Latest News

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. സംസ്ഥാനത്തെ 11 ജില്ലകളില്‍ ശക്തമായ മഴയും ചിലയിടങ്ങളില്‍ അതിശക്തമായ മഴയും ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരും. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം അതി തീവ്രതയിലേയ്ക്ക് കടന്നതോടെ ഗുജറാത്തില്‍ വ്യാപക മഴയും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയാണ്.

കേരളത്തില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ഓറഞ്ച് അലര്‍ട്ട്
29/08/2024: കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്.
30/08/2024: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്.

മഞ്ഞ അലര്‍ട്ട്
29/08/2024: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്.
30/08/2024:പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം.
31/08/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്.
01/09/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്.
02/09/2024: എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്.

നടിയുടെ പരാതിയിൽ എംഎൽഎയും നടനുമായ മുകേഷിനെതിരെ കേസെടുത്തു. നേരത്തെ ജയസൂര്യ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു. നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരേ കേസ്. കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഏറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു.

ഐ.പി.സി. 354-ാം വകുപ്പ് ചുമത്തിയാണ് മുകേഷിനെതിരേ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.

വര്‍ഷങ്ങള്‍ക്കുമുന്‍പ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ്‌ ഇടനാഴിയില്‍വെച്ച് നടന്‍ കടന്നുപിടിച്ച് ചുംബിച്ചെന്ന് കഴിഞ്ഞദിവസം നടി മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സെക്രട്ടേറിയറ്റും പരിസരവും.

പരാതി നല്‍കിയതിന് പിന്നാലെ നടിയുടെ ആലുവയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജയസൂര്യ അടക്കം സിനിമാ മേഖലയിലെ ഏഴുപേര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്.

മാള്‍ട്ടയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊട്ടാരക്കര വെണ്ടാര്‍ കമലാലയത്തില്‍ ബാലു ഗണേഷ് (39) ആണ് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. മാള്‍ട്ടയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ബാലു.

ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10ന് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. സിവില്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് രക്ഷാപ്രവര്‍ത്തകരാണ് ബാലുവിനെ വാഹനത്തില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.

ബാലു ഗണേഷ് രണ്ടു വര്‍ഷം മുന്‍പാണ് മാള്‍ട്ടയിലെത്തിയത്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

ബാലകൃഷ്ണപിള്ള(വെണ്ടാര്‍ ബാലന്‍)യുടെയും കമല മണിയമ്മയുടെയും മകനാണ്. ഭാര്യ: മനസ്വനി. മകന്‍: ദേവര്‍ഷ്.

നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ പക്ഷ പ്രവര്‍ത്തകര്‍ രംഗത്ത്. സിനിമ നയ രൂപീകരണ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നും സ്ത്രീ പക്ഷ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സംയുക്ത പ്രസ്താവനയിറക്കിയത്.

സാറാ ജോസഫ്, കെ അജിത, ഏലിയാമ്മ വിജയന്‍, കെ.ആര്‍ മീര, മേഴ്‌സി അലക്‌സാണ്ടര്‍, ഡോ. രേഖ രാജ്, വി.പി സുഹ്റ, ഡോ. സോണിയ ജോര്‍ജ്, വിജി പെണ്‍കൂട്ട്, ഡോ. സി.എസ് ചന്ദ്രിക, ഡോ. കെ.ജി താര, ബിനിത തമ്പി, ഡോ. എ.കെ ജയശ്രി, കെ.എ ബീന തുടങ്ങി 100 പേരാണ് സംയുക്ത പ്രസ്താവനയിലൂടെ സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

സിനിമാ നടനും കൊല്ലം എംഎല്‍എയുമായ മുകേഷ് വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും നിരവധി ആരോപണങ്ങള്‍ നേരിടുന്നയാളാണ്. ഇപ്പോള്‍ തന്നെ മൂന്ന് സ്ത്രീകള്‍ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഗാര്‍ഹിക പീഡനം, ബലാത്സംഗം, തൊഴില്‍ മേഖലയിലെ ലൈംഗിക പീഡനം തുടങ്ങി നിരവധി ആരോപണങ്ങള്‍ മുകേഷിന്റെ പേരിലുണ്ട്. നിയമ നിര്‍മ്മാണ സഭയിലെ അംഗം എന്ന നിലയില്‍ ഉത്തരവാദിത്വമുള്ള ഒരു പദവിയാണ് എംഎല്‍എ സ്ഥാനം.

