Latest News

മലയാളം യുകെ ന്യൂസ് ബ്യുറോ

ലീഡ്‌സ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും മലയാളനാടിൻറെ രുചി തേടി ലീഡ്‌സിലെ തറവാട് ഹോട്ടലിലെത്തി. ഹോട്ടലിലെ പ്രശസ്തമായ കാരണവര്‍ മസാലദോശയാണ് കോലി ആദ്യം ആവശ്യപ്പെട്ടത്. പിന്നാലെ അപ്പവും മുട്ടക്കറിയും , ശേഷം താലി മീല്‍സ്

കോലിയും ഇന്ത്യന്‍ ടീമും നേരത്തേയും ഈ ഹോട്ടലില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട് . 2014-ലെ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമിന് ദക്ഷിണേന്ത്യന്‍ പ്രഭാത ഭക്ഷണം വേണമെന്ന് ആഗ്രഹം. ടീം താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാര്‍ തറവാട് ഹോട്ടലിലെത്തി ഇഡ്ഡലിയും സാമ്പാറും വാങ്ങി മടങ്ങി. അന്ന് രുചിയറിഞ്ഞ കോലി പിറ്റേന്നു തന്നെ ഭക്ഷണം കഴിക്കാനെത്തി . എല്ലാ തരത്തിലും കേരളീയ തനിമയുള്ള തറവാട് ഹോട്ടലില്‍ കുത്തരി ചോറ് മുതല്‍ പൊറോട്ട വരെയുണ്ട്. കാരണവര്‍ എന്നു പേരുള്ള മസാല ദോശയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍ .

ഇന്ത്യൻ നായകനും ഭാര്യയ്ക്കും കേരളം വിഭവങ്ങൾ പരിചയപെടുത്തിയതിൽ തറവാടിന് അഭിമാനമുണ്ടെന്ന് തറവാട് റെസ്റ്റോറെന്റിന്റെ പാർട്ണർ സിബി ജോസ് മലയാളം യുകെയോട് പറഞ്ഞു.

പാലാക്കാരൻ സിബി ജോസിനോടൊപ്പം കോട്ടയംകാരനായ അജിത് നായർ (ഷെഫ്) , പാലാക്കാരനായ രാജേഷ് നായർ (ഷെഫ്) , ഉഡുപ്പി സ്വദേശിയായ പ്രകാശ് മെൻഡോങ്ക , തൃശ്ശൂരുകാരനായ മനോഹരൻ ഗോപാൽ എന്നിവർ ചേർന്നാണ് തറവാട് റെസ്റ്റോറെന്റിനെ മുന്നോട്ടു നയിക്കുന്നത് .

 

മലയാളം യുകെ ന്യൂസ് ബ്യുറോ

കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളിലും മാഹിയിലും ഉള്ളവര്‍ക്കായി ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നു. *ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ തൃശ്ശൂര്‍ മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലാ മൈതാനത്താണ് റാലി നടക്കുക*.
സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജ്യര്‍ ടെക്‌നിക്കല്‍, സോള്‍ജ്യര്‍ ടെക്‌നിക്കല്‍ നഴ്‌സിങ് അസിസ്റ്റന്റ്, സോള്‍ജ്യര്‍ ക്ലര്‍ക്ക്, സോള്‍ജ്യര്‍ ട്രേഡ്‌സ്മാന്‍ വിഭാഗങ്ങളിലേക്കാണ് റാലി. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
*ഓണ്‍ലൈനായി ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം*. വെബ്‌സൈറ്റ്: www.joinindianarmy.nic.in

സുഹൃത്തുക്കള്‍ക്കൊപ്പം മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു.
മഞ്ഞാടി ആമല്ലൂര്‍ കാക്കത്തുരുത്ത് കൂട്ടനാല്‍ വീട്ടില്‍ ഗോപി മനോരമ ദമ്പതികളുടെ ഏകമകന്‍ ഗോകുല്‍ (21), കോഴഞ്ചേരി നാരങ്ങാനം മുണ്ടയ്ക്കല്‍ വീട്ടില്‍ സദാനന്ദന്റ മകന്‍ നിഥിന്‍ (21) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് നാലരയോടെ മണിയോടെ മണിമലയാറ്റില്‍ മനയ്ക്കച്ചിറ പാലത്തിന് സമീപത്തെ കടവിലായിരുന്നു സംഭവം. മറ്റു രണ്ട് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.

