Latest News

ലൈംഗികാതിക്രമക്കേസില്‍ മുകേഷിന് മുന്‍കൂർ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ അപ്പീലിനൊരുങ്ങുന്നു. വിഷയത്തിൽ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം പ്രത്യേകാന്വേഷണ സംഘത്തിന് ലഭിച്ചു.

കോടതിയുടെ വിധി പരാതിക്കാരിയെ അവിശ്വസിക്കുന്നതാണെന്നും വര്‍ഷങ്ങള്‍ പഴക്കമുള്ള കേസാണിതെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കുക. എറണാകുളം സെഷന്‍സ് കോടതിയാണ് മുകേഷിന് ജാമ്യമനുവദിച്ചത്. ഇത് കേസിന്റെ തുടരന്വേഷണത്തെയും വിചാരണയെയും ബാധിക്കുമെന്നാണ് അപ്പീലില്‍ ചൂണ്ടിക്കാട്ടുക.

പരാതിക്കാരിയായ നടിയുടെ മൊഴിയിൽ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക പീഡനം എന്ന വാദം കോടതി പൂർണമായും തള്ളിയിരുന്നു.

എറണാകുളം സ്വദേശിയായ നടിയുടെ പരാതിയില്‍ എം. മുകേഷ് എം.എല്‍.എയ്‌ക്കെതിരെ മരട് പോലീസ് കേസെടുത്തിരുന്നു. ഐ.പി.സി. 354, 509, 452 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.

സുജാതാ അനിൽ

വെയിൽ തിന്ന് നീര് വറ്റിയ
വരണ്ട ചിന്തകൾ കുളിർ മഴയേറ്റ് തളിർക്കും

വിഷമുണ്ട് ചോരകക്കിയസ്വപ്നം നീലാകാശമായി തെളിയും .

മെലിഞ്ഞുണങ്ങിയ വിചാരങ്ങൾ
തെളിയുറവയാൽ സങ്കീർത്തനം പാടും .

വേനൽ ഉരുക്കി കത്തിച്ചു കളഞ്ഞ വാക്കുകൾ
പുഴയായ് നിറഞ്ഞൊഴുകും.

ഇരുട്ടിലടയിരുന്ന് ഭീതി വിഴുങ്ങിയ കിനാക്കൾ പുതുജീവന് തണലേകും .

പകൽ കരണ്ട നരച്ച കണ്ണുകൾ
പകലോനെപ്പോൽ തിളങ്ങും .

നീയും ഞാനും തനിച്ചാകുമ്പോൾ വരണ്ട ചിന്തകൾ കുളിർമഴയായ് പെയ്യും.

ഉടലാകെ തണുക്കുന്ന വേനൽ മഴയിൽ
മയിൽപ്പീലിത്തുണ്ടുകൾ ചിത്രഗീതമാലപിക്കും.

അപ്പൂപ്പൻതാടികൾ വെള്ളിമേഘം വിരിക്കും.
ഉടലും ഉയിരും മഴവില്ലു മാല തീർക്കും.

സുജാതാ അനിൽ

ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക. ഗവൺമെന്റ് ഹൈസ്കൂൾ പൂയപ്പള്ളി.കൊല്ലം.
ഭർത്താവ്-അനിൽകുമാർ
മക്കൾ -വിദ്യാർത്ഥികളായ ഗൗതം എ എസ് , ഗൗരി കല്യാണി.

 

മുൻ കാമുകിയുടെ ഇപ്പോഴത്തെ കാമുകനും കൂട്ടാളികളും വധഭീഷണി മുഴക്കുന്നുവെന്ന പരാതിയുമായി തിരുവല്ല കുറ്റൂർ സ്വദേശിയായ യുവാവ്. വീട്ടിലും ജോലി സ്ഥലത്ത് പിന്നാലെ കൂടി ഒരുസംഘം അപായപ്പെടുത്താൻ ശ്രമിക്കുന്നു. തന്നെ കബളിപ്പിച്ച് കാമുകി കൊണ്ടുപോയ മൂന്ന് ലക്ഷത്തോളം രൂപ തിരികെ കിട്ടാൻ, പൊലീസിൽ പരാതി കൊടുത്ത ശേഷമാണ് ഭീഷണി ശക്തമായതെന്നും രതീഷ്കുമാർ പറയുന്നു.

