Latest News

പശ്ചിമ ജർമനിയിലെ സോലിങ്കൻ നഗരത്തിൽ വെള്ളിയാഴ്ച നടന്ന കത്തിയാക്രമണത്തിലെ പ്രതി പിടിയിൽ. അക്രമണത്തിൽ മൂന്ന് പേർ കൊലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 56 ഉം 67ഉം പ്രായമുള്ള പുരുഷൻമാരും 56 വയസുള്ള സ്ത്രീയുമാണ് വെള്ളിയാഴ്ച നടന്ന കത്തിയാക്രമണത്തിൽ കൊല്ലപ്പെട്ടത്.

അറസ്റ്റിലായ ആളുടെ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. രക്തം പുരണ്ട വസ്ത്രങ്ങളോടെ പ്രതി കീഴടങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കത്തിയാക്രമണം സംബന്ധിച്ച നിർണായക അറസ്റ്റാണ് ശനിയാഴ്ച നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്.

അതേ സമയം കത്തിയാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഇസ്‍ലാമിക് സ്റ്റേറ്റിന്റെ മാധ്യമ വിഭാഗത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നഗരത്തിന്റെ 650-ാം വാർഷികം ആഘോഷിക്കുന്ന ‘ഫെസ്റ്റിവൽ ഓഫ് ഡൈവേഴ്‌സിറ്റി’ക്കിടെ നടത്തിയ സം​ഗീത നിശയിലായിരുന്നു ആക്രമണം. അക്രമി നിരവധി പേരെ കുത്തി പരിക്കേൽപ്പിച്ചതായാണ് വിവരം. പലരും ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാജി. തുടക്കത്തില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ രേഖാമൂലം പരാതിയുണ്ടെങ്കില്‍ മാത്രമേ നടപടി പറ്റൂ എന്ന നിലപാടുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് രഞ്ജിത്ത് ഒഴിയണം എന്ന അഭിപ്രായം അക്കാദമിയില്‍ നിന്നും സിനിമരംഗത്ത് നിന്നും ഉയര്‍ന്നു. ഏറ്റവും ഒടുവില്‍ ആരോപണം ഉയര്‍ന്ന് 12 മണിക്കൂറിനുള്ളില്‍ സിദ്ദിഖ് കൂടി ഒഴിഞ്ഞതോടെ രാജിയല്ലാതെ മറ്റ് വഴിയില്ലാതാകുയായിരുന്നു. .

യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചതോടെ രഞ്ജിത്തിന് മേൽ സമ്മർദം വർധിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്. ‘പാലേരി മാണിക്യം’ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ലെെം​ഗി​ക ചൂഷണത്തിന് ശ്രമമുണ്ടായെന്ന് നടി വെളിപ്പെടുത്തി.

സൈബർ തട്ടിപ്പു ജോലികൾക്കായി മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പു ജോലികൾക്കായി മനുഷ്യക്കടത്തു നടത്തിയ പെരിങ്ങോട്ടുക്കര വടക്കുമുറി സ്വദേശി വിമലിനെ (33) യാണ് മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

2023 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്ത് ഡാറ്റ എൻട്രി ജോലി നൽകാം എന്ന വാഗ്ദാനം ചെയ്ത് പ്രതി മണ്ണുത്തി സ്വദേശിയിൽ നിന്നും 1,30,000 കൈപ്പറ്റി കംബോഡിയയിലേക്ക് കടത്തിവിട്ടു. കംബോഡിയയിൽ കെടിവി ഗാലഗ്സി വേൾഡ് എന്ന സ്ഥാപനത്തിലെത്തിയ യുവാവിനെ നിർബന്ധിച്ച് ഭീഷണിപെടുത്തി ഫേക്ക് ഐഡികൾ ഉണ്ടാക്കി സൈബർ തട്ടിപ്പു ജോലികൾ ചെയ്യിപ്പിക്കുകയായിരുന്നു.

