്‍ഡിഎ സര്‍ക്കാരിന്റെ അവസാന ബജറ്റിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മധ്യവർഗത്തെ ആകർഷിക്കുന്നതിൽ നിർണ്ണായക പങ്കുണ്ടായിരുന്നു. അഞ്ചുലക്ഷം വരെ വരുമാനം ഉള്ളവർക്ക് നികുതിയില്ല എന്ന പ്രഖ്യാപനം ഇടത്തരക്കാരെ ആകർഷിച്ചു. കർഷകർക്ക് 6000 രൂപ എന്നത് ഗ്രാമീണ മേഖലയിലെ അതൃപ്തി മറികടക്കാൻ സഹായിച്ചു.
സാമ്പത്തിക വളർച്ചയുടെ വേഗം കൂട്ടുക എന്നതാണ് നിർമലാ സീതാരാമന് മുന്നിലുള്ള പ്രധാന ദൗത്യം, ഒപ്പം നിക്ഷേപം ഉറപ്പാക്കുകയും വേണം. അഞ്ച് ട്രില്ല്യൺ ഡോളറിന്റെ സാമ്പത്തിക ശക്തിയായി വളരണമെങ്കിൽ എട്ട് ശതമാനം വളർച്ച അനിവാര്യം എന്ന് സാമ്പത്തിക സർവ്വേ നിർദ്ദേശിക്കുന്നു.
വളർച്ച ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ ഇന്നത്തെ ബജറ്റിൽ പ്രതീക്ഷിക്കാം. അതിനാൽ നികുതിഇളവുകൾ കാര്യമായി ഉണ്ടാവാൻ വഴിയില്ല. അഞ്ചുലക്ഷം വരെ വരുമാനം ഉള്ളവർക്ക് നികുതി ഇല്ല എന്ന നിർദ്ദേശം തുടരുമെന്ന് പ്രതീക്ഷിക്കാം. ആദായനികുതിക്കുള്ള പരിധി രണ്ടരയിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്തണമെന്ന ആവശ്യം, ഭവനവായ്പാ പലിശയ്ക്ക് കൂടുതൽ ആനുകൂല്യം നല്‍കണം എന്ന ആവശ്യവും ശക്തമാണ്.
അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് സർക്കാർ നേരിടാൻ പോകുകയാണ്. ദില്ലിയിലും മുംബൈയിലും വോട്ടെടുപ്പ് നടത്താനിരിക്കെ മധ്യവർഗ്ഗത്തെ സർക്കാരിന് കൈവിടാനാവില്ല. അതായത് ജനപ്രിയ പ്രഖ്യാപനങ്ങൾ പൂർണ്ണമായും ഒഴിവാക്കാനാവില്ല. ഇതിനൊപ്പം വളർച്ച ഉറപ്പാക്കുകയും വേണം എന്നതാണ് നിർമലാ സീതാരാമൻ നേരിടുന്ന വെല്ലുവിളി.