സിനിമാ മേഖലയില്‍ നിന്ന് തന്നെ ആരോപണങ്ങള്‍ നേരിടുന്നയാളെ സര്‍ക്കാര്‍ വീണ്ടും സിനിമ നയം രൂപീകരിക്കുന്ന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കലാണ്.

ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ മുകേഷ് എംഎല്‍എ സ്ഥാനം സ്വയം രാജിവയ്‌ക്കേണ്ടതാണ്. അദേഹം അതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ ആവശ്യപ്പെടുകയോ ആ സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

സിനിമ നയരൂപീകരണ കമ്മറ്റിയില്‍ നിന്നും സിനിമ കോണ്‍ക്ലേവിന്റെ ചുമതലകളില്‍ നിന്നും അദേഹത്തെ ഒഴിവാക്കുകയും ചെയ്യണം. അല്ലാത്ത പക്ഷം എംഎല്‍എ മുകേഷിന് കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

പാലക്കാട് ഉള്‍പ്പെടെ രാജ്യത്ത് പുതിയ 12 ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ചാണ് പുതിയ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങുക. പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി 3806 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്‌. മൂന്ന് റെയില്‍വേ ഇടനാഴികള്‍ക്കും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ആകെ 28,602 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്‌.

പാലക്കാട് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ 1710 ഏക്കര്‍ ഭൂമിയിലാണ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുക. 8729 കോടിയുടെ നിക്ഷേപവും 51,000 പേര്‍ക്ക് തൊഴിലുമാണ് പ്രതീക്ഷിക്കുന്നത്. റബ്ബര്‍, പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍, ഔഷധനിര്‍മ്മാണത്തിനായുള്ള രാസവസ്തുക്കള്‍, സസ്യോത്പന്നങ്ങള്‍, ഫാബ്രിക്കേറ്റഡ് മെറ്റല്‍ ഉത്പന്നങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ഹൈടെക് വ്യവസായം എന്നീ മേഖലകള്‍ക്കാണ് പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി പ്രാധാന്യം നല്‍കുക.

ഔഷധനിര്‍മ്മാണത്തിനുള്ള രാസവസ്തുക്കള്‍ക്കും സസ്യോത്പന്നങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഏക വ്യവസായ സ്മാര്‍ട്ട് സിറ്റിയാണ് പാലക്കാട് വരിക. ഇക്കോ ടൂറിസത്തിനുള്ള സാധ്യതയും ഇവിടെയുണ്ട്. റോഡ്, റെയില്‍, വ്യോമ ഗതാഗതമാര്‍ഗങ്ങളും കൊച്ചി തുറമുഖവും അധികം അകലെയല്ലാതെയുള്ളതും പാലക്കാടിന് അനുകൂല ഘടകമാണ്.

പാലക്കാട് ഉള്‍പ്പെടെ 12 പുതിയ വ്യവസായ സ്മാര്‍ട്ട് സിറ്റികള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് വാര്‍ത്താ സമ്മേളനത്തില്‍ തീരുമാനം പ്രഖ്യാപിച്ചത്. ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിയുടെ (എന്‍.ഐ.ഡി.സി.പി) ഭാഗമായാണ് ഗ്രീന്‍ഫീല്‍ഡ് വ്യവസായ സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മ്മിക്കുക.