ജോലിചെയ്യാൻ വിസമ്മതിച്ചപ്പോൾ പാസ്പോർട്ട് തിരികെ കൊടുക്കാതെ സഥാപനത്തിൽ നിന്നും പുറത്താക്കപ്പെട്ടു. തുടർന്ന് യുവാവ് ഇന്ത്യൻ എംബസി വഴിയാണ് നാട്ടിലെത്തിയത്.

നാട്ടിൽ തിരിച്ചെത്തിയ യുവാവ് മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ഇൻസ്പെകടർ എം കെ ഷമീറിന്റെ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ‍ഡ് ചെയ്തു.

ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജിവച്ചേക്കുമെന്ന് സൂചന. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് രാജിക്കായുള്ള ആവശ്യമുയർന്നത്. ‘പാലേരി മാണിക്യം’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചിരിക്കുന്നത്. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്ന് നടി വെളിപ്പെടുത്തിയിരുന്നു.

രരഞ്ജിത്തിനെതിരേയുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജി വയ്ക്കാനൊരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ. രഞ്ജിത്തിനെതിരേയുള്ള നിയമനടപടിയുമായി ബന്ധപ്പെട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞ വാക്കുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രഞ്ജിത്ത് പ്രഗത്ഭനായ കലാകാരനാണെന്നും നടി പരാതിയുമായി മുന്നോട്ടുവന്നാല്‍ നിയമാനുസൃതമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്.

‘രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ടത് മാധ്യമങ്ങളിലൂടെ ഞാനും കണ്ടു. അതില്‍ രഞ്ജിത്ത് മറുപടി പറഞ്ഞിട്ടുമുണ്ട്. ആ മറുപടിയും അവരുടെ ആക്ഷേപവുമാണ് നമ്മുടെ മുന്നിലുള്ളത്. അത് സംബന്ധിച്ച് അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ വരട്ടെ. അവര്‍ വന്നുകഴിഞ്ഞാല്‍ അത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ നിയമാനുസൃതം സര്‍ക്കാര്‍ സ്വീകരിക്കും. ഏതെങ്കിലുമൊരാള്‍ ആരെപ്പറ്റിയെങ്കിലും ഒരു ആക്ഷേപം ഉന്നയിച്ചാല്‍ കേസെടുക്കാന്‍ പറ്റുമോ. അങ്ങനെയെടുത്ത ഏതെങ്കിലും കേസ് കേരളത്തില്‍ നിലനിന്നിട്ടുണ്ടോ. ആരോപണം ഉന്നയിച്ചവര്‍ പരാതി തരിക. ആര്‍ക്കെങ്കിലും രഞ്ജിത്തിനെതിരെ പരാതി ഉണ്ടെങ്കില്‍ രേഖാമൂലം നല്‍കിയാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിലെന്തെങ്കിലും വസ്തുത ഉണ്ടെന്ന് അന്വേഷിക്കാതെ എനിക്ക് പറയാനാകുമോ. അത് അദ്ദേഹം പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്. അപ്പോള്‍ പിന്നെ അത് പരിശോധനയ്ക്ക് വിധേയമാക്കേണ്ട കാര്യമുണ്ടോ.

ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന പദവി രഞ്ജിത്ത് നിര്‍വഹിക്കുന്നത്. പാര്‍ട്ടിയാണ് അദ്ദേഹത്തെ മാറ്റിനിര്‍ത്തണമോയെന്ന കാര്യം ആലോചിക്കേണ്ടത്. ആരോപണത്തില്‍ എന്തെങ്കിലും വസ്തുത ഉണ്ടെങ്കില്‍ സിപിഎം എന്ന പാര്‍ട്ടി പരിശോധിക്കാതെ ഇരിക്കില്ലല്ലോ. ആ കാര്യത്തില്‍ രാഷ്ട്രീയമായ തീരുമാനം അപ്പോള്‍ ഉണ്ടാകും’, സജി ചെറിയാന്‍ പറഞ്ഞു.