കുളി കഴിഞ്ഞ് കരയ്ക്ക് കയറിയ ശേഷം വീണ്ടും നദിയിലിറങ്ങിയ ഗോകുല്‍ ഒഴുക്കില്‍ പെട്ട് മുങ്ങിത്താഴുകയായിരുന്നു. തുടര്‍ന്ന് ഗോകുലിനെ രക്ഷിക്കാനാങ്ങിയ നിഥിനെയും ഒഴുക്കില്‍പ്പെട്ട് കാണാതായി. കരയില്‍ നിന്ന സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് തിരുവല്ലയില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിൽ ആറ് മണിയോടെ നിഥിന്റെ മൃതദേഹവും അറരയോടെ ഗോകുലിന്റെ മൃതദേഹവും കണ്ടെത്തി.ഇരുവരുടെയും മൃതദേഹങ്ങള്‍ തിരുവല്ല പുഷ്പഗിരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ദില്ലി: ആഗ്രയ്‍‍ക്കടുത്ത് യമുന എക്സ്പ്രസ് വേയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 29 പേർ മരിച്ചു. ലക്നൗവിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. ബസിൽ നാൽപതോളം യാത്രക്കാരുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അപകടത്തില്‍ പരിക്കറ്റ 15 ഓളം പേരെ രക്ഷപ്പെടുത്തി.

പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്നു അപകടത്തില്‍പ്പെട്ട ബസ്. കൈവരിയില്‍ തട്ടിയ ബസ് 20 അടിയോളം താഴ്ചയുള്ള നദിയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണ നടത്താന്‍ യുപി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി രാജിക്ക് തുടക്കം കുറിച്ചതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ സ്ഥാനം ഒ‍ഴിയുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ജ്യോതിരാദിത്യ സിന്ധ്യയാണ് ഇന്ന് രാജിവെച്ചത്. പടിഞ്ഞാറൻ ഉത്തർ പ്രദേശിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി. രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചും ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്തുമാണ് രാജി. രാജിക്കത്ത് ദേശീയ നേതൃത്വത്തിന് അയച്ചു.

രാഹുലിനെ പിന്തിരിപ്പിക്കാനും തോൽവിയുടെ ഉത്തരവാദിത്വവും ഏറ്റെടുത്ത് വലുതും ചെറുതുമായ 200 ഓളം രാജികളാണ് ഇതുവരെ കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്നത്. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ കേശവ് ചന്ദ് യാദവും രാജി വെച്ചിരുന്നു.

ഇതിനിടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണ്. അധ്യക്ഷനാകേണ്ടത് മുതിർന്നയാളോ യുവനേതാവോ എന്നതിൽ ഇപ്പോഴും നേതൃത്വത്തിന് വ്യക്തത ഇല്ല. സുശീൽ കുമാർ ഷിൻഡേ, മല്ലികാർജ്ജുന ഗാർഗെ, സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകൾ പരിഗണനയിൽ ഉണ്ട്. ഗുലാം നബി ആസാദ് അടക്കമുള്ളവർ അധ്യക്ഷനായി സച്ചിൻ പൈലറ്റിനെ നിർദേശിക്കുന്നു. ഒരു വിഭാഗം ഷിൻഡെയ്ക്കും പിന്തുണ നൽകുന്നു. അന്തിമ തീരുമാനം എടുക്കാൻ പ്രവർത്തക സമിതി ബുധനാഴ്ച യോഗം ചേർന്നെക്കും