ഉത്തരാഖണ്ഡിലെ ഖുര്‍പിയ, പഞ്ചാബിലെ രാജ്പുര-പാട്യാല, മഹാരാഷ്ട്രയിലെ ദിഗ്ഗി, ഉത്തര്‍പ്രദേശിലെ ആഗ്ര, പ്രയാഗ് രാജ്, ബീഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാഗ്, ആന്ധ്രാപ്രദേശിയിലെ ഒര്‍വാക്കല്‍, കൊപ്പാര്‍ത്തി, രാജസ്ഥാനിലെ ജോഥ്പൂര്‍-പാലി എന്നിവയാണ് പാലക്കാടിന് പുറമെ പ്രഖ്യാപിച്ച മറ്റ് ഗ്രീന്‍ഫീല്‍ഡ് വ്യവസായ സ്മാര്‍ട് സിറ്റികള്‍. ഇവിടങ്ങളിലെല്ലാമായി ഒന്നരലക്ഷം കോടിയുടെ നിക്ഷേപമാണ്‌ പ്രതീക്ഷിക്കുന്നത്. പ്രത്യക്ഷമായി പത്ത് ലക്ഷം പേര്‍ക്കും പരോക്ഷമായി 30 ലക്ഷം പേര്‍ക്കുമാണ് തൊഴിലവസരം.

രാജ്യത്തെ 234 നഗരങ്ങളില്‍ സ്വകാര്യ എഫ്.എം. സ്റ്റേഷനുകള്‍ ആരംഭിക്കാനും കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. പാലക്കാടും കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാടും ഉള്‍പ്പെടെയുള്ള 234 നഗരങ്ങളിലായി 730 ചാനലുകള്‍ക്ക് ഇ-ലേലം വഴി അനുമതി നല്‍കും.

കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റിലായി. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിൽ വെച്ചാണ് സംഭവം.

ബസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്കുനേരെയാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. തമിഴ്നാട് ചെങ്കോട്ട സ്വദേശി ശിവനയ്യ ആണ് പിടിയിലായത്. കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിക്കു നേരെ സമീപത്തെ സീറ്റിലിരുന്ന യുവാവാണ് നഗ്നതാപ്രദർശനം നടത്തിയത്.

താമരശ്ശേരി ചുരം ഇറങ്ങുന്ന സമയത്തായിരുന്നു സംഭവം. തുടര്‍ന്ന് പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ബസ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ പൊലീസിന് കൈമാറി. ഇതിനുശേഷമാണ് ബസ് കോഴിക്കോടേക്ക് യാത്ര തുടര്‍ന്നത്.

കോട്ടയം അകലകുന്നത്ത് യുവാവ് മര്‍ദനമേറ്റ് മരിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. ഗുഢാലോചന കുറ്റം ചുമത്തിയാണ് മഞ്ജു ജോണിനെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്

യുവതിയുടെ ഭര്‍ത്താവ് രതീഷിനെ മരക്കമ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീജിത്ത് എന്നയാളെ പൊലിസ് പിടികൂടിയിരുന്നു.

മഞ്ജുവും ശ്രീജിത്തുമായുള്ള ബന്ധം ഭര്‍ത്താവായ രതീഷ് ചോദ്യം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഗൂഢാലോചന നടത്തി രതീഷിനെ ഇരുവരും കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

വിദേശത്തു നിന്നും ഭര്‍ത്താവിന്റെ സംസ്‌കാരത്തിന് എത്തിയപ്പോഴാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് സ്റ്റേഷന്‍ എസ്.എച്ച്. ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. ചേപ്പാട് സ്വദേശി പ്രവീണ(20) ആണ് മരിച്ചത്.

ഡല്‍ഹിയിലെ വി.എം.സി.സി. നഴ്‌സിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്നു (ചൊവ്വാ ) പുലര്‍ച്ചെയായിരുന്നു മരണം.