മന്ത്രിയുടെ നിലപാടില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ വിമര്‍ശിച്ചു. രഞ്ജിത്തിനെതിരായ ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. രഞ്ജിത്തിൻ്റെ രാജി ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് സജി ചെറിയാന്റെ കോലവുമായി യൂത്ത് കോൺഗ്രസ്സ് പ്രതിഷേധവും സംഘടിപ്പിച്ചു.

അതേസമയം നടിയുടെ ആരോപണത്തിൽ മന്ത്രി സജി ചെറിയാന്റെ നിലപാടിനെ തള്ളി വനിതാ കമ്മീഷൻ രം​ഗത്തുവന്നു. വിവരം അറിഞ്ഞാൽ അന്വേഷണം നടത്താമെന്ന് അധ്യക്ഷ പി. സതീദേവി വ്യക്തമാക്കി. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധന നടത്തി നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുമെന്നാണ് കരുതുന്നത്. ആരോപണങ്ങൾ മാധ്യമങ്ങൾക്ക് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച് അന്വേഷണം നടത്താമെന്നും സതീദേവി പറഞ്ഞു.

2009-ൽ പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകം എന്ന സിനിമയുടെ ഷൂട്ടിങ്ങിന് എത്തിയപ്പോഴാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്നാണ് ശ്രീലേഖ മിത്ര ആരോപിച്ചത്. ‘ആദ്യം അയാള്‍ വളകളില്‍ തൊടാന്‍ തുടങ്ങി. ഇത്തരം വളകള്‍ കണ്ടിട്ടില്ലാത്തതു കൊണ്ടാണെന്ന് ഞാന്‍ ആദ്യം കരുതി. കഴുത്തിനരികിലേക്ക് സ്പര്‍ശനം നീണ്ടപ്പോള്‍ പെട്ടെന്ന് ഞാന്‍ ആ മുറിയില്‍ നിന്നിറങ്ങി. ഭയന്നുവിറച്ചാണ് ആ റൂമില്‍നിന്ന് പോയത്. എനിക്കറിയാത്ത ആളുകളും സ്ഥലവുമായിരുന്നു അത്. ആരെങ്കിലും എന്റെ റൂമിലേയ്ക്ക് രാത്രി കടന്നുവരുമോയെന്ന ഭയമുണ്ടായിരുന്നു. നിയമപരമായി മുന്നോട്ട് പോയിട്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് കരുതുന്നില്ല’, നടി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തെക്കുറിച്ച് നടി തന്നോട് അന്നേ പറഞ്ഞിരുന്നതായി സംവിധായകന്‍ ജോഷി ജോസഫ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ‘പത്തിരുപത്തിനാല് കൊല്ലമായി കൊല്‍ക്കത്തയിലുണ്ട്. അങ്ങനെയാണ് ബംഗാളി നടി ശ്രീലേഖ മിത്രയെ രഞ്ജിത്തിന്റെ സിനിമയിലേയ്ക്ക് നിര്‍ദേശിക്കുന്നത്. അന്ന് ഞാന്‍ കൊച്ചിയില്‍ ഉള്ള സമയത്ത് ഇവര്‍ എന്നെ വിളിച്ചു. താന്‍ കൊച്ചിയിലുണ്ടെന്നും എത്രയും പെട്ടെന്ന് വരാമോയെന്നും ചോദിച്ചു. ഞാന്‍ ഓട്ടോ പിടിച്ച് ഹോട്ടലിലെത്തുകയും അവരെ വീട്ടിലേയ്ക്ക് കൊണ്ടുവരികയും ചെയ്തു. എന്റെ അമ്മച്ചി അവിടുണ്ടെങ്കിലും ഞാന്‍ കാര്യം പറഞ്ഞില്ല.