രതീഷിന്‍റെ പരാതി ഇങ്ങനെ– ബസ് കണ്ടക്ടറായി ജോലി നോക്കിയിരുന്ന കാലം മുതൽ എട്ടു വർഷം ഒരു പെൺകുട്ടിയെ പ്രണയിച്ചു. ഈ അടുത്തകാലത്ത് വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച് പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറി. പലപ്പോഴായി മൂന്ന് ലക്ഷത്തോളം രൂപ അവർ വാങ്ങിയിട്ടുണ്ട്. ഇതുതിരികെ ചോദിച്ചത് മുതൽ ഭീഷണിയാണ്. ഭീഷണിപ്പെടുത്തുന്നതാവട്ടെ പെൺകുട്ടിയുടെ ഇപ്പോഴത്തെ കാമുകനും സംഘവും.

യുവാവിന്റെ തിരുവല്ല കുറ്റൂരിലെ വീട്ടിലും ഇപ്പോൾ നടത്തുന്ന ബാർബർ ഷോപ്പിലും ഭീഷണിയുമായി ഒരു സംഘം ആളുകളുമെത്തി. അതേസമയം രതീഷിനെയും മുൻ കാമുകിയെയും സ്റ്റേഷനിൽ വിളിച്ച് ചർച്ച നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റ അടിസ്ഥാനത്തിൽ പകുതി പണം യുവതി തിരികെ കൊടുത്തതായും ബാക്കി ഉടൻ നൽകുമെന്ന ധാരണയിൽ പ്രശ്നം പരിഹരിച്ചതാണെന്നും കോയിപ്രം പൊലീസ് പറയുന്നു.

ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം.ആര്‍ അജിത്കുമാര്‍. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തിലാണ് വെളിപ്പെടുത്തല്‍. ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരം പോയതാണെന്നും സ്വാകാര്യ സന്ദര്‍ശനമാണെന്നുമാണ് അജിത്കുമാറിന്റെ വിശദീകരണം.

സ്വകാര്യ സന്ദര്‍ശനം എന്ന് അജിത് കുമാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ വ്യക്തത നല്‍കേണ്ടി വരും.

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രയെ ഹൊസാബലയെ തൃശൂരില്‍വച്ച് എഡിജിപി കണ്ടെന്ന് കഴിഞ്ഞി ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപണം ഉന്നയിച്ചിരുന്നു. ആര്‍എസ്എസുമായുള്ള ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയാണ് എഡിജിപിയെ നിയോഗിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.

2023 മെയ് 22 നായിരുന്നു സന്ദര്‍ശനം. പാറമേക്കാവ് വിദ്യാ മന്ദിറില്‍ ആര്‍എസ്എസ് ക്യാമ്പിനിടെയായിരുന്നു സന്ദര്‍ശനം. സ്പെഷ്യല്‍ ബ്രാഞ്ച് ഡിജിപിക്കും ഇന്‍ലിജന്‍സ് വിഭാഗത്തിനും കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൂരം കലക്കി ബിജെപിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയായിരുന്നു കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിട്ടതെന്നാണ് പ്രതിപക്ഷനേതാവടക്കം ആരോപണം ഉന്നയിച്ചത്.