ഉദൽഗുരി: ശാസ്ത്ര അദ്ധ്യാപികയുടെ കുടുംബം മൂന്ന് വയസുകാരിയെ ബലികൊടുക്കാൻ ശ്രമിച്ചു. ആസ്സാമിലെ ഉദൽഗുരി ജില്ലയിലാണ് സംഭവം. മൂന്ന് വയസുകാരിയെ ബലി കൊടുക്കാനുള്ള ശ്രമം തടയാൻ പൊലീസ് നടത്തിയ വെടിവയ്പ്പിൽ ശാസ്ത്ര അദ്ധ്യാപികയുടെ കുടുംബത്തിലെ ഒരംഗം കൊല്ലപ്പെട്ടു. കുടുംബത്തിലെ സ്ത്രീകളടക്കമുള്ളവർ നഗ്നരായി മന്ത്രങ്ങൾ ഉച്ചരിക്കുന്നെന്നും മൂന്ന് വയസുകാരിയെ ബലികൊടുക്കാൻ പോവുകയാണെന്നും പൊലീസിനെ അറിയിച്ചത് നാട്ടുകാരാണ്. അദ്ധ്യാപികയുടെ സഹോദരന്റെ മൂന്ന് വയസുള്ള മകളെയാണ് ബലികൊടുക്കാൻ ശ്രമിച്ചത്.

ശാസ്ത്ര അദ്ധ്യാപികയ്ക്കടക്കം പരിക്കേറ്റു. പരിക്കേറ്റവരെ ഗുവാഹത്തിയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ധ്യാപികയുടെ മകൻ പുലകേഷ് സഹാരിയയാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്.മൂന്ന് വയസുകാരിയെ നീളമുള്ള വാളുപയോഗിച്ച് കഴുത്തറുത്ത് കൊല്ലാനായി മന്ത്രവാദി ശ്രമിച്ച ഘട്ടത്തിൽ നാട്ടുകാർ ഇടപെട്ടു. ഇവർ മൂന്ന് വയസുകാരിയെ ബലികൊടുക്കാനുള്ള ശ്രമം പരാജയപ്പെടുത്തി പെൺകുട്ടിയെ രക്ഷിച്ചു. എന്നാൽ കുടുംബാംഗങ്ങൾ വാളുകളും മഴുവും കല്ലും വടികളും ഉപയോഗിച്ച് നാട്ടുകാരെ ആക്രമിച്ചു. പിന്നീടിവർ വീട്ടിലെ ഇരുചക്രവാഹനങ്ങളും കാറും ടിവി സെറ്റും ഫ്രിഡ്ജും തീവച്ച് നശിപ്പിച്ചു.

മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇവരുടെ കുടുംബത്തിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷം പതിവായി ഇവിടെ മന്ത്രവാദം നടന്നുവരുന്നുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പൊലീസിനോട് പറഞ്ഞത്. അക്രമാസക്തരായ കുടുംബത്തെ തടയാനാണ് വെടിയുതിർത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.

ആഴക്കടിലിൽ മാത്രം കണ്ടുവരാറുള്ള ഓർ മത്സ്യങ്ങൾ തീരത്തടുത്തത് പ്രകൃതിയുടെ മുന്നറിയിപ്പായിരുന്നോ? ഇൗ ചോദ്യം ശക്തമായി ഉയർത്തുകയാണ് ഒരു പക്ഷം. സമീഹമാധ്യമങ്ങളിൽ ചർച്ചകളും സജീവമായി കഴിഞ്ഞു. യുഎസിലെ കലിഫോർണിയയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ഒാർ മൽസ്യവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നത്. കഴിഞ്ഞ മാസമാണ് കലിഫോർണിയയിലെ ബാജാ തീരത്ത് ജീവനോടെ ഒരു ഓർ മത്സ്യം തീരത്തടിഞ്ഞത്. മത്സ്യബന്ധനത്തിനെത്തിയ സഹോദരങ്ങളായ നോഹയും തോംസണുമാണ് തീരത്തടിഞ്ഞ ഓർ മത്സ്യത്തെ കണ്ടെത്തിയത്.