ഞാനും ഉത്തരവാദി എന്ന നിലയില്‍ അവര്‍ എന്നോടും തട്ടിക്കയറി. സിഗരറ്റ് വലിക്കുന്ന സ്ത്രീ അവൈലബിള്‍ ആണെന്നാണ് മലയാളി പുരുഷന്മാര്‍ വിചാരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. അന്ന് വിശദാംശങ്ങള്‍ എന്നോട് പറഞ്ഞു. പിന്നീട് അവര്‍ ഫ്‌ലാറ്റിലേയ്ക്ക് പോയി. ഫാദര്‍ അഗസ്റ്റ്യന്‍ വട്ടോളി, എഴുത്തുകാരി കെ.ആര്‍ മീര എന്നിവര്‍ക്ക് 12 വര്‍ഷം മുന്‍പ് ഇക്കാര്യം അറിയാം’, ജോഷി ജോസഫ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ പ്രസിഡൻറ് ജിജോ ചുമ്മാറിൻ്റെ മാതാവ് പൊൻകുന്നം  നെയ്യാട്ടുശ്ശേരി നടുവത്താനിയിൽ മാണി ചുമ്മാറിന്റെ ഭാര്യ അന്നമ്മ (84) നിര്യാതയായി. പരേത ഭരണങ്ങാനം ആർക്കാട്ട് കുടുംബാംഗമാണ്. മൃത സംസ്കാര ശുശ്രൂഷകൾ ആഗസ്റ്റ് 26 , തിങ്കളാഴ്ച രാവിലെ 10 . 30 ന് സ്വഭവനത്തിൽ ആരംഭിച്ച് നെയ്യാട്ടുശ്ശേരി സെൻറ് ജോർജ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും. മക്കൾ : അലക്സാണ്ടർ, ടോമി, ജിജോ . മരുമക്കൾ: ഗ്രേസിക്കുട്ടി, ബെറ്റി , സിനി (യുകെ ).

ജിജോ ചുമ്മാറിന്റെ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ആഭിചാരക്രിയ നടത്തി യുവതിയെ കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയ കേസിലെ പ്രതികൾ പിടിയിൽ. ഭർത്താവുമായി ജീവിച്ചാൽ മരണം വരെ സംഭവിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി അതിന് പരിഹാരമായി ആഭിചാരക്രിയ ചെയ്യുന്നതിനായി യുവതിയുടെ കൈയ്യിൽ നിന്നും 15 പവൻ സ്വർണ്ണാഭരണങ്ങളാണ് പ്രതികൾ അടിച്ച് മാറ്റിയത്.

കേസിൽ ചാവക്കാട് തിരുവത്ര രായമ്മരക്കാരു വീട്ടിൽ നാസർ മകൻ ജംഷീർ (34) വയസ്സ്, പുന്ന മുണ്ടോക്കിൽ മുസ്തഫയുടെ മകൻ ഫാറൂഖ്.കെപി (34) വയസ്സ് എന്നിവരെയാണ് ചാവക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രീത ബാബു അറസ്റ്റ് ചെയ്തത്.

പലസമയത്തായാണ് പ്രതികൾ പൂജയുടെ പേര് പറഞ്ഞ് യുവതിയിൽ നിന്നും സ്വർണ്ണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. കുറച്ച് നാൾ കഴിഞ്ഞ് സ്വർണം തിരികെ ചോദിച്ചപ്പോഴാണ് യുവതിക്ക് ചതി മനസിലായത്. തന്‍റെ കൈയ്യിൽ നിന്നും വാങ്ങിയ സ്വർണ്ണം തിരികെ ചോദിച്ച സമയം പരാതിക്കാരിക്ക് റോൾഡ് ഗോൾഡിന്റെ ആഭരണങ്ങൾ തിരികെ നൽകി വിശ്വാസവഞ്ചന ചെയ്യുകയും ചെയ്തു പ്രതികളെന്ന് പൊലീസ് പറഞ്ഞു.