പരാതി പരസ്യമായി പറഞ്ഞതിൽ പി.വി. അൻവർ എം.എൽ.എയ്ക്കെതിരേ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം. അതേസമയം അൻവറിന്റെ പരാതി പാർട്ടി പരിശോധിക്കും. എന്നാൽ പ്രത്യേക അന്വേഷണ കമ്മിഷൻ ഉണ്ടായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കുമെതിരേയാണ് പി.വി. അൻവറിന്റെ ഗുരുതര ആരോപണം. അതുകൊണ്ട് തന്നെ അതീവ ​ഗൗരവത്തോടെയാണ് പാർട്ടി അൻവറിന്റെ പരാതിയെ നോക്കിക്കാണുന്നത്. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ചയ്ക്ക് വന്നുവെങ്കിലും, പി.വി. അൻവർ ഉന്നയിച്ച ആരോപണം അന്വേഷിക്കാൻ പാർട്ടിയിൽ പ്രത്യേക അന്വേഷണ കമ്മിഷൻ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തമല്ല.

പി.വി. അൻവർ പരസ്യമായി പരാതികൾ വിളിച്ചു പറഞ്ഞതിൽ സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നുവെന്നും പി.വി. അൻവറിനെ അനുകൂലിച്ചു പ്രതികൂലിച്ചും അംഗങ്ങൾ സംസാരിച്ചതായാണ് ലഭിക്കുന്ന വിവരം.

നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച വാട്ട്സാപ്പ് സന്ദേശവും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ പുതുവത്സരദിനത്തിൽ നടി മുകേഷിനയച്ച ആശംസാ സന്ദേശവും കേസിൽ തിരിച്ചടിയാവുകയാണ്.

പരാതിക്കാരിയുടെ മൊഴിയിൽ ​നിരവധി വൈരുധ്യങ്ങളുണ്ട് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. മുകേഷ് ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചുവെന്ന പരാതിക്കാരിയുടെ ആരോപണം കോടതി തള്ളി. നടിയുടെ ആദ്യത്തെയും രണ്ടാമത്തെയും മൊഴികളിൽ ബലാത്സം​ഗം നടന്നുവെന്ന് വെളിവാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ടാമത്തെ മൊഴിയിൽ ഈ വൈരുധ്യത്തിന് കാരണം പറയാൻ അവർക്ക് സാധിച്ചിട്ടില്ല. കഴി‍ഞ്ഞമാസം 29-ാം തീയതിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുകേഷ് ജാമ്യഹർജി നൽകിയത്. അതിനുശേഷം 30-ാം തീയതി വീണ്ടും നടിയുടെ മൊഴിയെടുത്തിരുന്നു. ഇതിലാണ് വലിയ വൈരുധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

2010-ൽ പീഡനം നടന്നെന്ന് പറയുന്ന ദിവസം മുകേഷ് തന്റെ ബി.എം.ഡബ്ല്യൂ കാറിൽ പരാതിക്കാരിയുടെ ഫ്ളാറ്റിലെത്തി കൂട്ടിക്കൊണ്ടുപോവുകയും മരടിലെ സ്വന്തം വില്ലയിലെത്തിച്ചാണ് പീഡിപ്പിച്ചതെന്നാണ് നടി പരാതിയിൽ പറഞ്ഞിരുന്നത്. അന്നുതന്നെ മുകേഷ് തന്നെയാണ് പരാതിക്കാരിയെ കാറിൽക്കയറ്റി അവരുടെ ആലുവയിലെ ഫ്ലാറ്റിൽ തിരികെ കൊണ്ടുവിട്ടത്. ഇതിൽ എവിടെയാണ് നിർബന്ധിത ലൈം​ഗിക പീഡനം എന്നതാണ് കോടതി ഉയർത്തിയ പ്രധാനചോദ്യം. ഈ സംഭവങ്ങൾക്കെല്ലാം ശേഷം 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് അവർ മുകേഷിന് വാട്ട്സാപ്പ് സന്ദേശം അയച്ചിരുന്നു. അതും ഉത്തരവിന്റെ ഭാ​ഗമായി കോടതി ചൂണ്ടിക്കാട്ടി. ഇതെല്ലാം ഈ കേസിൽ നടി ഉന്നയിച്ച ആരോപണങ്ങൾക്ക് തിരിച്ചടിയായി മാറുകയാണ്.