കടലിൽ ഏകദേശം 1640 അടിയോളം തഴെയാണ് ഇവ വസിക്കുന്നത്. വലിയ ഒരു ഓർ മത്സ്യത്തിന് 110 അടിയോളം നീളമുണ്ടാകും. ബാജാ തീരത്തടിഞ്ഞത് 8 അടിയോളം നീളം മാത്രമുള്ള കുഞ്ഞ് ഓർ മത്സ്യമായിരുന്നു.ഇവർ കണ്ടെത്തുമ്പോൾ അതിന് ജീവനുണ്ടായിരുന്നു. തോംസൺ പെട്ടെന്നു തന്നെ ആഴക്കടലിലേക്ക് മത്സ്യത്തെ വഴിതിരിച്ചു വിട്ടു. ആഴക്കടിലിൽ മാത്രം കാണുന്ന ഇത്തരം മൽസ്യങ്ങൾ എങ്ങനെ കരയിലേക്ക് എത്തുന്നു എന്നത് നിഗൂഢമാണ്. ഇക്കാര്യത്തിൽ ജപ്പാൻകാരുടെ ഈ വിശ്വാസത്തെ ഏറെ ബലപ്പെടുത്തുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കലിഫോർണിയയിൽ സംഭവിച്ചതും.

ഭൂകമ്പ മുന്നറിയിപ്പുമായാണ് ഇൗ മൽസ്യം തീരത്തെത്തുന്നതെന്ന ജപ്പാൻകാരുടെ വിശ്വാസം. ഓർ മത്സ്യത്തെ കണ്ടതിനു പിന്നാലെയാണ് ഇവിടെ കടുത്ത ഭൂകമ്പമുണ്ടായത്. കലിഫോർണിയയുടെ തെക്കുഭാഗത്തായാണ് 7.1 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായത്. ജനവാസം കുറഞ്ഞ സ്ഥലമായതിനാൽ വൻ നാശം ഉണ്ടായില്ല. എന്നാൽ ചിലയിടങ്ങളിൽ കെട്ടിടങ്ങൾ തകർന്നതായും വൈദ്യുതിബന്ധം തകരാറിലായതായും വാതകച്ചോർച്ച മൂലം തീപിടിത്തം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. 2 ദശകത്തിൽ ആദ്യമായാണ് ഇത്ര വലിയ ഭൂചലനം ഈ മേഖലയിൽ അനുഭവപ്പെടുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപും ഇവിടെ 6.4 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച്ച അല്‍ ഖോബാറിലെ തുഖ്ബയില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞു മടങ്ങാന്‍ നിൽക്കവെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണ് മരിച്ച മലയാളി യുവാവിന് കണ്ണീരോടെ പ്രവാസികൾ വിടചൊല്ലി. മലപ്പുറം നിലമ്പൂര്‍ കാളികാവ് പതിനൊന്നാം മൈലില്‍ അരിമണല്‍ നീലേങ്കോടന്‍ സാദിഖാണ് മരിച്ചത്.അൽ ഖോബാർ ഇസ്‌കാനിലെ കിങ്‌ ഫഹദ് മസ്‌ജിദിൽ നടന്ന ജനാസ നിസ്കാരത്തിലും ശേഷം തുഖ്‌ബ ഖബർസ്ഥാനിൽ നടന്ന ചടങ്ങിലും ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ (ഡിഫ) ഭാരവാഹികളും വിവിധ ക്ലബ് മാനേജ്‌മെന്റ് പ്രതിനിധികളും കളിക്കാരും ഒപ്പം ദമാമിലെ സാമൂഹിക സാംസ്കാരിക -കായിക രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.

കിങ്‌ ഫഹദ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മ്യതദേഹം ഇശാ നമസ്ക്കാരത്തിന് മുമ്പായി ഇസ്ക്കാൻ പള്ളിയിലെത്തിച്ചു. നിർധന കുടുബത്തിന് ആശ്വാസമായി എട്ട് വർഷം മുമ്പാണ് സാദിഖ്‌ സൗദിയിലെത്തിയത്. നീലേങ്കോടന്‍ കുഞ്ഞിമുഹമ്മദിന്റെയും ജമീലയുടേയും മകനായ സാദിഖ് അവിവാഹിതനാണ്. ഖോബാറിലെ പ്രമുഖ ക്ലബ്ബായ ഫോർസ എഫ് സിയുടെ പ്രതിരോധ നിരയിലെ പ്രമുഖ കളിക്കാരനായിരുന്ന സാദിഖിന്റ വിയോഗം ഇപ്പോഴും ക്ലബ് അംഗങ്ങൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. ആറുമാസം മുമ്പാണ് ക്ലബ്ബിലെത്തുന്നത്. പതിവ് പോലെ വാരാന്ത്യങ്ങളിലെ പ്രാക്ടീസ് കഴിഞ്ഞ് സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു.