സ്വർണ്ണം വിറ്റു കിട്ടിയ പൈസ ഉപയോഗിച്ച് തമിഴ്നാട് കേന്ദ്രീകരിച്ചുളള ദർഗ്ഗകളിൽ ചുറ്റിക്കറങ്ങുകയും ആഢംബര ജീവിതം നയിക്കുകയുമാണ് പ്രതികളുടെ രീതി. സിവിൽ പൊലീസ് ഓഫീസർമാരായ രജനീഷ്, അനസ്, വിനീത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

സിനിമാരംഗത്ത് കാസ്റ്റിങ് കൗച്ച് ചിലർക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്ന് അമ്മ വൈസ് പ്രസിഡന്റ് നടൻ ജഗദീഷ്. ഹേമ കമ്മിറ്റിക്കുമുന്നിൽ വനിതകൾ നൽകിയ മൊഴികൾ അപ്രസക്തമാണെന്നു താൻ പറയില്ല. ആരോപണവിധേയർ അഗ്നിശുദ്ധി തെളിയിക്കട്ടെ. അവരുടെ പേരിൽ കോടതി കേസെടുക്കാൻ നിർദേശിച്ചാൽ അമ്മ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ജഗദീഷ് പറഞ്ഞു.

ഇരയായവരുടെ പേര് റിപ്പോർട്ടിൽനിന്ന് ഒഴിവാക്കാം. എന്നാൽ, വേട്ടക്കാരുടെ പേര് ഒഴിവാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കാസ്റ്റിങ് കൗച്ച് നേരിടേണ്ടിവന്നവർ അക്കാര്യം പറയുമ്പോൾ അന്ന് പറയാത്തതെന്താ എന്ന് ചോദിക്കാനാകില്ല. എത്ര കൊല്ലം മുൻപ് നടന്നതായാലും ലൈംഗികചൂഷണവും ലൈംഗികാതിക്രമങ്ങളും ഒരിക്കലും സ്വാഗതം ചെയ്യാനാകില്ല.

അതേസമയം, റിപ്പോർട്ടിലെ വിലയിരുത്തലുകളെ സാമാന്യവത്കരിക്കരുത്. വിജയിച്ച നടിയോ നടനോ വഴിവിട്ട പാതയിലൂടെ വന്നവരാണെന്ന് ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല.

അമ്മയ്‌ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ചേംബറിനോ ഈ വിഷയങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. വാതിലിൽ മുട്ടിയെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. റിപ്പോർട്ടിന്റെ പൂർണരൂപത്തിൽ കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കണം. പേരുകൾ പുറത്തുവിടാൻ കോടതി അനുവദിക്കുമെങ്കിൽ അതു നടക്കട്ടെ. കോടതി എന്തു തീരുമാനമെടുത്താലും പൂർണ്ണമായും സഹകരിക്കും.

റിപ്പോർട്ട് അന്നുതന്നെ പുറത്തുവിട്ടിരുന്നെങ്കിൽ ഇക്കാലത്തിനിടെ പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടായേനെയെന്നും ജഗദീഷ് പറഞ്ഞു.

താര സംഘടനയായ എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന ഇടവേള ബാബുവിന്റെ പേര് പറഞ്ഞ് മലയാള ചലച്ചിത്ര നടി പീഡനശ്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലുമായി ബംഗാളി നടി രംഗത്ത്.

2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ബംഗാളി നടി ശ്രീലേഖ മിത്ര ഒരു മലയാള വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണെന്നും ആ രാത്രി ജീവിതത്തില്‍ മറക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ ‘അകലെ’ എന്ന സിനിമയില്‍ താന്‍ അഭിനയിച്ചിരുന്നു. അകലെയിലെ അഭിനയം കണ്ടാണ് തന്നെ പാലേരി മാണിക്കത്തിലേക്ക് വിളിച്ചത്. ഓഡിഷന്‍ എല്ലാം കഴിഞ്ഞതായിരുന്നു.

രാവിലെ സംവിധായകന്‍ രഞ്ജിത്തിനെ കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ച് കണ്ടു. മലയാളം സിനിമ വളരെ ഇഷ്ടമുള്ള ആളായിരുന്നു താന്‍. മമ്മൂട്ടിക്കെപ്പമായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അതില്‍ വളരെ സന്തോഷമുണ്ടായിരുന്നുവെന്നും പറയുന്നു.