പരാതിക്കാരിയായ നടി ഒരു നിയമ ബിരുദധാരിയാണെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. നിയമം പ്രാക്റ്റീസ് ചെയ്തിരുന്ന ഒരാൾക്ക് സാധാരണ നിയമവശങ്ങൾ അറിയില്ലെന്ന് പറയാനാവും എന്നും കോടതി ചോദിച്ചു. കേസിൽ മുകേഷിന് ജാമ്യം ലഭിച്ചിട്ടുണ്ട്.

നടന്‍ നിവിന്‍ പോളിക്കെതിരെയുള്ള പീഡന പരാതി വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെ ഷൂട്ടിങില്‍ ആയിരുന്നുവെന്ന് വിനീത് പറഞ്ഞു.

‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിലുള്ള ചിത്രങ്ങളും തെളിവായി തന്റെ കൈയ്യില്‍ ഉണ്ട്. 2023 ഡിസംബര്‍ 14 ന് നിവിന്‍ ഉണ്ടായിരുന്നത് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിലാണ്.

15 ന് പുലര്‍ച്ചെ മൂന്ന് മണി വരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നു. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിങ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ചിത്രീകരണം. ഉച്ചയ്ക്ക് ശേഷം ക്രൗണ്‍ പ്ലാസയിലും ഷൂട്ടിങ് ഉണ്ടായിരുന്നു.

അത് പുലര്‍ച്ചെ വരെ തുടര്‍ന്നു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നു. നിവിന്‍ പോയത് അതില്‍ അഭിനയിക്കാനാണ്. ഷൂട്ടിങ് കേരളത്തില്‍ ആയിരുന്നു എന്നാണ് വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കിയിരിക്കുന്നത്.

നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം ഊന്നുകല്‍ പൊലീസ് ആണ് കേസ് എടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് നിവിന്‍ പോളി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

പത്തനംതിട്ട മുന്‍ എസ്.പി. സുജിത് ദാസ് ഐ.പി.എസിന് സസ്‌പെന്‍ഷന്‍. പി.വി. അന്‍വര്‍ എം.എല്‍.എയുമായുള്ള വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് സുജിത് ദാസിനെതിരേ നടപടി ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് സസ്‌പെന്‍ഷന്‍ സംബന്ധിച്ച ഉത്തരവ് പുറത്തെത്തിയത്.

പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആദ്യ നടപടിയെന്നോണം പത്തനംതിട്ട എസ്.പി. സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ നീക്കുകയായിരുന്നു. പകരം ചുമതലകളൊന്നും നല്‍കിയിരുന്നില്ല. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ടോടെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഷന്‍ ചെയ്തുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.

സുജിത് ദാസ് ഐ.പി.എസുമായി നടത്തിയ ഫോണ്‍ സംഭാഷണം പി.വി. അന്‍വര്‍ പുറത്തുവിട്ടിരുന്നു. ഗുരുതര ആരോപണങ്ങളായിരുന്നു പി.വി. അന്‍വര്‍ സുജിത് ദാസിനെതിരേ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഡി.ഐ.ജി. അജിതാ ബീഗം അന്വേഷണം നടത്തി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സുജിത് ദാസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമുണ്ടായെന്നും സര്‍വീസ് ചട്ടലംഘനം നടത്തിയതിന്റെ ഭാഗമായി നടപടിയുണ്ടാകണമെന്നും ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് പത്തനംതിട്ട എസ്.പി. സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ നീക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