ജൂണ്‍ ആദ്യം ഹോസ്റ്റലില്‍നിന്നാണ് പ്രവീണയ്ക്ക് ഭക്ഷ്യവിഷബാധയേറ്റത്. നാല്‍പ്പതോളം കുട്ടികള്‍ ചികിത്സയിലായിരുന്നു. ആദ്യം ഹരിയാണയിലെ ജിന്തര്‍ ആശുപത്രിയില്‍

ചികിത്സയിലായിരുന്ന പ്രവീണയെ പിന്നീട് ഹരിപ്പാട്ടെയും പരുമലയിലേയും ആശുപത്രികളിലേക്കും മാറ്റിയിരുന്നു.

പിന്നീട്, ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ചേപ്പാട് കുന്നേല്‍ സ്വദേശി പ്രദീപിന്റേയും ഷൈലജയുടേയും മകളാണ് പ്രവീണ. ഇവരുടെ കുടുംബം വര്‍ഷങ്ങളായി ഹരിയാണയിലെ ഇസാറില്‍ സ്ഥിരതാമസമാണ്.

കുടിയേറ്റ നയങ്ങളിൽ കാനഡ ഭരണകൂടം നടപ്പാക്കിയ മാറ്റം നിരവധി വിദേശവിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നു. 70000-ഓളം വിദേശ വിദ്യാർഥികൾ കാനഡയിൽനിന്ന് പുറത്താക്കപ്പെടൽ ഭീഷണി നേരിടുന്നുവെന്നാണ് റിപ്പോർട്ട്.

കനേഡിയൻ സർക്കാർ സ്റ്റഡി പെർമിറ്റ് പരിമിതപ്പെടുത്തിയതും സ്ഥിരതാമസത്തിനുള്ള അനുമതി വെട്ടിക്കുറച്ചതുമാണ് വിദ്യാർഥികൾക്ക് തിരിച്ചടിയായത്. പുതിയ സ്വപ്നങ്ങൾ നെയ്തെടുക്കാൻ കടൽ കടന്ന, ഇന്ത്യക്കാർ അടക്കമുള്ളവർ ജസ്റ്റിൻ ട്രൂഡോ സർക്കാരിനെതിരേ വലിയ പ്രതിഷേധത്തിലാണ്. രാജ്യത്തിന്റെ വിവിധഭാ​ഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

വർക്ക് പെർമിറ്റ് അവസാനിക്കുന്നതോടെ ഈ വർഷാവസാനം നിരവധി ബിരുദധാരികൾ നാടുകടത്തലിന് വിധേയരാകേണ്ടിവരുമെന്ന് വിദ്യാർഥി അഭിഭാഷക സംഘടനയായ നൗജവാൻ സപോർട്ട് നെറ്റ്വർക്ക് മുന്നറിയിപ്പ് നൽകുന്നു. പുതിയ പ്രവിശ്യാനയങ്ങളിലൂടെ സ്ഥിരതാമസ അപേക്ഷകളിൽ 25 ശതമാനമാണ് സർക്കാർ കുറവ് വരുത്തിയത്. നിരവധി വിദ്യാർഥികൾക്ക് ഇത് അപ്രതീക്ഷിത തിരിച്ചടിയായി.

2023-ൽ കാനഡയിലെ വിദ്യാർഥികളിൽ 37 ശതമാനവും വിദേശവിദ്യാർഥികളാണെന്നാണ് കണക്ക്. ഇത് രാജ്യത്തെ ഭവനം, ആരോ​ഗ്യസംരക്ഷണം, മറ്റുസേവനങ്ങൾ എന്നിവയിൽ വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നതെന്നാണ് കനേഡിയൻ സർക്കാർ പറയുന്നത്. ഈ പ്രതിസന്ധി മറികടക്കാനാണ് അടുത്ത രണ്ട് വർഷത്തേക്ക് വിദേശ വിദ്യാർഥികളുടെ സ്റ്റഡി പെർമിറ്റ് അപേക്ഷകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടി എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

പരിധി നിശ്ചയിക്കുന്നതോടെ 2024-ൽ ഏകദേശം 3,60,000 അം​ഗീകൃത സ്റ്റഡി പെർമിറ്റുകൾ നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 35 ശതമാനം കുറവാണ്. കാനഡയിൽ താൽകാലികമായി താമസിക്കുന്നവർ രാജ്യത്തിന് പുറത്തുപോയി വീണ്ടും പഠനത്തിനും ജോലിക്കും അപേക്ഷിക്കുന്നത് തടയാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.