വൈകിട്ട് അണിയറ പ്രവര്‍ത്തകരുമായി ഒരു പാര്‍ട്ടി ഉണ്ടായിരുന്നു. പ്രൊഡ്യൂസറാണ് ക്ഷണിച്ചത്. ഞാനവിടെ ചെല്ലുമ്പോള്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു. ഇവിടെ വെച്ച് തന്റെ റൂമിലേക്ക് വരാന്‍ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്‌കസ് ചെയ്യാനാണെന്നാണ് ഞാന്‍ കരുതിയത്. റൂമിലെത്തിയതും രഞ്ജിത്ത് കൈയില്‍ തൊട്ട് വളകളില്‍ പിടിച്ചു.

അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പെട്ടെന്ന് പ്രതികരിക്കാനായില്ല. പിന്നീട് രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ താന്‍ ശരിക്കും ഞെട്ടി. ഉടനെ തന്നെ മുറിയില്‍ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞതെന്നും ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ലെന്നും ശ്രീലേഖ പറഞ്ഞു.

ഭര്‍ത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങള്‍ പറയാന്‍ പറ്റിയില്ല. താന്‍ കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആര്‍ക്കും മനസിലാക്കാനാവില്ലെന്നും നടി വ്യക്തമാക്കി. സംഭവത്തില്‍ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകന്‍ ജോഷിയോടാണ്. എന്നാല്‍ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ല, ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീലേഖ മിത്ര പറഞ്ഞു.

പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. പിറ്റേന്ന് തന്നെ ഒറ്റയ്ക്ക് നാട്ടിലേക്ക് മടങ്ങിയെന്നും അവര്‍ പറഞ്ഞു.

അതിക്രമം നേരിട്ടവര്‍ പരാതിയുമായി മുന്നോട്ട് വരണം. കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണം. ഹേമ കമ്മറ്റി പോലുള്ള സംവിധാനങ്ങള്‍ മറ്റ് ഭാഷകളിലും വേണമെന്നും നടി ശ്രീലേഖ മിത്ര പറഞ്ഞു.

മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതികളില്‍ ഒരാളെ വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ വിളക്കോട് സ്വദേശി സഫീര്‍ ആണ് അറസ്റ്റിലായത്. തലശ്ശേരിയില്‍ നിന്നാണ് ഇയാളെ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്.

കേസിലെ മുഖ്യപ്രതി അശമന്നൂര്‍ സവാദിന് മട്ടന്നൂരില്‍ ഒളിത്താവളം ഒരുക്കിയത് സഫീറാണെന്നാണ് എന്‍.ഐ.എ കണ്ടെത്തിതിന് പിന്നാലെ അയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സഫീറിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ ഈ മാസം 29 ന് കോടതി പരിഗണിക്കും.

2010 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ചോദ്യ പേപ്പറില്‍ മതനിന്ദ ആരോപിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫസര്‍ ടി.ജെ.ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു.

കേസിലെ ഒന്നാം പ്രതി അശമന്നൂര്‍ സവാദിനെ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്‍ഐഎ സംഘം പിടികൂടിയത്. കണ്ണൂരില്‍ നിന്നാണ് ഇയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

മാഞ്ചസ്റ്ററിലെ സ്റ്റോക്‌പോർട്ടിൽ നിന്നും അപർണ നായർ – 5 ഡബിൾ A സ്റ്റാറുകളും 4 A സ്റ്റാറുകളും 1 – A യും കരസ്ഥമാക്കി. ജി.സി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടി. ആൾട്രിഞ്ചാം ഗ്രാമർ സ്കൂൾ ഫോർ ഗേൾസിലെ വിദ്യാർത്ഥിനിയാണ്. പഠിത്തത്തിൽ എന്നത് പോലെ യുകെ കലാരംഗത്തും പ്രശസ്തയാണ്. ഹരീഷ് നായരുടെയും ജെമിനി നായരുടെയും മകളാണ്.

RECENT POSTS
Copyright © . All rights reserved