അഖിൽ പുതുശ്ശേരി

ചിങ്ങമിങ്ങെത്തി തുമ്പപൂവേ
പൂക്കാൻ വൈകുന്നതെന്തേ നീ

അത്തം നാൾ മുതൽ അത്തമൊരുക്കിടാൻ
സൂര്യനുമുന്നേ ഉണർന്നിടേണം

ആർപ്പോ ഇർപ്പോ എന്നോതിയോതി
മാവേലി തമ്പ്രാനെ വരവേറ്റിടേണം

ചെത്തി ചേമന്തി മന്ദാരം മുക്കുറ്റി
കൊമ്പത്തുനിന്നൊരു ചെമ്പകപ്പൂവും

ഒത്തങ്ങിരുന്നെന്റെ മുറ്റത്തു നാണത്താൽ
തുമ്പപ്പൂപ്പെണ്ണിന്റെ ചേലുകണ്ട്

ഓണത്തപ്പനെ ചേലോടൊരുക്കി
കത്തിച്ചുവെച്ചൊരു നെയ്യ് വിളക്കും

താമര പെണ്ണവൾ മധ്യത്തിൽ നിന്നതാ
സൂര്യനെനോക്കി പുഞ്ചിരിച്ചു

ആകാശ സീമയിൽ ആർപ്പും വിളിയുമായ്
കോടിയുടുത്തു കുംങ്കുമം തൊട്ടു

പായസം വെയ്ക്കേണം പപ്പടം കാച്ചണം
ഊഞ്ഞാലിൽ ചേലോടൊന്നാടീടണം

വള്ളംകളിയും വടംവലിച്ചാണുങ്ങൾ,
കസവുമുണ്ടണിഞ്ഞാടി പെൺകിടാക്കൾ

കുഞ്ഞോമനകൾ മത്സരിച്ചങ്ങനെ
മാവേലിമന്നനെ വരവേറ്റിടുന്നു

പൂക്കാൻ വൈകുന്നതെന്തേ പൂക്കളേ
ചിങ്ങപ്പുലരി ചിരിതൂകി നിൽക്കേ.

അഖിൽ പുതുശ്ശേരി

1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു .
അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,നാല് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്
. 2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .മാതൃഭൂമി, കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, മാധ്യമം, കേസരി, സമകാലിക മലയാളം ,പച്ചമലയാളം, ദേശാഭിമാനി, ചന്ദ്രിക, കലാപൂർണ്ണ, തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു
ഓൾ ഇന്ത്യ റേഡിയോയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.
നിലവിൽ സംസ്ഥാന ആസൂത്രണ ബോർഡിൽ ജോലി ചെയ്യുന്നു.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:

നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്‌
അൻഡു

പുരസ്‌കാരങ്ങൾ
—————–
എഴുത്തച്ഛൻ ഫെൽലോഷിപ്
ആശാൻ സ്മാരക പുരസ്‌കാരം
എം എൻ കുമാരൻ സ്മാരക പുരസ്‌കാരം
റോട്ടറി ക്ലബ്‌ സാഹിത്യ പുരസ്‌കാരം
ടാഗോർ സ്മാരക പുരസ്‌കാരം
ലെനിൻ ഇറാനി സ്മാരക പുരസ്‌കാരം
യാനം സാഹിത്യ പുരസ്‌കാരം

പീഡന പരാതിയില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വാദം കേട്ടത്. കഴിഞ്ഞ രണ്ടുദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ വാദത്തിനൊടുവിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പുറത്തുവന്നത്.

ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. വിശദവാദത്തിനൊടുവിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിനായി അഞ്ചാംതീയതിയിലേക്ക് മാറ്റിയത്. നടന്‍ ഇടവേള ബാബു, ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ചന്ദ്രശേഖര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വരുന്നതുവരെ പ്രതികളുടെ അറസ്റ്റും കോടതി തടഞ്ഞിരുന്നു.

2009-ലാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. പരാതിക്കാരിയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. മുകേഷ് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ഉറച്ച നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.

അതേസമയം ചലച്ചിത്ര നയത്തിന്റെ കരട് തയ്യാറാക്കാനുള്ള സമിതിയില്‍നിന്ന് നടനും കൊല്ലം എം.എല്‍.എയുമായ എം. മുകേഷിനെ ഒഴിവാക്കി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. മുകേഷിനെ സമിതിയില്‍നിന്ന് ഒഴിവാക്കണമെന്ന് സി.പി.എം. നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മാറ്റം.

RECENT POSTS
Copyright © . All rights reserved