കുറഞ്ഞ കാലം കൊണ്ട് സഹപ്രവർത്തകരുടെ പ്രീതിയും സ്നേഹവും സാദിഖ് നേടിയെടുത്തിരുന്നുവെന്ന് ക്ലബ് ഭാരവാഹികളായ ജാബിർ ഷൗക്കത്തും ഫതീനും പറഞ്ഞു. സാദിഖിനെ അനുസ്മരിച്ച് ഡിഫ ഇന്ന് ദമാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ അനുശോചന ചടങ്ങ്‌ സംഘടിപ്പിക്കുമെന്ന് ഡിഫ ആക്ടിംഗ് പ്രസിഡന്റ്‌ മൻസൂർ മങ്കടയും ജനറൽ സെക്രട്ടറി ലിയാക്കത്തും പറഞ്ഞു. പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ നാസ് വക്കമാണ് നിയമ നടപടികൾക്ക്‌ നേതൃത്വം നൽകിയത്‌. ജാഫർ കൊണ്ടോട്ടിയും സഹായത്തിനുണ്ടായി.

ഒരു ഗോളും ഒരു അസിസ്റ്റുമായി മിന്നിനിന്ന ഗബ്രിയേൽ ജെസ്യൂസ് ചുവപ്പുകാർഡ് കണ്ടു പുറത്തുപോയിട്ടും പതറാതെ കളിച്ച ബ്രസീൽ കോപ്പ അമേരിക്ക ചാംപ്യൻമാർ. വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിൽ പൊരുതിനിന്ന പെറുവിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് ആതിഥേയരായ ബ്രസീൽ കിരീടത്തിൽ മുത്തമിട്ടത്. ആദ്യപകുതിയിൽ ബ്രസീൽ 2–1ന് മുന്നിലായിരുന്നു. എവർട്ടൻ (15), ഗബ്രിയേൽ ജെസ്യൂസ് (45+3), റിച്ചാർലിസൻ (90, പെനൽറ്റി) എന്നിവരാണ് ബ്രസീലിന്റെ ഗോളുകൾ നേടിയത്. ക്യാപ്റ്റൻ പൗലോ ഗ്യുറെയ്റോയുടെ വകയായിരുന്നു പെറുവിന്റെ ആശ്വാസഗോൾ. 44–ാം മിനിറ്റിൽ ഗ്യുറെയ്റോ പെനൽറ്റിയിൽനിന്നു നേടിയ ഈ ഗോൾ, ഇക്കുറി കോപ്പയിൽ ബ്രസീൽ വഴങ്ങിയ ഏക ഗോളുമായി.

പരിശീലകൻ ടിറ്റെയ്ക്കു കീഴിൽ പുത്തൻ വിജയചരിതവുമായി മുന്നേറുന്ന ബ്രസീലിന്റെ ഒൻപതാം കോപ്പ അമേരിക്ക കിരീടമാണിത്. പന്ത്രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ബ്രസീൽ കോപ്പയിൽ കിരീടം സ്വന്തമാക്കുന്നത്. 2007ലായിരുന്നു അവസാനത്തെ കിരീടനേട്ടം. മാത്രമല്ല, ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം കിരീടം ചൂടിയെന്ന റെക്കോർഡും ബ്രസീൽ കാത്തു. മൂന്നു ഗോളുമായി ബ്രസീൽ താരം എവർട്ടനാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. മികച്ച ഗോൾകീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ ബ്രസീലിന്റെ തന്നെ അലിസനും ഫെയർ പ്ലേ പുരസ്കാരം ബ്രസീൽ നായകൻ ഡാനി ആൽവ്സും നേടി.