കുറഞ്ഞ വേതനത്തിൽ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെ എണ്ണം സർക്കാർ വെട്ടിക്കുറയ്ക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജോലിയും സ്ഥിരതാമസവും ആ​ഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് ബിരുദാനന്തര വർക്ക് പെർമിറ്റ് ഏറെ നിർണായകമായിരുന്നു.

2022-ലെ ഐ.ആര്‍.സി.സി (Immigration, Refugees, and Citizenship Canada) കണക്കനുസരിച്ച് 5.51 ലക്ഷം അന്താരാഷ്ട്ര വിദ്യാര്‍ഥികളാണ് ആ വര്‍ഷം കാനഡയിലെത്തിയത്. അതില്‍തന്നെ 2.264 ലക്ഷം പേരും, അതായത് 41 ശതമാനം പേരും ഇന്ത്യക്കാരാണ്. എട്ട് ലക്ഷത്തോളം അപേക്ഷകളാണ് (ബാക്ക്‌ലോഗ്) നിലവില്‍ പരിഗണനയിലുള്ളത്.

ഇന്ത്യ കഴിഞ്ഞാല്‍ ചൈന, ഫിലിപ്പൈന്‍സ്, ഫ്രാന്‍സ്, നൈജീരിയ എന്നീ രാജ്യങ്ങളില്‍നിന്നാണ്‌ കൂടുതല്‍ വിദ്യാര്‍ഥികളെത്തുന്നത്. പത്ത് ലക്ഷത്തോളം ഇന്ത്യക്കാരാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പഠനാവശ്യങ്ങള്‍ക്കായി മാത്രം കാനഡയില്‍ എത്തിയത്. 2022 ഡിസംബര്‍ 31-ലെ കണക്കനുസരിച്ച് 3.19 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ക്യാനഡയിലുണ്ട്.

സ്വന്തം ലേഖകൻ 

കൊച്ചി : കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ്‌ ലീഗ്‌ മത്സരങ്ങൾക്ക്‌ സെപ്‌തംബർ രണ്ടു മുതൽ തുടക്കമാകും. കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ രാത്രിയും പകലുമായാണ്‌ കളി.

 

തിങ്കളാഴ്ച പകൽ 2.30ന്‌ ആലപ്പി റിപ്പിൾസും തൃശൂർ ടൈറ്റൻസും തമ്മിലാണ്‌ ആദ്യമത്സരം. രണ്ടാമത്തേത്‌ രാത്രി 7.45ന്‌ ട്രിവാൻഡ്രം റോയൽസും കൊച്ചി ബ്ലൂ ടൈഗേഴ്‌സും തമ്മിൽ നടക്കും. തുടർന്നുള്ള മത്സരങ്ങൾ പകൽ 2.30, വൈകിട്ട്‌ 6.45 സമയക്രമത്തിലാണ്‌. 17ന്‌ സെമിയും 18ന്‌ വൈകിട്ട്‌ 6.45ന്‌ ഫൈനലും നടക്കും. സ്റ്റാർ സ്‌പോർട്‌സ്‌–-1, ഫാൻകോഡ്‌ എന്നിവയിലൂടെ മത്സരം തത്സമയം കാണാം. കാണികൾക്ക്‌ പ്രവേശനം സൗജന്യമാണ്‌.