നേരത്തെ, എവർട്ടൻ നേടിയ ബ്രസീലിന്റെ ആദ്യ ഗോളിനു വഴിയൊരുക്കിയ ജെസ്യൂസ് രണ്ടാം ഗോൾ നേടി മിന്നി നിൽക്കുമ്പോഴാണ് രണ്ടാം മഞ്ഞക്കാർഡുമായി പുറത്തു പോകേണ്ടി വന്നത്. മൽസരത്തിന്റെ 70–ാം മിനിറ്റിലായിരുന്നു ഇത്. ഇതോടെ 10 പേരുമായാണ് ബ്രസീൽ അവസാന 20 മിനിറ്റ് കളിച്ചത്. ആത്മവിശ്വാസം വിടാതെ പൊരുതിയ അവർ 10 പേരുമായി കളിച്ച് മൂന്നാം ഗോളും നേടി വിജയം ആധികാരികമാക്കുകയും ചെയ്തു. മൽസരത്തിന്റെ ആദ്യ പകുതിയിൽ മഞ്ഞക്കാർഡ് മേടിച്ച ജെസ്യൂസിന്, 70–ാം മിനിറ്റിൽ വീണ്ടും മഞ്ഞക്കാർഡ് ലഭിച്ചതോടെയാണ് മാർച്ചിങ് ഓർഡർ ലഭിച്ചത്. പെറു താരം സാംബ്രാനോയെ ഫൗൾ ചെയ്തതിനാണ് രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പുകാർഡും ലഭിച്ചത്. കണ്ണീരോടെയാണ് താരം കളം വിട്ടത്.

 

ലണ്ടന്‍: ഇന്ത്യ-ശ്രീലങ്ക മത്സരം നടന്നുകൊണ്ടിരിക്കെ കാശ്മീരിന് നീതി വേണമെന്നാവശ്യപ്പെട്ടുള്ള ബാനറുമായി വിമാനം പറന്ന സംഭവത്തില്‍ ബിസിസിഐയുടെ പരാതി. ഐസിസിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചാണ് ബിസിസിഐ ഐസിസിക്ക് പരാതി നല്‍കിയത്.

ശനിയാഴ്ച നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടയിലാണ് സംഭവം നടക്കുന്നത്. ആകാശത്ത് ‘ജസ്റ്റിസ് ഫോര്‍ കശ്മീര്‍’, ‘ഇന്ത്യ വംശഹത്യ അവസാനിപ്പിക്കുക, കശ്മീരിനെ സ്വതന്ത്രമാക്കുക’ എന്നെഴുതിയ ബാനറുകളുമായി വിമാനങ്ങള്‍. രണ്ട് വിമാനങ്ങളാണ് സന്ദേശങ്ങളുമായി മത്സരം നടക്കുന്ന ഗ്രൗണ്ടിന് മുകളിലൂടെ പറന്നത്.

ശ്രീലങ്കന്‍ ഇന്നിങ്‌സ് മൂന്നാം ഓവറിലെത്തി നില്‍ക്കെയായിരുന്നു ആദ്യത്തെ വിമാനം ഹെഡിങ്‌ലി സ്‌റ്റേഡിയത്തിന് മുകളിലൂടെ പറന്നത്. ‘ജസ്റ്റിസ് ഫോര്‍ കശ്മീര്‍’ എന്നായിരുന്നു മുദ്രാവാക്യം. രണ്ടാമത്തെ വിമാനം പ്രത്യക്ഷപ്പെട്ടത് 17-ാം ഓവറിലായിരുന്നു. ‘ഇന്ത്യ വംശഹത്യ അവസാനിപ്പിക്കുക, കശ്മീരിനെ സ്വതന്ത്രമാക്കുക’ എന്നതായിരുന്നു രണ്ടാമത്തെ സന്ദേശം.

ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് മത്സരത്തിനിടെ വിമാനം സന്ദേശവുമായി ആകാശത്ത് പ്രത്യക്ഷപ്പെടുന്നത്. നേരത്തെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെ ‘ജസ്റ്റിസ് ഫോര്‍ ബലൂചിസ്ഥാന്‍’ സന്ദേശവുമായും വിമാനം പറന്നിരുന്നു. ഇതിന് പിന്നാലെ അഫ്ഗാന്റേയും പാക്കിസ്ഥാന്റേയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു.

 

Copyright © . All rights reserved