കൊച്ചി ബ്ലൂ ടൈഗേഴ്‌സ്‌, ട്രിവാൻഡ്രം റോയൽസ്‌, ഏരീസ്‌ കൊല്ലം സെയ്‌ലേഴ്‌സ്‌, ആലപ്പി റിപ്പിൾസ്‌, തൃശൂർ ടൈറ്റൻസ്‌, കലിക്കറ്റ്‌ ഗ്ലോബ്‌സ്‌റ്റേഴ്സ്‌ എന്നിവയാണ്‌ ടീമുകൾ. 114 താരങ്ങളാണ്‌ കളത്തിലിറങ്ങുന്നത്. ബേസിൽ തമ്പി (കൊച്ചി ബ്ലൂ ടൈഗേഴ്സ്‌), പി എ അബ്ദുൾ ബാസിത് (ട്രിവാൻഡ്രം റോയൽസ്‌), സച്ചിൻ ബേബി (ഏരീസ് കൊല്ലം സെയ്‌ലേഴ്സ്‌), മുഹമ്മദ് അസറുദീൻ (ആലപ്പി റിപ്പിൾസ്‌), വിഷ്‌ണു വിനോദ് (തൃശൂർ ടൈറ്റൻസ്‌), രോഹൻ എസ് കുന്നുമ്മൽ (കലിക്കറ്റ്‌ ഗ്ലോബ്സ്റ്റാഴ്സ്‌) എന്നിവർ ആദ്യ കേരള ക്രിക്കറ്റ്‌ ലീഗ്‌ മത്സരത്തിലെ ഐക്കൺ താരങ്ങളാണ്‌.

കൊച്ചിയുടെ കോച്ച്‌ സെബാസ്റ്റ്യൻ ആന്റണിയും ക്യാപ്‌റ്റൻ ബേസിൽ തമ്പിയുമാണ്‌. സിജോമോൻ ജോസഫും ആനന്ദ്‌ കൃഷ്‌ണനും ടീമിലുണ്ട്‌. മനു കൃഷ്‌ണനെ ഏഴുലക്ഷം രൂപയ്‌ക്കാണ്‌ സ്വന്തമാക്കിയത്‌. പി ബാലചന്ദ്രനാണ്‌ തിരുവനന്തപുരം ടീമിന്റെ കോച്ച്‌. ഓൾറൗണ്ടർ എം എസ് അഖിലാണ്‌ പ്രധാനി. രോഹൻ പ്രേമും ടീമിലുണ്ട്‌. കാലിക്കട്ട് ടീമിന്റെ പരിശീലനചുമതല ഫിറോസ്‌ വി റഷീദിനാണ്‌. ക്യാപ്‌റ്റൻ രോഹൻ കുന്നുമ്മലാണ്‌ പ്രധാന കളിക്കാരൻ. സൽമാൻ നിസാറും ടീമിലുണ്ട്.

 

സുനിൽ ഒയാസിസ്‌ കോച്ചും വിഷ്‌ണു വിനോദ്‌ ക്യാപ്‌റ്റനുമായാണ്‌ തൃശൂരിന്റെ വരവ്‌. വിക്കറ്റ്‌ കീപ്പർ വരുൺ നായർ ടീമിലെ താരമാണ്. കൊല്ലം ടീമിന്റെ പരിശീലന ചുമതല വി എ ജഗദീഷിനാണ്‌. സച്ചിൻ ബേബിയാണ്‌ ക്യാപ്‌റ്റൻ. പ്രശാന്ത്‌ പരമേശ്വരൻ പരിശീലിപ്പിക്കുന്ന ആലപ്പുഴ ടീമിൽ മുഹമ്മദ്‌ അസറുദീനും അക്ഷയ്‌ ചന്ദ്രനും പ്രധാന കളിക്കാരാണ്‌.

ഗ്രീൻഫീൽഡിൽ സ്റ്റേഡിയത്തിൽ  “കേരള വെടിക്കെട്ടിന് ” തുടക്കം കുറിക്കാനായി ടീമുകൾ കടുത്ത പരിശീലനത്തിലാണ്

RECENT POSTS
Copyright © . All rights reserved